പ് ലാവിനെ ഓർത്തു കരയുന്നു

 പ് ലാവിനെ ഓർത്തു കരയുന്നു
 ........................................

നോവൽ മുറിച്ച്
നാടകമുണ്ടാക്കിയിരിക്കുന്നു
പ് ലാവ് മുറിച്ച്
അലമാരയുണ്ടാക്കിയ പോലെ
അതു കൊണ്ട്
കാണിയായ ഞാൻ
വായനക്കാരനായ ഞാൻ
അലമാരയുടെ അത്ഭുതം കയ്യടിക്കുമ്പോഴും
പ് ലാവിനെ ഓർത്തു കരയുന്നു


-മുനീർ അഗ്രഗാമി

മഹായുദ്ധം

മഹായുദ്ധം
..............................
മീനരാവിൻ്റെകുരുക്ഷേത്രത്തിൽ
മഹായുദ്ധം നടക്കുന്നുണ്ട്
പുലരുമ്പോഴേക്കും
തണുപ്പ് ജയിച്ചിരിക്കും
പക്ഷേ
വിജയമാഘോഷിക്കാൻ
ഒരു മഞ്ഞുതുള്ളി പോലുമുണ്ടാവില്ല

- muneer agragaami

അവിശുദ്ധൻ

അവിശുദ്ധൻ
.........................
വെളുക്കുവാനറിയാത്ത
നേരത്തിൻ്റെ മുടിയിൽ
വിരലോടിച്ചൊരു
രാത്രി കടക്കുന്നു ,അവിശുദ്ധൻ

വാഴ് വിൻ നിറങ്ങളി ലവൻ
കണ്ട മഴവില്ലിൻ ചുണ്ടിൽ
അവശയായിതുപോലൊരു നേരവും
ചിരിക്കുവാൻ ശ്രമിച്ചില്ല
പുലരിയവനോടു ചിരിച്ചിട്ടും ചിരിച്ചില്ലവൻ;
രാത്രിക്കറുപ്പിൽ
ലയിച്ചു ചേർന്ന േനരമോർത്തവൻ
കൂടുതൽ
അവിശുദ്ധനായി
പാതിരയും പാതിരിയുമറിയാ നേരം
തേങ്ങലിനൊപ്പം
വാച്ചു പോൽ
അവൻ്റെ കൈത്തണ്ടയിൽ
പിടിക്കും
അന്നേരം അവൻ്റേതായ നേരം
അവൻ്റെ വിയർപ്പുതുള്ളിയിൽ
വിളയുമന്നം
ആ നേരം രുചിക്കും
ഇല്ല
ഒരു കുമ്പസാരക്കൂടുമവനെ
വഴിതെറ്റിക്കി ല്ല

- മുനീർ അഗ്രഗാമി

കാത്തിരിക്കുന്നവൾ

കാത്തിരിക്കുന്നവൾ
.................. ................
ഇടവഴിയിലെ തണുപ്പിലുടെ
ഒറവു വെള്ളത്തിൽ
കാലു നനച്ച് കയറി വന്നവൻ
നാടുവിട്ടിട്ട് നാലു വർഷമായി

ആഴവും ആർദ്രതയും നിറഞ്ഞ്
ചുവന്നു കവിളുപോലെ
കിടന്ന വഴിയിപ്പോൾ
കറുത്ത്
തടിച്ച്
പരന്നു പൊള്ളുന്നു.
ശരീരം വികസിക്കുന്ന
അസുഖമുള്ള രോഗിയെ പോൽ!
അവനിനി തിരിച്ചു വരാതിരിക്കുമോ?
അവന്നുള്ളിലെ കുളിരു
തീരാതിരിക്കുവാൻ !

-മുനീർ അഗ്രഗാമി

..

