പരൽമീൻ



കാണാതിരിക്കുമ്പോൾ
നീ മിന്നിമറയുമോളപ്പരപ്പായ്
എന്റെ കണ്ണീർ നിന്നെ
തിരഞ്ഞൊഴുകുന്നു!

ഒടിയൻ



സ്വന്തം വീട്ടിൽ നിന്നും
നാട്ടിൽ നിന്നും പുറത്താക്കിയപ്പോൾ
ഒടിമറിഞ്ഞ് എലിയായി.
ഏതെങ്കിലും ഒരു പഴുതിലുടെ
അകത്തു കടക്കാൻ ശ്രമിക്കുമ്പോൾ
എല്ലാ പഴുതും അടച്ചവർ
എന്നെക്കാളും വലിയ
ഒടിയൻമാരായി .
തോക്കുകളും വാക്കുകളുമായ്
അവർ കാട്ടിലുമെത്തി
കോടികൾ കൊണ്ടു കളിച്ചു
എല്ലാമാളങ്ങളുമടച്ചു
എലിയായിട്ടും ഒളിച്ചിരിക്കാൻ പറ്റിയില്ല
അവർ ഒടിമറിഞ്ഞ് പൂച്ചയായി
അതുകണ്ടപ്പോൾ ഞാനുയർത്തിയ
പൂർവ്വികരുടെ ചോരകൊണ്ട് നിറം കൊടുത്ത കൊടി പറന്ന് കാശിക്കു പോയി
വിപ്ലവം ഉപരിപ്ലവമായി ഒഴുകിപ്പോയി
പിന്നെ ഞാനെന്തു ചെയ്യും?;
അവരുടെ കയ്യിൽ
അവർ വീണവായിക്കുന്നതും കേട്ട്
പ്രാണവേദനപോലും മറന്ന്
അകപ്പെടലിന്റെ ആനന്ദം ആഘോഷിക്കുന്നു
എന്തൊരു മിനുസമാണ് അവരുടെ കൈകൾക്ക്!
എന്തൊന്തൊരു വെളുപ്പാണ്
അവരുടെ ഉടലിന്!
അവർ മ്യാവൂ മ്യാവൂ എന്നു കരയുന്നു
പാലു കുടിക്കുന്നു
ഞാനതു നോക്കിനിന്നു രസിക്കുന്നു!
മാവോ മാവോ എന്ന്
ഞങ്ങളവരുടെ ശബ്ദം വികലമായി
അനുകരിച്ച നാളുപോലും ഞങ്ങൾ മറന്നു
വിധേയത്വം ജീനിലൊളിപ്പിച്ച
വംശത്തിന് ഇതിൽകൂടുതൽ
എങ്ങനെ സ്വയം തിരിച്ചറിയാനാകും?
എന്നിട്ടും മാവോ മാവോ എന്നു വിളിച്ച്
എന്റെ പിന്നാലെ ആരാണ്
ഓടി വരുന്നത്?
............................................................................................................................മുനീർഅഗ്രഗാമി

ജീവിതത്തിന്റെ പീലികളായ്

ആകാശത്ത്
സൂര്യൻ കുടഞ്ഞിട്ട ചായക്കൂട്ടുകളെടുത്ത്
പുതച്ചു നിൽക്കുന്നു സന്ധ്യ

ഒരുകൂട്ടം കിളികളതിൽ
പറക്കലിന്റെ ഡിസൈൻ
വരയ്ക്കുന്നു

തിരിച്ചുവരവിന്റെ പാറ്റേണിൽ
ഇരുട്ടിന്റെ കുഞ്ഞു കുഞ്ഞു കഷണങ്ങൾ
പകർത്താൻ ശ്രമിച്ച് കാണാമറയത്തേക്ക്
അവ പോകുന്നു

ഓർമ്മയുടെ ഇരുട്ടിൽ
ലയിക്കുവോളം
ജീവിതത്തിന്റെ പീലികളായ്
അവ അവിടെയുണ്ടാകും

മാർക്ക്

തിരുവാതിര ഞങ്ങൾക്ക് ഒരു കളിയാണ്
ഗ്രെയ്സ് മാർക്ക് കിട്ടാനുള്ള
വഴിയാണ്

തിരുവാതിര നക്ഷത്രമാണെന്നും
ആചാരമാണെന്നും
ആരൊക്കെയോ പറഞ്ഞു നടക്കുന്നു


എന്റെ സാറേ

 ഔട്ടോഫ് സിലബസ്സായ കാര്യങ്ങൾ
പഠിച്ച് സമയം കളയരുതെന്നല്ലേ
അങ്ങു പറഞ്ഞത്


ഞങ്ങൾക്ക് കളിമതി
ഞങ്ങൾ കളിക്കട്ടെ!
മാർക്ക് കിട്ടുമല്ലോ.അല്ലേ?

