കടൽ ,രാത്രി ,ഞാൻ ,നീ , കടൽ, രാത്രി, കടൽ...

കടൽ ,രാത്രി ,ഞാൻ ,നീ , കടൽ, രാത്രി, കടൽ...
...................................
കരീബിയൻ കടലിലേക്ക് നോക്കിയിരുന്നു
കടും നീലയിൽ കറുപ്പു കലങ്ങുന്നു
നീയടുത്തില്ല
ദൂരെ കപ്പലുകൾ
മറ്റാരെയോ ലക്ഷ്യം വെച്ച്
നീങ്ങുന്നു
അതിലൊന്നിലും നീയില്ല
ആകാശം നക്ഷത്രങ്ങളെ
തുറന്നു വിട്ടിരിക്കുന്നു ,
എന്നെ നോക്കാൻ.
അതിലൊന്നിൽ
എന്റെ നോട്ടം ചെന്നിരുന്നു
നീയും അതിൽ തന്നെ നോക്കുന്നുണ്ടാവും
അകത്ത്
മകളുടെ കിടക്കയിൽ
ഉറക്കം അഴിച്ച് വെച്ച്.
ഈ കപ്പൽ
എന്റെ ഉറക്കം ഊരിക്കളഞ്ഞ്
ഡക്കിലേക്ക് പറഞ്ഞയച്ചിട്ട്
മൂന്നു മണിക്കൂറായി.
രാത്രിയെ കടൽ
എങ്ങനെയാണ് പുണരുന്നതെന്ന്
ഞാനിപ്പോൾ അറിയുന്നു
രാത്രിയിൽ നീയുള്ളതിനാൽ
കടലിൽ ഞാനുള്ളതിനാൽ .
- മുനീർ അഗ്രഗാമി
ബുദ്ധൻ മാത്രം 
പുഞ്ചിരിയാണ്
ഈ തെരുവിൽ
അനാഥമായ
കരച്ചിലുകൾക്കിടയിൽ

- മുനീർ അഗ്രഗാമി

ഭാരങ്ങൾ അപ്രത്യക്ഷമായ ഒരു ദിവസം -മുനീർ അഗ്രഗാമി

ഭാരങ്ങൾ അപ്രത്യക്ഷമായ ഒരു ദിവസം
..................................................................
എട്ടാമത്തെ രാത്രിയിൽ
ആമോസ് റോസാ
മലനിരകളോട് ചോദിച്ചു
എന്റെ അധികഭാരത്താൽ
നിങ്ങളുടെ നെഞ്ച് വേദനിക്കുന്നുണ്ടോ ?
ഒരു കിളിയുടെ നാദത്തിലൂടെ
മല അതിനുത്തരം പറഞ്ഞു
അധികഭാരങ്ങളെല്ലാം ഇതാ
എന്റെ ശബ്ദത്തിന്റെ അരുവിയായി
നിനക്കു തിരിച്ചു തരുന്നു
നിനക്കു ഭാരമെന്നു തോന്നുന്ന
നിന്നിലെ അധികമെല്ലാം
അതിൽ ഒഴുക്കിക്കളയുക
അവൾ മലഞ്ചെരിവിലേക്ക്
ഇറങ്ങി
അവൾക്കുള്ളിൽ നിന്ന്
ആ അരുവി പാടിക്കൊണ്ടിരുന്നു
കഴിഞ്ഞ ഏഴു രാവും പകലും
ജീവനോടെ
അവളിലെ അരുവിയുടെ തീരത്ത്
മേഞ്ഞു നടന്നു
അവ മാൻപേടകളായിരുന്നോ
മ്ലാവുകളായിരുന്നോ
പക്ഷികളായിരുന്നോ
മഞ്ഞുകണങ്ങളായിരുന്നോ
ഇളം വെയിലിന്റെ
സ്വർണ്ണത്തുമ്പികളായിരുന്നോ ?
തിരിച്ചു പോകാനാവാതെ
ആ രാത്രിയുടെ നിലാവിൽ
അവളിൽ അവ മേഞ്ഞു നടന്നു
മലനിരകളേ ഞാൻ
തിരിച്ചു പോകുമ്പോൾ
നിങ്ങളെ ഞാൻ സ്വന്തമാക്കിയിരിക്കുന്നു
എന്നെ നിങ്ങൾ സ്വന്തമാക്കിയിരിക്കുന്നു
അവൾ മലയുടെ നെറുകയിൽ ചുംബിച്ചു.
രാത്രി തീർന്നാൽ
മടങ്ങണമല്ലോ എന്നോർത്ത്
കരഞ്ഞു
നേരം പുലർന്നു
പുല്ലിലെല്ലാം അവളുടെ കണ്ണീർ
ആമോസ് റോസാ നീയെവിടെ?
മലനിര മുയലിന്റെ ശബ്ദത്തിൽ ചോദിച്ചു
അതുവരെ കാണാത്ത ഒരു പൂവ്
ഒട്ടും ഭാരമില്ലാതെ അന്നേരം
മലനിരകളെ നോക്കിച്ചിരിച്ചു.
-മുനീർ അഗ്രഗാമി

വസ്ത്രം

വസ്ത്രം
..............
വൃശ്ചികം
എന്റെ വസ്ത്രമാണ്
മഞ്ഞപ്പൂവുകളുടെ പുള്ളികൾ
മഞ്ഞു പാടകളുടെ
ഷെയ്ഡുകൾ
അതിന്നറിയാം
രാപ്പനിയും പകൽജ്വരവും
ഒരു വസ്ത്രവും
വെറും വസ്ത്രമല്ല
നഗ്നതയോടു
ചേർന്നു കിടക്കുന്ന
മറ്റൊരാളാണത് .
-മുനീർ അഗ്രഗാമി

കറുത്ത നായയാണ് രാത്രി

കറുത്ത നായയാണ്
രാത്രി
.....................................
വെളിച്ചത്തെ പിടിക്കാൻ
പതുങ്ങിയിരിക്കുന്ന
കറുത്ത നായയാണ്
രാത്രി
ക്ലോക്കിൽ
അതിന്റെ നെഞ്ചിടിപ്പ്
സൂക്ഷിച്ചു വെച്ചിട്ടുണ്ട്
നിശ്ശബ്ദതയിൽ
അവ പുറത്തു ചാടും
ഉടൽ ഒന്നതു കുടയുമ്പോൾ
പുൽത്തലപ്പിൽ മഞ്ഞു തുള്ളികൾ
പേടിച്ച് പറ്റിപ്പിടിക്കും
പതുങ്ങലിൽ അടച്ചുവെച്ച
വാതിലാണ് കുര
നിലാവിനെ പിടിച്ച്
അത് തിന്നു തുടങ്ങിയിട്ടുണ്ട്
ചന്ദ്രൻ ഒരു എല്ലിൻ കഷണം
അതിന്റെ നിശ്വാസം
ഉറങ്ങുന്നവരുടെ
ഉഛ്വാസത്തിൽ ചേർന്ന്
വ്യാപിക്കുന്നു
വീട് അതിന്റെ ഉദരത്തിൽ
ദഹിക്കാതെ കിടക്കുന്ന
ഒരു കഷണം
ഡിം ലൈറ്റ്
അക്കാര്യം സാക്ഷ്യപ്പെടുത്തുന്നു
- മുനീർ അഗ്രഗാമി

അഡോണോ ഓയോ

അഡോണോ ഓയോ
......................................
അഡോണോർ ഓയോ എന്ന്
ഞങ്ങൾ വിളിക്കുന്ന കവി
കൊല്ലപ്പെട്ടു
അദ്ദേഹത്തിന്റെ നെഞ്ചിൽ
മൂന്നു വെടിയുണ്ടകൾ
തമ്മിലറിയാത്ത മൂന്നു ക്രിമിനലുകളെ പോലെ
മൂന്നു മുറിവുകളിൽ ഒളിച്ചിരുന്നു
ഒരിക്കലും കവിത മനസ്സിലാവാത്ത മൂന്നു പേർ
ഉടൽ തുളച്ച് വന്നപ്പോൾ
അദ്ദേഹം സ്വയം വാർന്നു പോയി
തെരുവിൽ നിറയെ
അദ്ദേഹത്തിന്റെ ചോര
ഇനി ഒരു കവിതയ്ക്കും
ആ രക്തം ചവിട്ടാതെ നഗരം കടക്കുക സാദ്ധ്യമല്ല
ഇനി ഒരു കവിക്കും
ആ രക്തം തന്റെ രക്തത്തിന്റെ
രൂപകമല്ലെന്ന് എഴുതാനാവില്ല
ഒരു പെൺകുട്ടി അദ്ദേഹത്തിന്റെ
കവിത വായിക്കുമ്പോൾ
നഗരത്തിലെ എല്ലാ പനിനീർപ്പൂക്കളും
ആ രക്തത്തിൽ മുങ്ങിക്കരയും
മഹായുദ്ധങ്ങൾ തീർന്ന ശാന്തതയിൽ
മുളച്ച അശാന്തിയിലിരുന്ന്
അദ്ദേഹം മനുഷ്യരെ കുറിച്ചെഴുതുകയായിരുന്നു
മറ്റൊരു യുദ്ധത്തിന് ആരെയും ഇരകൊടുക്കാതിരിക്കാൻ .
അദ്ദേഹത്തിന്റെ ആദ്യ വരി മുതൽ
അവസാന വരിവരെ
സ്നേഹമായിരുന്നു
മുറിവുകൾ കഴുകിത്തുടച്ച്
വൃത്തിയാക്കി മുറിവുകൂട്ടുന്ന
വിദ്യയായിരുന്നു
അഡോണോർ ഓയോ
എന്നു ഞങ്ങൾ വിളിക്കുന്ന കവി
കൊല്ലപ്പെട്ടപ്പോൾ
മുറിഞ്ഞു വീണ സ്നേഹമാണ് നഗരം നിറയെ
നിങ്ങൾ കവിയെ എന്തു വിളിക്കുന്നു
എന്നറിയില്ല
അദ്ദേഹത്തെ വായിക്കുമ്പോൾ
അദ്ദേഹത്തിന്റെ ഒരു മുറിവ്
നിങ്ങളുടെ ഹൃദയമാണ്
അതിൽ നിന്നും ചോരയിറ്റും
നിങ്ങളറിയാതെ.
- മുനീർ അഗ്രഗാമി