എനിക്കൊരു നേതാവിനെ വേണം

എനിക്കൊരു നേതാവിനെ വേണം;
കൂട്ടില്ലാതാവുമ്പോഴും
കൂടെ നടക്കുന്നവൻ;
ഏപ്പോഴും ഒരടി മുന്നിലാകുന്നവൻ
മുന്നോട്ട് എന്നെ കൈ പിടിച്ച് വലിക്കുന്നവൻ
ഉള്ളിലെ വെളിച്ചം
മുഖത്തുദിച്ചവൻ

എനിക്കൊരു നേതാവിനെ വേണം
കൊടി വെച്ച കാറിൽ പോയാലും
കൊടിക്ക് നനയ്ക്കുന്നവൻ
ദൂരെയായാലും അടുത്തുണ്ടെന്നു തോന്നുന്നവൻ
കുന്നും വയലും കണ്ടു നടന്ന്
മരത്തണലിൽ വിശ്രമിക്കാനറിയുന്നവൻ
എനിക്കൊരു നേതാവിനെ വേണം
ഇടവപ്പാതിയുടെയും
ഇടവഴിയുടെയും കൂട്ടുകാരൻ
മുക്കുറ്റിയുടെയും മുരിങ്ങയുടെയും
കഴിവു കൊണ്ട് രോഗം മാറ്റുന്നവൻ
മണ്ണിൽ നിന്ന്
ആകാശത്തെ കുറിച്ച്
സംസാരിക്കുന്നവൻ
എനിക്കൊരു നേതാവിനെ വേണം
ജീവനുള്ളതിനാൽ ജീവിക്കുന്നവൻ
മനുഷ്യനായതിനാൽ
മനുഷ്യനാകുന്നവൻ!
മലയാളിയായതിനാൽ
മലയാള മറിയുന്നവൻ
മനസ്സുള്ളതിനാൽ
മനസ്സിലാവുന്നവൻ
എനിക്കൊരു നേതാവിനെ വേണം
പിന്നിൽ ഞാനുണ്ടെന്ന്
എപ്പോഴും ഉറപ്പുവത്തുന്നവൻ
എനിക്കു പകരം ഞാനാകുന്നവൻ
എനിക്ക് വാക്കില്ലാ താകുമ്പോൾ
വാക്കാകുന്നവൻ
ചലനമില്ലാതാകുമ്പോൾ
എൻ്റെ ചലനമാകുന്നവൻ
എനിക്കൊരു നേതാവിനെ വേണം
ജനാധിപത്യം പുലരുവാൻ
എൻ്റെ മനസ്സാകുന്നവൻ
അമൂല്യമായ
എൻ്റെ വോട്ട് സൂക്ഷ്മതയോടെ ഏൽപിക്കാൻ
വിശുദ്ധിയുള്ളവൻ
ഏതു പെരുമഴയത്തു നിൽക്കുമ്പോഴും
കടയുമായ് വന്ന്
എന്നെ സംരക്ഷിക്കുന്നവൻ


-മുനീർ അഗ്രഗാമി

ഫൂളാകുന്നവർ

ഫൂളാകുന്നവർ
.......
(ഏപ്രിൽ ഒന്നിന് എഴുതിയ രാഷ്ട്രീയ കവിത.
വായിച്ച് വിഡ്ഢിയാവുകയോ ബുദ്ധിമാനാകുകയോ ചെയ്യാം)
..................................................
അറുപതു കഴിഞ്ഞ ഒരാൾക്കും
ഞങ്ങൾ വോട്ടു കൊടുക്കില്ല
എന്തുകൊണ്ടെന്നാൽ
അർ '.അത്തും പിത്തും പറയുന്നത്
പുറത്താരും കേൾക്കേണ്ടല്ലോ!
കാലുമാറുന്നവർക്കും കാലുവാരുന്നവർക്കും
ഞങ്ങൾ വോട്ടു ചെയ്യില്ല
എന്തുകൊണ്ടെന്നാൽ
മറ്റൊരാളുടെ കാലിൽ നടക്കുന്നത്
ഞങ്ങൾക്കിഷ്ടമല്ലല്ലോ

