ഇട(o)

 ഇട(o)

.......
ഞാൻ ജീവിക്കുന്നു
ദേഹത്തിനും ദേഹിക്കുമിടയിൽ
അവ കലഹിച്ച്
പിരിഞ്ഞു പോവാതിരിക്കാൻ
കുഞ്ഞുങ്ങളെ കളിപ്പിക്കുന്നു.
മാ എന്നു പേരുള്ളവൾ
എന്നോടു പറഞ്ഞു.
* * *
ചുവന്ന റിബൺ
.........................
നടത്തിന് വേഗത പോരാ.
ഇന്നെനിക്ക് തോന്നി
കുഞ്ഞിനെ സ്കൂളിലേക്ക്
ഒരുക്കവെ
എന്റെ വേഗം
എവിടെയോ വീണുപോയ പോലെ തോന്നി
അവളുടെ മുടിയിലെ
ചുവന്ന റിബൺ ഞാനാണ്
ചിതറിപ്പോകുന്ന ഇഴയെ
ചേർത്ത് പിടിച്ച് നിൽക്കുന്നു
അവൾ മടങ്ങി വരുമ്പോൾ
അത് വീണു പോകുമോ ?
* * *
തൊട്ടിൽ
.............
ഒരു വെടിയൊച്ച കൂടി കേട്ടു
തൊട്ടിൽ വിറച്ചു
വീടു തകർന്നതിനാൽ
മരക്കൊമ്പിൽ കെട്ടിയ കുഞ്ഞു വീട്
അതിർത്തിയിൽ കെട്ടിയാലും
രണ്ടു രാജ്യങ്ങളിലേക്കും
തുല്യമായി അതാടും
അതിൽ ഒരു ചിരിയുണ്ടാവും,
തോക്കുമായി അന്വേഷിക്കാൻ വരുന്നവനും.
* * *
സമയം
* * *
സമയത്തിൽ നിന്നും പുറത്ത് കടക്കണം
അവൾ തീരുമാനിച്ചു
അവന്റെ സമയം അവളുടെ തീരുമാനത്തിനു ചുറ്റും
മിനിട്ടുകൾ എടുത്തു വെച്ച്
കോട്ട പണിതു
സമയമേ
എനിക്കകത്തേക്ക് വരൂ വരൂ
അവൾ പ്രാർത്ഥിച്ചു.
* * *
മരിച്ചവരുടെ കടൽ
...............................
എന്റെ അമ്മയും അമ്മൂമ്മമാരും
മരിച്ചവരുടെ കടലിൽ നിന്നും
തിരകളായി വന്ന്
എന്നെ തൊടുന്നുണ്ട്
മണലിലെ നനവ്
എന്റെ കൺതടത്തിലുണ്ട്
അമ്മേ
കടൽത്തീരത്തു നിന്നും
എന്നെ തിരിച്ചു കൊണ്ടു പോവരുതേ
മാ എന്നു പേരുള്ളവൾ
പ്രാർത്ഥിക്കുന്നത്
ഞാൻ കേട്ടു.
- മുനീർ അഗ്രഗാമി

poem by muneeragragami


 

