രണ്ടു പുഴ

രണ്ടു പുഴ
.................
നമുക്ക് രണ്ട് പുഴകളുണ്ട്
ഒന്ന് നോക്കിയിരിക്കുവാൻ
ഒന്ന് കുളിക്കുവാൻ
ഒന്ന് ഒട്ടും ശല്യപ്പെടാതെ
കലങ്ങാതിരിക്കുവാൻ
ഒന്ന് ഒട്ടുമേ വെറുതെയാവാതെ
പ്രയോജനപ്പെടാൻ
ഒന്ന് കിളിപ്പാട്ടു പോലെ
നമുക്കു മുന്നിലൂടെ
അത്രയും ലളിതമായി
ഒഴുകിപ്പോകുവാൻ
ഒന്ന് കളിക്കളം പോലെ
നമ്മെയുള്ളിലാക്കി
എത്രയോ കലത്തേക്ക്
നമ്മിലൂടെ മാത്രമൊഴുകാൻ
നമുക്ക് രണ്ടു പുഴകളുണ്ട്
നാമവയ്ക്ക്
ഇന്നേവരെ പേരിട്ടിട്ടില്ല.
- മുനീർ അഗ്രഗാമി
Sugatha Pramod, Shukkoor Mampad and 17 others
2 comments
Like
Comment
Share

ഒരു കറുത്ത പൂച്ച.

രാത്രി ഒരു കറുത്ത പൂച്ച.
അതോടിപ്പോയി
പിരിയാതെ നമ്മൾ
ഇളകിയിയപിരികളിൽ
വെളിച്ചം പോൽ
ഉണർന്നിരിക്കെ.
-മുനീർ അഗ്രഗാമി

കാലിഡോസ്കോപ്പിൽ

ചിറകടി കേട്ട്
ഇപ്പോൾ ഉണരുകയും
മുറ്റത്തിറങ്ങുകയും
നിറമില്ലാത്ത
ആകാശത്തിന്റെ രക്തത്തുള്ളികൾ
നെറുകയിൽ ഇറ്റി വീഴുകയും
വീഴ്ചയിൽ ചിതറുകയും
ഇറ്റലിൽ തെറിക്കുകയും
തെറിക്കലിൽ
കോട വന്നു മൂടുകയും
മൂടലിൻ
കാലിഡോസ്കോപ്പിൽ
കുടുങ്ങുകയും
വെളിച്ചം കൈ പിടിക്കുകയും
വഴിവിളിക്കുകയും
കാഴ്ചയിൽ കിളികൾ വരികയും
കേൾവിയിൽ കുയിൽ നിറയുകയും
നിറയലിൽ
ഹോട്ടൽ മണം കലങ്ങുകയും
നാവിലതു കുളമാകുകയും
,അലഞ്ഞ നാളുകളുടെ കല്പടവുകളിൽ
പഴയ സങ്കടങ്ങൾ
ഈറനുടുത്തു നിൽക്കുകയും
തോർത്താൻ മറക്കെ
എന്നെ റബ്ബർ മരങ്ങൾ കാണുകയും
ദൂരെ നിൽക്കുന്ന മലകൾ
ഏന്തി നോക്കുകയും
ഞാൻ കണ്ണു മിഴിച്ച്
കിഴക്കിന്റെ മുഖഭാവം കാണുകയും
മഞ്ഞുകണങ്ങളിൽ
മനസ്സു കഴുകുകയും
ഉണർന്നെന്ന് തോന്നുകയും
കുളപ്പടവിൽ ഇരിക്കുകയും
ഒരു കൊക്ക് വരികയും
ജലം ഇളകുകയും
ഞാവൽ മരം തലയാട്ടുകയും
ഒരോർമ്മ അതിലെ നടക്കുകയും
ഞാറ്റു പാട്ട് കേൾക്കുകയും
കാടുകയറുകയും
കുളക്കര മൂടുകയും
കുളത്തിൽ പായൽ നിറയുകയും
ഞാനുണരുകയും
രാവ്
എങ്ങോ പറന്നു പോകുകയും
ചെയ്തു.
-മുനീർ അഗ്രഗാമി

