ശൂന്യത

ശൂന്യത

.........................

രാത്രിയിൽ മലഞ്ചെരിവിലേക്ക് പോയി

മൗനത്തെ ചീവീടുകൾ

കീറിയെറിയുന്നു

ഒരു പേലീസുകാരൻ വന്നു

എന്താ ഇവിടെ എന്നു ചോദിച്ചു

നിലാവ് വിളിച്ചിട്ടു വന്നതാണെന്നു പറഞ്ഞു

അയാൾ തറപ്പിച്ചു നോക്കി

വിലങ്ങു വെച്ചു

മരത്തിൽ നിന്നിറങ്ങി ഒരില

താഴ് വാരത്തിലേക്ക് നടന്നു പോയി

പിന്നാലെ അയാൾ എന്നെ വലിച്ചുകൊണ്ടുവന്നു

മലഞ്ചെരിവിൽ

എന്നെ ഓർത്ത്

രാത്രിയിൽ ശൂന്യത

തനിച്ചിരിക്കുമെന്ന്

അയാൾക്കറിയില്ല

അറിയില്ല

-മുനീർ അഗ്രഗാമി


 തെളിയുടെ

ആഴമാണ് ചളി
- മുനീർ അഗ്രഗാമി
V V Jose Kallada, Hasna Yahya and 80 others
7 comments
Like
Comment
Share

ഭാവന

 ഭാവന

.............
അനന്തത ഭാവനയുടെ
ചെറിയ തൂവലാണ്
കുന്നുകയറിച്ചെന്നപ്പോൾ
ഇന്നലെ
എനിക്കതു കിട്ടി
ആരിലൂടെ ചിറകടിച്ച്
പറന്നു പോയപ്പോഴാണ്
അതു വീണുപോയതെന്നറിയില്ല
അതിനു ചുറ്റും
മല കയറി വന്ന
കടൽ
ഒരാളുടെ കൈ പിടിച്ച്
നൃത്തം ചെയ്തിരുന്നു
മോഹമേറി
ഇറങ്ങി വന്ന നക്ഷത്രങ്ങൾ
മറ്റൊരാളുടെ കണ്ണിലിരുന്ന്
അയാളെ നോക്കുകയായിരുന്നു
കാറ്റിലാടും മരത്തണൽ
പ്രേമാർദ്രയായ് വിളിക്കെ
ഞാൻ ചെന്നപ്പോൾ
അവർ രണ്ടു പേരും എന്നിൽക്കയറി ഒളിച്ചു.
ഇടയ്ക്ക് ഒരാൾ പുറത്തു വന്ന്
കടലു കാണും
എന്നെ ചുംബിക്കും
ഇടയ്ക്ക് ഒരാൾ പുറത്തു വന്ന്
കൊടുമുടി കയറും
മഞ്ഞ് മുടിയിൽ ചൂടും
എന്നെ പുണരും
ഞാനാ തൂവൽ
ഇതാ ഇവിടെ
ഒട്ടിച്ചു വെക്കുന്നു
- മുനീർ അഗ്രഗാമി

സ്ത്രീ

 സ്ത്രീ

........
ആരാണു സ്ത്രീ?
ആടിമാസമേ പറയൂ,
നിന്നെ പോലെ നിറയെ
പെയ്തു തോരുവോൾ?
ആരാണു സ്ത്രീ?
ഓണനിലാവേ പറയൂ
നിന്നെ പോലെ തെളിഞ്ഞു
ചിരിച്ചസ്തമിക്കുവോൾ?
ആരാണു സ്ത്രീ?
ധനുക്കുളിരേ പറയൂ
നിന്നെ പോലെ തണുത്ത്
മാമ്പൂവിനു കാവലാകുവോൾ?
ആരാണു സ്ത്രീ?
മഹാസാഗരമേ പറയൂ
നിന്നെ പോലെ നിർത്താതെ
തായടിച്ചാർക്കുവോൾ?
ആരാണു സ്ത്രീ?
മഴമേഘമേ പറയൂ
നിന്നെ പോലെയലഞ്ഞ്
കരുണ വർഷിക്കുവോൾ?
ആരാണു സ്ത്രീ?
മരതകനാടേ പറയൂ
നിന്നെ പോലെ പച്ചയായ്
ആർദ്രതയാകുവോൾ?
ആരാണു സ്ത്രീ?
ആകാശമേ പറയൂ
നിന്നെ പോലെ അനന്ത
മായജ്ഞാതയായോൾ?
ആരാണു സ്ത്രീ?
കാട്ടുതീയേ പറയു
നിന്നെ പോലെ ജ്വലിച്ച്
ഉള്ളിലാളുവോൾ?
ആരാണു സ്ത്രീ?
ജ്ഞാനമേ പറയൂ
നിന്നെ പോലെ തെളിഞ്ഞ്
അറിവായുയിരേകുവോൾ?
ആരാണു സ്ത്രീ?
അജ്ഞതയേ പറയൂ
നിന്നെ പോലെ മറ്റെങ്ങോ
പിടി തരാതെ കഴിയുവോൾ?
- മുനീർ അഗ്രഗാമി