അവളെ നിറച്ച ഒരു ദിവസം

 അവളെ നിറച്ച ഒരു ദിവസം

..........................................
ഒരു ദിവസത്തിൽ
അവളെ ഒഴിച്ചു വെക്കുന്നു
വർഷത്തിന്റെ
മുന്നൂറ്ററുപത്തിനാലു ദിവസത്തിലും
അവളെ ഒഴിച്ചു വെക്കാതെ
മാറ്റിവെക്കുന്നു
ആരാണങ്ങനെ ചെയ്യുന്നത്
എന്ന ചോദ്യം
വെറുതെ നടന്നു പോകുന്നു
റഷ്യയിലും
അമേരിക്കയിലും ചെന്ന്
ഇന്ത്യയിലെത്തുന്നു
പോയ നാട്ടിലെല്ലാം
വേദികളിൽ
അവൾ തന്നെ
ഉത്തരമായി ഉറക്കെ
ഉച്ചരിക്കുന്ന കിളികൾ പറന്നു വരുന്നു
ആകാശം തേടുന്ന
കിളികളുടെ കൊക്കുകളിൽ
സമത്വത്തിന്റെ ചിഹ്നമായി
രണ്ടായി പകുത്ത
ഒരടുപ്പുണ്ട്
അതാരും സ്വീകരിക്കുന്നില്ലല്ലോ
എന്നൊരാധി
ആകാശത്തെ പെട്ടെന്ന്
മങ്ങിക്കുന്നു
പൊട്ടിപ്പോകലിന്റെ
പാടുകളുടെ ഭാവിയുടെ
മുറിവുകളുടെ തിളക്കം
അവർ നിറഞ്ഞിരിക്കുന്ന
ദിവസത്തിന്റെ
അതിരുകൾ
ഗർഭം ധരിച്ചിട്ടുണ്ട്.
വനിതയുടെ രുചിയുടെ നിറം
ഓർത്തുകൊണ്ട്
ചെന്നായകൾ ഓരിയിടുന്ന
നഗര വഴികളിൽ
സ്വന്തം വഴി കാണാതെ
ഒരുവൾ ദിവസത്തിനു പുറത്തു പോകുന്നു
ആരോ നിഷ്കരുണം
അവളെ തുടച്ചു മാറ്റുന്നു
ഗ്രാമത്തിന്റെ ചെറിയ മേശയിൽ
വെക്കാനാവാതെ
ആ ദിവസം
ഗ്രാമത്തെ മാറ്റിപ്പണിയാൻ
ഫ്ലാഷ് മോബു നടത്തുന്നു
ആരെയൊക്കെയാണ്
അതിൽ ഒഴിച്ചു വെച്ചിരിക്കുന്നത് ?
ആരെയൊക്കെയാണ്
പുറത്തു പോയതിനാൽ
ഉപേക്ഷിച്ചത് ?
പക്ഷേ
ഇന്നൊരാൾ
അതൊന്നുമന്വേഷിച്ചില്ല
എല്ലാവരുടേയും മുന്നിൽ നിന്ന്
മൈക്കിലൂടെ
ആ ദിനത്തെ കുടിച്ചു തീർത്തു
നോക്കി നിന്നവൾക്ക്
ഒരു തുള്ളി പോലും കൊടുത്തില്ല
കൊടുത്തില്ല
- മുനീർ അഗ്രഗാമി
Sugatha Pramod, Liji Mathai and 9 others

ഉണ്ടാവാനിരിക്കുന്ന നഗരം

യുദ്ധകാലം ചുട്ടു തിന്ന നഗരത്തിൽ
അതവിടെ ഉണ്ടായിരുന്നു എന്നു തെളിയിക്കാൻ
കുറെ കുട്ടികൾ വന്നു
പൊടിപടലങ്ങളിൽ
മുതിർന്നവർ നിലനിന്നിരുന്നു
എന്നതിന്റെ തെളിവുകൾ തിരഞ്ഞു
കിഴക്കോട്ടു പറന്ന കാറ്റിൽ
അലയുന്ന ഒരു പൊടി
അമ്മയെ പോലെ അവരെ തൊട്ടു
അവർക്കതു മനസ്സിലായില്ല
അവർ തിരഞ്ഞുകൊണ്ടിരുന്നു
കത്തിപ്പോയ വേരുകളുടെ ചാരം കൊണ്ട്
മണൽ ശില്പമെന്ന പോലെ
നഗരമുണ്ടാക്കി
എവിടെ നിന്നാണ് കുട്ടികൾ വന്നത്?
ആ ശില്പം ചോദിച്ചു.
ശാന്തിയിൽ നിന്നാണ്
അവർ വന്നതെന്ന്
അപ്പോൾ പെയ്ത മഴ
ഉത്തരം പറഞ്ഞു
അവരെ ഒഴുക്കിക്കളയരുതേ
എന്ന്
ഗർഭത്തിൽ കിടന്ന്
ഉണ്ടാവാനിരിക്കുന്ന നഗരം
വിളിച്ചു പറഞ്ഞു
- മുനീർ അഗ്രഗാമി

