ഭ്രാന്തൻ

ഭ്രാന്തൻ
................
രണ്ടായിരത്തി പതിനെട്ടാം നമ്പർ
ഫ്ലാറ്റിൽ നിന്നും
ഞാൻ അഴിച്ചെറിഞ്ഞ
ബർമുഡയാണ് നഗരം
എംജി റോഡിൽ
പ്രകാശവലയത്തിൽ
അത് കിടക്കുന്നു
അല്ല ,നിൽക്കുന്നു
അല്ല ,പിടയ്ക്കുന്നു.
രാത്രിയും പകലും
അനുഭവിക്കാനാവാതെ
അതൊരു ഭ്രാന്തനെ പോലെ
കാറുകൾ പോകുന്നത്
തലതിരിച്ചു നോക്കുന്നു
പാതിര പനിച്ചു കിടക്കുന്ന
കുംഭത്തിൽ
വെള്ളം വെള്ളമെന്നു കരഞ്ഞ്
ഞാനിറങ്ങിയോടുന്നു
ബംഗാളിലേക്കുള്ള വഴി മറന്ന്
നഗര വെളിച്ചം കടന്ന്
നാട്ടു വെളിച്ചത്തിൽ ചെന്നു നിൽക്കുന്നു
എനിക്കൊരു വയലു തരൂ
ഞാനൊന്നു തളിർക്കട്ടെ
വരമ്പിലൂടെ നടക്കട്ടെ
ധാന്യങ്ങളുടെ കണ്ണിൽ
ഇത്തിരി നേരം നോക്കിയിരിക്കട്ടെ
ദൂരെ കടുകുപാടത്തു നിന്നും
തലയുയർത്തി നോക്കുന്ന
മഞ്ഞപ്പൂ ചൂടിയ
ഒരോർമ്മയ്ക്കൊപ്പം
പൂവിടട്ടെ
നേരം വെളുക്കുവോളം
കറുപ്പുടുത്ത്
ദിഗംബരനായി
ധ്യാനിക്കുന്നു
പുകമഞ്ഞേ,
കാറ്റേ,
കറുത്ത പ്രാണികളേ...
വെയിലും വെളിച്ചവുമൂരിയെറിഞ്ഞിതാ വന്നിരിക്കുന്നു
എന്നെ സ്വീകരിക്കുക!
- മുനീർ അഗ്രഗാമി

പുഴമരം: മരമ്പുഴ

പുഴമരം: മരമ്പുഴ
............................
നദിയുടെ ഇലകളാണ് ജലം
കടലിലേക്കവ വളരുന്നു
കടലതിന്റെ നീലാകാശം
മീൻകണ്ണുകൾ നക്ഷത്രങ്ങൾ
വേനലിൽ ഇലപൊഴിച്ച
ഒരു നദിയുടെ വളഞ്ഞ കൊമ്പിൽ
ഞാനിരിക്കുന്നു
മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഞാൻ സംസ്ഥാന പക്ഷിയാകും
ഉണങ്ങിയ കൊമ്പുകളിലെല്ലാം
മഴ കാത്തിരിക്കും .
- മുനീർ അഗ്രഗാമി

ആനന്ദത്തിന്റെ ഉടമ

ആനന്ദത്തിന്റെ ഉടമ
...................................
എന്റെ ആനന്ദത്തിന്റെ ഉടമ
ഈ ഓലക്കണ്ണികളാണ്
തത്തയാകും മുമ്പ്
എന്റെ വിരലുകളിൽ
നൃത്തമാടുന്ന ഈ പച്ചോലക്കണ്ണികൾ.
പങ്കയാകും മുമ്പ് കാറ്റിൻ
ഞൊറികളായി
കൈകളിൽ ചുറ്റുന്ന പച്ചജീവൻ
ഓലപ്പന്തുണ്ടാക്കി
കുട്ടികൾക്കു കൊടുക്കുന്നു
എന്റെ സന്തോഷത്തിന്റെ
ചതുരവടിവുകൾ
അവരുരുട്ടുന്നു
എറിയുന്നു തട്ടുന്നു
അതുകൊണ്ട് അവർ കളിക്കുന്നു
കണ്ടത്തിലൂടെ ഓടുന്നു
ഒരു തിണ്ട് ചാടിയിറങ്ങുന്നു
ഓരോലപ്പീപ്പിയുണ്ടാക്കുന്നു
പീ പീയെന്ന്
എന്റെ ആനന്ദം പറമ്പാകെ ചുറ്റി വരുന്നു
ചെടികൾ നോക്കുന്നു
കുഞ്ഞുങ്ങൾ നോക്കുന്നു
പൂവുകളായ് കണ്ണു തുറന്നവ നോക്കുന്നു
കിളികൾ ഒച്ചകൾ പൊഴിച്ചിടും
മരത്തണലിലിരിക്കുന്നു
വെയിലിനെ കൂട്ടാതെ
ഒരു പൂവട്ടി മെടയുന്നു
നിനക്കൊന്ന്
അവനൊന്ന്
ഇവനൊന്ന്
അതിന്നുള്ളിലെ ശൂന്യതയിൽ
എന്റെ ആനന്ദം
ഉടനെ വന്നു നിറയും
ഓലക്കണ്ണികൾ കൈകോർത്തുണ്ടാക്കി
വലിയ കുമ്പിളിൽ
ദാഹജലം പോലെ
ആനന്ദം
എന്റെ കണ്ണുകളതു കോരിക്കുടിക്കുന്നു.
കുറെ തത്തകൾ
തെങ്ങോലയിലിരുന്ന്
അതു കാണുന്നു
അവയുടെ കൊക്കുകൾ
തെങ്ങോലയുടെ പൂവുകളെന്നു തോന്നി
അവയിറുത്ത് എന്റെ ശൂന്യത നിറച്ചു.
- മുനീർ അഗ്രഗാമി

പുതു കവിത - 51 അത്

പുതു കവിത - 51
അത്
.........
അത് പുറത്തിറങ്ങി
ഒറ്റക്കണ്ണു കൊണ്ടു നോക്കും
നോട്ടം കൊണ്ടു നിന്റെ
ദൃഷ്ടി പിടിച്ചു വലിക്കും
ഉണ്ണീ,ഒറ്റക്കണ്ണിയക്ഷികൾ
നിന്നെ നോക്കി നിൽക്കുന്നു
- മുനീർ അഗ്രഗാമി

നഗരം അപ്പോൾ ഒരു സ്ത്രീയാണ്

നഗരം അപ്പോൾ ഒരു സ്ത്രീയാണ്
...............................................................
നോക്കൂ എന്ന്
നഗരത്തിന്റെ ഉടൽ
ഒന്നു ചിരിക്കും
കാഴ്ചബംഗ്ലാവ് കാണാൻ
പുരുഷാരം
പൂരത്തിനെന്ന പോലെ പോകുമ്പോൾ
എല്ലാം പ്രകാശിക്കുന്ന
ഫ്ലാഷ് ലൈറ്റ്
ഫ്രെയിമിലൊതുക്കാൻ
ഒച്ചയില്ലാതെ വിളിക്കും
കെട്ടുമ്പോഴും
അഴിക്കുമ്പോഴും
ഊട്ടുമ്പോഴും
ഉറക്കുമ്പോഴും
നോട്ടക്കാരാ കാണ്
കാണെന്ന് ഒന്നിളകും
നഗരം അപ്പോൾ ഒരു സ്ത്രീയാണ്
അവളുടെ കൈമുദ്രകളാണ്
എൽ ഇ ഡി ബൾബുകൾ
കാറ്റിലുലയുന്ന നോട്ടുകൾ
അവൾക്ക് ഉടയാട
ഉടലിന്റെ ഭാഷയറിയാതെ
പാവം കുഞ്ഞുങ്ങൾ
കബളിപ്പിക്കപ്പെട്ട തലമുറയായ് മയങ്ങും
അമ്മ നൃത്തം ചെയ്യുമ്പോഴും
മോഡലായ് നിശ്ചലയാകുമ്പോഴും
മയക്കുമരുന്നിന്റെ ലഹരിയിൽ
ഒന്നുമറിയാതെ കുഞ്ഞുറങ്ങും
ഉറക്കമാണ്
ഇപ്പോൾ അവരുടെ അമ്മ.
-മുനീർ അഗ്രഗാമി

കടൽരാത്രി

കടൽരാത്രി
........................
നക്ഷത്രങ്ങളിലിരുന്ന്
വെളിച്ചം ചൂണ്ടയിടുന്ന
കടലാണ് രാത്രി
മാവ് ഇപ്പോൾ
ഒരു ജലസസ്യം
കുടിൽ പവിഴപ്പുറ്റ്
ഞാൻ ചിറകില്ലാതെ
മുറ്റത്തിറങ്ങുന്ന
ഒരു വിചിത്രമീൻ
ഇലക്ട്രിക് ഈലുകളുടെ
നഗരത്തിൽ
ഞാനില്ല
ഞാൻ
കറുത്ത ഉടലിന്റെ
കറുത്ത ചിറകിൻ
കറുപ്പിൽ
നീന്തുന്ന ഒരു കറുപ്പ്
ചൂണ്ടലിൽ കൊത്താതെ
ഒഴിഞ്ഞു മാറവേ
കോരുവലയുമായ്
സൂര്യൻ വരും
അവൻ
ഇരുട്ടിന്റെ കടലാകെ
കോരിയരിക്കും
അവന്റെ ഒരു വല വീശൽ
ഒരു പകൽ.
- മുനീർ അഗ്രഗാമി