മൗനത്തിന്റെ ഇലകൾ

മൗനത്തിന്റെ ഇലകൾ
......................................
മൗനത്തിന്റെ ഇലകൾ പൊഴിയുന്നു
ഒരില
രണ്ടില
ഇലകൾ...
ഇലകൾ
അങ്ങോട്ടും ഇങ്ങോട്ടും പറന്ന്
ഒച്ചയുണ്ടാക്കുന്നു
അതിന്നൊച്ചയിൽ ചവിട്ടി
നാം രണ്ടു പേരും
ചോലമരപ്പാതയിൽ
ഛിൽ ഛിൽ എന്നൊരണ്ണാനും
അപ്പോൾ
നിന്റെ ഒരു വാക്ക്
അറിയാതെ എന്നെ തൊട്ടു
മുറിവുകളിൽ തടവി
ശൂ ശൂ എന്നു കാറ്റും
വൃശ്ചികപ്പകലിൽ
ഉച്ചതിരിഞ്ഞ്
വെയിൽ പടിഞ്ഞാട്ട്
പോകുമ്പോൾ
- മുനീർ അഗ്രഗാമി

ഈർപ്പം -- മുനീർ അഗ്രഗാമി

ഈർപ്പം
...............
എനിക്കും മണ്ണിനും ഇടയ്ക്ക്
ഈർപ്പം
തിരിച്ചറിയാത്ത സ്നേഹം പോലെ
വീണു കിടന്നു
കാട് തുടങ്ങുന്ന വഴിയിൽ
വഴുതി വീഴുമ്പോൾ
ശ്രദ്ധിക്കണേ എന്നത്
പറയുന്നു
അദൃശ്യമായ അതിന്റെ ഭാഷ
ഞാനും സംസാരിച്ചു
കാട്ടിലെത്തി
നിബിഡമായ ഒരാനന്ദം
അതേ ഭാഷ എന്നോടു സംസാരിക്കുന്നു
ഇപ്പോൾ എനിക്കും ചുറ്റും
നൃത്തമാടുന്ന
നർത്തകിയാണ് ഈർപ്പം
ഒരു മഞ്ഞപ്പൂമ്പാറ്റയുടെ
സന്തോഷത്തിൽ ലയിച്ച്
പൂവുകൾ നൃത്തം കാണുന്നു.
- മുനീർ അഗ്രഗാമി

മഹാത്മാഗാന്ധി റസിഡൻഷ്യൽ സ്കൂൾ

മഹാത്മാഗാന്ധി റസിഡൻഷ്യൽ സ്കൂൾ
.........................
പതാക ഉയർത്തി
പത്തു മിനിട്ടുകഴിഞ്ഞ്
രാജ്യത്തെ കുറിച്ചും
ജനാധിപത്യത്തെ കുറിച്ചും
സ്വാതന്ത്ര്യത്തെ കുറിച്ചും പറഞ്ഞ്
ഇവിടെ എല്ലാവരും സമന്മാരാണെന്ന വാക്കിൽ
വിരാമമിട്ട്
ടീച്ചർ മന്ത്രിയെ ക്ഷണിച്ചു.
എന്നിട്ടു പറഞ്ഞു
ആൺകുട്ടികൾ അവരുടെ ഭാഗത്തും
പെൺകുട്ടികൾ അവരുടെ ഭാഗത്തും
അടങ്ങിയിരിക്കുക
മന്ത്രി സംസാരിച്ചു
ഞങ്ങളൊന്നും മിണ്ടിയില്ല
2018 കാലുകളും
കയ്യുകളുമുള്ള
ശബ്ദമില്ലാത്ത ഒരു ജീവി
എല്ലാം കേട്ടു
ഞങ്ങളുടെ യൂണി ഫോം
അതിന്റെ തൊലി
കണ്ണുകളിൽ അതിന്റെ കാഴ്ച
മന്ത്രി പോയി
ഞങ്ങൾ വലിയ ഒരേകകോശ ജീവിയായി
സ്കൂളിൽ ഇരുന്നു
പരിണമിക്കുമോ എന്ന്
തീർച്ചയില്ലാതെ .
- മുനീർ അഗ്രഗാമി

നിറങ്ങൾ poems by muneer agragami

1. നിറങ്ങൾ
................................
നിന്നുള്ളിലെ നിന്നിൽ
ഉണർന്നിരിക്കുന്ന മിഴിയിൽ
ഞാനലയുന്ന പാതയുടെ വെളിച്ചം
സൂര്യനോ ചന്ദ്രനോ തരാനാവാത്ത
ചിലപ്പോൾ സ്വപ്നങ്ങളിൽ ആളുന്ന
പ്രത്യേക വെളിച്ചം
എനിക്ക് രാത്രിയില്ല പകലുമില്ല
നിന്റെ നിലവിളി തോരുന്ന
സന്ധ്യ മാത്രം
അതുകൊണ്ട് നിന്നിൽ
പല നിറങ്ങളിൽ വന്നിരിക്കുന്നു
അസ്തമിക്കാതെ .
2.കൊടി
...........
അവൾക്കൊപ്പം
പയറരിയുമ്പോൾ
പാത കടക്കുമ്പോൾ
പാട്ടു പാടുമ്പോൾ
പ്രാവുകളായ്
ഒലീവിൻ ഇലകളേന്തുമ്പോൾ
വെറുതെയിരിക്കാൻ
സമയത്തിന്റെ ഒരു ചില്ല ലഭിക്കാതെ
ചിറകൊതുക്കി നൃത്തം ചെയ്യാൻ
മണ്ണു ലഭിക്കാതെ
ഇതു വരെ സ്ഫോടനങ്ങൾ തകർത്ത
കെട്ടിടങ്ങളിൽ
അവളുടെ നിശ്വാസം തിരഞ്ഞ്
കത്തിപ്പോയ കൊടിയാണു ഞാൻ
എന്നെ ഇപ്പോഴും ഉയർത്തിപ്പിടിച്ച്
ശ്വസിക്കുന്ന അവളെ നോക്കൂ
ബോംബുകളെ ഇങ്ങനെയല്ലാതെ
എങ്ങനെയാണ് തോൽപിക്കുക!
3.മിണ്ടൽ
..............
ഭാഷ തീർന്നു പോയ ഒരിടത്ത്
നാമിരുന്നു
എത്ര നടന്നിട്ടാണ്
നാം ഇവിടെ എത്തിയത്
ഒന്നും തീരരുതേ എന്ന്
പ്രാർത്ഥിച്ചിട്ടും
വാക്കുകൾ തീർന്നു പോയല്ലോ
പക്ഷേ
ശൂന്യമായില്ല ഒന്നും
ചുണ്ടുകൾക്കിടയ്ക്ക്
ഭാഷയുടെ വിടവ് നികത്തുന്നുണ്ട്
ചുണ്ടുകൾ .
4.ശ്രമം
........
വരച്ചു തീരാത്ത ചിത്രത്തിൽ നിന്നും
നിറങ്ങൾ ഇറങ്ങി നടന്നു
വെളുത്ത പൂവിൽ ചെന്നിരുന്നു
പൂമ്പാറ്റകളെയായിരുന്നു
നീ വരയ്ക്കാൻ ശ്രമിച്ചത്
അവ പറന്നു കൊണ്ടിരുന്നു
ഞാൻ ഒരു പൂവാകാൻ
ശ്രമിച്ചുകൊണ്ടിരുന്നു.
5.ചിക്കാഗോ
..............
മഞ്ഞു വീണു തീർന്നില്ല
ചിക്കാഗോയിലേക്ക് ഇനി
രണ്ടു മണിക്കൂർ
കറുത്ത കാറിനെ മൂടുന്ന വെളുത്ത പൂവുകൾ
പൂവുകൾക്കുള്ളിലെ
കാറിനുള്ളിലെ
നമുക്കുള്ളിൽ വിടരുന്ന മുല്ലകൾ
അതിൽ ഒരു നിശാശലഭം
രാത്രിയെന്നതിനു പേര്.
കാറിന്റെ ഡോർ തുറന്ന്
പെട്ടെന്ന്
നാം രണ്ടു മഞ്ഞു പരലുകളായി
കൈകോർത്തു നടന്നു.
6.മാതൃക
..............
ഏറ്റവും ചെറിയ ഒരു കിളി
മാതൃകയായി
അത് കൂടുകെട്ടുന്നു
മുറ്റത്തെ ചെടിയിൽ
അത് വെറുതെയിരുന്നില്ല
അതിന്റെ ഇണ ഒരു നാരു കൊണ്ടുവന്നു
നാം രണ്ടു പേരും നോക്കി നിന്നു
എനിക്കോ നിനക്കോ കൂടുകെട്ടാനറിയില്ല
വീടുകെട്ടാനറിയില്ല
കിളി നമ്മെ നോക്കിയിരുന്നില്ല
നോട്ടങ്ങൾ കൊണ്ട് നാം കെട്ടിയ കൂട്ടിൽ
നാമിപ്പോൾ പാർക്കുന്നു
ആ കിളിയെ
ഒന്നു കൂടി കാണാൻ കൊതിച്ച്.
7.വഴി
........
നടന്ന ചുവടുകൾ
ആരാണ് മായ്ച്ചത്
ഞാൻ ചുമന്ന ഭാരത്തിന്റെ
അടയാളമായിരുന്നു അത്
നീ പറഞ്ഞു
ഭാരമില്ലാത്ത ഒരു ചുവടെങ്കിലും
നീ എന്റെ എന്നിൽ വെക്കുക
നീ ഭൂമിയോളം താഴ്ന്നു
ഞാൻ നിന്നിൽ സമുദ്രമായി.
- മുനീർ അഗ്രഗാമി

ഹൈക്കു കവിത - മുനീർ അഗ്രഗാമി

ഹൈക്കു കവിത 
.....................
ജപമാലയിലവൾ
ഇപ്പോഴും മുത്തുകളായ്;
ചലിക്കുന്നൂ ചരടിൽ ;
മറ്റാരുടേയോ കയ്യിൽ!
- മുനീർ അഗ്രഗാമി

ഹൈക്കു കവിത- മുനീർ അഗ്രഗാമി

ഹൈക്കു കവിത
.......................
സായന്തനത്തിൻ
സ്വർണ്ണം കടലിൽ വീണു
സൂര്യനതു  മുങ്ങുന്നു
- മുനീർ അഗ്രഗാമി

