ഡേ കെയർ



അമ്മയുടെ മണമില്ലാത്ത കുഞ്ഞുങ്ങൾ
ആയമാരുടെ കൈ പിടിച്ച്
രാവിലെ ഇവിടെ വരും
അവർ പരസ്പരം എന്തൊക്കെയോ
ശബ്ദം ഉണ്ടാക്കും
അവ പല പല ഭാഷകളായി
ഞാൻ പതിയെ വേർ തിരിക്കും
കളിപ്പാട്ടങ്ങളുടെ പുറത്തു കയറി
പകൽ പടിഞ്ഞാറേക്ക്‌ മുട്ടിട്ടിഴയും
ദിവസം തീരും
കുഞ്ഞുങ്ങൾ ഏതൊക്കെയോ മണങ്ങളുമായി
കൂട്ടുവാൻ വരുന്ന ആരുടെയോ കൂടെ
തിരിച്ചു പോകും
ഓരോ ദിവസവും അവർ വരും
ഏതോ വിലകൂടിയ പെർഫ്യൂമിന്റെ മണവുമായ്
അതിന്റെ രൂക്ഷതയിൽ അവർ പിടയുന്നത്
എനിക്ക് സഹിക്കില്ല
മെല്ലെ ഞാനവർക്ക് എന്റെ മണം കൊടുക്കും
എന്റെ ഭാഷ കൊടുക്കും
എന്റടുത്ത് അതേയുള്ളൂ
സ്നേഹിക്കുന്നവർക്കൊക്കെ ഞാനതു കൊടുക്കും
നിങ്ങൾ എന്നെ കുറ്റം പറയല്ലേ
അവർക്ക് അമ്മയുടെ മണ മുണ്ടായിരുന്നെങ്കിൽ
അമ്മയുടെ ഭാഷയുണ്ടായിരുന്നെങ്കിൽ
എനിക്കെങ്ങനെ അവർക്ക്
എന്റെ ഭാഷയും മണവും കൊടുക്കാൻ കഴിയും ?
എന്നെ കുറ്റം പറയല്ലേ !

© മുനീർഅഗ്രഗാമി

No comments:

Post a Comment