തേൻതുള്ളിക്കവിതകൾ 6.വിപ്ലവം


തൂലിക പടവാളാകാതെ
പടവാൾ തൂലികയാകുന്നു പക്ഷേ
രക്തസാക്ഷികളറിയാതെ
വിപ്ലവം വിരൽത്തുമ്പിൽ
സ്വപ്നം കണ്ടുറങ്ങുന്നു

തേൻതുള്ളിക്കവിതകൾ 5.നീ


എന്റെ ഏതുവേനലിലും
നിറഞ്ഞു കവിയുന്ന നാട്ടുപുഴയായ്
ഓർമ്മയിലെ തണുപ്പിൽ
നീ ജീവിക്കുന്നു

തേൻതുള്ളിക്കവിതകൾ 4.കടം

തേൻതുള്ളിക്കവിതകൾ
4.
കടൽ കയറുമ്പോലെ
കടം കയറി വന്ന്
അയാളുടെ കര കൊണ്ടുപോയി

തേൻതുള്ളിക്കവിതകൾ 3.ഒന്നാംക്ലാസ്സിൽ


മക്കളെ പഠിപ്പിച്ച് തോറ്റുപോയ അച്ഛനെ
മക്കൾ
വൃദ്ധസദനത്തിൽ
ഒന്നാംക്ലാസ്സിൽ
ചേർക്കുന്നു

തേൻതുള്ളിക്കവിതകൾ 2.സൗഹൃദം


ഒരു മഴയിലും
മുളയ്ച്ചു പൊങ്ങിയില്ല
പാകമാകാതെ വീണുപോയ
സൗഹൃദങ്ങൾ! 

തേൻതുള്ളിക്കവിതകൾ 1. പ്രണയം


പറയാതെ പോയ വാക്കുകളിൽ
ചിറകൊതുക്കി പേടിച്ചിരിക്കുന്നു
പേടമാൻമിഴിയിൽ പ്രണയം

ചെകുത്താൻ ........................


ദൈവത്തെ കുറിച്ച്
പറഞ്ഞുപറഞ്ഞ്
ചെകുത്താൻ
സന്യാസിയായി


മനുഷ്യരായ ഞങ്ങൾ
അയാൾക്കു മുന്നിൽ
ചെന്നിരുന്ന് മെല്ലെ മെല്ലെ
ചെകുത്താൻമാരായി

അവിടെ നിന്നെണീറ്റ്
ഇപ്പോൾ ദൈവത്തെ കുറിച്ച്
പറഞ്ഞു നടക്കുന്നു

ചെകുത്താനാവാതെ
മനുഷ്യനാവാൻ പറ്റിയാൽ
മതിയായിരുന്നു

രണ്ടു വീടപ്പുറത്തുള്ളോരമ്മ


രണ്ടു വീടപ്പുറത്തുള്ളോരമ്മ
ദാക്ഷായണിയമ്മ,
മരിച്ചന്നു രാവിലെ
അപ്പൂപ്പന്റെ കവിളിൽ
രണ്ടു കണ്ണീർ തുള്ളികൾ
പിടഞ്ഞിറങ്ങി


ഞാൻ നോക്കുമ്പോളവ
ചുളിവിലൊളിച്ചു
അപ്പൂപ്പനെന്നോട് ചിരിച്ചു
പിന്നെയും മുഖം മങ്ങി
കാറ്റതറിഞ്ഞു വീശി

കാലു വയ്യാഞ്ഞിട്ടുമപ്പൂപ്പൻ
കുന്നുകയറിച്ചെന്നവിടെയെത്തി
കുട്ടികൾ ഞങ്ങൾ കാണാതെ
മുഖം പൊത്തി
കണ്ണീർ പെയ്തു പെയ്ത്
വേദനപ്പുഴകളായ്‌ ചുളിവുകൾ
അതിലൂടെയന്നേരം
നഷ്ടസ്വപ്നമൊരു കരിയിലയായ്
ഒഴുകി നടന്നു

അമ്മൂമ മരിച്ചന്നു
മൌനിയായിപ്പോയ മനുഷ്യൻ
ഇന്നെന്തു പുലമ്പുന്നെന്നമ്മയു മച്ഛനും
പിറുപിറുത്തു

പല്ലില്ലാത്ത വായാൽ
പറഞ്ഞതൊന്നുമെനിക്കും
പിടികിട്ടിയില്ല

ചിതയെരിഞ്ഞു തീരവേ
അപ്പൂപ്പനെന്റെ കൈ പിടിച്ചു
കുന്നിറങ്ങുമ്പോൾ
അപ്പൂപ്പന്റെ കയ്യിൽ
ഉള്ളിലെരിച്ചുകളഞ്ഞൊരു
പ്രണയത്തിന്റെ ചിതാഭസ്മം!

വഴി

ഞാൻ നോക്കുമ്പോൾ
പൂവിടുന്ന ഒരു ചെടിയേയുള്ളൂ

നിന്റെ പേരല്ലാതെ
അതിനു മറ്റൊരുപേരില്ല

ആ പൂക്കളിൽ
കുളിരായ് നിറയുന്ന തേനിന്
എന്റെ പേരല്ലാതെ
നീ മറ്റൊന്നും പറയുന്നില്ല


വേരിറങ്ങിപ്പോയ ഇടത്തിൽ നിന്നും
നോക്കുവാനും
നോട്ടമാസ്വദിക്കാനുമല്ലാതെ
ഒന്നിനുമാവില്ലല്ലോ നമുക്ക്

മരമായിപ്പോയ ജീവിതം
അമരമാക്കുവാൻ
നമുക്കീ കാഴ്ചയുടെ
വെളിച്ചമല്ലാതെയില്ല
മറ്റൊരു വഴി!

