നഗ്നരാവുമ്പോലെ

നഗ്നരാവുമ്പോലെ
................
ആഴത്തിൽ വേരുകൾ പിണഞ്ഞു കിടക്കുന്ന
ഒരു സ്വപ്നം ഇലപൊഴി ക്കുന്നു
അതിൻ്റെ തണലിരിരുന്ന നാം
നഗ്നരാവുമ്പോലെ വെയിലു കൊള്ളുന്നു
അസഹ്യമായ വേനലിൽ ഉണങ്ങാതെ
തളിരിടുമെന്ന പ്രതീക്ഷയാൽ നാമിരി ക്കുന്നു
എന്നിലും നിന്നിലുമുണ്ടതിൻ്റെ വേരുകൾ
കണ്ണീർ കുടിച്ചിപ്പോഴും ഹൃദയമുണങ്ങാതെ
ആഴത്തിൽ വിരലോടിച്ച്.

- മുനീർ അഗ്രഗാമി

പുസ്തകം

പുസ്തകം
.......................
വാലിൽ തീയുമായി
കേരളം ചുറ്റുന്ന തലക്കെട്ട്.
അക്ഷരത്തീ പടരുന്നു

ചിന്താവിഷ്ടയായി
ഏതോ സ്വപ്നത്തിൽ
തൻ്റെ ദൈവത്തിൻ്റെ ചിത്രം മാത്രം കാണുന്ന പതിവ്രതയായ
ഉള്ളടക്കം
അസ്വസ്ഥതകളുടെ ചിത്രം പതിച്ച
പുറം ചട്ട
ഇരുട്ടിൻ്റെ താളുകൾ
മഴവിരലുകളാൽ മറിച്ച്
കർക്കിടകം അതു വായിക്കുന്നു
തീ പടരുന്നു
രാക്ഷസക്കോട്ടകളെ അതെരിച്ചേക്കും
രാ മായുവാൻ
തീക്കൊള്ളി കൊണ്ട്
ഇനിയുമെഴുത്തുകാരൻ എഴുതും
ഭക്തിയും വിഭക്തിയും
ഒരേ ബെഞ്ചിലിരുന്ന്
അതു പഠിക്കും
ലോകനന്മയ്ക്കായ് അവരൊരേ സ്വരത്തിൽ
മന്ത്രിക്കും
രാ-മായണം
രാ- മായണം .
- മുനീർ അഗ്രഗാമി

തലമുറകൾ

തലമുറകൾ
.......................
മുത്തശ്ശൻ കുടിയാനായിരുന്നു
പന്തിഭോജനത്തിൽ പങ്കെടുത്ത
മനുഷ്യനായിരുന്നു
അയിത്തത്തിനെതിരെ നടന്നതിനു്
തല്ലു കൊണ്ടു മരിച്ചു പോയി

വല്യച്ഛൻ പാർട്ടി സെക്രട്ടറിയായിരുന്നു
ഒഴിവു ദിനത്തിൽ
കപ്പക്കൃഷി ചെയ്യുമായിരുന്നു
വസൂരി വന്ന് അദ്ദേഹത്തെ
കൊണ്ടു്േപായി
അച്ഛൻ മാഷായിരുന്നു
റിട്ടയറായപ്പോൾ
വായനശാലയുടെ സെക്രട്ടറിയായി
മദ്യ വിരുദ്ധ സമരപ്പ ന്തലിൽ വെച്ച്
അറ്റാക്കു വന്നു
ഞാനും മാഷാണ്
റിട്ടയറായി
ഇപ്പോൾ അമ്പലക്കമ്മിറ്റി പ്രസിഡണ്ടാണ്
പുനർപ്രതിഷ്ഠയുടെ അന്ന്
ഷുഗറു കൂടി ബോധം പോയി
ഇപ്പോൾ ഞങ്ങളുടെ ആശുപത്രിയിലാണ്
മകൻ ഡോക്ടറാണ്
അവനിപ്പോൾ ഇവിടെയില്ല
ഞങ്ങളുടെ ജാതിയുടെ
സമ്മേളനത്തിൻ്റെ തിരക്കിലാണ്
അവനാണ് കരയോഗം സെക്രട്ടറി
അവൻ്റെ മകൻ മിടുക്കനാണ്
നാലാം ക്ലാസിലാണ്
ലീഡറാണ്
ഞങ്ങളുടെ ജാതിക്കാരുടെ മാനേജ്മെൻ്റ് തന്നെ
ഇംഗ്ലീഷ് മീഡിയം .
അവനും എന്നെ കാണാൻ വരില്ല
അവിടെ മതപഠന ക്യാമ്പിലാണ്
സാരല്ല
പഠിച്ചു മിടുക്കനാവട്ടെ
നാളെയുടെ പൗരൻ !
- മുനീർ അഗ്രഗാമി

കാഴ്ചയിൽ നിന്നോരോ തുള്ളികൾ

കാഴ്ചയിൽ നിന്നോരോ തുള്ളികൾ
......................................................................
ഇപ്പോൾ മഴ പെയ്യുകയും
നിലാവത് നോക്കി നിൽക്കുകയും ചെയ്യുന്നു .
അതു കാണെ
നമ്മൾ രണ്ടു പേരിലും
കാഴ്ചയിൽ നിന്നോരോ തുള്ളികൾ വീഴുന്നു.
അതിൽ നീന്തി
വീഴ്ചയിൽ നിന്നും
കരേറുന്നു നാം.


- മുനീർ അഗ്രഗാമി

ബ്രോ

സ്റ്റാച്യൂ ജംഗ്ഷനിൽ
മറൈൻ ഡ്രൈവിൽ
മാനാഞ്ചിറയിൽ
അവരിരിക്കുന്നു
നിൽക്കുന്നു
പണ്ടൊക്കെ അവരവിടെ ഇരുന്നാൽ
അവർക്കിടയിൽ കുറെ വാക്കുകൾ
വന്നിരിക്കും
കുറസോവ കൂമൻകാവ്
ക്യുബിസം
സോവിയറ്റ് വിയറ്റ്നാം ഫലസ് ത്തീൻ
എന്നിങ്ങനെ .
അവയൊക്കെ എവിടെപ്പോയി ?
പോയതു പോകട്ടെ
പുതിയവ വരട്ടെ .
മരണവും ജനനവും പോലെ .
ബാറ് വാക്കേറ്റം
നാലാം ലിംഗം
തിരോധാനം
സിറിയ
എന്നിങ്ങനെ നടക്കാൻ തുടങ്ങിയ
ചില പുതിയ വാക്കുകൾ
അവരുടെ ഇടയിൽ ഇരിക്കാത്തതെന്ത് ?
സി സി ടി വി യിൽ
ലൈവായി അവരെ കാണാം
എന്നിട്ടും നേരിട്ട് അവരുടെ അടുത്തുചെന്നു
വാക്കുകളുടെ വിത്ത് കൊടുക്കാൻ ചെന്നു .
അവർ പ്രശ്നക്കാരല്ല
പ്രഫഷണൽ കോളജിൻ്റെ യൂണിഫോമിൽ
നല്ല ചന്തത്തിൽ ഇരിക്കുന്നു
യുവാവേ എന്നു വിളിച്ചു
വാ ബ്രോ
എന്നു മറുപടി കേട്ടു
അവർക്കൊപ്പമിരുന്നു
ഒപ്പം വന്ന വാക്കുകളെ തിരിച്ചയച്ചു
ഞങ്ങളിപ്പോൾ
പൊളിക്കുകയാണ്
പൊളിച്ചടുക്കുകയാണ്.
- മുനീർ ആഗ്രഗാമി

മഴച്ചുവട്ടിൽ

മഴച്ചുവട്ടിൽ
......................
മഴച്ചുവട്ടിൽ ഞാൻ
പ്രണയ ബുദ്ധനായ്
ധ്യാന നിരതനായ് നിന്നു
ഇറ്റിറ്റു വീഴും സ്നേഹസ്പർശത്താൽ
വിത്തിൽ നിന്നെന്ന പോലെ
എന്നിൽ മുളയ്ക്കയായ്
നിർവൃതി തന്നിലത്തളിരുകൾ ;
എനിക്കു ചുറ്റും വിളങ്ങുന്നു
എന്നെ ചുറ്റുമൊരു ലോകം
അതിൽ നീയുദിക്കുന്നു .
- മുനീർ അഗ്രഗാമി

സെൽഫി

സെൽഫി
(മിനിക്കഥ)
.................
തൊട്ടു മുന്നിലുള്ള പൂക്കളെയും
പുൽക്കൊടികളെയും കാണുന്നുണ്ടോ ?
ഇല്ല ഗുരോ.

