സമയത്തുള്ളികൾ

സമയത്തുള്ളികൾ
...................
മഴ തോരുന്ന മാത്രയിൽ
നീയും ഞാനും
ഇലയായിരിക്കുന്ന മരം കരഞ്ഞു തോരുന്നു
മഴയിലായിരുന്നല്ലോ
മരത്തിലായി രുന്നല്ലോ
നാം രണ്ടു പേരും
വേരുകൾ നമുക്കു തന്നതിൻ രുചിയിൽ
വേദന മറന്നു നിന്നതായിരുന്നല്ലോ
ഇനിയുമെത്ര മഴ വരാനുണ്ടെന്ന തോന്നലിൽ
ഇലയായിരിക്കുന്നു
ഇളകിയിരിക്കുന്നു
മരം അമരമായൊരോർമ്മയായ്
മഴ കൊളളുവാൻ
കാത്തിരിക്കുന്നു
അല്ലെങ്കിൽത്തന്നെ
തോരുന്നതെങ്ങനെ
നിത്യവും വീണു ചിതറുന്ന
സമയത്തുള്ളികൾ.
-മുനീർ അഗ്രഗാമി 

കളിയുടെ നാനാർത്ഥം


തൂവാല

തൂവാല
..............
ഓർമ്മയുടെ തൂവാലയിൽ
രണ്ടു പൂവുകൾ
മുഖം തുടയ്ക്കുമ്പോൾ
കണ്ണീരു കുടിച്ചു വിടർന്നവ
ഒന്നു നീ
ഒന്നു ഞാൻ
ഇപ്പോഴും നാം നനയുമ്പോൾ
തോർത്തുവാനാ തൂവാല മാത്രം
- മുനീർ അഗ്രഗാമി

ബീഫ് ബിരിയാണി

ബീഫ് ബിരിയാണി
................................
പട്ടിണി കിടന്ന് മരിക്കാറായ
അമ്മ പറഞ്ഞു,
മോനേ നമ്മുടെ രാജ്യം
ബിരിയാണിച്ചെമ്പാണ്.
ഞാനും നീയും അതിൽ വേവുന്നു.
അരി മണികളായ നമുക്ക്
തീയാരു കത്തിക്കുന്നു
ആരുടെ കയ്യിലാണ് ചട്ടുകം
എന്നൊന്നുമറിയില്ല .
മോനേ
ആരും നിന്നെ ഇരയാക്കിയില്ലെങ്കിൽ
നീയതു കണ്ടു പിടിക്കണം .
നമ്മളില്ലെങ്കിലും ചെമ്പ്
ബാക്കിയാകും
ആരുടെ രുചിക്കുവേണ്ടിയാണ്
നാം പട്ടിണിയാകുന്നത് ?
ഇങ്ങനെ തിളച്ച്
തീരുന്നത് ?
പാകമാകാത്ത മകനെ
ആരോ ഇളക്കി മറിച്ചു
തീ കൂട്ടി .
അന്നേരം പുറത്തായിരുന്നെങ്കിൽ
അവനതു കണ്ടു പിടിച്ചേനെ .
പക്ഷേ അവൻ കടുതൽ അകത്തായി
അതു കണ്ട്
അമ്മ ഒന്നിളകി
കലങ്ങി
നിശ്ചലമായി.
ഇനി പുഴുവോ മനുഷ്യനോ
ആരു തിന്നാലെന്ത് !
ചെമ്പിൽ പുതിയ അരിമണികൾ അരിമണികൾ
അവരും പറയുന്നുണ്ടാവുമോ
രാജ്യത്തിൻ്റേയും ബിരിയാണി ച്ചെമ്പിൻ്റേയും ഉപമകൾ?
- മുനീർ അഗ്രഗാമി

എന്നെയെടുത്തു വരയ്ക്കുന്നു

എന്നെയെടുത്തു വരയ്ക്കുന്നു
.......................................................
സന്ധ്യ 
ചായക്കൂട്ടുകളെടുത്തു നിരത്തുന്നു
കടലൊരു പാത്രം ജലമായ്
വരയ്ക്കുവാൻ പറയുന്നു
ഞാനൊരു ബ്രഷായ് 
തീരത്തു നിൽക്കുന്നു.
അനിർവചനീയമാമൊരനുഭൂതി
എന്നെയെടുത്തു 

വരയ്ക്കുന്നു,
നിർമ്മലമാെമാരു 

നിർവൃതി തൻ ചിത്രം .

-മുനീർ അഗ്രഗാമി 


അകത്താണവൻ്റെ ചിറകുകൾ

അകത്താണവൻ്റെ ചിറകുകൾ
...........................................................
ഒരു പൂവിൽ നിന്നും
മറ്റൊരു പൂവിലേക്ക്
പൂമ്പാറ്റ പോകുന്നു
ഒരു ചിത്രത്തിൽ നിന്നും
മറ്റൊരു ചിത്രത്തിലേക്ക്
ആസ്വാദകൻ പോകുന്നു
അകത്താണവൻ്റെ ചിറകുകൾ
നിർവൃതിയുടെ കുഞ്ഞു തുള്ളികൾ
ചിത്രത്തിൽ നിന്നും പൂമ്പൊടി പോലെ
അയാൾ ശേഖരിക്കുന്നു
അയാൾ വരുമ്പോൾ
ആർട്ട് ഗാലറി പൂന്തോട്ടമാണ്
ചിത്രങ്ങൾ പൂക്കളും.
നിറങ്ങളിൽ നിറഞ്ഞ്
അകത്തൊരു ഗാലറിയുമായ്
തിരിച്ചു പോകുന്നവനാണ്
ആസ്വാദകൻ.

-മുനീർ അഗ്രഗാമി

നിറങ്ങൾ നോക്കി നിന്നു

 നിറങ്ങൾ നോക്കി നിന്നു
 ...................................................
നിറങ്ങൾ നോക്കി നിന്നു
മഴ വരച്ചു കൊണ്ടിരുന്നു
കിളികളും പൂക്കളും വന്നു
ചിങ്ങമൊരമൂർത്ത ചിത്രമായി
കാണുവാനടുത്തു ചെന്നു
ചിത്രം തൊട്ടു നോക്കി
ചാറ്റലിൽ കുതിർന്നു കിടക്കുന്നു
ഒരിളവെയിലിനെ കാത്തിരിക്കുന്നു
കയ്യിലാകെ ചായത്തുള്ളികൾ
വെളുപ്പിന്നു തുമ്പ യെന്നു പേര്
മഞ്ഞയ്ക്ക് മുക്കുറ്റിയെന്നും
ചുവപ്പിന്നു തെച്ചിയെന്നു പേര്
നീലയ്ക്ക് കാക്കപ്പൂവെന്നും
പച്ചയ്ക്ക് നിലത്താകെ നിറഞ്ഞു തൂവിക്കിടക്കുന്നു കറുകനാമ്പ്
പേരറിയാനിറങ്ങൾക്ക് കാട്ടുചേല് .
ഒരോ തുള്ളിച്ചായവും
മനസ്സിൽ മുക്കി വരച്ചു,
മുറ്റത്ത് വട്ടത്തിൽ പരിമിതമായി;
പൂക്കളമെന്നതിന്നു വിളിപ്പേര് .
അങ്ങനെ ചിത്രകാരനായി
ഒരമൂർത്ത ചിത്രം വരച്ചു തുടങ്ങി
ചിത്രത്തിലെ ഒരു പുള്ളിമാത്രമേ വരയ്ക്കാൻ കഴിഞ്ഞുള്ളൂ
ഓണമെന്നതിന്നു പേര്.
ചിത്രത്തിനുള്ളിലെ ചിത്രത്തിൽ
ചിത്രകാരനായിരിക്കെ
മഴ
ജലം കൂട്ടി
ചിങ്ങ ച്ചിത്രത്തിൻ്റെ ആകാശം
പുതുക്കി ചെയ്തു
നിറങ്ങൾ കണ്ടു കണ്ട് നിൽക്കെ
ഇതാ
തണുപ്പ് ഉള്ളിലെവിടെയോ ഇരുന്ന്
ബ്രഷിളക്കുന്നു.

-മുനീർ അഗ്രഗാമി

കുട്ടികളെല്ലാം തേനീച്ചകളാണ്.

