പുഴ അയാൾക്കുമുന്നിൽ വാക്കുകളില്ലാതെ കിടക്കുന്നു അയാൾ ഏതോ വേദനയിൽ അവളെ നോക്കി നോക്കി നിറയുന്നു ഇപ്പോൾ നിറഞ്ഞു നില്ക്കുന്ന രണ്ടു കണ്ണുകളിൽ വറ്റിപ്പോയ ഓർമ്മകൾ.
മരണവീട് ഓർമ്മയുടെ ചിറകുള്ള പക്ഷിയാണ് മരിച്ചയാളുടെ വേദനകളെല്ലാം തിന്ന് അത് ചിറകൊതുക്കിയിരിക്കുന്നു വന്നവർ വന്നവർ ഓരോ തൂവൽ കൊണ്ടു പോകുന്നു അത് അയാളെ ചിറകിനടിയിൽ ഒളിപ്പിച്ച് സങ്കടത്തോടെയിരിക്കുന്നു ഇനി അതിന്റെ ചിറകടിയിലാണ് അയാൾ ജീവിക്കുക അതിന്റെ ശബ്ദത്തിലാണ് അയാൾ സംസാരിക്കുക ഇനി എല്ലാവരും പിരിഞ്ഞുപോയാൽ അതു പറന്നു പോകുമോ? വീടു മാത്രം ബാക്കിയാകുമോ?
വേദനകൾ വേട്ടയാടും കാട്ടിൽ ഞാനലയുമ്പോൾ കാട്ടുതീയും പിന്നാലെ വരുന്നു നീയേതു ദുഷ്ഷന്തന്റെ ശകുന്തളയെന്നെനിക്കറിയില്ലയെങ്കിലും നീതന്നെയെനിക്കു മഴയുമഭയവും മഹാമനസ്വിനീ!
അതുകൊണ്ടു പോകണം നമുക്കു കൂട്ടുകാരാ കോമ്പസ്സുകൊണ്ടു മരത്തിലും കല്ലിലും നാം കൊത്തിവെച്ച കുട്ടിക്കാലത്തിന്റെ ചിത്രകഥകൾ വായിക്കുവാൻ മഷിതീരുവോളം ബെഞ്ചിൽ നിഗൂഢമാം
എത്ര വറ്റിവരണ്ടാലും എത്ര ചുക്കിച്ചുളിഞ്ഞാലും പണ്ടു പഠിച്ചതിന്നോർമ്മത്തുമ്പികൾ പാറും സ്കൂൾ മുറ്റത്തെത്തിയാൽ താനേ നിറഞ്ഞു കവിയുന്നു നാം താനേ വരാന്തയിൽ താഴ്മയോടൊരു കുട്ടിയായ് ചുളിവും നരയും മറന്ന് ചുറുചുറുക്കുള്ള ചുവടുകൾ വെക്കുന്നു.....
വേനലിൽ രമണൻ വായിക്കുമ്പോൾ മനസ്സിന്റെ താഴ്വരയിലൂടെ രണ്ടാട്ടിടയൻമാർ സ്വപ്നങ്ങളെ തെളിച്ചുകൊണ്ടു പോകും
ഹൃദയത്തിന്റെ വരണ്ട മേച്ചിൽപ്പുറങ്ങളിലൂടെ സ്കൂളിൽനിന്നും മടങ്ങിവരുന്ന ഒരു കുട്ടി അവരെ ഇരട്ടപ്പേരു വിളിക്കും
രമണനെ മലയാളമേയെന്നും മദനനെ കവിതേയെന്നും വിളിച്ച് അവനോടും അവരും അവന്റെ പിന്നാലെ ഓടും അവരവന്റെ മനസ്സിലൂടെയുടൻ വാക്കുകളേയും താളങ്ങളേയും മേച്ചു നടക്കും വംശനാശം വന്ന ആയർകുലത്തിന്റെ ഓടക്കുഴൽ ‐അവരകന്നുപോകുമ്പോൾ അവിടെ ബാക്കിയാകും
അതിലൂടെ കടന്നുപോകുന്ന നിശ്വാസം അവനു ജീവസംഗീതമാകും
വേനലിൽ രമണൻ വായിക്കുമ്പോൾ പൊള്ളിയ മണ്ണും മരങ്ങളും കരിഞ്ഞ ഇലകളും പുഴകളും യൗവനം ഓർത്തു ചിരിക്കുന്ന വൃദ്ധരെപോലെ വൃദ്ധിയുടെ ഓർമ്മകളിൽ നിറഞ്ഞ് മഴക്കാലമാകും
ഓരോ വാക്കുമന്നേരം പൂത്തുലഞ്ഞ് ഉടലുമുയിരും പൂക്കാലമാക്കും സംഗീതം മറന്നുപോയതിനാൽ പാടാനാവാതെ വരണ്ടുപോയ ചലനങ്ങൾ അരുവികൾ മനോഹരമായി പാടിക്കേൾപ്പിക്കും