അകലെയുള്ള മരങ്ങൾ ?
മലകൾ ?ആകാശത്തിലെ കിളികൾ ?
ഇല്ല .അതൊന്നും കാണുന്നില്ല
ഞാൻ എന്നെ മാത്രം കാണുന്നു .
തൊട്ടു പിന്നിലെ അഗാധഗർത്തം
അഥവാ കൊക്ക കാണുന്നുണ്ടോ ?
അതിനും പിന്നിലെ വന്യത ?
ഇല്ല ഗുരോ
ഞാനെൻ്റെ മുഖം മാത്രം കാണുന്നു
എത്ര മനോഹരമാണത്.
എങ്കിൽ ക്ലിക്ക് ചെയ്‌ തോളൂ.
ഗുരു പറഞ്ഞു .
- മുനീർ അഗ്രഗാമി

എഴുത്തുകാരൻ 2016

എഴുത്തുകാരൻ 2016
( മിനിക്കഥ) .................
കാല്പനികതയിൽ കിടന്നുറങ്ങുകയായിരുന്നു അയാൾ .ആധുനികതയുടെ അലാറമടിച്ചതു കേട്ട് ഉണർന്നു .
നല്ല നിലാവുണ്ട് ഉത്തരാധുനികനാവാൻ നിലാവിലിറങ്ങി നിന്നു .സൂര്യനെ കുറിച്ചു പ്രസംഗിച്ചു. മഞ്ഞു തുള്ളികൾ ഇറ്റി വീണു .ഹൊ! എന്തൊരു ചൂട് . ആരോടെന്നില്ലാതെ പറഞ്ഞു .ചൂടുള്ള ഒരു കഥ പിറന്നു .അപ്പോൾ അകത്തു നിന്നവൾ വിളിച്ചു .ഇനി പുലരുവോളം ഫെമിനിസ്റ്റാണ്, അയാൾ.
.........മുനീർ അഗ്രഗാമി

നമ്മെ പുറത്താക്കിയ അതേ ഇടത്ത്

നിനക്കൊപ്പം പുറത്തിറങ്ങി,
നടന്നു.
പകലുംരാവും പോയതറിഞ്ഞില്ല
നിലവിളികളെല്ലാം പൂവുകളായി;
വസന്തമായി തിരിച്ചു വന്നു

കാറ്റു കൊണ്ടുവന്ന സംഗീതം
ചിറകുകളായി
പറന്നുയർന്നു
ഏദനിലെത്തി
നമ്മെ പുറത്താക്കിയ അതേ ഇടത്ത്
അല്പനേരം ഓർമ്മകളിൽ
പറന്നിരുന്നു
വേഗംതിരിച്ചു പോന്നു;
കാരണം
അവിടെ നീയില്ലല്ലോ
നിനക്കൊപ്പം നടന്ന വഴികളില്ലല്ലോ!

-മുനീർ അഗ്രഗാമി

ചിത്രകാരി

ചിത്രകാരി
....................
അവൾ ചിത്രം വരയ്ക്കുന്നു
ആകാശത്തെയും
ഉയരാൻ ശ്രമിക്കുന്ന
ചിറകുകളും വരയ്ക്കുന്നു.

എല്ലാ നിറങ്ങളും അനുസരണയോടെ
അവളുടെ ബ്രഷിൽ നിന്ന്
കാൻവാസിലേക്ക്
കുഞ്ഞുങ്ങളെ പോലെ നടന്നു
അല്ല
അവളുടെ മനസ്സിൽ നിന്ന്
പറന്നെത്തിയതാണ്
ആ ചിറകുകൾ
സ്കൂളിൽ പഠിക്കുന്ന കുട്ടി
ആ ചിത്രം നോക്കി നിൽക്കുന്നു
ഇല്ല
ചിറകുകൾ അനങ്ങുന്നില്ല
പെട്ടെന്ന് എല്ലാ നിറങ്ങളും കുട്ടിയെ നോക്കി ഇളകി പ്പടർന്നു
കറുപ്പ് നിറഞ്ഞു
രാത്രിയായി
പാത്രം കഴുകിയില്ലല്ലോ
എന്നു പറഞ്ഞ്
ചിത്രകാരി വെളിച്ചത്തിൻ്റെ നിറം തിരഞ്ഞു
അതു കാണിച്ചു കൊടുക്കാൻ
ഒരു മിന്നാമിനുങ്ങു പോലും വന്നില്ല.
______ മുനീർ അഗ്രഗാമി

മിനിക്കഥ

മിനിക്കഥ .......
നില
.........
ഫ്ലവർ വെയ്സിൽ ഇതൾ കൊഴിഞ്ഞ പൂവിനെ നോക്കി എൻ്റെ പ്രണയമേ എന്നു വിളിച്ച് അയാൾ പുറത്തേക്ക് പോയി .അവൾ ഇതളുകളെല്ലാം അടിച്ചുവാരി അടുക്കളയിലേക്കും നടന്നു . ഫ്ലവർ വേഴ്സ് അവർ നടന്ന വഴിയിലേക്ക് നോക്കി ഒന്നും മിണ്ടാനാവാതെ നിശ്ചലമായി .
- മുനീർ അഗ്രഗാമി

മഹാമഴ

മഹാമഴ
.........
പകൽ ,
കാലത്തിൻ്റെ ഒരു തുള്ളിയാണ് .
കാഴ്ചയുടെ നിറമാണതിന്
അതു വറ്റുമ്പോൾ
ഇരുട്ടാകുന്നു

രാത്രി,
രണ്ടു തുള്ളികൾക്കിടയിലെ
ഇടവേളയാണ്
പകലുകൾ ഇറ്റിക്കൊണ്ടേയിരിക്കുന്നു
കാലം അനന്തമായ
മഴയാകുന്നു
എത്ര തുള്ളിയിൽ ഞാൻ നനഞ്ഞു ?
എത്രയെണ്ണത്തിൽ
നീ നനഞ്ഞു?
കണക്കെടുക്കുമ്പോൾ
നേർത്ത ഒരു ചാറ്റൽ മാത്രം!
അതിലെത്ര തളിരുകൾ
അതിലെത്ര ചലനങ്ങൾ
പൂവായും
പുഴുവായും
മീനായും
ഞാനും നീയും
കുളിച്ചുതോർത്തുമ്പോൾ
ഏതോ ഒരു പ്രകാശരശ്മി
നമ്മെ തിളക്കി കടന്നു പോകുന്നു
തമ്മിൽ കാണുവാൻ മാത്രം
പെരുമഴ മോഹിക്കുവാൻ മാത്രം
നമ്മിലിറ്റിയ തുള്ളികളിൽ
നനഞ്ഞു കുതിരുന്നു
തമ്മിലലിയുന്നു .
- മുനീർ അഗ്രഗാമി

ഉറക്കമില്ലാതെ

ഉറക്കമില്ലാതെ
.......................
ഇരുട്ടിൻ്റെ ചെരിവിലൂടെ
രാത്രിയിലേക്ക്കയറുകയാണ്
കൂടെ നീയുണ്ട്

സ്വപ്നങ്ങളുടെ സെമിത്തേരിയിലെത്തി
നിൻ്റെ കണ്ണുകൾ പെയ്തു
വീണ്ടും നടന്നു
ഞാൻ നനഞ്ഞു
വഴി നനഞ്ഞു
സ്ഫോടനത്തിൽ
ഉണങ്ങിപ്പോയ മരങ്ങൾ കണ്ടു
അതിലിലകളാവാൻ കൊതിച്ചു
കഴിഞ്ഞില്ല
കലാപത്തിൽ മുറിഞ്ഞ
വേരുകൾ കണ്ടു
അവയെ ചേർത്തുവെക്കാൻ നോക്കി
പറ്റിയില്ല
അസഹിഷ്ണുതയുടെ കാറ്റ് മറിച്ചിട്ട
കരിഞ്ഞ പുൽക്കൊടികൾ കണ്ടു
അവയെ തണുപ്പിക്കാൻ
മഞ്ഞു കണമാകാൻ മോഹിച്ചു
നടന്നില്ല
കാലു വഴുതി നീ വീണു
നിനക്കടുത്തിരുന്നു
ഇനി
ഒറ്റയ്ക്ക് നടക്കുന്നതെങ്ങനെ !
നമ്മെ കാണാതെ ,
കാത്തിരുന്ന് മടുത്ത്
ഉറക്കം എങ്ങോട്ടോ പോയിട്ടുണ്ടാവണം
ഈ ഇരുളിലൂടെ
ഇനിയെത്ര രാതികൾ
കയറണം
ഉറക്കത്തെ കണ്ടെത്താൻ!
- മുനീർ അഗ്രഗാമി

കലിയാ കലിയാ കൂയ്

കലിയാ കലിയാ കൂയ്
..................................
കലിയാ കലിയാ കൂയ്
കൂക്കുവാനാളില്ല
കുട്ടികളെല്ലാം
നല്ല അച്ചടക്കത്തിലാണ്

കലിയനും വന്നില്ല
ചക്കയും വീണില്ല
കാഴ്ച മറഞ്ഞില്ല
പേമഴ പെയ്തില്ല
കാത്തിരുന്ന മുത്തശ്ശി
കഥാവശേഷയായി
കുട്ടികളെല്ലാരും സ്കൂളുവിട്ടു വന്നു
മഴയറിയാതെ
മണ്ണു തൊടാതെ
കാറ്റിലാടാതെ ചിലരെല്ലാം വീടെത്തി
കോട്ടിനുള്ളിലവർ
അവരുടെ കോട്ടയിൽ
രാജാകുമാരൻമാരായി
അകത്തിരുന്നു
കലിയാ കലിയാ കൂയ്
കലി മൂത്തൂ നീ വന്നു
കാ വെല്ലാം തകർത്താലും
അവരൊന്നുമറിയില്ല
അറിവെന്നാലവർക്കിപ്പോൾ
ഈയറിവല്ല
ആയറിവല്ല
നാട്ടറിവല്ല .