കുട്ടികളെല്ലാം തേനീച്ചകളാണ്.
......................................................
കുട്ടികളെല്ലാം തേനീച്ചകളാണ്.
ചിങ്ങം വിടരുന്നു
പൂവായ പൂവൊക്കെയും അതിന്നിതളുകൾ.
കുട്ടികൾ തേൻ നുകരുന്നു
ഓർമ്മയുടെ തേൻ കൂടുകൾ പണിയുന്നു.
ഓരോ കുട്ടിയും
അവരുടെ ഓണം
അതിൽ ശേഖരിക്കുന്നു.

-മുനീർ അഗ്രഗാമി

സിന്ധു 
............
ഒരോടിൻ്റെ ചുവട്ടിൽ
നനയാതെ ഒരു രാജ്യം.

നൂറ്റി ഇരുപത്തി ഏഴു കോടി
കണ്ണീർത്തുള്ളികളുടെ മഴ.

ഗോവർദ്ധനം പോലെ
അതുയർത്തിപ്പിടിക്കാൻ
അവളു മാത്രം

കണ്ണാ നിന്നെ പോലെ
അവനും
ചിത്രത്തിലേയുള്ളൂ ഇപ്പോൾ !
 
- മുനീർ അഗ്രഗാമി

ഒരിടത്തിരുന്ന്

ഒരിടത്തിരുന്ന്
..............................
പ്രണയത്തെ കുറിച്ച്
ഇനിയൊന്നും എഴുതാനില്ലാത്ത ഒരിടത്തിരുന്ന്
രണ്ടു പേർ പ്രണയിക്കുന്നു
ഒന്നും മിണ്ടാതെ .
ഒരാൾ മറ്റൊരാളുടെ നാവിൽ
സ്വപ്നത്തിൻ്റെ ഒരല്ലി
വെച്ചു കൊടുക്കുന്നു.
ഒരാൾ മറ്റൊരാളുടെ വിരലിൽ
ആനന്ദത്തിൻ്റെ മോതിരമിടുന്നു
അവർക്കിടയിൽ
സൂര്യനുദിക്കുന്നു
ഒരാൾ മറ്റൊരാളുടെ കണ്ണിൽ
തുമ്പപ്പൂ വാകുന്നു
ഒരാൾ മറ്റൊരാളുടെ കണ്ണിൽ
മുക്കുറ്റിപ്പുവാകുന്നു
മഞ്ഞു പൊഴിയുന്നു
അവർ തൊട്ടു തൊട്ടിരിക്കുന്നു
അവരെ ചുറ്റി പൂക്കളമുണ്ടാകുന്നു
പൂമ്പാറ്റകൾ പാറുന്നു
കാറ്റ് ഒരു പാട്ടുമായ്
അവരെ വലം വെയ്ക്കുന്നു.
ചാറ്റൽ മഴ അവരിൽ നൃത്തമാടുന്നു.
ഉച്ചരിക്കാത്ത വാക്കുകൾ
അവരിൽ ഒളിച്ചിരുന്ന്
അവരുടെ നാമം ജപിക്കുന്നു
അവ പുറത്തിറങ്ങിയാൽ
കൊല്ലപ്പെടുമെന്നു പേടിക്കുന്നു
അവരുടെ പൂന്തോട്ടം കരിഞ് ഞു പോകുമെന്നു പേടിക്കുന്നു
നിശ്ശബ്ദതയുടെ കടലിൽ
മുങ്ങുമ്പോൾ
തിരകളിൽ അവർ എഴുത്തുകൾ വായിക്കുന്നു
പഴയവരുടെ നീന്തലിൻ്റെ
രഹസ്യം വായിക്കുന്നു
എഴുതിയതെല്ലാം
അവരുടെ കഥയാ കുന്നു
എഴുതിയതെല്ലാം
അവരുടെ കവിതയാകുന്നു
അവരുടെ അകത്ത്
രണ്ടു രാജ്യങ്ങളുണ്ട്
ഒന്നിൽ ഒരാൾ
മറ്റൊരാളെ താമസിപ്പിക്കുന്നു
മറ്റൊന്നിൽ രണ്ടു പേരും ഇരിക്കുന്നു
അവരുടെ നിലവിളിയാണ്
അതിൻ്റെ അതിർത്തി.
ഒരാൾ മറ്റെയാളുടെ കയ്യിൽ
ഒരു നാണയം കൊടു ക്കുന്നു;
ഹൃദയത്തിൻ്റെ ചിത്രമുള്ളത്.
അവിടെ മാത്രം പ്രാബല്യമുള്ളത് .
അവർ അവിടെ ഇരിക്കുന്നു;
ഇവിടെ ഇരിക്കുമ്പോൾ
എവിടെയും ഇരിക്കുമ്പോൾ
നടക്കുമ്പോൾ
കിടക്കുമ്പോൾ
സങ്കടമാണ്,
അവരുടെ കാര്യം.
എഴുതിയെഴുതി
തീർന്നു പോയ കഥയിൽ നിന്ന്
പുറത്തു കടക്കാനാവാത്ത
പാവങ്ങൾ!

-മുനീർ അഗ്രഗാമി

സ്വാതന്ത്യ്രദിനത്തിൽ അവൾ

സ്വാതന്ത്യ്രദിനത്തിൽ
അവൾ
..........................................
സ്വാതന്ത്യ്രദിനത്തിൽ
അവൾ സംസാരിച്ചു തുടങ്ങി :
ഞാൻ സ്വാതന്ത്യ്രത്തെ കുറിച്ച്
സംസാരിക്കുന്നു
സ്നേഹത്തിൻ്റെ കൂട്ടിലിരുന്ന്.

വരേണമേ എന്ന് ആഗ്രഹിച്ച,
നിൻ്റെ രാജ്യം വന്നു ;
സന്തോഷത്തിൻ്റെ റിപ്പബ്ലിക്ക് .
അതിരുകളില്ലാത്ത രാജ്യമില്ലലല്ലോ
മുള്ളു വേലികളില്ലാത്ത അതിർത്തിയില്ലല്ലോ
എൻ്റെ ആഗ്രഹങ്ങൾ
അവിടെ കാവൽ നിൽക്കുന്നു
രാജ്യത്തിൽ നിൻ്റെ ആനന്ദങ്ങളുടെ
ആഘോഷം നടക്കട്ടെ
പക്ഷേ അനന്തരം
ഒരു വിപ്ലവമുണ്ടായി
നോക്കൂ ഇരുമ്പു ചങ്ങലകളെല്ലാം
സ്വർണ്ണച്ചങ്ങലകളായിരിക്കുന്നു
ഞാൻ സ്വാതന്ത്ര്യത്തെ കുറിച്ചു സംസാരിക്കുന്നു
സ്നേഹത്തിൻ്റെ കൂട്ടിലിരുന്ന്
അതിൻ്റെ അഴികൾ ഓരോ കൊടിമരങ്ങൾ
ആരെല്ലാമാണ് അവിടെ കൊടികളുയർ ത്തുന്നത്?

- മുനീർ അഗ്രഗാമി

 
 
മിസ്സിംഗ്
..................
 മിസ്സിംഗ്
ഒരു ഇംഗ്ലീഷ് വാക്കല്ല
നീ ഇംഗ്ലണ്ടിലേക്ക് പോയാൽ 
കിടന്നു പിടയുന്ന
മലയാളമാണത് .

