ആമയും മുയലും മത്സരം പഠിപ്പിച്ച 
 കുട്ടികൾ വലുതായി 
 ചിലർ ആമയെ പോലെ ജയിച്ചു 
 ചിലർ മുയലിനെ പോലെ ഉറങ്ങിപ്പോയി 
 മറ്റു ചിലർ ആമയ്ക്കു മുകളിലൂടെ ഓടിപ്പോയി 
 മറ്റു ചിലർ മുയലിനടിയിലൂടെ ഇഴഞ്ഞുപോയി 
 അങ്ങനെ അവർ രാജ്യത്തിന്റെ കേന്ദ്രത്തിലും 
 അതിർത്തികളിലും ചെന്നെത്തി 
 അതിർത്തിയിൽ വെച്ച് 
 ആമയും മുയലും വസിക്കുന്ന കാടിനടുത്തുള്ള
 ഗ്രാമത്തലവൻ അവരോടു ചോദിച്ചു ,
 വാസ്തവത്തിൽ ആമ ആമയോടും 
 മുയൽ മുയലിനോടുമല്ലേ മത്സരം വെക്കേണ്ടത് ?
 ഒരു ജീവജാതി എങ്ങനെയാണ് 
 മറ്റൊരു ജീവജാതിയോടു മത്സരിക്കുക ?
 അയാൾ കുരങ്ങിനോടും 
 കടുവയോടും ആനയോടും മത്സരിക്കാനറിയാതെ 
 അവയെ സ്നേഹിക്കുകയായിരുന്നു 
 അയാൾക്ക് ആമയുടെയും മുയലിന്റെയും 
 കഥ പഠിക്കുന്ന കുട്ടികളെ കാണാൻ കൌതുകം തോന്നി 
 അന്നേരം മുതിർന്നവർ പറഞ്ഞു ,
 കുട്ടികൾ മത്സരപ്പരീക്ഷയ്ക്ക് ഒരുങ്ങുകയാണ് 
 മനുഷ്യരും മൃഗങ്ങളും അവരെ ശല്യപ്പെടുത്തിക്കൂടാ
 അവരുടെ ഹോസ്റ്റലിനടുത്തേക്കുപോലും 
 ആർക്കും പ്രവേശനമില്ല 
 അയാൾ ഒന്നും പറഞ്ഞില്ല 
 കുറ്റിക്കാട്ടിൽ നിന്നും അടുത്തേക്കുവന്ന മുയലിനെ 
 ഒന്ന് തലോടി അയാൾ കാടു കയറി .