ഞങ്ങളെ പോലെ ജീവിക്കാത്ത നേതാവിന്
ഞങ്ങൾ വോട്ടു കൊടുക്കില്ല
എന്തെന്നാൽ അവർ അവരെ പോലെ ജീവിക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ല്ലലോ
മുമ്പ് കൊണ്ടുപോയ വോട്ടുകൾക്കൊന്നും
നന്ദി പറയാൻ തിരിച്ചെത്താത്ത
ഒരാൾക്കും ഞങ്ങൾ വോട്ടു ചെയ്യില്ല
എന്തെന്നാൽ ഞങ്ങളുടെ പേരും ഊരും
അവർക്ക് ഓർമ്മയില്ലല്ലോ
ഏപ്രിൽ ഒന്നിന്, വിഡ്ഢി ദിനം
ഞങ്ങൾ ആഘോഷിക്കാറില്ല
എന്തുകൊണ്ടെന്നാൽ
ഞങ്ങൾ എല്ലാ ദിവസവും വിഡ്ഢിയായിത്തീരുന്നവരല്ലോ
പക്ഷേ അഞ്ചു വർഷത്തിലൊരിക്കൽ
ബുദ്ധിമാൻമാരുടെ ഒരു ദിനം വരും
എന്തുകൊണ്ടെന്നാൽ
അന്ന് ബുദ്ധിയുണ്ടാകാനാണല്ലോ
മറ്റെല്ലാ ദിവസവും ഞങ്ങൾ
വിഡ്ഢികളാവുന്നത് .


-മുനീർ അഗ്രഗാമി

അത് അവരെ നോക്കി കിതയ്ക്കുന്നു

അത് അവരെ നോക്കി കിതയ്ക്കുന്നു
...................................
ഓർമ്മകളിൽ കയറിപ്പോയ
വണ്ടിയിൽ നിന്നും അവളിറങ്ങുന്നു
അവൻ ഒരു ബസ്സ്റ്റോപ്പായി
തരിച്ചുനിൽക്കുന്നു

ഒരു വലിയ മഴ പെയ്യുന്നു
പാരലൽ കോളജിനും
അവനുമിടയിൽ നിന്ന്
പ്രണയം കൈ നീട്ടുന്നു


ഓർമയുടെ വണ്ടി നിർത്തുന്നു
ടയർ ചെളിയിൽ പുതഞ്ഞ്
മുന്നോട്ടു പോകാനാകാതെ
അത് അവരെ നോക്കി കിതയ്ക്കുന്നു

-മുനീർ അഗ്രഗാമി

ഓർമ്മയുടെ ഇതിഹാസം

ഓർമ്മയുടെ ഇതിഹാസം
.........................................
ഓർമ്മയുടെ ഇതിഹാസം വായിക്കുകയായിരുന്നു
ഞാൻ
നായകൻ
ഏതോ സങ്കടത്തിരയിൽ നനഞ്ഞ് കടൽത്തീരത്ത്
സ്വന്തം ദർശനമെഴുതി
ഇരിക്കുകയായിരുന്നു
ജന്മാന്തരങ്ങളുടെ സ്വപ്നക്ഷതങ്ങളുടെ പടുകളിൽ
അലഞ്ഞു തളർന്ന്
വീണു കിട്ടിയ വാക്കുകൾ കൊണ്ട്
കടലുണ്ടാക്കുകയായിരുന്നു ഞാൻ
കാറ്റ് അടുത്ത് വന്നിരുന്നു
ഓരോ കഥ പറയാൻ തുടങ്ങി
തിരയിൽ നിന്ന് തെറിച്ച തുള്ളിയിൽ എൻ്റെ
പൂർവ്വജന്മം നീന്തിയതിൻ്റെ ഓർമ്മ വായിച്ചത്,
ജലം മുറിച്ച് നടന്ന പ്രവാചകൻ്റെ വഴിയിൽ വീശി നിന്നത്,
താടിയും മുടിയും നീട്ടിയ
മെലിഞ്ഞ മനുഷ്യൻ്റെ കൂടെ
കരിമ്പനകൾക്കിടയിലൂടെ
ചെതലിമല കയറിയത് ,
ഒറ്റപ്പെട്ട ഗ്രാമത്തിൽ
വിശ്രാന്തിയനുഭവിച്ച്
ചെവിയാട്ടുന്ന കുഞ്ഞു ചെടിയിൽ
ഊഞ്ഞാലാടുമ്പോൾ
കുഞ്ഞേ എന്ന് അറിയാതെ വിളിച്ചു പോയത് ...
ആരും എഴുതാത്ത കഥകളിൽ നിന്ന്
പിടഞ്ഞെഴുന്നേറ്റ്
ഓർമ്മകളുടെ ഇതിഹാസത്തിൽ
കഥാപാത്രങ്ങൾ
നിറഞ്ഞു കൊണ്ടിരുന്നു
ഞാൻ
ഓരോ വരിയിലും
ഒരു ഗാലക്സി കണ്ടു
ഓരോ വാക്കിലും
ഒരു താരകം കണ്ടു
അതിൻ്റെ വെളിച്ചത്തിൽ
കടൽ കരയിലേക്കു നോക്കി
കാറ്റ് കുതിച്ചു പാഞ്ഞു
എണ്ണമറ്റ നിലവിളികളിൽ
നിലവിട്ട മനസ്സുകൾ
മലയിറക്കം തുടങ്ങി
അവ പുഴകളായി;
കടൽ നിറഞ്ഞു തൂവി;
കല്പാന്തമായി.
ഒരാലിലയിൽ ഞാൻ
ഓർമ്മകൾ കടിച്ച്
പൊങ്ങിക്കിടന്നു
വായിച്ചു കൊണ്ടേയിരുന്നു
...........................................
മുനീർ അഗ്രഗാമി