ഹർത്താലിനെ കുറിച്ച് ഒരു കുറിപ്പ്- മുനീർ അഗ്രഗാമി

ഹർത്താലിനെ കുറിച്ച് ഒരു കുറിപ്പ്
............................................................
റെയിൽവേ സ്റ്റേഷനിൽ നിന്നും
പുറത്തിറങ്ങുമ്പോൾ
കൊതുകൾ വിശ്രമിക്കാത്ത നഗരത്തിൽ
വെയിൽ ഉരുക്കിയൊഴിക്കുന്ന
കറുത്ത ചൂടിൽ
നട്ടുച്ച ,മരുഭൂമിയിൽ ഒറ്റപ്പെട്ട
ഗ്രാമീണനെ പോലെ
തളർന്നു കിടന്നു
ചീനി മരങ്ങളുടേയും ബദാം മരങ്ങളുടേയും നിഴലുകൾ വിരിച്ച്
ഒരു മഹാന്റെ പേരിലുള്ള റോഡിൽ
അദ്ദേഹത്തിന്റെ ഉടലിലെന്ന പോലെ
ചേർന്നു കിടന്നു
കൊതു കടിച്ച് അതിന്റെ ചോര തീർന്നതാവും
ആകെ വിളറിയിരിക്കുന്നു.
വിളർച്ചയിലൂടെ നടന്നുപോകുന്ന
മനുഷ്യരുടെ അസ്വസ്ഥതയിലൂടെ
ഒരു തെരുവുപട്ടി നടന്നു പോകുന്നു
വെളച്ചത്തോടൊപ്പം നിൽക്കുന്ന ഇരുട്ടു പോലെ
അപ്രതീക്ഷിതമായ ചുഴലി പോലെ
വന്ന്
കടകളും ഓഫീസുകളും പൂട്ടിയിട്ട്
ഹർത്താൽ കാൽനടയായി
തെക്കോട്ടുള്ള റോഡിന്റെ വിജനതയിൽ
കുത്തിയിരുന്നു
തിരക്കിന്റെ അസാന്നിദ്ധ്യങ്ങളും ആരവങ്ങളുടെ അഭാവങ്ങളും
അതിനൊപ്പമിരുന്നു
നട്ടുച്ച അസ്വസ്ഥമായ ചേരിയിലൂടെ
പടിഞ്ഞാറോട്ട് പോയി
കടപ്പുറത്ത് അൽപം കൂടി നേരമിരുന്ന്
അത് മറ്റെവിടേക്കോ പോകും
ആദ്യമായി വീണ കുഴിയിലെന്ന പോലെ
ഞാൻ ഹർത്താലിൽ വീണു
പിടിച്ചു കയറ്റാൻ വാഹനങ്ങളില്ലാതെ
ദേശത്തിന് ഉണ്ടെന്നഹങ്കരിച്ച
പ്രബുദ്ധതയിലെ പടുകുഴിയിലിരുന്നു
നികത്തും തോറും കുഴിഞ്ഞു കൊണ്ടിരിക്കുന്ന
അഹന്തയിൽ നിന്ന്
എനിക്ക് കയറാനായില്ല
ഹർത്താൽ പ്രാകൃതമായ
വന്യ നിശ്ശബ്ദതയാണ്
സ്വന്തം ലഗ്ഗേജ് വിരിച്ച്
ഫുട്പാത്തിലെ മരത്തണലിൽ
കിടക്കുമ്പോൾ മരത്തിൽ നിന്നും
അതിറങ്ങി വന്നു
അല്ല
നേഷണൽ ഹൈവേയിലൂടെ
ആക്രോശങ്ങളായ് വന്നു
കഴുകന്റെ നോട്ടമാണ് അതിന്
അതിന്റെ കാൽനഖങ്ങളിൽ
കേരളത്തെ അത് റാഞ്ചുവാൻ
തഞ്ചം പാർക്കുന്ന പോലെ മിന്നൽ
വൈകുന്നേരത്തിന്റെ നാവിൽ നിന്നും
തെറിക്കുന്ന വാക്കിലെല്ലാം
ആ മിന്നൽ
മിന്നലുകൾ .
- മുനീർ അഗ്രഗാമി

ബ്ലോക്കിന്റെ ദേവത

ബ്ലോക്കിന്റെ ദേവത
....................:...............
ബസ്സുകൾ നീങ്ങാനാവാതെ
കിതയ്ക്കുന്ന തെരുവിൽ
ബ്ലോക്കിന്റെ ദേവത
വേഗതയെ കുത്തിയെടുത്ത്
വൈകുന്നേരത്തിന്റെ ചരടിൽ
കെട്ടിയിട്ടു
ബൈക്കുകളും ഓട്ടോറിക്ഷകളും
അനുസരണയില്ലാത്ത കുഞ്ഞുങ്ങളായ്
ദേവതയുടെ കാലുകൾക്കിടയിലൂടെ
നൂണ്ടു കടന്നു
അവർ ദേവതയ്ക്ക് വേണ്ടി
ഹോണടികളുടെ മാല കോർക്കുകയാണ്
എല്ലാ ജങ്ങ്ഷനിലും ബ്ലോക്കിന്റെ ദേവതയ്ക്ക്
ക്ഷേത്രമുണ്ട്
ചില സായന്തനങ്ങളിൽ
ഒരോട്ടോക്കാരൻ വന്ന്
നട തുറക്കും
കിതച്ച് കിതച്ച്
ഒരു മണിക്കൂറുകൊണ്ട്
നൂറു മീറ്റർ റോഡു താണ്ടുകയാണ് ആചാരം
മുന്നിൽ നിൽക്കുന്ന വണ്ടികളെ ശപിച്ച്
പിന്നിൽ നിൽക്കലാണ് അനുഷ്ഠാനം
ബ്ലോക്കിന്റെ ദേവതയോളം
ഊറ്റം മറ്റാർക്കുമില്ല
ജംഗ്ഷനിൽ വെളിച്ചപ്പെട്ടത് കണ്ടില്ലേ
എന്തനുസരന്നയോടെയാണ്
വണ്ടികളെ ദർശനത്തിന് നിർത്തിയിരിക്കുന്നത്
ദർശനംസമയം കഴിഞ്ഞ്
നാലു കാറുകളെ തെറി പറഞ്ഞ്
ബസ്സുകാർ
നടയടയ്ക്കും
- മുനീർ അഗ്രഗാമി

ഉച്ചരിച്ച വാക്കുകൾ

ഉച്ചരിച്ച വാക്കുകൾ
.................................
ഉച്ചരിച്ച വാക്കുകളെ
വേട്ടക്കാരെങ്ങനെ കൊല്ലും ?
ചിറകുവിരിച്ച്
അമ്പുകളെ തകർത്ത്
അവ പറക്കുന്നുണ്ടല്ലോ
പ്രാവുകൾക്കും പരുന്തുകൾക്കും മുകളിൽ
അവ സഞ്ചരിക്കുന്നുണ്ടല്ലോ
വെടിയുണ്ടകളേയും
വേലുകളേയും
അവ ഭയപ്പെടുന്നില്ലല്ലോ
ഉച്ചരിച്ച വാക്കുകളെ
അവരെങ്ങനെ പിടികൂടും?
ഇനിയെങ്ങാനും
ഒരു വാക്കിന്റെ ചങ്കിൽ
പിടികൂടിയെന്നിരിക്കട്ടെ
അതിൽ നിന്നും
ആയിരങ്ങളിലേക്കു പറന്ന
അർത്ഥങ്ങളെ അവരെന്തു ചെയ്യും ?
വാക്കിന്റെ അഭയം ലഭിച്ചവരുടെ
വാക്കിന്റെ ചുഴിയിൽ
വേട്ടക്കാരന് നില തെറ്റാതിരിക്കുമോ ?
ഉച്ചരിച്ച വാക്കുകളുടെ മഹാപ്രളയം
അവരെ മുക്കിക്കളയാതിരിക്കുമോ ?
- മുനീർ അഗ്രഗാമി

ഗുലാം അലി

ഗുലാം അലി ചിറകു തന്നു
രാപ്പാടിയായിത്തീർന്നു
ഇലവീഴുന്ന വഴിയിലെ
ഇരുളിലൂടെ പറന്നു
നിലത്തിറങ്ങാനാവാതെ
ആകാശം എന്നെ കൊണ്ടുപോയി


-മുനീർ അഗ്രഗാമി 

എഡിറ്റർ

എഡിറ്റർ
...................
വാരികയിൽ നിന്നും
എന്നെ രാജി വെപ്പിച്ച അന്നു രാത്രി
മുൻ ലക്കങ്ങളെല്ലാം
കിടപ്പറയിൽ വന്നു
കഴിഞ്ഞു പോയ ദിവസങ്ങളുടെ
ചിത്രങ്ങൾ പോലെ
താളുകൾ മറിഞ്ഞു കൊണ്ടിരിരുന്നു.
അവ വായിച്ചു
ശവക്കല്ലറയിലെന്ന പോലെ കിടന്നു
ഭൂതകാലത്തിന്റെ മണം
എന്നെ പുതപ്പിച്ചു
ദുഃഖം എന്റെ ഘ്രാണശക്തി
മദ്യക്കുപ്പികൾക്കതു മനസ്സിലായതിനാൽ
അവ ഉള്ളിലൊന്നുമില്ലാതെ
അടുത്ത് ചെരിഞ്ഞു കിടന്നു
ആരും അടുത്തു വന്നില്ല
ഞാൻ എഡിറ്ററായതിനാൽ മാത്രം
കവികളായവർ
കഥാകൃത്തുക്കളായവർ
ഒരു പൂവു പോലും കല്ലറയിൽ വെച്ചില്ല
മരണത്തിന്റെ ശ്മശാനമായിരുന്നില്ല അത്
ജീവിതത്തിന്റെ ചലനങ്ങളുടേതായിരുന്നു
കല്ലറ പണിതത് കല്ലുകൾ കൊണ്ടായിരുന്നില്ല
അനേകം ചോദ്യങ്ങൾ കൊണ്ടായിരുന്നു
നിലപാട് അകത്തേക്കും പുറത്തേക്കുമുള്ള
അനേകം വാതിലുകളിൽ
ഒന്നു മാത്രമാണ്
വാരിക അതിലൂടെ കയറിച്ചെന്നാൽ
എത്തിച്ചേരുന്ന ഒരു വാടകമുറി മാത്രം
കിടപ്പുമുറി അങ്ങനെയല്ല
നിലപാട് അഴിച്ച് ഹാങ്ങറിൽ തൂക്കി
നഗ്നമായിക്കിടക്കുന്ന ഒരിടം
നാളെ പതിവിലും ഭംഗിയായി
അതണിഞ്ഞു പോകുന്ന
ഒരു സ്കൂൾ കുട്ടിയാവും ഞാൻ
അവിടെ ലീഡറാവും
എന്റെ പിന്നിൽ
ഒരേ നിലപാടുകാരുടെ അസ്സംബ്ലി നിരക്കും
സ്കൂളുകൾ വാരികകളാണ്
പല പേരിൽ പലതായി അവയുടെ താളുകൾ
കിടപ്പറ ഇപ്പോൾ ഒരു രാഷ്ട്രമാകുന്നു
ഡിം ലൈറ്റിൽ അവ്യക്തമായ
ചലനങ്ങളാണ് പ്രജകൾ
കിടപ്പറയിൽ നിന്ന് മുൻ ലക്കങ്ങളെല്ലാം
മടങ്ങിപ്പോയിരിക്കുന്നു
വാരികയിൽ നിന്നും
ഞാൻ രാജി വെച്ച അന്നു മുതൽ
വെളിച്ചം പിറന്നു
എന്റെ അഭാവത്തിന്റെ ഒരു ലക്കം പുതിയ
ആകാശമായി
സാഹിത്യം ഉദിച്ചു
ഞാൻ എത്ര വലിയ ഇരുട്ടായിരുന്നു?!
- മുനീർ അഗ്രഗാമി