മധുപോലെ


ഏതുനാളിലെ നിലാവിനും
പ്രണയത്തിന്റെ തെളിച്ചമുണ്ട്
അതുകൊണ്ടാണ്
തൊലിചുളിഞ്ഞാലും
നര തെളിഞ്ഞാലും
നിലാവെളിച്ചത്തിൽ നിൽക്കുമ്പോൾ
മനസ്സു പൂത്തുപോകുന്നത്
അതിൽ സ്നേഹമുള്ളയാൾ
മധുപോലെ നിറയുന്നത്!

പ്രതീക്ഷ

പ്രതീക്ഷ

പുഴുവായിഴയുന്നു
എന്നെങ്കിലും
പൂമ്പാറ്റയാകുമെന്നൊരു
ശുഭപ്രതീക്ഷയാൽ
അന്നേയ ്ക്കൊരു പൂവെങ്കിലും
ബാക്കിവെച്ചേക്കണേ
പൂവുതീനികളേ!

പേരിനെങ്കിലും....

കേൾക്കുവാൻ കൊതിയുള്ള ശബ്ദം 
കേൾക്കാതിരിക്കുമ്പോൾ
മനസ്സിൽ വേനൽ തുടങ്ങുന്നു
എന്നെനിക്കറിയാം
പക്ഷേ ശൂന്യമായ ആകാശത്ത്
വാക്കുകളും കൊണ്ട് 
ഒരു മേഘമെങ്കിലും വന്നിരുന്നെങ്കിൽ
പേരിനെങ്കിലും ഒന്നുപെയ് തേ നെ

മഞ്ഞുകാലം



എനിക്കും നിനക്കും മഞ്ഞുകാലം തുടങ്ങി
പക്ഷേ നമുക്കിടയ്ക്ക് ഒരു കടൽ അകലം
ഒരു കടൽക്കാറ്റിന്റെ ദൂരത്തിൽ
നമ്മുടെ നിശ്വാസങ്ങളുടെ തിരയിളക്കം
പൈൻമരങ്ങളുടെ ഉച്ചിയിൽ നിന്റെ ആകാശം
കറുകനാമ്പിന്റെ തുമ്പത്ത് എന്റെ കടൽ

ഞാൻ നീലയെന്നു കരുതിയ ജലം
വെളുത്ത് വിശുദ്ധമായി നിന്നിൽ
വീണുകൊണ്ടിരിക്കുന്നു
നിന്റെ വീടിനു മുകളിൽ മാടപ്രാവുകളെ പോലെ അവ പറന്നിറങ്ങുന്നു
നീ നടക്കുന്ന വഴിയിൽ കൊറ്റികളെ പോലെ അവ വന്നിരിക്കുന്നു
കറുത്ത രാത്രിയിൽപോലും
വെൺമയുടെ പരലുകളാൽ നിന്റെ ദേഹത്ത് ഉമ്മ വെയ്ക്കുന്നു
എന്റെ നിറമില്ലാത്ത കാറ്റ്
അതു കണ്ട് വഴിയിൽ നിന്നും
തിരിച്ചു പോരുന്നു

എന്റെ മഞ്ഞുകാലം
തണുത്ത കാറ്റിൽ കനമില്ലാത്ത കോടയിൽ മാമ്പൂക്കൾക്കൊപ്പം ഊഞ്ഞാലാടുന്നു
എനിക്കീ മാവിനു ചുറ്റും തണുത്തു പറക്കാനേ അറിയൂ
എനിക്കി കോടയുടെ നേർത്ത പുതപ്പായ് ചൂടിൽ നിന്നും നിന്നെ രക്ഷിക്കാനേ അറിയൂ
എനിക്ക് നിന്റെ മഞ്ഞുകാലത്തിന്റെ അത്ര വെൺമയോ വിശുദ്ധിയോ ഇല്ല
എനിക്ക് കറുത്ത നിഴലിലേ വെളിച്ചത്തെ ആസ്വദിക്കാനറിയൂ