-മുനീർ അഗ്രഗാമി
ഗ്രാമീണം
................
ചെമ്പരത്തിയെ നോക്കൂ
അതൊരു ഗ്രാമീണനാണ്
പൂന്തോട്ടത്തിലേക്ക് വിളിക്കാഞ്ഞിട്ടും
എത്ര സ്നേഹത്തോടെയാണ്
അതിരിൽ നിന്നതു
അതിരില്ലാതെ ചിരിക്കുന്നത്.


-മുനീർ അഗ്രഗാമി

അഭയം (അ-ഭയം)

അഭയം (അ-ഭയം)
............................
കാലത്തിൻ്റെ ചുളിവുകളിലൂടെ
നടക്കുന്നു
തരിശിട്ട വയലിലൂടെന്ന പോലെ

കാറ്റും കോളും വരുന്നു
അടിമുടി വിറയ്ക്കുന്നു
നെല്ലോല പോലെ
കൺതടത്തിലെ ചുളിവിലൊരു
മഴയൊളിച്ചിരിക്കുന്നു
മിന്നൽ പിണരുപോൽ
നരച്ച മുടിയിഴകളിളകുന്നു
ഇരുൾ മൂടുന്നു
തിമിര ബാധയെന്ന പോൽ
എന്നിട്ടും
പേടിയില്ലാതെ
ഒരോർമ്മയുടെ
വിരൽത്തുമ്പു പിടിച്ചു നടക്കുന്നു
അതെന്നോടു ചിരിക്കുന്നു
ഞാനതിനെ അമ്മേയെന്നു വിളിക്കുന്നു
വിളി കേട്ട്
ഞാറുകൾ തലയാട്ടുന്നു
ഇന്നലെകളിലെ മഴയിൽ കുളിക്കുന്നു
ഇപ്പോൾ കണ്ണ്,
നിറഞ്ഞു തൂവുന്ന
ഒരു വയൽ;
വരിനെല്ലു പോലെ പീലികൾ
ഒഴുക്കിലാടുന്നു
- മുനീർ അഗ്രഗാമി
തർക്കം
.............
അമ്മയെന്നു നീ
ഉമ്മയെന്നു ഞാൻ
തർക്കമായി
അമ്മച്ചിയും
ഉമ്മച്ചിയും വന്നു
തീർന്നില്ല വാക്കേറ്റം
അതു കണ്ട്
മുട്ടിട്ടിഴഞ്ഞൊരു
കുഞ്ഞു കൗതുകം
വന്നെത്തി നോക്കി
സ്നേഹഭാഷയിൽ
തർക്കം തീർത്തു ചിരിച്ചവൻ,
'മ്മ' യെന്നൊരക്ഷത്താൽ!
ജാതിയില്ലാതെ
മതമില്ലാതെ
ഭാഷയില്ലാതെ .

-മുനീർ അഗ്രഗാമി
തനിച്ചു നിൽക്കുന്നു
.......................................
ഹൃദയത്തിൻ്റെ വിരലുകളിൽ
സംഗീതത്തെയെന്ന പോലെ
എന്നെയെടുത്ത്
നീയും
നിന്നെയെടുത്ത്
ഞാനും
കടപ്പുറത്ത്
തനിച്ചു നിൽക്കുന്നു
കടലിന്
നീ എൻ്റെ പേരും
ഞാൻ നിൻ്റെ പേരുമിടുന്നു

......
മുനീർ അഗ്രഗാമി

ചൂടിൽ

ചൂടിൽ
..................
തമ്മിൽ പകുത്ത ചൂടിൽ
വിയർപ്പിന്നുപ്പു തുളുമ്പുമ്പോൾ
അവളൊരു കടൽ
ഞാനൊരു തോണി.

.
..
....
മുനീർ അഗ്രഗാമി

കാണാതായവരെ തിരയുമ്പോൾ

കാണാതായവരെ തിരയുമ്പോൾ
............................................
കാണാതായവരെ തിരഞ്ഞു പോകുമ്പോൾ
കണ്ട കാഴ്ചകളിലൊന്നും
അവരുണ്ടാവില്ല
കാണാനുള്ള കാഴ്ചകളിലും
അവർ അവരായി നിൽക്കില്ല

കാണാതായവരെ തിരയുമ്പോൾ
അപരിചിതരുടെയിടയിൽ
പരിചിതരെയെന്ന പോലെ തിരയരുത്
എന്തെന്നാൽ
പറവകൾ ചിറകഴിച്ചു വെച്ച്
മത്സ്യങ്ങളായ പോലെ
അവർ മാറിയിട്ടുണ്ടാകും
മത്സ്യങ്ങൾ കാലുകളിൽ എഴുന്നേറ്റ്
കാട്ടിലേക്ക് നടക്കുമ്പോലെ
അവർ വന്യരായിട്ടുണ്ടാകും
കാണാതായവർ
കാഴ്ചയ്ക്ക് പിറകിലൂടെ
ഇറങ്ങി നടന്നവരാണ്
അവരെ കുറിച്ചെഴുതിയ
ഉപന്യാസങ്ങളിലോ
വാർത്തകളിലോ അവരുണ്ടാവില്ല
എന്തെന്നാൽ
വെളിച്ചത്തിലുള്ള വാക്കുകളിൽ
അവർ വിടർന്നു നിൽക്കാറില്ല
മരുഭൂമിയിൽ അവരെ തിരയുമ്പോൾ
നോട്ടങ്ങളിൽ മുള്ളുകൾ തറയ്ക്കും
കാരണം
അപ്പോഴേക്കും അവരുടെ മിനുത്ത ഉടലുകൾ
അതിജീവനത്തിനായ്
കള്ളിച്ചെടികളായിട്ടുണ്ടാകും
മഞ്ഞിലാണു തിരയുന്നതെങ്കിൽ
ഹിമക്കരടികളിൽ
അവർ വേഷ പ്രച്ഛന്നരായി
അലിഞ്ഞു ചേർന്നിരിക്കും
കാണാതായവർ
കാക്ക തേങ്ങാമുറി കൊത്തിപ്പക്കുമ്പോലെ
സ്വന്തം ജീവിതം കൊത്തിപ്പറക്കു ന്നവരാണ്
അതുകൊണ്ട്
അവരെ തിരഞ്ഞു പോകുമ്പോൾ
അവരിൽ നിന്നു വീണുപോയ
തേങ്ങാമുറി മാത്രം കണ്ടെത്താം
എന്തെന്നാൽ
അവർ പറന്നു പോയ ആകാശം
നമ്മുടെ കടലോ കരയോ
ഏതെന്ന് നമുക്കറിയില്ല
കാണാതായവർ ചിലപ്പോൾ
എല്ലാ കാഴ്ച്ചയ്ക്കുമപ്പുറം
കാഴ്ചക്കാരായ്
നില്പുണ്ടാവും.
അതു കൊണ്ട്
കാണാതായവരെ തിരിഞ്ഞു പോകുമ്പോൾ
ഉറക്കമില്ലാതെ തിരകളാകണം
തിരയടങ്ങാതെ .
................
മുനീർ അഗ്രഗാമി
വെളളാരങ്കല്ലുകൾ
.....................
ഒരു കരച്ചിലിനുള്ളിലൂടെ
മഴയിലൂടെന്ന പോലെ
നീയും ഞാനും നടന്നു പോകുന്നു
നനഞ്ഞുമൊഴുകിയും
തമ്മിലുരസി മൂർച്ചപോയും
വെള്ളാരങ്കല്ലുകളായ് നടന്നു പോകുന്നു
തൊട്ടു തൊട്ടു നടന്നും
തമ്മിൽ കണ്ണാടി നോക്കിയും
വെയിലിൻ വെളിച്ചത്തിലെത്തുന്നു
കരച്ചിലോർമ്മയായ് തോർന്ന മാത്രയിൽ
നീ എന്നിലെത്തുന്നു
ഞാൻ നിന്നിലെത്തുന്നു
തിളക്കമെല്ലാം
നമുക്കിപ്പോൾ
വെളിച്ചമേകുന്ന പുഞ്ചിരികൾ!
............
മുനീർ അഗ്രഗാമി
ഇരിപ്പ്
.......
പറന്നു തളർന്നാലും
സ്നേഹമെന്നു പേരുള്ള
മരത്തിലേ ഞാനിരിക്കൂ
.
.
.- മുനീർ അഗ്രഗാമി

വേദന

വേദന
..........
ഓർമ്മയുടെ രക്തത്തുള്ളികൾ
മഞ്ചാടിമണികളായ് പൊഴിയുന്നു
തിമിരം മൂടിയിട്ടു മതു കണ്ടു
കണ്ണു നിറയ്ക്കുന്നു
വേനൽ പോൽ ചുളിഞ്ഞു
വേച്ചു പോകുമൊരു വേദന!