ഋതു ,ഋതുമതി എന്നിങ്ങനെ

ഋതു ,ഋതുമതി എന്നിങ്ങനെ
..............................................
I
ആ ഋതു നീയാവുക
...................................
വരാൻ കഴിയുമെങ്കിൽ
വെള്ളമായി വരിക
ദാഹിച്ച്
മരിച്ചു പോകും മുമ്പ്.
മറ്റെല്ലാ വഴികളുമടയുമ്പോൾ
ഓരോ കോശത്തിലും നിറഞ്ഞ്
ജീവനായ് തുടിക്കാൻ
അവസാനത്തെ വഴിയിലൂടെ വരിക
ഒരു ഋതുവിന്റെ സങ്കടം മാറ്റാൻ
മറ്റൊരു ഋതുവിനേ പഴുതുള്ളൂ
മനുഷ്യനായാലും മണ്ണിനായാലും.
ആ ഋതു
നീയാവുക.
II
പൂവുകളിലൂടെ മിണ്ടൽ
.......................................
നിശ്ശബ്ദതയിലൂടെ കടന്നുപോകുന്ന
പലതരം വരണ്ട ഒച്ചകളുടെ
താഴ്വരയാണ് വേനൽ
കാറ്റവ എടുത്തു നോക്കി
എറിയുന്നു
ചിലത് വീണുടയുന്നു
ചിലത് പെറുക്കി
വികൃതിക്കുട്ടിയെ പോലെ
ഓടുന്നു
ഒച്ചകൾ പടർന്നു കയറിയ
കരിഞ്ഞ മരമാണ് ഞാൻ
നിന്നിലേക്കുള്ള
എന്റെ ഒച്ച
പുറത്തെത്താതെ
അവ അമർത്തിപ്പിടിക്കുന്നു
വേരുകളിലൂടെയോ
ഇലകളിലൂടെയോ
നീ വരിക
എനിക്ക് നിന്നോട്
പൂവുകളിലൂടെ മിണ്ടണം
III
നോക്കുക എന്നാൽ
...................................
വരാൻ പറ്റുമെങ്കിൽ
വഴി മറഞ്ഞാലും
മറന്നാലും
വരിക
വന്നില്ലെങ്കിൽ,
ഇല്ലാതായ ഒരിടത്ത്
ഉണ്ടെന്ന തോന്നലിൽ
നിൽക്കുന്ന ഒരു നിലവിളി
പൊടി മൂടി
ശിലയായേക്കാം
ആ ശില
മറ്റൊരു ഒളിയിടമായേക്കാം
പക്ഷികളും മീനുകളും മനുഷ്യരും
മറവിയിൽ താമസിക്കുന്ന ഒരിടം;
എന്നെ കാണാതാവുന്ന മുനമ്പ് .
വന്നു നോക്കുക എന്നാൽ
ചെറിയൊരു കാര്യമല്ല
ജീവൻ കൊടുക്കുമ്പോലെ
ഒന്നാണത്
ഒരു ഋതു
മറ്റൊരു ഋതുവിനെ എന്ന പോലെ
അതുവരെ ഉള്ളതെല്ലാം
പുതുക്കിപ്പണിയുന്ന
ഒരു നോട്ടം.
ഋതുമതീ
ഋതുവായ് വരിക
l V
പുതിയ ഒരു ഋതു
..............................
ആരോ ചിലർ
അവശനായി ഇഴഞ്ഞു വന്ന
ഒരു വിശപ്പിനെ
വിനോദത്തിനായി
അടിച്ചു കൊന്നു
മറ്റൊന്നിനെ ചുട്ടുകൊന്നു
വേനൽ പുറത്തു വിടാത്ത
അനേകം വിശപ്പുകളുണ്ട്
ഉള്ളിൽ പേടിച്ച്
തൊലി പൊഴിച്ച്
സ്വപ്നം പൊഴിച്ച് നിൽക്കുന്നത്
ഒരു വിശപ്പ് എന്നിക്കൊപ്പം
നിന്നെ കാത്തിരിക്കുന്നു
സ്നേഹമുള്ള നോട്ടം തന്നെ
ഒരുരുളയാണ്
മരണത്തിൽ നിന്നും
ജീവിതത്തിലേക്ക് പിടിച്ചു വലിക്കുന്ന
വിരലുകൾ ഉരുട്ടുന്ന ഒരുരുള
സാധിക്കുമെങ്കിൽ
വയലിലൂടെ വരിക
കൊഴിഞ്ഞ ഇലകൾ ചേർത്തുവെക്കാനല്ല
വിശപ്പിന്റെ ചുംബനം സ്വീകരിക്കുവാൻ
വിശപ്പ് വംശനാശം വരാത്ത
ഒരു ജീവിയാണ്
അതിനൊരുരുളയുമായ് നീ വരുമ്പോൾ
നീ പുതിയ ഒരു ഋതു.
V
തണൽ താജ്മഹൽ
................
ഋതുമതീ
ഋതു മതി.
മാറാത്ത ഋതുക്കളില്ല
മടുക്കാത്തതും.
മാറണം
ഋതു മാറണം
മാറണം
വന്നെന്നെ
ഞരമ്പിൽ പച്ച തളിർക്കുന്ന
ഒരുടലാക്കൂ
തണലുതേടി വരുമൊളെ
കുളിർപ്പിക്കുവാൻ
തൊട്ടു നിൽക്കൂ
നില്പിന്റേയും
നിലനില്പിന്റേയും
വലിയ അർത്ഥമാണ്
തണൽ.
നീ
ജീവജലം കൊണ്ട്
പണിയുന്ന തണൽ
താജ് മഹൽ
VI
ആകാശം തൊടാൻ ഒരാൾ
...........................................
ഋതുമതീ
നിന്നിൽ നിറയെ ഋതുക്കൾ
നാലും ആറുമല്ല
അനേകം
അതിലേതിലും
പൂക്കുവാനെനിക്കറിയാം
മാമ്പൂവായ്
കൊന്നയായ്
ഗുൽമോഹറായ്
നെല്ലായ്
കാക്കപ്പുവായ്
തുമ്പയായ്
സന്ധ്യയായ്
നക്ഷത്രങ്ങളായ്
എന്റെ ഋതു
അപ്രസക്തമാകുന്ന
ഒരു ബിന്ദുവിൽ നിന്ന്
നീ ഏതു ഋതുവിലാണെന്ന്
എന്റെ പൂവുകൾ നിന്നോടു പറയും
അതിന്
വേരുകളിലൂടെ നിനക്കൊരു വഴിയുണ്ട്
ഇരുട്ടറയിൽ നിന്നും കയറി വന്ന്
ആകാശം തൊടാൻ
ആഗ്രഹിക്കുന്ന ആ ഋതുവിന്
എന്റെ ഇലകളും പൂവുകളും
വാതിലുകൾ .
VII
തത്ത്വം
.............
കാത്തിരിപ്പിന്റെ ധ്യാനങ്ങളിൽ
പ്രത്യക്ഷമാകുന്ന
ഒരു ദൈവമുണ്ട്
'അത് നീയാകുമ്പോൾ '
മണ്ണിലും
മനുഷ്യനിലും .
കാരുണ്യം കൊണ്ടുണ്ടാക്കിയ
ഒരു അമൂർത്തി .
ഒരിക്കലും കണ്ണടയ്ക്കാത്തത്
- മുനീർ അഗ്രഗാമി

ചിറകുകൾ തരുന്നു കിളികൾ

ചിറകുകൾ തരുന്നു കിളികൾ
.......................................
ഒരു പാമ്പിന് അതിന്റെ വഴി
ഒഴിഞ്ഞു കൊടുത്തു
മറ്റൊരു വഴിയെ നടന്നു
ചക്ക മൂത്തോ എന്നു നോക്കി
ഒരു മാസം കഴിഞ്ഞു വരാൻ പറഞ്ഞ്
പ്ലാവു തിരിച്ചയച്ചു
പുഴ മരിക്കാൻ കിടന്ന ഇടത്ത്
മരിച്ചു പോകുമോ എന്ന പേടിയിൽ കിടന്നു
ഇന്നലെ രാത്രി പുലരുവോളം കരഞ്ഞു
എന്തിനെന്നറിഞ്ഞില്ല
കരഞ്ഞു .
ആരോടും ഒന്നും പറഞ്ഞില്ല
നിങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയില്ല
എല്ലാം വറ്റിയിട്ടും
വേനലിൽ ഞാൻ മാത്രം നനഞ്ഞു
ഏതു കാലത്തും
എപ്പോഴും ഞാൻ ബാക്കിയാകുന്നു
ഒരു കാലത്തും എന്നോടു നിങ്ങൾ
പേരു ചോദിച്ചിട്ടില്ല
എങ്കിലും ഞാൻ
ബാക്കിയാവുന്നു;
പച്ചപ്പിന്റെ ഓർമ്മയിൽ
ഇടയ്ക്കൊന്നു തളിർക്കാൻ
ജലത്തിന്റെ ഓർമ്മയിൽ
ഇടയ്ക്കൊന്നു നനയായാൻ
നിങ്ങൾക്കാവാത്ത
അത്രയും സ്നേഹത്താൽ
ഒരു മരത്തണലിൽ വെറുതെ നിൽക്കാൻ
നിങ്ങൾ ചുട്ടെരിച്ച വള്ളിക്കാട്
ഇന്നലെ സ്വപ്നത്തിൽ വന്നു
നാലു കുരുവിക്കുഞ്ഞുങ്ങളെ തന്നു
ഉണർന്നപ്പോൾ എനിക്കു ചിറകുകളുണ്ടായിരുന്നു
നിങ്ങൾ വെട്ടിക്കൊന്ന
കരിവീട്ടിക്കുറ്റിയിൽ വെളുത്ത കൂണുകൾ
ഉയർന്നു വന്നു
മരിച്ചവയ്ക്ക് വേണ്ടിയും
ഒന്നും ചെയ്യല്ലേയെന്നും
കൈകൂപ്പി നിന്ന് അവ ഉണങ്ങിപ്പോയി .
കുറേ കിളികൾ പറന്നു വന്നു
അവയ്ക്കൊപ്പം നടന്നു
എന്റെ ദാഹം മാറ്റാതെ
അവ കൂടണയില്ല .
-മുനീർ അഗ്രഗാമി