ഓടുക

എന്റെ നെട്ടോട്ടത്തിനിടയിൽ
ഭരണാധികാരി പറയുന്നു;
ഓടുക
ഓടിക്കൊണ്ടിരിക്കുക!
ഞാൻ ഓടുന്നു
നടത്തംമറന്ന്
നടപ്പ് മറന്ന്.
നടവഴി കാണാതെ;
ഇടവഴി അറിയാതെ.
ഓട്ടം നില്പ് ഇല്ലാതാക്കുന്നു
നിലനില്പിനു
വേണ്ടിയാണതെന്നു
ആരൊക്കെയോ പറയുന്നു
എനിക്കതു മനസ്സിലായില്ല
ഏതെങ്കിലുമൊരു
പച്ചപ്പെന്നെ പിടിച്ചു നിറുത്തുവാൻ
തളിർക്കുമെന്ന പ്രതീക്ഷയിൽ
എല്ലാ മനസ്സിലാകായ്കകളും
എടുത്തു വെക്കുന്നു
ഒന്നു നിൽക്കാൻ പറ്റിയാൽ
എല്ലാം ചിലപ്പോൾ
മനസ്സിലായേക്കും

വയലാകുവാൻ ശ്രമിച്ച്...

ഓരോ പുലരിയിലും
സ്നേഹത്തിന്റെ തുള്ളികൾ
വീണുകിടക്കുന്ന
വയലാകുവാൻ
ശ്രമിച്ച് പരാജയപ്പെടുന്ന
നഗരഭൂമിയ്
തിരക്കുകൾ നമ്മെ
ഊഷരമാക്കുന്നു

തീവണ്ടി

കുട്ടിക്കാലത്തെ
സ്വപ്നങ്ങളിൽ നിന്നും പാളംതെറ്റിയിട്ടും
വീഴാതെ ഓടിക്കൊണ്ടിരിക്കുന്ന
തീവണ്ടിയാണ് മനുഷ്യൻ

ഉള്ളിലെ തീ തീരുവോളം
തട്ടിയും മുട്ടിയും
ഉയർന്നും താഴ്ന്നും
അതോടുന്നു


ഇടയ്ക്കോരോ സ്റ്റേഷനിൽ നിന്നും
 ആരൊക്കെയോ കയറുന്നു
ആരൊക്കെയോ ഇറങ്ങുന്നു

എന്റെ നദിയേ

ഓളങ്ങളിൽ പുളയുമ്പോഴും
വിശ്വാസമൊന്നുമാത്രം
മുന്നോട്ടു നയിക്കുന്നു
തോണിയെ.

അടിയൊഴുക്കിനെക്കുറിച്ചുള്ള
അടങ്ങാത്ത ഭീതിയിൽ
ഉള്ളു പിടയ്ക്കുമ്പോഴും
ഊഞ്ഞാലിലെന്നപോൽ
ഉയിരുവെച്ചാടുന്നു തോണി

.
ഏതോ ചുഴിയുടെ ചുരുളിൽ
പേരറിയാ പ്രവാഹങ്ങളിൽ
ഞാനൊഴുകിപ്പോകവേ
എന്റെ നദിയേയെന്നെന്നെ
വിളിച്ചൊരു തോണിയായ്
ഏതോ സ്വപ്നപ്പ്രതീക്ഷകൾ
കൊണ്ടു തുഴഞ്ഞെന്നിലൂടെ
 നീയൊഴുകിപോകുന്നുവോ?

യാത്രകൾ

നമ്മുടെ ചിറകുകളാണ്
യാത്രകൾ
ഇഷ്ടദേശം വിളിച്ചാൽ
അദൃശ്യമായ ചിറകുകൾ
പ്രത്യക്ഷപ്പെടും
ദേശങ്ങളുടെ മഹാവൃക്ഷങ്ങളിലേക്ക്
നാം പറന്നെത്തും
യാത്രകൾ കഴിയുമ്പോൾ
നാമൊരു കിളിയാകും
കൊത്തിപ്പെറുക്കിയതിന്റെ
ഓർമ്മകളിൽ
നമുക്കതൊരു കൂടുകെട്ടിത്തരും

അമ്മമൊഴി

അമ്മമൊഴി
........................
കോമരമാകേണ്ടോൻ
കുവൈത്തിൽ
തിറകെട്ടിയാടേണ്ടോൻ
ഫിലാഡൽഫിയയിൽ
ഉത്സവം നടത്തേണ്ടോൻ
ഓസ്ട്രേലിയയിൽ
പൂമാലകെട്ടേണ്ടോൾ
ചൈനയിൽ മെഡിസിനു
പഠിക്കുന്നു


പട്ടിണിമാറിയ ഞാനും
പട്ടിണി മാറ്റിയ ഭഗവതിയും
ആരെയും കാണാതവശരായ്
അകത്തു കിടക്കുന്നു

തറവാട്ടമ്പലത്തിലുറുമ്പുകൾ കാവലായുലാത്തുന്നു
പക്ഷേ മെർലിനെന്നവൾ
നിത്യവും വരും
മരുന്നുതരും
നെറ്റിയിലുമ്മ തരും

ഭഗവതിക്കാവിൽ
വിളക്കുവെക്കാനവൾക്കറിയില്ല
അതറിയുന്നോൾ
കലക്ടറാവാൻ പോയി

എങ്കിലും
ഏ സിയിൽ
വെള്ളം നിറച്ച കിടക്കയിൽ കിടന്ന്
ചൂടുള്ള ഉത്സവരാവുകളുടെ
ഓർമ്മത്തെയ്യങ്ങൾ
കണ്ടു കരയവേ
എന്നും മെർളിനടുത്തിരിക്കും

എനിക്കന്നേരം
ഭഗവതി അടുത്തിരിക്കുമ്പോലെ തോന്നും
അവളമ്മേയെന്നു വിളിക്കും
എന്റെ കണ്ണു നിറഞ്ഞൊഴുകും

തൊലിയൂരിപ്പോകുന്ന വേദനയിൽ
അവളറിയാതെ
അവളെ നോക്കി വിളിച്ചു പോകും:
അമ്മേ!മഹാമായേ....
.

