മരിച്ചതിനു ശേഷം ഒരാൾ ജീവിച്ചിരിക്കുന്നത്

മരിച്ചതിനു ശേഷം ഒരാൾ ജീവിച്ചിരിക്കുന്നത്

 ..................................................................................

സമുദ്രം അതിന്റെ ഞരമ്പുകളിൽ

വളർത്തുന്ന ചുവന്ന മീനിന്
എന്നെയറിയാം
മരിച്ചതിനു ശേഷം
ഒരാൾ ജീവിച്ചിരിക്കുന്നത്
കടപ്പുറത്തു മാത്രമാണ്
തിരയിൽ
അയാളുടെ ജീവനുണ്ട്
ഉയർന്നു താഴുന്ന
അയാളുടെ നെഞ്ചിടിപ്പുണ്ട്
പ്രവാഹങ്ങളിൽ
നഷ്ടപ്പെടുന്ന യാത്രകളിൽ നിന്നും
ഒരു കടൽപ്പക്ഷി
അയാളിൽ വന്നിരിക്കും
ചകവാളത്തിന്റെ ചുവന്ന മുഖത്ത്
എനിക്കു വേണ്ടി
ഒരു പുഞ്ചിരി കൊളുത്തിയിട്ടേ
പകൽ കടന്നു പോകൂ
അയാളും ഞാനും
പകലും രാത്രിയുമെന്ന പോലെ
സന്ധ്യയിൽ സന്ധിക്കുന്നു
ഞാനാണോ
അയാളാണോ നിഴലെന്നറിയാതെ
മരണമാണോ ജീവിതമാണോ
ജലമെന്നറിയാതെ
കാഴ്ച മറയും
ഒരു തിമിംഗിലം ഉയർന്നു താഴുമ്പോലെ
ഉടൽ ഉലഞ്ഞ്.
ദൂരത്തിന്റെ ഒരു കപ്പൽ
എപ്പോഴും ജലത്തിലുണ്ട്
അദൃശ്യമായിട്ടും
ഞാനതറിയുന്നു
ഒഴുക്കിലൂടെ
ആ കപ്പൽ സഞ്ചരിക്കുന്നു
ഞാൻ ചിലപ്പോൾ അതിന്റെ കപ്പിത്താൻ
ചിലപ്പോൾ അയാൾ
ചിലപ്പോൾ ചുവന്ന മീനുകൾ
സമുദ്രം അപ്പോൾ നീന്തിത്തുടങ്ങും
അതിന്റെ വാലോ തലയോ
അറിയാതെ
ഞാനതു കാണും
എന്റെ കണ്ണുകളിൽ
ആ സമുദ്രം ചലിക്കുന്നു
ഞരമ്പുകളിൽ
ചുവന്ന മീനുകൾ നീന്തുന്നു.
-മുനീർ അഗ്രഗാമി

എനിക്ക് സ്വന്തമായി ജലമില്ല

 പ്രിയപ്പെട്ട മത്സ്യമേ

നീ നീന്തുന്ന
ചില്ലിന്റെ തടവറ തകർക്കണമെന്നുണ്ട്
ഞാനതു തകർക്കുമ്പോഴുള്ള
നിന്റെ പതനമാണ്
എന്നെ അസ്വസ്ഥനാക്കുന്നത്
എനിക്ക് സ്വന്തമായി ജലമില്ല
നിനക്കു തരാൻ
ശ്വാസമില്ല.
- മുനീർ അഗ്രഗാമി