- മുനീർ അഗ്രഗാമി

ആസ്വാദകൻ


ആസ്വാദകൻ
....................
ആസ്വാദകൻ മരിച്ചുപോയാൽ
കവിത അവൻ്റെ ആനന്ദങ്ങളിൽ
അവനെ ഓർത്ത്
വെറുതേ കിടക്കും

അവൻ പോയ വഴി
സങ്കടങ്ങളുടെ പെരുവഴി
അവനേ പോയുളളൂ

അവൻ വായിച്ച വരികളിൽ
അവനനുഭവിച്ച അർത്ഥം
അവനില്ലാ ശൂന്യതയിൽ
പനിച്ചു പൊളളും

മരിച്ചവരുടെ ആടകൾ പോലെ
അവരിരുന്ന കസേര പോലെ
അവനെ നിറച്ച്
അവൻ വായിച്ച കവിത യിൽ നിന്ന്
അവൻ്റെ സാന്നിദ്ധ്യം
ഇരുളിൽ കാറ്റിളക്കു മ്പോലെ
ഒന്നു പിടയും

അവൻ്റെ വായന
അന്നേരം നിലാവായുദിക്കും
അവൻ നീലത്തടാകത്തിൽ
നീല വെളിച്ചമായി കിടക്കും

കവിത അവനിലേക്ക് നടക്കും
മരിച്ചെന്നു ആരു പറഞ്ഞാലും
അവൻ വായിച്ചു കൊണ്ടേയിരിക്കും

അവൻ വായിച്ച കവിത
അവൻ്റെ സ്വർഗ്ഗമാണ്

അവൻ കണ്ടെത്തിയ അർത്ഥമാണ്
അവിടെ അവൻ്റെ വീട്

അവൻ മരിച്ചെന്ന്
ആരു വിളിച്ചു പറഞ്ഞാലും
കവിതകളതു വിശ്വസിക്കില്ല
വിശ്വസിക്കില്ല

പനിച്ചു കിടന്ന ശൂന്യത
എഴുന്നേറ്റ്
കണ്ണീരിൽ കുളിച്ച്
അവനെ കെട്ടിപ്പിടിക്കും;
അവൻ വായിച്ചു കൊണ്ടേയിരിക്കും.
 
 
-മുനീർ അഗ്രഗാമി

മൂന്നു നിമിഷങ്ങൾ


മൂന്നു നിമിഷങ്ങൾ
................................

നിൻ്റെ ഇതളിൽ നിന്ന്
പുലരിയിലേക്ക് ഞാൻ
ഊർന്നു വീഴുന്നു
***
നിനക്കുമെനിക്കുമിടയിൽ
ഒറ്റത്തുള്ളി മഴയുടെ
ജീവിതമിറ്റുന്നു.
***
ആരും കാണാതെ
നിറയെ നീ പൂത്തുനിൽക്കുന്ന
പൂമരമാകുന്നു ഞാൻ.

--മുനീർ അഗ്രഗാമി

ഓർമ്മയുടെ ആത്മകഥ

ഓർമ്മയുടെ ആത്മകഥ
......................................
കലങ്ങിയൊഴുകുന്ന ഓർമ്മയിലൂടെ
ഓലപ്പുര ഒലിച്ചുപോയി
അതിനു ശേഷം സ്വപ്നങ്ങൾക്കു മുകളിൽ
ഓടിട്ടു.

അതിനു മുകളിലൂടെ
മഴ നടന്നു പോയി
ആഞ്ഞുവീശിയ ഓർമ്മയിൽ
ഓടുകൾ പറന്നു പോയി.
അതിനാൽ പ്രതീക്ഷകളിൽ ടെറസ്സിട്ട് വിശ്രമിച്ചു
ഇരിപ്പിടത്തിന്
തീപ്പിടിക്കുന്നു
കിടക്ക പുകയുന്നു
ഓർമ്മകൾ കരിയുന്നു
മഴ നടന്നതും കാറ്റു വീശിയതും
ഒരു പിടി ചാരമായി .

-മുനീർ അഗ്രഗാമി

കുഞ്ഞേ

കുഞ്ഞേ
..............
കുഞ്ഞേ
ഇടിമുഴക്കങ്ങളില്ല
കത്തിയെരിയുന്ന തീ നാളമില്ല
തകർത്തു നിറയുന്ന പേമാരിയില്ല
ചെറിയ ചാറ്റൽ മഴ മാത്രം!

കുടയില്ലാതെ
കൂട്ടില്ലാതെ
നീയതു കൊളളുന്നു
മഴ കൊണ്ടെന്നു പറയുന്നു;പേമാരിയുടെ
അനുഭവമെഴുതുന്നു
എൻ്റടുത്തു നിന്ന തുമ്പമൊട്ട് വിടരുന്നു
എനിക്കും നിനക്കുമിടയിലെ
എല്ലാ ചെടികളും പൂക്കുന്നു.
പൂക്കൾ നിന്നെ തിരിച്ചറിയുന്നു;
നീയവരെ തിരിച്ചറിയുന്നില്ല
കുഞ്ഞേ
അവയുടെ ഓരോ പേരും
നീ കൊള്ളാത്ത മഴയുടെ
തുള്ളികളാണ്.
തുമ്പികൾ നിന്നെ ചുറ്റി
കടന്നു പോകുന്നു
അവ വസന്തത്തിൻ്റെ വാഹനമാണ്
നിൻ്റെ സ്പ്നങ്ങൾക്ക്
അതിലൊരു സീറ്റുണ്ട്
അതിൽ കയറാൻ
വയൽ വരമ്പിലൂടെ നടക്കണം
നിൻ്റെ ചെരിപ്പ്
അതിനനുവദിക്കാത്ത പോലെ,
എൻ്റെ ചെരിപ്പ്
നിന്നിലേക്കു തിരിച്ചു നടക്കുന്നില്ല
നീ കരയിലും
ഞാൻ വയലിലും നിന്ന്
ഒരേ തത്തമ്മയെ കാണുന്നു .
ഞാൻ കണ്ടതിൻ്റെ ചുണ്ടിൽ
കതിരുണ്ടായിരുന്നു
നീ കണ്ടത് കൂട്ടിലായിരുന്നു
കുഞ്ഞേ
ഇല്ല ഒന്നുമില്ല
ചാറ്റൽ മഴ മാത്രം
നീ കൊളളുക .
ഞാൻ നനഞ്ഞതിൻ്റെ ഓർമ്മയിൽ
നനഞ്ഞു കുതിരുന്നെങ്കിലും .
- മുനീർഅഗ്രഗാമി

കളി

കളി
........
നാം കളിച്ച കളികളൊന്നും
കളികളല്ലെന്ന തോന്നൽ
പോൾവാൾട്ടിലുയർന്നുചാടുന്നു
ചില കളിക്കാഴ്ച്ചകളിൽ

കളി കാര്യമായതല്ല
കാര്യം കളിയായ പോൽ
മീനിലും വേഗത്തിൽ നീന്തുന്നു
മാനിലും വേഗത്തിലോടുന്നു
കളിക്കൂട്ടുകാരാ
ഇനി നമുക്കാകില്ലാരെയും
കളിയാക്കുവാൻ
കളിക്കളം യുദ്ധക്കളമാകയാൽ
കളിക്കുവാൻ പഠിച്ചില്ല നാം
കളികളേ പഠിച്ചുള്ളൂ
ട്യൂഷനൊഴിഞ്ഞ സമയത്തിൻ്റെ
എതോ സൂക്ഷ്മ ധൂളിയിലിരുന്ന്.


-മുനീർ അഗ്രഗാമി

വീട് ;ഒരു ഇൻസ്റ്റന്റ് കവിത

വീട് ;ഒരു ഇൻസ്റ്റന്റ് കവിത
.................. ...............
മാവിലകൾ വീണു കൊണ്ടിരുന്നു
വീണവ
വീഴാനുള്ളവയെ കാത്ത്
മലർന്നു കിടന്നു പിടഞ്ഞു

മുറ്റം
അവയെ കുഞ്ഞുങ്ങളെയെന്ന പോൽ
ചേർത്തു പിടിച്ചു
ഒരു കാറ്റതിലെ നടന്നു വന്നു
ഒരപ്പൂപ്പൻ താടി പറന്നു വന്നു
അകത്താര് ?
കാറ്റ് വാതിലിൽ മുട്ടി
പുറത്താരെന്നൊരു പല്ലി പോലും ചോദിച്ചില്ല
കാളിയുടെ ചിത്രം ചിതലരിച്ചുവോ ?
മാവ് ,
കാറ്റിനെ നോക്കി കരഞ്ഞുവോ?
മഴ പൊടിഞ്ഞുവോ ?
വീടും നനഞ്ഞുവോ ?
മഴനൂലുകൾ മാവിലൂഞ്ഞാലു കെട്ടിയോ ?
വൈലോപ്പിളളിയെ പോൽ
'മാമ്പഴം' കാറ്റു മൂളിയോ ?
ഗെയിറ്റിൽ വലിഞ്ഞുകയറി നോക്കിയ
കാട്ടുവള്ളികൾ കണ്ടതാണിത്രയും
അവ കരഞ്ഞുവോ?
മഞ്ഞു തുള്ളികൾ മണ്ണിലിറ്റിയോ ?
നാടുവിട്ടു പോകും വഴിയാ
കുഞ്ഞു വളളികൾ
അങ്ങോട്ടു നോക്കിപ്പോയൊരെന്നോട്
കൂട്ടുകാരനെന്നോർത്തു
പറയുന്നു
മുഴുവനും കേട്ടില്ല
തിരക്കിൽ നീന്തി
കടൽമീനായവൻ
നിന്നില്ല ,
സമയത്തിൻ്റെ മുൾമുനയിൽ;
മറ്റുമുള്ളുകൾ വിളിക്കുന്നൂ
നടക്കുന്നു,
വിമാനമേറേണ്ടവൻ ;
പ്രവാസ സ്ഥൻ!
- മുനീർ അഗ്രഗാമി