ആ ചൂൽ എനിക്കു തരല്ലേ

പാരമ്പര്യമായി കൈമാറുന്ന
ആ ചൂല് എനിക്കു വേണ്ട
അപ്പനപ്പൂപ്പൻമാരേ
ഞാനതു വാങ്ങിയാൽ
പൊട്ടിത്തകർന്നതെല്ലാം
അടിച്ചുവാരിക്കഴിഞ്ഞാലും
അതു കാത്തിരിക്കും
ഞാൻ വീണു ചിതറുവാൻ


അതുകൊണ്ട്
തെങ്ങോല തന്ന ഈർക്കിളുൾ
ഇഴയടുപ്പിച്ച് നിങ്ങൾ സമ്പാദിച്ച
ചൂലെനിക്കുവേണ്ട
അതടിച്ചു വാരിയ മുറ്റമെനിക്കുവേണ്ട
അതു വിശ്രമിച്ച അടുക്കളക്കോലായയും വേണ്ട


പൊട്ടിപ്പൊളിഞ്ഞതുകൊണ്ട്
ഞാനുണ്ടാക്കുന്ന
ഇൻസ്റ്റാളേഷനാണ് ജീവിതം


അതു തൂത്തുവാരിയാൽ
ഞാനുണ്ടോ
എന്റെ പുതുകലയുണ്ടോ?


ആ ചൂൽ എനിക്കു തരല്ലേ
ഇഴയടുപ്പത്തിന്റെ ശക്തി താങ്ങാൻ
എനിക്കു പറ്റില്ല

കാക്കകൾ (haiku )

വെളുത്ത പുലരിപ്പെണ്ണിൻ
കരിമിഴികളിളകുന്നു;
ഹാ! രണ്ടു കാക്കകൾ

കടൽ


കടലിന്റെ ചിറകുകളാണ്
തിരകൾ
ഓരോ നിമിഷവും പറക്കാൻ ശ്രമിച്ച്
വീട്ടിൽ പെട്ടുപോയവളെ പോലെ
വീണ്ടും പറക്കാൻ ശ്രമിച്ച്
ആകാശം നോക്കി
കണ്ണിൽ
അതിന്റെ നിറമെടുത്തു വെച്ച്
ആഗ്രഹങ്ങളടക്കാനാകാതെ
ഉറക്കംവരാതെ
കിടക്കുന്നു


പെണ്ണിനെപോലെ
പറക്കാനായ് ചിറകനക്കുമ്പോഴും
ആഴത്തിലേക്ക്
പലപല ചുഴികളിലൂടെ
അതിലുമാഴമുള്ള ഏതൊക്കെയോ വേദനകൾ
ഇറങ്ങിപ്പോകുന്നു

അങ്ങനെ
വറ്റുവോളം
അവൾ പറക്കാൻ ശ്രമിച്ച്
ആഗ്രഹങ്ങളുടെ തിരകളിൽ
ഇളകിമറിയുന്നു

ഇടയ്ക്ക് അപ്രതീക്ഷിതമായ
ഭൂകമ്പത്തിൽ
കുറച്ചുയരുന്നു.
ആ ചിറകടിയാണ്
സുനാമിയായ്
ആരെയൊക്കെയോ
ഒഴുക്കിക്കളഞ്ഞത്!
.

്മുനീർഅഗ്രഗാമി

ഹൈക്കു കവിത-ചിരി-



വസന്തത്തിന്റെ മടിയിൽ
കിടന്നു ചിരിച്ചു വിടരുന്നു
ചുവന്ന ഒരു പൂമൊട്ട് .
.

ഡേ കെയർ



അമ്മയുടെ മണമില്ലാത്ത കുഞ്ഞുങ്ങൾ
ആയമാരുടെ കൈ പിടിച്ച്
രാവിലെ ഇവിടെ വരും
അവർ പരസ്പരം എന്തൊക്കെയോ
ശബ്ദം ഉണ്ടാക്കും
അവ പല പല ഭാഷകളായി
ഞാൻ പതിയെ വേർ തിരിക്കും
കളിപ്പാട്ടങ്ങളുടെ പുറത്തു കയറി
പകൽ പടിഞ്ഞാറേക്ക്‌ മുട്ടിട്ടിഴയും
ദിവസം തീരും
കുഞ്ഞുങ്ങൾ ഏതൊക്കെയോ മണങ്ങളുമായി
കൂട്ടുവാൻ വരുന്ന ആരുടെയോ കൂടെ
തിരിച്ചു പോകും
ഓരോ ദിവസവും അവർ വരും
ഏതോ വിലകൂടിയ പെർഫ്യൂമിന്റെ മണവുമായ്
അതിന്റെ രൂക്ഷതയിൽ അവർ പിടയുന്നത്
എനിക്ക് സഹിക്കില്ല
മെല്ലെ ഞാനവർക്ക് എന്റെ മണം കൊടുക്കും
എന്റെ ഭാഷ കൊടുക്കും
എന്റടുത്ത് അതേയുള്ളൂ
സ്നേഹിക്കുന്നവർക്കൊക്കെ ഞാനതു കൊടുക്കും
നിങ്ങൾ എന്നെ കുറ്റം പറയല്ലേ
അവർക്ക് അമ്മയുടെ മണ മുണ്ടായിരുന്നെങ്കിൽ
അമ്മയുടെ ഭാഷയുണ്ടായിരുന്നെങ്കിൽ
എനിക്കെങ്ങനെ അവർക്ക്
എന്റെ ഭാഷയും മണവും കൊടുക്കാൻ കഴിയും ?
എന്നെ കുറ്റം പറയല്ലേ !

