അവളുടെ വെളിച്ചം

അവളുടെ വെളിച്ചം

..............................................................
അവളുടെ വെളിച്ചം
രണ്ടായി മുറിച്ച്
പകുതി എനിക്കു തന്നു,
ഒരു സ്വപ്നത്തിന്റെ മുറിവിൽ
മാലാഖയുടെ
അറ്റുവീണ ചിറകിനടിയിൽ
അനങ്ങാനാവാതെ
കിടക്കുമ്പോൾ .
ആ വെളിച്ചത്തിലൂടെ
ആദ്യമൊരു തുമ്പിവന്നു
പിന്നെ ഒരു പ്രാവ്
പിന്നെ ഒരു മാൻ
പിന്നെ നിറയെ മാങ്ങകളുള്ള
മാവിലെ എല്ലാ അണ്ണാൻ മാരും വന്നു
അവയുടെ ചലനം പിടിച്ച്
ഞാൻ എഴുന്നേറ്റിരുന്നു
ഉടലിൽ പറ്റിയ എല്ലാ ഇരുട്ടും
അവൾ തുടച്ചു കളഞ്ഞു
ഉടലിൽ
ജീവന്റെ ഇലകൾ
വിരിഞ്ഞു കൊണ്ടിരുന്നു
ആകാശനീലയിൽ
തൊടാൻ ഉള്ളിൽ നിന്നും
ഒരു പൂവ് നടന്നു വന്നു
അതിന്റെ ഇതളിൽ
ഒരു മഞ്ഞപ്പൂമ്പാറ്റ
ദൈവം
ആ പൂമ്പാറ്റയുടെ
ചിറകുകളിൽ സഞ്ചരിക്കുന്നതു കണ്ടു
അൽപ്പം ചെരിഞ്ഞു വന്ന
മഴയിൽ നിന്നും
കുറെ തുള്ളികൾ
അണ്ണാൻ മാരായി
എന്റെയും അവളുടെയും
ഉടലുകളിലൂടെ താഴേക്കിറങ്ങി
മഴ ശമിക്കെ
അവൾ
അത്ഭുതപ്പെടുകയും
നൃത്തമാകുകയും
എന്നെ ചുംബിക്കുകയും ചെയ്തു
അപ്പോൾ
വീണ്ടും സൂര്യനുദിച്ചു .
- മുനീർ അഗ്രഗാമി

അവളെ ആരും വായിച്ചില്ല

 അവളെ ആരും വായിച്ചില്ല;

എല്ലാവരും സൗന്ദര്യത്തെ വായിച്ചു .
ഈ പ്രസ്താവന ശരിയാകുന്നതെങ്ങനെ ?
തെറ്റാകുന്നതെങ്ങനെ?
അറുപതു കഴിഞ്ഞാലത്തും പിത്തും
എഴുപതു കഴിഞ്ഞാൽ എന്തോ ഏതോ
എന്നല്ലോ പഴമൊഴി
ആയതിനാൽ
നല്പതു കഴിയാക്കാലത്തുത്തരമേകൂ
അവളുടെ വാക്കോ വരയോ?
നോക്കോ മൂക്കോ
എഴുത്തോ കഴുത്തോ ?
നോട്ടത്തിന്നതിരുകൾ
കാട്ടിത്തന്നൊരു മായാഭൂപടമോ ,
നോട്ടം ചെന്നെത്താ ദിക്കുകളിൽ
അവളവളായിട്ടാടും
തോറ്റംപാട്ടുകളോ
കരിമൂടിയ ഭിത്തികളിൽ
കണ്ണീരിൽ വെ(പെ)ൺമഷിയാൽ
അവളെഴുതിയ വരിയോ
അവളെന്നുത്തരമോതൂ.
- മുനീർ അഗ്രഗാമി

Like
Comment
Share

രൂപകം

 രൂപകം

...............
ആകാശം കൂടു തുറന്നു വിടുന്നു
മഴക്കോഴികൾ
മുറ്റത്ത് ചിക്കിപ്പെറുക്കുന്നു
ഇന്നനേരമെന്നില്ല
ഇടമെന്നില്ല
കാറ്റിലതിൻ തൂവലുകൾ
കാട്ടാറിലതിൻ കുഞ്ഞുങ്ങൾ
ഓടി വന്ന്
കൊത്തിത്തിന്നുന്നു
കുടിലുകൾ,
മരങ്ങൾ,
റോഡുകൾ,
മൃഗങ്ങളെ
മനുഷ്യരെ...
വയൽപ്പുല്ലിൽ അടയിരിക്കുന്നു
പുല്ലാഞ്ഞിക്കാട്ടിൽ
കുഞ്ഞുമായൊളിക്കുന്നു
പാറപ്പുറം കൊത്തി വൃത്തിയാക്കുന്നു
സൂര്യനവയെ പിടിക്കും
കൂട്ടിലടയ്ക്കും
വാനം തുറന്നിടും
രാത്രിക്കറുപ്പിൽ
ചൂടിന്നരിമണി കൊത്തിന്നവ
തൊടിയിൽ നടക്കുന്നു
ജനലഴി പിടിച്ചടുത്തു നിന്നു നോക്കൂ
നിലാവിലെ മഴക്കോഴികൾ
നടന്നും കിടന്നും
ചിനുങ്ങിയും
രാവിനെ ചിക്കി മറിച്ചും
കൊക്കിപ്പാറിയും
ഇടവപ്പാതി കടക്കുന്നു.
- മുനീർ അഗ്രഗാമി