കുട്ടി

കുട്ടി
........
രണ്ടു പേർക്കും ലീവില്ല
പക്ഷേ അവന് ലീവുണ്ട്
അവരുടെ കലണ്ടറിലെ
ഏറ്റവും ചുവന്ന
അക്കമാകയാൽ.
എന്നിട്ടെന്താ
അവന് അവരില്ലല്ലോ!
- മുനീർ അഗ്രഗാമി

അരിയെത്ര ? പയറഞ്ഞാഴി

അരിയെത്ര ?
പയറഞ്ഞാഴി
.........................
സത്യം മരിച്ചോ ?
ട്രംപ് ജയിച്ചു
ആരാണ് സന്ദേശമയച്ചത് ?
പ്രൊഫൈൽ പിക്ചറില്ല
ആരാണ് ജയിച്ചത് ?
തോൽവി മാത്രം .
അവൻ മടങ്ങി വന്നോ ?
ആധാർ മാത്രം അകത്തുണ്ട്.
ഏതാണ് രാജ്യം ?
അതിർത്തിയില്ല.
പ്രളയം വന്നോ ?
ജലം കാണുന്നില്ല.
ജീവനുണ്ടോ ?
ജാതി ശ്വസിക്കുന്നു .
- മുനീർ അഗ്രഗാമി

കവിതയിൽ ജീവിക്കുമ്പോൾ

കവിതയിൽ ജീവിക്കുമ്പോൾ
.................................................
കവിതയിൽ ജീവിക്കുമ്പോൾ
മരണം പോലും
ജീവിതമാകുന്നു
മരിച്ചവർ തൊട്ടടുത്ത് നിൽക്കുന്നു
ജീവിക്കുന്നവർ
ജീവിക്കുന്നെന്ന്
മരിച്ചവരുടെ നിശ്വാസത്തിൽ
ഒരു വരി എഴുതുന്നു
അതിൽ ഒരു വാക്കുണ്ട്
നിത്യത
അതു നുണയുകയാണാളുകൾ
കവിതയുടെ നാവുകൊണ്ട്.
കാണുന്നില്ലേ ?
മരിച്ചിട്ടും കവിതയിൽ ജീവിക്കുന്ന
ഒരു മനുഷ്യനതാ
നടന്നു പോകുന്നു
കാറ്റുപോലെ
അല്ല മഴ പോലെ
അല്ല വെയിൽ പോലെ
കോടമഞ്ഞുപോലെ
അല്ല അല്ല
കവിത അയാളെ
ചുമലിലേറ്റി
അപ്പൂപ്പൻ താടി പോലെ
കൊണ്ടുപോവുകയാണ്.
_മുനീർ അഗ്രഗാമി

ചാട്ടം

ചാട്ടം
.........
ഉന്മാദത്തിന്റെ
ഏഴാമത്തെ നിലയിൽ നിന്നും
അവൾ താഴേക്കു ചാടി
മരച്ചില്ലയിൽ തട്ടാതെ
കരിങ്കല്ലിൽ തട്ടാതെ
മണ്ണിലവൾ വീണു
മണ്ണ് ജലം പോലെയിളകി
മീനിനെ പോലെ
മണ്ണിലവൾ നീന്തി
നീന്തലിന്റെ നിഴൽപ്പാടിൽ
അവളെ രുചിക്കുവാൻ
നാവുകൾ എറിഞ്ഞു
സാരിത്തലപ്പിൽ
മാലത്തലപ്പിൽ
കാഴ്ചത്തലപ്പിൽ
നാവിൻ കൊളുത്തുകൾ മിന്നി .
ഉന്മാദത്തിന്റെ എട്ടാം നില,
നിലവിട്ട് ചാടുവാൻ
അവളെ വിളിക്കുന്നുണ്ട്
അവളവളായിപ്പറക്കുന്ന
ചാട്ടത്തിനായ്
അവളവിടെ എത്തുമോ ?
എത്തുമോ ?
- മുനീർ അഗ്രഗാമി

വേനൽത്തടാകം

വേനൽത്തടാകം
.............
ചിറകുണ്ടായിട്ടു തന്നെയാണ്
വേനലിൽ അതു പറന്നു പോയത്.
അദൃശ്യമായ പറക്കലിന്റെ ആധിയിൽ
അവിടെ ഒരു കിളിക്കൂട് അത്
ബാക്കി വെച്ചിരിക്കുന്നു
പൊഴിഞ്ഞ തൂവലുകളും
ചൂടും ചൂരും
ഓർമ്മകളുടെ മീൻമുള്ളുകളും
കൂട്ടിൽ
അതിനെ ഓർത്ത് കിടക്കുന്നു
അതിൽ നിന്ന്
അതിന്റ ഓർമ്മയുടെ
അവസാനത്തെ ചലനം
കൊത്തിയെടുക്കുന്നു ,
ഒരു കൊറ്റി
എത്ര വിദഗ്ധമായാണ്
തടാകം അതിന്റെ ചിറകുകൾ
ഒളിപ്പിച്ചത്!
- മുനീർ അഗ്രഗാമി

ഒറ്റയ്ക്കല്ല

ഒറ്റയ്ക്കല്ല
..........
പാതിരാവിൽ
ഇരുട്ട് ഒപ്പമിരിക്കുമ്പോൾ
ആരും ഒറ്റയ്ക്കല്ല
വെളിച്ചമല്ലാത്തതെല്ലാം
അയാൾക്കൊപ്പമുണ്ട്
അപ്പോൾ മാത്രം
ഇരുട്ട് രൂപകമല്ല
രാത്രിയുടെ
രൂപാന്തരം മാത്രം.
-മുനീർ അഗ്രഗാമി
പ്രാർത്ഥന
....................
നീ നിന്റെ
പ്രാർത്ഥനയുടെ തൊട്ടിലിൽ
എന്നെ കിടത്തി
ആട്ടുന്നു
ആടലകന്ന്
ആടിയാടി
അവിടെയല്ലാതെ
മറ്റെവിടെയാണ്
ഇത്ര നിഷ്കളങ്കമായി
എനിക്ക്
കിടക്കാനാവുക!
- മുനീർ അഗ്രഗാമി
നീ ,ഞാൻ, ധ്യാനം
...........................
നീ എവിടെയാണ് ?
മറ്റെവിടെയുമല്ല
നിന്നിൽത്തന്നെ .
ധ്യാനം കൊണ്ട്
വിശുദ്ധപ്രേമത്തിന്റെ
വാതിൽ തുറക്കൂ
നീയാണ് അതിന്നകം;
ഞാനതിൽ
നിറഞ്ഞിരിക്കുന്നു
- മുനീർ അഗ്രഗാമി

ഒരു സ്ത്രീ ഒരു പെൺകുട്ടി

ഒരു സ്ത്രീ ഒരു പെൺകുട്ടി
..........................
പിയാനോ വായിക്കുന്ന
പഴയ കാറ്റിനുള്ളിലൂടെ
ഏറെ നേരം നടന്നാൽ
നെല്ലിമരങ്ങൾ കാവൽ നിൽക്കുന്ന
സ്കൂളിലെത്താം
വയൽ വരമ്പിൽ നിന്നും
പുഴയി റമ്പിൽ നിന്നും
കടൽത്തീരത്തു നിന്നും
പച്ചപ്പാവാടയും ചന്ദന നിറമുള്ള
കുപ്പായവുമിട്ട്
ഒമ്പതാം ക്ലാസിലേക്ക്
നടന്നു വന്ന ഗ്രാമങ്ങളെ ഇപ്പോൾ കാണാനില്ല
അവർ തിന്നെറിഞ്ഞ
മൂന്നു പുളിങ്കുരുവിൽ നിന്നും
സ്ക്കൂൾ മുറ്റത്തിറങ്ങി
അവരെ കാത്തു നിൽക്കുന്ന
മൂന്നു മരങ്ങളുണ്ട്
ഇന്നലെ അതിലൊരു മരം
ഞായറാഴ്ചയുടെ നിശ്ശബ്ദതയിൽ
എനിക്ക് അവർ കൊണ്ടുവന്ന
പുളി തന്നു
തിന്നാനാവാതെ അവരെ ഓർത്തു
നിന്നു പോയി
മുടി പിന്നിയിട്ട്
റോസ് റിബൺ കെട്ടിയിരുന്ന
എന്റെ മുടി കൊഴിഞ്ഞ വഴികളിലേക്ക്
ഒരു കുട്ടി നടന്നു പോയി
അവൾക്ക് ഒരു ജോഡി റിബണേ
ഉണ്ടായിരുന്നുള്ളൂ
അതിപ്പോൾ എവിടെയാവും ?
അവളെ ഓർത്ത്
മറ്റൊരു ലോകത്തിൽ നിന്ന്
ആ റിബൺ കരയുന്നുണ്ടാവും
തിരിച്ചു നടന്നു
കാറ്റ് പിയാനോ വായിക്കുന്നത്
നിർത്തിയിരിക്കുന്നു
മുന്നിലുള്ള കെട്ടിടങ്ങളിൽ തട്ടി
അതിന്റെ കൈവിരലുകൾ
ഒടിഞ്ഞിരിക്കുന്നു
ഞാൻ അതിനോടൊന്നും ചോദിച്ചില്ല
എന്നിട്ടും അതെന്റെ
കണ്ണു തുടച്ചു തന്നു
അന്ന്
എന്നോട് മിണ്ടാതെ
എന്നെമാത്രം നോക്കി നിന്നിരുന്ന
അവനിതൊന്നും അറിയുന്നില്ലല്ലോ
എന്ന സങ്കടം
കുട മറന്നുവെക്കുമ്പോലെ
സ്കൂൾ വരാന്തയിൽ വെച്ചു മറന്നു പോയി
അതു കൊണ്ട് ,
അതു കൊണ്ടു മാത്രം
ചിരിക്കുന്നവളായി തിരക്കിൽ ലയിച്ചു.
- മുനീർ അഗ്രഗാമി

നിന്നിലേക്കുള്ള വഴി

മറ്റൊരു നഗരത്തിലേക്ക്
നീ പോയി
ഞാൻ നിനക്കൊപ്പം വന്നില്ല
പക്ഷേ
നീയെന്നെ കൊണ്ടു പോയി
ഒരു കണ്ണീർത്തുള്ളിയിൽ.

