കൈ ഒരു മുദ്രപ്പത്രമാണ്
........................
അക്ഷരങ്ങൾ എന്നോട്
ആദ്യമായി സംസാരിച്ചത്
എന്റെ ടീച്ചർ പറഞ്ഞിട്ടായിരുന്നു
അതുവരെ എനിക്ക് അവ
ചിത്രങ്ങളായിരുന്നു
ടീച്ചർ എഴുതുമ്പോൾ
അക്ഷരങ്ങൾക്ക് ജീവൻ വെച്ചിരുന്നു
അവ എഴുന്നേറ്റു വന്ന്
എനിക്കൊപ്പമിരുന്നു
പാട്ടുപാടിയും കളിച്ചും
കഥ പറഞ്ഞും ചിരിപ്പിച്ചു,
കരയിച്ചു ,കലഹിച്ചു.
കഴിഞ്ഞ ആണ്ടിൽ
ടീച്ചർ മരിച്ചു പോയി
അക്ഷരങ്ങൾ ഇപ്പോഴും
ടീച്ചറെ കുറിച്ച് പറയും
ഓർമ്മകളുടെ ചിത്രം പോലെ,
കാണുമ്പോഴൊക്കെ
അ എന്ന ആദ്യാക്ഷരം
കടലാസിൽ നിവർന്നു നിന്ന്
ആദ്യത്തെ പാഠപുസ്തകം തുറക്കും
ഞാൻ അത് കൈ കൊണ്ട് മറിച്ചു തുടങ്ങുമ്പോൾ
ഒരു സ്ലെയിറ്റിൽ എന്റെ കൈ പിടിച്ച്
ടീച്ചർ അ എന്നെഴുതിക്കും
എന്റെ കൈ ഒരു മുദ്രപ്പത്രമാണ്
അതിലുണ്ട്
ടീച്ചറുടെ വിരലടയാളം.
- മുനീർ അഗ്രഗാമി
No comments:
Post a Comment