© മുനീർഅഗ്രഗാമി

നിന്നെ കുറിച്ചുള്ള ഹൈക്കു കവിതകൾ


വേദനയുടെ നരകത്തിൽ നിന്നും
നിന്റെ വാക്കുകളിൽ കയറി ഞാനും
എന്റെ വാക്കുകളിൽ കയറി നീയും
പുറത്തു കടക്കുന്നു.
* * *
നിന്റെ കണ്ണിലെ കടൽനീലിമയിൽ
എന്നെ കാണുന്നു;ഞാൻ കരയിലിരിക്കുന്നു
നിശ്ശബ്ദ സല്ലാപം
* * *
നിന്നിലേക്കുള്ള വഴിയിൽ
വസന്തം പുഞ്ചിരിക്കുന്നു
എനിക്ക് ഒരു മാലാഖ ചിറകു തരുന്നു
* * *
മലയുംമഞ്ഞും തണുപ്പിനെ
താരാട്ടുന്ന വഴി പോയപ്പോൾ
നീ മഞ്ഞ്! ഞാൻ മല!
* * *
തിരക്കുതീരും നാളറിയാതെ
പറക്കും തേനീച്ചയായ് ഞാനലയെ
മുന്നിൽ നീ വിടരുന്നു
* * *
പല നിറങ്ങളിൽ വരച്ചിട്ടും
ചിത്രത്തിൽ നീ തന്നെ
ചിറകടിക്കുന്നു ശലഭമേ!
* * *
മരുഭൂമിയെന്നെയുണക്കുമ്പോൾ
ഒരു മഴത്തുള്ളിയിൽ
നിന്റെ പ്രണയലേഖനം!
* * *
ഉരുൾ പൊട്ടിയ പെയ്യലിൽ
എല്ലാവേരുമറ്റപ്പോഴും
പിടിച്ചു നിർത്തുന്ന വൈഭവം നീ

* * *
©മുനീർഅഗ്രഗാമി

നഗരചിന്തകൾ

നഗരചിന്തകൾ
................................
1.
ബുദ്ധനും ഗാന്ധിജിയും
പ്രതിമയായിപ്പോയ നഗരത്തിൽ
തോക്കുകളിറങ്ങി നടക്കുന്നു

2.
ഒറ്റയ്ക്ക് റോഡ് മുറിച്ചു കടക്കാനാവാതെ
അറിയപ്പെടുന്ന ഫെമിനിസ്റ്റ്
വണ്ടികൾക്കിടയിലാകുന്നു
3.
ഉച്ചഭാഷിണിയിൽ ഉച്ചയ്ക്കുള്ള
വിഭവങ്ങളുടെ വിവരണം
ആദർശമില്ലാതെ ആഘോഷം
4.
ഗ്രാമത്തിൽ നിന്നും വഴിതെറ്റിയെത്തിയ
കാവൽനായ നഗരപിതാവിനു
മുന്നിലകപ്പെട്ടതിന് കൊല്ലപ്പെടുന്നു
5.
പ്രണയം ചുണ്ടുകളിൽ നിന്നും
ചുണ്ടുകളിലേക്ക് സ്നേഹത്തിനു പകരം പകർച്ചവ്യാധികൾ കൈമാറുന്നു
6.
നഗരത്തിനു പുറത്ത് അരിയിഅല്ലങ്കിലും
നഗരത്തിൽ മരിച്ച മഹാൻമാരെല്ലാം
സ്വർണ്ണപ്പ്രതിമകളാകുന്നു
7.
പ്രതിമകളുടെ നഗരമേ
ഞങ്ങൾ കാഴ്ചയിൽ സഞ്ചരിക്കുന്നവരെങ്കിലും
പ്രതിമകളാകുന്നു.
.................................

സന്തോഷം

വീണുപോയ സന്തോഷം തിരഞ്ഞ്
സ്കൂൾ മുറ്റത്തു രാത്രിയിലൊരു
നരച്ച നിലാവൊളിച്ചു കടക്കുന്നു.

എന്റെ കുട്ട്യേയെന്നുള്ളുരുകി

സ്കൂള് ;ട്യൂഷൻ ;കോച്ചിംങ്ങ്
എന്റെ കുട്ട്യേയെന്നുള്ളുരുകി
മുറ്റത്തെ മുത്തശ്ശി മാവ്!

ഓശാരം

ഓർമ്മകളുടെ ചുംബനവും
ഓമനേ നീയും
 നിലവിളികളും
ഓശാരം തന്ന വൃദ്ധസദനം!

എന്റെ സൂര്യനേ

അവരെന്നെ നോക്കുമ്പോൾ
നിന്റെ വെളിച്ചത്തിൽ
മറഞ്ഞിരിക്കുമൊരു താരകമായ്
വിദൂരതയിൽ നിന്നും
നിന്നെ നോക്കിനോക്കിയിരിപ്പാണു ഞാൻ
എന്റെ സൂര്യനേ...!

കടലിന്റെ ഉപമയിൽ

കടലിന്റെ ഉപമയിൽ
........................................
ഞാൻ,
തിരകളടങ്ങിയപ്പോൾ
തിരകളുടെ ഓർമ്മയിൽ
വറ്റിയുണങ്ങിയ കടൽ

നീ,
ഞാനിനിയും
തിരയടിക്കുമെന്ന പ്രതീക്ഷയിൽ
കാത്തിരിക്കുന്ന കര

കടലിന്റേയും കരയുടേയും
ഉപമയിൽ ജിവിക്കുമ്പോൾ
നമുക്ക്
അടുപ്പമുണ്ടായിരുന്നതിന്റെ
ആർദ്രത

പക്ഷേ വറ്റില്ലെന്നു വിചാരിക്കുമ്പോഴും
വറ്റിപ്പോകുന്ന കടലുണ്ട്
പ്രണയത്തിലും ജീവിതത്തിലും

ഉപമയിൽ നിന്നും
ഉപജീവനത്തിലേക്ക്
പടരുന്ന ശൂന്യമായ കടലാണത്.

