പെൺ മരം

 പെൺ മരം

......................
കാലപ്പകർച്ചയാൽ
ഇലയെല്ലാം വീണു
നിറയെ ചെളിയുമായ്
വന്നയാൾ
തേച്ചിട്ട് പോയി
എല്ലാ കൊമ്പുകളും
മറ്റൊരാൾ വെട്ടിത്തീർത്തു
നാട്ടുകാർ വന്ന്
തോലുരിച്ചു പോയി
വെട്ടുകളേറ്റ്
കുറ്റി മാത്രമായി
സ്വതന്ത്ര രാജ്യത്തിൽ
ധീരമായ് നിന്ന്
ഉണങ്ങാൻ പോലും
അവകാശമില്ലേ സർ ?
കുറ്റിയറ്റു പോകും മുമ്പ്
വേരുകൾ
എന്നോട് ചോദിക്കാൻ
പറഞ്ഞതാണ് .
മണ്ണിനടിയിൽ വേരുകൾ
നടക്കുമ്പോലെ
ഈ മണ്ണിൽ
ആർക്ക് നടക്കാനാവും സർ ?
സർ
സർ സർ
സാർ ...
- മുനീർ അഗ്രഗാമി

ഈ കല്യാണത്തിന് വന്നാലും ...

 ഈ കല്യാണത്തിന് വന്നാലും ...

തകർത്തുകളയണമതെന്ന്
പ്രൊഫസർ സെമിലോവ് പറഞ്ഞ
ആ ആരാധനാലയത്തിൽ
ഇപ്പോൾ ആളുകൾ
സിനിമാ ടിക്കറ്റിന് ക്യൂ നിൽക്കുന്നു
അദ്ദേഹം കണ്ണുരുട്ടി നോക്കിയ മറ്റൊന്ന്
ഇപ്പോൾ കല്യാണ മണ്ഡപമാണ്
നിങ്ങൾപൊളിച്ചടുക്കിയവയുടെ
കണക്കെടുക്കൂ
അവ ഉണ്ടായിരുന്നെങ്കിൽ
ഇതുപോലെ ആളുകൾ
ഒന്നിച്ചിരുന്ന് പുഞ്ചിരിച്ച്
ഭക്ഷണം കഴിക്കുമായിരുന്നില്ലേ ?
ആരാധനയല്ല നിങ്ങൾ തകർത്തത്
മനുഷ്യാദ്ധ്വാനമാണ്
ചെയ്തത് യുദ്ധമാണ്
അതുകൊണ്ട്
ഈ കല്യാണത്തിന് വന്നാലും
നിങ്ങൾ യുദ്ധക്കുറ്റവാളിയാണ്
ഭാവിയിൽ
വിവേചനമില്ലാതെ
എത്ര പേർക്ക് ഒന്നിച്ചിരിക്കാനുള്ള
അവസരമാണ് നിങ്ങൾ കത്തിച്ചു കളഞ്ഞത്?
ഒന്ന് മറ്റൊന്നായിത്തീരുന്ന
അത്ഭുതത്തിന്
നിങ്ങൾ വഴിയൊരുക്കിയില്ല
കലാപമോ കലഹമോ
അതിന്റെ അതാര്യതയിൽ
വഴിയടയ്ക്കാനുള്ളവ തന്നെ.
- മുനീർ അഗ്രഗാമി