അതു കൊണ്ട്
നീ കാണണമെന്ന്
ആഗ്രഹിക്കുമ്പോഴൊക്കെ
ഞാൻ നിന്നിൽ നിറഞ്ഞ് തൂവി
എനിക്കിപ്പോൾ നിന്നിലേക്കുള്ള
വഴിയറിയാം
എന്നിലേക്കുള്ളതിലേറെ.

അതു കൊണ്ട്
പോയി വരൂ
ഞാൻ എവിടെ നിശ്ചലമായാലും
നിന്നിലെത്തിച്ചേരും
നിന്നിലെത്തുകയെന്നാൽ
നൃത്തത്തിന്റെ ചിറകുകളിലിരുന്ന്
ആകാശം കാണലാണ്

ചിത്രത്തിലെ നിറങ്ങളിലിരുന്ന്
ഭൂമി കാണലാണ്
കവിതയുടെ വരികളിലിരുന്ന്
ജലമാകലാണ്

നിന്റെ കവിളിൽ
എന്നെ ചുമക്കുന്ന
ആ കണ്ണീർക്കണം
ചെയ്യുമ്പോലെ.
-മുനീർ അഗ്രഗാമി

ജനിച്ചിട്ടില്ല സർ

ജനിച്ചിട്ടില്ല സർ
...........................
ജനിക്കും മുമ്പത്തെ
അവസ്ഥയിലേക്ക്
ഒരാൾ തിരിച്ചു പോകുമോ ?
ചിലരെ കണ്ടാൽ
അങ്ങനെ തോന്നും
ചിലരെ കേട്ടാൽ
ഇത് അവരുടെ ദേശമല്ലെന്ന്
പറയാതെ പറയുമ്പോലെ.

ജന്മത്തിന് മുമ്പ്
ജീവിച്ച പോലെ
അവർ ജീവിക്കുന്നു
അനുഷ്ഠാനങ്ങളിൽ
ഒളിക്കുന്നു
ആചാരങ്ങളിൽ മറയുന്നു

അവർ ജനിച്ചിട്ടില്ലെന്ന്
ഞാൻ വിചാരിക്കുന്നു
പക്ഷേ അവർ എനിക്കു മുന്നിലൂടെ
പ്രാചീനമായ ഒച്ചകളോടെ
നടന്നുപോകുന്നുണ്ട്
തൊട്ടടുത്ത്
ഞാൻ ജനിക്കും മുമ്പത്തെ
ലോകത്തിന്റെ ഭൂപടം പോലെ
ഇരിക്കുന്നുണ്ട്
അവർ ജനിച്ചിട്ടില്ലെന്നു തന്നെ
എനിക്കു തോന്നുന്നു

ഇപ്പോൾ അവർ
ആരുടേയോ എന്തിന്റെയോ
ബീജങ്ങളാണ്
നാളെ അവർ ജനിച്ചേക്കാം
അന്നവർക്ക് സൂര്യപ്രകാശമേൽക്കാം
ഇതൊരു സാദ്ധ്യതയാണ്
എല്ലാ സാദ്ധ്യതകളും 
സംഭവിക്കണമെന്നില്ലല്ലോ സർ .
- മുനീർ അഗ്രഗാമി

തൊട്ടാവാടി - പ്രണയ കവിത

തൊട്ടാവാടി -  പ്രണയ കവിത
....................
നീ തൊട്ടു
വാടാതിരിക്കാനായില്ല
ചെറു മുള്ളുകൾ
നിന്നെ തടയാനാവാതെ
നോക്കി നിന്നതേയുള്ളൂ
എങ്കിലും നിന്റെ വിരലിലൊരു
ചെറു പോറലാൽ
കൊത്തിവെക്കുന്നു
എന്റെ പ്രതിഷേധം
വെറുതെ,
വെറും വെറുതെയെന്ന്
അറിഞ്ഞുതന്നെ.
- മുനീർ അഗ്രഗാമി

ഇതാ മറ്റൊരു പക്ഷി

ഇതാ മറ്റൊരു പക്ഷി
................................
എത്ര ചിറകിട്ടടിച്ചിട്ടും
പറന്നുയരാൻ കഴിയാത്ത
പക്ഷിയാണ് തീ

അടുപ്പിൽ നിറയെ
അതിന്റെ കുഞ്ഞുങ്ങളാണ്
കാട്ടിൽ അതിന്റെ അമ്മ
മരങ്ങൾ തിന്നുമ്പോൾ
ഓടി നടന്ന്
ശക്തമായി പറക്കാൻ ശ്രമിക്കുന്നത്
കാണുന്നില്ലേ
പെട്ടെന്ന്
നിങ്ങൾ നോക്കി നിന്നതിന്റെ
ജാള്യതയിലാവണം
അതെവിടെയോ
മറഞ്ഞു പോയല്ലോ ,
കഷ്ടം .
നോക്കൂ
കരിഞ്ഞു കിടക്കുന്ന
മരക്കമ്പുകൾക്കിടയിലതാ
അതിന്റെ ചുവന്ന കണ്ണ്
അതാ ...
- മുനീർ അഗ്രഗാമി

തുഴഞ്ഞു പോകൽ

തുഴഞ്ഞു പോകൽ
.................................
നടന്നു പോകവേ
പുഴയായി
പെയ്തതെന്തെന്നോ
ഉറവുകളേതെന്നോ അറിയില്ല
ജലം നിറഞ്ഞ്
ഒഴുകിക്കൊണ്ടിരുന്നു
ഒരാളതിൽ ഇറങ്ങുവാൻ വന്നു
മുങ്ങുമെന്ന് മൂന്നുവട്ടം പറഞ്ഞു
അയാൾ കേട്ടില്ല
അയാൾ മുങ്ങുകയും
മീനാവുകയും ചെയ്തു
ഞാൻ നടന്നു
ഉള്ളിലെവിടെയോ അയാളുണ്ട്
എന്റെ ആഴങ്ങളിൽ
പുരാതനമായ ഒരു വികാരത്തിലിരുന്ന്
തുഴഞ്ഞു പോകുന്നു
ഇപ്പോൾ
ഒരാഗ്രഹം ബാക്കിയുണ്ട്
എന്നെങ്കിലും അയാളൊരു പുഴയാവുമ്പോൾ
അതിലൊരു മീനാവണം.
- മുനീർ അഗ്രഗാമി

എട്ടാം നാൾ ദൈവം

എട്ടാം നാൾ ദൈവം
..................................
എട്ടാം നാൾ ദൈവം
എന്നിൽ നിന്നെ
ആലേഖനം ചെയ്തു.
വായിച്ചു തീർന്നില്ലത്
ഒന്നാമത്തെ വരിയിലെ
മണൽപോലെ തിളങ്ങും വാക്കിൽ
നാമൊന്നിച്ചിരുന്ന്
കടൽക്കാറ്റു കൊള്ളുമ്പോൾ
- മുനീർ അഗ്രഗാമി

ക്ലീഷേ

ക്ലീഷേ
............
നോക്കുമ്പോൾ തീ
ഒരു ക്ലീഷേയാണ്
പക്ഷേ പൊള്ളൽ
അതിനെ മറികടക്കുന്നുണ്ട്
പുറത്തും അകത്തും
എഴുതി വെക്കുന്ന വരകളാൽ
- മുനീർ അഗ്രഗാമി

സഞ്ചരിക്കുക

സഞ്ചരിക്കുക
........................
ഒരു വാക്ക്
നമ്മെ കാത്തിരിക്കുന്നുണ്ട്
മറ്റെല്ലാ അർത്ഥങ്ങളും
മാറ്റി വെച്ച്
സഞ്ചരിക്കുക
മറ്റെല്ലാ തിരക്കുകളും
ഉപേക്ഷിച്ച്
എത്തിച്ചേരാതിരിക്കില്ല
യാത്ര നമ്മെ കവിതയാക്കി
പുതുക്കുമെങ്കിൽ
നാമതിന്നർത്ഥരസ രഹസ്യത്തിൽ
ഒരു വാക്കിലുണ്ട്
ഒളിക്കുവാനും
ഒന്നിക്കുവാനും ഒരിടം
അതിജീവിക്കുവാനും
ജയിക്കുവാനും മറ്റൊരിടം
അർത്ഥം നമ്മെ സ്വീകരിക്കുമ്പോൾ
കൊടുത്താലും
വാങ്ങിയാലും
പറഞ്ഞാലും
വാക്കിലെത്തുക എളുപ്പമല്ല
എങ്കിലും
സഞ്ചരിക്കുക
സഞ്ചരിക്കുക
കവിതയിലെത്തുവോളം
- മുനീർ അഗ്രഗാമി

പുതിയ ഒരു ഭാഷ

പുതിയ ഒരു ഭാഷ
......................................

പുതിയ ഒരു ഭാഷയുണ്ട്
നിനക്കും എനിക്കുമിടയിൽ
ഓടിക്കളിക്കുന്നു
തളരാതെ അത്
അതിന്റെ വ്യാകരണമുടുക്കുന്നു
ഈണം ഉയർത്തുന്നു
ഒരു മേഘം മറ്റൊരു മേഘത്തോടെന്ന പോലെ
ഒച്ചയില്ലാതെ
നടക്കുന്നു
അത് അതിന്റെ സംഗീതം കണ്ടെത്തുമ്പോൾ
നാം ഭൂമിയിലല്ല
- മുനീർ അഗ്രഗാമി

ആരവിടെ ?