വിശപ്പിന്റെ ചോര

പുതുകവിത - 50
വിശപ്പിന്റെ ചോര
......................................
വിശപ്പില്ലാതാക്കാൻ
വിശന്നവനെ ഇല്ലാതാക്കുന്ന
വിശപ്പറിയാത്തവന്റെ കയ്യിൽ
വിശപ്പിന്റെ ചോര.
മലയാളത്തിന്റെ കണ്ണിൽ
നിന്നതിറ്റിവീഴുന്നു
- മുനീർ അഗ്രഗാമി

ആൾക്കൂട്ടത്തോടു പ്രാർത്ഥിക്കുന്നു

ആൾക്കൂട്ടത്തോടു പ്രാർത്ഥിക്കുന്നു
....................................................................
സത്യമാണ് ദൈവമെന്ന് ഗാന്ധിജി;
പറഞ്ഞു തീരും മുമ്പ്
സത്യത്തെ വെടിവെച്ചുകൊന്നു
സ്നേഹമാണ് ദൈവമെന്ന് യേശു;
സ്നേഹിച്ചു തീരും മുമ്പ്
സ്നേഹത്തെ കുരിശ്ശിലേറ്റി
കാരുണ്യമാണ് ദൈവമെന്ന് നബി ;
പ്രവർത്തിച്ചു കഴിയും മുമ്പ്
സ്വന്തം നാട്ടിൽ നിന്നും
പോവേണ്ടി വന്നു
അഹിംസയാണ് ദൈവമെന്ന് ബുദ്ധൻ;
ഹിംസചെയ്യുന്നവരുടെ പ്രാർത്ഥനയേറ്റ്
ഓരോ നിമിഷവും അഹിംസ കൊല്ലപ്പെട്ടു
എല്ലാത്തിലും ഈശ്വരനുണ്ടെന്ന്
ഉപനിഷത്ത് ;
എല്ലാറ്റിനെയും ആരും പൂജിച്ചു കണ്ടില്ല
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
ദൈവത്തെ തിരഞ്ഞു ചെന്നു;
കണ്ടെത്തിയില്ല
ദൈവത്തെ എത്രയും പെട്ടെന്ന്
കണ്ടെത്തണേ
കണ്ടെത്തിയാൽ ഒന്നും ചെയ്യരുതേ എന്ന്
ഇപ്പോൾ
ദൈവത്തിന്റെ സ്വന്തം നാട്ടിലെ
ആൾക്കൂട്ടത്തോടു പ്രാർത്ഥിക്കുന്നു.
- മുനീർ അഗ്രഗാമി
വെളുത്ത രക്തത്തിന്റെ ഉടമകൾ
........................................................
റബ്ബർ മരങ്ങളുടെ
അസ്സംബ്ലി,
ഇലപൊഴിച്ചും
ഇലയുടുത്തും പരേഡ്
പട്ടാളക്കാരാണവർ
മറ്റു ചെടികൾക്കങ്ങോട്ടു
പ്രവേശനമില്ല
അവയുടെ രക്തമൂറ്റി
പരത്തിയും ഉരുട്ടിയും
പണിയുന്നു രാജ്യങ്ങൾ
രാജ്യത്തിന്റെ നാലതിരുകളിൽ
നാലു ടയറുകൾ
അവരുടെ രക്തം
കറുത്ത് കട്ടയായത്.
രാജ്യം
പ്രജകളെ
ശീതളസ്വർഗ്ഗത്തിലിരുത്തി
സഞ്ചരിക്കുന്നു
അവർ പട്ടാളക്കാർ
റബ്ബർ മരങ്ങൾ,
അവർ വെയിലും മഴുമേറ്റ്
രക്തം വാർന്നു തീരുന്നവർ
ഊറ്റിയെടുക്കുമ്പോൾ
എന്തൊരു വെളുപ്പായിരുന്നു
അവരുടെ രക്തത്തിന്! ;
ഇപ്പോഴത്തെ ഈ കറുപ്പിലുണ്ടാവും
രാജ്യത്തിനു വേണ്ടി
അവർ സഹിച്ചതത്രയും.
-മുനീർ അഗ്രഗാമി

നെരിപ്പോട്

നെരിപ്പോട്
....................
കാട്ടുതീ പോലൊരു
കടുവയാളുന്നു
കാറ്റിലോടും തീപ്പൊരികൾ
മാനുകൾ
കരിയിലക്കരി പോലെ
കാട്ടുപോത്തുകൾ
പാറുന്നു
പാറുന്നു
കുതിച്ചെത്തും
കടുവകൾ
കടുവകൾ
കാട്ടുതീ...
കാട്ടുതീ .
കരിഞ്ഞ കാട്ടിൽ
കണ്ണിൽ പച്ചയില്ലാ മരങ്ങൾ
നോക്കി നിൽക്കുന്നു
ഒച്ച മരിച്ചവ
കിളികളുപേക്ഷിച്ചവ
കാട്ടുതീ കാടു തിന്നുന്നു
ഗതികെട്ട കടുവ പുല്ലു തിന്നുന്നു
കെണിയിൽ കുടുങ്ങുന്നു
കൂട്ടിലിപ്പോൾ കടുവയാളുന്നു
തീ കായുവാനാവണം
ചുറ്റുമാളുകൾ.
- മുനീർ അഗ്രഗാമി

ജലമായാജാലമേ...

ജലമായാജാലമേ.....
....................................

നേരമേതോ
ദു:ഖസമുദ്രമായ്
തീരുന്ന സായന്തനത്തിൽ
അടങ്ങി നിൽക്കുവാനാകാതെ
നടക്കുന്നു നാം ,
രണ്ടു തിരകളായ്
തലപൊക്കുന്നു
നമ്മെ വായിക്കുന്ന കാറ്റുകൾ
നമ്മെ മറിച്ചിടുന്ന ജലം
ജലമായാജാലമേ,
കുതിർന്നലിയുന്നു നമ്മൾ
പിരിയുവാനാവാതെ.
ഉയർന്നു പൊങ്ങുന്നു തിരകൾ
നെടുവീർപ്പുകളിൽ
കുഞ്ഞുമീനുകൾ കളിക്കുന്നു
കരയല്ലേ!
കരയല്ല,
കടലാണു വലുതെന്നു
തെളിയിക്കുകയാണു നാം.
- മുനീർ അഗ്രഗാമി

ശിശുക്കളുടെ ഭാഷയിൽ ഒരു ഒസ്യത്ത്

ശിശുക്കളുടെ ഭാഷയിൽ ഒരു ഒസ്യത്ത്
...................................................................
അശാന്തമായി പൊതുദർശനത്തിനു വെച്ച
സമാധാനത്തിന്റെ ഉടൽ കാണാൻ
എല്ലാവരും പോകുന്നു
കൊടുംവേനലറിയാതെ കൊടി വെച്ച കാറിലും
വിമാനത്തിലും പലരും പോകുന്നു
ത്രാണിയില്ലെങ്കിലും
സൈക്കിളിലോ കാൽനടയായോ
ബസ്സിലോ നമുക്കും പോകണം.
നാം സ്നേഹിച്ച പോലെ അതിനെ
ആരും സ്നേഹിച്ചിട്ടില്ല
നാം മോഹിച്ച പോലെ
ആരുമതിനെ മോഹിച്ചിട്ടില്ല
മരിച്ചു കിടക്കുന്ന പ്രണയിനിയുടെ വീട്ടിലേക്കെന്ന പോലെ
നമുക്ക് പോകണം
നെറ്റിയിൽ ചുംബിക്കാനായില്ലെങ്കിലും
ഒരു നോട്ടം കൊണ്ട് ദൂരെ നിന്ന് കരയണം
വടിവാളും വെടിയുണ്ടകളും
നാടൻ ബോംബുകളും വേഷം മാറി
നമ്മിലൊരാളെന്ന പോലെ
പല ചിരിചിരിച്ച് നമുക്കൊപ്പം നടക്കാം
ദുഃഖത്തിലൂടെ നടക്കുമ്പോൾ
നമ്മെ ചിരിപ്പിക്കാൻ ശ്രമിച്ച്
ബോംബെറിഞ്ഞ് ചിലപ്പോൾ
കാഴ്ച മറച്ചേക്കാം
കണ്ണുചൂഴ്ന്നേക്കാം
എങ്കിലും പോകണം
നാം ചെന്നാലേ
സമാധാനം ഒസ്യത്തെഴുതി സീലുവെച്ച കവർ തുറക്കൂ
കവറിനു പുറത്ത് നാം മാത്രമേ തുറക്കാവൂ
എന്ന് എത്ര വേദനയോടെയായിരിക്കും
അതെഴുതിയിട്ടുണ്ടാവുക?
എത്ര സങ്കടത്തോടെയാവും അതു
നമ്മെ ഓർത്തിട്ടുണ്ടാവുക
സമരമായതിനാൽ
ഹർത്താലായതിനാൻ
നമുക്ക് വണ്ടിയൊന്നും കിട്ടിയില്ല
വാക്കുകളും കിട്ടിയില്ല
നേർത്ത പ്രതീക്ഷ മാത്രം മുന്നിൽ വന്നു നിന്നു
അതിന്റെ പുറത്തു കയറി
മരണത്തിന്റെ കൊടും തണുപ്പിലൂടെ
നാം ചെന്നു
ജീവിച്ചിരിപ്പില്ലാത്തവരുടെ
ചൂടുപിടിച്ച മണ്ണിൽ നിന്നു
ഒസ്യത്തിൽ ഉടൽ ഒന്നും ചെയ്യരുതെന്ന് സമാധാനമെഴുതി വെച്ചിട്ടുണ്ട്
അടക്കാനോ ദഹിപ്പിക്കാനോ പറ്റാതെ
വന്നവർ ചർച്ച തുടങ്ങിക്കഴിഞ്ഞു
ആരും നാം നിന്നപോലെ
തെങ്ങു ചാരിനിന്നില്ല
മുറ്റത്ത് വെറും നിലത്തിരുന്ന് കരഞ്ഞില്ല
രക്തക്കറയുടെ വിറയൽ ശ്രദ്ധിച്ചില്ല
സമാധാനത്തെ പുനർജ്ജീവിപ്പിക്കാൻ
ഒരു സൂചന ഒസ്യത്തിലുണ്ട്
ശിശുക്കളുടെ ഭാഷയിലാണതെഴുതി വെച്ചത്
നമ്മുടെ പാഠങ്ങളറിയാത്ത കുഞ്ഞുങ്ങൾക്കേ
അതു മനസ്സിലാകൂ
ചർച്ച കേൾക്കാത്ത,
നാം തെരഞ്ഞെടുത്ത് വായിൽ വെച്ചു കൊടുത്ത വാക്കുകൾ വിഴുങ്ങാത്ത
ഒരു തലമുറയ്ക്കേ അതു മനസ്സിലാവൂ.
- മുനീർ അഗ്രഗാമി

