കടലിനോടൊരു മിണ്ടൽ - മുനീർ അഗ്രഗാമി

 കടലിനോടൊരു മിണ്ടൽ

...........................................
ജീവിച്ചിരിക്കുന്ന ഒരു കടൽ
ഇന്നെന്റെ അടുത്തു വന്നു
തിരകളിൽ ആകെ നനഞ്ഞു
എന്തിനാണ് ഇങ്ങനെ
ഇളകി മറിയുന്നതെന്ന് ചോദിച്ചു.
അന്നേരം
പിടിച്ചു നിന്നില്ലെങ്കിൽ
ഒഴുകിപ്പോകുന്ന
ഒരു തിരയുണ്ടായി
സുനാമി പോലെ
വെളിച്ചം മങ്ങി
ജലത്തിന്റെ നിറം മാറി
എനിക്ക് സങ്കടം തോന്നി
ഞാൻ നെറ്റിയിൽ
ഒരുമ്മ കൊടുത്തു
അവസാനത്തെ ശ്വാസവുമായി
ആ കടൽ
ഒന്നും മിണ്ടാതെ
തല താഴ്ത്തി തിരിച്ചുപോയി
എനിക്ക്
ആ മണൽത്തരികളിൽ
തളർന്ന്
ഇരിക്കാനേ കഴിഞ്ഞുള്ളൂ
ഇപ്പോഴും കണ്ണിലിരുന്ന്
ആ തിരകളിൽ നിന്നും തെറിച്ച
ഒരു തുള്ളി
എന്നെ ചേർത്തു പിടിക്കുന്നതിനാൽ .
- മുനീർ അഗ്രഗാമി
Shukkoor Mampad, Ajith Kumar R and 20 others

പ്രസവവാർഡ്

 പ്രസവവാർഡ്

..........................
മറ്റൊരു ഗോളത്തിൽ
ജീവനുണ്ടെങ്കിൽ
അത് കുഞ്ഞുങ്ങളുടെ
കണ്ണുകളിലാണ്
ഏറ്റവും പുതിയ വെളിച്ചം
മറ്റൊരു സൂര്യന്റേതായി
അവയിൽ നിന്നും
എന്നെ നോക്കുന്നു
ഞാനെന്റെ പര്യവേഷണം
അവസാനിപ്പിച്ച്
ഒരു താഴ്വര പോലെ
അവളെ നോക്കിക്കിടക്കുന്നു
അവനെ നോക്കിയിരിക്കുന്നു
കവിളിൽ ആ കറുത്ത പൊട്ട്
വേണ്ടായിരുന്നു
ഭൂമിയിലെ
എല്ലാ ഇരുട്ടും അതിലുണ്ട്
കുഞ്ഞുങ്ങളുടെ കണ്ണിലേക്ക്
നോക്കുമ്പോൾ
ഞാൻ അവരുടെ ലോകത്തിലെ
ഒരു ജീവിയാണ്
പഞ്ഞിരോമമുള്ള
പൂച്ചക്കുഞ്ഞിനെയെന്ന പോലെ
അവർ എന്നോട് ചിരിക്കുന്നു
സത്യമായും
ഇപ്പോൾ ഞാൻ
മാലാഖയാണ്.
- മുനീർ അഗ്രഗാമി