പ്രാർത്ഥന


പ്രാർത്ഥന
..................
തുമ്പികളുടെ രാജ്യം വരേണമേ
എന്നൊരു പ്രാർത്ഥന;
വിത്തിൽ നിന്നിറങ്ങി
കുഞ്ഞിലകൾ കൈകൂപ്പുന്നു.
മഴയ് ക്കൊപ്പം അവരതു പാടുന്നു
മുട്ടുകുത്തി യെഴുന്നേൽക്കുന്നു
എല്ലാ അസഹിഷ്ണുതയ്ക്കും മുകളിൽ
തുമ്പികൾ പാറുമെന്നും
എല്ലാം മറന്ന്
എല്ലാവരു മതു നോക്കി നിൽക്കുമെന്നും
ഞാൻ വിചാരിക്കുന്നു
ഒരണുബോംബിൻ്റെ
ഓർമ്മ മാത്രമേ വന്നുള്ളൂ
വിചാരം പൊട്ടിത്തെറിച്ചു
എത്ര വിത്തുകളാണ്
ഒരു സ്ഫോടനത്തിൽ കത്തിപ്പോകുക !
അങ്ങനെ കത്തിപ്പോയാൽ
തുമ്പികളുടെ രാജ്യം വരേണമേയെന്ന്
ആരാണ് പ്രാർത്ഥിക്കുക ?
--മുനീർ അഗ്രഗാമി
റ്റയ്ക്ക്
ഒരു മഴ.
.............
ഒറ്റയ്ക്ക് ഒരു മഴ
ചിറകൊതുക്കാതെ ചിനുങ്ങുന്നു
അതിൻ്റെ 
കൊക്കിലെൻ്റെ മനസ്സ്

നിറഞ്ഞു തുളുമ്പുന്നു തടാകം
അതിൽ പറന്നിറങ്ങുന്നു
മഴയരയന്നം

അതു കാണുവാനൊരു പുഴ
കരകവിയുന്നു;
കരഞ്ഞു കരഞ്ഞതിൻ
കരകളായി ഞാൻ പിളരുന്നു

തേങ്ങിത്തേങ്ങിയതിലൊഴുകുന്നു
പെയ്തു തീരാതെ
ഒറ്റയ്ക്ക്
ഒരു മഴ!
 
-മുനീർ അഗ്രഗാമി

സ്വപ്നത്തുള്ളി .

സ്വപ്നത്തുള്ളി .
...........................
സ്വപ്നത്തിൻ്റെ തുള്ളികൾ പെയ്യുന്നു
ഒരു തുള്ളി കുടിച്ച്
ഇല പൊഴിഞ്ഞ ആത്മാവ്
തളിരുടുക്കുന്നു

അബോധത്തിൻ്റെ താഴ് വരയിൽ
മനസ്സ് പൂവിടുന്നു
ഉണരുവോളം ഒരു വസന്തം
ചിത്രശലഭമായ് പാറുന്നു
നീയതു കാണാൻ വന്ന
കുയിൽ;
കൂവൽ പാട്ടായിത്തീരുന്ന
മരച്ചില്ലയിൽ നീയിരിക്കുന്നു
അതെൻ്റെ ആത്മാവല്ലാതെ
മറ്റൊന്നുമല്ല
ഒരേ കാറ്റിൽ നീയും ഞാനും
ഒരിതളായി ആടുന്നു
നമ്മെ രണ്ടു പേരെയും
നനച്ചു പെയ്യുന്ന
ഈ തുള്ളികളില്ലാതെ
നമുക്കില്ല രാത്രി
നമുക്കില്ല മഴ
ഉറക്കം
എല്ലാ ഋതുക്കളേയും
അകത്തൊളിപ്പിച്ച
മഹാ ഋതുവാണ്
അതിനകത്ത്
മഴയുടെ വഴിയിൽ
പൂക്കൾ ചോദിച്ച്
ഓണം കാത്തു നിൽക്കുമ്പോലെ
എൻ്റെ വഴിയിൽ നീയും
നിൻ്റെ വഴിയിൽ ഞാനും
കാത്തു നിൽക്കുന്നു
- മുനീർ അഗ്രഗാമി

താളം


താളം
........
വയലിലെല്ലാം
വലിയ വികസനം വന്നപ്പോഴേ
ചെളിയിൽ വിളഞ്ഞ താളം പോയി

പുഴയിലെല്ലാം
വെയിലിൻ്റെ യുളളം തെളിഞ്ഞപ്പോഴേ
ഒഴുക്കിൻ്റെ താളം പോയി

വസന്തത്തിലെല്ലാം
വിഷം നിറഞ്ഞപ്പോഴേ
മണത്തിൻ്റെ താളം പോയി

പൂത്തു നിന്ന മരമെല്ലാം
കടലു കടന്നപ്പോഴേ
കാടിൻ്റെ താളം പോയി

മഴയെല്ലാം
കരഞ്ഞു കലങ്ങിയപ്പോഴേ
പെയ്ത്തിൻ്റെ താളം പോയി

കിളികളെല്ലാം
ഓർമ്മയിൽ നിന്നും
പറന്നകന്നപ്പോഴേ
ചിറകിൻ്റെ താളം പോയി

ചുറ്റുമാരോ വരച്ച വൃത്തത്തിൽ
നിന്നു തിരിയവേ
എൻ്റെ താളവും പോയി.

-മുനീർ അഗ്രഗാമി

വാവേ വാവേ


വാവേ വാവേ
.......................
പാപനാശിനിയിൽ
ഈറനുടുത്തു നിൽക്കുന്നു രാത്രി

വാനത്തിൻ നാക്കിലയിൽ
നക്ഷത്ര വറ്റുകൾ

ഇരുളിൻ കാക്കകൾ
പാറിയെത്തുന്നു

കർക്കിടക മതു നോക്കി
കണ്ണീർ വാർത്തു നിന്നു പോയ്

ഏതോ പൂർവ്വ സ്മരണയാൽ
മണ്ണു നനഞ്ഞു കുതിരുന്നു

നാക്കില ശൂന്യമാകുന്നു
കാക്കകൾ പറന്നു പോകുന്നു

വെളുത്ത ഓർമ്മകളിൽ കിടന്നു്
പുതുപുലരി പിറക്കുന്നു

വാവേ വാവേ എേന്നാരോരോ ഭാഷകളിൽ
കിളികളതു വഴിയിതുവഴി...
-മുനീർ അഗ്രഗാമി

ഇരുട്ടിലൂടെ നടക്കുമ്പോൾ


ഇരുട്ടിലൂടെ നടക്കുമ്പോൾ
........................

ഇരുട്ടിലൂടെ നടക്കുമ്പോൾ
രാത്രിയുടെ
മുടി നരയ്ക്കുന്നു

സ്പ്നത്തിൻ്റെ
പൊടിയും പൊട്ടും
കിളിയൊച്ചകൾ കൊത്തിത്തിന്നുന്നു

സ്പ്നത്തിൻ്റെ ചുളിവുകളിൽ
മഞ്ഞു പെയ്യുന്നു

രാത്രി മരിക്കുന്നു;
നാം ഉണർന്ന്
വന്നു നോക്കുന്നു

പ്രകാശരശ്മികൾ
നമ്മുടെ കണ്ണുകളിൽ
അതിനെ അടക്കം ചെയ്യുന്നു.

