വലിയ നിലവിളികൾ
വലിയ നിലവിളികൾ
വലിയ
ഒച്ചയിൽ
മുകളിലൂടെ
കടന്നുപോകുന്ന
ആകാശപ്പറവകളല്ലാതെ
മറ്റൊന്നുമല്ല
ആ പഴയ ചെന്നായ
അവയുടെ
പിന്നിൽ മറഞ്ഞിരിക്കുന്നു
മുന്തിരി
കിട്ടാതെ
മടങ്ങിയ
കുറുക്കൻ
അവ
ആഘോഷിക്കുന്നു
എന്നാൽ ചെറിയ നിലവിളികൾ
ഒച്ചപൊന്താതെ
മണ്ണിൽ വേരുകളിറക്കുന്നു
അവശേഷിക്കുന്ന
ശുദ്ധജലം
അവരുടെ
കണ്ണിൽ നിന്നിറങ്ങി
വരുന്നു
നീതിയുടെയും
നിലനിൽപ്പിന്റേയും
ചിറകുകളിൽ അവ ഭൂമിവിടാതെ
പറക്കാൻ ശ്രമിക്കുന്നു
ചെറിയ
നിലവിളികൾ ചേർത്തുവെച്ചാലേ
എല്ലാ
പ്രകടനങ്ങളുടെയും
പ്രഹസനങ്ങളുടെയും
കറുത്ത
കുപ്പായം
വലിച്ചു
കീറാൻ പറ്റൂ
ചെറിയ
നിലവിളികൾ
കല്ലുപ്പിനെക്കുറിച്ചും
ഉറിയെക്കുറിച്ചും
ഊഞ്ഞാലിനെക്കുറിച്ചും
ഉണക്കലരിയെക്കുറിച്ചുമാവാം
ചെറുതായൊരു
തേങ്ങൽ കേട്ടാൽ മതി
അതെടുത്തു
വെക്കുക
നാളെയുടെ
കുഞ്ഞു
വിരലുകൾ
അതുപിടിച്ചാവും
നടക്കുക