ചെയ്ത വോട്ടുകൾ

ചെയ്ത വോട്ടുകൾ
..........................
ചെയ്ത വോട്ടുകൾ
എപ്പോൾ വേണമെങ്കിലും
തിരിച്ചെടുക്കാവുന്ന യന്ത്രത്തിലേ
ഞാൻ വോട്ടു ചെയ്യൂ

വെറുമൊരു ഞെക്കലല്ലത്
എൻ്റെ നാടിൻ്റെ
ഹൃദയമിടിപ്പിലൊന്നാണത്
പച്ചയും ചുവപ്പും കത്തിച്ചു കളിയല്ലത്
എൻ്റെ ജീവൻ്റെ നിറമാണത്
നിനക്കു തന്നാലും നീയതു
സൂക്ഷിക്കുവാനശക്തനെന്നെനിക്കു തോന്നുകിൽ
തിരിച്ചെടുക്കണം;
എൻ്റെ ഹൃദയമാണത് .


-മുനീർ അഗ്രഗാമി

മാവ്

മാവ്
.........
പൂക്കാത്ത മാവിൽ
ഒരു കാക്ക വന്നിരുന്നു;
പറന്നു പോയി;
തിരിച്ചു വന്ന് കൂടുണ്ടാക്കി;
കുഞ്ഞു കാക്കകൾ കരഞ്ഞു
അവയുടെ വായിൽ
രണ്ടിതളുകൾ.


മാവതുനോക്കി നിൽക്കെ
പകലു പോയി ;
രാത്രിയായി
അനിർവ്വചനീയമാമേതോ കാറ്റിൽ
ഇലകളെല്ലാം ചിറകുകളായി
വേരുകളെല്ലാം കാലുകളായി
രാത്രിയുടെ നിറം ഉടലിൽ പൂശി
മാവ്
ഭൂമിയുടെ ചെറു കൊമ്പിലിരുന്നു;

അറിയാതെ ഉടൽ പൂത്തുമലർന്നു
തിരുവാതിരക്കുളിരു കൊത്തിയെടുത്തു
കൂടുണ്ടാക്കി
ഹാ! ഹാ പുലരിയിൽ
പച്ച നിറത്തിലെത്രയെത്രമുട്ടകൾ !
വേനലിൻ ചൂടു പിടിച്ചെടുത്ത്
മാവ് അവ
വിരിയുവാനടയിരുന്നു

മാമ്പഴക്കാലം വന്നു
കുഞ്ഞുങ്ങൾക്ക് പാലുമായ്
ഒരു മഴ കാത്തു നിന്നു
രണ്ടിലച്ചിറകു വീശി
കുഞ്ഞുങ്ങൾ മുകളിലേക്ക് പറന്നു
മണ്ണിലല്ലാതെ കാലുകൾ
അവരെവിടെയും വെച്ചില്ല

മാവിനു ചുറ്റും കാക്കകൾ പറന്നു
രാത്രിയായി
മാവു പറഞ്ഞു ,
നിലാവേ നീയിതൊന്നും
ആരോടും പറയരുതേ!