സൂര്യനു വീ.ടിയെന്നും ഗുരുവെന്നും
കേളപ്പനെന്നും പര്യായങ്ങൾ

നേരം
എത്ര നേരം ഇരുട്ടിലൂടെ നടന്നിട്ടാവും'
വെളുത്തത് ?

മരിച്ചവരൊന്നും സംസാരിക്കാത്തതിനാൽ
ജീവിച്ചു തന്നെ അറിയണമത്.

അയ്യങ്കാളിയുടെ പിന്മുറക്കാരായിട്ടും
വെളിച്ചത്തിലും
നാം ഇരുട്ടിലൂടെ നടക്കുമ്പോൾ.

- മുനീർ അഗ്രഗാമി

മഴജന്മം

മഴജന്മം
.. ..............
പെയ്യുവാനാകാതെ
വിങ്ങുന്ന മേഘമേ
എൻ്റെ കണ്ണുകളിൽ
നോക്കി നിൽക്ക്!

നിറയുവാ നാകാതെ
വിതുമ്പുന്ന തടാകം പറഞ്ഞു.
അങ്ങനെ
മഴയുണ്ടായി
.
- മുനീർ അഗ്രഗാമി
കീടങ്ങൾ
..................
പ്രകാശം
അനന്തമായ ഇരുട്ടിലെ
മിന്നാമിനുങ്ങു മാത്രം;
സൂര്യനും
താരകങ്ങളും
കുഞ്ഞു കീടങ്ങൾ മാത്രം.


- മുനീർ അഗ്രഗാമി
മുല്ല പ്പൂവിലിറങ്ങുന്നു
.......................................

ഒരു ചിവീടിൻ്റെ കരച്ചിലിൽ കയറി
രാത്രിയിലെത്തുന്നു
നിലാവിനൊപ്പം
മുല്ല പ്പൂവിലിറങ്ങുന്നു

സുഗന്ധത്തിനൊപ്പം
മതിലു കടക്കുന്നു;
നിൻ്റെ മനസ്സിലെത്തുന്നു
മൂങ്ങയതിൻ മൂളലിലിരുത്തി
ഒരു മരക്കൊമ്പിൽ വെയ്ക്കുന്നു
മഞ്ഞുതുള്ളിയേ വാ
വന്നെന്നെ താഴെയിറക്ക്!
പിണങ്ങിപ്പോയ ഉറക്കമിതാ
താഴെ വന്നു കാത്തിരിക്കുന്നു.

- മുനീർ അഗ്രഗാമി

വികസനപുരുഷൻ

വികസനപുരുഷൻ
.................................
എൻ്റെ നാട്ടിലെ വികസനം
വഴിതെറ്റിയ പുരുഷനാണ്;
കറുത്ത രക്തമുള്ളവൻ
അവൻ താഴ് വരയിൽ നിൽക്കുമ്പോൾ
പുഴയെല്ലാം അവൻ്റെ
ഞരമ്പുകൾ
വാ തുറന്നാൽ
മരമെല്ലാം അവന് ഭക്ഷണം
പാറകളവനു
പഞ്ഞിമിഠായി
കുന്നെല്ലാമവനു
ചിരട്ടപ്പുട്ടുകൾ
വാസ്തുശാസ്ത്രത്തിൽ ചുരുണ്ടിരിക്കുന്ന അപ്പൂപ്പൻ
ഇടയ്ക്കൊന്നു ഞരങ്ങിയതേയുള്ളൂ
അന്നേരമവൻ
വിരലുകൾ കൊണ്ട്
കുത്തിപ്പൊട്ടിച്ചത്
അദ്ദേഹത്തിൻ്റെ കണ്ണുകൾ
അവൻ വരുമ്പോൾ
ഞങ്ങൾ പേടിച്ച്
വീട്ടിൽ നിന്നിറങ്ങിപ്പോകണം
ഇല്ലെങ്കിൽ
വീടെല്ലാ മവനു തുപ്പൽപൊട്ടികൾ
എൻ്റെ നാട്ടിലെ വികസനം
വഴിതെറ്റിയവനാണ് ,
വഴിയറിയാത്തവനാണ്
അവനു വഴി കാണിക്കുവാൻ
പുതിയ താര മുദിക്കുമോ ?
-മുനീർ അഗ്രഗാമി

ജന്മം

ജന്മം
..........
ഒരിക്കൽ ഒരു മരപ്പൊത്തിൽ വെച്ച്
നമ്മൾ രണ്ടു പേരും കണ്ടുമുട്ടും
അപ്പോൾ നമ്മുടെ ഇപ്പോഴത്തെ വംശം
നശിച്ചിട്ടുണ്ടാകും
അന്ന് നമ്മുടെ ഇറച്ചിയ്ക്ക് ആരും വില പറയില്ല
നമ്മുടെ തൂവലിനു് ആവശ്യക്കാരായി
ആരുമുണ്ടാവില്ല
നാം കുഞ്ഞുങ്ങളെ താരാട്ടിക്കൊണ്ടിരിക്കെ
മരമാരും മുറച്ചുകൊണ്ടു പോകില്ല
അപ്പോൾ മഴ പെയ്യും
മരപ്പൊത്തിലിരുന്ന്
കൊക്കുകൾ ചേർത്ത്
നാമതു കൺ നിറയെ കാണും
വംശനാശം വന്ന ജീവികളെ കുറിച്ച്
നാമൊരക്ഷരം മിണ്ടില്ല
ഭൂപടമില്ലാത്ത ഭൂമിക്കു മുകളിലൂടെ
അതിരുകളെ കുറിച്ച് ആശങ്കയില്ലാതെ
പറന്നു പോകും
ചിറകില്ലാതെയും വാലില്ലാതെയും
കഴിയുന്ന ഈ ജന്മത്തിൽ
ഇളവെയിലിൻ്റെ തുമ്പത്ത്
സമാധാനത്തോടെ ഒന്നിരിക്കാൻ പോലും ആരും
സമ്മതിച്ചില്ലല്ലോ.


-മുനീർ അഗ്രഗാമി
പൂക്കളം
.............
പൂക്കളം
ഒരു സൗരയൂഥം;
തുമ്പ സൂര്യൻ.
അതിനെ ചുറ്റുന്ന
മുക്കുറ്റിപ്പൂവെന്ന
മഞ്ഞ ഗ്രഹം
അതിൽ
ഏകകോശജീവിയാണ്
എൻ്റെ മനസ്സ്.