ആരോ എന്നോട് സൂര്യനാവാൻ പറഞ്ഞു
നീ ഉരുകിപ്പോകുമെന്ന പേടിയാൽ ഞാനതു കേട്ടില്ല
നിന്റെ മഞ്ഞുകാലത്തോട്
എനിക്കിപ്പോൾ അസൂയ തോന്നുന്നു
കാരണം
നീ മരിച്ചാൽ മണ്ണിനും മറ്റാർക്കും കൊടുക്കാതെ അതു നിന്നെ സ്നേഹിക്കും
ആർദ്രമായ് കെട്ടിപ്പിടിച്ച്
ഹൃദയത്തിന്റെ പരലുകളിൽ
നിന്നെ ഒളിപ്പിക്കും
എനിക്കതിനാവില്ല;ഞാനന്നേരം ഒരു കണ്ണീർത്തുള്ളിയായ് ഒഴുകിപ്പോയിട്ടുണ്ടാകും
ഏതു പുൽക്കൊടി വിളിച്ചാലും
മഞ്ഞുതുള്ളിയാവാൻ പറ്റാത്ത വിധം ഞാൻ ചിതറിപ്പോയിട്ടുണ്ടാകും

എനിക്ക്
തിരുവാതിരപ്പാട്ടിന്റെ താളത്തിൽ
ഏകാദശിയുടേയും
ഏഴരവെളുപ്പിന്റേയും ഓർമ്മകളിൽ
തണുത്തു മരവിച്ച ധനുമാസ രാത്രികളിൽ മാത്രമേ നിന്നെ ഒളിപ്പിക്കാനാകൂ
അതുകൊണ്ടാവണം
നിന്റെയുമെന്റെയും മഞ്ഞുകാലത്തിനിടയിൽ
നമുക്കത്രയും പരിചയമുള്ള ഒരു കടൽ
അശാന്തമായി കരഞ്ഞുകൊണ്ടിരിക്കുന്നത്.





...........................മുനീർഅഗ്രഗാമി

വെളിച്ചം

പുതിയ വെളിച്ചത്തിൽ
പഴയ വെളിച്ചം വീണു
കാണാതായ്
കാലമെത്രയായ്
തിരഞ്ഞു നടക്കുന്നു
ഞാനും നീയും
അതു നമ്മെ തോൽപ്പി
ച്ചെങ്ങോ മറഞ്ഞിരുന്നു
ചിരിക്കുന്നു
ആ വെളിച്ചത്തിൽ
നാം കണ്ട പൂക്കളും
പൂരവും കാണാതെ പോയ്
എങ്കിലും തിരയുക നാം
വറ്റിയ നാടും നന്മയും
നമ്മെ കാണിച്ചൊരാ വെളിച്ചം!

പെണ്ണെഴുതുന്നു

പെണ്ണെഴുതുന്നു
കണ്ണെഴുതുന്നു
മണ്ണറിയാതെ
പെണ്ണെഴുതുന്നു
അവൻ കൊടുത്ത
കൺമഷിയാലവൾ
കാഴ്ചകൾക്കെല്ലാം
അടിവരയിടുന്നു
കണ്ണെഴുത്തെല്ലാം
പെണ്ണെഴുത്താവുന്നു
മണ്ണിൽ നിന്നവൻ
അതു വായിക്കുന്നു

'ഘർവാപസി'

സന്ധ്യയുടെ ചുവന്ന ചുണ്ടുനോക്കി
പക്ഷികൾ എന്നത്തെയും പോലെ
പറന്നു പോകുന്നു

ചെടികൾ ആകാശം നോക്കി
മെല്ലെ ഉയരുന്നു
കടൽ കരയിലേക്ക് മെല്ലെ
എത്തിനോക്കുന്നു


ഞാൻ മാത്രം പുതുവർഷം
നവവർഷം എന്നൊരാഹ്ലാദത്തിൽ
മതിമറക്കുമ്പോൾ
ധനുമാസമെന്റെ കഴുത്തിനു പിടിക്കുന്നു


തലയിൽ മഞ്ഞൊഴിച്ച് മത്തുമാറ്റുന്നു
ഞാൻ ധനുമാസത്തിന്റെ
ഒരിലയിൽ നിന്നും മറ്റൊരിലയിലേക്ക്
ഒരു മഞ്ഞുകണംപോലെ
പടരുന്നു.


അതുകണ്ട്
'ഘർവാപസി'
'ഘർവാപസി'യെന്ന്
മലയാളം മറ്റേതോ ഭാഷയില് മൊഴിഞ്ഞുവോ?