 പുൽമേടുകളുടെ രഹസ്യമൊഴി കേട്ടു

ഒറ്റപ്പെട്ട ഒരാൾ

 ഒറ്റപ്പെട്ട ഒരാൾ

ഓരോ രാത്രിയിലുമുണ്ട്
വവ്വാലുകൾ
അയാൾക്കുള്ളിലൂടെ പറന്നു പോകുന്നു
മൂങ്ങകൾ അയാളിലിരുന്ന്
മൂളുന്നു
മരപ്പട്ടികൾ
അയാളെ വലം വെച്ച്
ഇരതേടാനിറങ്ങുന്നു
കുറുക്കന്റെ ഓരികൾ
അയാളെ ശബ്ദവലയത്തിലാക്കി
നന്നായി കുലുക്കുന്നു
രാത്രിമഴ
അയാളുടെ നനവുകളിലൂടെ
പെയ്യുന്നു
രാപ്പനി
അയാളുടെ നെറ്റിയിൽ കിടന്നുറങ്ങുന്നു
ഒറ്റത്തടിയുള്ള വൃക്ഷം
അതിന്റെ മടലുകൾ കൊഴിച്ച്
നിർവ്വാണം പൂകുമ്പോലെ
അയാൾ യാമങ്ങൾ പൊഴിച്ച്
ഒറ്റത്തടിയായി നിൽക്കുന്നു
അയാൾ ഒറ്റപ്പെട്ട ഇരുട്ട്
അയാളെയിപ്പോൾ
നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്നു
സ്വന്തം അമ്മ പോലും
ഇതുവരെ ചെയ്യാത്ത അത്രയും
വത്സല്യത്തോടെ
അയാളെ ആലിംഗനം ചെയ്തിരിക്കുന്നു
ഒറ്റപ്പെട്ട ഒരാൾ
മെഴുകുതിരി പോലെ
സ്വയമുരുകിത്തീരാതെ
ഒരു രാവും കടന്നു പോകാറില്ല
സ്വന്തം വെളിച്ചം
ഇരുളിന് സമർപ്പിച്ച്
അയാൾ രാത്രിയോളം വലിയ
ഏകാന്തത നെയ്യുന്നു .
- മുനീർ അഗ്രഗാമി

Like
Comment
Share

പുലി

 പുലി

.........................................
വാക്കുകൾ കത്തിപ്പടർന്ന
കാട്ടിൽ നിന്നും
രക്ഷപ്പെട്ട പുലി
ഹോസ്റ്റൽ വരാന്തയിലൂടെ
ഉലാത്തുന്നു
ഏതു തോക്കിനിരയാകുമെന്നറിയാതെ
ഗാന്ധിജിയെ കുറിച്ച് പഠിക്കുന്നു
ഏതു കാലത്തിലെന്നറിയാതെ
നിറം മങ്ങിയ കൊടി നോക്കി നിൽക്കുന്നു
ഏതു വേദനയെന്നറിയാതെ
സ്ക്രീനിൽ പ്രസവം കാണുന്നു
ഏതു സമയമെന്നറിയാതെ
വെളിച്ചത്തിൽ പകച്ചു നിൽക്കുന്നു
ഏതു ചെടിയെന്നറിയാതെ
പൂ പറിക്കുന്നു
എന്തെന്നറിയാതെ
തിന്നുന്നു
കുടിക്കുന്നു.
പുലിയാണവൻ
കളി സൂക്ഷിച്ചു വേണം
വീടടച്ച് നിങ്ങൾ
പുലിവേട്ടയ്ക്കിറങ്ങിയോ
തിരിച്ചു ചെല്ലുമ്പോഴേക്കും
നിങ്ങളുടെ വീട്ടിൽ
മരങ്ങൾ വളർന്നിരിക്കാം
അതൊരു കാടായ്
മാറിയേക്കാം
നിങ്ങളുടെ മകളൊരു പുലിയായ്
നിങ്ങൾ കൊളുത്തും
തീ പേടിച്ചിരിക്കാം.