- മുനീർ അഗ്രഗാമി 
നിശ്ശബ്ദത നിശ്ശബ്ദമായ്
എനിക്കൊപ്പം നടക്കുന്നു
...........
അന്ധകാരത്തെ കുറിച്ച്
ഇനിയെനിക്കു പരാതിയില്ല
എറൻ്റ നിഴൽ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു
പ്രകാശരശ്മികൾ എന്നിൽ പതിക്കുന്നു
ബുദ്ധൻ, യേശു ,റസൂൽ, മാർക്സ്, ഗാന്ധിജി എന്നിവ അവയിൽ ചിലതിൻ പേരുകൾ മാത്രം
മഴ ,മഞ്ഞ് ,കാറ്റ് ,കടൽ
എന്നിവ അവയിൽ ചിലതിൻ പേരുകൾ മാത്രം
അമ്മ ,അച്ഛൻ ,കൂട്ട്
എന്നിവ അവയിൽ ചിലതിൻ പേരുകൾ മാത്രം
വെളിച്ചത്തിൽ മാത്രം തെളിയുന്ന
നിശ്ശബ്ദതയുടെ ചിത്രം ,
നിഴൽ.
നിശ്ശബ്ദത നിശ്ശബ്ദമായ്
എനിക്കൊപ്പം നടക്കുന്നു
വെളിച്ചത്തിൽ ഞാനുണ്ടോ എന്ന്
എൻ്റെയുള്ളിൽ നിന്നും
പുറത്തിറങ്ങി
എന്നെ നോക്കുന്നു
നിഴൽ
വെളിച്ചമെന്നെയെന്തു ചെയ്യുമെന്നൊരുൽക്കണ്ഠയാൽ
വെളിച്ചത്തിനെതിരെ നിന്ന്
ഒപ്പം നടക്കുന്നു
വെളിച്ചം പാവമാണ്
അതാരെയും ഉപദ്രവിക്കാതെ
വഴി തെളിയിക്കുന്നു;
തെളിക്കുന്നു
നിഴലാകുവാൻ
വെളിച്ചത്തിൽ കുളിക്കണം
ഓരോ വെളിച്ചത്തിലോരോ നിഴലുകൾ
ഒറ്റപ്പെടലിൽ നാട്ടു വെളിച്ചത്തിൽ
ഏകാന്തതയുടെ നിഴൽ
ഓർമ്മയുടെ സൂര്യ വെളിച്ചത്തിൽ
രാത്രിയുടെ നിഴൽ
അതിൽ താരകങ്ങളുടെ ചിരി
മാവിലകളുടെ ചലനം
ഊഞ്ഞാലിൻ ദോലനം
നിഷ്കളങ്കതയുടെമിന്നാമിന്നി വെളിച്ചത്തിൽ
ഒരു കുഞ് ഞു പുഞ്ചിരിയിൽ
സ്വപ്നത്തിൻ്റെ നിഴൽ
ആശയങ്ങളുടെ റാന്തൽവെളിച്ചത്തിൽ
രാഷ്ട്രം നിശ്ശബ്ദമായ് തെളിയുന്നു
സമൂഹം തെളിയുന്നു
വ്യക്തി തെളിയുന്നു
നിഴലുകളാടുന്നു
എൻ്റെ നിഴലുകളുടെ ഇടയൻ ഞാൻ തന്നെ
പക്ഷേ ,
അവയുടെ ജീവൻ നെയ്യുന്നത്
പ്രകാശരശ്മികളാണ്.
നിഴലിൻ്റെ നിശ്ശബ്ദതയിൽ
വെളിച്ചത്തിൻ്റെ ചരിത്രമുണ്ട്
നിഗൂഢ ലിപികളിൽ ഫോസിലുകളിലെന്നപോലെ
അതെഴുതിയിരിക്കുന്നു .
-മുനീർ അഗ്രഗാമി

ആപ്പിൾ ഭൂമിയാകുന്നു

ആപ്പിൾ ഭൂമിയാകുന്നു
......................
പുലരി
ഒരു ആപ്പിൾ;
തുടുത്ത് .
നോക്കി ,
അതിൻ്റെ
തൊലിയുരിക്കുന്നു
ഞാനും സുര്യനും
വെളുത്ത്
മെല്ലെ
മണ്ണു തെളിയുന്നു
നഗ്നതയിൽ
ആപ്പിൾ
ഭൂമിയാകുന്നു
-- മുനീർ അഗ്രഗാമി

നഗ്നരാവുമ്പോലെ

നഗ്നരാവുമ്പോലെ
................
ആഴത്തിൽ വേരുകൾ പിണഞ്ഞു കിടക്കുന്ന
ഒരു സ്വപ്നം ഇലപൊഴി ക്കുന്നു
അതിൻ്റെ തണലിരിരുന്ന നാം
നഗ്നരാവുമ്പോലെ വെയിലു കൊള്ളുന്നു
അസഹ്യമായ വേനലിൽ ഉണങ്ങാതെ
തളിരിടുമെന്ന പ്രതീക്ഷയാൽ നാമിരി ക്കുന്നു
എന്നിലും നിന്നിലുമുണ്ടതിൻ്റെ വേരുകൾ
കണ്ണീർ കുടിച്ചിപ്പോഴും ഹൃദയമുണങ്ങാതെ
ആഴത്തിൽ വിരലോടിച്ച്.

- മുനീർ അഗ്രഗാമി

പുസ്തകം

പുസ്തകം
.......................
വാലിൽ തീയുമായി
കേരളം ചുറ്റുന്ന തലക്കെട്ട്.
അക്ഷരത്തീ പടരുന്നു

ചിന്താവിഷ്ടയായി
ഏതോ സ്വപ്നത്തിൽ
തൻ്റെ ദൈവത്തിൻ്റെ ചിത്രം മാത്രം കാണുന്ന പതിവ്രതയായ
ഉള്ളടക്കം
അസ്വസ്ഥതകളുടെ ചിത്രം പതിച്ച
പുറം ചട്ട
ഇരുട്ടിൻ്റെ താളുകൾ
മഴവിരലുകളാൽ മറിച്ച്
കർക്കിടകം അതു വായിക്കുന്നു
തീ പടരുന്നു
രാക്ഷസക്കോട്ടകളെ അതെരിച്ചേക്കും
രാ മായുവാൻ
തീക്കൊള്ളി കൊണ്ട്
ഇനിയുമെഴുത്തുകാരൻ എഴുതും
ഭക്തിയും വിഭക്തിയും
ഒരേ ബെഞ്ചിലിരുന്ന്
അതു പഠിക്കും
ലോകനന്മയ്ക്കായ് അവരൊരേ സ്വരത്തിൽ
മന്ത്രിക്കും
രാ-മായണം
രാ- മായണം .
- മുനീർ അഗ്രഗാമി

തലമുറകൾ

തലമുറകൾ
.......................
മുത്തശ്ശൻ കുടിയാനായിരുന്നു
പന്തിഭോജനത്തിൽ പങ്കെടുത്ത
മനുഷ്യനായിരുന്നു
അയിത്തത്തിനെതിരെ നടന്നതിനു്
തല്ലു കൊണ്ടു മരിച്ചു പോയി

വല്യച്ഛൻ പാർട്ടി സെക്രട്ടറിയായിരുന്നു
ഒഴിവു ദിനത്തിൽ
കപ്പക്കൃഷി ചെയ്യുമായിരുന്നു
വസൂരി വന്ന് അദ്ദേഹത്തെ
കൊണ്ടു്േപായി
അച്ഛൻ മാഷായിരുന്നു
റിട്ടയറായപ്പോൾ
വായനശാലയുടെ സെക്രട്ടറിയായി
മദ്യ വിരുദ്ധ സമരപ്പ ന്തലിൽ വെച്ച്
അറ്റാക്കു വന്നു
ഞാനും മാഷാണ്
റിട്ടയറായി
ഇപ്പോൾ അമ്പലക്കമ്മിറ്റി പ്രസിഡണ്ടാണ്
പുനർപ്രതിഷ്ഠയുടെ അന്ന്
ഷുഗറു കൂടി ബോധം പോയി
ഇപ്പോൾ ഞങ്ങളുടെ ആശുപത്രിയിലാണ്
മകൻ ഡോക്ടറാണ്
അവനിപ്പോൾ ഇവിടെയില്ല
ഞങ്ങളുടെ ജാതിയുടെ
സമ്മേളനത്തിൻ്റെ തിരക്കിലാണ്
അവനാണ് കരയോഗം സെക്രട്ടറി
അവൻ്റെ മകൻ മിടുക്കനാണ്
നാലാം ക്ലാസിലാണ്
ലീഡറാണ്
ഞങ്ങളുടെ ജാതിക്കാരുടെ മാനേജ്മെൻ്റ് തന്നെ
ഇംഗ്ലീഷ് മീഡിയം .
അവനും എന്നെ കാണാൻ വരില്ല
അവിടെ മതപഠന ക്യാമ്പിലാണ്
സാരല്ല
പഠിച്ചു മിടുക്കനാവട്ടെ
നാളെയുടെ പൗരൻ !
- മുനീർ അഗ്രഗാമി

കാഴ്ചയിൽ നിന്നോരോ തുള്ളികൾ

കാഴ്ചയിൽ നിന്നോരോ തുള്ളികൾ
......................................................................
ഇപ്പോൾ മഴ പെയ്യുകയും
നിലാവത് നോക്കി നിൽക്കുകയും ചെയ്യുന്നു .
അതു കാണെ
നമ്മൾ രണ്ടു പേരിലും
കാഴ്ചയിൽ നിന്നോരോ തുള്ളികൾ വീഴുന്നു.
അതിൽ നീന്തി
വീഴ്ചയിൽ നിന്നും
കരേറുന്നു നാം.