കുഞ്ഞു മകൾ ചിരിച്ചു

2toi0SSgdi ipoDoenlcemsbcmaeeoigrtdr e201Sd8
 
Shared with Public
Public
കുഞ്ഞു മകൾ ചിരിച്ചു
മറ്റൊരു പ്രപഞ്ചമുണ്ടായി
നിയതമായ നിയമങ്ങളുണ്ടായി
ചലനങ്ങളുണ്ടായി
ചലനങ്ങൾക്ക് അർത്ഥമുണ്ടായി
അനേകം ഗോളങ്ങളുണ്ടായി
അതിൽ ജീവൻ നിലനിൽക്കുന്ന
ഗ്രഹങ്ങളുണ്ടായി
അതിലൊന്ന് ഞാൻ
എന്റെ ഉപഗ്രഹങ്ങളിൽ
ആ പുഞ്ചിരി പ്രതിഫലിക്കുന്നു
നിലാവുണ്ടാകുന്നു
ചാമ്പ മരത്തിൽ പടർന്ന
പിച്ചകം പൂത്ത നാൾ
നിലാവ് എന്നെ തൊട്ടു
തൊട്ടടുത്ത് അവൾ
സ്നേഹത്തിന്റെ ആയിരം പൂവുകൾ വിടർന്നു
ഒരു നിമിഷം ഇല കാണാതെയായി.
-മുനീർ അഗ്രഗാമി

ചേരുമ്പോലെ

രണ്ടു നിറങ്ങൾ ചേരുമ്പോലെ
രണ്ടു വഴികൾ ചേരുമ്പോലെ
രണ്ടു പേർ ചേരുമ്പോലെ
രണ്ടു വാക്കുകൾ ചേരുന്നു

ഈ നദിയിൽ

ഈ നദിയിൽ
...........................
നാമിപ്പോൾ മുങ്ങിയ
ഈ നദിയിൽ
രണ്ടു പുഴകളുണ്ട്
അതിൽ ഒന്നിനോട്
തിരിച്ചൊഴുകാൻ പറഞ്ഞാൽ
അതു കേൾക്കുമോ ?
മാറ്റൊന്നിനോട്
വറ്റാൻ പറഞ്ഞാൽ
അതു മാത്രമായ് വറ്റുമോ ?
പിന്നോട്ട്
പിന്നോട്ട്
പിന്നോട്ട് നടന്നാൽ
രണ്ടു പുഴകളെയും കണ്ടെത്താം
ഓടിത്തീർന്ന നിമിഷങ്ങളുടെ
പിടയ്ക്കുന്ന മീൻ പോലെ
എത്രയോ മുന്നേറിയ
ദേശാടക്കിളിയുടെ ചിറകുകൾ പോലെ
ചരിത്രം പോലെ
ഓർമ്മ പോലെ
വയലിലൂടെ ഒരാൾ
നിന്റെ കാലുകളിൽ
ഇടവപ്പാതി ഞൊറിഞ്ഞുടുത്ത്
വരുന്നു
താഴ്വരയിലൂടെ ഒരാൾ
എന്റെ ചലനങ്ങളുടെ കുതിരപ്പുറത്ത്
ഇളം വെയിലെടുത്ത്
ഉറുമിയായ് വിശുന്നു
ആ വരവുകൾ
നോക്കി നോക്കി നിന്ന്
നാം മുങ്ങിപ്പോയി
നദിയുടെ പ്രവാഹം
ആഴത്തിൽ നിന്നുമൊരു കരിയിലയെടുത്ത്
നമ്മെയൊന്നു മീട്ടി;
ഒരു ഗാനം ഒഴുകിപ്പടരുന്നു
നദിയതു കേട്ടുതിർന്നില്ല
നദിയിൽ നിന്നും പുഴകളും
അതു കേൾക്കുന്നു
വേദനയിൽ
കാഴ്ചപ്പുറത്തില്ലാത്ത താളങ്ങളെ
കേൾക്കുക എന്തു രസമാണ്
നദിയിൽ ആസകലം മുഴുകി
പുഴയെ കേൾക്കുമ്പോലെ
- മുനീർ അഗ്രഗാമി

ഏതു വാഹനത്തിൽ പോയിട്ടും

ഏതു വാഹനത്തിൽ പോയിട്ടും
എത്രയെത്ര വേഗത്തിലോടിയിട്ടും
അവളെത്തുന്നില്ലൊരു മലയിലും
മതിലില്ലാലോകത്തുമൊരിക്കലും
- മുനീർ അഗ്രഗാമി