ആരവിടെ ?
....................................
എന്റെ വല്യമ്മയ്ക്ക്
പത്തു വയസ്സ് തികഞ്ഞപ്പോൾ
ആരവിടെ ?
എന്നു ചോദ്യം കേട്ടു
ആരുമൊന്നും മിണ്ടിയില്ല
ചോദ്യം വീണ്ടും കേട്ടു
അന്ന്
ഉത്തരമില്ലാത്തതിനാൽ
ആ ചോദ്യം നാടുനീങ്ങി.
ഇന്ന് എന്റെ മക്കൾക്ക്
പത്തു വയസ്സു കഴിഞ്ഞു
നാടുനീങ്ങിയെന്നു കരുതിയ
ആ ചോദ്യം വീണ്ടും കേൾക്കുന്നു
മകന്റെ ഉത്തരമെന്തായിരിക്കും ?
അവൻ വിളി കേൾക്കുമോ ?
അവന്റെ കേൾവി
ആ ചോദ്യത്തെ അഭിഷേകം ചെയ്യുമോ?
ചോദ്യം വീണ്ടും മുഴങ്ങുന്നു
രാജ്യത്തെ ആകെ വിഴുങ്ങുന്ന ഒച്ചയിൽ
- മുനീർ അഗ്രഗാമി

എ അയ്യപ്പൻ

എ  അയ്യപ്പൻ
.........................................
കവിത മറ്റൊരു മലയാണ്
അയ്യപ്പൻ അത് കയറുകയും
ഇറങ്ങുകയും
വീണ്ടും കയറുകയും ചെയ്തു
വെയിൽ തിന്നും
മഴ കുടിച്ചും
എല്ലാ വന്യതകളേയും
വാക്കുകൾ കൊണ്ട് പിടിച്ചു കുടഞ്ഞ്.
-മുനീർ അഗ്രഗാമി

ഇളക്കം

ഇളക്കം
...............
നിലാവ് മീനായിളകുന്ന
തടാകത്തിലേക്ക്
രാത്രിയും ഞാനും നോക്കി നിന്നു
വെറുതെ നോക്കി നിന്നു
പെട്ടെന്ന്
ചുറ്റും ഓളങ്ങളുണ്ടായി
ഞാൻ ഇളകി മീനായി
പായലുകൾ തിരകളാകുന്നു
ഒരു നിമിഷം
കര കടൽ പോലെ
ഇളകി മറിയുന്നു
ഞാൻ നിന്നതിനപ്പുറം
ഇളകുന്നു
ഇളക്കത്തിന്റെ ഊഞ്ഞാലിൽ
ഞാനുമാടുന്നു.
-മുനീർ അഗ്രഗാമി

കള്ളാ അത് കൊണ്ടു പോകരുതേ

കള്ളാ അത് കൊണ്ടു പോകരുതേ
...............................................................
അലച്ചിൽ തിന്നു നടന്നു
സമയം തോരാമഴയായ്
ഞരമ്പിലൂടെ ഒഴുകി
പടുമാവ് വിളിച്ചു
അതിന്റെ മടിയിൽ കിടന്നു

ഉണർന്നപ്പോൾ
ബേഗുകാണാനില്ല
ഓർമ്മകളെഴുതിയ പുസ്തകം
അതിലുണ്ട്
അതിലെ അക്ഷരങ്ങൾ
ഏകാന്തതയുടെ ചിത്രങ്ങളാണ്
കള്ളൻ അതു കാണില്ല
വാക്കുകളിൽ പ്രകാശിക്കുന്ന
നിന്നെ കാണാം
അവൻ നിന്നെ തിരഞ്ഞു വരാം
എന്റെ ഹംസമല്ലെന്നു പറഞ്ഞ്

ഉപേക്ഷിക്കപ്പെട്ട പൂച്ചയുടെ
ആത്മകഥയിലെ
ഒന്നാമത്തെ അദ്ധ്യായമാണ് ഞാൻ
അതു കൊണ്ട്
എന്നെ തിരഞ്ഞാരും വരില്ല

കള്ളാ
ഇന്നോളം ഞാൻ സൂക്ഷിച്ച
എന്റെ എകാന്തതകളുടെ ഭാണ്ഡം
നീ കൊണ്ടു പോയല്ലോ
ഇനി കനത്തു വീഴുമേകാന്തനാമിഷങ്ങൾ
ഞാനെവിടെ വരയ്ക്കും ?

പൊള്ളിക്കരിഞ്ഞ പകലിന്റെ കരി കൊണ്ട്
ഈ മാവെനിക്ക്
കുളിർ വരച്ചു തന്ന പോലെ
പൊള്ളലുകൾ തന്ന കരി കൊണ്ടല്ല
തീ തന്ന വെളിച്ചം കൊണ്ട്

കള്ളാ അത് കൊണ്ടു പോകരുതേ
കൊണ്ടു പോകരുതേ
അവളുടെ അസാന്നിധ്യത്തിൽ
കിടക്കുവാൻ
ഞാൻ വരച്ച തണലാണത്.
-മുനീർ അഗ്രഗാമി

ആനന്ദം

ആനന്ദം
................
ശബ്ദം വരിഞ്ഞുമുറുക്കുന്ന തെരുവിൽ
നിശ്ശബ്ദതയെ കാത്തു,
എന്റെ ആനന്ദം.
തൊട്ടടുത്ത്
വന്നിരുന്ന
നിശ്ശബ്ദതയിലിരുന്ന്
മിടിക്കുന്ന ഹൃദയത്തിൽ
പറന്നിരുന്നു എന്റെ
ആനന്ദം.
-മുനീർ അഗ്രഗാമി

മലമുഴക്കി

മലമുഴക്കി
.....................
ഇല്ല ,നിനക്കൊപ്പം
മല കയറുവാൻ

ഇല്ല ,നീ പുലിയായിടും
ചുവടുകൾ
ഇല്ല ,നീ നീയല്ലാതായ്
നിന്നു കത്തും കാട്ടുതീ

എങ്കിലുമില്ല ഞാൻ, വഴി
മുകളിലേക്കറിയില്ല
മാൻപേട പോലരുവി
താഴ്വരയിലേക്ക്
കുതിച്ചു പോകെ
കാതിൽ ചൊല്ലുന്നു

താഴെ തടാകത്തിൽ
വെയിൽ ചൂടി നിൽക്കും
താമരപ്പൂ വിനെ
മുടിയിൽ ചൂടണം

ഒഴുക്കു നിർത്തി
കെട്ടിക്കിടക്കുന്നതിൻ സുഖം
നിനക്കറിയില്ല;തിൻ
നിശ്ചലമാം രുചിയും

'ഇല്ല നിനക്കൊപ്പം
മല കാണുവാൻ '
ചട്ടിയിലെന്നപോൽ
തിളയ്ക്കുമവൾ.

മലമുഴക്കുവാൻ
വൻ മരത്തിലേകനായിരിക്കുവാൻ
തനിയെ ഞാൻ പോകുന്നു.
പോകുന്നു
- മുനീർ അഗ്രഗാമി

പിണക്കം

പിണക്കം
................
ആരും നടക്കാനില്ലാത്തതിനാൽ
വീട്ടിലേക്കുള്ള വഴിയിലിരുന്ന്
പുല്ലുകൾ
ഓരോന്നു പറയുന്നു
എന്നെ കുറിച്ചാവും
വീടിനെ ഒറ്റയ്ക്കാക്കി പോയതിനുള്ള
ചീത്തയാവും
ചെന്നു കേറിയപ്പോൾ
കുറച്ചു നേരം പിടിച്ചു വെച്ച്
വഴക്കു പറഞ്ഞേ വിട്ടുള്ളൂ
മുറ്റത്ത് പുല്ലിന്റെ കുഞ്ഞുങ്ങൾ
കളിക്കുന്നതു നോക്കി
നിന്നു പോയി
അകത്തു കേറുമ്പോൾ
ഇനി എന്തൊക്കെയാവും
എന്നോടു പിണങ്ങിക്കിടക്കുക!
-മുനീർ അഗ്രഗാമി

ഒറ്റക്കണ്ണുകൊണ്ടു കാണുന്നു

ഒറ്റക്കണ്ണുകൊണ്ടു കാണുന്നു
.........................................................
രണ്ടു വഴികൾക്കിടയ്ക്കുള്ള സ്ഥലത്ത്
കുറേ മരങ്ങൾ കാണുന്നു

മരങ്ങൾക്കിടയിലൂടെ
പകൽ നടന്നു പോകുന്നു

സന്ധ്യയുടെ വിരിപ്പിലിരുന്നു
നാം രണ്ടു യാത്രകൾ
ചേർത്തുവെയ്ക്കുന്നു

രണ്ടു വഴികളും രണ്ടായിത്തന്നെ
നക്ഷത്രങ്ങളെ കാണുന്നു

നക്ഷത്രങ്ങൾ നമ്മെ
ഒറ്റക്കണ്ണുകൊണ്ടു കാണുന്നു
- മുനീർ അഗ്രഗാമി

ആൾക്കൂട്ടം

ആൾക്കൂട്ടം
...................
സത്യമെവിടെയെന്ന്
തിരഞ്ഞു പോയ
അവസാനത്തെ ആൾ
ആൾക്കൂട്ടത്തിൽ പെട്ടു ,
വഴി തെറ്റി.
തിരച്ചിലിന്റ എകാന്ത
ഉടച്ചു കളഞ്ഞു,
അയാൾ മറ്റാരെയോ പോലെ
പെരുമാറി
പേരുമാറി രക്ഷപ്പെട്ടിരിക്കാം
അയാളെ തിരഞ്ഞു പോയ കുട്ടി
പെൺപടയുടെ ചോദ്യങ്ങളിൽ പെട്ട്
വലുതായി
അയാളെയും
പുതുതായൊന്നും കണ്ടെത്തിയില്ല
തെങ്ങു കയറല്ലേ
ചെളിയിലിറങ്ങല്ലേ
ഞാറുനടല്ലേ
മല കയറൂ
മറ്റൊന്നും വേണ്ട
പൈതൃകത്തിന്റെ
വാക്കുകൾ മാത്രം ഉച്ചരിക്കൂ
മറ്റൊന്നും വേണ്ട
അവന്റെ കാതുകളുടെ
ആത്മകഥ ഇത്രമാത്രം
സത്യമെവിടെ ?
സമത്വത്തിലോ
സമവായത്തിലോ ?
ഇനിയിപ്പോൾ ആരെങ്കിലും
സത്യം തിരഞ്ഞു പോകുമോ
എന്നറിയില്ല
ഒരേ ദിശയിലേക്കുള്ള ജാഥയിൽ
എല്ലാവരും
ഒരേ വാക്കിന്റെ ചുവടുമായ് ചലിക്കുന്നു
ഓരോ ചലനത്തിലും ആൾക്കൂട്ടം
എന്റെ ദേശത്തെ വിഴുങ്ങുന്നു
തെരുവിൽ ഉപേക്ഷിക്കപ്പെട്ട
പ്രതിമ മാത്രം തിരിഞ്ഞു നിൽക്കുന്നു
അതിന്റെ നിശ്ചലതയിൽ
എന്റെ ദേശത്തിന്റെ
വെളിച്ചം വറ്റിപ്പോയ ചാലുകൾ കണ്ടു
അന്വേഷിച്ചു പോയതും
അന്വേഷിച്ചു പോയയാളെയും
ആരും കണ്ടെത്തിയില്ല
അനുസരിക്കുന്നവരുടെ കൂട്ടത്തിൽ
അവന്
അവനെ നഷ്ടപ്പെട്ടിരിക്കാം
- മുനീർ അഗ്രഗാമി

പെണ്ണുങ്ങൾ അപ്രകാരം ചെയ്തു.

