കണ്ണിൽ

 കണ്ണിൽ

...............
കണ്ണിലുണ്ടയാൾ
കണ്ട കാഴ്ചകളെല്ലാം
വിരിച്ചിട്ട്
അതിലിരിക്കുന്നു
ഇരിപ്പിലും നടപ്പിലും
കിടപ്പിലും
വിട്ടു പോകാതെ
അയാളെൻ
നിശ്വാസം
തൊട്ടു നോക്കുന്നു
ഒറ്റയാവില്ലെന്നൊരു കാറ്റ്
അയാളുടെ വിരലാൽ
കണ്ണീർ തുടയ്ക്കുന്നു
തണുത്തു മങ്ങിയ
കടലെന്നിൽ
ചൂടേറിയുണർന്ന്
തെളിയുന്നു
എന്നിലാകെ തിരകൾ
തിരകളിലാകെ ഞാൻ
ഇനി കാണാതിരിക്കട്ടെ
കണ്ടു തീരാതെയിരിക്കാൻ.
-മുനീർ അഗ്രഗാമി

ശ്രമം

 ശ്രമം

........
പണ്ടു കൊണ്ട മഴയെ
കഴുകിക്കളയാൻ
ഈ മഴ ശ്രമിക്കുന്നു
ഞാനത് ശരിക്കും കൊണ്ടു,
ആർക്കും കഴുകിക്കളയാൻ
പറ്റാത്ത വിധം കൊണ്ടു
കൊണ്ട മഴകൾ
കൊണ്ടു തീരാത്ത പോലെ
പെയ്തും തീരില്ല
ഒരു മഴയ്ക്കുമാവില്ല
മറ്റൊരു മഴ തന്ന
കുളിരുമായ്ക്കുവാൻ
എന്നിട്ടും അതു ശ്രമിക്കുന്നു
വെറുതെ ശ്രമിക്കുന്നു
ആദ്യത്തെ പ്രണയത്തെ
അവസാനത്തെ പ്രണയം കൊണ്ട്
മായ്ക്കാൻ ശ്രമിക്കുന്ന പോലെ.
- മുനീർ അഗ്രഗാമി

Like
Comment
Share

കാലമുച്ചരിച്ച ഒരു വാക്ക്

 കാലമുച്ചരിച്ച ഒരു വാക്ക്

(ആറ്റൂരിന്)
അലയുന്നു മേഘങ്ങൾ
അവന്റെ ദൂതുമായ്
സഹ്യനെക്കാളുമുയരത്തിൽ,
മലയാളത്തിൽ
മേഘങ്ങളൊക്കെ
പെയ്തു തീർന്നാലും
പറന്നു തീരില്ലവന്റെ
വാക്കുകൾ
നടത്തം നിർത്തിയാലും
നിൽക്കുവാനാവാതെ
നടക്കുമവൻ
ബാക്കി വെച്ച രസധ്വനികൾ
നഗരത്തിൽ
ഞാൻ ഗ്രാമത്തിന്നോർമ്മകൾ
സൂക്ഷിക്കുന്ന ട്രങ്കു പെട്ടിയിൽ
അവന്റെ വചനങ്ങളുടെ കാവലുണ്ട്
യക്ഷനാവാൻ മോഹിച്ച്
മനുഷ്യനായിത്തീർന്ന ഒരു വാക്ക്
കാലമുച്ചരിച്ചു കഴിഞ്ഞു
കേട്ടവരിൽ
തീരാതെ
തോരാതെ...
- മുനീർ അഗ്രഗാമി
Sugatha Pramod, Shukkoor Mampad and 36 others
5 comments
2 shares
Like
Comment
Share

സംവാദം

 സംവാദം

................
അവനെ ഞാൻ കൊല്ലുമോ ?
ഒരിക്കലും ഞാനങ്ങനെ ചെയ്യില്ല
കാരണം
അവനോടു സംവദിക്കാനും
സംഘട്ടനത്തിലേർപ്പെടാനും
എന്നിൽ അവനെ കാത്ത്
ആശയങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട് .
അവനെ ഞാനൊന്നും ചെയ്യില്ല
അവന്റെ വാക്കുകളെയല്ലാതെ
മറ്റൊന്നിനെയും ഞാനൊന്നും ചെയ്യില്ല
എന്നിട്ടും
അവൻ കൊല്ലപ്പെട്ടു
എന്റെ സംവാദത്തിന്റെ
ഒരു കര കാണാതായി.
പോലീസ് കണ്ടെടുത്ത കത്തിമുനയിൽ
സംവാദത്തിന്റെ രക്തം .
-മുനീർ അഗ്രഗാമി

ആറ്റൂരിന്

 ആറ്റൂരിന് 

...........................