.........
മുനീർ അഗ്രഗാമി

കറിവേപ്പില ആത്മകഥ

കറിവേപ്പില ആത്മകഥയെഴുതുകയാണ്
നീയും ഞാനുമാണതിനു
കാരണക്കാർ
യൗവ്വന യുക്തയായ
അതിനോട്
നാമെന്തൊക്കെയാണ് ചെയ്തത്!
ഫാഷിസത്തിൻ്റെ അതേ രീതിയിൽ
ഏകാധിപതിയുടെ
അതേ രീതിയിൽ
സ്വാഭാവികമായി
ഞെട്ടറ്റു വീഴാൻ പോലും
അനുവദിക്കാതെ

കറിവേപ്പില ആത്മകഥയെഴുതുകയാണ്
കള്ളൻ്റേയോ
മഹാത്മാവിൻ്റേയോ
വേശ്യയുടേയോ
ആത്മകഥ പോലെയല്ല അത്.
മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ്
ഏറ്റപീഡകളെ കുറിച്ച്
അതെഴുതുകയാണ്
നീ എന്നെ കുറിച്ച്
എഴുതിയാലെന്ന പോലെ
ഞാൻ നിന്നെ കുറിച്ച്
എഴുതിയാലെന്ന പോലെ
കറി തന്നതു തന്നെ
കടലോളം ജീവിതമെന്ന്
അതെഴുതുമ്പോഴേ
മനസ്സിലാകൂ.

-മുനീർ അഗ്രഗാമി

പുഞ്ചിരിയുടെ ചിതറിയ കഷണങ്ങൾ

ചാവേർ സ്ഫോടനങ്ങളുടേയും
ബോംബർ വിമാനങ്ങളുടേയും
ശബ്ദം
വാ തുറന്ന്
പെരുന്നാളാശംസകളെ
വിഴുങ്ങുന്നു

എപ്പോൾ പൊട്ടിച്ചിതറുമെന്നറിയാത്ത
വിങ്ങലിൽ
വെടിപ്പുകയുടെ താഴെ
പുഞ്ചിരിയുടെ ചിതറിയ കഷണങ്ങൾ
പെറുക്കിക്കൂട്ടുന്ന കുട്ടികൾ
അതു കണ്ടു കരയുന്നു
അഭയമില്ലാതെ
അന്നമില്ലാതെ
ആ കരച്ചിൽ
അമ്പേറ്റ
കുരുവിയെ പോലെ പിടഞ്ഞ്
കടലു കടക്കുന്നു
സങ്കടത്തിൻ്റെ മൂടലിൽ
ചന്ദ്രൻ്റെ മുഖംപോലും തെളിയുന്നില്ല
കത്തിപ്പോയ പൂക്കാലം
ഓർമ്മയിലുള്ള ആ തേൻ കുരുവി
ഓരോ രാജ്യത്തിലും ചെന്ന്
പൂക്കൾ ചോദിക്കുന്നു
അവശേഷിച്ച ഒരു പൂവ്
കണ്ണീരിൽ നനഞ്ഞ
ഒരു പെൺകുട്ടിയായ് എഴുന്നേറ്റ്
അതിനൊരുമ്മ കൊടുക്കുന്നു
ഓർമ്മയിലുള്ള പൂക്കാലം
പകരം കൊടുക്കാനാവാതെ
കുരുവി പറന്നു പോകുന്നു
രണ്ടു സ്ഫോടനങ്ങൾക്കിടയിലുള്ള
ആകാശം അതിനെ എത്രത്തോളം
പറത്തും?
രണ്ടു സ്ഫോടനങ്ങൾക്കിടയിലുള്ള ഭൂമി
അതിനെ എത്ര നേരം നോക്കിയിരിക്കും ?
രണ്ടു സ്ഫോടനങ്ങൾക്കിടയിലുള്ള
നിശ്ശബ്ദത എത്രമാത്രം
അതിൻ്റെ ശബ്ദം കേൾക്കും ?
പെരുന്നാൾ ആരോടെന്നില്ലാതെ ചോദിച്ചു കൊണ്ടിരുന്നു

-മുനീർ അഗ്രഗാമി

ഒറവു വെള്ളത്തിലൂടെ

ഒറവു വെള്ളത്തിലൂടെ
....................................................
ഓർമ്മയുടെ ചെരിവിലെ
ഇടവഴിയിൽ
ഒറവു വെള്ളത്തിലൂടെ
എന്നെ തിരഞ്ഞ്
ഒരു കുട്ടി ഓടി വരുന്നു
അവൻ എന്നെ കണ്ടെത്തുന്നു
പക്ഷേ
അവനെ തിരിച്ചറിയാതെ
ഞാൻ മനസ്സിൻ്റെ വാതിലടച്ചു കളഞ്ഞു
തിരിച്ചു പോകാൻ
അവനു വഴികളില്ല
ഞാനെന്തിനാണ് അവനെ
പെരുമഴയത്ത് നിർത്തിയിരിക്കുന്നത് ?
എനിക്ക് മഴച്ചാറ്റലുപോലും
കൊള്ളുവാൻ പറ്റില്ല
പക്ഷേ
എത്ര നനഞ്ഞാലും
അവനു് പനി വരില്ലല്ലോ
അവനോളം വിജയിച്ച ഞാൻ
എന്നോളമെങ്ങനെയാണ്
തോറ്റു പോയത് !

-മുനീർ അഗ്രഗാമി

പ്രണയം സ്ത്രീക്ക് ഒരു പൂച്ചക്കുട്ടിയാണ്


പ്രണയം സ്ത്രീക്ക്
ഒരു പൂച്ചക്കുട്ടിയാണ്
..........................................

I
എന്തെന്നാൽ
ചിലപ്പോൾ
സന്തോഷം കൊണ്ട്
അവള തിനു പാലു കൊടുക്കും
ചിലപ്പോൾ
സങ്കടങ്ങൾ കൊണ്ട്
അവളതിനെ തഴുകും

ചിലപ്പോൾ
അസ്വസ്ഥതയുടെ
കാലുകൊണ്ട് തൊഴിക്കും
ചിലപ്പോൾ നാടുകടത്താൻ ശ്രമിക്കും
കണ്ണുകെട്ടി കാട്ടിൽ തള്ളുമ്പോലെ
എത്ര അകലേക്ക്
പറിച്ചെറിയാൻ ശ്രമിച്ചാലും
അതവളിൽ തിരിച്ചെത്തും
വാലാട്ടിയും വാലു ചുരുട്ടിയും
അവൾക്കൊപ്പം നടക്കും
കിടക്കും
II
ഉടലിൽ തൊട്ടുരുമ്മുമ്പോൾ
പ്രണയം സ്ത്രീക്ക്
ഒരു പൂച്ചയാണ്
ചിലപ്പോൾ
ആത്മാവിലൂടെ ഓടിപ്പോകുന്ന
ഒരു വിറയൽ
ചിലപ്പോൾ മനസ്സിൽ
പതുങ്ങുന്ന പദചലനം
ചിലപ്പോൾ
ഇരുട്ടിൽ മിന്നുന്ന
രണ്ടു തുള്ളി വെളിച്ചം
ചിലപ്പോൾ
നിമിഷങ്ങൾ കാർന്നുതിന്നുന്ന
എലിയെ പിടിക്കുന്ന
ഒരു പ്രതീക്ഷ
ചിലപ്പോൾ
കണ്ണീർ
കണ്ണടച്ചു വറ്റിക്കുന്ന
ഒരു നില്പ്
III
ഉലയായെരിഞ്ഞും
മരുഭൂവായ് തപിച്ചും
ആഗ്രഹങ്ങൾ വറ്റിത്തുടങ്ങുമ്പോൾ
പ്രണയം സ്ത്രീയ്ക്ക്
ഒരു പൂച്ച തന്നെ
മഞ്ഞു രോമങ്ങൾ പുതച്ച്
നാലുകാലിലത്
മലയിറങ്ങും
വെളുത്ത്
അവൻ്റെ മനസ്സു പോലെ
ആർ ദ്രമായി .
മഞ്ഞുകാലം പോലെ
അവളുടെ അടുത്ത്
വന്നിരിക്കും
ഓരോ കോശവും
നക്കിത്തുടയ്ക്കും
പ്രണയം അവളുടെ
പൂച്ച തന്നെ
അതിനാൽ
അവൾ കാണുന്നതെല്ലാം
അവനു വരാനുള്ള പഴുതുകൾ,
പാതകൾ.
(പ്രണയിക്കുന്ന സ്ത്രീയുടെ പ്രണയത്തെ കുറിച്ചു മാത്രമുള്ള കവിത )
- മുനീർ അഗ്രഗാമി

മഴയെ കാണുന്നില്ല.