ലഹരി

 ലഹരി

...........
ലഹരിയുടെ
മഴനൂലുകളിലൂടെ
കയറിപ്പോയി
ആകാശത്തിന്റെ
ഏഴടരുകളിലൂടെ നടന്നു
പിഞ്ഞിപ്പോയ ജീവിതത്തിന്റെ
നൂലിഴകൾ
ഓരോന്നായി
താഴേക്കെറിഞ്ഞു
ഹിമവാന്റെ മുകളിൽ
വെളിച്ചം നൃത്തം ചെയ്യുമ്പോലെ
ചുവടുകൾ വെച്ചു
മഴവില്ലായ്
മലർന്നു കിടന്നു
ഭൂമിയുടെ ഏറ്റവും താഴത്തെ
പറമ്പിൽ
നീ മഞ്ഞളിന്
തടം കോരിയ ദിവസം
ഓർക്കാതെ പെയ്ത മഴയിൽ
താഴേക്കു പതിച്ചു
ചെളിയിൽ
വെറും ചെളിയിൽ
പണ്ടെന്നോ പുഞ്ചിരിച്ച
പൂവിന്റെ ഓർമ്മയിൽ
ചതഞ്ഞളിഞ്ഞ ഇതളു പോലെ
നിന്നെ നോക്കിക്കിടന്നു
ഒഴുക്കിലിളകിയും
കാറ്റിൽ വിറച്ചും തളർന്നു
നടന്നു പോകേണ്ട ദൂരമത്രയും
ഇഴയാൻ ബാക്കി കിടന്നു
മഴ പോലെ നീ വന്നു
കഴുകിയെടുത്തു
എനിക്കു വേണ്ടി തടം കോരി
എന്നെ നിന്നിൽ നട്ടു
ഞാൻ ഇനിയും
പച്ചപ്പണിയും
എന്റെ വേരുകൾ
നിന്റെ ആഴമറിയും
ലഹരിയുടെ
ജലസ്പർശമായ്
നീയെന്റെ സിരകളിൽ
സവാരി ചെയ്യുന്നു
മഞ്ഞൾ പൊടിഞ്ഞുണരുന്ന
മഴക്കാല രാവിൽ
ഞാൻ അനേകം ഇലകളോടെ
മഴ കൊണ്ടു
അരുവിയുടെ രഹസ്യമൊഴികൾ
എനിക്കിപ്പോൾ വായിക്കാം
ലഹരിയുടെ പതയായ്
ഓരോ മൊഴിയും
തട്ടിയൊഴുകുന്ന പാറയിൽ
ഞാനിരുന്നു
അടുത്ത് നീയും
ഒരു മഴ പെയ്തു
അദ്വൈതം
അദ്വൈതം
എന്നോരോ തുള്ളിയും
നമ്മിൽ വീണു ചിതറി.
- മുനീർ അഗ്രഗാമി

ഏവനക്കുന്നിലേക്ക്

 ഏവനക്കുന്നിലേക്ക്


....................................................