അണിഞ്ഞിരിക്കുന്നു,

എന്റെ കണ്ണീർ
അവന്റെ കവിത കൊണ്ടൊരു
മോതിരം.
-മുനീർ അഗ്രഗാമി

നേത്യാരമ്മ

 നേത്യാരമ്മ

...................
ചെന്തുരുത്തി കൊയിലിപ്പറ്റ
കൊട്ടുപാറ കോതിമലവഴി
ചെങ്കുളത്തേക്ക് പോകുന്ന ബസ്സിൽ ഞാനുണ്ട്
ശ്വാസത്തെ ആരോ
പിടിച്ചു വെച്ച പോലെ
കണ്ണിൽ വറ്റിപ്പോയ ഒരാൾ
നിറയുന്നു
വേഗത്തിനു വേഗം പോരെന്ന്
തോന്നിത്തുടങ്ങുന്നു
നേത്യാരമ്മ
ഈ സീറ്റിൽ
ഇരുന്നിട്ടുണ്ടാവും
എത്രയോ തവണ ഈ കമ്പിയിൽ
പിടിച്ചിട്ടുണ്ടാവും
അവർ മരിച്ചിട്ട്
നാലുനാളായി
പത്രത്തിൽ ഒരു കുറിപ്പ്
കുറച്ചു പറഞ്ഞ്
മൗനിയായി
പുളിയിഞ്ചി പൂവട
പുത്തരിച്ചോറ് നെയ് പായസം
അവർ വിളമ്പിത്തന്നതൊക്കെയും
വിരൽത്തുമ്പിൽ വന്ന്
തരിച്ചുനിൽക്കുന്നു
ചെങ്കുളമെത്തും മുമ്പ്
ചേറ്റു പാടത്തേക്ക് തിരിയുന്ന തിരിവിൽ
അവരെയോർത്ത്
ഓലമേഞ്ഞ ബസ് സ്റ്റോപ്പ്
ഇറങ്ങി നടന്നു
പടി കയറിച്ചെല്ലുമ്പോൾ
എന്റെ കണ്ണിൽ നിന്നും അവരിറങ്ങി
മണ്ണിൽ ലയിച്ചു
കവിളിൽ അതിന്റെ നനവ്
അവ പെറുക്കി എന്നിൽത്തന്നെ വെച്ചു
ഞാനൊരു കലശം
അതിനുള്ളിൽ
അവർ മുഴുവനായും
ഒളിച്ചിരിക്കുന്നുണ്ട്
ഇക്കാര്യം
ആരോടും പറയേണ്ട.
- മുനീർ അഗ്രഗാമി

രണ്ടടി നടന്നാൽ

 രണ്ടടി നടന്നാൽ

തീരാവുന്ന അകലം
വാക്കുകൾ കൊണ്ടെന്തിനിങ്ങനെ
വലുതാക്കുന്നു ?
- മുനീർ അഗ്രഗ്രാമി

കൈ പിടിച്ചവർ

 കൈ പിടിച്ചവർ 

.............................................

നടന്നു തുടങ്ങുമ്പോൾ

കൈ പിടിച്ചവർ
മരിച്ചു പോയി.

വീണു കിടക്കുമ്പോൾ
അവരുടെ
ഓർമ്മയുടെ വിരൽ പിടിച്ച്
എഴുന്നേറ്റു
ഉള്ളിലെവിടെയോ
അവർ പിടിച്ചിട്ടുണ്ട്
സത്യമായും
അതിലൊരാൾ
എന്റെ രക്തത്തിന്റെ തോളിൽ
കൈയ്യിട്ടു നിൽക്കുന്നു
മറ്റൊരാൾ
കൈയിലെ ഞരമ്പ് പിടിച്ച്
അങ്ങനെ നിൽക്കുന്നു

പ്രാവുകൾ കുറുകി
ഒരു കാക്ക പറന്നു പോയി
പരുന്തുകൾ വട്ടമിട്ടു
പതിനാലാം നിലയുടെ ടെറസ്സിൽ
ഒരു ഹെലിക്കോപ്റ്റർ വന്നു നിന്നു
എനിക്കിപ്പോൾ അതൊക്കെ കാണാം

ഒരാൾ എന്റെ കൺപീലികൾ
തുറന്നു പിടിച്ചിരിക്കുന്നു
നിലത്ത് യാത്രകൾ ഉപേക്ഷിച്ച
തൂവലുകൾ.
അത്ര എളുപ്പം
വീണുപോവില്ല
മരിച്ചവർക്കൊപ്പം
ജീവിക്കുമ്പോൾ .

- മുനീർ അഗ്രഗാമി