- മുനീർ അഗ്രഗാമി

ബ്രോ

സ്റ്റാച്യൂ ജംഗ്ഷനിൽ
മറൈൻ ഡ്രൈവിൽ
മാനാഞ്ചിറയിൽ
അവരിരിക്കുന്നു
നിൽക്കുന്നു
പണ്ടൊക്കെ അവരവിടെ ഇരുന്നാൽ
അവർക്കിടയിൽ കുറെ വാക്കുകൾ
വന്നിരിക്കും
കുറസോവ കൂമൻകാവ്
ക്യുബിസം
സോവിയറ്റ് വിയറ്റ്നാം ഫലസ് ത്തീൻ
എന്നിങ്ങനെ .
അവയൊക്കെ എവിടെപ്പോയി ?
പോയതു പോകട്ടെ
പുതിയവ വരട്ടെ .
മരണവും ജനനവും പോലെ .
ബാറ് വാക്കേറ്റം
നാലാം ലിംഗം
തിരോധാനം
സിറിയ
എന്നിങ്ങനെ നടക്കാൻ തുടങ്ങിയ
ചില പുതിയ വാക്കുകൾ
അവരുടെ ഇടയിൽ ഇരിക്കാത്തതെന്ത് ?
സി സി ടി വി യിൽ
ലൈവായി അവരെ കാണാം
എന്നിട്ടും നേരിട്ട് അവരുടെ അടുത്തുചെന്നു
വാക്കുകളുടെ വിത്ത് കൊടുക്കാൻ ചെന്നു .
അവർ പ്രശ്നക്കാരല്ല
പ്രഫഷണൽ കോളജിൻ്റെ യൂണിഫോമിൽ
നല്ല ചന്തത്തിൽ ഇരിക്കുന്നു
യുവാവേ എന്നു വിളിച്ചു
വാ ബ്രോ
എന്നു മറുപടി കേട്ടു
അവർക്കൊപ്പമിരുന്നു
ഒപ്പം വന്ന വാക്കുകളെ തിരിച്ചയച്ചു
ഞങ്ങളിപ്പോൾ
പൊളിക്കുകയാണ്
പൊളിച്ചടുക്കുകയാണ്.
- മുനീർ ആഗ്രഗാമി

മഴച്ചുവട്ടിൽ

മഴച്ചുവട്ടിൽ
......................
മഴച്ചുവട്ടിൽ ഞാൻ
പ്രണയ ബുദ്ധനായ്
ധ്യാന നിരതനായ് നിന്നു
ഇറ്റിറ്റു വീഴും സ്നേഹസ്പർശത്താൽ
വിത്തിൽ നിന്നെന്ന പോലെ
എന്നിൽ മുളയ്ക്കയായ്
നിർവൃതി തന്നിലത്തളിരുകൾ ;
എനിക്കു ചുറ്റും വിളങ്ങുന്നു
എന്നെ ചുറ്റുമൊരു ലോകം
അതിൽ നീയുദിക്കുന്നു .
- മുനീർ അഗ്രഗാമി

സെൽഫി

സെൽഫി
(മിനിക്കഥ)
.................
തൊട്ടു മുന്നിലുള്ള പൂക്കളെയും
പുൽക്കൊടികളെയും കാണുന്നുണ്ടോ ?
ഇല്ല ഗുരോ.

അകലെയുള്ള മരങ്ങൾ ?
മലകൾ ?ആകാശത്തിലെ കിളികൾ ?
ഇല്ല .അതൊന്നും കാണുന്നില്ല
ഞാൻ എന്നെ മാത്രം കാണുന്നു .
തൊട്ടു പിന്നിലെ അഗാധഗർത്തം
അഥവാ കൊക്ക കാണുന്നുണ്ടോ ?
അതിനും പിന്നിലെ വന്യത ?
ഇല്ല ഗുരോ
ഞാനെൻ്റെ മുഖം മാത്രം കാണുന്നു
എത്ര മനോഹരമാണത്.
എങ്കിൽ ക്ലിക്ക് ചെയ്‌ തോളൂ.
ഗുരു പറഞ്ഞു .
- മുനീർ അഗ്രഗാമി

എഴുത്തുകാരൻ 2016

എഴുത്തുകാരൻ 2016
( മിനിക്കഥ) .................
കാല്പനികതയിൽ കിടന്നുറങ്ങുകയായിരുന്നു അയാൾ .ആധുനികതയുടെ അലാറമടിച്ചതു കേട്ട് ഉണർന്നു .
നല്ല നിലാവുണ്ട് ഉത്തരാധുനികനാവാൻ നിലാവിലിറങ്ങി നിന്നു .സൂര്യനെ കുറിച്ചു പ്രസംഗിച്ചു. മഞ്ഞു തുള്ളികൾ ഇറ്റി വീണു .ഹൊ! എന്തൊരു ചൂട് . ആരോടെന്നില്ലാതെ പറഞ്ഞു .ചൂടുള്ള ഒരു കഥ പിറന്നു .അപ്പോൾ അകത്തു നിന്നവൾ വിളിച്ചു .ഇനി പുലരുവോളം ഫെമിനിസ്റ്റാണ്, അയാൾ.
.........മുനീർ അഗ്രഗാമി

നമ്മെ പുറത്താക്കിയ അതേ ഇടത്ത്

നിനക്കൊപ്പം പുറത്തിറങ്ങി,
നടന്നു.
പകലുംരാവും പോയതറിഞ്ഞില്ല
നിലവിളികളെല്ലാം പൂവുകളായി;
വസന്തമായി തിരിച്ചു വന്നു

കാറ്റു കൊണ്ടുവന്ന സംഗീതം
ചിറകുകളായി
പറന്നുയർന്നു
ഏദനിലെത്തി
നമ്മെ പുറത്താക്കിയ അതേ ഇടത്ത്
അല്പനേരം ഓർമ്മകളിൽ
പറന്നിരുന്നു
വേഗംതിരിച്ചു പോന്നു;
കാരണം
അവിടെ നീയില്ലല്ലോ
നിനക്കൊപ്പം നടന്ന വഴികളില്ലല്ലോ!

-മുനീർ അഗ്രഗാമി

ചിത്രകാരി

ചിത്രകാരി
....................
അവൾ ചിത്രം വരയ്ക്കുന്നു
ആകാശത്തെയും
ഉയരാൻ ശ്രമിക്കുന്ന
ചിറകുകളും വരയ്ക്കുന്നു.

എല്ലാ നിറങ്ങളും അനുസരണയോടെ
അവളുടെ ബ്രഷിൽ നിന്ന്
കാൻവാസിലേക്ക്
കുഞ്ഞുങ്ങളെ പോലെ നടന്നു
അല്ല
അവളുടെ മനസ്സിൽ നിന്ന്
പറന്നെത്തിയതാണ്
ആ ചിറകുകൾ
സ്കൂളിൽ പഠിക്കുന്ന കുട്ടി
ആ ചിത്രം നോക്കി നിൽക്കുന്നു
ഇല്ല
ചിറകുകൾ അനങ്ങുന്നില്ല
പെട്ടെന്ന് എല്ലാ നിറങ്ങളും കുട്ടിയെ നോക്കി ഇളകി പ്പടർന്നു
കറുപ്പ് നിറഞ്ഞു
രാത്രിയായി
പാത്രം കഴുകിയില്ലല്ലോ
എന്നു പറഞ്ഞ്
ചിത്രകാരി വെളിച്ചത്തിൻ്റെ നിറം തിരഞ്ഞു
അതു കാണിച്ചു കൊടുക്കാൻ
ഒരു മിന്നാമിനുങ്ങു പോലും വന്നില്ല.
______ മുനീർ അഗ്രഗാമി

മിനിക്കഥ

മിനിക്കഥ .......
നില
.........
ഫ്ലവർ വെയ്സിൽ ഇതൾ കൊഴിഞ്ഞ പൂവിനെ നോക്കി എൻ്റെ പ്രണയമേ എന്നു വിളിച്ച് അയാൾ പുറത്തേക്ക് പോയി .അവൾ ഇതളുകളെല്ലാം അടിച്ചുവാരി അടുക്കളയിലേക്കും നടന്നു . ഫ്ലവർ വേഴ്സ് അവർ നടന്ന വഴിയിലേക്ക് നോക്കി ഒന്നും മിണ്ടാനാവാതെ നിശ്ചലമായി .
- മുനീർ അഗ്രഗാമി