മഴയെ
കാണുന്നില്ല.
...........................
അജ്ഞാതവാസത്തിലാവണം
മഴ,
അതിനാലാവം മഴയെ
കാണുന്നില്ല.
വെയിലിനോട് ചൂതിൽ തോറ്റ്
വനവാസത്തിലായിരുന്നു
പച്ചിലകളക്കഥ ഞരമ്പിലെഴുതുന്നുണ്ട്
പാണരെ പോലെ
തുടികൊട്ടി കാറ്റുകള ക്കഥ
മുളങ്കൂട്ടങ്ങളോട്
പാടുന്നുണ്ട്
മിഥുനം തുടങ്ങുവോളം
നദിക്കരയിൽ കണ്ടതാണ്
എവിടെ ? എവിടെയെന്ന്
മിന്നാമിനുങ്ങുകൾ
തിരഞ്ഞു നടക്കുന്നു
ഉഷ്ണമായി വേഷം മാറി
തെങ്ങിൻ തോപ്പിലൂടെ
നടന്നു പോയോ?
കാത്തിരിക്കുന്നു,
ചാരു കേരളരാജ്യവുംസഹ്യനും
ഞാനും.

-മുനീർ അഗ്രഗാമി

ഞാവൽമരത്തിലെ കിളികൾ

ഞാവൽമരത്തിലെ കിളികൾ
പാട്ടു കൊണ്ട്
ഒരു പരവതാനി നെയ്യുന്നു
പുലരി യെന്നെ
അതിലെടുത്തു വെയ്ക്കുന്നു
ആരും കാണാതെ
എനിക്കു ചിറകു മുളയ്ക്കുന്നു
കിളിയൊച്ചകൾ
ആകാശമാകുന്നു
വെയിലേ
നീ വരല്ലേ വരല്ലേ
എൻ്റെ ചിറകരിയല്ലേ!


- മുനീർ അഗ്രഗാമി

1 .കൊല,2 .ചോദ്യം

1 .കൊല

എത്ര അധികച്ചുമതലകളാണ്
അയാൾ കൊണ്ടു നന്നത്
എന്നിട്ടും അയാളോളം
ആരും അയാളെ തിരിച്ചറിഞ്ഞില്ല
മതിലു ചാടുമ്പോൾ
മതിലിനു പുറത്ത്
അയാളവ വെച്ചു മറന്നുവോ
അവരതു കണ്ടു പിടിച്ചു വോ
അയാൾ കൊല്ലപ്പെട്ടാൽ
അവ സാക്ഷി പറയുമോ? 



2 .ചോദ്യം
രണ്ടു പൂമ്പൊടികൾ
തമ്മിൽ ചേരുന്നു
സ്വാഭാവികമായ കാറ്റിൽ.
നിങ്ങളെന്തിനാണ്
അതിലൊന്നിനെ തല്ലിക്കൊന്നത് ?
- മുനീർ അഗ്രഗാമി

എത്ര വിചിത്രമാണ്!

എത്ര വിചിത്രമാണ്!
............................................
 നോക്കുമ്പോൾ
ഉയരത്തിലെത്തിയവന്
താഴ്ചയേ ഉള്ളൂ
താഴെയുള്ളവനു്
ഉയരവും
നോക്കൂ
ലോകം എത്ര വിചിത്രമാണ്!


-മുനീർ അഗ്രഗാമി
രണ്ടു പെൺകുട്ടികൾ
................ .....................
രണ്ടു പെൺകുട്ടികൾ
നടന്നു പോകുന്നു
രണ്ടു പുഞ്ചിരിക്കും
രണ്ടു കരച്ചിലിനും ഇടയിലൂടെ
നടന്നുപോകുന്നു

രണ്ടു പേരുടേയും കൈവിരലുകൾ
രണ്ടു പുഴ പോലെ നീണ്ടു വന്ന്
ഒന്നുചേർന്നൊഴുകുന്നു
വിരലിനറ്റത്ത് ആരും കാണാതെ ചുണ്ടുകൾ വിടരുന്നു
അവ തമ്മിൽ ചേരുന്നു
അവർ രണ്ടു പനിനീർപ്പൂവുകളായി ചുവക്കുന്നു
അവർക്കു മാത്രമറിയുമൊരു
കാറ്റവരെ
ചേർത്തൂഞ്ഞാലാട്ടുന്നു
രണ്ടു പെൺകുട്ടികൾ
രണ്ടു ലോകങ്ങൾ
രണ്ടു രാജ്യങ്ങൾ
പുതിയൊരുടമ്പടിയിൽ
അതിർത്തി മായ്ച്ച്
പുതിയ ഭൂപടത്തിലിരിക്കുന്നു
പഴയ ഭൂപടത്തിനു
തീ പിടിക്കുന്നു
രണ്ടു പെൺകുട്ടികൾ
രണ്ടു സ്വപ്നത്തിന്നഴിമുഖത്ത്
ഒരു തോണിയിൽ
തിര മുറിച്ചു പോകുന്നു
കടലു നോക്കുമ്പോളവരുടെ കണ്ണിൽ
രണ്ടു നാഗങ്ങൾ
തമ്മിൽ പിണഞ്ഞാടുന്നു
രണ്ടു പെൺകുട്ടികൾ
നടന്നു പോകുന്നു
ജലം പോലെ
തുള്ളികൾ തിരിച്ചറിയാതെ
ഒഴുകിയൊഴുകി
നടന്നു പോകുന്നു
പുഞ്ചിരിയതിന്നൊരു കര
കരച്ചിലതിൻ മറുകര
ചുഴിയും തിരയു മടങ്ങാ
കടലു തന്നെ
ലക്ഷ്യം
സ്വപ്നമവിടെ
താഴ്ന്നും പൊങ്ങിയും
വൻ തിരയുടെ കുതിര പ്പുറത്ത്
കാത്തിരിക്കുന്നു
രണ്ടു പെൺകുട്ടികൾ
ഇങ്ങനെയൊഴുകി
അവിടെയെത്തുമോ ?
വറ്റിപ്പോകുമോ ?
- മുനീർ അഗ്രഗാമി

മിഥുനമഴ

മിഥുനമഴ
.....................
പനിപിടിച്ച രാത്രിയുടെ
നെറ്റിയിൽ
നിലാത്തുണി നനച്ചിടുന്നു
മിഥുനമഴയേതോ
സ്നേഹ നിർവൃതിയിൽ .
ചേർന്നിരുന്നു,
ജനൽ പഴുതിലൂടെ
നാമതുകണ്ടു കണ്ണു നിറയ്ക്കുന്നു
നമ്മുടെ നഷ്ടം നികത്തുവാൻ.

-മുനീർ അഗ്രഗാമി

ശിശിരം

ശിശിരം
.............
ഓർമ്മയുടെ ശിശിരകാലത്തിൽ
എല്ലാ ഇലകളും പൊഴിഞ്ഞ്
മരമോ
മനുഷ്യനോ
എന്നറിയാതെ നിൽക്കുന്നു

അവിൽ പൊതിയില്ലെങ്കിലും
അരിവാങ്ങാൻ കാശില്ലെങ്കിലും
ആഫീസറാണെങ്കിലും
അലവലാതിയാണെങ്കിലും
നീ വരണം
എനിക്കൊന്നു തളിർക്കണം
കോളജിലെ ഡസ്ക്കിൽ
നമ്മളെഴുതിയ ഒരു വാക്കോ
ഹോസ്റ്റലിൽ വെച്ച്
നാം പാടിയ ഒരു പാട്ടോ
ഒരു തല്ലോ
കൂടെ കരുതണം
പൊഴിഞ്ഞു വീണ ഇലകളിലൂടെ
കാറ്റ് നടന്നു പോകുന്നു
നാം മരത്തണലിലൂടെ
നടന്ന പോലെ.
അരൂപിയായി
എന്നും നാം നടക്കുന്ന
ആ തണലിന് ആരുടെ മുഖമാണ്?
അമ്മ ?
അഛൻ ?
പ്രൊഫസർ ?
അടിച്ചു വാരുന്ന ചേച്ചി ?
മരമായും
മനുഷ്യനായും
ഞാൻ
ഇപ്പോൾ തളിരിടാൻ തുടങ്ങി;
നോക്കൂ,
ഒരില നീയാണ്
നീ വന്നുവല്ലോ
എൻ്റെ ഉള്ളിൽ നിന്ന്;
നിൻ്റെ ഉള്ളിൽ നിന്ന്
ഞാനും വന്നിട്ടുണ്ടാവും
ശിശിരം നമ്മെ
അത്രയ്ക്ക് പുതുക്കുന്നു
എങ്കിലും നീ വരണം
ഇനിയെത്രയെത്ര ഋതുക്കളുണ്ട്!
വെറും കയ്യോടെ
വെറുതെയല്ലാതെ.
- മുനീർ അഗ്രഗാമി