നീലകണ്ഠൻ

 നീലകണ്ഠൻ

.......................
കഴുത്തിൽ
ഒരു നീല മറുകുണ്ട്
നിന്റെ വിരൽ പച്ചകുത്തിയത്.
ലോകത്തെ രക്ഷിക്കാനായിരുന്നില്ല
ഞാൻ കയ്പ്പുകുടിക്കാൻ മുതിർന്നത്
അതിജീവനത്തിനു വേണ്ടിയായിരുന്നു
നീ വന്നപ്പോൾ
അതിറക്കാൻ
നീ സമ്മതിച്ചില്ല
ഒപ്പം ചേർന്ന്
ഒപ്പം നടന്ന്
എന്നിൽ പ്രവേശിച്ചു.
എന്റെ പാതിയായി
പാതിരകൾ കടക്കുമ്പോൾ
നീ ഞാനായിത്തീർന്നു
പകലുകൾ പിന്നിടുമ്പോൾ
ഞാൻ നീയായിത്തീർന്നു
ഉടലുന്നുച്ചിയിൽ
ഇപ്പോൾ മഞ്ഞിന്റെ
ചില വരകൾ
ഉടലിൽ കാലം കൈലാസം
പച്ചകുത്തുകയാണ്
ഹിമഗിരിയിൽ നാം വസിച്ചിട്ടില്ല
അതുകൊണ്ടാവാം
അത് നമ്മിൽ വാസമുറപ്പിക്കാൻ
പതിയെ നടന്നു വരുന്നത് .
ഏതു ചൂടിലും
നാമിരിക്കുന്ന തണുപ്പ്
അതാണ് .
- മുനീർ അഗ്രഗാമി


 

എല്ലാം കത്തിപ്പോയ കാട്ടിൽ

 എല്ലാം കത്തിപ്പോയ കാട്ടിൽ

ഒരില അതിന്റെ
പച്ചയെ ഓർത്ത്
പറക്കുന്നു
അതിന്റെ നെഞ്ചിൽ
എന്റെ പേരുണ്ട്
കാട്ടുതീ മറന്നു വെച്ചത്
കവിതയ്ക്ക് വായിക്കാൻ.
-മുനീർ അഗ്രഗാമി


 

ആദ്യത്തെ സൂര്യൻ

 അമ്മയാണ്

എന്റെ ആദ്യത്തെ സൂര്യൻ

എന്റെ രാത്രി പോലും
പകലായിരിക്കുന്നതിന്റെ
രഹസ്യം പറഞ്ഞു എന്നു മാത്രം .
- മുനീർ അഗ്രഗാമി

 ഉപേക്ഷിക്കപ്പെടുമ്പോൾ

സ്വയമുപേക്ഷിച്ച
മാങ്ങാണ്ടിയെ ഓർക്കൂ
ഒരു മാമ്പഴക്കാലമതിലുണ്ട്
ഒരു മഴ പെയ്യാതിരിക്കില്ല.
- മുനീർ അഗ്രഗാമി