മാന്തണൽ

 മാന്തണൽ

..................
നിറയെ പൂത്തുനിൽക്കും
മാഞ്ചോട്ടിലെന്നാത്മാവിൻ
പൂവുകൾ നിന്നെയോർത്തു
തെല്ലിട വിടർന്നു പോയ് !
മുമ്പൊരു മാമ്പഴക്കാലം
ഒരുമിച്ചു രുചിച്ചു,
നാം വേനൽ കടന്നതും
മഴ നീന്തിക്കേറിയതും,
ഋതുപ്പകർച്ചകളും
ഗ്രാമവും നമുക്കൊപ്പം
കരിയിലകളായെ -
ങ്ങോ പറന്നു പോയതും
ചലച്ചിത്ര രംഗമായ്
മാറി മാറിക്കടന്നു
പടർന്നു പോയ് സ്വപ്നങ്ങൾ
മനസ്സിലും മണ്ണിലും
ദീനനായേകനായീ
വെയിലേറ്റു തളർന്നു
തണൽ തേടിപ്പോകവേ
തേനീച്ചകൾ പറഞ്ഞു ,
കുതറിയോടിയിട്ടും
നിന്നെ കാണുവാനായ്
കാത്തിരിക്കുന്ന മാവിൻ
മടിയിലിരുന്നാലും
എത്തവേ വാത്സല്യത്താൽ
ചേർത്തെന്നെ പിടിക്കുമീ
മാമ്പൂവിൻ മണമമ്മ
മാന്തണലമ്മൂമ്മയും.
നീയില്ലയെങ്കിലും ഞാൻ
നിറയെപ്പൂത്തുവല്ലോ
നിൻ വരവിനു കനി -
യാവോളം രുചിക്കുവാൻ.
-മുനീർ അഗ്രഗാമി

അളവ്-മുനീർ അഗ്രഗാമി

 അളവ്

............
ഒരു രാത്രി കൊണ്ട്
മറ്റൊരു രാത്രിയെ അളക്കാനാവുമോ ?
ഉണ്ടെങ്കിൽ ഞാൻ ഒന്നിൽ നിന്ന്
രണ്ടിലേക്ക് ജയിക്കുന്ന പ്രക്രിയയാണ് പകൽ
ഇല്ലെങ്കിൽ കാട്ടുപോത്തിന്റെ
രണ്ടു കൊമ്പുകളിൽ
വന്നിരിക്കുന്ന കിളികളുടെ തൂവൽ
ഞൊറിഞ്ഞു കൊടുക്കുന്ന
ആയയാണ് ഇരുട്ട്
ചുവന്ന ചിറകടികൾക്കിടയിൽ
നടക്കുന്ന വെളുത്ത ജീവിയാണ് സൂര്യൻ
എന്നും വന്നു പോകുന്നത്
ഒരേ ഇരുട്ടല്ലെന്ന്
എനിക്ക് തോന്നിത്തുടങ്ങിയ അന്ന്
നീ എന്നെ വിട്ടു പോയിരുന്നു
ഒരിരുട്ടിന് എന്നും വന്നാലെന്താ എന്ന്
നീ തളർന്നുറങ്ങിയ
ഓർമ്മയുടെ കിടക്ക
എന്നോട് ചോദിക്കുന്നു
ഓരോ രാത്രിക്കും
ഓരോ വിരലടയാളമാണ്
നീ തിരിച്ചു വന്ന അന്ന്
എനിക്കതു മനസ്സിലായി
നിനക്ക് അതെളുപ്പം തിരിച്ചറിയാനായി
എന്റെ ഉടലിൽ ഓരോ രാവും പതിച്ച
വിരൽ മുദ്രകൾ
നീ കണ്ടു
കല്ലറയിലിരുന്ന്
ഒരു രാത്രി കൊണ്ട് മറ്റൊരു രാത്രിയെ
മരിച്ചവർ അളക്കുന്നു
അവർക്കതു ചെയ്യാം
നമ്മുടെ അളവു പാത്രത്തിൽ
നൃത്തം ചെയ്യുന്ന ഒരു രാത്രിയെ അളന്ന്
പകലിനടിയിലേക്ക് ഒഴിക്കവേ
മറ്റൊരു രാത്രി യുദ്ധം ചെയ്ത് വരും
അളവുപാത്രം തകർത്ത്
അത് മുറ്റത്തു നിൽക്കും
അതിന്റെ പുറത്ത്
നിലാവ് ഇരിക്കുന്നുണ്ടാവും
കുളമ്പടികൾ എന്റെ നെഞ്ചിലും.
-മുനീർ അഗ്രഗാമി

