പരിസ്ഥിതി പ്രവർത്തകാ
തെരുവിൽ പ്രസംഗിക്കുന്നവനേ
തെരുവിൽ പ്രസംഗിക്കുന്നവനേ
പീഡനത്തെ കുറിച്ച് വാതോരാതെ പുലമ്പുന്നവനേ
ആ പച്ചസാരിയുടെ കാര്യം നീ മറന്നു
നീയും നിന്റെ ദുസ്സാസനൻ മാരും
വലിച്ചുകീറിയ ആ പച്ചസാരി
അതിന്റെ കീറലുകൾ നിനക്ക് റോഡ്
നിന്റെ കാറുകൾക്ക് വഴി
എനിക്ക് തീരാമുറിവ് .
നീ ജെ സി ബി കൊണ്ടു വന്ന്
എന്റെ ഏറ്റവും ഉറപ്പുള്ള ചുവന്ന സാരിയും
കീറി
അതിപ്പോൾ ഉപയോഗ ശൂന്യം
കടപ്പുറത്ത് ഉണക്കാനിട്ടിരുന്ന
മഞ്ഞ സാരിയും
നീ കൊണ്ടുപോയി
ഇനി എനിക്ക് സൂര്യൻ തന്ന
വെയിലിന്റെ പുള്ളിസാരിമാത്രമേ
ബാക്കിയുണ്ടായിരുന്നുള്ളൂ
ഇപ്പോൾ അതു നീ വലിച്ചഴിക്കുന്നു
ചിരിക്കുന്നു
പാഞ്ചാലിക്ക് അവരഞ്ചും കൃഷ്ണനും
ഉണ്ടായിരുന്നു
എനിക്കാരുമില്ല
എന്നെ ഭൂമിയെന്നു വിളിക്കാൻ തന്നെ
നിനക്കിപ്പോൾ മടിയാണ്
No comments:
Post a Comment