സിൻഡ്രല്ല



നഷ്ടപ്പെട്ട ഒറ്റച്ചെരിപ്പായിരുന്നു
കാമുകനു കടന്നുവരാനുള്ള
ഒരേയൊരു വഴി;
നിനക്ക് സന്തോഷമണിയാനുള്ള
ഒരേയൊരു പഴുത്

പാകമാകാത്ത കാലുകൾക്ക്
കണ്ണീർ കൊടുത്താലും
അവനാ ചെരുപ്പ് കൊടുക്കില്ല

അവന്റെ കൈപിടിച്ച്
നീ വെച്ച ചുവടുകൾ
മാത്രമാണ് താളമുള്ള
നിന്റെ ചലനങ്ങൾ;
അവന്റെയും

സിൻഡ്രല്ലാ...
നഷ്ടപ്പെട്ടതൊന്നും
നഷ്ടമാകാത്ത
അഭൗമമായ നൃത്തമാണ്
അവന്റെ വരവ്!

ആ സ്കൂൾ



ആ സ്കൂളിലെ ഓരോ മൺതരിയും
നമ്മുടെ കാലൊച്ചകൾ തിരഞ്ഞ് 
മടുത്തിട്ടുണ്ടാവും
ആ സ്കൂളിലെ

 ചെറിയ ഡെസ്കും ബെഞ്ചും പുലരിത്തണുപ്പിൽ
നമ്മുടെ ചൂട് ആഗ്രഹിക്കുന്നുണ്ടാകും


ആ സ്കൂളിലെ ഓരോ മരങ്ങളും
നമ്മുടെ ചിരികാണുവാൻ കാത്തുനിൽക്കുകയാവും
നാം ഓടി നടന്ന വരാന്ത
അതിന്റെ ഹൃദയം തുറന്ന്
കരഞ്ഞു കലങ്ങിയ കണ്ണുമായ്
നാമിറങ്ങിയതു മുതൽ
ഗെയ്റ്റിലേക്ക് നോക്കി നിൽക്കുന്നുണ്ടാകും


നാം
നമ്മുടെ സ്വന്തം ഇരുട്ടിൽ
ആ സ്ക്കൂൾ നമുക്കു തന്നതുകൊണ്ടു മാത്രം

 പ്രകാശിച്ചു നിൽപ്പാണ്
ആ സ്കൂൾ ഇപ്പോഴും നമ്മുടെ കണ്ണുകളിൽ ഇമവെട്ടാതെ നോക്കുന്നു
നാം നക്ഷത്രങ്ങൾ ആയതുകൊണ്ട്
ഇടയ്ക്ക് കണ്ണുചിമ്മിപ്പോകുന്നു


ആ സ്കൂളിലെ ഓരോ ശബ്ദവും
നമ്മുടെ താളമായ്
നമുക്ക് സംഗീതം പകരുന്നു


നാമൊരു ഗസലായ് ഒഴുകിപ്പടരുന്നു

ക്യാമ്പ്



ഏഴു നിറങ്ങളുള്ള നാളുകൾ
ഞങ്ങളിലുടെ കടന്നുപോയി
നിറമില്ലാതിരുന്ന ഞങ്ങൾക്ക്
നിറം തന്ന്
അവ ഓടിപ്പോയി

സ്നേഹത്തിന്റെ സൂര്യൻ
തെളിഞ്ഞതായിരുന്നു പകൽ
സൗഹൃദത്തിന്റെ തണുപ്പിൽ
ഉറങ്ങാതിരിക്കയായിരുന്നു രാത്രി

ഞങ്ങൾ ഇതളുകളായ ഒരു പൂവിന്റെ
തേൻനുകർന്നതായിരുന്നു സന്ധ്യ
ഞങ്ങൾ ചിരിച്ചിളകിയ മരമായിരുന്നു
കിളികൾ കൊണ്ടുവന്ന പുലരികൾ

ആ നാളുകൾ
ഏതോ സ്വപ്നത്തിൽ നിന്നും
പറന്നുവന്ന മാലാഖമാർ
ഞങ്ങൾക്കു മുന്നിൽ വെച്ച
നിധിയാണ്

ഇനിയുള്ള കാലം
ഞങ്ങളതിനു കാവലിരിക്കും .

ഇരിക്കും!

കടലിന്റെ താളുകൾ

തിരക്കവിത വായിക്കാൻ
കാറ്റു മറിച്ചുനോക്കുന്നു
കടലിന്റെ താളുകൾ!