ചിത്രശലഭം 4.0

 ചിത്രശലഭം 4.0

............................
ആ വസന്തത്തിൽ നിന്നും
പുറത്തു കടന്നു
അവിടെ ഒരു നിറത്തിലുള്ള
പൂക്കളേയുള്ളൂ
മറ്റുള്ളവയെയെല്ലാം
തോട്ടക്കാരൻ കൊന്നുകളഞ്ഞു
ആ ഉദ്യാനത്തിൽ നിന്നും പുറത്തു കടന്നു
പുറത്ത്
ഭൂപടത്തിലെ പല നിറങ്ങൾ കണ്ടു
മഞ്ഞ
കുങ്കുമം
റോസ്
ഇളംപച്ച
ഏതു നിറത്തിൽ ചെന്നിരിക്കും?
ചിറകിൽ
എല്ലാ നിറങ്ങളുമുള്ളതിനാൽ
ആരും പ്രവേശിപ്പിച്ചില്ല
രണ്ടു നിറങ്ങൾ ചേരുന്ന ബിന്ദുവിൽ
ചെന്നിരുന്നു
കാവൽക്കാരുടെ കാഴ്ചയിൽ.
രണ്ടതിരുകൾക്കിടയിലൂടെ പറന്നു,
എല്ലാ പൂക്കളും വിടരുന്ന ഉദ്യാനം
എവിടെയെങ്കിലും ഇല്ലാതിരിക്കുമോ ?
-മുനീർ അഗ്രഗാമി

 ഇനിയും എഴുതിയിട്ടില്ലാത്ത

ഒരു കഥയിലേക്ക്
കുറച്ചു പേർ നടന്നു പോകുന്നതു കണ്ടു
ഇനിയും ഉണ്ടായിട്ടില്ലാത്ത
ഒരു വഴി അവരെ കൊണ്ടു പോകുന്നതു കണ്ടു
ആരും അവിടെ എത്തിയിട്ടില്ല
എത്ര തലമുറകൾ നടന്നിട്ടും .
-മുനീർ അഗ്രഗാമി

ഉറക്കിന്റെ കിളികൾ

 ഉറക്കിന്റെ കിളികൾ


കറുപ്പ് വിളഞ്ഞു നിൽക്കുന്ന

ഈ പാടത്ത് നിറയെ
ഉറക്കിന്റെ കിളികൾ
പുലരി അരിവാളുമായ് വന്ന്
എല്ലാം കൊയ്തെടുക്കും വരെ
അവ കൊത്തിത്തിന്നും
ഓരോ മണിയും
ക്ലോക്കിൽ എടുത്തു വെച്ച മണികൾ
എനിക്ക് നാളേക്കുള്ളതാണ്
അവ ഒന്നിനും കൊടുക്കില്ല
എന്നിൽ വന്നിരുന്ന്
ഞാനെന്ന തോന്നലിൽ
ആരാണത് പറയുന്നത് ?
ഒരു വെടിയുണ്ട
പാഞ്ഞു വരുന്നതിനെ
പേടിക്കുന്ന സ്വപ്നത്തിന്റെ കണ്ണ്;
അതേ
അതിന്
വായുണ്ട്
വാക്കും .
-മുനീർ അഗ്രഗാമി

