ചിറകടി കേട്ട്
ഇപ്പോൾ ഉണരുകയും
മുറ്റത്തിറങ്ങുകയും
നിറമില്ലാത്ത
ആകാശത്തിന്റെ രക്തത്തുള്ളികൾ
നെറുകയിൽ ഇറ്റി വീഴുകയും
വീഴ്ചയിൽ ചിതറുകയും
ഇറ്റലിൽ തെറിക്കുകയും
തെറിക്കലിൽ
കോട വന്നു മൂടുകയും
മൂടലിൻ
കാലിഡോസ്കോപ്പിൽ
കുടുങ്ങുകയും
വെളിച്ചം കൈ പിടിക്കുകയും
വഴിവിളിക്കുകയും
കാഴ്ചയിൽ കിളികൾ വരികയും
കേൾവിയിൽ കുയിൽ നിറയുകയും
നിറയലിൽ
ഹോട്ടൽ മണം കലങ്ങുകയും
നാവിലതു കുളമാകുകയും
,അലഞ്ഞ നാളുകളുടെ കല്പടവുകളിൽ
പഴയ സങ്കടങ്ങൾ
ഈറനുടുത്തു നിൽക്കുകയും
തോർത്താൻ മറക്കെ
എന്നെ റബ്ബർ മരങ്ങൾ കാണുകയും
ദൂരെ നിൽക്കുന്ന മലകൾ
ഏന്തി നോക്കുകയും
ഞാൻ കണ്ണു മിഴിച്ച്
കിഴക്കിന്റെ മുഖഭാവം കാണുകയും
മഞ്ഞുകണങ്ങളിൽ
മനസ്സു കഴുകുകയും
ഉണർന്നെന്ന് തോന്നുകയും
കുളപ്പടവിൽ ഇരിക്കുകയും
ഒരു കൊക്ക് വരികയും
ജലം ഇളകുകയും
ഞാവൽ മരം തലയാട്ടുകയും
ഒരോർമ്മ അതിലെ നടക്കുകയും
ഞാറ്റു പാട്ട് കേൾക്കുകയും
കാടുകയറുകയും
കുളക്കര മൂടുകയും
കുളത്തിൽ പായൽ നിറയുകയും
ഞാനുണരുകയും
രാവ്
എങ്ങോ പറന്നു പോകുകയും
ചെയ്തു.
-മുനീർ അഗ്രഗാമി
No comments:
Post a Comment