ആ ചൂൽ എനിക്കു തരല്ലേ

പാരമ്പര്യമായി കൈമാറുന്ന
ആ ചൂല് എനിക്കു വേണ്ട
അപ്പനപ്പൂപ്പൻമാരേ
ഞാനതു വാങ്ങിയാൽ
പൊട്ടിത്തകർന്നതെല്ലാം
അടിച്ചുവാരിക്കഴിഞ്ഞാലും
അതു കാത്തിരിക്കും
ഞാൻ വീണു ചിതറുവാൻ


അതുകൊണ്ട്
തെങ്ങോല തന്ന ഈർക്കിളുൾ
ഇഴയടുപ്പിച്ച് നിങ്ങൾ സമ്പാദിച്ച
ചൂലെനിക്കുവേണ്ട
അതടിച്ചു വാരിയ മുറ്റമെനിക്കുവേണ്ട
അതു വിശ്രമിച്ച അടുക്കളക്കോലായയും വേണ്ട


പൊട്ടിപ്പൊളിഞ്ഞതുകൊണ്ട്
ഞാനുണ്ടാക്കുന്ന
ഇൻസ്റ്റാളേഷനാണ് ജീവിതം


അതു തൂത്തുവാരിയാൽ
ഞാനുണ്ടോ
എന്റെ പുതുകലയുണ്ടോ?


ആ ചൂൽ എനിക്കു തരല്ലേ
ഇഴയടുപ്പത്തിന്റെ ശക്തി താങ്ങാൻ
എനിക്കു പറ്റില്ല

No comments:

Post a Comment