പെണ്ണുങ്ങൾ അപ്രകാരം ചെയ്തു.
.......................................................
ഉമ്മിണി
ബസ്സുകാത്തു നിൽക്കെ
തീണ്ടാരി
തിരണ്ടു കല്യാണം
തീണ്ടൽ
തൊടീൽ
താലികെട്ട്
പുളികുടി
പുലപ്പേടി ഇതൊക്കെ ഞങ്ങൾക്ക്
തിരിച്ചു വേണം
മക്കളെ പഠിപ്പിക്കണം
ഉമ്മിണിക്ക് മുന്നിലൂടെ
പെണ്ണുങ്ങൾ വിളിച്ചു പറഞ്ഞു
തമ്പുരാനേ ഞങ്ങളെ
രക്ഷിക്കണം
ഞങ്ങൾക്ക് പഴയതൊക്കെയും വേണം
രാജാവും രാജ്ഞിയും വന്നു
ഉച്ചത്തിൽ പറഞ്ഞു
പഴയതൊന്നും നഷ്ടമായിട്ടില്ല
എല്ലാം കൊട്ടാരത്തിലുണ്ട്
പ്രജകളേ വരൂ
ആവശ്യം പോലെ എടുക്കൂ
ഞങ്ങളുടെ പ്രജകളാവൂ
ഞങ്ങളുടെ രാജ്യം വരട്ടെ
പെണ്ണുങ്ങൾ അപ്രകാരം ചെയ്തു.
സന്തോഷത്തോടെ പോയി
ചുമരിലെഴുതിയത്
ഒന്നു കൂടെ വായിക്കുവാൻ
പിന്നെ ഉമ്മിണി
ശിവഗിരിക്ക് പോയില്ല
ആറ്റിലിറങ്ങി ഒരു കല്ലെടുത്തു.
- മുനീർ അഗ്രഗാമി

കളഞ്ഞൂ

കളഞ്ഞൂ നവോത്ഥാനം
തിരഞ്ഞൂ നാടാകെ നാം
നഷ്ടരായലയുന്നൂ,
ബുദ്ധി വീണുപോയ പോൽ.
- മുനീർ അഗ്രഗാമി

ആട്ടം

ആട്ടം 
.................
നഗരം മഴയിൽ ഊഞ്ഞാലാടിക്കൊണ്ടിരുന്നു
രണ്ടു ജാഥകൾ കടന്നു പോയി
മുമ്പില്ലാത്ത വിധം
സത്രീകളായിരുന്നു രണ്ടിലും
പഴയ മുദ്രാവാക്യങ്ങൾ
അവരെ ആട്ടിക്കൊണ്ടിരുന്നു

ഉറക്കത്തിലെന്ന പോലെ അവർ
നടന്നുകൊണ്ടിരുന്നു
കുഴലൂത്തുകാരൻ എവിടെയോ
മറഞ്ഞിരിക്കുന്നുണ്ട്
എനിക്കയാളെ കാണാം

അയാൾ 
കാഴ്ചയുടെ പരിധിക്കപ്പുറത്ത് നിന്ന്
പുരാതനമായ ഒരു ഉപകരണം നീട്ടി
ഇരുട്ട് അന്നേരം ഓടി വന്ന്
നഗരത്തെ ശക്തമായി ആട്ടാൻ തുടങ്ങി
ഞങ്ങൾ പോവില്ല പോവില്ല
എന്ന് സ്ത്രീകൾ പറയുന്നുണ്ടായിരുന്നു
എന്നിട്ടും

അവരറിയാതെ അവരെ
അയാൾ കൊണ്ടു പോകുന്നത്
ഞാൻ പേടിയോടെ നോക്കി നിന്നു.


-മുനീർ അഗ്രഗാമി

പരസ്യപ്പെട്ടിരിക്കുമ്പോൾ

പരസ്യപ്പെട്ടിരിക്കുമ്പോൾ
...........................................
സ്വകാര്യതയിൽ
ഉറുമ്പു പോലെന്തോ അരിച്ചു തുടങ്ങിയിട്ട്
കുറേ നാളായി
നടക്കുമ്പോഴും നിൽക്കുമ്പോഴും അതിന്
സിംഹാസനത്തിന്റെ രൂപം
ആറു കാലുകൾ
ആറു പ്രത്യയശാസ്ത്രം
അദൃശ്യനതിൻ പുറത്ത്
സൗജന്യങ്ങളുമായെഴുന്നള്ളുന്നു
പേരും പെരുമയും
വേരും വേവലാതികളും
പുറത്താവുന്നു
അത്
വേദനിപ്പിക്കാതെ
അരിച്ചു തീർക്കുന്നു
സ്വസ്ഥതയുടെ ഞരമ്പുകൾ
ഒരു പ്രഭാതത്തിൽ
ബയോമെട്രിക് ഡാറ്റയായി
പരസ്യപ്പെട്ടിരിക്കുമ്പോൾ
അത്...
അതെന്റെ മുഴുവൻ രഹസ്യങ്ങളും
അരിച്ചു തീർത്തു .
ഇതാ
ദൈവത്തിന്റേതോ
പിശാചിന്റേതോ എന്നറിയാത്ത
ഒരു കടലാസിൽ
സ്വകാര്യതയുടെ ചിതാഭസ്മം
- മുനീർ അഗ്രഗാമി

ഷൊർണ്ണൂർ റയിൽവേ സ്‌റ്റേഷൻ

ഷൊർണ്ണൂർ റയിൽവേ സ്‌റ്റേഷൻ
..........................................
കുറെ തീവണ്ടികൾ കണ്ടു
നിൽക്കുന്നവ , ഓടുന്നവ
നിൽക്കുമ്പോൾ കിതയ്ക്കുന്നവ
ഇരുമ്പു ബെഞ്ചിൽ ഒരു ബിന്ദുവായ് ഇരുന്ന്
പോവാനുള്ള ദൂരത്തിന്റെ ഒരറ്റം നിർമ്മിക്കുകയായിരുന്നു ഞാൻ

തീവണ്ടികൾ പെൺകുട്ടികളാണ്
പെൺകുട്ടികൾ തീവണ്ടികളാണ്
ഇതിൽ ഏതാണ് ശരി ?
കാര്യമായോർത്തു
ഒരു വണ്ടി വന്നു നിന്ന് നെടുവീർപ്പിടുമ്പോൾ
അതിന്റെ ജനാലയിൽ ഒരു പെൺകുട്ടി
അവളെ നഷ്ടപ്പെട്ട പോലെ ഇരിക്കുമ്പോൾ
തീയുള്ളതിനാൽ രണ്ടു വാക്യവും
ശരിയാവാം
ശരിയാവുന്നതിനാൽ
തീവണ്ടിയിൽ പെൺകുട്ടി ഇരിക്കുന്നുണ്ട്
പെൺകുട്ടിയിൽ ഒരുതീവണ്ടി ഓടുന്നുണ്ട്
അതിൽ ഒറ്റക്കയ്യൻ ഇരിക്കുന്നുണ്ട്
അയാളുടെ കണ്ണിൽ വേട്ടക്കാരന്റെ
രണ്ടു കൈകൾ
പാരമ്പര്യമായിക്കിട്ടിയ
ഒറ്റപ്പാളത്തിലൂടെ അവൾ കുറേ ദൂരം ഓടി
ഇപ്പോൾ ഇരട്ടിപ്പിച്ച പാതയിലൂടെ
ഏറ്റവും തിരക്കിട്ട്
അവൾ ഓടുന്നു
സൂപ്പർഫാസ്റ്റായും ഫാസ്റ്റ് പാസഞ്ചറായും
എക്സ്പ്രസ്സായും ഓടുന്നു
ഗ്രാമത്തെ രണ്ടായിക്കീറിയെറിഞ്ഞ്
നഗരത്തിന്റെ മനസ്സിലേക്ക് കുതിക്കുന്നു
പാളം തെറ്റാതെ തീവണ്ടികൾ
ലക്ഷ്യസ്ഥാനത്ത് എത്തുന്നു
അപ്പോൾ പാളമുണ്ടാക്കുന്ന ജോലിക്കാൻ
അതിലെ കടന്നു പോയി
പോലിസുകാരുടേയും പട്ടാളക്കാരുടേയും
അവരുടേയും ഉടുപ്പുകൾക്ക്
ഒരേ നിറം
അവർ അവൾക്കു കടന്നു പോകാൻ
പാളം പണിയുന്നവർ
പാളം തെറ്റാത്ത തീവണ്ടിയാണ്
എറ്റവും നല്ല തീവണ്ടി
തെട്ടടുത്ത് ഇരിക്കുന്നയാൾ
എന്നോടു പറഞ്ഞു
അയാൾ പാളം നിർമ്മിക്കുന്ന എഞ്ചിനീയറായിരുന്നു
ഇടവേളകളിൽ വാക്കുകൾ കൊണ്ട്
കളിക്കുന്നയാളായിരുന്നു
അപ്പോൾ പ്ലാറ്റ്ഫോമിൽ തിരക്കേറി
തീവണ്ടി വന്നു
ഞാൻ അവൾക്കുള്ളിലേക്ക് കയറി
അവൾക്കുള്ളിൽ എനിക്കൊപ്പം
ഒരു പെൺകുട്ടി
അവൾക്കുള്ളിൽ ഒരു തീവണ്ടി
അതിനുള്ളിൽ ആരാണാവോ !
-മുനീർ അഗ്രഗാമി

ഹെഡ് കോൺസ്റ്റബിൾ കുട്ടൻപിള്ള മരണാനന്തരം ശ്രീജിത്തിനോട് സംസാരിക്കുന്നു

ഹെഡ് കോൺസ്റ്റബിൾ കുട്ടൻപിള്ള മരണാനന്തരം
ശ്രീജിത്തിനോട് സംസാരിക്കുന്നു
..............................................................
മോനേ, നീതിയെ കുറിച്ചുള്ള
എന്റെ സുന്ദര സ്വപ്നം
ഭൂമിയിൽ സഫലമാകുമോ?
നിന്റെ ജീവിത കാമനകളെ
ഉരുട്ടിക്കൊന്ന നരകം
ഇനിയുണ്ടാവാതെയിരിക്കുമോ ?