വേനലിൽ രമണൻ വായിക്കുമ്പോൾ രമണനും മദനനും പച്ചപ്പിന്റെ ഇടയൻമാരാകും അവർ തെളിച്ചു കൊണ്ടുവരുന്ന പച്ചപ്പിന്റെ പാൽകുടിച്ച് കൊടും വേനലേ കുറുമ്പുകാട്ടല്ലേ കളിക്കല്ലേയെന്ന് നാം പറഞ്ഞു പോകും
വേനലിൽ രമണൻ വായിക്കുമ്പോൾ പകലും രാവും കുളിർചന്ദ്രിക നമുക്കു കാവലിരിക്കും
ഇന്ത്യയുടെ മകൾ ഇന്ത്യയിലെ എല്ലാ വീടിന്റെയും വളർത്തു പുത്രിയാണ് പുറത്തിറങ്ങുമ്പോൾ കണ്പോള തുറന്ന് വീടവൾ വരുന്നതും കാത്തിരിക്കും
പകൽ സ്വർഗ്ഗവും രാത്രി നരകവുമായ അമ്മയ്ക്ക് അവളോട് പറയുവാൻ ഭാഷ മതിയാകുന്നില്ല
വാക്കുകളിൽ നിന്നും വാക്കുകളിലേക്ക് പടർന്നു കയറുന്ന കാട്ടുതീ പുരാതനമായ സംസ്കാരവും വിഴുങ്ങി അവൾക്കുമുന്നിൽ വാ പിളർത്തുന്നു
അവളുടെ വേരുകളും ഇലകളും തിന്നു കൊണ്ട് അവളെ നഗ്നയാക്കി ആ തീ തിരിച്ചു പോകുന്നു
അവൾ ഒറ്റയ്ക്ക് വേനൽ തുഴഞ്ഞു തീരാത്ത മരമായ് ഇന്ത്യയുടെ പൊക്കിളിൽ കുഴഞ്ഞു വീഴുന്നു
ഓരോ വീട്ടിലും അന്നേരം അമ്മമാരുടെ വിലാപം അടുക്കളയിൽ കരിപിടിച്ചുണങ്ങുന്നു പൂമുഖത്ത് അവൾ തിരിച്ചു വരുന്നതും കാത്ത് അവളുടെ നിശ്വാസമേറ്റു വാങ്ങിയ ചെടികൾ പൂവിടാതെ അവളെ കാത്തു നില്ക്കുന്നു
അവൾ സന്തോഷം കോർത്ത് വിതറിയിരുന്ന പകലുകളും രാത്രികളും അവളെ തിരയുന്നു
ഇന്ത്യയുടെ മകൾ നിലവിളിയുടെ കൈപിടിച്ച് ആരെയോ പേടിച്ച് കത്തിത്തീരുമ്പോൾ തെരുവുകൾ ചുവക്കുന്നത് ഒരു ബുദ്ധ പ്രതിമ മാത്രം നിസ്സംഗനായി കാണുന്നു
ഒരാദർശം പശുവിന്റെ കഴുത്തിൽ കയറു കെട്ടും മറ്റൊരാദർശം ആ കയറഴിച്ച് മനുഷ്യന്റെ കഴുത്തിൽ കെട്ടും മറ്റൊരാദർശം പശുവിനു മാലയിടും മറ്റൊരാദർശം ആ മാലയഴിച്ച് മനുഷ്യന്റെ കഴുത്തിലിടും മറ്റൊരാദർശം ആ മാലയഴിച്ച് കല്ലിൽ വെക്കും മറ്റൊരാദർശം പശുവിനെയും മനുഷ്യനെയും കൂട്ടിക്കെട്ടും ആദർശം അങ്ങനെയാണ് അത് ചിലപ്പോൾ മനുഷ്യനെ മനുഷ്യനായും മനുഷ്യനെ മനുഷ്യനല്ലാതെയും കയറിനെ കയറാല്ലാതെയും കയറിനെ കയറായും ....
രാജവാഴ്ച അവസാനിച്ചാലും തിരഞ്ഞെടുത്ത പ്രതിനിധിയെ സിംഹാസനത്തിലിരുത്തിയാൽ അയാൾ രാജാവാകും സിംഹാസനത്തിലിരുന്നാൽ അയാൾക്ക് കൊമ്പു മുളയ്ക്കും ഫാസിസത്തിന്റെ കൂർത്ത കൊമ്പ്.
ഇത്ര ആഴത്തിൽ തണുത്തിരിക്കുമ്പോൾ എന്റെ ആകാശമേ എന്റെ സ്വാതന്ത്ര്യമേ നിന്റടുത്തേക്കു പറക്കുവാൻ നിന്നിൽ പറന്ന് എന്റെ അപരജീവിതം നയിക്കുവാൻ ഞാനെത്ര വെയിലു കൊള്ളണം!
അദൃശ്യമായ ചിറകുകൾ ലഭിക്കാനുള്ള തപസ്സാണ് ഓരോ വിങ്ങലും വേവലും