ആനന്ദത്തിന്റെ നിറം

ആനന്ദത്തിന്റെ നിറം
...................................
എന്റെ ആഹ്ലാദത്തിന്റെ നിറം പച്ച.
സമാധാനത്തിന്റെ നിറം തേൻകുരുവി,
പൂക്കളുടെ നിറം നോക്കാതെ
വരുന്നതിനാൽ .
ചുവപ്പെന്നോടു ചോദിച്ചു
ഞാൻ നിന്റെ രാഗമല്ലേ
സമാധാനമല്ലേ ?
അഹിംസയുടെ നെഞ്ചിലെ
ഉണങ്ങാത്ത മുറിവിൽ നിന്നും
ചുവപ്പിന്റെ ചുണ്ടുകൾ വിറച്ചു.
വെള്ളയുമെന്നോടു ചോദിച്ചു
നിന്റെയുള്ളിൽ ഞാനില്ലേ
ഞാൻ നിന്റെ ആനന്ദമല്ലേ ?
പുറത്തു നിറയെ വെളുപ്പായിരുന്നു
മഞ്ഞുകാലമായിരുന്നു
നായകൾ വലിക്കുന്ന വണ്ടിയിൽ
രാജാവ് വേട്ടയ്ക്ക്
വരുന്ന സമയമായിരുന്നു
എന്റെ ആഹ്ലാദത്തിന്റെ നിറം പച്ച
ഈ മഞ്ഞിലതില്ല
ഈ മുറിവിലതില്ല
മൂവന്തിയിലില്ല
പാതിരയുടെ കൺപീലിയിലില്ല
ഒരു ചെടി നടണം
ലിഫ്റ്റിൽ താഴേക്ക് പറന്ന്.
തേൻ കുരുവിയെ കാത്തിരിക്കണം
മണ്ണിൽ കാൽ വെച്ച് .
കാലുകളിൽ ആനന്ദത്തിന്റെ നിറം
പുരണ്ട് .
- മുനീർ അഗ്രഗാമി

 പാറിയെത്തുന്നു പാതിര

നിലവിടും പ്രവാഹത്തിൽ
ഇല പോലൊഴുകുവാനെൻ
നീറിയൊഴുകും നദിയിൽ.
- മുനീർ അഗ്രഗാമി

ജന്മദിനം

 ജന്മദിനം

.................
ഉച്ചയ്ക്ക് 2.15 ന്
എന്റെ ജന്മദിനത്തിലെ
അതിഥിയായി ഉറക്കം വന്നു.
സോഫാ സെറ്റിയിൽ ഇരുന്നു
ഊണുകഴിഞ്ഞ് ഇരിക്കുക്കുന്നവരോട്
പലതും സംസാരിച്ച്
രണ്ടുപേരെ
ഉച്ചവെയിലിലേക്ക് ഇറക്കിവിട്ടു.
നാലുപേർക്കൊപ്പം
മുകളിലെ മുറി വരെ നടന്നു
കേരംബോർഡ് കളിക്കാനറിയാത്തതിനാൽ
തിരിച്ചു വന്ന്
എന്റടുത്തിരുന്നു
അത്രമേൽ പ്രിയപ്പെട്ടൊരാൾ വരാനുണ്ടെന്ന്
ഞാൻ പറഞ്ഞില്ലേ,
അതിയാളാണെന്ന്
എല്ലാവരോടും വിളിച്ചു പറയാൻ തോന്നി
പക്ഷേ പറഞ്ഞില്ല
ഒപ്പമിരുന്ന് പായസം കുടിച്ചു.
കുറച്ചു കൂടി കുടിച്ചു
കുറച്ചു കൂടി
കുറച്ചു കൂടി കുടിച്ചു
കൺപീലികളിൽ ഉമ്മ തന്നു
ഇത്രമേൽ സ്നേഹത്തോടെ
എന്നെ ഉമ്മ വെയ്ക്കാൻ മറ്റാരുമില്ലല്ലോ
എന്നോർത്തു
കണ്ണു നിറയുമ്പോലെ തോന്നി
അമ്മയെ ഓർത്തു
അച്ഛനെ ഓർത്തു
ഇങ്ങനെസെന്റിയാവല്ലേ എന്നു പറഞ്ഞ്
അതല്പം മാറിയിരുന്നു
ഞാൻ കരഞ്ഞു
അപ്പോൾ അടുത്തുവന്ന്
കണ്ണു തുടച്ചു തന്നു.
മരണം കെട്ടിയ ഊഞ്ഞാലിലിരുന്ന്
അച്ഛനുമമ്മയും ജന്മദിനാശംസകൾ പറഞ്ഞ്
തമ്മിൽ നോക്കി
പുഞ്ചിരിക്കുന്നതു കണ്ടു
എനിക്ക് വീണ്ടും കരച്ചിൽ വന്നു
കണ്ണു തുറക്കാൻ സമ്മതിക്കാതെ
അതെന്റെ കണ്ണിൽ ചുണ്ടു ചേർത്തു പിടിച്ചു
അമ്മ നെറ്റിയിൽ തൊട്ടു
നീ പായസം കടയിൽ നിന്നും
വാങ്ങേണ്ടി വന്നല്ലോ എന്ന്
സങ്കടപ്പെട്ടു.
കയ്യിൽ ഒരു പൊതിയുമായ് നിന്ന്
അച്ഛൻ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു
എന്നെപ്പോലെത്തന്നെ
ഇത്തിരി തടി കൂടി എന്നു പറഞ്ഞ്
മറഞ്ഞു പോയി
അച്ഛന്റെ അസാന്നിദ്ധ്യത്തിൽ
ചുറ്റുമുള്ളതെല്ലാം മങ്ങി
ഗതി കിട്ടാതെ നിൽക്കുമ്പോൾ
നിനക്ക് ഞാനുണ്ടെന്ന് പറഞ്ഞ്
അതെന്നെ ചേർത്തു പിടിച്ച്
സോഫയിലിരുന്നു
എത്ര നേരമെന്നറിയില്ല
സമയം നോക്കാൻ
ഞങ്ങൾ രണ്ടു പേർക്കും
തോന്നിയില്ല
- മുനീർ അഗ്രഗാമി