കണ്ണീരൊഴുകുന്നത്

കരച്ചിലിന്റെ മറവിൽ
തീപിടിച്ച പുഞ്ചിരി
ചാരമാവുകയാണ്
അതിന്റെ ചൂടുമായാണ്
കണ്ണീരൊഴുകുന്നത്.

സ്നേഹം

ഒരു തുള്ളി സ്നേഹം മതി
ജീവിതമൊരാൽ മരമായ്
വളർന്നു പടരുവാൻ

ഒറ്റപ്പെട്ടവൻ

ഒറ്റപ്പെട്ടവൻ
ഒരു കടലാണ്
അടങ്ങാത്ത
തിരകൾ കൊണ്ട്
അവനത് മറ്റുള്ളവരുടെ
ഹൃദയത്തിൽ എഴുതുന്നു

ദൈവമേ കാക്കണേ

ചെണ്ടക്കാരും മേളവും ഉണ്ട്
നൂറുനൂറു കൊടികളും
തോരണങ്ങളുമുണ്ട്
ആനയും ആൾക്കൂട്ടവുമുണ്ട്
ആളുകളുടെ വരവും പോക്കുമുണ്ട്

താൽക്കാലികമായ
ഒരു സ്റ്റേജാണ് അമ്പലം
അവിടെയേതോ ദൈവം
എഴുന്നള്ളിയിട്ടുണ്ട്
ചുറ്റും ചുവന്ന പട്ടുകൾ പാറുന്നു
ഉത്സവം തന്നെ!
ദൈവമേ കാക്കണേ

 എന്നപ്രാർത്ഥന തന്നെ

നിവേദ്യത്തിന്റെ കുപ്പിപൊതിഞ്ഞ കടലാസ്സിൽ
സ്വാതന്ത്ര്യം സമത്വം സാഹോദര്യം
എന്ന എഴുത്ത് ചുളിഞ്ഞു കിടന്നു
ഒരു ഭക്തൻ അതുചുരുട്ടിയെറിഞ്ഞ്
ദൈവകോപം ഭയന്ന്
സ്റ്റേജിലേക്കു തിരിഞ്ഞ് കൈകൂപ്പി

നിന്നെ നോക്കിനോക്കി ഞാൻ

മഞ്ഞുരോമങ്ങളുള്ള
വെളുത്ത കുതിരപ്പുറത്ത്
തണുത്ത പുലരി വരുമ്പോലെ
നീയെന്റെ ഇരുട്ടിന്റെ തീരത്ത്
വന്നിരുന്നു

നിന്റെ ഓരോ നോട്ടത്തിൽ നിന്നും
ഓരോ രശ്മികൾ
വെളിച്ചത്തിലേക്ക്
എന്നെ എടുത്തു വെച്ചു

എന്റെ ഇരുട്ടെല്ലാം ഓരോ തുള്ളി
വെളിച്ചം കൊണ്ടും
നീ കഴുകി വെളുപ്പിച്ചു

നിന്നെ നോക്കിനോക്കി ഞാൻ
നോട്ടത്തിന്റെ നൂലിൽ പിടിച്ച്
ശൂന്യതയിൽ നിന്നും
പുറത്തു കടന്നു

നിന്റെ വെളിച്ചത്തിൽ തിളങ്ങി
നിൽക്കുന്നു
ദൈവമേ
ഇതാണോ പ്രണയം?

പാവം

ഏതു പ്രളയത്തിലും
ഓർമ്മയുടെ ആലിലയിൽ
വിരലുകുടിച്ചു
കിടന്നുപോകുന്നു
പാവം മാനവർ നാം

അച്ഛനുണ്ടായിരുന്നു

വേരുകൾ നടന്നുപോയ വഴിയിലെവിടെയോ
അച്ഛനുണ്ടായിരുന്നു
അവൾ
പൂവിറുത്തു കൊണ്ടിരുന്ന
അതേ ചെടിയുടെ വേരുകൾക്ക്
അങ്ങനെയാണ്
അച്ഛനെ പരിചയം

പൂക്കൾ കൊണ്ട്
അവൾ കളിക്കുന്നു
ചിരിക്കുന്നു
അച്ഛനതു നോക്കി രസിക്കുന്നു
വേരുകളെ കണ്ടുമുട്ടിയതു മിണ്ടാതെ!

പരൽമീൻ



കാണാതിരിക്കുമ്പോൾ
നീ മിന്നിമറയുമോളപ്പരപ്പായ്
എന്റെ കണ്ണീർ നിന്നെ
തിരഞ്ഞൊഴുകുന്നു!