22 ഫീമെയിൽ കേരള

22
ഫീമെയിൽ
കേരള
....................................
ഞാൻ നേരിൽ
എന്നെ മാത്രം
കാണുന്നു
ഞാൻ തന്നെ
എൻ്റെ ഫോട്ടോയെടുക്കുന്നു
ഞാൻ തന്നെ ആസ്വദിക്കുന്നു;
നന്നായെന്ന ഭിനന്ദിക്കന്നു.
ഞാൻ തന്നെ എന്നെ
പുകഴ്ത്തുന്നു

സാമൂഹ്യ പാoമറിയില്ല
സയൻസും കണക്കും പഠിച്ചിട്ടുണ്ട്
സമൂഹമോ ?
ഓ! അതെന്ത് ?
വീഡിയോ ഗെയിമിൽ
ജയിച്ച് കൈകൊട്ടുന്നു
ഹ ഹ ഹ ഹ!
- മുനീർ അഗ്രഗാമി

പാത കാണാതെ പെയ്യുമ്പോൾ

പാത കാണാതെ പെയ്യുമ്പോൾ
.........................................................
അക്കാലത്ത്
ഇടവപ്പാതി
പാത കാണാതെ പെയ്യുമ്പോൾ
മഴ കുത്തനെ യൊഴുകുന്ന
പുഴയാണ്

സ്കൂളിലേക്ക്
നനഞ്ഞു നീന്തുന്ന
ഞങ്ങൾ മീനുകളും
മുഴുവായും
കടുവായും
ചെളിയിൽ കളിച്ച്
കുടയെറിഞ്ഞ്
ഒരു കൂട്ടം
വരാലായും
കടുങ്ങാലിയായും
ജലമിളക്കിയൊരു പറ്റം
ഊളിയിട്ടും
കാറ്റിലാടിയും
കുഞ്ഞു പരലുകൾ
ഇക്കാലത്ത്
മീനില്ലാതെ
പുഴ കര(കവി)ഞ്ഞു പെയ്യന്നു
വംശനാശം വന്ന
നാട്ടുമീനുകളുടെ
പേരു പലതും മറന്നു പോയ്
അക്കാലത്തിനും
ഇക്കാലത്തിനുമിടയ്ക്ക്
ചൂണ്ടയിട്ടും
വലവീശിയും
ആരാണവയെ
ഉന്മൂലനം ചെയ്തത്?

- മുനീർ അഗ്രഗാമി

നരകവും സ്വർഗ്ഗവും

നരകവും സ്വർഗ്ഗവും
.....................................
നരകം
തീ കൊണ്ടുള്ള പൂവാണ്;
എൻ്റെ ശലഭമേ
നീ അവിടെ അകപ്പെടുമ്പോൾ.

അതിൻ്റെ ഇതളിൽ നിന്ന്
പൊള്ളലുകളെല്ലാം
പൂമ്പൊടിയാക്കി
നീ പറന്നു വരും
ചിറകുകളിൽ
ഒരു സ്വപ്നത്തിൻ്റെ ചിത്രവും കൊണ്ട്.
അന്നേരം നമുക്കിടയ്ക്ക്
മഴ പെയ്യും
കത്തിത്തീരാറായ എൻ്റെ ഇതളുകളിൽ
ജലമൊലിച്ചിറങ്ങും
അവിടെ ബാക്കിയായ
കറുപ്പല്ലാത്ത തണുത്ത ഒരു നിറം
നിന്നെ വിളിക്കും
അതിൽ നീ വന്നിരിക്കും
നിൻ്റെ സ്പർശം കൊണ്ട്
കരിഞ്ഞതൊക്കെയും
എന്നിൽ തളിർക്കും
സന്തോഷം കൊണ്ട്
ഞാനൊരു പൂക്കാലമായിപ്പോകും
നീയതിനെ സ്വർഗ്ഗമെന്നു വിളിക്കും
നരകത്തെ
പൂവാക്കിയ വൈഭവമേ
എൻ്റെ ശലഭമേ
നീ തന്നെ
നീ തന്നെയെൻ്റെ
പൂവിന്നിതളുകൾ !


- മുനീർ അഗ്രഗാമി

വർണ്ണവിവേചനം

വർണ്ണവിവേചനം
................................
നീയെങ്ങനെയാടീ കരിഞ്ഞു പോയത് ?
വെളുത്തവളുടെ അഹങ്കാരം ചോദിക്കുന്നു
ദ്രാവിഡത്തനിമയുടെ,
താവഴിയുടെ മുടി വലിച്ചിഴച്ച് ചോദിക്കുന്നു

ഗാന്ധിജി പെണ്ണായിരുന്നെങ്കിൽ
ദക്ഷിണാഫ്രിക്കയിൽ നിന്ന്
കേൾക്കുമായിരുന്ന ചോദ്യം
വർണ്ണവെറിയൻ മാരുടെ
പഴങ്കഥയിൽ മറഞ്ഞെന്നു കരുതിയ ചോദ്യം
അവളുമാർ ചോദിക്കുന്നു
ചോദിച്ചവളു (രു )ടെ വെളുപ്പിൽ
മനുഷ്യൻ്റേതല്ലാത്ത
കറുപ്പു തെളിയുന്നു;
ആ കറുപ്പ്
ഇരുട്ടായി കനക്കുന്നു;
ആ ഇരുട്ടിൽ
അവളുടെ താവഴിയിൽ
ഒരു ഗർഭപാത്രത്തിൽ
വെളുപ്പ് കൊണ്ടു വെച്ച്
ജാരൻ ഓടി മറയുന്നു
വെളുപ്പിൻ്റെ വഴി
അവൻ്റെ ഓട്ടത്തിൽ
പുല്ലു മുളയ്ക്കാതെ
തെളിയുന്നു
അവർ മറ്റൊരു വംശത്തിൻ്റെ വിത്തായി
പടുമുള പൊട്ടിയതാണെന്നു്
ജ്ഞാനികൾ കാണുന്നു
വംശവെറിയിൽ
ഉന്മൂലനത്തിൻ്റെ
ദ്രാവകം അവർ (ൾ )
ദ്രാവിഡ മകളുടെ അന്നനാളത്തിൽ ഒഴിക്കുന്നു
അന്നത്തിന് വകയില്ലാത്തവൾക്കെന്തിനു്
അന്നനാളമെന്ന്
അവർ ചോദിക്കുന്നു
അവർ
പുരുഷൻമാരായിരുന്നില്ല
ആസാമിയോ ബംഗാളിയോ ആയിരുന്നില്ല
എ പ്ലസ് നേടി
ഉന്നത പഠനത്തിനെത്തിയ
മലയാളിമങ്കമാരായിരുന്നു
കുഞ്ഞേ
നമുക്കിനിയും ഉത്തരമെഴുതാം
നീ ബോർഡിൽ നോക്കിയിരിക്കുക
സാക്ഷരതയിൽ
ഒന്നാം സ്ഥാനം നമുക്കു തന്നെ
കേരള മോഡൽ
കേരള മോഡൽ
എന്നിങ്ങനെ!
-muneer agragaami

ആകാശവും ഭൂമിയും

ആകാശവും ഭൂമിയും
....................................
കിളികളെല്ലാം
എൻ്റെ ആഗ്രഹങ്ങളാണ്
നീ ആകാശമാകുമ്പോൾ

മരങ്ങളെല്ലാം
നിന്നിലേക്ക് വളരുന്ന
എൻ്റെ സ്വപ്നങ്ങളും,
ഞാൻ ഭൂമിയുമാകുമ്പോൾ

ആകാശത്തിൻ്റേയും
ഭൂമിയുടേയും ഉപമയിൽ കയറി
കടലു കടക്കുമ്പോലെ
രാത്രിയും പകലും
കടക്കുന്ന
യാത്രികരാണ് നാം

കണ്ടുമുട്ടുമ്പോൾ
ബസ്സിൽ ഒരേ സീറ്റിലിരിക്കുന്നവർ
തമ്മിൽ മിണ്ടാത്ത പോലെ
തീർന്നു പോകുന്നു കാഴ്ച

എങ്കിലും
ആകാശമേ
ഒരു മഴ കൊണ്ടെങ്കിലും
എന്നെ സ്പർശിക്കുക
സ്പർശിക്കുക.


-മുനീർ അഗ്രഗാമി

മൂങ്ങ

മൂങ്ങ
..........
രാത്രിയുടെ കണ്ണുകളാണ് മൂങ്ങകൾ
എന്തെന്നാൽ ഇരുട്ടിൻ്റെ ഞരമ്പുകൾ
അവയിലേക്ക് കാഴ്ചയെത്തിക്കുന്നു
വെളിച്ചത്തിനു പ്രവേശമില്ലാത്ത
ഭൂപട രേഖകൾ
രാത്രി അവയിലൂടെ നോക്കുമ്പോൾ തെളിയുന്നു

വെളിച്ചത്തിലെത്താത്ത
ദർശനമായതിനാൽ
ഇരുട്ട് ,കറുത്ത താടിയുഴിഞ്ഞ്‌
അവയെ ദളിതമെന്നു്
ദർശിക്കുന്നു
ഇരുട്ടിൻ്റെ ഏതോ മൂലയിൽ നിന്ന്
വനാന്തരങ്ങളിൽ നിന്നെന്ന പോലെ
മൂളൽ കേൾക്കുന്നു
വെളിച്ചത്തിൻ്റെ
വെളുത്ത താടിക്കു മുന്നിൽ
ചമ്രം പടിഞ്ഞിരുന്ന്
ആദിവാസി ഗാനം പോലെ
കുട്ടികൾ അതാ സ്വദിക്കുന്നു
ഇരുട്ട് കണ്ണു തുറന്ന്
വെളിച്ചമേ പോന്ന് മൂളി
ഒരു മരക്കൊമ്പിലിരിക്കുന്നു.