സമാധിയായ രണ്ടു പേർ സംസാരിക്കുന്നു -- മുനീർ അഗ്രഗാമി

 സമാധിയായ രണ്ടു പേർ സംസാരിക്കുന്നു

......................................................................
ദൂരത്തെ തകർത്ത ചുവടുകൾ
ചരിത്രമായ നിമിഷത്തിൽ
നാം തൊട്ടടുത്ത് നിന്നു
അവസാനത്തെ അദ്ധ്യായത്തിനു മുമ്പ്
വർണ്ണം
വർഗ്ഗം
ഭാഷ
ജാതി എന്നിവ
എഴുതിത്തീർത്തു
അവസാനത്തെ അദ്ധ്യായത്തിൽ
സന്തോഷത്തിലിരുന്ന്
സമാധിയായി
നാം നിന്നസ്ഥലമല്ലാതെ
മറ്റെവിടെയുമല്ല
വിശുദ്ധം
അവിടെ പുതിയവരാരും എത്തുന്നില്ല
ചരിത്ര പുസ്തകം തുറക്കുന്നില്ല
മറിച്ച്
നാം നടന്ന വഴി പിന്നിലേക്ക് നടന്ന്
ഖനനം നടത്തുന്നു
നോക്കൂ
തകർത്ത ദൂരത്തിന്റെ
കഷണങ്ങളുമായ്
അവർ വരുന്നു
ഫോസിലുകൾ ചേർത്ത്
ദൂരത്തെ അവർ
പുനർപ്രതിഷ്ഠിക്കുകയാണ്
അവർക്ക് ചുവടുകളില്ല
ചലനങ്ങൾ മാത്രം.
- മുനീർ അഗ്രഗാമി

മരം നടുന്നവർ

 മരം നടുന്നവർ

...........................
ഞാൻ പോകാത്ത ഒരിടത്ത്
എല്ലാവരും എന്നെ കാത്തിരിക്കുന്നു
അവരിൽ ഞാൻ നേരത്തെ
എത്തിയതിനാൽ
ആ സ്ഥലം എന്നെ ഇന്നോളം
വിളിച്ചിട്ടില്ല
നിശ്ശബ്ദമായൊാരു
നോട്ടം കൊണ്ടു പോലും
എത്തേണ്ട ഇടം ഏതെന്ന്
ഇപ്പോഴും തീർച്ചയില്ലാത്ത
ഒരാളായി ചിലപ്പോൾ
തിരയിൽ ചെന്നിരിക്കും
ചിലപ്പോൾ കോടമഞ്ഞിന്റെ തൊട്ടിലിൽ
ഇത്തിരി നേരം മണൽത്തരിയുടെ
ചുടു വാടയിൽ
ചിലപ്പോൾ മഞ്ഞുകട്ടയുടെ അതിരിൽ .
ഞാൻ എത്തിച്ചേരുമെന്ന്
അവർ കരുതുന്ന
ആ ഇടത്തിൽ
അവർ ഒരു മരം നടന്നു.
അതിന് എന്റെ പേരിടുന്നു
അവർ പോയിക്കഴിഞ്ഞാലും
ആ മരം അവിടെ നിൽക്കും
എന്നെ കാത്തു നിൽക്കുന്ന
ഞാനെന്ന പോലെ.
- മുനീർ അഗ്രഗാമി
V V Jose Kallada, Shukkoor Mampad and 31 others
8 comments
Like
Comment
Share

 ആ തീരം ഇന്നില്ല

അതെവിടെപ്പോയ് ?
കാണാതായത്
ഒരു സായന്തനത്തിൽ
നാം പ്രണയം വരച്ചു ചേർത്ത
ചിത്രം
അന്നത്തെ ആനന്ദത്തിൽ
കാലിടിയിൽ നിന്ന്
മണ്ണ് ആരോ മാന്തുന്നത്
നാമറിഞ്ഞില്ല എന്നത്
ഇന്നാരോടു പറയും?
അന്ന് നാം സംസാരിച്ച ഒരു തിര
ഇന്ന് നമ്മെ തിരഞ്ഞിവിടെ വന്നാൽ
നാമെന്തു ചെയ്യും ?
നിൽക്കാൻ തീരമില്ലാത്ത
ഒരു പ്രതിസന്ധിയിൽ.
കരകാണാത്ത ഒരാധിയിൽ.
ആ തീരം
മുങ്ങി മരിച്ചു പോയ ഒരാളെ പോലെ
ജലത്തിൽ ഇപ്പോഴും ഇളകുന്നുണ്ടാകുമോ ?
മണ്ണിലും മണലിലും
നിൽക്കാത്ത ഒരാൾ
ആ ഇളക്കമെങ്ങനെ കാണും ?
- മുനീർ അഗ്രഗാമി
Shukkoor Mampad, Dhanya Liji and 16 others

കരണ്ടു തീർത്ത കര
എലി അന്വേഷിച്ചു പോകുന്നു
കടലിൽ മുങ്ങിച്ചത്തതിൽ പിന്നെ .

