വയൽഗുരു


സയൻസ് ലാബിൽ നിന്നും
തവളയുടെ ആത്മാവിനൊപ്പം
ഇറങ്ങിയോടിയ ബുദ്ധൻ
വയലിനെ ഗുരുവായ് സ്വീകരിക്കുന്നു

നെൽച്ചെടിയിൽ നിന്ന്
ചെളിയും മനുഷ്യനും തമ്മിലുള്ള
വിശുദ്ധപാലത്തെ കുറിച്ചു പഠിക്കുന്നു
പുൽച്ചാടിയിൽ നിന്ന്
ചെടികളെക്കാളും പച്ചയുള്ള
ജീവിതങ്ങളെ കുറിച്ച് പഠിക്കുന്നു
കൊക്കിൽ നിന്ന്
വെളുപ്പു ധരിച്ചവരെക്കാളും
വെളുപ്പുള്ള ധ്യാനം പഠിക്കുന്നു
സ്വർഗ്ഗത്തിൽ നിന്നും
ഇറങ്ങിവന്നപോലെ
എല്ലാരോടും ഒരേപോലെ പെരുമാറുന്ന
മഞ്ഞിൽ നിന്ന് സ്നേഹം പഠിക്കുന്നു
ഞാറിന് വെള്ളം കൊടുക്കുമ്പോൾ
എല്ലുന്തിയ കർഷകനിൽ നിന്ന്
കുടുംബസ്നേഹം പഠിക്കുന്നു
തെങ്ങോലയിൽ വന്നിരുന്ന തത്തമ്മയെയും കുഞ്ഞിനെയും കണ്ട്
രാമായണത്തിനും മുമ്പുള്ള മാതൃത്വം പഠിക്കുന്നു
മണ്ണിരയിൽ നിന്ന്,
ഇനി പിറക്കാനുള്ള തലമുറയ്ക്കു വേണ്ടി
നിസ്വാർത്ഥമായ്
മണ്ണൊരുക്കുന്നതിനെ കുറിച്ച് പഠിക്കുന്നു
ബുദ്ധനെന്നു പേരുള്ള കുട്ടിക്ക്
സിദ്ധാർത്ഥന്റെ കൊട്ടാരത്തെക്കാളും സൗകര്യമുള്ള ക്ലാസ്സിൻ
എങ്ങനെയാണിരിക്കാൻ കഴിയുക!
സിദ്ധാർത്ഥൻ ബോധിച്ചുവട്ടിലിരുന്നപോലെ
അയാൾ ആകാശച്ചുവട്ടിലിരിക്കുന്നു
വയൽവരമ്പിലെ കുഞ്ഞുപുൽക്കൊടിക്കൊപ്പം ധ്യാനിക്കുന്നു
ഒരു ചാറ്റൽമഴ തൊടുമ്പോൾ
അയാൾക്ക് ജ്ഞാനോദയമുണ്ടാകും

No comments:

Post a Comment