പൂവാലി

 പൂവാലി

..............
വെളുത്ത വിരലാൽ
പുലരി
നേരത്തിന്റെ പാലു കറക്കുമ്പോൾ
അമ്മ പൂവാലിയെ
തൊട്ടുതലോടിയതിൻ
പാലു ചോദിക്കുന്നു
എനിക്കല്ലേ
തടുക്കല്ലേ
നീയല്ലാതാരുണ്ട്
ദുരിതത്തിൽ കര കേറ്റാൻ!
അമ്മ പൂവാലിക്കൊപ്പം
പൂ പോലെ ചിരിക്കുമ്പോൾ
ഞാനുണരും
ആലയിലേക്കോടും
അമ്മയും പൂവാലിയും
പറയുന്നതത്രയും കേൾക്കും
കഥ പറയാൻ
കളിപറയാൻ
അകത്താരുമില്ലല്ലോ
പകൽ പോലെ
പതയുന്ന പാലുമായ്
നാലു വീടുകൾ താണ്ടും
ഉണരാത്ത വീടിന്റെ
ഇടനെഞ്ച് തൊട്ടുണർത്തും
പാലിന്റെ വെളിച്ചം പരക്കും
ഞാനതു കുടിച്ചു മുതിരും
അമ്മ പൂവാലിയെ അഴിച്ചു കെട്ടും
ദുരിതത്തിൽ നിന്നും
ഉയരത്തിൽ.
-മുനീർ അഗ്രഗാമി

 ആശുപത്രിയിലെ രാത്രി

..............................................
ആശുപത്രിയിലെ രാത്രി
ഉറക്കത്തെ അഴിച്ചു കെട്ടുന്നു
വാർഡിലെവിടെയോ
ഞരക്കങ്ങൾ ചിക്കിപ്പെറുക്കുന്നു
മറ്റൊന്നുമില്ല
പാതിര പകലുപോൽ
വെളുത്തു കിടക്കുന്നു
ഓടിയെത്തുന്ന
ആമ്പുലൻസിന്റെ ഒച്ചയിൽ നിന്നും
ഒരു കുടുംബം
വേഗം പുറത്തു കടക്കുന്നു
രോഗക്കിടക്കയിൽ
പനിച്ചു പിടയുന്നവൾ
അതു വരെ നടന്ന വഴിയിലൂടെ
വീണ്ടും നടക്കുന്നു
അവൾക്കൊപ്പം ഞാനും നടക്കുന്നു
എന്റെ വിരലുകൾ
അവളുടെ നെറ്റിയിലെ കടൽത്തിരകളിൽ
കാലു നനയ്ക്കുന്നു
......
- മുനീർ അഗ്രഗാമി

സത്യം

 സത്യം

................
തെളിയിക്കാനാവാത്ത വിധം
മയച്ചു കളഞ്ഞല്ലോ അവർ.
ഇനി
ഉണ്ടായിരുന്നു എന്ന്
എത്ര തവണ സത്യം പറഞ്ഞാലും
അത് നുണയല്ലാതെ
മറ്റൊന്നാകുവാൻ
അവർ സമ്മതിക്കില്ല.
എത്ര കാര്യങ്ങളെ ?
എത്ര പേരെ?
അറിയില്ല
എല്ലാം മയച്ചു തന്ന
ഒരു പ്രതലത്തിൽ
നോക്കിയിരിക്കുന്നു.
എപ്പോൾ
അപ്രത്യക്ഷമാകുമെന്നറിയാതെ.
- മുനീർ അഗ്രഗാമി

എല്ലാ കുഞ്ഞുങ്ങൾക്കുമായി ഒരു തുളുമ്പൽ

 എല്ലാ കുഞ്ഞുങ്ങൾക്കുമായി

ഒരു തുളുമ്പൽ
.................................................................
ആസ്പത്രിയിലെ കാത്തിരിപ്പു മുറിയിൽ
സമയം
ഓരോ തുള്ളിയായി ഇറ്റി വീഴുന്നു
തളർന്ന ഞരമ്പുകൾക്ക്
ജീവൻ വെച്ചു തുടങ്ങുന്നു.
ഐസിയുവിൽ
വാർഡിൽ
വരാന്തയുടെ തിരക്കിൽ
മുലപ്പാൽ മണം
മറ്റെല്ലാ മണങ്ങൾക്കും മുകളിലൂടെ
മുട്ടിലിഴയുന്നു
കുഞ്ഞുങ്ങളുടെ വാർഡ്
മൗനത്തെ
ഒരു കളിപ്പാട്ടത്തെയെന്ന പോലെ
ഉടച്ചു കരയുന്നു.
മണിക്കൂറുകൾ
ഒന്ന്
രണ്ട്
മൂന്ന്
എന്നിങ്ങനെ
കുഞ്ഞുങ്ങൾ എണ്ണം പഠിക്കുമ്പോലെ
മെല്ലെ
രക്തത്തിലലിയുന്നു
വാവിട്ടു കരയുന്നു
വാർഡിൽ നിന്നും
ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നു
എല്ലാ അമ്മമാരും
ആ കരച്ചിലിനെ താലോലിക്കുന്നു.
മരുന്നിന്റെ മയക്കത്തിൽ
ഉറങ്ങുന്ന എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടി
അത് കരയുകയാണ്
എല്ലാ അമ്മമാർക്കും വേണ്ടി അതു കരയുകയാണ്
ഇരുന്നിരുന്ന്
ഉറങ്ങിപ്പോയ ഒരമ്മ
ആ കരച്ചിൽ പിടിച്ച്
എഴുന്നേറ്റു
അവരുടെ കണ്ണിൽ
എല്ലാ കുഞ്ഞുങ്ങൾക്കുമായി
ഒരു തുളുമ്പൽ
അതവർ മറ്റാരും കാണാതെ
ഉള്ളിൽ തന്നെ വെച്ചു.
- മുനീർ അഗ്രഗാമി

