മഴപ്പേടി
...........
കടൽ കടന്ന്
മഴ കൊള്ളുവാൻ വന്ന കൂട്ടുകാരൻ
മഴപ്പേടിയാലെന്റെ
പുത്തൻപുരയ്ക്കകത്ത്
ചാരുപടിയിലിരിക്കയായ്
മഴയിൽ കളിച്ചതും
മഴ കൊണ്ടുനടന്നതും
മഴയിൽ കുളിച്ചതും
അവനോട് പറഞ്ഞു
പകൽ തീർന്നു പോയ്
സന്ധ്യ പെയ്തു നിറയുന്നു
ടിവിയിൾ ഫ്ലാഷ് മിന്നുന്നു
മൊബൈലിൽ
വാർത്തകൾ വന്നു മുട്ടുന്നു
റെഡ് അലർട്ട്
യെല്ലോ അലർട്ട്
എന്നിങ്ങനെ
പേടിയുടെ നിറങ്ങൾ തൂവി
പകലിൻറെ നിറം കെടുന്നു
രാത്രിയുടെ അകം നിറയുന്നു
വയൽവരമ്പിലും മൈതാനത്തിലും
ചെതലിമലയിലും ചേരിപ്പറമ്പിലും
പെയ്ത മഴയുടെ കുളിരും ശബ്ദവും
തിരയടിക്കും മഹാസാഗരമെന്നിലുന്ന്
നാക്കു നീട്ടുന്നു;
മഴ കൊള്ളുവാൻ ദാഹിക്കുന്നു
മഴയിലിറങ്ങുവാൻ
മഴയിൽ മനസ്സലിഞ്ഞൊഴുകുവാൻ
കടപ്പുറത്തിത്തിരിനേരം
മഴക്കൊപ്പമിരിക്കുവാൻ
ചെളിയിൽ കളിക്കുവാൻ
വന്നില്ലെരാളും
മഴപ്പേടിയാൽ
കൊള്ളാം നമുക്കൊരു
മഴയെങ്കിലുമിക്കുറി
വരും വേനലിൽ
ഇടയ്ക്കിടയ്ക്കെടുത്ത്
കുളിരണിയുവാൻ
കടൽ കടന്നു വന്നവൻ
മഴ കടക്കുവാനാകാതെ
മഴച്ചാറ്റലിൽ
കൺപീലികൾ കോർത്ത്
കുളിർ തുന്നുവാനാവാതെ
മടങ്ങിപ്പോയ്
മഴപ്പേടിയവനെ
യാത്രയാക്കുന്നതു നോക്കി നിന്നു
ഞാനും മഴത്തുള്ളികളും.