സെൽഫി

സെൽഫി
................
യാത്രയിലുടനീളം
നാമെടുത്ത സെൽഫികൾ
നമ്മെ ഏറ്റവും തെളിച്ചമുള്ളതാക്കി
എടുത്തു വെക്കുന്നു
എന്റെ മുഖത്തെ മറുകുപോലും
വെളുത്തിരിക്കുന്നു
നീ സ്നേഹിച്ച കറുപ്പു താഴ്വരകൾ
ക്യാമറ എന്റെ മുഖത്തു നിന്നും
മാറ്റി വെച്ചിരിക്കുന്നു
കാണൂ എന്നു പറഞ്ഞ്
പ്രകൃതി മുന്നിൽ നിന്നിട്ടും
നാം നമ്മെത്തന്നെയാണ് കൂടുതലും കണ്ടത്
നോക്കൂ ,ഈ സെൽഫിയിൽ
എത്ര പിന്നിലാണ് ഗ്രാമദൃശ്യം!
വിദൂരമായ ഒരോർമ്മ പോലെ
പിന്നിൽ അത് മറഞ്ഞു നിൽക്കുന്നു
നമുക്കിടയിലെ ചെറിയ വിടവിലൂടെ
ചെറിയ ചെറിയ കഷണങ്ങൾ കണാം
സത്യത്തിൽ അത് മതിയാകുമോ നമുക്ക്
ഈ ക്യാമറ നമ്മെ വിട്ടു പോകുമ്പോൾ ?
- മുനീർ അഗ്രഗാമി

രാത്രിയുടെ ഒരറ്റം പൊക്കി നോക്കുന്നു

രാത്രിയുടെ ഒരറ്റം പൊക്കി നോക്കുന്നു
........................................
ലോകത്തിന്റെ ഒരു മൂലയിലിരുന്ന്
പരന്നു കിടക്കുന്ന
രാത്രിയുടെ ഒരറ്റം മെല്ലെ
പൊക്കി നോക്കുന്നു;
കാഴ്ചയെ കുറിച്ചെഴുതാൻ
ഒരു പകലു തികയില്ല
ഉപേക്ഷിക്കപ്പെട്ട ചുളിവുകളെ കുറിച്ചെഴുതാൻ തന്നെ വേണം
വർഷങ്ങൾ
ചുമച്ച് അവശരായ സ്വപ്നങ്ങൾ
പകർത്തുവാൻ
ഒരു വെളിച്ചവും മതിയാവില്ല
വെട്ടേറ്റു തെറിച്ച യൗവനത്തിന്റെ
ആദ്യ വരിയെഴുതാൻ തന്നെ
മുപ്പത്തഞ്ചു വർഷം വേണം
നിലവിളിയിൽ എരിച്ചു കളഞ്ഞവളെ
പകർത്താൻ പിന്നെയും
മുപ്പതാണ്ടുകൾ
വാൾത്തലപ്പിന്റെ ചിരി
നക്ഷത്രങ്ങളെന്നു തെറ്റിദ്ധരിച്ച്
ആരൊക്കെയോ അതിനെ
ഭ്രമണം ചെയ്യുന്നുണ്ട്
അവരുടെ മുഖത്ത്
ഇരുട്ട് വവ്വാലിനെ പോലെ
തൂങ്ങിക്കിടക്കുന്നു.
കുറേ ശബ്ദങ്ങൾ കണ്ട്
പേടിച്ചിരിക്കുമ്പോൾ
തലങ്ങും വിലങ്ങും
ഇരുട്ടോടുന്നു
പതുങ്ങുന്നു
രാത്രിപ്പൊന്തയിൽ
ഇരുട്ടിന്റെ കണ്ണുകൾ തിളങ്ങുന്നു
മീശയിളകന്നു
രാത്രിയുടെ അതേ അറ്റം പൊക്കി
വീണ്ടും വീണ്ടും നോക്കുന്നു
വീണ്ടും
വീണ്ടും ...
കണ്ടു തീരാൻ കണ്ണുകിളിയും
വേണം;
വേണം
താങ്ങാവുന്നതിനപ്പുറം കണ്ട്
കാണുന്ന കണ്ണ്
കാണാതാകുമോ എന്ന പേടിയാൽ
അറ്റം മെല്ലെ താഴ്ത്തി വെക്കുന്നു.
പറന്നു പോകാതിരിക്കാൻ
ഉറക്കിന്റെ കല്ലെടുത്ത്
അതിന്റെ മുകളിലും വെക്കുന്നു .
- മുനീർ അഗ്രഗാമി

ഭൂമി കുലുക്കം

പുതുകവിത - 49
ഭൂമി കുലുക്കം
.......................
മസ്തകമിളക്കുന്നു,
സമയനടയിൽ
എഴുന്നള്ളി നിൽക്കുന്ന
കരിമ്പാറകൾ.
നമ്മെ പുറത്തു കയറ്റിയ
നാട്ടാനകൾ .
- മുനീർ അഗ്രഗാമി

ട്രൈബൽ ഹോസ്റ്റലിൽ ഒരു ചായ ബാക്കിയാവുന്നു

ട്രൈബൽ ഹോസ്റ്റലിൽ ഒരു ചായ ബാക്കിയാവുന്നു
.........................................
സൂര്യനറിയാം,
അമ്മ ആദ്യം അവിടെയെത്തിയിട്ടുണ്ടെന്ന്.
അതുകൊണ്ട് സൂര്യൻ പതുക്കയേ വരൂ
കെട്ടിയിട്ട പാളയിൽ
സൂര്യൻ വെളിച്ചം നിറയ്ക്കാൻ നോക്കുമ്പോഴേക്ക്
അമ്മ അതിൽ വെള്ളം നിറച്ചിട്ടുണ്ടാകും
കപ്പി ഇരുട്ടത്തു നിന്നും
അമ്മയോട് വർത്താനം പറയും
ഒരു രാത്രി മുഴുവൻ
അമ്മയെ കാണാതെ അത്
ഇരുട്ടിൽ നിൽക്കുകയായിയിരുന്നു
ട്രൈബൽഹോസ്റ്റലിന്റെ ഇരുട്ടിൽ
അറ്റം കാണാത്ത ആഴം നോക്കി കിടന്ന
എന്റെ ഏകാന്തതയുടെ ഭാഷയിൽ
അമ്മയോടതു കരഞ്ഞു.
കിടന്നുരുണ്ടു
പടവുകളിലെ കാട്ടുചെടികളിൽ
നോട്ടം പൂഴ്ത്തി വിങ്ങി
എളുപ്പത്തിൽ അമ്മയ്ക്ക്
വെള്ളം കോരുവാൻ
ഓഫീസർമാർ എന്നെയിവിടെ
തൂക്കിയിട്ടതാണ്.
എന്നും കരയുമ്പോൾ
അതു കരച്ചിലായി തോന്നരുതേ
എന്നു പ്രാർത്ഥിച്ച് ,
കപ്പിയെ നോക്കാതെ
കയറിനറ്റത്ത് തുളുമ്പുന്ന
പച്ചവെള്ളത്തിന്റെ ചിരി അമ്മ അകത്തു കൊണ്ടുപോയി വെക്കും
വേദന മറന്ന്
കുഞ്ഞു പെങ്ങൾക്കിത്തിരി കൊടുത്തിട്ടുണ്ടാവും
വിശപ്പ് മാറുവോളം അമ്മ കുടിച്ചിട്ടുണ്ടാവും
സൂര്യനപ്പോൾ മുറ്റത്തു വന്ന്
അമ്മയെ കാട്ടിലേക്ക് വിളിക്കും
കാട്ടുകിഴങ്ങുകൾ
അമ്മയെ കാണാതെ ഒളിച്ചിരിക്കും
കുഴിച്ചു കുഴിച്ച്
അമ്മ സങ്കടങ്ങളെ അതിൽ അടക്കം ചെയ്യാൻ
തുടങ്ങുമ്പോൾ
കാട്ടുചോലകൾ വറ്റിയ വഴിയിൽ
ഒരാന...
ജലം തിരഞ്ഞ്,
തിരഞ്ഞ്,
തിരഞ്ഞ്
അമ്മയുടെ കണ്ണുകൾ കാണും
പുഴയെന്ന തോന്നലിൽ
അച്ഛനെ കൊന്ന കൊമ്പൻ
അമ്മയെ പിന്തുടരും.
അന്നേരം അമ്മയെന്നെ വിളിക്കും
എന്നെ മാത്രം വിളിക്കും
ആ വിളിയിലെന്റെ
പുലരി പുലരില്ല
പകലുകെട്ടുപോകും
മെസ്സിലെ ചേച്ചീ,
ചേച്ചീ
എനിക്കിന്നു ചായ വേണ്ട
വേണ്ട.
-മുനീർ അഗ്രഗാമി