-മുനീർ അഗ്രഗാമി

ഉയിർപ്പ്

ഉയിർപ്പ്
................
സ്നേഹിക്കുന്നവൻ ( ൾ )
എന്നും കുരിശു ചുമക്കുന്നു
ചുമന്നുകൊണ്ടുപോയത്
എല്ലാവരും കാണെ
ഏറ്റവും ഉയരത്തിൽ വെക്കുന്നു
പൊടിഞ്ഞ രക്തബിന്ദുക്കൾ
േറാസാപ്പൂവിതളുകളായ്
കൂടെ വരുന്നവർക്ക്
പരവതാനി വിരിക്കുന്നു

കുരിശിൽ കണ്ണടച്ച്
മലർന്നു കിടക്കുന്നു
ആണികൾ അവരടിച്ചു കയറ്റുന്നു
മൂന്നാണിപ്പഴുതിലൂടെ
അവശേഷിച്ച സ്നേഹവും
അവരൂറ്റിയെടുക്കുന്നു

വെയിലിൻ്റേയും കാറ്റിൻ്റേയും
സ്നേഹം മാത്രമറിഞ്ഞ്
മൂന്നുദിവസം അങ്ങനെ കിടക്കുന്നു
നിനക്കു വേണ്ടി ജീവിക്കാത്തവനേ
നിന്നെയെനിക്കു വേണ്ടെന്ന്
മരണവും മൊഴിയുന്നു
ഉയിർക്കുന്നു,
തിരിച്ചു കിട്ടാത്ത സ്നേഹത്തിൻ്റെ
സെമിത്തേരിയിലിരിക്കുന്നു

ആരൊക്കെയോ
സ്നേഹ പ്പൂക്കളുമായ് വരുന്നു
പ്രണയ മൊഴികളുമായി
അടുത്തിരിക്കുന്നു
അവരുടെ കണ്ണുകളിലേക്കു നോക്കി
ഇങ്ങനെ പറഞ്ഞു:

പ്രിയരേ
അവരെപ്പോലെ
നിങ്ങളിൽ ഒറ്റുകാരുണ്ടെങ്കിൽ
തിരിച്ചു പോകുക
അവരെ പോലെ
നിങ്ങളിൽ മുറിവുകളിലൂടെ
സ്നേഹിക്കുന്നവരുണ്ടെങ്കിൽ
അകന്നു പോകുക

എന്തെന്നാൽ
ഏറ്റ പീഡകളിൽ നിന്ന്
ഞാൻ സ്നേഹം പഠിച്ചിരിക്കുന്നു.

-മുനീർ അഗ്രഗാമി
പുതു രാധാമാധവം 
 ............................
രാധേ
എൻ്റെ മുരളിക
കത്തിപ്പോയി
യമുന മരുഭൂമിയായി
വേനൽ
എൻ്റെ കാൽ വിരൽ നോക്കി
അമ്പെയ്യുന്നു
വേനൽ എന്നത്തേയും പോലെ
വെളുത്തും
ഞാൻ കറുത്തുമാണല്ലോ
അതു കൊണ്ട്
നീയെങ്കിലും രക്ഷപ്പെടുക



-മുനീർ അഗ്രഗാമി

മരിച്ചവർ

മരിച്ചവർ
..................
എത്ര മണ്ണിട്ടു മൂടിയാലും
അഗ്നിയിൽ ഒളിപ്പിച്ചാലും
മരിച്ചവൻ്റ ചിരിയും
പാട്ടും
തൊട്ടടുത്ത് നിന്ന്
ചുമലിൽ കൈവെയ്ക്കും


അവരുടെ നൃത്തവും നടനവും സംഭാഷണവും
തൊട്ടു മുന്നിൽ നിന്ന്
ചിരിച്ച് കൈ നീട്ടും
പോയെന്ന് എത്ര പറഞ്ഞാലും
പോവില്ലെന്നു പറഞ്ഞ് അവർ
കൂടെ നടക്കും
മരിച്ചവർ മരിച്ചിട്ടും വന്നിരിക്കുന്ന
ഒരു ചായക്കടയാണ് ഞാൻ

തിളച്ച സമോവറിൽ നിന്ന്
എൻ്റെ ഓർമ്മ അവർക്ക്
ചായയിട്ടു കൊടുക്കും
പത്രത്താളിൽ നിന്ന്
മുഖമുയർത്തി അവർ നോക്കും
പാടത്തെ കുറിച്ചും
ഫാഷിസത്തെ കുറിച്ചും വാ തോരാതെ സംസാരിക്കും