മരുഭൂമിയിലെ പക്ഷികൾ

 മരുഭൂമിയിലെ പക്ഷികൾ

.............................................
മരുഭൂമിയിലെ പക്ഷികൾ
നദികളുടെ നാട്ടിലേക്ക്
മരുഭൂമിയുടെ വിത്തുകൾ
കൊത്തിക്കൊണ്ടു വരുന്നു
നഗരത്തിലെ ഏറ്റവും ഉയർന്ന
കൽമരത്തിന്റെ കൊമ്പിൽ
ഏറ്റവും തണുത്ത ശിഖരത്തിലിരുന്ന്
ചില്ലുജാലകത്തിലൂടെ
എന്റെ നായ
അവ പറക്കുന്നത് കാണുന്നു
വെന്തു കിടക്കുന്ന നഗരത്തിന്റെ മണം
ഉയർന്നു പോകുന്ന വഴിയിൽ
അവ അൽപ നേരം വട്ടമിടുന്നു
വിമാനങ്ങൾ
അദൃശ്യമായ ചിലന്തിവലയുടെ
നാരുകളിലൂടെ
മരുഭൂമിയിലേക്ക് പറക്കുന്നു
എന്റെ നായ പക്ഷികളെ പിടിക്കാനോടുന്നു
വെയിലതിനെ റാഞ്ചുന്നു
മരുഭൂമിയിലെ പക്ഷികൾ
എന്റെ നദീതടത്തിൽ ഇരിക്കുന്നു
സമയ ബോധമില്ലാതെ
അവ ചിറകൊതിക്കിയിരിക്കുന്നതു കാണാൻ
എന്റെ ഒഴുക്കവിടെയില്ല
ഒഴുക്കെങ്ങോട്ടാണ് പറന്നു പോയത് ?
ദേശാടനപ്പക്ഷികളെ പോലെ
ഒഴുക്ക് തിരിച്ചു വരുമോ ?
മരുഭൂമിയിലെ പക്ഷികളുടെ
എണ്ണം കൂടുന്ന സമയത്തിന്റെ വിരലുകൾ
വിത്തുകൾ വിതച്ചു കൊണ്ടിരുന്നു
അസ്വസ്ഥമായ ഒരു പകൽ
കറുത്ത നലവിളി പുതച്ച്
പെട്ടെന്ന്
രാത്രിയായിത്തീർന്നു.
എന്റെ നായ തിരിച്ചു വന്നില്ല
കറണ്ടും വന്നില്ല
- മുനീർ അഗ്രഗാമി

