അമ്മ പോകുമ്പോൾ

 അമ്മ പോകുമ്പോൾ

...................................
സങ്കടം മറ്റൊരു വൻകരയാണ്
അമ്മ പോകുമ്പോൾ
തിരയടിക്കുന്ന കടലിൽ.
എന്റെ പായ്ക്കപ്പലിനെ
എല്ലാ കാറ്റും അവിടെ എത്തിക്കുന്നു
ഉടലില്ലാല്ലാത്തവരാണ്
അവിടെ ജീവിക്കുന്നത്
എന്റെ യാനം അമ്മയിലെത്തുമ്പോൾ
എന്റെ ഉടൽ
മറ്റെവിടെയോ ആണ്
ഉടലുപേക്ഷിച്ചു പോയപ്പോൾ
അമ്മ ബാക്കിയാക്കിയ
ഒരിടമാണത്
അതെവിടെയാണെന്ന്
എന്നോടു ചോദിക്കരുതേ
ഞാനവിടെയാണെങ്കിലും
ഹിമപാതങ്ങളിൽ നിന്നും
വീണ്ടും
അമ്മയുടെ അവസാന സ്പർശത്തിന്റെ
തണുപ്പ്
എന്റെ ചുഴികളിൽ
താഴേക്കിറങ്ങുന്നു
അമ്മ
പുലരിത്തണുപ്പിൽ
മറന്നു വെച്ച ഒരു തേങ്ങൽ
മുറ്റത്ത് നിൽക്കുന്നു
കയ്യിൽ ചൂലുമായ്
എന്തോ ഓർത്ത്
എനിക്കൊപ്പം കഴിഞ്ഞ ദിനങ്ങളിൽ
ഉടുക്കാൻ പറ്റാത്ത
ഒരു മഞ്ഞുകാലം ഉടുത്ത്
വെള്ളയിൽ പച്ചപ്പുള്ളികളുള്ള
സാരിയുടുത്തു വരുമ്പോലെ
അടുത്തേക്കു വരുന്നു
നെറ്റിയിൽ വിരലുകൾ വെക്കുന്നു
എൻ കുഞ്ഞൊറ്റയായോ എന്നു
ചോദിക്കുന്നു
കടലിളകുന്നു
കരകാണാതെ കടലിളകുന്നു
ഇളകുന്നു
സങ്കടം
അമ്മ പോകുമ്പോൾ
അമ്മ എനിക്കു തന്ന വൻകരയാണ്
മറ്റൊന്നും തരാനില്ലാത്തതിനാൽ
മറ്റാർക്കും
ഒന്നും കൊടുക്കാനില്ലാത്തതിനാൽ .
- മുനീർ അഗ്രഗാമി

 തണുത്ത കൊമ്പുമായി

എഴുന്നള്ളിയെത്തുന്നൂ
മഞ്ഞുത്സവത്തിനായെൻ
മുറ്റത്തൊറ്റയാൻ രാവ്!
-മുനീർ അഗ്രഗാമി

ഋതുവാകൽ ....................

 ഋതുവാകൽ

....................
ഇലപൊഴിക്കുന്നത്
മരങ്ങൾ
മാത്രമല്ല
മനുഷ്യരും നദികളും
ദേശങ്ങളും
അങ്ങനെ ചെയ്യാറുണ്ട്
ചിലപ്പോൾ
തണുത്ത് മരവിച്ച്
നിൽക്കുന്നതിന്റെ
തൊട്ടുമുമ്പ്
ചിലപ്പോൾ
വേനൽ വരുമെന്ന്
അറിയിപ്പ് കിട്ടിയ പോലെ
പൊടുന്നനെ
ചിലപ്പോൾ
അത്രയും പ്രിയപ്പെട്ടൊരാൾ
ചൂടാകുമ്പോൾ
ഇലകൾ കത്തിപ്പോകുമെന്ന്
ഭയന്ന്
ചിലപ്പോൾ
വന്നവരൊക്കെ
പിരിഞ്ഞു പോകുന്ന സന്ധ്യയിൽ
അവരെ നോക്കി നോക്കി നിന്ന് .
ഇലപൊഴിഞ്ഞ നദിയിൽ
മണൽ ശിഖരങ്ങളിലൊന്നിൽ
ഒരു കിളിയെ പോലെ
ഞാനിരുന്നു
ഇലകൾ പോലെ
തൂവലുകൾ
കൊഴിഞ്ഞു കൊഴിഞ്ഞു പോയി
മരവും
നദിയും
ഞാനും
ഒരേ പോലെ
നഗ്നരാകുവാൻ ശ്രമിക്കെ
സമ്മതിക്കാതെ
മഞ്ഞു പെയ്തു
നിറയെ വെളുത്ത
ഇലകളുള്ള മഹാവൃക്ഷമാണ്
മഞ്ഞുകാലം.
മരം കുത്തനെ നിൽക്കുന്ന
അതിന്റെ കൊമ്പ്.
നദി വിലങ്ങനെ നീളുന്ന
ഒരു ശിഖ.
ഞാൻ ഇളകുന്ന
കുഞ്ഞു കവരം
തളിരിലകൾ വിരിഞ്ഞു കൊണ്ടിരുന്നു
ഇലകളില്ലാതെ
ഒറ്റയാണെങ്കിൽ
ഞങ്ങളോടു ചേരുക
ഒരുമിച്ച്
ഋതുവാവാനുള്ള
അവസരമാണ്.
പാഴാക്കാതെ !
-മുനീർ അഗ്രഗാമി