നോക്കൂ
മരിച്ചിട്ടും അവരുടെ നാവ്
ജീവിച്ചിരിക്കുന്നു
കളി പറഞ്ഞ്
കടങ്കഥ പറഞ്ഞ്
കഥ കഴിഞ്ഞ് പോയിട്ടും
അവർ ഭിത്തിയിലെ കുറിപ്പുകൾ വായിക്കുന്നു ,

നാടക പോസ്റ്റർ ,
കലണ്ടറിലെ വേലകൾ ,
പറ്റുകണക്കുകൾ ...

കഥ തീരാതെയവർ
ബെഞ്ചിലിരിക്കുന്നു
കടം പറഞ്ഞ് ചിലർ എണീറ്റു പോയവർ
തിരിച്ചു വന്നാലേ
ആ കടം തീരൂ

മരിച്ചവർ മരിച്ചവരെ പോലെയല്ല
അവർ ജീവിച്ചതിനെക്കാളും
നന്നായി
ജീവിക്കുന്നവരാണ്

അതു കൊണ്ടാണല്ലോ
നമ്മളിങ്ങനെ
ചായക്കട തുറന്നിരിക്കുന്നത്!
.................................
-മുനീർ അഗ്രഗാമി

കൊന്ന

കൊന്ന
..............
വെയിലിൽ വെട്ടിത്തിളങ്ങുന്ന
സ്വർണ്ണത്തു ലാസാണ്
കൊന്ന.

മഞ്ഞപ്പൂത്താലങ്ങളിൽ
പകലിനേയും രാവിനേയും
എടുത്ത് വെച്ച്
വേനൽ തൂക്കം നോക്കുന്നത്
അതിലാണ്
തൂക്കമൊപ്പിച്ച്
രാവും പകലും തുല്യമാകുവോളം
അത് തിരക്കിലാണ്

തുല്യമായാൽ
സൂര്യനതുബോധ്യപ്പെട്ടാൽ
പണി മതിയാക്കി
ഇതളുകൾ കൊഴിച്ച്
കാലത്തിനൊപ്പം അതു
നടന്നു പോകും

അപ്പോഴേക്കും
മുപ്പതു നാളുകൾ
കഴിഞ്ഞിട്ടുണ്ടാകും
വെയിൽ വിതറിയ
വേദനയിലെല്ലാം
അത് ചിരി കുടഞ്ഞിട്ടിട്ടുണ്ടാകും

അതു കാണുവാൻ
ഒരു മഴ മെല്ലെ
മേടമാളികയിറങ്ങി
വന്നിട്ടുണ്ടാകും.

-മുനീർ അഗ്രഗാമി
ഒരു തുള്ളി
(ഒരു ദളിത് കവിത )
...................
പകലിൽ ഒരു നായ
പുഴയുടെ എല്ല്
കുഴിച്ചെടുത്ത് രുചിക്കുന്നു:
രാത്രിയിൽ
ഒരു കുറുക്കൻ;
പകലിൽ ഒരു കിളി;
പല കിളി.

ചെന്നു നോക്കുമ്പോൾ
ഒരു കുഴിയിൽ
ഒരോർമ്മയുടെ നിലവിളി .
എല്ലു പോലും കിട്ടിയില്ല
എല്ലുന്തിയവന്.
ആരുടേയോ കടയിൽ
തൂക്കിയിട്ട കുപ്പിയിൽ നിന്ന്
നോക്കുന്നുണ്ട്
പണ്ടെൻ്റെ കാലിൽ ചുംബിച്ച
ഒരു തുള്ളി!
പണമുള്ളവനേ കുടിക്ക് !
എനിക്ക പ്രാപ്യമായ സ്നേഹമാണത് .