അമ്മ പോകുമ്പോൾ

 അമ്മ പോകുമ്പോൾ

...................................
സങ്കടം മറ്റൊരു വൻകരയാണ്
അമ്മ പോകുമ്പോൾ
തിരയടിക്കുന്ന കടലിൽ.
എന്റെ പായ്ക്കപ്പലിനെ
എല്ലാ കാറ്റും അവിടെ എത്തിക്കുന്നു
ഉടലില്ലാല്ലാത്തവരാണ്
അവിടെ ജീവിക്കുന്നത്
എന്റെ യാനം അമ്മയിലെത്തുമ്പോൾ
എന്റെ ഉടൽ
മറ്റെവിടെയോ ആണ്
ഉടലുപേക്ഷിച്ചു പോയപ്പോൾ
അമ്മ ബാക്കിയാക്കിയ
ഒരിടമാണത്
അതെവിടെയാണെന്ന്
എന്നോടു ചോദിക്കരുതേ
ഞാനവിടെയാണെങ്കിലും
ഹിമപാതങ്ങളിൽ നിന്നും
വീണ്ടും
അമ്മയുടെ അവസാന സ്പർശത്തിന്റെ
തണുപ്പ്
എന്റെ ചുഴികളിൽ
താഴേക്കിറങ്ങുന്നു
അമ്മ
പുലരിത്തണുപ്പിൽ
മറന്നു വെച്ച ഒരു തേങ്ങൽ
മുറ്റത്ത് നിൽക്കുന്നു
കയ്യിൽ ചൂലുമായ്
എന്തോ ഓർത്ത്
എനിക്കൊപ്പം കഴിഞ്ഞ ദിനങ്ങളിൽ
ഉടുക്കാൻ പറ്റാത്ത
ഒരു മഞ്ഞുകാലം ഉടുത്ത്
വെള്ളയിൽ പച്ചപ്പുള്ളികളുള്ള
സാരിയുടുത്തു വരുമ്പോലെ
അടുത്തേക്കു വരുന്നു
നെറ്റിയിൽ വിരലുകൾ വെക്കുന്നു
എൻ കുഞ്ഞൊറ്റയായോ എന്നു
ചോദിക്കുന്നു
കടലിളകുന്നു
കരകാണാതെ കടലിളകുന്നു
ഇളകുന്നു
സങ്കടം
അമ്മ പോകുമ്പോൾ
അമ്മ എനിക്കു തന്ന വൻകരയാണ്
മറ്റൊന്നും തരാനില്ലാത്തതിനാൽ
മറ്റാർക്കും
ഒന്നും കൊടുക്കാനില്ലാത്തതിനാൽ .
- മുനീർ അഗ്രഗാമി

 തണുത്ത കൊമ്പുമായി

എഴുന്നള്ളിയെത്തുന്നൂ
മഞ്ഞുത്സവത്തിനായെൻ
മുറ്റത്തൊറ്റയാൻ രാവ്!
-മുനീർ അഗ്രഗാമി

ഋതുവാകൽ ....................

