രണ്ടു വീടപ്പുറത്തുള്ളോരമ്മ


രണ്ടു വീടപ്പുറത്തുള്ളോരമ്മ
ദാക്ഷായണിയമ്മ,
മരിച്ചന്നു രാവിലെ
അപ്പൂപ്പന്റെ കവിളിൽ
രണ്ടു കണ്ണീർ തുള്ളികൾ
പിടഞ്ഞിറങ്ങി


ഞാൻ നോക്കുമ്പോളവ
ചുളിവിലൊളിച്ചു
അപ്പൂപ്പനെന്നോട് ചിരിച്ചു
പിന്നെയും മുഖം മങ്ങി
കാറ്റതറിഞ്ഞു വീശി

കാലു വയ്യാഞ്ഞിട്ടുമപ്പൂപ്പൻ
കുന്നുകയറിച്ചെന്നവിടെയെത്തി
കുട്ടികൾ ഞങ്ങൾ കാണാതെ
മുഖം പൊത്തി
കണ്ണീർ പെയ്തു പെയ്ത്
വേദനപ്പുഴകളായ്‌ ചുളിവുകൾ
അതിലൂടെയന്നേരം
നഷ്ടസ്വപ്നമൊരു കരിയിലയായ്
ഒഴുകി നടന്നു

അമ്മൂമ മരിച്ചന്നു
മൌനിയായിപ്പോയ മനുഷ്യൻ
ഇന്നെന്തു പുലമ്പുന്നെന്നമ്മയു മച്ഛനും
പിറുപിറുത്തു

പല്ലില്ലാത്ത വായാൽ
പറഞ്ഞതൊന്നുമെനിക്കും
പിടികിട്ടിയില്ല

ചിതയെരിഞ്ഞു തീരവേ
അപ്പൂപ്പനെന്റെ കൈ പിടിച്ചു
കുന്നിറങ്ങുമ്പോൾ
അപ്പൂപ്പന്റെ കയ്യിൽ
ഉള്ളിലെരിച്ചുകളഞ്ഞൊരു
പ്രണയത്തിന്റെ ചിതാഭസ്മം!

No comments:

Post a Comment