-മുനീർ അഗ്രഗാമി

അടുപ്പ് :അടുപ്പം

അടുപ്പ് :അടുപ്പം
..............................
അടുപ്പിന് ഒരു രഹസ്യമുണ്ട്
അടുപ്പത്തിൻ്റെ രഹസ്യം
കൈയെത്താവുന്ന ദൂരത്ത്
തമ്മിൽ തൊടാതെ
പരസ്പര ബഹുമാനത്തോടെ
മൂന്നു കല്ലുകൾ നിൽക്കുന്നു ; എന്നാൽ
കല്ലുകളല്ലാത്ത പോലെ
എന്നാൽ കല്ലുകളായിത്തന്നെ.

പൊള്ളിനിൽക്കുമ്പോഴും
ഇടയ്ക്കു വന്നവർ
കത്തിയെരിയുമ്പോഴും
തിളച്ചു തൂവുന്ന ലോകങ്ങൾ
തലയിലേറ്റുന്നു
ഉരുണ്ടും പരന്നും
ലോകബോധം മാറുന്നതറിയുന്നു
വെന്തുരുകുന്ന വയ്ക്ക്
സാക്ഷിയാകുന്നു
മാറാതെ
ഉരുകാതെ
മൂന്നു കല്ലുകൾ
അടുപ്പത്തിൻ്റെ ഇടയ്ക്കുള്ള
അകലത്തിൽ അവയുടെ
രഹസ്യമെഴുതുന്നു
വാക്കുകളില്ലാതെ
ലിപിയില്ലാതെ.
എന്നാൽ അടുത്തവർക്ക്
മനസ്സിലാകുന്ന ഭാഷയിൽ
അടുപ്പത്തിൻ്റെ ഭാഷയിൽ
പൊള്ളി ജീവിച്ചു തണുക്കുമ്പോൾ
ചാമ്പലിൻ്റെ ചാര നിസ്സംഗതയിൽ
ഓർമ്മകൾ കോർത്തു പിടിക്കുന്നു
അടുപ്പത്തിൻ്റെ അകലത്തിൽ
എന്നാൽ അകലമില്ലാതെ
അടുപ്പിന് ഒരു രഹസ്യമുണ്ട്
അടുത്തു നിൽക്കുന്നതിൻ്റെ,
എന്നാൽ അടുത്ത ല്ലാത്തതിൻ്റെ
ഒരേ ഉയരത്തിൽ
ഒരേ നിലയിൽ
ഒന്നായി
അടുപ്പം അടുപ്പാകുന്നതിൻ്റെ
വേവിക്കുന്നവളതറിഞ്ഞിരുന്നു
വെന്തുപാകമായവർ
അവളെയറിയുവോളം
രഹസ്യം
രഹസ്യമായി വെന്തു കൊണ്ടിരിക്കും
- മുനീർ അഗ്രഗാമി

ഇന്ന് ഒരു തുമ്പി

ഇന്ന് ഒരു തുമ്പി
......................................

ഇന്ന് ഒരു തുമ്പി
പൂവിൻ്റെ ഇതൾ നോക്കി
വായിക്കുന്നതു കണ്ടു
പൂവ് ആകാശം നോക്കിയും വായിക്കുന്നു
തുമ്പിയെ നോക്കി വായിച്ച്
കാണാപ്പാഠം പഠിക്കണമെന്നുണ്ട്
പഠിച്ച അക്ഷരങ്ങൾ കൊണ്ട്
ഒന്നും വായിക്കാനാവാതെ
നിന്നു വിയർത്തു
അന്നേരം വെളിച്ചം കൂട്ടിക്കൊണ്ടുപോയി
അതിൻ്റെ മടിയിലിരുത്തുന്നു
പുരാതനമായ ഭാഷ പഠിപ്പിക്കുന്നു
ഇല്ല
ഞാനിനി ട്യൂഷനു പോകില്ല
പോകില്ല!



-മുനീർ അഗ്രഗാമി

കുഞ്ഞ്

കുഞ്ഞ്
............
കുഞ്ഞ് മുലകുടിക്കുന്നു
ഭാഷയില്ലാതെ
വാക്കുകളില്ലാതെ.
കുഞ്ഞ് വാത്സല്യമറിയുന്നു
ഭാഷണമില്ലാതെ
ദൂഷണമില്ലാതെ.
കുഞ്ഞ് സ്നേഹം രുചിക്കുന്നു
വേഷങ്ങളില്ലാതെ
വേദനയില്ലാതെ.
കുഞ്ഞ്
നിഷ്ക ളങ്കമായ കവിതയാകുന്നു;
േവഷങ്ങളുടേയും
ഭാഷകളുടേയും
അതിരുകൾ പൊളിച്ച് ,
ചിരിച്ചും കളിച്ചും
ഒരു സമൂഹം സൃഷ്ടിച്ച് .
കുഞ്ഞ് വലിയ പാഠമാണ്
വലിയവർക്ക്‌;
വിശ്വസിക്കാനും
വിജയിക്കാനും .
കുഞ്ഞ് ചിരിക്കുമ്പോൾ
ഓരോ ചിരിയും
ഓരോ പൂക്കാല മാകുന്നു,
പൂക്കൾ കൊഴിഞ്ഞവർക്ക് .
അതു കൊണ്ട്
ഉള്ളിൽ കുഞ്ഞുങ്ങളുള്ളവരാണ്
എപ്പോഴും വസന്തമായി
നടന്നു പോകുന്നത് .
- മുനീർ അഗ്രഗാമി

ഉറക്കം

ഉറക്കം
 .........................
ഉറക്കം നിറമില്ലാത്ത പൂവാണ്
സ്വപ്നങ്ങൾ ശലഭങ്ങളും...
പൂക്കൾ വിടർന്നു കൊണ്ടിരുന്നു
രാത്രി വലിയ പൂന്തോട്ടമായി.

-മുനീർ അഗ്രഗാമി


മരിച്ചയാളുടെ വീട്ടിലേക്ക്

മരിച്ചയാളുടെ വീട്ടിലേക്ക്
 ..........................................................
മരിച്ചയാളുടെ വീട്ടിലേക്ക്
വെറും കൈയോടെ കയറിച്ചെന്നു
അയാൾക്ക്‌ ജീവനുണ്ടെങ്കിൽ
അയാൾക്ക് കൊടുക്കേണ്ടിയിരുന്ന കൈ.
മരിക്കുക എന്നാൽ
ശരീരത്തിൽ നിന്ന് അയാൾ എങ്ങോട്ടോ
പോകുകയാണ്
എങ്ങോട്ടും പോയില്ലായിരുന്നെങ്കിൽ
അയാൾ ഹസ്തദാനം സ്വീകരിക്കുമായിരുന്നു

അയാൾ മുമ്പു തന്ന
ഹസ്തദാനമൊക്കെയും പൂക്കളായി
അപ്പോൾ
അയാളുടെ ഓർമ്മകളിൽ
പൊഴിഞ്ഞു വീണു
അവ അയാളുടെ
ഉടൽ പോലെ തണുത്തു കിടന്നു
അയാളെ പോലെ പൂവും
എങ്ങോട്ടോ പോയിരിക്കണം
അയാളുടെ ഉടൽ
സൂക്ഷ്മതയോടെ അടക്കം ചെയ്തു
തിരിച്ചു പോന്നു
വെറും കയ്യോടെ.
അടക്കമില്ലാതെ പൂക്കൾ
അതു നോക്കി നിന്നു
അയാളുണ്ടായിരുന്നെങ്കിൽ
ചൂടുള്ള ഒരു സ്പർശം കൊണ്ട്
കൈ നിറയുമായിരുന്നു
കണ്ണുകൾ
അയാളെ തിരഞ്ഞ് തിരഞ്ഞ്
തിരയേറി , കടലായി
അയാൾക്ക് മാത്രം നീന്തുവാൻ.