 ഋതുവാകൽ

....................
ഇലപൊഴിക്കുന്നത്
മരങ്ങൾ
മാത്രമല്ല
മനുഷ്യരും നദികളും
ദേശങ്ങളും
അങ്ങനെ ചെയ്യാറുണ്ട്
ചിലപ്പോൾ
തണുത്ത് മരവിച്ച്
നിൽക്കുന്നതിന്റെ
തൊട്ടുമുമ്പ്
ചിലപ്പോൾ
വേനൽ വരുമെന്ന്
അറിയിപ്പ് കിട്ടിയ പോലെ
പൊടുന്നനെ
ചിലപ്പോൾ
അത്രയും പ്രിയപ്പെട്ടൊരാൾ
ചൂടാകുമ്പോൾ
ഇലകൾ കത്തിപ്പോകുമെന്ന്
ഭയന്ന്
ചിലപ്പോൾ
വന്നവരൊക്കെ
പിരിഞ്ഞു പോകുന്ന സന്ധ്യയിൽ
അവരെ നോക്കി നോക്കി നിന്ന് .
ഇലപൊഴിഞ്ഞ നദിയിൽ
മണൽ ശിഖരങ്ങളിലൊന്നിൽ
ഒരു കിളിയെ പോലെ
ഞാനിരുന്നു
ഇലകൾ പോലെ
തൂവലുകൾ
കൊഴിഞ്ഞു കൊഴിഞ്ഞു പോയി
മരവും
നദിയും
ഞാനും
ഒരേ പോലെ
നഗ്നരാകുവാൻ ശ്രമിക്കെ
സമ്മതിക്കാതെ
മഞ്ഞു പെയ്തു
നിറയെ വെളുത്ത
ഇലകളുള്ള മഹാവൃക്ഷമാണ്
മഞ്ഞുകാലം.
മരം കുത്തനെ നിൽക്കുന്ന
അതിന്റെ കൊമ്പ്.
നദി വിലങ്ങനെ നീളുന്ന
ഒരു ശിഖ.
ഞാൻ ഇളകുന്ന
കുഞ്ഞു കവരം
തളിരിലകൾ വിരിഞ്ഞു കൊണ്ടിരുന്നു
ഇലകളില്ലാതെ
ഒറ്റയാണെങ്കിൽ
ഞങ്ങളോടു ചേരുക
ഒരുമിച്ച്
ഋതുവാവാനുള്ള
അവസരമാണ്.
പാഴാക്കാതെ !
-മുനീർ അഗ്രഗാമി

മറവി

 മറവി

.......
മറവി രണ്ടു കൊക്കുകളാണ്
ഞാനോ
ഓർമ്മയുടെ തടാകത്തിലെ ആമയും.
പെയ്ത കാലങ്ങൾ വറ്റുന്ന നട്ടുച്ചയ്ക്ക്
രണ്ടു കൊക്കുകൾ തേടി വന്നു
നിറയെ ഓർമ്മകൾ പെയ്യുന്ന
മറ്റൊരു തടാകത്തിന്റെ
ചിത്രം കാണിച്ച്
എന്നെയും കൊണ്ടു പറന്നു.
അന്നാണ് നിന്റെ ജന്മദിനം
ഞാൻ മറന്നു പോയത്
ഇനിയും ജനിക്കാത്ത രണ്ടു പൂമ്പാറ്റകളാണ്
നാമെന്ന് വെറുതെ
ഓർത്തതിന്റെ പിറ്റേന്ന്
ഇനിയും മരിക്കാത്ത രണ്ടു പൂവുകളാണ്
നാമെന്ന്
മറക്കാതിക്കാൻ
പൂക്കാലം തേടിപ്പോവാനിരുന്ന ദിവസത്തിന്
തൊട്ടുമുമ്പ്
മറവിയുടെ ചിറകുകൾ ഉയർന്നു
ആകാശവും ഭൂമിയും
മറവിയുടേതെന്ന പോലെ
കിടന്നു
പഴങ്കഥയുടെ രണ്ടറ്റത്തും
കൊറ്റികൾ കടിച്ചു പിടിച്ചിരുന്നു
നടുക്ക് ഞാനും കടിച്ചു പിടിച്ചിരുന്നു
നിന്റെ ഓളങ്ങളിലേക്കുള്ള
പറക്കലാണ്
ഈ മറവി ചതിക്കുമോ
എന്നറിയാതെ.
വർത്തമാനകാലം
നീ എന്നെയോർത്തു പെയ്ത് നിറയുന്ന
തടാകമാണ്
ഞാൻ മറവി എടുത്തു പറക്കുന്ന
ആമയും
അതു കൊണ്ട്
ഞാനോ നീയോ ഇതുവരെ ജനിച്ചിട്ടില്ല
അതുകൊണ്ട്
ഓരോ കണ്ടുമുട്ടലും ഓരോ ജന്മദിനം.
-മുനീർ അഗ്രഗാമി