കിളിക്കുഞ്ഞുങ്ങൾ

 കിളിക്കുഞ്ഞുങ്ങൾ

.................... :........:
ഇപ്പോളെനിക്കറിയാം
അതിർത്തിയിലെ കിളികൾ
പാടുകയല്ല
കരയുകയാണ്
ഉണരും മുമ്പേ തകർന്ന കൂടിനു മുകളിൽ
വെടിപ്പുകയുടെ ചിറകടി
കിളികളെ പറക്കലിൽ നിന്നും
തിരിച്ചുവിളിക്കുന്നു
കൂട് നിർമ്മിച്ചു കഴിഞ്ഞിരുന്നില്ല
കുഞ്ഞുങ്ങൾക്ക് കിടക്കാനുള്ള
മൃദുലമായ കമ്പുകൾ
ചേർത്തുവെച്ച് തീർന്നിരുന്നില്ല
സുരക്ഷയ്ക്കു വേണ്ടി
അവസാന കമ്പ്
ചേർത്ത് കെട്ടിയിരുന്നില്ല
ചാമ്പലായ മരങ്ങളോട്
ഇനി കമ്പുകൾ ചോദിക്കുന്നതെങ്ങനെ ?
മറ്റൊരു കൂട് പണിയാനാണെങ്കിൽ
പണിതീരും മുമ്പ്
മുട്ടയിട്ടു പോകും
കുഞ്ഞുങ്ങൾ വിരിയുന്ന ഇടങ്ങളിൽ നിന്നും
പച്ചപ്പ് അപ്രത്യക്ഷമായിരിക്കുന്നു
ഇരിക്കേണ്ട കമ്പുകൾ
വീണിരിക്കുന്നു
മൂന്നു മുട്ടയിട്ടു
വെറും നിലത്ത്
കൂടിന്റെ ചാരത്തിൽ
അവരുടെ ആദ്യത്തെ അനക്കത്തിൽ
ലോകത്തിന്റെ ഗന്ധമുണ്ടാകും
ചിറകിൽ യുദ്ധത്തിന്റെ ചുംബനവും
പാടാൻ വേണ്ടിത്തുറക്കുന്ന വായയിൽ
കരച്ചിലും
അമ്മക്കിളി പറഞ്ഞു
കുഞ്ഞുങ്ങളേ ക്ഷമിക്കുക
ദേശാടനത്തിനുള്ള
അതിർത്തികൾ അടച്ചിരിക്കുന്നു
നിങ്ങൾക്കു വേണ്ടി
ഒന്നും ചെയ്യാനാവുന്നില്ല
കൊക്കുകളിൽ തീയുണ്ടയുമായി
വിമാനങ്ങൾ മാത്രം
ദേശാടനം നടത്തുമ്പോൾ.
- മുനീർ അഗ്രഗാമി

 മറന്നു പോയെന്ന്

പറയുന്നവരോട്
മഴ കൊള്ളാൻ പറയൂ
ഒരു വേനലിനെ കഴുകിക്കളഞ്ഞ്
പഴയ കുളിര്
അതു തരും.

അത്ഭുതം

 അത്ഭുതം

.............
കുട്ടികൾ
മറ്റാരോ പറയുന്ന
യുദ്ധത്തിന്റെ കഥ കേൾക്കുന്നു.
അത്ഭുതപ്പെടുന്നു ,
ബുൾഡോസറും തോക്കുമെടുത്ത്
കളിക്കുമ്പോൾ.
ഗുരു
കഴിഞ്ഞ യുദ്ധങ്ങളെ കുറിച്ചോർത്തു
കരഞ്ഞു തളർന്നു
കുട്ടികളുടെ ചിരിക്കടിയിൽ
ഗുരുവിന്റെ കണ്ണീർ
ചതഞ്ഞു കിടന്നു .
യുദ്ധം
ഗുരുവിനു മുകളിലൂടെ ചാടി
കുട്ടികളെ പിടിച്ചു തിന്നു.
- മുനീർ അഗ്രഗാമി
Madaye Suresh, ശ്രുതി വി.എസ് and 13 others

 അവഗണിക്കുന്നു

എന്ന് തോന്നുമ്പോൾ
വായുവിനെ കുറിച്ചോർക്കുക
വീശാതിരിക്കില്ല അത്.

ഒരിതൾ വസന്തം

 ഒരിതൾ വസന്തം

............................................