മറവി

 മറവി

.......
മറവി രണ്ടു കൊക്കുകളാണ്
ഞാനോ
ഓർമ്മയുടെ തടാകത്തിലെ ആമയും.
പെയ്ത കാലങ്ങൾ വറ്റുന്ന നട്ടുച്ചയ്ക്ക്
രണ്ടു കൊക്കുകൾ തേടി വന്നു
നിറയെ ഓർമ്മകൾ പെയ്യുന്ന
മറ്റൊരു തടാകത്തിന്റെ
ചിത്രം കാണിച്ച്
എന്നെയും കൊണ്ടു പറന്നു.
അന്നാണ് നിന്റെ ജന്മദിനം
ഞാൻ മറന്നു പോയത്
ഇനിയും ജനിക്കാത്ത രണ്ടു പൂമ്പാറ്റകളാണ്
നാമെന്ന് വെറുതെ
ഓർത്തതിന്റെ പിറ്റേന്ന്
ഇനിയും മരിക്കാത്ത രണ്ടു പൂവുകളാണ്
നാമെന്ന്
മറക്കാതിക്കാൻ
പൂക്കാലം തേടിപ്പോവാനിരുന്ന ദിവസത്തിന്
തൊട്ടുമുമ്പ്
മറവിയുടെ ചിറകുകൾ ഉയർന്നു
ആകാശവും ഭൂമിയും
മറവിയുടേതെന്ന പോലെ
കിടന്നു
പഴങ്കഥയുടെ രണ്ടറ്റത്തും
കൊറ്റികൾ കടിച്ചു പിടിച്ചിരുന്നു
നടുക്ക് ഞാനും കടിച്ചു പിടിച്ചിരുന്നു
നിന്റെ ഓളങ്ങളിലേക്കുള്ള
പറക്കലാണ്
ഈ മറവി ചതിക്കുമോ
എന്നറിയാതെ.
വർത്തമാനകാലം
നീ എന്നെയോർത്തു പെയ്ത് നിറയുന്ന
തടാകമാണ്
ഞാൻ മറവി എടുത്തു പറക്കുന്ന
ആമയും
അതു കൊണ്ട്
ഞാനോ നീയോ ഇതുവരെ ജനിച്ചിട്ടില്ല
അതുകൊണ്ട്
ഓരോ കണ്ടുമുട്ടലും ഓരോ ജന്മദിനം.
-മുനീർ അഗ്രഗാമി

അതേ ഞെട്ടിൽ

അതേ ഞെട്ടിൽ

സങ്കടങ്ങൾ പുതച്ച്
ഉറങ്ങുന്നവളുടെ സ്വപ്നത്തിൽ
ഇന്ന് കയറിച്ചെല്ലണം
ലഹരിയുടെ തീ
കരിച്ചു കളഞ്ഞ ചിറകുകൾ വിടർത്തി
ഒന്നുകൂടി പുഷ്പിക്കണം
വീണു പോയെന്ന്
അവൾ കരുതിയ
അതേ ഞെട്ടിൽ .
ഉണരുമ്പോൾ
വസന്തമായിത്തീരുന്ന
അവളെ
ഇറങ്ങിപ്പോരുമ്പോൾ
കാണാൻ സാധിക്കില്ലെങ്കിലും
സ്വപ്നമുണ്ടല്ലോ
അസ്വസ്ഥമായവന്
അഭയമായ്
എന്ന് സമാധാനിച്ച് കിടക്കണം
എല്ലാ വാതിലുകളും
തുറന്നിട്ട് .