-മുനീർ അഗ്രഗാമി

വൻമരം വീണപ്പോൾ


വൻമരം വീണപ്പോൾ
...........................................
വൻമരം വീണപ്പോൾ
ചതഞ്ഞുമരിച്ച ചെടികളുടെയും
ചെറു ജീവികളുടെയും
കണക്കു പുസ്തകത്തിൽ നിന്ന്
അക്കങ്ങൾ മുളച്ചുപൊന്തി
അതിലും വലിയമരങ്ങളായി

വീണ നാൾ മുതൽ
ചിതലുതിന്നും
പൂതലിച്ചും തീർന്നു പോയ മരത്തിൻ്റെ ഓർമ്മകളോട്
അവ കണക്കു ചോദിക്കുന്നു
ഉത്തരമറിയാതെ
ഓർമ്മകൾ തോറ്റു പോകുന്നു
രണ്ടു പുൽക്കൊടികൾ
ഉടൻ എഴുന്നേറ്റ്
ചരിത്രത്തിലില്ലാത്ത
മറ്റൊരു കണക്കെഴുതുന്നു
കയ്യും കാലും മുറിഞ്ഞ്
ഉണങ്ങിപ്പോയ
മുത്തച്ഛൻമാരുടെ കണക്ക് .
അവർ പുതിയ ചോദ്യക്കടലാസുണ്ടാക്കുകയാണ്.
ആരാണ്
ആ പരീക്ഷ വിജയിക്കുക!
തോൽക്കുന്നവരുടെ
കടപുഴകുമെന്ന
അശരീരിയിൽ
പരീക്ഷാ പരിശീലനം
തകൃതി തന്നെ.


-മുനീർ അഗ്രഗാമി

ഇടവപ്പാതി

ഇടവപ്പാതി
....................
ഇടപ്പാതിയേ,
എൻ്റെ കുളിരേ
നിൻ്റെ മറുപാതിയായ ഞാൻ
മണൽത്തരികളെണ്ണി,
മരീചികയുടെ ജലവിഭ്രമത്തിൽ
നീയെന്ന തോന്നലിൽ
കൊടുംവെയിലു കടക്കുന്നു.

ഒട്ടകമതിൻ
പൂഞ്ഞയിൽ നിന്നെന്ന പോൽ
നിന്നോർമ്മകളിൽ നിന്നുമോരോ
തുള്ളികളെടുത്തു
രുചിക്കുന്നു
ദാഹം തീരുന്നതെങ്ങനെ ?;
പകലും പാതിരാവിലും
നീ യൊറ്റയ്ക്കൊരേകാന്ത
തടാകമായ്
പെയ്തു നിറയുമ്പോൾ
എന്നുച്ചിയിൽ സൂര്യനുദിക്കുന്നു
ഏതോ തുളുമ്പലിൽ കവിഞ്ഞൊഴുകുന്ന
നിറവയൽ പോലെ
എന്നെ വിളിക്കുന്നു
മൃഗതൃഷ്ണകൾ;
നിൻ്റെ മിഴികളാണവ;
സ്വപ്നം ഞെട്ടിയുണ രുവോളം
അടുത്തിരുന്നെന്നെക്കണ്ട
സ്നേഹമഹാ സാഗരങ്ങൾ;
ഉണർവ്വിലുറക്കം പോലെ
മറഞ്ഞ പ്രതീക്ഷകൾ
ഇടിമുഴക്കങ്ങളില്ലാതെ,
മിന്നൽ പിണരുകളില്ലാതെ
ശാന്തയെങ്കിലും നീയെന്നെക്കാണാതെ
കരഞ്ഞു കലങ്ങിയൊഴുകുന്നു
വേലിപ്പടർപ്പുകൾ
തലയാട്ടി നിന്നെ നോക്കി രുചിക്കുന്നു
ജോലിത്തളർച്ചയിൽ
നിന്നോർമ്മത്തണലിൽ
ഞാനുറങ്ങുന്നു;
ഇടവപ്പാതിയേ
എൻ്റെ മറുപാതിയേ
പതിയെ
പതിയെന്നു നീ വിളിച്ചുവോ കാതിൽ!
കാനൽജലമെന്നെ
നട്ടുച്ചയിൽ
വെറുതെ നീയെന്ന പോൽ
മോഹിപ്പിക്കവേ
മാമ്പഴ മണം കുഞ്ഞുങ്ങളെ പോൽ
നമ്മെ ചേർത്തു പിടിച്ചുവോ
വരിക്കച്ചക്ക തൻ തേൻ മണമവരെ
കളിക്കുവാൻ വിളിച്ചുവോ?
മുല്ല മണം
പുറത്തു കാത്തു നിന്നുവോ ?
ഒറ്റത്തുള്ളിമഴ പോലെ
ഓർമ്മകളിറ്റുന്നു;
മരുഭൂമി ചുണ്ടുനനയ് ന്നു;
നീ ചോർന്നൊലിക്കുന്നു
കാലമൊരു പെരും കയറായ്
ഒരറ്റത്ത് എന്നെ കെട്ടിയിട്ട് തീ കൊടുക്കുന്നു;
മറ്റേ അറ്റത്ത് നിന്നെ ബന്ധിച്ച്
തണുപ്പിക്കുന്നു.
ഇടവമാസ മതിൻമുകളിലൂടെ
നടന്നു പോകുന്നു;
ചൂടുള്ള പാതിയിൽ
എന്നെ ലയിപ്പിക്കുന്നു;
തണുപ്പുള്ളതിൽ നിന്നെയും
ഒരു കടലിൻ്റെ നീളത്തിൽ കയർ
തിരയടിക്കുന്നു
ഇടവപ്പാതിയേ
എൻ്റെ പാതിയേ
ഇടവമഴയ്ക്കൊപ്പം നാം പെയ്തു പിടയുന്നു
...................................
മുനീർ അഗ്രഗാമി

പക

പക
............
കൂട്ടുകാരനെ കാണാൻ വന്നു;
കണ്ടില്ല.
സങ്കടമേറി .
നിന്ന നില്പിൽ പെയ്തു;
പ്രളയമായി
അങ്ങനെ
കുന്നു കാണാൻ വന്ന മഴ
കുന്നിടിച്ചവനെ കൊന്നു പോയി


- മുനീർ അഗ്രഗാമി

നനയുക നനയുക

നനയുക,
നനവിലേ സനേഹമുള്ളൂ
************************
(സമയുള്ളവർ തുടർന്നു വായിക്കുക)
നനയുക നനയുക
(കവിത)
.................................
നനയുക
നനവിലേ സ്നേഹമുള്ളൂ
നനയുക
മഴയിൽ ,മഞ്ഞിൽ,
പ്രണയത്തിൽ
വിരഹത്തിലും
നനയുക
ജീവൻ്റെ നനവുണങ്ങാതെ
കാക്കുന്ന ജലരഹസ്യത്തിൽ
അമൂർത്തമായ്
ജന്മരഹസ്യത്തിലും
നനയുക
തഥാഗതൻ്റെ കണ്ണീരിൽ
കുരിശേറിയവൻ്റെ പ്രതീക്ഷയിൽ
നവഖലിയുടെ സങ്കടത്തിലും
നനയുക
അമ്മയോർമ്മകളിൽ,
പൈതൃകത്തിൻ്റെ വറ്റാത്ത നദികളിൽ
സാഹോദര്യത്തിൻ തുള്ളിയിലും
നനയുക
കുളിച്ചു തോർത്തി നിൽക്കുന്ന
മുല്ലപ്പൂ മണത്തിൽ
കളിച്ചു കയ്യടി നേടിയ
വെള്ളച്ചാട്ടത്തിൽ
മാമ്പഴസ് മൃതിയിലും
നനയുക
തോരാതെപെയ്യുന്ന
പെൺമിഴിമഴയിൽ
പേടി തൻ മിന്നലിൽ
ഇടിമുഴങ്ങുന്ന മനസ്സിലെ പേമാരിയിൽ
വന്യമാം വനപുഷ്പങ്ങളുടെ
ബാഷ്പ ബിന്ദുവിലും
നനയുക
രാസ്നാദി തൻ
ഗന്ധമേറിയ മുടിത്തുമ്പിന്നോർമ്മയിൽ
വയൽ വരമ്പുകയറിയെത്തിയ
കതിർക്കുലത്തുമ്പിനോർമ്മയിൽ
വയലിൻ വിതുമ്പലിലും
നനയുക
നന്മയൊഴുകും മനുഷ്യരുടെയരുവി യിൽ
മരിച്ചവരുപേക്ഷിച്ച
വാക്കിൻ മഹാസമുദ്രത്തിൽ
കരുണയുടെ പുൽക്കൊടിത്തുമ്പിലെ
കുളിർ മഴയിലും
നനയുക നനയുക
നനവിലേ സ്നേഹമുള്ളൂ
- മുനീർ അഗ്രഗാമി

തളിരിലകൾ


തളിരിലകൾ
..........................
മഴയുടെ വിരലുപിടിച്ച്
ഒരോർമ്മ
മുളച്ചുപൊങ്ങുന്നു
ഞാനും നീയുമതിൻ്റെ
തളിരിലകൾ

ഉച്ചക്കഞ്ഞിയുടെ മണം വന്ന്
ആകെയിളക്കുന്നു

അകത്തും പുറത്തും
മഴ തന്നെ മഴ

മുല്ലപ്പൂ പൊഴിയുമ്പോലെ
ആയുസ്സിലവ
പെയ്തു നിറയുന്നു

...........................
മുനീർ അഗ്രഗാമി