തെരുവു മരങ്ങൾ

തെരുവു മരങ്ങൾ
..............................
ചെന്നു നോക്കുമ്പോൾ
ഓരോ മരങ്ങളും ഓരോ കവിതകൾ
ആകാശത്ത്
വേരുകളുള്ള ഇലകൾ,
ബോംബിന്റെ പുകയേറ്റ്
മുഖം കരിഞ്ഞവ
മണ്ണിൽ ഇലകളുള്ള വേരുകൾ,
കുഴിച്ചിട്ട വടിവാളിൽ തട്ടി
വിരലുമുറിഞ്ഞവ.
വരൂ
രക്തം കാണൂ
എന്നവ നിലവിളിക്കുന്നു
ഇപ്പോൾ എനിക്കു ചില രഹസ്യങ്ങൾ
വ്യക്തമാകുന്നു,
പാതയോരങ്ങളിൽ
ചിലർ മരം നടുന്നതിന്റേയും
മറ്റു ചിലരത്
വെട്ടിക്കളയുന്നതിന്റയും.
എത്ര വെട്ടിയാലും മുറിയാത്ത
ചില മരങ്ങളുണ്ട്
രക്തസാക്ഷിയുടെ ഓർമ്മയിൽ
വേരുകളുള്ളത്,
നിത്യ ഹരിതമായ കവിതകൾ.
ഒരിക്കലും
മാളികക്കകത്ത് വളരാത്ത മരങ്ങൾ.
- മുനീർ അഗ്രഗാമി

പുതു കവിത - 48 നഗരം

പുതു കവിത - 48
നഗരം
..........
നീണ്ടുപോകുന്ന നിരത്ത്;
നഗരത്തിന്റെ കറുത്ത ഞരമ്പ്.
തിരക്കാണ് രക്തം
മുറിവുകളിലൂടെ തിരക്ക് ഒഴുകുന്നു.
- മുനീർ അഗ്രഗാമി

പാട്ട് ഒരു ദാഹമാണ്

പാട്ട് ഒരു ദാഹമാണ്
...................................
ഒരു പാട്ട് അടുത്തുവന്നു
എന്നെ ഒന്നു പാടുമോ?
എന്നു ചോദിച്ചു
നീ പുതിയതാണോ ?
എന്നു തിരിച്ചു ചോദിച്ചു
അല്ല പഴയതെന്നുത്തരം
:നിന്റെ കുലം ?
വംശം ?
ജാതി ?
മതം ?
ആധാറുണ്ടോ ?
:അതൊക്കെ എന്തിനാണ് ?
പാട്ടിലായവനേ
എന്നെയൊന്നു പാടൂ
നിന്റെ ശബ്ദമാണ് എന്റെ കടൽ
നിന്റെ താളം എന്റെ കര
നിന്റെ ശ്രുതി എന്റെ ആകാശം
:ഇവിടെയിപ്പോൾ ഇങ്ങനെയാണ്
നിശ്ശബ്ദതയുടെ ആനന്ദമാണ്
ആനന്ദമെന്ന്
ശബ്ദം പോലും കരുതുന്നു
:എന്നെ പാടുക !
കടൽത്തിരകളിൽ
ഞാനൊന്നു കളിക്കട്ടെ
എല്ലാ രാജ്യത്തിലും ഉപ്പായി
അതിരു മറക്കട്ടെ
പാട്ടിനൊപ്പം നിന്നു
പാടാം നമുക്കു പാടാം എന്നു മൂളി
പാടി
പാട്ട് എന്നെ മറ്റെങ്ങോ കൊണ്ടുപോയി
ആ രാജ്യത്തിൽ പാട്ടിന്റെ നിയമങ്ങൾ.
വരികൾക്കിടയിലിരുന്ന്
അക്ഷരങ്ങൾ സ്വാതന്ത്ര്യത്തെ കുറിച്ച്
ഉച്ചത്തിൽ സംസാരിച്ചു.
ചെളിയിൽ നിന്നും
തളിയിൽ നിന്നും
മാളികയിൽ നിന്നും
ഞങ്ങൾ പാട്ടു പാടി
ആരും ആധാർ ആവശ്യപ്പെട്ടില്ല
പാടില്ല പാടില്ല എന്നാരും പറഞ്ഞില്ല
പാട്ട് ഒരു രാജ്യമാണ്
നാനാത്വത്തിൽ എകത്വം
അതിന്റെ മുഖമുദ്ര .
ഒരു പാട്ട് ആവശ്യപ്പെടുമ്പോൾ
അതിനെ പാടുക
മരിക്കുന്നതിനു മുമ്പ്
വെള്ളം കൊടുക്കുന്നതു പോലെ .
-മുനീർ അഗ്രഗാമി

പൊളിച്ചു തീരാത്ത ഒരു കഥയുടെ കവിത

പൊളിച്ചു തീരാത്ത ഒരു കഥയുടെ കവിത
.................................................:......:.............
പ്രണയിക്കുമ്പോൾ ഞാനും നീയും
ജാതിമതിലു പൊളിക്കാൻ പോയി
കൈ കൊണ്ടു തള്ളി
മതിലനങ്ങിയില്ല
ചവിട്ടി നോക്കി
കാലുളുക്കി
വാലന്റെെനും മറ്റനേകം കമിതാക്കളും വന്നു
ഒരൊറ്റ ത്തള്ള്.
പ്രണയത്തിന് ഇത്രയും ശക്തിയോ എന്ന്
ഒരത്ഭുതം മതിലിലിരുന്നു.
കുലുങ്ങി
ചുണ്ടുകൊണ്ടും
ഉടലുകൊണ്ടും
സ്വപ്നം കൊണ്ടും
വാക്കുകൊണ്ടും തള്ളി
പക്ഷേ എത്ര തള്ളിയിട്ടും മതിലു പൊളിഞ്ഞില്ല
പൊളിച്ചേക്കാമെന്ന
ആത്മവിശ്വാസം മാത്രം പൊളിഞ്ഞു
പിന്നെ അവിടെ നിന്നില്ല
വാലന്റൈനൊപ്പം
മതിലില്ലാത്ത നാട്ടിൽ ചെന്നു
മഞ്ഞുകാലം നമ്മെ സ്വീകരിച്ചു.
ജാതിമതിലിൽ
പലവട്ടം തൊട്ടപ്പോൾ
കാലിൽ പറ്റിയ പൊടി
എത്ര കഴുകിയിട്ടും പോയില്ല
ഇപ്പോൾ അത്
ഉടലിന്റെ ഭാഗം പോലെ
എന്നിലും നിന്നിലുമുണ്ട്.
പരസ്പരം കണ്ടു തീരാത്തതിനാൽ
നാമതുമാത്രം നോക്കിയില്ല .
- മുനീർ അഗ്രഗാമി

വേട്ടക്കാരും ഇരയും

വേട്ടക്കാരും ഇരയും
....................................
പ്രാവിന്റെ പുറത്തു കയറിയാണ്
വേട്ടക്കാർ വന്നത്
തൂവലുകൾക്കിടയിൽ
ഒരു മിന്നലിൽ ആയുധങ്ങൾ കണ്ടു
പക്ഷേ ഡിസൈനെന്നേ തോന്നിയുള്ളൂ
പ്രാവിനെ സ്നേഹിച്ച പെൺകുട്ടി
ഇനിയെന്തു ചെയ്യും?
ഒരു കൂട്ടം പ്രാവുകൾ വന്നു
ആകാശം സമാധാനത്തിന്റെ
താഴ്വര പോലെ തോന്നി
തോന്നലുകളിൽ അവൾ നടന്നു
എല്ലാ പ്രാവുകൾക്കും കൊടുക്കാൻ
അവളിൽ നിറയെ സ്നേഹമുണ്ട്
ആ സ്നേഹമെല്ലാം
അവളെന്തു ചെയ്യും ?
വേട്ട ഒരു കലയാണ്
പറക്കുന്ന കല.
കലാകാരന്മാരെന്ന് വന്നവരെ
അവൾ തെറ്റിദ്ധരിക്കരുതേ എന്ന്
പ്രാവുകൾ വിചാരിച്ചു.
അവൾക്കൊപ്പം എന്ന് കുറുകി
വേട്ടക്കാരുടെ വാഹനമായി
പ്രാവുകൾ പറന്നു കൊണ്ടിരുന്നു.
- മുനീർ അഗ്രഗാമി

സ്റ്റിക്കർ

സ്റ്റിക്കർ
.............
ജനലിൽ കറുത്ത സ്റ്റിക്കർ !
എന്റെ വീട്ടിലും ശത്രുവിന്റെ വീട്ടിലും;
പേടിച്ചു
ഒരു പേടി കൊണ്ട് ആരോ നമ്മെ
ഒന്നാക്കാൻ ശ്രമിക്കുന്നോ ?
ഒരേ പേടി കൊണ്ട്
ആരോ നമ്മെ
ഇല്ലാതാക്കാൻ ശ്രമിക്കുന്നോ ?
എന്തായാലും
അത് ജനലുവരെയെത്തി
അത് ഫാഷിസത്തിന്റെ
നിറമാകാഞ്ഞാൽ മതിയായിരുന്നു.
-മുനീർ അഗ്രഗാമി

പുഴ കടക്കൽ

പുഴ കടക്കൽ
.......................
കടന്നു തീരുമ്പോഴേക്ക്
പുഴ വറ്റിപ്പോയി
തിരിച്ചു കടക്കാനിനി
എളുപ്പമാണ്
ഒഴുക്കിന്റെ അധികഭാരമില്ലാതെ.
പക്ഷേ പുഴ കടക്കാനാവുമോ ?
കടന്നു വന്നതിന്റെ
ഓർമ്മ മാത്രം കടക്കാം
എത്ര നടന്നാലും അത് തീരുകയുമില്ല
ഒഴുകിയതിനെയൊക്കെയും
ചിലപ്പോൾ
പുഴയെന്നു വിളിച്ചു പോകും
സ്പർശനത്താൽ
മിനുസമായ ഒരു കല്ല്
തഴുകിയ വിരലുകളെ
ഓർക്കുമ്പോൾ.
മറവിയിലൂടെ
ഒഴുകുന്ന പുഴകളുടെ
ആഴമറിയില്ല
അവയിൽ മറഞ്ഞു പോയവരുടെ
ഒഴുക്കുണ്ടാവാം
ഓർമ്മയിലെ ഇത്തിരി ജലത്തിലൂടെ
പൊള്ളുന്ന മണൽ
മുറിച്ചുകടക്കുന്നു
ഒരു വിയർപ്പുതുള്ളി കൊണ്ടും
അതു തണുക്കില്ല.
- മുനീർ അഗ്രഗാമി