ചില്ലിട്ട ഫോട്ടോയിൽ

അമ്മച്ചിയുടെ നല്ല കാലത്തിന്റെ
ഒരിതൾ വസന്തം
ഞാനതു പിടിച്ച്
നിൽക്കുന്നു
അസ്തമിച്ച ഒരു താരകത്തിന്റെ
വെളിച്ചമിതാ
എന്നിൽ നിറഞ്ഞ്
എന്നെ കവിഞ്ഞ് ഒഴുകുന്നു
തിരിച്ചു വരുമോ എന്നറിയാതെ
വരുമെങ്കിൽ തന്നെ
എപ്പോഴെന്നറിയാതെ
എവിടെയെന്നറിയാതെ
അതിന്റെ വെളിച്ചത്തിൽ
അതിനെ കാത്തു നിൽക്കുന്നത്
ആരെ കാത്തു നിൽക്കുമ്പോലെയാണ് ?
എനിക്കറിയാം
മൂന്നാണ്ടു മുമ്പ് മരിച്ച അപ്പനെ
കാത്തു നിൽക്കുമ്പോലെ
അല്ല ഏഴാണ്ട് മുമ്പ്
പള്ളിപ്പെരുന്നാള് കൂടാനാഗ്രഹിച്ച്
ഇഹലോകവാസം വെടിഞ്ഞ
അപ്പാപ്പനെ
പള്ളി മിറ്റത്ത് കാത്തുനിക്കുമ്പോലെ
കഴിഞ്ഞ കൊല്ലം മരിച്ച അമ്മച്ചി
അതിനു മുമ്പ് വല്യമ്മച്ചി
കുഞ്ഞിപ്പാപ്പൻ
എന്നിങ്ങനെ പലരേം പല വഴികളിൽ
പകലു തീരുന്നേരം
വെളിച്ചത്തിനെന്ന പോലെ കാത്തു നിന്ന പോലെ
കാത്തു നിൽക്കുന്നു
അസ്തമിക്കുമ്പോൾ
എനിക്കു തന്ന വെളിച്ചത്തെ എന്തു ചെയ്യണമെന്ന്
അപ്പാപ്പനെ പോലെ
അതു പറഞ്ഞില്ല
ജീവിച്ചിരുന്നു എന്നതിനു തെളിവായി
ഞാനതു കൊണ്ട്
ഒരു ലോകമുണ്ടാക്കട്ടെ
അതിൽ വന്നു പാർക്കുമോ
അസ്തമിച്ച നക്ഷത്രങ്ങളുടെ
എല്ലാ രശ്മികളും ?
എല്ലാം വന്നില്ലെങ്കിലും
ഒൻപതെണ്ണം വരും
മരച്ചവരുടെ ആകൃതിയിൽ
നടന്നു നടന്ന്
ഞാൻ പുൽത്തൊഴുത്തിൽ
നിൽക്കുന്നു
അമ്മച്ചിയുടെ പുള്ളിപ്പശു പെറ്റു
ആകാശത്ത്
മുന്നൂറ് നക്ഷത്രങ്ങൾ
അതിലൊന്ന് ഇപ്പോൾ അസ്തമിക്കും
പശുക്കിടാവേ
അതിന്റെ വെളിച്ചം പിടിക്ക്
എന്നെ പോലെ അതിൽ നിറയ്
അതു കവിഞ്ഞു പോകുമ്പോൾ
അതിനെ കുറിച്ച് പറയ്
എന്റെ ഭാഷയിലല്ല
നിന്റെ ഭാഷയിൽ
പുല്ലുകളോട്
പുല്ലുകൾക്കവ മനസ്സിലാകും
പുല്ലുകളെ കവിഞ്ഞു പോകുന്ന വെളിച്ചത്തിൽ
ഞാൻ കുളിച്ചു
ആരുടെ ഓർമ്മയാണിങ്ങനെ
നിറഞ്ഞൊഴുകുന്നത്?
വിത്തിൽ നിന്നും
മുകളിലേക്കും താഴേക്കും പോയവ
ചിരിച്ചു.
വിത്തിന്റെ പുറന്തോടു മാത്രം കരഞ്ഞു.
എനിക്കറിയാം
ഇപ്പോഴില്ലാത്ത ഒരു പുൽക്കൊടിയുടെ
നനവാണതിന്റെ കണ്ണിൽ
ഞാനതിനെ
അമ്മ എന്നു വിവർത്തനം ചെയ്യും
അമ്മച്ചീ എന്നു നീട്ടി വിളിക്കും.
-മുനീർ അഗ്രഗാമി