ചുറ്റും പെരുമഴ കാവൽ നിൽക്കുന്ന

ഏവനക്കുന്നിലേക്ക് 

ആഞ്ഞിലിക്കണ്ടി

രാരിച്ചക്കുട്ടിയും

മൊതലാളിയും

 മൂന്നു പേരും

മൂന്നു മണിക്ക്

ഇതിലേ പോയി


കയറിച്ചെല്ലാൻ വയ്യാതെ

മഴ' മണ്ണുകൊണ്ടും

വെള്ളം കൊണ്ടും

കയ്യേറ്റക്കാർക്കെതിരെ 

നടത്തിയ യുദ്ധത്തിൽ

കാൽ വഴുതിവീണ്

രാരിച്ചക്കുട്ടി

കിടപ്പിലായി


ഏഴാം നാൾ

 പീച്ചിപ്പനങ്ങാട്ട്

സതീശനും ഞാനും

ഓനെ കാണാൻ പോയി

ഏവനക്കുന്നിന്റെ താഴെ

ഓന്റെ കുടിയിൽ

ഓർമ്മകൾ ചീഞ്ഞു കിടക്കുന്ന മുറ്റത്ത്

മുത്തച്ഛന്റെ തേഞ്ഞ ചെരുപ്പ്,

നിലം തല്ലി ,

അലിഞ്ഞു തീരാറായ സഞ്ചി


രാരിച്ചക്കുട്ടി പറഞ്ഞു

ഏവനക്കുന്ന്

ലേലത്തിനെടുത്ത

സാവിച്ചേട്ടൻ

 തീർച്ചയായും കുന്നു കയറും

ഓലോട് 

ഒരു മഴയും കളിക്കൂല്ല


അന്നു രാത്രി

ഒരു മഴ കുന്നിറങ്ങി

 ജീവനോടെ രാരിച്ചക്കുട്ടിയെ

താഴേക്ക് കൊണ്ടുപോയി


പുലരെ

പുരുഷാരം ചെന്നു നോക്കുമ്പോൾ

മണ്ണ് കരയുന്നുണ്ടായിരുന്നു

മഴ അപ്പോഴും

കുന്നിന് കാവലുണ്ടായിരുന്നു


വേനലിൽ

കുന്നുമാന്തിത്തിന്നവർ

 എവിടെ!

എന്നു മഴകൾ

അലറുന്നുണ്ടായിരുന്നു.


-മുനീർ അഗ്രഗാമി

കടൽ

 കടൽ

തണുപ്പിൽ
തിളച്ചുമറിയുന്നു
പുലരിയിൽ
സന്ധ്യയിൽ
സൂര്യചുംബനത്തിൽ
ചുവന്ന്
ഋതുമതിയായി
ഇളകിയുണരുന്നു.
- മുനീർ അഗ്രഗാമി

സ്നേഹം രാത്രിയുടെ പുളിമരക്കൊമ്പിലിരുന്നു കുലുക്കുന്നു

 സ്നേഹം

രാത്രിയുടെ
പുളിമരക്കൊമ്പിലിരുന്നു
കുലുക്കുന്നു
നക്ഷത്രങ്ങൾ വീഴുന്നു
അവയുടെ കണ്ണിൽ നിന്ന്
മുല്ലപ്പൂക്കളിറുത്ത്
കോർത്ത മാലകൾ
നീ മുടിയിൽ ചൂടുന്നു
ചുറ്റും നിന്റെ മുടിയിഴകൾ
ഞാൻ അതിന്റെ ഇളക്കത്തിന്റെ
ഒഴുക്കിൽ
നീന്തുന്ന ഒരു മീൻ
എന്റെ ചലനങ്ങൾ കോർത്ത്
ഞാൻ നിന്റെ കഴുത്തിൽ
ഒരു മാല ചാർത്തുന്നു
ഒരു ചുംബനം
അതിന്റെ ലോക്കറ്റ്
ഇരുട്ടിൽ
അതു വീണു പോവാതിരിക്കാൻ
നീ ചിരിച്ച്
വെളിച്ചമാവുന്നു .
- മുനീർ അഗ്രഗാമി

 ആറു പ്രണയ കവിതകൾ

കവിത

മുനീർ അഗ്രഗാമി

എട്ടാമത്തെ കടൽ

എന്റെ ഉള്ളിൽ എട്ടു കടലുകളുണ്ട്
എഴെണ്ണത്തിൽ നീ ഒറ്റയ്ക്ക് സഞ്ചരിച്ചാലും
ഏട്ടാമത്തെതിൽ
ഞാനില്ലാതെ നിനക്ക്
സഞ്ചരിക്കാൻ സാദ്ധ്യമല്ല.
കാരണം അതിലെ ജലം ഞാൻ
ജലത്തിന്റെ ഇളക്കം നീ.