ഒടിയൻ



സ്വന്തം വീട്ടിൽ നിന്നും
നാട്ടിൽ നിന്നും പുറത്താക്കിയപ്പോൾ
ഒടിമറിഞ്ഞ് എലിയായി.
ഏതെങ്കിലും ഒരു പഴുതിലുടെ
അകത്തു കടക്കാൻ ശ്രമിക്കുമ്പോൾ
എല്ലാ പഴുതും അടച്ചവർ
എന്നെക്കാളും വലിയ
ഒടിയൻമാരായി .
തോക്കുകളും വാക്കുകളുമായ്
അവർ കാട്ടിലുമെത്തി
കോടികൾ കൊണ്ടു കളിച്ചു
എല്ലാമാളങ്ങളുമടച്ചു
എലിയായിട്ടും ഒളിച്ചിരിക്കാൻ പറ്റിയില്ല
അവർ ഒടിമറിഞ്ഞ് പൂച്ചയായി
അതുകണ്ടപ്പോൾ ഞാനുയർത്തിയ
പൂർവ്വികരുടെ ചോരകൊണ്ട് നിറം കൊടുത്ത കൊടി പറന്ന് കാശിക്കു പോയി
വിപ്ലവം ഉപരിപ്ലവമായി ഒഴുകിപ്പോയി
പിന്നെ ഞാനെന്തു ചെയ്യും?;
അവരുടെ കയ്യിൽ
അവർ വീണവായിക്കുന്നതും കേട്ട്
പ്രാണവേദനപോലും മറന്ന്
അകപ്പെടലിന്റെ ആനന്ദം ആഘോഷിക്കുന്നു
എന്തൊരു മിനുസമാണ് അവരുടെ കൈകൾക്ക്!
എന്തൊന്തൊരു വെളുപ്പാണ്
അവരുടെ ഉടലിന്!
അവർ മ്യാവൂ മ്യാവൂ എന്നു കരയുന്നു
പാലു കുടിക്കുന്നു
ഞാനതു നോക്കിനിന്നു രസിക്കുന്നു!
മാവോ മാവോ എന്ന്
ഞങ്ങളവരുടെ ശബ്ദം വികലമായി
അനുകരിച്ച നാളുപോലും ഞങ്ങൾ മറന്നു
വിധേയത്വം ജീനിലൊളിപ്പിച്ച
വംശത്തിന് ഇതിൽകൂടുതൽ
എങ്ങനെ സ്വയം തിരിച്ചറിയാനാകും?
എന്നിട്ടും മാവോ മാവോ എന്നു വിളിച്ച്
എന്റെ പിന്നാലെ ആരാണ്
ഓടി വരുന്നത്?
............................................................................................................................മുനീർഅഗ്രഗാമി

ജീവിതത്തിന്റെ പീലികളായ്

ആകാശത്ത്
സൂര്യൻ കുടഞ്ഞിട്ട ചായക്കൂട്ടുകളെടുത്ത്
പുതച്ചു നിൽക്കുന്നു സന്ധ്യ

ഒരുകൂട്ടം കിളികളതിൽ
പറക്കലിന്റെ ഡിസൈൻ
വരയ്ക്കുന്നു

തിരിച്ചുവരവിന്റെ പാറ്റേണിൽ
ഇരുട്ടിന്റെ കുഞ്ഞു കുഞ്ഞു കഷണങ്ങൾ
പകർത്താൻ ശ്രമിച്ച് കാണാമറയത്തേക്ക്
അവ പോകുന്നു

ഓർമ്മയുടെ ഇരുട്ടിൽ
ലയിക്കുവോളം
ജീവിതത്തിന്റെ പീലികളായ്
അവ അവിടെയുണ്ടാകും

മാർക്ക്

തിരുവാതിര ഞങ്ങൾക്ക് ഒരു കളിയാണ്
ഗ്രെയ്സ് മാർക്ക് കിട്ടാനുള്ള
വഴിയാണ്

തിരുവാതിര നക്ഷത്രമാണെന്നും
ആചാരമാണെന്നും
ആരൊക്കെയോ പറഞ്ഞു നടക്കുന്നു


എന്റെ സാറേ

 ഔട്ടോഫ് സിലബസ്സായ കാര്യങ്ങൾ
പഠിച്ച് സമയം കളയരുതെന്നല്ലേ
അങ്ങു പറഞ്ഞത്


ഞങ്ങൾക്ക് കളിമതി
ഞങ്ങൾ കളിക്കട്ടെ!
മാർക്ക് കിട്ടുമല്ലോ.അല്ലേ?

മധുപോലെ


ഏതുനാളിലെ നിലാവിനും
പ്രണയത്തിന്റെ തെളിച്ചമുണ്ട്
അതുകൊണ്ടാണ്
തൊലിചുളിഞ്ഞാലും
നര തെളിഞ്ഞാലും
നിലാവെളിച്ചത്തിൽ നിൽക്കുമ്പോൾ
മനസ്സു പൂത്തുപോകുന്നത്
അതിൽ സ്നേഹമുള്ളയാൾ
മധുപോലെ നിറയുന്നത്!

പ്രതീക്ഷ

പ്രതീക്ഷ

പുഴുവായിഴയുന്നു
എന്നെങ്കിലും
പൂമ്പാറ്റയാകുമെന്നൊരു
ശുഭപ്രതീക്ഷയാൽ
അന്നേയ ്ക്കൊരു പൂവെങ്കിലും
ബാക്കിവെച്ചേക്കണേ
പൂവുതീനികളേ!

പേരിനെങ്കിലും....

കേൾക്കുവാൻ കൊതിയുള്ള ശബ്ദം 
കേൾക്കാതിരിക്കുമ്പോൾ
മനസ്സിൽ വേനൽ തുടങ്ങുന്നു
എന്നെനിക്കറിയാം
പക്ഷേ ശൂന്യമായ ആകാശത്ത്
വാക്കുകളും കൊണ്ട് 
ഒരു മേഘമെങ്കിലും വന്നിരുന്നെങ്കിൽ
പേരിനെങ്കിലും ഒന്നുപെയ് തേ നെ

മഞ്ഞുകാലം



എനിക്കും നിനക്കും മഞ്ഞുകാലം തുടങ്ങി
പക്ഷേ നമുക്കിടയ്ക്ക് ഒരു കടൽ അകലം
ഒരു കടൽക്കാറ്റിന്റെ ദൂരത്തിൽ
നമ്മുടെ നിശ്വാസങ്ങളുടെ തിരയിളക്കം
പൈൻമരങ്ങളുടെ ഉച്ചിയിൽ നിന്റെ ആകാശം
കറുകനാമ്പിന്റെ തുമ്പത്ത് എന്റെ കടൽ

ഞാൻ നീലയെന്നു കരുതിയ ജലം
വെളുത്ത് വിശുദ്ധമായി നിന്നിൽ
വീണുകൊണ്ടിരിക്കുന്നു
നിന്റെ വീടിനു മുകളിൽ മാടപ്രാവുകളെ പോലെ അവ പറന്നിറങ്ങുന്നു
നീ നടക്കുന്ന വഴിയിൽ കൊറ്റികളെ പോലെ അവ വന്നിരിക്കുന്നു
കറുത്ത രാത്രിയിൽപോലും
വെൺമയുടെ പരലുകളാൽ നിന്റെ ദേഹത്ത് ഉമ്മ വെയ്ക്കുന്നു
എന്റെ നിറമില്ലാത്ത കാറ്റ്
അതു കണ്ട് വഴിയിൽ നിന്നും
തിരിച്ചു പോരുന്നു