മഹാമഴ

മഹാമഴ
.........
പകൽ ,
കാലത്തിൻ്റെ ഒരു തുള്ളിയാണ് .
കാഴ്ചയുടെ നിറമാണതിന്
അതു വറ്റുമ്പോൾ
ഇരുട്ടാകുന്നു

രാത്രി,
രണ്ടു തുള്ളികൾക്കിടയിലെ
ഇടവേളയാണ്
പകലുകൾ ഇറ്റിക്കൊണ്ടേയിരിക്കുന്നു
കാലം അനന്തമായ
മഴയാകുന്നു
എത്ര തുള്ളിയിൽ ഞാൻ നനഞ്ഞു ?
എത്രയെണ്ണത്തിൽ
നീ നനഞ്ഞു?
കണക്കെടുക്കുമ്പോൾ
നേർത്ത ഒരു ചാറ്റൽ മാത്രം!
അതിലെത്ര തളിരുകൾ
അതിലെത്ര ചലനങ്ങൾ
പൂവായും
പുഴുവായും
മീനായും
ഞാനും നീയും
കുളിച്ചുതോർത്തുമ്പോൾ
ഏതോ ഒരു പ്രകാശരശ്മി
നമ്മെ തിളക്കി കടന്നു പോകുന്നു
തമ്മിൽ കാണുവാൻ മാത്രം
പെരുമഴ മോഹിക്കുവാൻ മാത്രം
നമ്മിലിറ്റിയ തുള്ളികളിൽ
നനഞ്ഞു കുതിരുന്നു
തമ്മിലലിയുന്നു .
- മുനീർ അഗ്രഗാമി

ഉറക്കമില്ലാതെ

ഉറക്കമില്ലാതെ
.......................
ഇരുട്ടിൻ്റെ ചെരിവിലൂടെ
രാത്രിയിലേക്ക്കയറുകയാണ്
കൂടെ നീയുണ്ട്

സ്വപ്നങ്ങളുടെ സെമിത്തേരിയിലെത്തി
നിൻ്റെ കണ്ണുകൾ പെയ്തു
വീണ്ടും നടന്നു
ഞാൻ നനഞ്ഞു
വഴി നനഞ്ഞു
സ്ഫോടനത്തിൽ
ഉണങ്ങിപ്പോയ മരങ്ങൾ കണ്ടു
അതിലിലകളാവാൻ കൊതിച്ചു
കഴിഞ്ഞില്ല
കലാപത്തിൽ മുറിഞ്ഞ
വേരുകൾ കണ്ടു
അവയെ ചേർത്തുവെക്കാൻ നോക്കി
പറ്റിയില്ല
അസഹിഷ്ണുതയുടെ കാറ്റ് മറിച്ചിട്ട
കരിഞ്ഞ പുൽക്കൊടികൾ കണ്ടു
അവയെ തണുപ്പിക്കാൻ
മഞ്ഞു കണമാകാൻ മോഹിച്ചു
നടന്നില്ല
കാലു വഴുതി നീ വീണു
നിനക്കടുത്തിരുന്നു
ഇനി
ഒറ്റയ്ക്ക് നടക്കുന്നതെങ്ങനെ !
നമ്മെ കാണാതെ ,
കാത്തിരുന്ന് മടുത്ത്
ഉറക്കം എങ്ങോട്ടോ പോയിട്ടുണ്ടാവണം
ഈ ഇരുളിലൂടെ
ഇനിയെത്ര രാതികൾ
കയറണം
ഉറക്കത്തെ കണ്ടെത്താൻ!
- മുനീർ അഗ്രഗാമി

കലിയാ കലിയാ കൂയ്

കലിയാ കലിയാ കൂയ്
..................................
കലിയാ കലിയാ കൂയ്
കൂക്കുവാനാളില്ല
കുട്ടികളെല്ലാം
നല്ല അച്ചടക്കത്തിലാണ്

കലിയനും വന്നില്ല
ചക്കയും വീണില്ല
കാഴ്ച മറഞ്ഞില്ല
പേമഴ പെയ്തില്ല
കാത്തിരുന്ന മുത്തശ്ശി
കഥാവശേഷയായി
കുട്ടികളെല്ലാരും സ്കൂളുവിട്ടു വന്നു
മഴയറിയാതെ
മണ്ണു തൊടാതെ
കാറ്റിലാടാതെ ചിലരെല്ലാം വീടെത്തി
കോട്ടിനുള്ളിലവർ
അവരുടെ കോട്ടയിൽ
രാജാകുമാരൻമാരായി
അകത്തിരുന്നു
കലിയാ കലിയാ കൂയ്
കലി മൂത്തൂ നീ വന്നു
കാ വെല്ലാം തകർത്താലും
അവരൊന്നുമറിയില്ല
അറിവെന്നാലവർക്കിപ്പോൾ
ഈയറിവല്ല
ആയറിവല്ല
നാട്ടറിവല്ല .

-മുനീർ അഗ്രഗാമി
ഗ്രാമീണം
................
ചെമ്പരത്തിയെ നോക്കൂ
അതൊരു ഗ്രാമീണനാണ്
പൂന്തോട്ടത്തിലേക്ക് വിളിക്കാഞ്ഞിട്ടും
എത്ര സ്നേഹത്തോടെയാണ്
അതിരിൽ നിന്നതു
അതിരില്ലാതെ ചിരിക്കുന്നത്.


-മുനീർ അഗ്രഗാമി

അഭയം (അ-ഭയം)

അഭയം (അ-ഭയം)
............................
കാലത്തിൻ്റെ ചുളിവുകളിലൂടെ
നടക്കുന്നു
തരിശിട്ട വയലിലൂടെന്ന പോലെ

കാറ്റും കോളും വരുന്നു
അടിമുടി വിറയ്ക്കുന്നു
നെല്ലോല പോലെ
കൺതടത്തിലെ ചുളിവിലൊരു
മഴയൊളിച്ചിരിക്കുന്നു
മിന്നൽ പിണരുപോൽ
നരച്ച മുടിയിഴകളിളകുന്നു
ഇരുൾ മൂടുന്നു
തിമിര ബാധയെന്ന പോൽ
എന്നിട്ടും
പേടിയില്ലാതെ
ഒരോർമ്മയുടെ
വിരൽത്തുമ്പു പിടിച്ചു നടക്കുന്നു
അതെന്നോടു ചിരിക്കുന്നു
ഞാനതിനെ അമ്മേയെന്നു വിളിക്കുന്നു
വിളി കേട്ട്
ഞാറുകൾ തലയാട്ടുന്നു
ഇന്നലെകളിലെ മഴയിൽ കുളിക്കുന്നു
ഇപ്പോൾ കണ്ണ്,
നിറഞ്ഞു തൂവുന്ന
ഒരു വയൽ;
വരിനെല്ലു പോലെ പീലികൾ
ഒഴുക്കിലാടുന്നു
- മുനീർ അഗ്രഗാമി
തർക്കം
.............
അമ്മയെന്നു നീ
ഉമ്മയെന്നു ഞാൻ
തർക്കമായി
അമ്മച്ചിയും
ഉമ്മച്ചിയും വന്നു
തീർന്നില്ല വാക്കേറ്റം
അതു കണ്ട്
മുട്ടിട്ടിഴഞ്ഞൊരു
കുഞ്ഞു കൗതുകം
വന്നെത്തി നോക്കി
സ്നേഹഭാഷയിൽ
തർക്കം തീർത്തു ചിരിച്ചവൻ,
'മ്മ' യെന്നൊരക്ഷത്താൽ!
ജാതിയില്ലാതെ
മതമില്ലാതെ
ഭാഷയില്ലാതെ .

-മുനീർ അഗ്രഗാമി
തനിച്ചു നിൽക്കുന്നു
.......................................
ഹൃദയത്തിൻ്റെ വിരലുകളിൽ
സംഗീതത്തെയെന്ന പോലെ
എന്നെയെടുത്ത്
നീയും
നിന്നെയെടുത്ത്
ഞാനും
കടപ്പുറത്ത്
തനിച്ചു നിൽക്കുന്നു
കടലിന്
നീ എൻ്റെ പേരും
ഞാൻ നിൻ്റെ പേരുമിടുന്നു

......
മുനീർ അഗ്രഗാമി