എട്ടാം നിലയിലെ ഫ്ലാറ്റിൽ





ഹെലിക്കോപ്റ്റെറിൽ
സഞ്ചരിക്കാനുള്ള മോഹം
ഏതായാലും ഇല്ല
എന്നിട്ടും കണ്ണെടുക്കാതെ
നോക്കി നിൽക്കും

എട്ടാം നിലയിലെ ഫ്ലാറ്റിൽ നിന്നും
ഹെലിക്കോപ്റ്റെർ  കാണുമ്പോൾ
മനസ്സിലൂടെ  ഒരു തുമ്പി  പറക്കും
അതന്നേരമേ വരൂ

ഹെലിക്കോപ്റ്റെർ പോയാലും
കുറച്ചു നേരമതവിടെ വട്ടമിട്ടു പറക്കും
കുറച്ചു നേരം മാത്രം
മകന്റെ കുഞ്ഞ് തൊട്ടിലിൽ നിന്നും
അന്നേരം വിളിക്കും

പിന്നെ അവന്റെ കരച്ചിലിൽ
എന്റെ പുറത്തെത്താത്ത കരച്ചിൽ കോർത്ത്
ഒരു മാലയുണ്ടാക്കും
കുലദൈവത്തെ വിളിച്ച് അതെറിഞ്ഞു കൊടുക്കും
കടലിനപ്പുറത്ത്  തുമ്പിയോടോത്ത് കളിക്കുന്ന
എന്റെ ദൈവമേ
നിനക്കതു കിട്ടുമോ ?

-ഞാനെന്ന ഉണക്ക മരം-





വറ്റിപ്പോയ പുഴകളെല്ലാം
 എന്റെ ഉള്ളിലുണ്ട്
വേദനിക്കുമ്പോ
കണ്ണീരിലൂടെ അവ ഇറങ്ങി വരും

തപിച്ചു പൊള്ളുമ്പോ
വേനലവയെ ഉപ്പുകലക്കി
ഒരു മഹാസമുദ്രമാക്കും

വേറുതെയിരുന്നാലും
ഇറങ്ങി നടന്നാലും
അസ്വസ്ഥതയോടെ പിടഞ്ഞാലും
ഉറങ്ങിപ്പോയാലും
ഉടലിലവ തിരയടിക്കും

ആ തിരയി കുളിച്ച്
പകച്ചു നിക്കുന്നു
മഴയെ തിരഞ്ഞു മടുത്ത
ഞാനെന്ന ഉണക്ക മരം

പച്ച തിരഞ്ഞു ...



മനസ്സുരുകിയൊലിക്കുന്ന പകല്
ഞാനും മൂന്നാടുകളും കുന്നുകയറി
മണവാട്ടിയെപ്പോലെ കുന്ന്
സ്വര്ണ്ണവര്ണ്ണത്തില് പരന്നുകിടന്നു
നാക്ക് നനയ്ക്കാനാവാതെ
ആടുകളിലൊന്നു വീണു
ഞാനും വീണു
ബാക്കി രണ്ടാടുകള്
പച്ച തിരഞ്ഞു നടന്നുണങ്ങിപ്പോയി

പുതു തളിര്‍ച്ചിരി



തിരിച്ചു വന്നില്ല
പൊഴിച്ച ഇലകളൊന്നും

തിരിഞ്ഞു നോക്കിയില്ല
വിടര്ത്തിയ പൂവുകളൊന്നും
കല്ലേറു മാത്രമേ കിട്ടിയുള്ളൂ

തുടുത്തു തൂങ്ങിയ 
 കായകള്ക്കൊക്കെയും
ചുളിഞ്ഞ തൊലിയുമാരോ കട്ടെടുത്ത്
വിറകായെരിച്ചൂ , 

എന്നിട്ടും
ചില്ലകള് വിടര്ത്തി 
 പഴയ കവിതയായ്
പുതു തളിര്ച്ചിരി കാത്തിരിക്കുന്നൂ

കയ്യില്‍ പത്രവും പിടിച്ച്



സായന്തനത്തില്

വീണ പൂവുകല്ക്കടുത്തേക്കോടി
മുല്ലമുത്തുകള് പെറുക്കി 
 മകള്ക്കൊരുപൂമാല കോര്ത്തു

രാത്രിയായി

അവളുടന് പൂത്തു

നിലാവെളിച്ചം പരന്നു

നേരം വെളുത്തു

കയ്യില് പത്രവും പിടിച്ച്

എന്നെ തുറിച്ചു നോക്കി
വീണപൂവുപോലവളും വാടി...
പൂവുകള് വീണ്ടും വീണുകൊണ്ടിരുന്നു...