കവിയരങ്ങ്

കവിയരങ്ങ്
......................
ഒരു കവി
കസേരകളോട്
സംസാരിക്കുന്നു
മരങ്ങളോട് സംസാരിക്കുമ്പോലെ
പൂക്കളോട് സംസാരിക്കുമ്പോലെ.
അത്രയും ശ്രദ്ധയോടെ
കസേരകൾ അയാളെ നോക്കുന്നു
അയാൾ കവിയായതിനാൽ
മറ്റൊരു കവി
അസാന്നിദ്ധ്യങ്ങൾ
നിരന്നിരിക്കുന്ന ഇടങ്ങളിലേക്ക്
തന്റെ വാക്കുകൾ എറിയുന്നു
അപൂർണ്ണമായ സൃഷ്ടികളിലേക്ക്
മഴ തകർത്തു പെയ്യുമ്പോലെ
അഭാവത്തിന്റെ പൊഴികളിലേക്ക്
ആഗ്രഹങ്ങൾ ഇടിഞ്ഞു വീഴുമ്പോലെ
ശൂന്യത അത്രയും ശ്രദ്ധയോടെ
അയാളെ കേൾക്കുന്നു
അയാൾ കവിയായതിനാൽ
വേറൊരു കവി
സ്വയം കത്തുന്നു
ചുറ്റുമാരുമില്ലാത്തത്
അറിയാതെ.
അയാളുടെ പ്രകാശമാണ് കവിത
ഉദിച്ചു നിൽക്കുന്ന ഒരു പകൽ
ജീവിത കാമനകളുടെ മഹാ പ്രവാഹം
ജൈവലോകത്തിന്റെ ഒരു വാതിൽ
കാണുന്നു
അയാളെ രുചിക്കുന്നു കസേരകൾ
കസേരകൾ കസേരകൾ .
മറ്റൊരു കവി അങ്ങോട്ടു കയറി വന്നു
അയാളെത്തന്നെ കേട്ടുകൊണ്ട്
ഇരുന്നിട്ടും
ഒരു കസേരയിലും
അയൾ സാന്നിദ്ധ്യമായില്ല.
ഒരു വാക്കും അയാളിലെത്തിയില്ല
വാക്കുകൾ ചേർന്ന്
അശാന്തമായി
അശാന്തമായ വാക്കുകൾ ചേർന്ന്
കവിതയുണ്ടായി .
- മുനീർ അഗ്രഗാമി

ചുടല

ചുടല
....................

 ഒരു ദിവസത്തെ
കുറച്ചു പേർ ചേർന്ന്
കൊല്ലുന്നതു കണ്ടു
റോഡിലിട്ട്
ശ്വാസം മുട്ടിച്ച്
കൊന്നുകളഞ്ഞു
ഒന്നോ രണ്ടോ വാഹനങ്ങൾ
വന്നിരുന്നെങ്കിൽ
അതിനെ
ആശുപത്രിയിലെത്തിക്കാമായിരുന്നു
വൃദ്ധനായ ഒരാൾ
കട തുറന്നു വെച്ചിരുന്നു
ദിവസത്തിന്
ഓക്സിജൻ കൊടുക്കുവാൻ.
അയാളെ ഇപ്പോൾ കാണാനില്ല
ദിവസങ്ങളുടെ ചുടലയിൽ
കത്തിത്തീർന്ന തിരക്കുകൾ,
ചലനങ്ങൾ,
സ്വപ്നത്തിന്റെ ചാരങ്ങൾ
ഒരു ദിവസം
കൊല്ലപ്പെടുമ്പോൾ
രാജ്യത്തിന്റെ ഒരു ഭാഗം അറ്റു പോകുമ്പോലെ
രക്തമിറ്റുന്നു
പൗരൻമാർ
അതിന്റെ തുള്ളികൾ
നിരത്തു വക്കിൽ അങ്ങിങ്ങായി
വിശന്നിരിക്കുന്നു
ചുടലയിലെരിഞ്ഞവരെ പോലെ
കൊല്ലപ്പെട്ട ദിവസങ്ങൾക്കൊന്നും
സ്മാരകമില്ല
കണക്കുമില്ല
തെളിവുമില്ല
എന്തുകൊണ്ടാണ്
സമയത്തെ
കൊലപ്പെടുത്തുന്നവർക്ക്
ശിക്ഷ ലഭിക്കാത്തത് ?
-മുനീർ അഗ്രഗാമി