എന്റെ മഞ്ഞുകാലം
തണുത്ത കാറ്റിൽ കനമില്ലാത്ത കോടയിൽ മാമ്പൂക്കൾക്കൊപ്പം ഊഞ്ഞാലാടുന്നു
എനിക്കീ മാവിനു ചുറ്റും തണുത്തു പറക്കാനേ അറിയൂ
എനിക്കി കോടയുടെ നേർത്ത പുതപ്പായ് ചൂടിൽ നിന്നും നിന്നെ രക്ഷിക്കാനേ അറിയൂ
എനിക്ക് നിന്റെ മഞ്ഞുകാലത്തിന്റെ അത്ര വെൺമയോ വിശുദ്ധിയോ ഇല്ല
എനിക്ക് കറുത്ത നിഴലിലേ വെളിച്ചത്തെ ആസ്വദിക്കാനറിയൂ

ആരോ എന്നോട് സൂര്യനാവാൻ പറഞ്ഞു
നീ ഉരുകിപ്പോകുമെന്ന പേടിയാൽ ഞാനതു കേട്ടില്ല
നിന്റെ മഞ്ഞുകാലത്തോട്
എനിക്കിപ്പോൾ അസൂയ തോന്നുന്നു
കാരണം
നീ മരിച്ചാൽ മണ്ണിനും മറ്റാർക്കും കൊടുക്കാതെ അതു നിന്നെ സ്നേഹിക്കും
ആർദ്രമായ് കെട്ടിപ്പിടിച്ച്
ഹൃദയത്തിന്റെ പരലുകളിൽ
നിന്നെ ഒളിപ്പിക്കും
എനിക്കതിനാവില്ല;ഞാനന്നേരം ഒരു കണ്ണീർത്തുള്ളിയായ് ഒഴുകിപ്പോയിട്ടുണ്ടാകും
ഏതു പുൽക്കൊടി വിളിച്ചാലും
മഞ്ഞുതുള്ളിയാവാൻ പറ്റാത്ത വിധം ഞാൻ ചിതറിപ്പോയിട്ടുണ്ടാകും

എനിക്ക്
തിരുവാതിരപ്പാട്ടിന്റെ താളത്തിൽ
ഏകാദശിയുടേയും
ഏഴരവെളുപ്പിന്റേയും ഓർമ്മകളിൽ
തണുത്തു മരവിച്ച ധനുമാസ രാത്രികളിൽ മാത്രമേ നിന്നെ ഒളിപ്പിക്കാനാകൂ
അതുകൊണ്ടാവണം
നിന്റെയുമെന്റെയും മഞ്ഞുകാലത്തിനിടയിൽ
നമുക്കത്രയും പരിചയമുള്ള ഒരു കടൽ
അശാന്തമായി കരഞ്ഞുകൊണ്ടിരിക്കുന്നത്.





...........................മുനീർഅഗ്രഗാമി

വെളിച്ചം

പുതിയ വെളിച്ചത്തിൽ
പഴയ വെളിച്ചം വീണു
കാണാതായ്
കാലമെത്രയായ്
തിരഞ്ഞു നടക്കുന്നു
ഞാനും നീയും
അതു നമ്മെ തോൽപ്പി
ച്ചെങ്ങോ മറഞ്ഞിരുന്നു
ചിരിക്കുന്നു
ആ വെളിച്ചത്തിൽ
നാം കണ്ട പൂക്കളും
പൂരവും കാണാതെ പോയ്
എങ്കിലും തിരയുക നാം
വറ്റിയ നാടും നന്മയും
നമ്മെ കാണിച്ചൊരാ വെളിച്ചം!

പെണ്ണെഴുതുന്നു

പെണ്ണെഴുതുന്നു
കണ്ണെഴുതുന്നു
മണ്ണറിയാതെ
പെണ്ണെഴുതുന്നു
അവൻ കൊടുത്ത
കൺമഷിയാലവൾ
കാഴ്ചകൾക്കെല്ലാം
അടിവരയിടുന്നു
കണ്ണെഴുത്തെല്ലാം
പെണ്ണെഴുത്താവുന്നു
മണ്ണിൽ നിന്നവൻ
അതു വായിക്കുന്നു

'ഘർവാപസി'

സന്ധ്യയുടെ ചുവന്ന ചുണ്ടുനോക്കി
പക്ഷികൾ എന്നത്തെയും പോലെ
പറന്നു പോകുന്നു

ചെടികൾ ആകാശം നോക്കി
മെല്ലെ ഉയരുന്നു
കടൽ കരയിലേക്ക് മെല്ലെ
എത്തിനോക്കുന്നു


ഞാൻ മാത്രം പുതുവർഷം
നവവർഷം എന്നൊരാഹ്ലാദത്തിൽ
മതിമറക്കുമ്പോൾ
ധനുമാസമെന്റെ കഴുത്തിനു പിടിക്കുന്നു


തലയിൽ മഞ്ഞൊഴിച്ച് മത്തുമാറ്റുന്നു
ഞാൻ ധനുമാസത്തിന്റെ
ഒരിലയിൽ നിന്നും മറ്റൊരിലയിലേക്ക്
ഒരു മഞ്ഞുകണംപോലെ
പടരുന്നു.


അതുകണ്ട്
'ഘർവാപസി'
'ഘർവാപസി'യെന്ന്
മലയാളം മറ്റേതോ ഭാഷയില് മൊഴിഞ്ഞുവോ?

