പുഞ്ചിരിയുടെ ചിതറിയ കഷണങ്ങൾ

ചാവേർ സ്ഫോടനങ്ങളുടേയും
ബോംബർ വിമാനങ്ങളുടേയും
ശബ്ദം
വാ തുറന്ന്
പെരുന്നാളാശംസകളെ
വിഴുങ്ങുന്നു

എപ്പോൾ പൊട്ടിച്ചിതറുമെന്നറിയാത്ത
വിങ്ങലിൽ
വെടിപ്പുകയുടെ താഴെ
പുഞ്ചിരിയുടെ ചിതറിയ കഷണങ്ങൾ
പെറുക്കിക്കൂട്ടുന്ന കുട്ടികൾ
അതു കണ്ടു കരയുന്നു
അഭയമില്ലാതെ
അന്നമില്ലാതെ
ആ കരച്ചിൽ
അമ്പേറ്റ
കുരുവിയെ പോലെ പിടഞ്ഞ്
കടലു കടക്കുന്നു
സങ്കടത്തിൻ്റെ മൂടലിൽ
ചന്ദ്രൻ്റെ മുഖംപോലും തെളിയുന്നില്ല
കത്തിപ്പോയ പൂക്കാലം
ഓർമ്മയിലുള്ള ആ തേൻ കുരുവി
ഓരോ രാജ്യത്തിലും ചെന്ന്
പൂക്കൾ ചോദിക്കുന്നു
അവശേഷിച്ച ഒരു പൂവ്
കണ്ണീരിൽ നനഞ്ഞ
ഒരു പെൺകുട്ടിയായ് എഴുന്നേറ്റ്
അതിനൊരുമ്മ കൊടുക്കുന്നു
ഓർമ്മയിലുള്ള പൂക്കാലം
പകരം കൊടുക്കാനാവാതെ
കുരുവി പറന്നു പോകുന്നു
രണ്ടു സ്ഫോടനങ്ങൾക്കിടയിലുള്ള
ആകാശം അതിനെ എത്രത്തോളം
പറത്തും?
രണ്ടു സ്ഫോടനങ്ങൾക്കിടയിലുള്ള ഭൂമി
അതിനെ എത്ര നേരം നോക്കിയിരിക്കും ?
രണ്ടു സ്ഫോടനങ്ങൾക്കിടയിലുള്ള
നിശ്ശബ്ദത എത്രമാത്രം
അതിൻ്റെ ശബ്ദം കേൾക്കും ?
പെരുന്നാൾ ആരോടെന്നില്ലാതെ ചോദിച്ചു കൊണ്ടിരുന്നു

-മുനീർ അഗ്രഗാമി

No comments:

Post a Comment