കെ എസ് ആർ ടി

പുതുകവിത - 47
കെ എസ് ആർ ടി
.....................................
നാലു മണിക്കുള്ള
കെ എസ് ആർ ടി സിയോളം
മതേതരമായി മറ്റൊന്നുമില്ല
കേരളത്തിലൂടെ ഇപ്പോഴുമോടുന്ന
ഇന്ത്യയുടെ ജീവനാണത് .
- മുനീർ അഗ്രഗാമി

പുതുകവിത - 46 ആ ദേശസന്ധി

പുതുകവിത - 46
ആ ദേശസന്ധി
............................
ഗ്രാമങ്ങൾ തമ്മിൽ ചേരുമ്പോൾ
ഗ്രാമം അപ്രത്യക്ഷമായി
നഗരം ആദേശമായി വരുന്നു
മാളിൽ നാം സന്ധിക്കുന്നു
മകരത്തണുപ്പിൽ
വയൽക്കരയിലെ നില്പ്
ആദേശം ചെയ്ത് .
- മുനീർ അഗ്രഗാമി

ഇടവഴി

ഇടവഴി


ഇടവഴിയിലൂടെ 
വീണ്ടും നടക്കേ 
മഴവെള്ളം
കൈകോർത്ത് ചാടിയിറങ്ങിയ
ഓർമ്മകളെ
വെയിലു ചുംബിക്കുന്നു
ഉള്ളുപൊള്ളുന്നുണ്ടാവും
ഏതോ ഗൃഹാതുരതയുടെ
ഈ വെളിച്ചത്തിൽ


-മുനീർ അഗ്രഗാമി 

മുറിവിന്റെ ഉടൽ

മുറിവിന്റെ ഉടൽ
...............................
മുറിവിന്റെ ഉടൽ
കിടന്നു പിടയുന്ന ഇരുട്ട്
നിനക്കു പരിചയമുണ്ടാവില്ല
നിന്നിലേക്കു നടക്കുവാൻ
ഒരു വെളിച്ചവുമിവിടെയില്ല
ഭീതിയുടെ താളത്തിൽ
ഇരുട്ടിന്റെ നൃത്തം മാത്രം
പെട്ടെന്ന്
നിന്നെ ഓർത്തപ്പോൾ
മുറിവുകൾ പ്രകാശിച്ചു തുടങ്ങി
ഉടലുമുഴുവൻ
പ്രഭാതം പോലെ ചുവന്ന്
സൂര്യനാകുമോ എന്നാണ്
ഇപ്പോഴത്തെ പേടി
ഇരുട്ടിലൊളിക്കാൻ കഴിയില്ലല്ലോ
എന്ന ഭീതി
എന്തായാലും
മറ്റു നക്ഷത്രങ്ങളെ പോലെ
ഈ നക്ഷത്രം നിന്നോട്
കള്ളം പറയില്ല
-മുനീർ അഗ്രഗാമി

ജനാധിപത്യത്തെ മഴച്ചാറലെന്നും ഫാഷിസത്തെ വേനലെന്നും മാറ്റിയെഴുതുന്ന കുട്ടി

ജനാധിപത്യത്തെ
മഴച്ചാറലെന്നും
ഫാഷിസത്തെ വേനലെന്നും
മാറ്റിയെഴുതുന്ന കുട്ടി
..........................................................................
ചിറകറ്റ
ഈയാംപാറ്റയായ്
വേനൽമഴ
മണ്ണിൽ കിടക്കുന്നു
വേനൽ അതാവും
ആഗ്രഹിച്ചിട്ടുണ്ടാവുക
മഴയുടെ ചിറകു തകർക്കാതെ
ഏതു വെയിലിനാണ്
പൊള്ളിക്കാനാവുക !
ജനാധിപത്യത്തെ
മഴച്ചാറലെന്നും
ഫാഷിസത്തെ വേനലെന്നും
മാറ്റിയെഴുതുന്ന കുട്ടി
വറ്റിപ്പോയാൽ
അദ്ഭുതമൊന്നുമില്ല
ആർദ്രതയെല്ലാം
അന്യമായ
ഒരു വെള്ളപ്പകലിൽ
- മുനീർ അഗ്രഗാമി

യക്ഷി

യക്ഷി
...............
രാത്രിയുടെ കോമ്പല്ലുകളിൽ
പകലിന്റെ രക്തം;
സന്ധ്യ
പകല് 
കടലിൽ കിടന്ന് പിടയുന്നു
രക്തം പടരുന്നു
രാത്രി
ഇരുട്ടു കൊണ്ടത് എത്ര എളുപ്പം
തുടച്ചു കളഞ്ഞു;
യക്ഷി തന്നെ.
- മുനീർ അഗ്രഗാമി

പുതുകവിത - 45 ഭയം .........

പുതുകവിത - 45
ഭയം
.........
ഒരു നിറത്തിൽ മാത്രം
പൂക്കൾ വിടരുന്ന ഉദ്യാനം
എനിക്കു ഭയമാണ്
അതെത്ര വലിയ
വസന്തമായാലും.
-മുനീർ അഗ്രഗാമി

കലോത്സവം

 കലോത്സവം
........................
തണുപ്പിനൊപ്പം നടന്നു വന്ന രാത്രി,
ബദാംമരക്കൊമ്പിലിരുന്നു
നാടകം കാണുന്നു
ഞങ്ങൾ ചെന്നു നോക്കുമ്പോൾ
സി സോണിൽ,
നേരമെല്ലാം നേരെ
പുലരിയിലേക്ക് നടക്കുന്നു
നൂറു നൂറു പേരതു നോക്കി
നിന്നു രസിക്കുന്നു
താഴെ
കുത്തി നിർത്തിയ കാലുകളിൽ കയറി
ട്യൂബ് ലൈറ്റുകൾ
നാക്കു നീട്ടി നിൽക്കുന്നു
താഴെ
കമിഴ്ന്നു നിൽക്കും
കരിമ്പാറയുടെ പുറത്ത്
ഞങ്ങൾ കയറി നിന്നു
സത്യക്കുടയില്ല കയ്യിൽ
മൊബൈൽ ഫോണുകൾ
നെറ്റിപ്പട്ട മല്ല തിളങ്ങിയത്
ഇടയ്ക്ക് ഫ്ലാഷു മിന്നി
പെട്ടെന്ന് വേദിയിൽ നിന്നും ഒറ്റമുലച്ചി
വയലിലേക്കിറങ്ങുന്നു;
കാണികൾ തലയാട്ടുന്ന
ഞാറിൻ തലപ്പുകളായ്
ഉയർന്നു നോക്കുന്നു
നാടകത്തിൽ നിന്നാരും തുണയില്ലാ
നാട്ടുമൊഴികൾ
വയൽ വരമ്പിലൊറ്റയായ്
കൊറ്റിയായ് നടക്കുന്നു
കാണികളിലാരുടെ
മനസ്സതുകൊത്തി വിഴുങ്ങും ?
വെളിച്ചം പരൽ മീനിനെ പോൽ പല നിറത്തിൽ
മിന്നി മറയുന്നു
നിറഞ്ഞ ജലസമൃദ്ധിയിൽ
തവള കരയുന്നു
കാഴ്ചകളതിൽ തട്ടി
ചിതറിത്തെറിക്കുന്നു.
നാടകം മാറുന്നു
വയലില്ല വരമ്പില്ല
ഫ്ലാറ്റു മാത്രം നിൽക്കുന്നു
ഒറ്റയായവരൊന്നിച്ച്
വാക്കായ് ഉരുകുന്നു
മറ്റൊരു വേദിയിൽ നിന്നൊരു
നാടൻപാട്ട് മലയിറങ്ങുന്നു
മുളവാദ്യങ്ങളിൽ
വായ്ത്താരിയിലതു
ചെവി തേടിയലയുന്നു
ഇരുട്ടിന്റെ വിരലുകൾ
പൊഴിയുമിലകളിൽ
താളം പിടിക്കുന്നു
നാടകം തീരുന്നു
നാടൻപാട്ട് തുടരുന്നു
ഒട്ടുനേരം കാട്ടിലാവുന്നു
ഒട്ടുനേരം കടപ്പുറത്ത്
ഒട്ടുനേരം കായലിൽ
കറുപ്പിൽ കറുപ്പിന്റെ വെളുപ്പിൽ
പാട്ടുദിച്ചുയരുന്നു
ഉടനെ
രാവു പറന്നു പോയ്
മരക്കൊമ്പിലില പൊഴിഞ്ഞ
ഞെട്ടിൽ
പാട്ടുകളിലകളായ്,
മരമൊന്നു കലുങ്ങി
കാറ്റു പോലും വന്നു നോക്കി
രാവിലിപ്പോൾ
രാവില്ല,
രാവില്ല
പാട്ടു മാത്രം
പാട്ടിൽ നാടു മാത്രം
നാട്ടിൽ താളം മാത്രം
താളത്തിൽ ഒരുമ മാത്രം
ഒരുമയിൽ
ഒരു മയിലാട്ടം.
എല്ലാരുമിപ്പോൾ മയിൽപ്പീലികൾ
പീലിക്കണ്ണിലിരുന്ന്
കുട്ടികൾ പാടുന്നു.
- മുനീർ അഗ്രഗാമി

ജീവിക്കുന്നു

പുതുകവിത - 44
ജീവിക്കുന്നു
.......................
കെട്ടുപോയ വെളിച്ചത്തിലിരുന്ന്
ഒരാൾ വീണ്ടും വായിക്കുന്നു,
ജീവിക്കുന്നു എന്നൊരു വാക്ക്
- മുനീർ അഗ്രഗാമി

കരിയിലക്കടുവകൾ

കരിയിലക്കടുവകൾ
..................................
എന്റെ മുറ്റത്ത് 
ഇന്നലെ രാത്രി
ഒരു മഴ നടന്നു പോയതിന്റെ 
പാടുകൾ നോക്കൂ

അതിന്നോർമ്മയിൽ
 കരിയിലക്കടുവകൾ
വിശ്രമിക്കുന്നു

അവയുടെ പുറത്തെ 
മഞ്ഞ വരകളിൽ 
രാത്രിയുടെ ഓർമ്മ 
നനഞ്ഞു കിടക്കുന്നു .