സിൻഡ്രല്ല



നഷ്ടപ്പെട്ട ഒറ്റച്ചെരിപ്പായിരുന്നു
കാമുകനു കടന്നുവരാനുള്ള
ഒരേയൊരു വഴി;
നിനക്ക് സന്തോഷമണിയാനുള്ള
ഒരേയൊരു പഴുത്

പാകമാകാത്ത കാലുകൾക്ക്
കണ്ണീർ കൊടുത്താലും
അവനാ ചെരുപ്പ് കൊടുക്കില്ല

അവന്റെ കൈപിടിച്ച്
നീ വെച്ച ചുവടുകൾ
മാത്രമാണ് താളമുള്ള
നിന്റെ ചലനങ്ങൾ;
അവന്റെയും

സിൻഡ്രല്ലാ...
നഷ്ടപ്പെട്ടതൊന്നും
നഷ്ടമാകാത്ത
അഭൗമമായ നൃത്തമാണ്
അവന്റെ വരവ്!

ആ സ്കൂൾ



ആ സ്കൂളിലെ ഓരോ മൺതരിയും
നമ്മുടെ കാലൊച്ചകൾ തിരഞ്ഞ് 
മടുത്തിട്ടുണ്ടാവും
ആ സ്കൂളിലെ

 ചെറിയ ഡെസ്കും ബെഞ്ചും പുലരിത്തണുപ്പിൽ
നമ്മുടെ ചൂട് ആഗ്രഹിക്കുന്നുണ്ടാകും


ആ സ്കൂളിലെ ഓരോ മരങ്ങളും
നമ്മുടെ ചിരികാണുവാൻ കാത്തുനിൽക്കുകയാവും
നാം ഓടി നടന്ന വരാന്ത
അതിന്റെ ഹൃദയം തുറന്ന്
കരഞ്ഞു കലങ്ങിയ കണ്ണുമായ്
നാമിറങ്ങിയതു മുതൽ
ഗെയ്റ്റിലേക്ക് നോക്കി നിൽക്കുന്നുണ്ടാകും


നാം
നമ്മുടെ സ്വന്തം ഇരുട്ടിൽ
ആ സ്ക്കൂൾ നമുക്കു തന്നതുകൊണ്ടു മാത്രം

 പ്രകാശിച്ചു നിൽപ്പാണ്
ആ സ്കൂൾ ഇപ്പോഴും നമ്മുടെ കണ്ണുകളിൽ ഇമവെട്ടാതെ നോക്കുന്നു
നാം നക്ഷത്രങ്ങൾ ആയതുകൊണ്ട്
ഇടയ്ക്ക് കണ്ണുചിമ്മിപ്പോകുന്നു


ആ സ്കൂളിലെ ഓരോ ശബ്ദവും
നമ്മുടെ താളമായ്
നമുക്ക് സംഗീതം പകരുന്നു


നാമൊരു ഗസലായ് ഒഴുകിപ്പടരുന്നു

ക്യാമ്പ്



ഏഴു നിറങ്ങളുള്ള നാളുകൾ
ഞങ്ങളിലുടെ കടന്നുപോയി
നിറമില്ലാതിരുന്ന ഞങ്ങൾക്ക്
നിറം തന്ന്
അവ ഓടിപ്പോയി

സ്നേഹത്തിന്റെ സൂര്യൻ
തെളിഞ്ഞതായിരുന്നു പകൽ
സൗഹൃദത്തിന്റെ തണുപ്പിൽ
ഉറങ്ങാതിരിക്കയായിരുന്നു രാത്രി

ഞങ്ങൾ ഇതളുകളായ ഒരു പൂവിന്റെ
തേൻനുകർന്നതായിരുന്നു സന്ധ്യ
ഞങ്ങൾ ചിരിച്ചിളകിയ മരമായിരുന്നു
കിളികൾ കൊണ്ടുവന്ന പുലരികൾ

ആ നാളുകൾ
ഏതോ സ്വപ്നത്തിൽ നിന്നും
പറന്നുവന്ന മാലാഖമാർ
ഞങ്ങൾക്കു മുന്നിൽ വെച്ച
നിധിയാണ്

ഇനിയുള്ള കാലം
ഞങ്ങളതിനു കാവലിരിക്കും .

ഇരിക്കും!

കടലിന്റെ താളുകൾ

തിരക്കവിത വായിക്കാൻ
കാറ്റു മറിച്ചുനോക്കുന്നു
കടലിന്റെ താളുകൾ!

എട്ടാം നിലയിലെ ഫ്ലാറ്റിൽ





ഹെലിക്കോപ്റ്റെറിൽ
സഞ്ചരിക്കാനുള്ള മോഹം
ഏതായാലും ഇല്ല
എന്നിട്ടും കണ്ണെടുക്കാതെ
നോക്കി നിൽക്കും

എട്ടാം നിലയിലെ ഫ്ലാറ്റിൽ നിന്നും
ഹെലിക്കോപ്റ്റെർ  കാണുമ്പോൾ
മനസ്സിലൂടെ  ഒരു തുമ്പി  പറക്കും
അതന്നേരമേ വരൂ

ഹെലിക്കോപ്റ്റെർ പോയാലും
കുറച്ചു നേരമതവിടെ വട്ടമിട്ടു പറക്കും
കുറച്ചു നേരം മാത്രം
മകന്റെ കുഞ്ഞ് തൊട്ടിലിൽ നിന്നും
അന്നേരം വിളിക്കും

പിന്നെ അവന്റെ കരച്ചിലിൽ
എന്റെ പുറത്തെത്താത്ത കരച്ചിൽ കോർത്ത്
ഒരു മാലയുണ്ടാക്കും
കുലദൈവത്തെ വിളിച്ച് അതെറിഞ്ഞു കൊടുക്കും
കടലിനപ്പുറത്ത്  തുമ്പിയോടോത്ത് കളിക്കുന്ന
എന്റെ ദൈവമേ
നിനക്കതു കിട്ടുമോ ?