ഒടിയൻ



സ്വന്തം വീട്ടിൽ നിന്നും
നാട്ടിൽ നിന്നും പുറത്താക്കിയപ്പോൾ
ഒടിമറിഞ്ഞ് എലിയായി.
ഏതെങ്കിലും ഒരു പഴുതിലുടെ
അകത്തു കടക്കാൻ ശ്രമിക്കുമ്പോൾ
എല്ലാ പഴുതും അടച്ചവർ
എന്നെക്കാളും വലിയ
ഒടിയൻമാരായി .
തോക്കുകളും വാക്കുകളുമായ്
അവർ കാട്ടിലുമെത്തി
കോടികൾ കൊണ്ടു കളിച്ചു
എല്ലാമാളങ്ങളുമടച്ചു
എലിയായിട്ടും ഒളിച്ചിരിക്കാൻ പറ്റിയില്ല
അവർ ഒടിമറിഞ്ഞ് പൂച്ചയായി
അതുകണ്ടപ്പോൾ ഞാനുയർത്തിയ
പൂർവ്വികരുടെ ചോരകൊണ്ട് നിറം കൊടുത്ത കൊടി പറന്ന് കാശിക്കു പോയി
വിപ്ലവം ഉപരിപ്ലവമായി ഒഴുകിപ്പോയി
പിന്നെ ഞാനെന്തു ചെയ്യും?;
അവരുടെ കയ്യിൽ
അവർ വീണവായിക്കുന്നതും കേട്ട്
പ്രാണവേദനപോലും മറന്ന്
അകപ്പെടലിന്റെ ആനന്ദം ആഘോഷിക്കുന്നു
എന്തൊരു മിനുസമാണ് അവരുടെ കൈകൾക്ക്!
എന്തൊന്തൊരു വെളുപ്പാണ്
അവരുടെ ഉടലിന്!
അവർ മ്യാവൂ മ്യാവൂ എന്നു കരയുന്നു
പാലു കുടിക്കുന്നു
ഞാനതു നോക്കിനിന്നു രസിക്കുന്നു!
മാവോ മാവോ എന്ന്
ഞങ്ങളവരുടെ ശബ്ദം വികലമായി
അനുകരിച്ച നാളുപോലും ഞങ്ങൾ മറന്നു
വിധേയത്വം ജീനിലൊളിപ്പിച്ച
വംശത്തിന് ഇതിൽകൂടുതൽ
എങ്ങനെ സ്വയം തിരിച്ചറിയാനാകും?
എന്നിട്ടും മാവോ മാവോ എന്നു വിളിച്ച്
എന്റെ പിന്നാലെ ആരാണ്
ഓടി വരുന്നത്?
............................................................................................................................മുനീർഅഗ്രഗാമി

No comments:

Post a Comment