വേര്

 വേര്

..........
പൂക്കൾ കൊടുത്തവരാലും
പൂക്കളമിട്ടവരാലും
ഉപേക്ഷിക്കപ്പെട്ട്
അവസാനം
മണ്ണിനടിയിൽ കിടക്കുമ്പോൾ
തിരഞ്ഞു വന്നു തൊട്ടു നോക്കാൻ
മറ്റാരുമുണ്ടാവില്ല
വേരുകളല്ലാതെ
- മുനീർ അഗ്രഗാമി

തുമ്പകൾ

 കാറ്റേ വേദനിച്ചോ

നിനക്കെന്നു ചോദിച്ച്
വിടരുന്നു തുമ്പകൾ
തുമ്പപ്പൂവേ ഇതൾ നൊന്തുവോ
നിനക്കെന്നു മഴത്തുള്ളികൾ
പുലരിയിൽ എന്റെ കയ്യിലെ
പൂവട്ടി കേട്ടതൊക്കെയും
ചോർത്തിയെടുക്കുന്നു ഞാൻ
പൂവട്ടി നിറയ്ക്കുന്നു
മഞ്ഞേ നിന്നുടൽ മുറിഞ്ഞുവോ
എന്നു ചോദിച്ച്
കുന്നിറങ്ങുന്നു
- മുനീർ അഗ്രഗാമി

തൂക്കണാം കുരുവി


അതിന്റെ ചിറകുകൾ തുറന്നു തന്നു,
ഇതാ എന്റെ വേദപുസ്തകം.
കൂടുള്ള അദ്ധ്യായം വായിച്ചു
അത്ഭുതങ്ങളുടെ നൂലുകൾ കൊണ്ട്
അതു പണിത സ്വപ്നം
അതിലുണ്ട് രണ്ടു മുട്ട
കവിത പോലെ അവ വിരിയുന്നു
ചിറകുകൾ തുറക്കുന്നു
-മുനീർ അഗ്രഗാമി

നിന്റെ വേരുകളുടെ സ്പർശത്തിനു വേണ്ടി ഞാൻ മണ്ണിലലിയും

 ഉപേക്ഷിക്കപ്പെടുമെന്ന്

അറിഞ്ഞു കൊണ്ടല്ലാതെ
ഒരു പൂവും വിടരുന്നില്ല
വസന്തം പൂവിനോടതു പറഞ്ഞില്ലെങ്കിലും
അതിനാൽ
ഉപേക്ഷിക്കപ്പെട്ടാലും
നിന്റെ ഹൃദയത്തിന്റെ
ഏറ്റവും ചുവന്ന ഇതളായി
ഞാൻ പ്രകാശിക്കും
നീയതു കാണുന്നുണ്ടാവില്ല
ഒരിക്കൽ നീയതറിയും
എല്ലാം വാടിയാലും
ബാക്കിയാവുന്ന പുഞ്ചിരിയിൽ
അല്ലെങ്കിൽ
അവസാനത്തെ
കണ്ണീർത്തുള്ളിയിൽ
എന്നെ നീ കണ്ടുമുട്ടും
അതുകൊണ്ട്
എനിക്ക് വിട്ടു പോകാനാവില്ല
എന്റെ വസന്തമേ,
നീയെന്നെ കൊഴിച്ചു കളഞ്ഞാലും
നിന്റെ വേരുകളുടെ
സ്പർശത്തിനു വേണ്ടി
ഞാൻ മണ്ണിലലിയും
എന്നിലെ ജലാംശങ്ങൾ
നിന്നിൽ പെയ്യുന്ന മഴകൾ തേടി പറക്കും
- മുനീർ അഗ്രഗാമി