-മുനീർ അഗ്രഗാമി 




വാക്കിന്റെ ഊക്കിനാൽ

വാക്കിന്റെ ഊക്കിനാൽ
............
മിണ്ടരുത് !
ആയുധങ്ങൾ പറഞ്ഞു
അവയുടെ മൂർച്ചയിൽ
നിശ്ശബ്ദത കിടന്നു,
ഭയം ചിരിച്ചു

ആദ്യം
ഇണക്കിളികളിലൊന്നിനെ
നിശ്ശബ്ദമാക്കിയ
അമ്പിനോടൊരു വാക്കേ
എതിർത്തുള്ളൂ.

ആദ്യകാവ്യത്തിലേക്ക്
നടന്നതാ വാക്കിൻ വെളിച്ചത്തിൽ
മാത്രം;
അവസാന കാവ്യത്തിലും
വാക്കണയില്ല.

വാക്കിന്റെ ഊക്കിനാൽ തന്നെ
അടുക്കളയിൽ നിന്ന്
അരങ്ങത്തേക്കും
ചെളിയിൽ നിന്നും
തെളിയിലേക്കും .

ആയുധമൊരു
പരിണാമ ജീവിയാണ്.
ജീവനെടുക്കുവാനായ്
ജനിക്കുന്നത് .

മിണ്ടരുത്
എന്നൊരിരുണ്ട വാക്ക്
മുഖത്തടിക്കുമ്പോൾ
പല വാക്കുകൾ പിറന്ന്
സൂര്യനാവുന്നു
പലയിടങ്ങൾ പ്രകാശിക്കുന്നു

അസ്തമിക്കാത്ത പകൽ
കവിതയാകുന്നു 
വാക്കുകൾ പ്രകാശിക്കുമ്പോൾ 

- മുനീർ അഗ്രഗാമി

സഖാ

സഖാ
..........
നാവറുത്തിട്ട വാക്കിന്റെ
തണലിലുണ്ടായിരം പേർ
നോവറിയാതെ ധീരരായ്
അണിനിരക്കുവാൻ സഖാ !

-മുനീർ അഗ്രഗാമി 

ലൈറ്റ് ഹൗസ്

പുതു കവിത - 43
ലൈറ്റ് ഹൗസ്
........................
ഉപേക്ഷിക്കപ്പെട്ട ലൈറ്റ് ഹൗസിനെ
ഇടയ്ക്ക് വന്നു നോക്കുന്നു,
 അമ്പിളി
വെളിച്ചമിറ്റിക്കുന്നു ചുണ്ടിൽ
ദാഹജലം പോലെ, 
കണ്ണട പോലെ.

കാഴ്ചയില്ലെങ്കിലും
രാത്രിക്കടലിൽ
 അതിനു പരിചയമുള്ള
ചില തുളളികളുണ്ട് .
- മുനീർ അഗ്രഗാമി

രണ്ടു പുഴുക്കൾ

രണ്ടു പുഴുക്കൾ
.............................
രണ്ടു പുഴുക്കൾ ഇഴഞ്ഞു വന്നു
ഒരിലയിലിരുന്നു
കുറച്ചു നേരം തമ്മിൽ
നോക്കിയിരുന്നു
ഒരേ കൊക്കൂൺ
രണ്ടു പേരെയും പൊതിഞ്ഞു
അവരതിനുള്ളിൽ
സന്തോഷത്തിനുള്ളിലെന്നപോലെ
ഒന്നായി ഇരുന്നു
പൂക്കളേ,
കുറച്ചു നാൾ കഴിഞ്ഞ്
ഒരു ശലഭം നിങ്ങളെ കാണാൻ വരും

അതിന്റെ ചിറകുകൾ കണ്ട്
ജീവിതത്തിനിത്രയും
നിറങ്ങളോ എന്ന്
നിങ്ങൾ അത്ഭുതപ്പെടും

അതിന്റെ ഒരു ചിറക് നീയെന്ന്
ഒരു ചിറക് ഞാനെന്
അറിയാതെ
നാം പറഞ്ഞു പോകും.

- മുനീർ അഗ്രഗാമി
പുതു കവിത - 4 2
നാലുമണിപ്പൂവ്
..........................
കാണാതായ പൂവിൽ
നാലുമണിയുണ്ടായിരുന്നു
അതെവിടെയെന്ന്
തിരഞ്ഞ് തിരക്കായി
റോഡ് മുറിച്ചുകടക്കാനാവാതെ
യക്ഷൻ നിൽക്കുന്നു.


- മുനീർ അഗ്രഗാമി

അയാളിൽ

 അയാളിൽ
........................
വീണുപോയ പൂക്കാലം
ഇപ്പോഴും എഴുന്നേറ്റു നിൽക്കുന്ന
ഒരാളെ
ആദ്യമായി കണ്ടുമുട്ടി
പല്ലും നഖവും ഊരിയെറിഞ്ഞ്
ഒരു മഞ്ഞപ്പൂമ്പാറ്റയായി
അയാളിൽ ചെന്നിരുന്നു
ഉമ്മകളേറ്റ്
ഇടയ്ക്കിടെ മുഖം ചുവന്നു
റോസാപ്പൂവായി.
അയാൾക്കൊപ്പം നടന്ന്
സന്ധ്യകൾ പിറന്ന്
ചെമ്പകമായ്.
അയാൾക്കൊപ്പമിരുന്ന്
ഓർമ്മകളുടെ
ഒഴിഞ്ഞ ഇടങ്ങളിൽ മുളച്ച്
മന്ദാരമായി.
അയാളുടെ മടിയിൽ കിടന്ന്
ഓർകിഡുകളായി
പലനിറങ്ങൾ തൂവി.
പറക്കാൻ മറന്നു,
പൂമ്പാറ്റയായ് വന്ന കാര്യം മറന്നു,
പൂവായിരുന്നുപോയി.

അയാളിലെങ്കിലും
വാടാതിരിക്കുമല്ലോ
അയാളിലെങ്കിലും
കൊഴിയാതിരിക്കുമല്ലോ!

- മുനീർ അഗ്രഗാമി

പ്രാർത്ഥനക്കാറ്റ്

പ്രാർത്ഥനക്കാറ്റ് 
...................................
കാറ്റ്
ഏങ്ങിയേങ്ങി
വീശുവാനാവാതെ
നിശ്ചലമായ്
അടുക്കുവാൻ വയ്യ
ആരിലേക്കും ദൈവമേ,
ചുറ്റും മതിലുമായവർ
നിൽക്കുന്നു;
നടക്കുന്നു;
പറയുന്നു.
മതിലുകൾക്കകത്തൊതുങ്ങുവാൻ
നിനക്കാകുമോ ?
എനിക്കാകില്ല
മഴയ്ക്കാകില്ല
മഞ്ഞിനാകില്ല
നിനക്കുമാകില്ല ദൈവമേ!

മുമ്പേ നടന്നവർ
പൊളിച്ചെറിഞ്ഞ
അതിർത്തി രേഖകൾ
തെളിച്ചു വരയ്ക്കയാണവർ
പല നിറത്തിൽ
പഴയതിലും ഭീകരമായ്
വിദ്വേഷത്തുമ്പാൽ

അയിത്തമാണ് ദൈവമേ
കാക്കുമാറാകണം
പുനർജ്ജനിച്ചു വന്നതെന്റെ
കഴുത്തു ഞെരിക്കുന്നു
പ്രാർത്ഥന പോൽ
സങ്കടങ്ങളിങ്ങനെ പറഞ്ഞു
കാറ്റു നിശ്ചലമായ്;

തെരുവിലൊറ്റയായ്
ഒന്നുമറിയാതുറങ്ങും
നാരായണ ഗുരുവിന്റെ പ്രതിമയിൽ
ലയിച്ചു .

-മുനീർ അഗ്രഗാമി

ചന്ദ്രഗ്രഹണം

ചന്ദ്രഗ്രഹണം
..............
ഓ കൂടുതലൊന്നുമില്ല
നവോത്ഥാനം കഴിഞ്ഞ്, 
ഓ നിങ്ങളുടെ വിചാരം പോലെ
പുതിയ ഉദയമെന്നും പറയാം
ഉണർവ്വെന്നും പറയാം
ങാ, അതു കഴിഞ്ഞ്
അല്പനേരം
കറുപ്പായി ചന്ദ്രൻ
പിന്നെ 
അല്പനേരം ചുവപ്പ്,
അല്പനേരം ചാരൻ,
അല്പ നേരം നീല;
അന്നേരം വലുതെന്നു തോന്നിച്ചു
ശരിക്കും തോന്നിച്ചു.

പിന്നെ തിരിച്ചുപോയി
തനിനിറത്തിൽ നിന്നു
ചന്ദ്രൻ.
സോമൻ,
ഹരി,
കലാനിധി,
തരാനാഥൻ
എന്നിങ്ങനെ പല പേരിൽ
ചിരിച്ചുനിന്നു.

തനിനിറത്തിൽ
വെളുത്തു സവർണ്ണനായി
ഒ കറുപ്പേ പോ
ഫ! ചുവപ്പേ പോ,
എണ്ണക്കറുപ്പേ
വഴി മാറെന്ന്
നെഞ്ചുവിരിച്ചു.

നവോത്ഥാനം
ചന്ദ്രനു വെറുമൊരു
ഗ്രഹണമായിരുന്നോ?
അതു കാണാനായ്
അകത്തിരുന്നവരൊക്കെ
ഇപ്പോൾ പുറത്തെത്തിയോ ?

ഓ കൂടുതലൊന്നുമില്ല
നിങ്ങളും ഞാനും
കാണുമ്പോലെ
ചന്ദ്രനതാ നിൽക്കുന്നു
ക്ഷേത്രപ്രവേശനത്തിനു മുമ്പ്
നിന്ന പോലെ
ഗുരുവായൂർ സത്യഗ്രഹത്തിന്
മുമ്പു നിന്ന പോലെ
അരുവിപ്പുറം പ്രതിഷ്ഠയ്ക്ക്
മുമ്പ് നിന്ന പോലെ
അതേ നില്പ്!