ആകാശം ഒരു സ്ത്രീയാണ്

 ആ രഹസ്യം

എന്റെ ചിറകിൽ നിന്നും വീണു പോയി
ഇപ്പോളെനിക്ക്
ആയാസരഹിതമായി
പറക്കാം
ആകാശം ഒരു സ്ത്രീയാണ്
അവളിലൂടെ പറക്കുമ്പോൾ .
- മുനീർ അഗ്രഗാമി

വേഗത

 വേഗതയായിരുന്നു

മരണത്തിനു കാരണം
മരിച്ചു നാളുകൾ കഴിഞ്ഞതിനു ശേഷമാണ്
അതു തിരിച്ചറിഞ്ഞത്.
മെല്ലെ,
മനുഷ്യർ
പോകുമ്പോലെ
പോയിരുന്നെങ്കിൽ
കുറച്ചു കൂടി
ജീവിക്കുമായിരുന്നു. അല്ലേ?
ഒരു കിളിക്ക്
വെള്ളം കൊടുക്കാനോ
വീണുപോയ ഒരാളെ
എഴുന്നേൽപിക്കാനോ
ഒരു മരം നടാനോ
ആകുമായിരുന്നു
വയസ്സായ ഒരാളെ
ചെന്നു കാണാനോ
പിഞ്ചു കുഞ്ഞിനെ
ഒന്നു കൊഞ്ചിക്കാനോ
ആവുമായിരുന്നു .
ശ്വസിക്കും പോലെ
വേഗതയില്ലാത്ത
എത്ര പ്രവൃത്തികൾ
അയാൾക്ക് നഷ്ടപ്പെട്ടു!
-മുനീർ അഗ്രഗാമി

മിനിക്കഥ ............... ജാതി

 മിനിക്കഥ

...............
ജാതി
..........
പത്രത്തിൽ അവാർഡിന് കൃതികൾ ക്ഷണിക്കുന്നു എന്ന പരസ്യം കണ്ടാണ് സത്യശീലൻ അതിൽ കൊടുത്ത നമ്പറിൽ വിളിച്ചത്.
''സർ ,അവാർഡ് പരിഗണനയ്ക്ക്
കവിത അയക്കട്ടെ ?''
ഉടനെ മറുപടി കിട്ടി
''അയച്ചോളൂ
ഒപ്പം ജാതി സർട്ടിഫിക്കറ്റും
അയക്കാൻ മറക്കരുത് ''
നവോത്ഥാന കാലത്തെ മിശ്രവിവാഹത്തിലെ
സന്താനമായതിനാൽ സത്യശീലൻ നിന്നു വിയർത്തു .
കവിതയുടെ ജാതിയേതെന്നോർത്ത്
വീട്ടിൽ നിന്നും ഇറങ്ങി നടന്നു .
-മുനീർ അഗ്രഗാമി

മിസ്ഡ്

 മിസ്ഡ് ...