ഒരിക്കൽ ഇറങ്ങിയാൽ
നനവുമാറാത്ത സ്പർശനത്തിൽ
നാം രണ്ടു പേരും
ആദ്യത്തെ തിരയുടെ ആദ്യത്തെ വിരലുകൾ പിടിച്ച്
രണ്ടു മരങ്ങൾക്കിടയിലൂടെ നടക്കും

കാറ്റാടി മരം പോലെ
കാറ്റിൽ ഇളകുന്ന ആ രണ്ടു മരങ്ങളെ സൂക്ഷിച്ചു നോക്കിയാൽ
നമ്മുടെ ഉടലിന്റെ ഛായ കാണാം
വേരുകൾ കൊണ്ട്
മണ്ണിലമർത്തിപ്പിടിച്ച്
നടന്നടുത്ത് വന്ന്
ഒരു ചുംബനം തരാൻ പോലുമ ശക്തരായ
രണ്ടു രൂപങ്ങൾ

ഏഴു കടൽത്തീരത്തും
അവരുണ്ട്
അവരിൽ ഞാനും നീയുമുണ്ട്
എട്ടാമത്തെ കടൽത്തീരത്ത്
മറ്റാരുമില്ല
മൗനത്തിന്റെ
മൺതരികൾ മാത്രം

ശക്തമായി തിരയടിക്കുമ്പോൾ
നാമാ മൗനം നനയ്ക്കും
ആരുമറിയാതെ കരയും
മറ്റൊന്നിനുമല്ല
തമ്മിലറിയാൻ മാത്രം

മിണ്ടൽ

യൗവനത്തിന്റെ കൊമ്പുകളിലിരുന്ന്
ഞാൻ ആദികാവ്യത്തിനും മുമ്പത്തെ
ഒരു വാക്ക്
നിന്റെ ചെവിയിൽ പറഞ്ഞു
അന്ന്
വേടൻ ഇല്ലാത്ത ഒരു സ്വപ്നം
മഴത്തുള്ളികളായി കാലത്തിൽ
ഇറ്റി വീണു
അതിൽ നമ്മുടെ പ്രതിബിംബം തെളിഞ്ഞു

അപ്പോൾ
മഴക്കാലം നമ്മെ പാടത്തിലേക്ക് കൊണ്ടുപോയി
നെല്ലോലകളിൽ ഇളം പച്ചയായിക്കിടന്ന്
നാം മഴയാസ്വദിച്ച
മറ്റേതോ ജന്മത്തിന്റെ ഓർമ്മകൾ തെളിഞ്ഞു വന്നു

നീ ഉച്ചരിച്ച വാക്കുകൾ
നദീതീരത്ത് ഇപ്പോഴുമുണ്ട്
പുല്ലുകളിൽ അവ പൂവിടുന്നു
നീ എന്നെ നോക്കിയ നോട്ടങ്ങൾ
എങ്ങും പോയിട്ടില്ല
അവ എന്നെ എടുത്തു നടക്കുന്നു

നീ കണ്ണുകൊണ്ടും
ചുണ്ടുകൊണ്ടും മിണ്ടിയവ
ഈ വേനലിലും എന്നോടു മിണ്ടുന്നു,
അസാന്നിദ്ധ്യത്തിന്റെ ഭാഷയിൽ.

ഒന്നും ഇല്ലാതാവുന്നില്ല
മഴ മാറി നിൽക്കുമ്പോലെ
ഒരിടവേള മാത്രം
ചിലപ്പോൾ നീ ഓർക്കാതെ പെയ്യും
എന്റെ ജീവൻ
അന്നേരം തളിരിടും.

ഒരിക്കൽ

ഒരിക്കൽ
ആൾക്കൂട്ടത്തിൽ നീ മുങ്ങിത്താഴും
ഞാൻ അലഞ്ഞ്
ചുഴികളിൽ പെട്ട് വഴി തെറ്റും
പക്ഷേ ദിശാ സൂചിയായ
നക്ഷത്രം എന്നെ
നിന്നിലെത്തിക്കും
നിന്റെ കണ്ണുകളിൽ ഉദിച്ച്
എന്നിൽ അത് തെളിഞ്ഞു നിൽക്കുന്നു
എന്റെ മരണത്തോടെയല്ലാതെ
അതസ്തമിക്കില്ല
അതുവരെ
നിന്നിലെത്താനുള്ള വെളിച്ചം
അതെന്റെ രക്തത്തിലൊഴിക്കും
അതിനാൽ എനിക്ക്
നിന്നെ തേടി വരാതിരിക്കാനാവില്ല
എത്ര വട്ടം വഴി നഷ്ടപ്പെ ട്ടാലും.