എന്താ ല്ലേ!

- മുനീർ അഗ്രഗാമി

ദി സൗണ്ട് വാലി .

ദി സൗണ്ട് വാലി
............................
ചീവീടുകളുടെ ഉദ്യാനത്തിലിരുന്നു
ഒച്ചകൾ വിടർന്നു
പത്തുമണിയൊരു പാപ്പാത്തിയായി
അവയിലിരുന്നു ചിറകടിച്ചു

ചീവീടൊന്നു നിർത്തുമ്പോൾ
ചിലയൊച്ചകൾ പൊഴിഞ്ഞു
ഇല കൊഴിയുമ്പോലെ വീണ്
അനങ്ങാതിരുന്നു.

പത്തുമണി പറന്നു പോയി
പത്തര ചിറകടിച്ചു വന്നു
മറ്റൊരൊച്ചയിൽ
ഒരറ്റം മുതൽ മറ്റേ അറ്റം വരെ
പറന്നു
പാപ്പാത്തികൾ, 
പാപ്പാത്തികൾ
പല നേരം പല പാപ്പാത്തികൾ
ചിറകുകളിൽ കാലമെഴുതിയവ

ചീവീടുകൾക്കതുദ്യാനം
കാട്ടുകോഴികൾക്കതു
കൂട്ടുകൂടാനുള്ള വനനീലിമ
കൂടു കൂട്ടാനുള്ള താഴ്വര
എനിക്കത്
ആനയിറങ്ങും പേടി
വീട്ടിലേക്കുള്ള വഴി
അപ്പൂപ്പനെ പുലി പിടിച്ച കൊലവഴി

എന്നിട്ടും
ചീവീടുകളുടെ
ഉദ്യാനത്തിലിരുന്നുപോയി.
വൻമരങ്ങളിൽ
മീട്ടുമൊച്ചയിൽ
ചാരിയിരുന്നു പോയി.

മഴ 
പെയ്തു
 തോർന്ന ശാന്തതയിൽ .

- മുനീർ അഗ്രഗാമി

പ്രണയസമുദ്രം

പ്രണയസമുദ്രം
.............
നീ സംസാരിച്ചു
ഞാൻ കേട്ടു തീർന്നില്ല
നീ നൃത്തം ചെയ്തു
ചുവടുകളവസാനിച്ചില്ല
കണ്ടു തീരാതെ
ഞാനടുത്തിരുന്നു
നിന്റെ മുദ്രകളുടെ
കണ്ണുകളിൽ
ഇപ്പോൾ
നിറയെ ഞാൻ.
- മുനീർ അഗ്രഗാമി

പുതുകവിത - 42 മാനും കടുവയും

പുതുകവിത - 42
മാനും കടുവയും
.............................
മഴ , മാൻകുട്ടിയായ് കളിച്ച
പുൽമേട്ടിലെല്ലാം
വെയിൽ ,കടുവയായ് മേയുന്നു.
ഉണക്കപ്പുല്ലെല്ലാമതിൻ
രോമങ്ങൾ.
ഉണക്കക്കമ്പെല്ലാമതിന്നുടൽ വരകൾ.
- മുനീർ അഗ്രഗാമി

നഗര ഞരമ്പുകളിൽ

നഗര ഞരമ്പുകളിൽ
.............................
കൊതുകൾ തമ്മിൽ പറഞ്ഞു
കൊതുകൾ തിരിച്ചു പറന്നു
കൊതുകുകൾ തരിച്ചുനിന്നു
നഗര ഞരമ്പുകളിൽ
ഒന്നുമില്ല
ചുവപ്പില്ല ,നനവില്ല ,അലിവില്ല
അറിവില്ല
കടം കയറി നിശ്ചലമായ
നിസ്സംഗത തട്ടി
കൊതുകൊന്നു പിടഞ്ഞൂ
ആർത്തിയുടെ വാളേറ്റ്
ചിറകൊന്നു മുറിഞ്ഞു

പറക്കും വഴി പാമ്പായ്
ലഹരിപിടിച്ച്
ഇഴയുന്നൂ മെട്രോ
തിരക്ക് കുത്തിക്കോർത്ത
കൂട്ടങ്ങൾ
വഴി നീളെ വിടരുന്നു

ഓഫീസിലേക്കൊരു വഴി
സ്കൂളിലേക്കൊന്ന്
പേരറിയാകെട്ടിടങ്ങളിലേക്ക്
പലവഴി
ബ്ലാക്ക് മാജിക്ക് അലയുന്ന വില്ലകൾ
മണ്ണില്ലാ മനസ്സുകൾ
സ്വാർത്ഥതയുടെ ആരാധനയാൽ
നിവരുന്ന ഫ്ലാറ്റുകൾ

കുട്ടുകാരന്റെ ചുമലിൽ കൈവെച്ചു
നീയാരാ ?
അവൻ ചോദിച്ചു
ഞാൻ നീയാണെന്നു പറഞ്ഞ്
റൂമിയായി
ഒന്നു പോടാ എന്നു പറഞ്ഞവൻ
മാളിലേക്കു കയറി
പടം കണ്ടിറങ്ങുവോളം കാത്തിരുന്നു

പണ്ടു കൂടെ പഠിച്ചതാണ്
ഒന്നിച്ചു പാട്ടു പാടിയതാണ്
കാട്ടിൽ ടൂറു പോയതാണ്
ഇത്തിരി അവിലുമായ് വന്നതാണ്
ഒത്തിരി ഓർമ്മകളുമായ്
നിന്നതാണ്

അവനതുമായ് നിന്നില്ല
അവനതു തിന്നില്ല
തിന്നാനായ് നിന്നില്ല
നെടുമ്പാശ്ശേരിക്ക് പോയി
പേരറിയാത്താളാരോ വരാനുണ്ട്.

അവനെയും കൊണ്ടൊരു
കാറാവഴി പോയി
അവനില്ലാതവനിയിൽ
കൂട്ടില്ലെന്നോർക്കല്ലേ
പാറുന്നൂ കൊതുകുകൾ
കൂടെ നടക്കുന്നൂ കൊതുകുകൾ
കൊതുകകൾ
കൊതുകുകൾ
കൊതുകുകൾ മാത്രം!

പലർ വീണ വഴിയിൽ
വീണു കിടക്കുമൊരാളുടെ രക്തം
കൊതുകുകളതു കുടിച്ചില്ല
ആരെങ്കിലും അയാളെ
ആശുപത്രിയിൽ
കൊണ്ടു പോകണേ
എന്നു മാത്രം പ്രാർത്ഥിച്ചു.

-മുനീർ അഗ്രഗാമി
ഒരു മരം
.............
തോണിയിലാരുമാ വഴി
പോകാറില്ല
തോന്നലു പോലുമിപ്പോൾ
തോണിയേറി പോകാറില്ല

എനിക്ക് നടക്കുവാൻ 
ചരിഞ്ഞു നിന്ന് തന്ന 
മരമിപ്പോഴുമവിടെയുണ്ട്
ഞാനവിടെയില്ല

മരത്തിലൂടെ 
പു ഴകടക്കുവാൻ
അണ്ണാനുമുറുമ്പും
നടന്നു നടന്ന് എത്രയോ
തലമുറ കഴിഞ്ഞിരിക്കണം

പഠിച്ച കാര്യങ്ങളെന്നെ
നാടുകടത്തിയതിൽ പിന്നെ.
വേഗത്തിൽ ചലിക്കാൻ
ഞാനെന്റെ അടുത്ത തലമുറയെ
സ്കേറ്റിംഗ് പഠിപ്പിക്കുന്നു

ആ മരത്തിന്റെ പേരോർമ്മയില്ല
പഠിച്ച പുസ്തകത്തിലില്ല
ആ മരത്തിന്റെ സ്നേഹം
സിലബസ്സിലൊന്നുമില്ല

ഒറ്റയ്ക്കാവുമ്പോൾ
ആ മരത്തിനെ ഓർമ്മ വരുന്നു
അമ്മയെ ഓർമ്മ വരുമ്പോലെ.

-മുനീർ അഗ്രഗാമി

മരത്തിലൂടെ നടക്കുന്നു

മരത്തിലൂടെ നടക്കുന്നു
.....................
പുഴയ്ക്ക് കാവലായ്
ഒരു മരം നിൽക്കുന്നു
പുഴയുടെ മുഖത്തു നോക്കി
അതെന്തൊക്കെയോ പറയുന്നു

കൈകൾ വിടർത്തി
പുഴയെ തൊടുന്നു
ഉറുമ്പും ഞാനും അണ്ണാനും
മരത്തിലൂടെ നടക്കുന്നു

ജലത്തിലതിൻ മുഖം നോക്കി
മരത്തിലൂടെ മൗനിയായി നടന്ന്
പുഴ പകുതി കടക്കുന്നു
പുഴയുടെ നടുക്ക് മീനുകൾ
വീടുണ്ടാക്കുന്നതു കാണുന്നു
തണലിലിരിക്കുന്നതു കാണുന്നു

അപ്പുറത്തെത്തുവാൻ
അക്കരെ നിന്നും
മറ്റൊരു മരം വന്ന്
ഈ മരത്തിന്റെ കവിളിൽ
ചുംബിക്കണം

എന്നാൽ
ചുണ്ടുകൾ ചേരുന്ന വഴി
ആമരമീമരമെന്ന് പറഞ്ഞ്
അക്കരെ പോകാം

-മുനീർ അഗ്രഗാമി 

പുതുകവിത -41 ബാക്കി

പുതുകവിത -41
ബാക്കി
..............
കോപ്പും കൊടച്ചക്രവും
ഉരുണ്ടുരുണ്ട് പോയി.
ഞാൻ ബാക്കിയായി.
നിസ്സഹായനായി
അതു നോക്കി നിന്നു.
- മുനീർ അഗ്രഗാമി