പുറം

പുറം
........
തീവണ്ടിയിൽ പോകുമ്പോൾ
നഗരത്തെ
കമിഴ്ത്തിയിട്ടു
പുറത്ത് പറ്റിപ്പിച്ചിരിക്കുന്ന
പൊടിയും പൊട്ടും
പൊഴികളും ചുഴികളും
തട്ടിക്കളയാനാവാതെ
കളിക്കുട്ടിയെ പോൽ നോക്കി നിന്നു
ഉണങ്ങാ വ്രണം പോലെ
പ്ലാസ്റ്റിക് കവറുകൾ
വ്യകൃതമായ അവയവം പോൽ
കുടിച്ചു വലിച്ചെറിഞ്ഞ കുപ്പികൾ
തുറിച്ചു നിൽക്കുന്നു
യന്ത്രപ്പല്ലുകൾ കടിച്ചു കുടഞ്ഞിട്ട
കാടിൻ കഷണങ്ങൾ
ചതഞ്ഞു കിടക്കുന്നു
അവയെത്തലോടുന്നുണ്ട്
ചില കാട്ടുവള്ളികൾ
അരണക്കുഞ്ഞുങ്ങൾ
രാജധാനിയിലേക്ക്
കിതച്ചു പായുന്നു
തീവണ്ടിയും ഞാനും
സഹയാത്രികരും
കുഞ്ഞു ചതുരസ്ക്രീനിൽ
ലോകം കാണുകയാണവർ
അതിൽ മിന്നിത്തെളിഞ്ഞില്ല
നഗരത്തിന്റെ പുറം
അവ്യക്തമായിക്കണ്ടു,
റയിലോരത്ത് പറ്റിപ്പിടിച്ച
രണ്ടു തരികൾ;
രണ്ടു കുഞ്ഞുങ്ങൾ
അന്നം തേടുമവർതൻ മിഴികൾ
വേഗതയേറുന്നു വണ്ടിക്കും
വണ്ടിക്കുള്ളിലെ ഊരുതെണ്ടിക്കും
നോക്കുമ്പോൾ
എത്ര പിന്നിലാണ്
ആ രണ്ടു കുഞ്ഞു ദാഹങ്ങൾ
ഒരു പൊതിച്ചോറ് പുറത്തേക്കെറിഞ്ഞാലും
എത്ര ഓടിയെത്തണവർ
അതിൻ രുചിയറിയാൻ!
-മുനീർ അഗ്രഗാമി

ചന്ദ്രൻ

ചന്ദ്രൻ
............
കൈതട്ടി മറിഞ്ഞ നിലാവ്
മരത്തണലിൽ ചിതറിക്കിടക്കുന്നു
ഒരാൾ അങ്ങോട്ടു നടന്നു വരുന്നുണ്ട്
അയാളുടെ കയ്യിൽ ഒരു ചെറിയവടി
അതുകൊണ്ട് ഇരുട്ടിനെ ആട്ടുന്നു
മരച്ചോട്ടിലിരുന്ന് അയാൾ ഉറങ്ങി
പഴങ്കഥയിലെ ഒരു കഥാപാത്രമായി
അലച്ചിൽ ഒരു ദേവതയാണ്
അവൾ അയാളെ ഉറക്കുന്നത്
കാണുന്നില്ലേ ?
മറ്റൊന്നുമില്ല
ശുഭരാത്രി
-മുനീർ അഗ്രഗാമി

വീടുകളുടെ മൗനം

വീടുകളുടെ മൗനം
..........................................