ഒറ്റപ്പൂവ്

എല്ലാ പൂക്കളും കെട്ടുപോയ ഉദ്യാനത്തിൽ
ഞാനിരിക്കുന്നത്
നീയെങ്ങനെ അറിഞ്ഞു?

കാരണം ചോദിച്ചാൽ
നിന്റെ പ്രണയം
എന്നെ ഉപേക്ഷിച്ചു പോയേക്കാം
ഈ മന്ദാരച്ചെടിയിൽ നിന്നും
തേൻ കുരുവി പറന്നു പോയതു പോലെ പോയേക്കാം

എനിക്കതു സഹിക്കാനാവുമോ ?

ഈ ഇരുട്ടിൽ
നീ മാത്രം ഒരു മുല്ലപ്പൂവായി
ചിരിക്കുമ്പോൾ
ഞാൻ ഇരുട്ടിനോടു നന്ദി പറയുന്നു ,
നിന്നെ ഇത്രയും സൗന്ദര്യത്തോടെ
കാണിച്ചു തന്നതിന് .

ഇടം

ഒരേ ഏകാന്തതയുടെ ചില്ലുകൂട്ടിൽ കഴിയുന്ന
രണ്ടു മത്സ്യങ്ങളുടെ കഥയിൽ
നമുക്കെന്തു കാര്യം
എന്നു ചോദിക്കരുത്

അതിലൊന്നിന്റെ കണ്ണിൽ
ഞാനുണ്ട്
മറ്റൊന്നിന്റെ കണ്ണിൽ നീ
എന്നിട്ടും നാമവയെ വളർത്തുന്നത്
എന്തിനാണ്?’

വളർച്ച നിലച്ചാലോ
വറ്റിപ്പോയാലോ
നാം പിന്നെ എവിടെ പാർക്കും?
രണ്ടു പേരെയും ചുറ്റുന്ന ലോകം
എവിടെ കൊണ്ടു വെയ്ക്കും ?

ഒരേ ദിനങ്ങളിൽ
അനേകം സമയങ്ങളിൽ
നമ്മെ
എത്ര അനുതാപത്തോടെയാവും
ആ മത്സ്യങ്ങൾ
കണ്ണുകളിൽ വഹിക്കുന്നത് !

പ്രാർത്ഥന

ദൈവമേ ദൈവമേ
എന്നെ നീ അന്വേഷിച്ചുവോ
ഞാൻ നിന്നെ മറന്നതല്ല
എന്നെ ഓർത്തിരിക്കുന്ന ഒരാളുടെ
ഹൃദയത്തിൽ കിടക്കുകയായിരുന്നു
അവളുടെ പ്രാർത്ഥനയുടെ വചനമാവുകയായിരുന്നു.
എല്ലാ വഴികളും നിന്നിലേക്കു തന്നെ
അതിലേറ്റവും ശ്രേഷ്ഠം
പ്രണയത്തിന്റെ ഈ വഴി തന്നെ
ദൈവമേ
നീയെന്നെ അന്വേഷിക്കുമ്പോൾ
ഞാൻ
ഞാനില്ലാത്ത വിധം അവളിലായിരുന്നു
നീ നിറയുമ്പോലെ
അവളെന്നിൽ നിറഞ്ഞിരുന്നു
അതു കൊണ്ട്
എന്നെ ശപിക്കരുതേ
സ്നേഹം എന്നിൽ
അധികം നിറയ്ക്കൂ
അവൾക്ക് കൊടുക്കാൻ
മറ്റൊന്നുമെന്നിലില്ല
തരാൻ മറ്റാരുമില്ല.