ഒരു വഴിയിലൂടെ നടന്നു

 ഒരു വഴിയിലൂടെ നടന്നു

ഒരു വഴിയിലൂടെ നടന്നു

അതുവരെ നടന്നു തീർത്ത വഴികൾ
എന്റെ ഉള്ളിലൂടെയും നടന്നു
ഞാനെത്തിയില്ലെങ്കിലും
അവ നിന്നിലെത്താതിരിക്കില്ല
ഇക്കാലമത്രയും
നിന്നിലേക്ക് നടന്ന
എന്റെ ചുവടുകളുമായ്.
- മുനീർ അഗ്രഗാമി

ആരുടെ ശ്വാസമാണ് ഞാൻ ?

 ആരുടെ ശ്വാസമാണ് ഞാൻ ?

...................................................
ആരോ എന്നെ ശ്വസിക്കുന്നുണ്ട്
ആരുടേയോ സിരകളിൽ
ഞാൻ ജീവവായുവായി
തുടിക്കുന്നുണ്ട്
ഇന്നലെ രാത്രിയിൽ തൊട്ടടുത്തിരുന്ന്
കനത്ത ഒരിരുട്ട്
എന്നോട് അക്കാര്യം
രഹസ്യമായിപ്പറഞ്ഞു
അയാളിലെത്തേണ്ട യാത്രകൾ
സമയം എന്നിലൂടെ നടത്തുന്നത്
ഞാനന്നേരം തിരിച്ചറിഞ്ഞു
ഓരോ നിമിഷവും
ഓരോ ചുവടുകളാണ്
അവനവനെ കണ്ടു പിടിക്കാൻ
ഓരോരുത്തരും
നടന്ന വഴികളിൽ
അതിന്റെ പാടുകളുണ്ട്
ആ പാടുകളിൽ കാലത്തിന്റെ ചിത്രം
അമൂർത്തമായി
പ്രദർശിപ്പിക്കുന്നു
അയാളിലെത്തിച്ചേരുമ്പോൾ
എന്റെ ഉടലിൽ നിന്നും
അയാളതു വായിക്കും
ഞാൻ ആദ്യ ചുവടുവെച്ച
ഞാവലിന്റെ തണൽ
കാണാതായ ദിവസം
വിറകുകൾ ഉണങ്ങാനിട്ട പറമ്പിൽ
ഞാനെന്നെ തിരഞ്ഞു നടന്നത്
അയാൾക്ക് വേഗം മനസ്സിലാവും
കുറെ കിളികൾ
അവരെത്തന്നെ തിരഞ്ഞു പറന്നു വന്നത്
ഉറുമ്പുകൾ ഇഴഞ്ഞു വന്നത്
ഞങ്ങൾ മാത്രമറിയുന്ന
ഒരു പകലിന്റെ ബിനാലെ
അയാൾ എന്നിൽ കാണും
ഞാനാരുടെ നിശ്വാസമാണെന്ന്
അയാളോടു ചോദിക്കും
അയാൾ ഉത്തരം പറയുമെങ്കിൽ
അയാളുടെ ഉത്തരത്തിലാണ്
പിന്നെ ഞാൻ ജീവിക്കുക
എന്നേക്കും.
-മുനീർ അഗ്രഗാമി

 മറ്റൊരു ദേശത്ത്

ഒരു നദിയുടെ തടവറയിൽ
അതിനെ
രക്ഷിക്കാനധികാരമില്ലാതെ
വെറും മനുഷ്യനായി,
കാറ്റുപറയുന്നത് കേൾക്കുന്നു