----------------------------
ഞാൻ വിളിക്കുമ്പോൾ
നീ അറിയാതെയും
നീ വിളിക്കുമ്പോൾ
ഞാനറിയാതെയും
ദിവസങ്ങൾ കടന്നു പോയി
രണ്ടു പേർ
തിരക്കുകൾ മുറിച്ചുകടക്കുന്ന
യാനങ്ങളിൽ
യാഥാർത്ഥ്യത്തെ
വഹിച്ച് പോകുമ്പോൾ
ഉപകരണത്തിന്റെ സഹായമില്ലാതെ
വാക്കുകൾ തൊട്ടു വിളിക്കുന്ന
ഒരു ദേശം
സ്വപ്നത്തിന്റെ റിപ്പബ്ലിക്കിൽ
രൂപം കൊള്ളുന്നുണ്ട്
മിസ്ഡ് കോളുകളുടെ
ശ്മശാനത്തിൽ
നാം രണ്ടെല്ലിൻ കഷണങ്ങൾ
അകലത്തിന്റെ കയത്തിൽ
നഷ്ടപ്പെട്ട ജീവനു വേണ്ടി
തപ്പുന്ന ചിതാഭസ്മ ബിന്ദുക്കൾ
വിരൽത്തുമ്പു കൊണ്ടല്ല
വിളിക്കേണ്ടതെന്ന്
പഠിപ്പിച്ചതൊക്കെയും മറന്ന് മറന്ന്
കടന്നു പോകുന്ന
ഏതോ ഒരു തളളിൽ
ഇപ്പോൾ റിംഗ് ചെയ്തതും നാമറിഞ്ഞില്ല
അവസാനത്തെ കോൾ
വന്ന ദിവസത്തിന്റെ
ഒരു ബിന്ദുവിൽ
പുതിയ കാലം തുടങ്ങുന്നു
ബിസിയും
എഡിയും പോലെ.
നീ ഈജിപ്തിലെ മമ്മിയായും
ഞാൻ ഇന്ത്യയിലെ
പട്ടേൽ പ്രതിമയായും
പരിണമിക്കുന്നു
ഞാൻ വിളിക്കുമ്പോൾ
നീ അറിയാതെയും
നീ വിളിക്കുമ്പോൾ
ഞാനറിയാതെയും
താരകളുദിക്കുന്നു
തിരകളിളകുന്നു
- മുനീർ അഗ്രഗാമി

ഒരില വീണു

 കൊടും വേനലിൽ

രണ്ടിലകളുള്ള രാജ്യത്തിന്റെ

ഒരില വീണു

ഒരില ഇനി അതിനെ ഭരിക്കും

രാജ്യത്തിന് വെള്ളം കോരൂ

തളിർ വരാതിരിക്കില്ല

- മുനീർ അഗ്രഗാമി

കറുത്ത കുട്ടി

 കറുത്ത കുട്ടി

ഒറ്റയ്ക്കിരുന്ന്
മണലിൽ
ഒരു പകൽ നിർമ്മിക്കാൻ
ശ്രമിക്കുന്നു
അതുവഴി
കടലു കാണാൻ വന്നവർ
അതു തട്ടിക്കളഞ്ഞു
തകർക്കുമെന്ന് ഭയന്ന്
ഇപ്പോൾ
ആരും കാണാതെ
അവൻ അതിനു ശ്രമിക്കുന്നു
അവന്റെ ഹൃദയത്തിൽ
ഒരു സൂര്യനുണ്ട്
അതിനെ ഉദിപ്പിച്ച്
അവൻ പകൽ ഉണ്ടാക്കും
ചിലപ്പോൾ അസ്തമിപ്പിച്ച്
രാത്രിയും...
കിട്ടിയ അവഗണനയും
അവജ്ഞയും
ചേർത്ത് വെച്ച്
അവൻ മുകളിലേക്ക്
കയറുന്നത് ഞാൻ കാണുന്നു
ഉദയപർവ്വതം പോലെ
അവൻ തലയുയർത്തി
നിൽക്കും
പകലുണ്ടാക്കും
മല കാണാൻ വരുന്നവർക്കത്
തട്ടാൻ സാദ്ധ്യമല്ലാത്ത വിധം.
-മുനീർ അഗ്രഗാമി

 മൗനം വിരിയുന്നത് നോക്കി നിൽക്കുന്നു

- മുനീർ അഗ്രഗാമി

ഇടവപ്പാതി

 ഇടവപ്പാതി

.....................
ഇടവം പാതിവെന്ത മഴയാണ് .
-മുനീർ അഗ്രഗാമി

രാജ്യത്തിന്റെ രക്തത്തിൽ

 രാജ്യത്തിന്റെ രക്തത്തിൽ

ഓരോ പൗരനും പങ്കുണ്ട്
അവൻ
ഏതു നിറത്തിലുള്ള
രക്താണുവായാലും.
- മുനീർ അഗ്രഗാമി

കോമാങ്ങകൾ

 കോമാങ്ങകൾ

..........................
മാമ്പൂവുകൾ
നോക്കി നിൽക്കേ
കോമാവിനു ചുറ്റും
ഒരു ഗ്രാമം മുളച്ചു വന്നു
ഓരോ കുടിലിലും
കുട്ടികൾ വന്നു
മന്തണലിൽ അവർ നിരന്നു
ഒരു കാറ്റ്
അവരുടെ വേനലും വേദനയും
എങ്ങോ പറത്തിക്കൊണ്ടു പോയി
രുചി പെയ്തു നിറഞ്ഞു
കുട്ടികൾക്കില വന്നു
പൂ വന്നു
കായ് വന്നു
എന്നെ രുചിക്കുന്നവർക്കറിയാം
അതിന്റെ രുചി.
- മുനീർ അഗ്രഗാമി

Like
Comment
Share