അറസ്റ്റിനു മുമ്പേ ചോദ്യം ചെയ്യുകയും
കുറ്റം തെളിഞ്ഞാൽ മാത്രം അറസ്റ്റ് ചെയ്യുന്ന
സ്വർഗ്ഗരാജ്യം വന്നെത്തുമോ ?
നിയമത്തിന്റെ പഴുതുകൾ
സ്നേഹം കൊണ്ട് അടച്ച്
നിരപരാധികളെ തടവിലിടാതിരിക്കുമോ ?
രാജനെ ഞാനോർക്കുന്നു
മകനെ ഓർത്ത് മരിച്ച
ഈച്ചരവാര്യരെയും ഓർക്കുന്നു
ഓർമ്മകൾ കൊണ്ട് രാജ്യമുണ്ടാക്കാമെങ്കിൽ
നീയും രാജനും
ഉദയകുമാറുമാകും അവിടുത്തെ വിശുദ്ധർ
ദേവാലയം നിങ്ങളുടെ പേരിലാവും
തെരുവിൽ നിങ്ങളുടെ പ്രതിമകൾ
നിങ്ങളോളം പീഡിപ്പിക്കപ്പെട്ട മനുഷ്യപുത്രരെ
മറ്റാരെയും എനിക്കറിയില്ല
ഞാൻ സർവ്വീസിലിരിക്കെ
ഉടലിൽ നാലാണിയല്ല ,
നാല്പതാണികൾ വരെ കോർത്ത്
എത്രയോ കരടികളെ
മരത്തിൽ കെട്ടി കുനിച്ചു നിർത്തി ഇടിച്ച്
കടുവയാക്കിയിരിക്കുന്നു.
എല്ലാ കരടികളെയും
കടുവയാണെന്നു സമ്മതിക്കുന്നതുവരെ
അന്നൊക്കെ ഞങ്ങൾ
ചോദ്യം ചെയ്തിരുന്നു
ഇന്നത്തെ പോലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും
ആനയിച്ചുകൊണ്ടുവന്ന്
ചോദ്യങ്ങൾ നൽകി ഉത്തരത്തിനു കാത്തിരുന്ന്
വീണ്ടും ഫൈവ് സ്റ്റാർ ഹോട്ടലിലെത്തിക്കുന്ന പണി
ഞങ്ങൾ പഠിച്ചിരുന്നില്ല
പക്ഷേ നമ്മുടെ നാട്ടിലിപ്പോൾ ഇതാണ് നടപ്പ്
നല്ല നടപ്പുകൾ വരുമ്പോൾ
പിതൃക്കൾ സന്തോഷിക്കുന്നു
സ്വർഗ്ഗം ഭൂമിയിൽ ഉണ്ടാവുകയാണോ ?
നീതിയുടേയും നിയമത്തിന്റെയും മുമ്പിൽ
എല്ലാവരും തുല്യരാണെന്ന്
നീ പരീക്ഷയ്ക്ക് പഠിച്ചിട്ടുണ്ട്
പക്ഷേ എനിക്കത് മനസ്സിലാവണമെങ്കിൽ
ഓരോ കുറ്റാരോപിതനെയും
ഇതുപോലെ ചോദ്യം ചെയ്യണം
കുറ്റവാളിയാണെങ്കിൽ മാത്രം
അറസ്റ്റ് ചെയ്യണം .
അന്ന് ഞാൻ പുനർജ്ജനിക്കും
ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യാനുള്ള കൊതിയുമായി.
മോനേ നസീറിന്റെയോ മമ്മൂട്ടിയുടേയോ
സിനിമകളിൽ നീ കണ്ട
പോലീസ് ഇനിയുണ്ടാവാതിരിക്കട്ടെ
നിയമം പണത്തിനു മുകളിൽ
വാലാട്ടിയിരിക്കുന്ന വളർത്തു മൃഗമാണെന്ന്
ഒരമ്മയും വേദനിച്ച് പുലമ്പാതിരിക്കട്ടെ
നീതി എത്തിപ്പിടിക്കാനാവാത്ത നക്ഷത്രമാണെന്ന്
ആരും പറയാതിരിക്കട്ടെ.
മോനേ
ആളുമാറി ആരെയും ആരും പിടിക്കാത്ത
ഒരു നാട്ടിൽ നിന്റെ സ്വപ്നങ്ങൾ
മുളയ്ക്കട്ടെ
എല്ലാ സങ്കടങ്ങൾക്കും മുകളിൽ
അത് ഉയരത്തെ സാർത്ഥകമായി
ഉപയോഗിച്ച് പൂവിടട്ടെ.
ഉന്നതങ്ങളി അന്നേരം മൂന്ന് നക്ഷത്രങ്ങൾ ഉദിക്കും
അതിൽ ഒന്ന് ഞാനാണ്
മറ്റു രണ്ടു പേർ നീതി ചെയ്യാൻ സാധിക്കാതെ മരിച്ചു പോയ രണ്ടു പോലീസ് ഓഫീസർമാരാണ്.
ഞങ്ങൾ നീതിയെ നോക്കി
അപ്പോൾ പ്രകാശിച്ചു കൊണ്ടിരിക്കും.
- മുനീർ അഗ്രഗാമി

..............................................................
മോനേ, നീതിയെ കുറിച്ചുള്ള
എന്റെ സുന്ദര സ്വപ്നം
ഭൂമിയിൽ സഫലമാകുമോ?
നിന്റെ ജീവിത കാമനകളെ
ഉരുട്ടിക്കൊന്ന നരകം
ഇനിയുണ്ടാവാതെയിരിക്കുമോ ?

അറസ്റ്റിനു മുമ്പേ ചോദ്യം ചെയ്യുകയും
കുറ്റം തെളിഞ്ഞാൽ മാത്രം അറസ്റ്റ് ചെയ്യുന്ന
സ്വർഗ്ഗരാജ്യം വന്നെത്തുമോ ?
നിയമത്തിന്റെ പഴുതുകൾ
സ്നേഹം കൊണ്ട് അടച്ച്
നിരപരാധികളെ തടവിലിടാതിരിക്കുമോ ?
രാജനെ ഞാനോർക്കുന്നു
മകനെ ഓർത്ത് മരിച്ച
ഈച്ചരവാര്യരെയും ഓർക്കുന്നു
ഓർമ്മകൾ കൊണ്ട് രാജ്യമുണ്ടാക്കാമെങ്കിൽ
നീയും രാജനും
ഉദയകുമാറുമാകും അവിടുത്തെ വിശുദ്ധർ
ദേവാലയം നിങ്ങളുടെ പേരിലാവും
തെരുവിൽ നിങ്ങളുടെ പ്രതിമകൾ
നിങ്ങളോളം പീഡിപ്പിക്കപ്പെട്ട മനുഷ്യപുത്രരെ
മറ്റാരെയും എനിക്കറിയില്ല
ഞാൻ സർവ്വീസിലിരിക്കെ
ഉടലിൽ നാലാണിയല്ല ,
നാല്പതാണികൾ വരെ കോർത്ത്
എത്രയോ കരടികളെ
മരത്തിൽ കെട്ടി കുനിച്ചു നിർത്തി ഇടിച്ച്
കടുവയാക്കിയിരിക്കുന്നു.
എല്ലാ കരടികളെയും
കടുവയാണെന്നു സമ്മതിക്കുന്നതുവരെ
അന്നൊക്കെ ഞങ്ങൾ
ചോദ്യം ചെയ്തിരുന്നു
ഇന്നത്തെ പോലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും
ആനയിച്ചുകൊണ്ടുവന്ന്
ചോദ്യങ്ങൾ നൽകി ഉത്തരത്തിനു കാത്തിരുന്ന്
വീണ്ടും ഫൈവ് സ്റ്റാർ ഹോട്ടലിലെത്തിക്കുന്ന പണി
ഞങ്ങൾ പഠിച്ചിരുന്നില്ല
പക്ഷേ നമ്മുടെ നാട്ടിലിപ്പോൾ ഇതാണ് നടപ്പ്
നല്ല നടപ്പുകൾ വരുമ്പോൾ
പിതൃക്കൾ സന്തോഷിക്കുന്നു
സ്വർഗ്ഗം ഭൂമിയിൽ ഉണ്ടാവുകയാണോ ?
നീതിയുടേയും നിയമത്തിന്റെയും മുമ്പിൽ
എല്ലാവരും തുല്യരാണെന്ന്
നീ പരീക്ഷയ്ക്ക് പഠിച്ചിട്ടുണ്ട്
പക്ഷേ എനിക്കത് മനസ്സിലാവണമെങ്കിൽ
ഓരോ കുറ്റാരോപിതനെയും
ഇതുപോലെ ചോദ്യം ചെയ്യണം
കുറ്റവാളിയാണെങ്കിൽ മാത്രം
അറസ്റ്റ് ചെയ്യണം .
അന്ന് ഞാൻ പുനർജ്ജനിക്കും
ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യാനുള്ള കൊതിയുമായി.
മോനേ നസീറിന്റെയോ മമ്മൂട്ടിയുടേയോ
സിനിമകളിൽ നീ കണ്ട
പോലീസ് ഇനിയുണ്ടാവാതിരിക്കട്ടെ
നിയമം പണത്തിനു മുകളിൽ
വാലാട്ടിയിരിക്കുന്ന വളർത്തു മൃഗമാണെന്ന്
ഒരമ്മയും വേദനിച്ച് പുലമ്പാതിരിക്കട്ടെ
നീതി എത്തിപ്പിടിക്കാനാവാത്ത നക്ഷത്രമാണെന്ന്
ആരും പറയാതിരിക്കട്ടെ.
മോനേ
ആളുമാറി ആരെയും ആരും പിടിക്കാത്ത
ഒരു നാട്ടിൽ നിന്റെ സ്വപ്നങ്ങൾ
മുളയ്ക്കട്ടെ
എല്ലാ സങ്കടങ്ങൾക്കും മുകളിൽ
അത് ഉയരത്തെ സാർത്ഥകമായി
ഉപയോഗിച്ച് പൂവിടട്ടെ.
ഉന്നതങ്ങളി അന്നേരം മൂന്ന് നക്ഷത്രങ്ങൾ ഉദിക്കും
അതിൽ ഒന്ന് ഞാനാണ്
മറ്റു രണ്ടു പേർ നീതി ചെയ്യാൻ സാധിക്കാതെ മരിച്ചു പോയ രണ്ടു പോലീസ് ഓഫീസർമാരാണ്.
ഞങ്ങൾ നീതിയെ നോക്കി
അപ്പോൾ പ്രകാശിച്ചു കൊണ്ടിരിക്കും.
- മുനീർ അഗ്രഗാമി