അതേ ഞെട്ടിൽ

അതേ ഞെട്ടിൽ

സങ്കടങ്ങൾ പുതച്ച്
ഉറങ്ങുന്നവളുടെ സ്വപ്നത്തിൽ
ഇന്ന് കയറിച്ചെല്ലണം
ലഹരിയുടെ തീ
കരിച്ചു കളഞ്ഞ ചിറകുകൾ വിടർത്തി
ഒന്നുകൂടി പുഷ്പിക്കണം
വീണു പോയെന്ന്
അവൾ കരുതിയ
അതേ ഞെട്ടിൽ .
ഉണരുമ്പോൾ
വസന്തമായിത്തീരുന്ന
അവളെ
ഇറങ്ങിപ്പോരുമ്പോൾ
കാണാൻ സാധിക്കില്ലെങ്കിലും
സ്വപ്നമുണ്ടല്ലോ
അസ്വസ്ഥമായവന്
അഭയമായ്
എന്ന് സമാധാനിച്ച് കിടക്കണം
എല്ലാ വാതിലുകളും
തുറന്നിട്ട് .

- മുനീർ അഗ്രഗാമി 

പാറക്കല്ലു പറഞ്ഞു പാടൂ

 പാറക്കല്ലു പറഞ്ഞു

പാടൂ
'......,.,........
ഇന്ന് രാവിലെ
ഞാൻ വീണ്ടും കുട്ടിയായി
പണ്ടു പഠിച്ച ഒരു കവിത
മടിപിടിച്ചു കിടന്ന
എന്നെ വിളിച്ചുണർത്തി
കെപിടിച്ചു
സ്കൂളിലേക്ക് നടന്നു
പാടം കടന്നു
നീലാകാശത്തിന്റെ
പീലികൾ വീണ്ടും കണ്ടു
വഴി മറന്ന് വയലിൽ
പുതിയതായി പൊങ്ങിയ
ഫ്ലാറ്റിനു മുമ്പിൽ തരിച്ചു നിന്നു പോയി
വാ കുരുവീ വരു കുരുവീ
എന്നു വിളിച്ച
കുരുവികൾ വന്നു
വഴി പറഞ്ഞു തന്നു
ചെന്നു നോക്കുമ്പോൾ
പഴയ സ്കൂളില്ല
അരമതിലിന്റെ
എളിയിലിരുന്നത് ഓർത്തു
പൂട്ടിക്കിടക്കുന്ന കഞ്ഞിപ്പുര കണ്ടു
നെല്ലിമരവും
ചാമ്പ മരവും കണ്ടില്ല
നിറയെ കട്ട പാകിയ മുറ്റത്ത്
മറ്റൊരു ലോകത്തെന്ന പോലെ നിന്നു
മതിലിനരികിൽ കണ്ട
ഉരുണ്ട പാറക്കല്ല് മാത്രം ചിരിച്ചു
പരിചയത്തോടെ ചോദിച്ചു
ഓർമ്മയുണ്ടോ ?
അതിനെ തൊട്ടു നിന്നു
എന്റെ വിരൽപ്പാടതിന്റെ
ഹൃദയത്തിൽ കണ്ടു
ഞാനും പാട്ടും
അതിന്റെ മടിയിലിരുന്നു
ഒരിക്കൽ വിയർത്തു വീണ
ഡ്രില്ലിന്റെ പിരീട്
വെറുതെ നിവർത്തി നോക്കി
ഒരപ്പൂപ്പൻ താടി പറന്നു വന്നു
പറന്നു പോയ ഒരു കാലത്തിന്റെ തൂവലാണത്
ഞങ്ങൾ രണ്ടു പേരുമതു നോക്കി നിന്നു
പാറക്കല്ലു പറഞ്ഞു
പാടൂ ,
പാടൂ
പഴയ ഓർമ്മകൾ പാടൂ
അവരെന്നെ പൊട്ടിച്ച്
പുതിയ പ്ലസ് ടു ബ്ലോക്കിന്റെ
സിമന്റിനുള്ളിൽ ഒളിപ്പിക്കും മുമ്പ്.
- മുനീർ അഗ്രഗാമി