ബേക്കൽ 2019

 ബേക്കൽ 2019

......................
ചോര പുരണ്ട സന്ധ്യയിൽ
കടലു കാണാൻ പോയവർ
നമ്മിൽ പെട്ടവരല്ലെന്ന്
ഒരശരീരിയുണ്ടായി
അനന്തരം
ആകാശം വടിവാളുകളെ ഓർമ്മിപ്പിച്ച്
തലങ്ങും വിലങ്ങും
രക്തക്കറ കാണിച്ച്
മണിക്കൂറുകൾ തങ്ങി നിന്ന്
തിര കാണാൻ വന്നവരോട്
പ്രതിയെ പിടിക്കാൻ പറയുന്നു
തിരകൾ വെട്ടേറ്റവന്റെ
ശബ്ദമായി പിടഞ്ഞുണർന്ന്
അവരോട് നിലവിളിക്കുന്നു
തിരുവനന്തപുരം മുതൽ
കാസർകോടുവരെ
അതേ ആകാശം
ദൃക്സാക്ഷിയുടെ കണ്ണായ്
കലങ്ങിയിരിക്കുന്നു
മേഘങ്ങളിൽ തെറിച്ച രക്തത്തുള്ളികൾ
രാത്രിയിൽ കട്ടപിടിച്ച്
നശിക്കും മുമ്പ്
സാഹചര്യത്തെളിവുകളിൽ വെച്ച്
ഏറ്റവും ശക്തമായ ഒന്ന്
നിറം മങ്ങി കറുത്തു പോകുന്ന പോലെ
വവ്വാലുകൾ പറന്നു പോയി
കടപ്പുറത്ത് ആളുകൾ
തിരക്കുന്നു
കൊല്ലപ്പെട്ടവനും കൊന്നവനും
അവരിൽത്തന്നെയുണ്ട്
ഉടലുകൾ വേറെയെന്നു മാത്രം
ഉയിർ വേറെയെന്നു മാത്രം
കോട്ട ഉയർന്നു നിൽക്കുന്ന കല്ലുകൾ തന്നെ
അവ ആരോടും ഒന്നും പറയാതെ
പഴങ്കഥ എഴുതിക്കൊണ്ടിരുന്നു
ആറര മണിയെ വെട്ടിവീഴ്ത്തുന്ന
ചില വാളുകൾ ആകാശത്ത്
പ്രത്യക്ഷപ്പെട്ടു
ആളുകൾ ചിതറിപ്പോകുന്ന വഴിയിൽ
രക്തച്ഛവി കലർന്നു
അമ്മമാരാരും
അവിടെയുണ്ടായിരുന്നില്ല
സ്വന്തം വീട്ടിൽ
അസ്തമിച്ച സൂര്യനെ
തിരയുകയായിരുന്നു അവർ.
- മുനീർ അഗ്രഗാമി