വീടുകളുടെ മൗനം
എന്നെ വേദനിപ്പിക്കുന്നു
ഓരോ മതിലിനുള്ളിൽ
അവ തമ്മിൽ മിണ്ടാതെ
മുഖം തിരിച്ചിരിക്കുന്നു
ഇന്നലെ
ഒരു വീടിനോട് ഞാനത്
തുറന്നു ചോദിച്ചു
വാക്കിന്റെ ഒരു കരയിലിരുന്ന്.
അത് ഒരൊറ്റക്കരച്ചിൽ
വിരുന്നുകാരനായാൽ
വിരുന്നുണ്ട് പോയാൽ പോരേ എന്ന്
വീട്ടിലുള്ളവർ എന്നോട് ചോദിക്കുന്നുണ്ടാവാം
ഞാനതു കേൾക്കുന്നില്ല
വീടിനുള്ളിൽ
വീടിനുള്ളം
എന്റെ ഉള്ളം പോലെ
വിങ്ങുന്നുണ്ടാവും
സംസാരത്തിന്റെ രസവും
രഹസ്യവും അറിഞ്ഞ
എന്റെ തൊലിയിലെ ചുളിവുകൾ
ഇപ്പോൾ
കൺതടത്തിൽ
കൂനിക്കൂടിയിരിക്കുന്നു
ചോർന്നൊലിക്കുന്ന കണ്ണ്
വീടുകളെ കാണുന്നു
ഒന്നും മിണ്ടാതെ
-മുനീർ അഗ്രഗാമി

നൃത്തം

നൃത്തം
.............
ചുവടുവെക്കുമ്പോൾ
വിടരുന്ന എന്റെ പീലികളിൽ
നീയറിയാതെ
നിന്നെ നോക്കുന്ന ആയിരം കണ്ണുകൾ
നിന്റെ കണ്ണുകളിൽ
നിന്റെ ഹൃദയത്തിന്റെ താളത്തിൽ
എന്റെ ചലനം
നീ എന്റെ നൃത്തം കാണുകയാണ്
ഞാൻ നിന്റെ കാഴ്ച ഉടുത്ത്
ആടുകയാണ്
പീലികൾ അഴിഞ്ഞു വീഴുന്ന
ചുംബനങ്ങൾ നൃത്തവേദിയാകുന്നു
നാം താളത്തിനും ഗാനത്തിനും
അപ്പുറത്ത് ഇഴഞ്ഞ് കടക്കുന്ന
രണ്ടു നാഗങ്ങൾ
ചുവടുകൾ അപ്രത്യക്ഷമായ മുനമ്പിൽ
ഉടലുകൾ
ആകാശം ഉടുത്ത്
താഴ്വരയിലേക്ക് നോക്കുന്നു
ഇന്നോളം നാം വെച്ച ചുവടുകളെല്ലാം
നൃത്തമായി നമുക്കു ചുറ്റും
കോടയുടുത്താടുന്നു.
മഞ്ഞുകാലമാഘോഷിക്കുന്ന
ഋതുവിൽ
ഉടൽ ഞൊറിഞ്ഞുടുത്ത
രണ്ടാത്മാക്കൾ
ചുവടുവെച്ചു തുടങ്ങുന്നു
ഇനിയും പേരിട്ടിട്ടില്ലാത്ത
നൃത്തം കാണുവാൻ
മാവിനുള്ളിള്ളിൽ നിന്നും
പൂക്കളിറങ്ങി വരുന്നു.
നാമിപ്പോൾ പൂവിട്ടു നിൽക്കുന്ന
ആത്മാവുകൾ
ഏതോ ഒരു കാറ്റിൽ
പൊടുന്നനെ
കോരിത്തരിച്ചു പോയ്!
-മുനീർ അഗ്രഗാമി