- മുനീർ അഗ്രഗാമി 

പാറക്കല്ലു പറഞ്ഞു പാടൂ

 പാറക്കല്ലു പറഞ്ഞു

പാടൂ
'......,.,........
ഇന്ന് രാവിലെ
ഞാൻ വീണ്ടും കുട്ടിയായി
പണ്ടു പഠിച്ച ഒരു കവിത
മടിപിടിച്ചു കിടന്ന
എന്നെ വിളിച്ചുണർത്തി
കെപിടിച്ചു
സ്കൂളിലേക്ക് നടന്നു
പാടം കടന്നു
നീലാകാശത്തിന്റെ
പീലികൾ വീണ്ടും കണ്ടു
വഴി മറന്ന് വയലിൽ
പുതിയതായി പൊങ്ങിയ
ഫ്ലാറ്റിനു മുമ്പിൽ തരിച്ചു നിന്നു പോയി
വാ കുരുവീ വരു കുരുവീ
എന്നു വിളിച്ച
കുരുവികൾ വന്നു
വഴി പറഞ്ഞു തന്നു
ചെന്നു നോക്കുമ്പോൾ
പഴയ സ്കൂളില്ല
അരമതിലിന്റെ
എളിയിലിരുന്നത് ഓർത്തു
പൂട്ടിക്കിടക്കുന്ന കഞ്ഞിപ്പുര കണ്ടു
നെല്ലിമരവും
ചാമ്പ മരവും കണ്ടില്ല
നിറയെ കട്ട പാകിയ മുറ്റത്ത്
മറ്റൊരു ലോകത്തെന്ന പോലെ നിന്നു
മതിലിനരികിൽ കണ്ട
ഉരുണ്ട പാറക്കല്ല് മാത്രം ചിരിച്ചു
പരിചയത്തോടെ ചോദിച്ചു
ഓർമ്മയുണ്ടോ ?
അതിനെ തൊട്ടു നിന്നു
എന്റെ വിരൽപ്പാടതിന്റെ
ഹൃദയത്തിൽ കണ്ടു
ഞാനും പാട്ടും
അതിന്റെ മടിയിലിരുന്നു
ഒരിക്കൽ വിയർത്തു വീണ
ഡ്രില്ലിന്റെ പിരീട്
വെറുതെ നിവർത്തി നോക്കി
ഒരപ്പൂപ്പൻ താടി പറന്നു വന്നു
പറന്നു പോയ ഒരു കാലത്തിന്റെ തൂവലാണത്
ഞങ്ങൾ രണ്ടു പേരുമതു നോക്കി നിന്നു
പാറക്കല്ലു പറഞ്ഞു
പാടൂ ,
പാടൂ
പഴയ ഓർമ്മകൾ പാടൂ
അവരെന്നെ പൊട്ടിച്ച്
പുതിയ പ്ലസ് ടു ബ്ലോക്കിന്റെ
സിമന്റിനുള്ളിൽ ഒളിപ്പിക്കും മുമ്പ്.
- മുനീർ അഗ്രഗാമി

മറന്നു വെച്ച രഹസ്യ...

 മറന്നു വെച്ച രഹസ്യ...



അഴിച്ചു വെച്ച ഒരു രഹസ്യത്തിന്റെ

ആലസ്യത്തിൽ
അവൾ സ്വസ്ഥമായി
മടിയിലുറങ്ങി
ഉറക്കം തീർത്ത്
സ്വപ്നത്തിൽ തെളിഞ്ഞ
ഒറ്റയടിപ്പാതയിലൂടെ
നടന്നു പോയി
മരങ്ങൾ ആരെയോ കാത്തു നിൽക്കുന്ന
കുന്നിന്റെ ഉച്ചിയിൽ
കോടമഞ്ഞിന്റെ തണലിലൂടെ
മരത്തെ തേടുന്ന ശൈത്യകാലം
അവൾ
അകന്നകന്നു പോകുന്ന
ഒരു വെളിച്ചം
ഉപേക്ഷിച്ച ഇരുട്ടെടുത്ത്
രാത്രിയെ നിർമ്മിക്കുകയാണ്
വവ്വാലുകളെ പോലെ
തലങ്ങും വിലങ്ങും പറന്ന്
നക്ഷത്രം പറത്തി വിട്ട
കട്ടക്കറുപ്പ് എന്നെ ചുംബിക്കുന്നു
ആ രഹസ്യം ഇപ്പോഴും
ഇവിടെയുണ്ട്
അവൾ എനിക്കായി
ഉപേക്ഷിച്ചതോ ?
മറന്നു വെച്ചതോ ?
മറന്നു വെച്ച രഹസ്യത്തെ
എങ്ങനെ
എടുത്തു വെക്കുമെന്നറിയാതെ
ഇരുന്നു
ഉപേക്ഷിച്ച രഹസ്യത്തെ
എന്തു ചെയ്യുമെന്നറിയാതെ
ഇരുന്നു
മടിയിൽ
മറ്റൊരു രഹസ്യം അഴിച്ചു വെച്ച്
ശൂന്യത
ശാന്തമായി കിടന്നു
-മുനീർ അഗ്രഗാമി
V V Jose Kallada, Shukkoor Mampad and 38 others
9 comments
Like
Comment
Share