അഭിനയിക്കുന്ന കുട്ടികൾ - മുനീർ അഗ്രഗാമി

 അഭിനയിക്കുന്ന കുട്ടികൾ


അഭിനയിക്കുന്ന കുറേ കുട്ടികൾ

ഇല്ലാത്ത ഒരു ജീവിതം
ഉണ്ടെന്ന തോന്നൽ
പണിതുയർത്തുന്നു
അല്ല
അവർ
ഉണ്ടായിരുന്ന ഒരു ജീവിതം
ഇപ്പോഴില്ലെന്ന യാഥാർത്ഥ്യം
തകർത്തു കാണിക്കുന്നു.
നടക്കുന്ന ഒരാളെ പോലെ
കിടക്കുന്ന ഒരാളെ പോലെ
മരിക്കുന്ന ഒരാളെ പോലെ
അവർ പെരുമാറുന്നു
അവർ ഒരു കഥയിലാണ്
കളിക്കുന്നത്
അല്ല
കഥ അവരിലാണ്
ജീവിക്കുന്നത്
അവരൊന്നും ഇപ്പോൾ അവരല്ല
അവർ അവരിൽ നിന്നും ഖനനം ചെയ്തെടുത്തവ കൊണ്ട്
മറ്റൊരാളെ ഉണ്ടാക്കുന്നു
അഭിനയിക്കാനറിയാത്ത
ഒരു കുട്ടി അങ്ങോട്ടു നടന്നു വരുന്നു
അവന്റെ നടത്തവും
ഭാവവും അവർ സ്വന്തമാക്കുന്നു
അവൻ അവനെ കണ്ടു ഞെട്ടുന്നു
അവൻ തിരിച്ചു പോകുന്നു
അഭിനയിക്കുന്ന കുറെ കുട്ടികൾ
മറ്റാരോ ആയി ജീവിക്കുന്നു.
രക്ഷിതാക്കളുടെ ലോകം
അവസാനിച്ചു
- മുനീർ അഗ്രഗാമി

പത്തു വർഷങ്ങൾ

 പത്തു വർഷങ്ങൾ

ഒരാളിൽ ചെയ്ത കൊത്തുപണി

അയാളെ ശില്പമാക്കുമോ ?
ചോദിച്ചേൻ
അവളഹല്യയായ്
അകത്തിരിക്കവേ
കാലുകൊണ്ടവളെ
തൊട്ടുണർത്തുവാൻ വയ്യ
പീഡനമാകയാൽ
ഉളിയാകുവാനും വയ്യ
സമയമാകാത്തതിനാൽ
ഉയിരാ കുവാനും വയ്യ
അവൾ ജഡമല്ലാത്തതിനാൽ

Like
Comment
Share

രണ്ടു പേർ പോകുന്ന വണ്ടിയിൽ നിന്നും

 രണ്ടു പേർ പോകുന്ന വണ്ടിയിൽ നിന്നും

രണ്ടു പേരേയും
രണ്ടു കാര്യങ്ങൾ
വിളിച്ചിറക്കിക്കൊണ്ടു പോയാൽ
വണ്ടിയെന്തു ചെയ്യും
ദൈവമേ!
പ്രണയത്തിൽ നിന്നിറങ്ങിപ്പോയ
രണ്ടു പേരെ
നോക്കുമ്പോലെ പോലെ
നിസ്വനായ് നോക്കി നിൽക്കുമോ?
ഉള്ളിലായിരുന്നവർ
തമ്മിലറിയാതിരുന്നതിന്റെ
കാരണങ്ങൾ
ചികഞ്ഞ്
വീണ്ടും മുന്നോട്ടു പോകുമോ ?
രണ്ടും പേരും
തിരിച്ചും കയറും വരെ
അത് കാത്തിരിക്കുമോ ?
ഒരേ സീറ്റിൽ
അവരുടെ
അസാന്നിദ്ധ്യവുമായ്
അതിന് തുടരാനാവുമോ ?
അതെന്തു ചെയ്യും
ദൈവമേ?
-മുനീർ അഗ്രഗാമി