കോരിക്കളയൽ

കോരിക്കളയൽ
..............................
കോപ്പിനെ കുറിച്ചും
കൊടച്ചക്രത്തെ കുറിച്ചും എഴുതൂ
സത്യാനന്തര കാലത്ത്
ബാക്കിയാവുന്ന നന്മ
അതിൽ കുട്ടിക്കാലം പോലെ
തങ്ങി നിന്നേക്കാം
നിന്നെ കുറിച്ചും എന്നെ കുറിച്ചും
എഴുതല്ലേ
ഫെയ്ക്ക് ഐ ഡി കളിൽ
അവ നിറഞ്ഞു കവിഞ്ഞേക്കാം
നിന്നിലെ പുലിയെ കുറിച്ചെഴുതിയത്
പൂച്ചയെ കുറിച്ചെന്ന്
വായിച്ചേക്കാം
എന്നിലെ പുഴുവെ കുറിച്ചെഴുതിയത്
പൂവിനെ കുറിച്ചെന്ന്
ചർച്ച വന്നേക്കാം
നമ്മെ അസ്വസ്ഥമാക്കിയ
ചിലർ
നമ്മുടെ വാക്കുകളിൽ ചാടിക്കയറുമ്പോൾ
അവരെ കുറിച്ചെഴുതുന്നത്
അവരിലെത്തും മുമ്പ്
കൊല്ലപ്പെട്ടേക്കാം
ഇത്രയും പറഞ്ഞ്
മുഖം തുടച്ച്
ഉപദേശിയായി,
കൊട്ട മെടയാനിരുന്നു .
കേട്ടു നിന്നവർ അവരുടെ
കുട്ടിക്കാലത്തേക്ക് നടന്നു
കോപ്പും കൊടച്ചക്രവും തിരഞ്ഞ്.
അവർ ജെസിബിയും വിമാനങ്ങളും
വീഡിയോ ഗെയിമുകളും
സ്പോർട്സ് കാറുകളും കൊണ്ടുവന്നു
ജെ സി ബി യുടെ കൈ കൊണ്ട്
അവർ
എന്നെ കോരിക്കളഞ്ഞു.
എല്ലാവരും സെൽഫി എടുത്തതിനാൽ
എന്റെ അവസ്ഥാന്തരം
ആരുടേയും ഫ്രെയിമിൽ
പതിഞ്ഞില്ല .
- മുനീർ അഗ്രഗാമി

ഈ കവിത നിനക്കു തരില്ല

ഈ കവിത നിനക്കു തരില്ല
...............................................
ഈ കവിത നിനക്കു തരില്ല
ഈ കവിത
നിന്നെ കുറിച്ചുള്ളതാണെങ്കിലും
നിനക്കു തരില്ല
ഏകാന്തതയിൽ നിശ്ശബ്ദത
അടയിരുന്നു വിരിയിച്ചതാണ്
അനേകദിവസങ്ങളുടെ
പുറന്തോടു പൊട്ടിച്ച്
പുറത്തെത്തിയതാണ്
ലൈലയെന്നും
രാധയെന്നും
ഹുസുനുൽ...
എന്നും
നിന്റെ പര്യായങ്ങൾ
ഈ കവിതയിൽ
താമസിക്കുന്നുണ്ട്
ഉദയവും സന്ധ്യയും
പകലും രാത്രിയും
നീയായി ഈ കവിതയിൽ
വന്നു പോകുന്നുണ്ട്
ഈ കവിത നിനക്കു തരില്ല
ഈ കവിതയിൽ
നീയുള്ളതിനാൽ
അത് നിന്നിലെത്തുവാൻ
പല വഴികളുണ്ടാവും
ആ വഴികൾ എനിക്കറിയില്ല
- മുനീർ അഗ്രഗാമി

കടൽ ,രാത്രി ,ഞാൻ ,നീ , കടൽ, രാത്രി, കടൽ...

കടൽ ,രാത്രി ,ഞാൻ ,നീ , കടൽ, രാത്രി, കടൽ...
...................................
കരീബിയൻ കടലിലേക്ക് നോക്കിയിരുന്നു
കടും നീലയിൽ കറുപ്പു കലങ്ങുന്നു
നീയടുത്തില്ല
ദൂരെ കപ്പലുകൾ
മറ്റാരെയോ ലക്ഷ്യം വെച്ച്
നീങ്ങുന്നു
അതിലൊന്നിലും നീയില്ല
ആകാശം നക്ഷത്രങ്ങളെ
തുറന്നു വിട്ടിരിക്കുന്നു ,
എന്നെ നോക്കാൻ.
അതിലൊന്നിൽ
എന്റെ നോട്ടം ചെന്നിരുന്നു
നീയും അതിൽ തന്നെ നോക്കുന്നുണ്ടാവും
അകത്ത്
മകളുടെ കിടക്കയിൽ
ഉറക്കം അഴിച്ച് വെച്ച്.
ഈ കപ്പൽ
എന്റെ ഉറക്കം ഊരിക്കളഞ്ഞ്
ഡക്കിലേക്ക് പറഞ്ഞയച്ചിട്ട്
മൂന്നു മണിക്കൂറായി.
രാത്രിയെ കടൽ
എങ്ങനെയാണ് പുണരുന്നതെന്ന്
ഞാനിപ്പോൾ അറിയുന്നു
രാത്രിയിൽ നീയുള്ളതിനാൽ
കടലിൽ ഞാനുള്ളതിനാൽ .
- മുനീർ അഗ്രഗാമി