-മുനീർ അഗ്രഗാമി

ഒറ്റയാവൽ

ഒറ്റയാവൽ
.. ....... .............
ഒറ്റയാവുന്നു
മണ്ണു പോലെ.
എല്ലാ വരും പിരിഞ്ഞു പോയി
മഴത്തുള്ളികൾ,
മഞ്ഞ്
പൂവുകൾ,
പച്ചിലകൾ,
കരിയിലകൾ
ഒറ്റയായി പൊള്ളി നിൽക്കുന്നു
വെയിൽ നെഞ്ചിൽ ചവിട്ടി നിൽക്കുന്നു
സങ്കടം പൊടിമണ്ണു പോൽ
കാറ്റിൽ പുകഞ്ഞു കത്തുന്നു
എങ്കിലും
പോയവർ മനസ്സിലിട്ട വിത്തുകൾ
നനവു കാത്തു പിടയ്ക്കുന്നു
നെഞ്ചിലതിന്നൊച്ച ജീവനെടുത്തു വെക്കുന്നു
ഒരു മഴ വരും വരുമെന്നോർത്ത്
ഹൃദയംമിടിക്കുന്നു
മണ്ണു പോൽ
ഒറ്റയ്ക്ക്
ഒറ്റയാവുന്നു,
ഒരു തുള്ളിയിലൊരു സൂര്യനുമായ്
വരുമൊരാളെന്ന പ്രതീക്ഷയിൽ.
-മുനീർ അഗ്രഗാമി

പാട്ടു പോലെ

പാട്ടു പോലെ
....................
പ്രണയം വീണു കിട്ടിയ യക്ഷൻ
അതെവിടെയും വെക്കാനാവാതെ
പാട്ടു പോലെ പരക്കുന്നു
-മുനീർ അഗ്രഗാമി

കവിതയുടെ ദിവസം

കവിതയുടെ ദിവസം
...................................
വെളിച്ചത്തെ തല്ലിക്കൊന്നതിൽ
മനംനൊന്ത്
സൂര്യൻ മരിച്ചു വീണ പകലിൽ
കവിത മാത്രം പ്രകാശിക്കുന്നു

കലാലയങ്ങളിൽ,
ഹോസ്റ്റൽ മുറിയിൽ,
നാട്ടുവഴിയിൽ,
നഗര പാതയിൽ,
ആരാധനാലയത്തിൽ
ഇരുട്ടിൽ കുടുങ്ങിയവർ
കവിതയുടെ കൈ പിടിച്ച്
പുറത്തു കടക്കുന്നു
സ്വന്തം വെളിച്ചത്തിൽ
ഒരു ദിവസമുണ്ടാക്കുകയാണ്
കവിത .
ഒരു ദിവസം പോരെന്ന്
അതിനോട് പറയൂ
വെളിച്ചത്തിൻ്റെ തുള്ളികൾ
ദാഹം തീരുവോളം തരാൻ
അതിനോടു പറയൂ
ആരു പറയും?
നാവ് ഇരുട്ടിലലിഞ്ഞു പോകാത്ത
ഒരു കുട്ടി വന്നിട്ടുണ്ട് ;
രാജാവ് നഗ്നനാണെന്ന് പറഞ്ഞവൻ.
വായിച്ചിട്ടും വായിച്ചിട്ടും
തീരാത്ത ആ കഥയിൽ നിന്ന്
അവൻ കവിതയോടു പറയും:
അസ്തമിക്കാത്ത സൂര്യനേ...
എൻ്റെ വെളിച്ചമേ ...
എന്ന് .
ഈ ദിനത്തിൽ
വാക്കുകളെല്ലാം
വെളിച്ചം കൊണ്ടുണ്ടാക്കിയ കിളികൾ
മനുഷ്യരെ
ജീവിപ്പിക്കാൻ അതിനാവില്ലെങ്കിലും
മരത്തിൽ വന്നിരുന്ന്
മരത്തിനും
മനുഷ്യനു വേണ്ടി
അവ ശബ്ദിക്കും
മണ്ണിൻ്റെ ഭാഷയിൽ
മരത്തിൻ്റെ ഭാഷയിൽ
കിളിയുടെ ഭാഷയിൽ
മനുഷ്യൻ്റെ ഭാഷയിൽ .
എല്ലാ മരത്തിൽ നിന്നും
കിളികൾ പറന്ന്
ഒരു വലിയ കൂട്ടമായ്
വലിയ വെളിച്ചമായ്
പുതിയ സൂര്യനായ്
കവിതയായ്
ഭൂമി പ്രകാശിപ്പിച്ച്,
നിർത്താതെ ഉദിക്കും


-മുനീർ അഗ്രഗാമി