 വറ്റിപ്പോയ ഒരു തടാകത്തിന്റെ തീരത്തിരുന്ന്

നീ ജലം ഉടലിൽ കൊത്തിവെച്ച
കുളിരിന കുറിച്ച് പറഞ്ഞു

ശൂന്യത

ശൂന്യത

.........................

രാത്രിയിൽ മലഞ്ചെരിവിലേക്ക് പോയി

മൗനത്തെ ചീവീടുകൾ

കീറിയെറിയുന്നു

ഒരു പേലീസുകാരൻ വന്നു

എന്താ ഇവിടെ എന്നു ചോദിച്ചു

നിലാവ് വിളിച്ചിട്ടു വന്നതാണെന്നു പറഞ്ഞു

അയാൾ തറപ്പിച്ചു നോക്കി

വിലങ്ങു വെച്ചു

മരത്തിൽ നിന്നിറങ്ങി ഒരില

താഴ് വാരത്തിലേക്ക് നടന്നു പോയി

പിന്നാലെ അയാൾ എന്നെ വലിച്ചുകൊണ്ടുവന്നു

മലഞ്ചെരിവിൽ

എന്നെ ഓർത്ത്

രാത്രിയിൽ ശൂന്യത

തനിച്ചിരിക്കുമെന്ന്

അയാൾക്കറിയില്ല

അറിയില്ല

-മുനീർ അഗ്രഗാമി


 തെളിയുടെ

ആഴമാണ് ചളി
- മുനീർ അഗ്രഗാമി
V V Jose Kallada, Hasna Yahya and 80 others
7 comments
Like
Comment
Share

ഭാവന

 ഭാവന

.............
അനന്തത ഭാവനയുടെ
ചെറിയ തൂവലാണ്
കുന്നുകയറിച്ചെന്നപ്പോൾ
ഇന്നലെ
എനിക്കതു കിട്ടി
ആരിലൂടെ ചിറകടിച്ച്
പറന്നു പോയപ്പോഴാണ്
അതു വീണുപോയതെന്നറിയില്ല
അതിനു ചുറ്റും
മല കയറി വന്ന
കടൽ
ഒരാളുടെ കൈ പിടിച്ച്
നൃത്തം ചെയ്തിരുന്നു
മോഹമേറി
ഇറങ്ങി വന്ന നക്ഷത്രങ്ങൾ
മറ്റൊരാളുടെ കണ്ണിലിരുന്ന്
അയാളെ നോക്കുകയായിരുന്നു
കാറ്റിലാടും മരത്തണൽ
പ്രേമാർദ്രയായ് വിളിക്കെ
ഞാൻ ചെന്നപ്പോൾ
അവർ രണ്ടു പേരും എന്നിൽക്കയറി ഒളിച്ചു.
ഇടയ്ക്ക് ഒരാൾ പുറത്തു വന്ന്
കടലു കാണും
എന്നെ ചുംബിക്കും
ഇടയ്ക്ക് ഒരാൾ പുറത്തു വന്ന്
കൊടുമുടി കയറും
മഞ്ഞ് മുടിയിൽ ചൂടും
എന്നെ പുണരും
ഞാനാ തൂവൽ
ഇതാ ഇവിടെ
ഒട്ടിച്ചു വെക്കുന്നു
- മുനീർ അഗ്രഗാമി