 പ്രളയത്തെ

ഇരുളു കൊണ്ട്
മൂടിവെക്കുന്നു

പുസ്തകം കത്തിക്കുമ്പോൾ

 പുസ്തകം കത്തിച്ച്

പുസ്തകം കത്തിക്കുമ്പോൾ
............................................................
ഇതാ വെളിച്ചമെന്നവർ
ക്ഷണിക്കുന്നു,
കുട്ടികളെ
ലോകം കാണാൻ
പുസ്തകം കത്തിക്കുമ്പോൾ
ആളുന്നത് വെളിച്ചമല്ല,
ലോകത്തെ
വിഴുങ്ങുമിരുളെന്നറിയാതെ
വിഡ്ഢികൾ
അക്ഷരത്തിൻ വെളിച്ചം
കാണാതെ കരിഞ്ഞു പോയവർ
കരിയെ പ്രപഞ്ചമായ് കരുതുവോർ
തമ്മിൽ തമ്മിൽ കാണാതന്ധരായ്
വിനാശത്തിന്റെ തീ കായുന്നു.
- മുനീർ അഗ്രഗാമി

പുതുവർഷം

 പുതുവർഷം

.........................
ഒഴിഞ്ഞ കുപ്പികൾ
തണുപ്പിൻ തുള്ളികൾ
ലഹരി പതയുന്നു
തിരയിരമ്പുന്നേറെ
കോലാഹലം കേട്ടു
ഞെട്ടീ മണൽത്തരികൾ
കടലും രാത്രിക്കാറ്റും
ദീനരായ് നോക്കി നിന്നൂ
പുതുവർഷമെത്തിയെ
ന്നാരവം കേട്ടു പൊട്ടീ
പടക്കങ്ങൾ ഗുണ്ടുകൾ
എരിഞ്ഞുവോ ജീവിതം?
തരിച്ചുനിൽക്കയായീ
പുതുസൂര്യൻ, ആരുടെ
വർഷമിതെന്നോർത്തവൻ
പഴേ പോലെയുയർന്നൂ
പക്ഷേ പുതുവെളിച്ചം
തൂവി നിന്നു ചോദിച്ചു,
ലോകരേ ഉണരുന്നില്ലേ
സ്വന്തമാക്കാൻ രശ്മികൾ ?
- മുനീർ അഗ്രഗാമി
Shukkoor Mampad, Malini and 32 others
4 comments
Like
Comment
Share

സമയത്തിന്റെ പിന്നാലെ പായുന്ന കുട്ടി

സമയത്തിന്റെ പിന്നാലെ

പായുന്ന കുട്ടി


 ഉടലിലൊന്നാകെ

ചവിട്ടിക്കടന്നു പോയ
സമയത്തിന്റെ പിന്നാലെ
പായുന്ന കുട്ടി
സമയത്തെ തൊടാതിരിക്കില്ല
അവന്റെ കണ്ണാണ്
എന്റെ വാഹനം
അവന്റെ വിരൽത്തുമ്പിലും
കാൽപാദങ്ങളിലും
കയറി അനേകം പേർ
സഞ്ചരിക്കുന്നുണ്ട്
അതാരുടെ കുട്ടിയാണെന്ന്
എനിക്കറിയില്ല
ഇന്നോളം
അവൻ മുതിർന്നിട്ടില്ല
അവൻ നമ്പർ വെട്ടിക്കളിക്കുന്നു
അതിലെ ഒരക്കമാണ്
ഒരു വർഷം
നനഞ്ഞു പോയ
ഒരു കടലാസിൽ
പ്രളയത്തെ ഓർമ്മിച്ച്
2018 വെട്ടേറ്റു കിടക്കുന്നു
അവൻ അടുത്ത അക്കം
നോട്ടമിട്ടു കഴിഞ്ഞു
അവന്റെ കണ്ണിലിരിക്കുമ്പോൾ
ഞാനതറിയുന്നു
അവൻ സമയത്തെ തൊട്ടു.
ഞാൻ അവനെ ചുംബിച്ചു
ഇനി അത്ര വേഗം
അവനീ അക്കം വെട്ടിക്കളയുവാനാവില്ല
ഇനി
സമയത്തിന്
അവനെ ചവിട്ടിക്കടന്നു പോകാനുമാവില്ല
സമയത്തിൽ അവനും
ചുംബിച്ചതിനാൽ.
- മുനീർ അഗ്രഗാമി