കായിദ്

 കായിദ്

.............
ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലിരുന്ന്
കായിദ് പിറുപിറുക്കുന്നു
സീറ്റ് പിടിച്ചു വലിക്കുന്നു
ദേഷ്യത്തിൽ പല്ലിറുമ്മുന്നു
ഒന്നും തകർന്നില്ലല്ലോ
സൂര്യൻ വീണ്ടും ഉദിച്ചല്ലോ
നിന്റെ കണ്ണുകളിൽ
ആ തീയുണ്ടല്ലോ
കായിദ്
അവന്റെ ചിറകുകൾ കാണിച്ചു തന്നു
ശരിയാണല്ലോ
തൂവലുകളിൽ ചെറിയ കണ്ണികൾ
കുടുങ്ങിയിരിക്കുന്നല്ലോ
ഞാനിവ മെല്ലെ അഴിച്ചെടുത്തു തരട്ടെ!
കായിദ്
നിറയെ ഈരാകുടുക്കുകൾ നിറഞ്ഞ
അവന്റെ ചിറകുകൾ തന്നു
ഞാനതഴിച്ചു തീർന്നില്ല
യാത്ര തീർന്നു.
- മുനീർ അഗ്രഗാമി

ചാഞ്ഞു നിൽക്കുന്നു

 നാം പുതിയ പ്രകാശം കൊണ്ട്

മുറിച്ചു കളഞ്ഞ കൊമ്പുകളൊക്കെ
വീണ്ടും വലുതായിരിക്കുന്നു
അപകടകരമായ രീതിയിൽ
അവ ചാഞ്ഞു നിൽക്കുന്നു
- മുനീർ അഗ്രഗാമി

കൈ ഒരു മുദ്രപ്പത്രമാണ്

കൈ ഒരു മുദ്രപ്പത്രമാണ്

........................
അക്ഷരങ്ങൾ എന്നോട്
ആദ്യമായി സംസാരിച്ചത്
എന്റെ ടീച്ചർ പറഞ്ഞിട്ടായിരുന്നു
അതുവരെ എനിക്ക് അവ
ചിത്രങ്ങളായിരുന്നു
ടീച്ചർ എഴുതുമ്പോൾ
അക്ഷരങ്ങൾക്ക് ജീവൻ വെച്ചിരുന്നു
അവ എഴുന്നേറ്റു വന്ന്
എനിക്കൊപ്പമിരുന്നു
പാട്ടുപാടിയും കളിച്ചും
കഥ പറഞ്ഞും ചിരിപ്പിച്ചു,
കരയിച്ചു ,കലഹിച്ചു.
കഴിഞ്ഞ ആണ്ടിൽ
ടീച്ചർ മരിച്ചു പോയി
അക്ഷരങ്ങൾ ഇപ്പോഴും
ടീച്ചറെ കുറിച്ച് പറയും
ഓർമ്മകളുടെ ചിത്രം പോലെ,
കാണുമ്പോഴൊക്കെ
അ എന്ന ആദ്യാക്ഷരം
കടലാസിൽ നിവർന്നു നിന്ന്
ആദ്യത്തെ പാഠപുസ്തകം തുറക്കും
ഞാൻ അത് കൈ കൊണ്ട് മറിച്ചു തുടങ്ങുമ്പോൾ
ഒരു സ്ലെയിറ്റിൽ എന്റെ കൈ പിടിച്ച്
ടീച്ചർ അ എന്നെഴുതിക്കും
എന്റെ കൈ ഒരു മുദ്രപ്പത്രമാണ്
അതിലുണ്ട്
ടീച്ചറുടെ വിരലടയാളം.
- മുനീർ അഗ്രഗാമി

മൗനത്തിന്റെ വരമ്പിലൂടെ നടക്കുമ്പോൾ

 എത്ര പറഞ്ഞാലും

വാക്കുകൾ തീരാത്ത പോലെ,
വാക്കുകൾ തോർന്ന തോർച്ചയിൽ
മൗനത്തിന്റെ വരമ്പിലൂടെ
നടക്കുമ്പോൾ
കേൾക്കുന്നു വാക്കുകൾ
പെയ്തു തളം കെട്ടിയതത്രയും .
- മുനീർ അഗ്രഗാമി

 മഴയ്ക്കുള്ളിൽ

നിന്നുമൊരു കടൽ

ഇറങ്ങിയോടുന്നു
-മുനീർ അഗ്രഗാമി

ഒരാൾ മറ്റൊരാളല്ലതിനാൽ

 ഒരാൾ മറ്റൊരാളല്ലതിനാൽ

മറ്റൊരാളെ മനസ്സിൽ വെച്ചു കൊണ്ടയാളെ
നോക്കല്ലേ ,
നോക്കിയാലയാളെ
കാണില്ല കണ്ണുകൾ
- മുനീർ അഗ്രഗാമി