അമ്മമൊഴി

അമ്മമൊഴി
........................
കോമരമാകേണ്ടോൻ
കുവൈത്തിൽ
തിറകെട്ടിയാടേണ്ടോൻ
ഫിലാഡൽഫിയയിൽ
ഉത്സവം നടത്തേണ്ടോൻ
ഓസ്ട്രേലിയയിൽ
പൂമാലകെട്ടേണ്ടോൾ
ചൈനയിൽ മെഡിസിനു
പഠിക്കുന്നു


പട്ടിണിമാറിയ ഞാനും
പട്ടിണി മാറ്റിയ ഭഗവതിയും
ആരെയും കാണാതവശരായ്
അകത്തു കിടക്കുന്നു

തറവാട്ടമ്പലത്തിലുറുമ്പുകൾ കാവലായുലാത്തുന്നു
പക്ഷേ മെർലിനെന്നവൾ
നിത്യവും വരും
മരുന്നുതരും
നെറ്റിയിലുമ്മ തരും

ഭഗവതിക്കാവിൽ
വിളക്കുവെക്കാനവൾക്കറിയില്ല
അതറിയുന്നോൾ
കലക്ടറാവാൻ പോയി

എങ്കിലും
ഏ സിയിൽ
വെള്ളം നിറച്ച കിടക്കയിൽ കിടന്ന്
ചൂടുള്ള ഉത്സവരാവുകളുടെ
ഓർമ്മത്തെയ്യങ്ങൾ
കണ്ടു കരയവേ
എന്നും മെർളിനടുത്തിരിക്കും

എനിക്കന്നേരം
ഭഗവതി അടുത്തിരിക്കുമ്പോലെ തോന്നും
അവളമ്മേയെന്നു വിളിക്കും
എന്റെ കണ്ണു നിറഞ്ഞൊഴുകും

തൊലിയൂരിപ്പോകുന്ന വേദനയിൽ
അവളറിയാതെ
അവളെ നോക്കി വിളിച്ചു പോകും:
അമ്മേ!മഹാമായേ....
.

No comments:

Post a Comment