സ്ത്രീ

 സ്ത്രീ

........
ആരാണു സ്ത്രീ?
ആടിമാസമേ പറയൂ,
നിന്നെ പോലെ നിറയെ
പെയ്തു തോരുവോൾ?
ആരാണു സ്ത്രീ?
ഓണനിലാവേ പറയൂ
നിന്നെ പോലെ തെളിഞ്ഞു
ചിരിച്ചസ്തമിക്കുവോൾ?
ആരാണു സ്ത്രീ?
ധനുക്കുളിരേ പറയൂ
നിന്നെ പോലെ തണുത്ത്
മാമ്പൂവിനു കാവലാകുവോൾ?
ആരാണു സ്ത്രീ?
മഹാസാഗരമേ പറയൂ
നിന്നെ പോലെ നിർത്താതെ
തായടിച്ചാർക്കുവോൾ?
ആരാണു സ്ത്രീ?
മഴമേഘമേ പറയൂ
നിന്നെ പോലെയലഞ്ഞ്
കരുണ വർഷിക്കുവോൾ?
ആരാണു സ്ത്രീ?
മരതകനാടേ പറയൂ
നിന്നെ പോലെ പച്ചയായ്
ആർദ്രതയാകുവോൾ?
ആരാണു സ്ത്രീ?
ആകാശമേ പറയൂ
നിന്നെ പോലെ അനന്ത
മായജ്ഞാതയായോൾ?
ആരാണു സ്ത്രീ?
കാട്ടുതീയേ പറയു
നിന്നെ പോലെ ജ്വലിച്ച്
ഉള്ളിലാളുവോൾ?
ആരാണു സ്ത്രീ?
ജ്ഞാനമേ പറയൂ
നിന്നെ പോലെ തെളിഞ്ഞ്
അറിവായുയിരേകുവോൾ?
ആരാണു സ്ത്രീ?
അജ്ഞതയേ പറയൂ
നിന്നെ പോലെ മറ്റെങ്ങോ
പിടി തരാതെ കഴിയുവോൾ?
- മുനീർ അഗ്രഗാമി

വേര്

 വേര്

..........
പൂക്കൾ കൊടുത്തവരാലും
പൂക്കളമിട്ടവരാലും
ഉപേക്ഷിക്കപ്പെട്ട്
അവസാനം
മണ്ണിനടിയിൽ കിടക്കുമ്പോൾ
തിരഞ്ഞു വന്നു തൊട്ടു നോക്കാൻ
മറ്റാരുമുണ്ടാവില്ല
വേരുകളല്ലാതെ
- മുനീർ അഗ്രഗാമി

തുമ്പകൾ

 കാറ്റേ വേദനിച്ചോ

നിനക്കെന്നു ചോദിച്ച്
വിടരുന്നു തുമ്പകൾ
തുമ്പപ്പൂവേ ഇതൾ നൊന്തുവോ
നിനക്കെന്നു മഴത്തുള്ളികൾ
പുലരിയിൽ എന്റെ കയ്യിലെ
പൂവട്ടി കേട്ടതൊക്കെയും
ചോർത്തിയെടുക്കുന്നു ഞാൻ
പൂവട്ടി നിറയ്ക്കുന്നു
മഞ്ഞേ നിന്നുടൽ മുറിഞ്ഞുവോ
എന്നു ചോദിച്ച്
കുന്നിറങ്ങുന്നു
- മുനീർ അഗ്രഗാമി

തൂക്കണാം കുരുവി


അതിന്റെ ചിറകുകൾ തുറന്നു തന്നു,
ഇതാ എന്റെ വേദപുസ്തകം.
കൂടുള്ള അദ്ധ്യായം വായിച്ചു
അത്ഭുതങ്ങളുടെ നൂലുകൾ കൊണ്ട്
അതു പണിത സ്വപ്നം
അതിലുണ്ട് രണ്ടു മുട്ട
കവിത പോലെ അവ വിരിയുന്നു
ചിറകുകൾ തുറക്കുന്നു
-മുനീർ അഗ്രഗാമി

നിന്റെ വേരുകളുടെ സ്പർശത്തിനു വേണ്ടി ഞാൻ മണ്ണിലലിയും

 ഉപേക്ഷിക്കപ്പെടുമെന്ന്

അറിഞ്ഞു കൊണ്ടല്ലാതെ
ഒരു പൂവും വിടരുന്നില്ല
വസന്തം പൂവിനോടതു പറഞ്ഞില്ലെങ്കിലും
അതിനാൽ
ഉപേക്ഷിക്കപ്പെട്ടാലും
നിന്റെ ഹൃദയത്തിന്റെ
ഏറ്റവും ചുവന്ന ഇതളായി
ഞാൻ പ്രകാശിക്കും
നീയതു കാണുന്നുണ്ടാവില്ല
ഒരിക്കൽ നീയതറിയും
എല്ലാം വാടിയാലും
ബാക്കിയാവുന്ന പുഞ്ചിരിയിൽ
അല്ലെങ്കിൽ
അവസാനത്തെ
കണ്ണീർത്തുള്ളിയിൽ
എന്നെ നീ കണ്ടുമുട്ടും
അതുകൊണ്ട്
എനിക്ക് വിട്ടു പോകാനാവില്ല
എന്റെ വസന്തമേ,
നീയെന്നെ കൊഴിച്ചു കളഞ്ഞാലും
നിന്റെ വേരുകളുടെ
സ്പർശത്തിനു വേണ്ടി
ഞാൻ മണ്ണിലലിയും
എന്നിലെ ജലാംശങ്ങൾ
നിന്നിൽ പെയ്യുന്ന മഴകൾ തേടി പറക്കും
- മുനീർ അഗ്രഗാമി