മീനുകൾ പീലികൾ മീനുകൾ

 മീനുകൾ പീലികൾ മീനുകൾ

............................................
പുഴയുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു
മീനുകൾ പീലികളായ്
ഇളകിക്കൊണ്ടിരുന്നു
പുഴയുടെ കൺതടത്തിൽ ഒരു ചുഴി
അനുഭവത്തിന്റെ ആഴത്തിലേക്ക്
തിരിഞ്ഞു പോകുന്നു
ഇനി നീ പ്രണയത്തെ കുറിച്ച് പറയുക
അവൾ പറഞ്ഞു
ഒഴുക്കിന്റെ ചെരിവിൽ നിന്നും
പറന്നെത്തിയ കുളിരു പോലെ
അവൾ പറഞ്ഞു
ഞാനെങ്ങനെ പറയും?
പുരാതനമായ ഭാഷയിൽ
അവളുടെ കണ്ണുകളിൽ
അതെഴുതപ്പെട്ടിരുന്നു
എനിക്കതിന്റെ ഭാഷയറിയില്ല
വാമൊഴിയും ലിപിയുമറിയില്ല
മൗനത്തിന്റെ അനക്കങ്ങൾ കൊണ്ട്
ഞാൻ പുഴയെ തൊട്ടു
വിഷാദത്തിന്റെ തൂവൽ കൊണ്ട്
അവളുടെ കണ്ണിൽ തൊടുമ്പോലെ
നീ പറയുക
ഞാൻ നിന്നിലേക്ക് ഒഴുകുന്നതിന്റെ
കാരണങ്ങൾ
നിശ്ശബ്ദതയുടെ മഴത്തുള്ളികൾക്കിടയിൽ
നിന്നും
അവൾ പറഞ്ഞു.
നിന്റെ കണ്ണുകളിൽ ഒഴുക്കിന്റെ
വഴിയും വരകളുമുണ്ട്
നീയതെന്നെ പഠിപ്പിക്കുക
ഞാൻ പറഞ്ഞു
പ്രണയമെന്നാൽ നിന്നെ വായിക്കലാണ്
കണ്ണിലെഴുതിയത്രയും തീരുമ്പോൾ
കവിളിലെഴുതിയതും വായിക്കലാണ്
എന്റെ നാവിലും
വിരലിലും നീ അക്ഷരമാകുക
താലോലിക്കപ്പെടുന്ന ഓരോ നിമിഷത്തിൽ നിന്നും
ഓരോ വാക്കുകൾ പിറക്കുമ്പോൾ
ഭാഷയാവുക
പുഴയുടെ കവിളിൽ
അവൾ നോക്കിയിരുന്നു
മഴ കൊണ്ട് കലങ്ങിയ കവിൾത്തടത്തിൽ
ചുംബനത്തിന്റെ പാടുകൾ...
നീയതു കാണുന്നില്ലേ ?
അവൾ ചോദിച്ചു
ഇല്ല, നിന്റെ കണ്ണിൽ നിന്നും
പ്രണയത്തിന്റെ അക്ഷരം പഠിക്കുകയാണ്
ഞാൻ പറഞ്ഞു
അവൾക്ക് കരച്ചിൽ വന്നു
മറ്റൊരു പുഴയാകുവാൻ
അല്ലെങ്കിലും അവൾക്കധികം സമയം വേണ്ട
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു
പീലികൾ മീനുകളായ് ഇളകുന്നു
ഇമകൾ മീൻ കുഞ്ഞുങ്ങൾ
ഞാൻ പറഞ്ഞു,
വെഷമിക്കേണ്ട
പ്രണയം നമ്മുടെ മാതൃഭാഷയാണ് .
- മുനീർ അഗ്രഗാമി

മരിച്ചുപോയ ഒരു കുതിര

  മരിച്ചുപോയ ഒരു കുതിര

................................................................

മരിച്ചുപോയ ഒരു കുതിര

കുളമ്പടിച്ചു കടന്നു പോയ
വഴികൾ ഇന്നലെ
കുതിരയെ കുറിച്ചു ചോദിച്ചു
ലായത്തിലുണ്ട്
വയസ്സാണ്
കാലുകളിൽ നിന്നും
വേഗം ഊരിപ്പോയിരിക്കുന്നു
തൊലി ചുളിഞ്ഞു
ജീനി കൊഴിഞ്ഞു
എന്നെല്ലാം പറഞ്ഞു
മരിച്ചു എന്നു പറഞ്ഞാൽ
വഴികൾക്ക് പെട്ടെന്നുള്ള ഷോക്കിൽ
എന്തെങ്കിലും സംഭവിച്ചാൽ
ഈ വഴികളെ
ഞാനെന്തു ചെയ്യും ?
മരിച്ചു പോയ കുതിര
ജീവിച്ച കുതിപ്പുകൾ
വഴിയുടെ ഉടലിൽ
കുളമ്പടിക്കുന്നത് ഞാൻ കേട്ടു
കേൾവിയുടെ രഹസ്യവാതിൽ
തുറക്കുന്ന
ഒരു പ്രത്യേക സമയത്ത്
വഴികളോട്
അത്രയും മമതയിൽ
ഒരാളുടെ ഞരമ്പിലൂടെ
നടന്നുപോകുമ്പോലെ
പോകുമ്പോൾ.
ആ കുതിരയുടെ പുറത്ത്
ഇരുന്ന ഒരാളുടെ ചിത്രം
ഒരു വഴിയിലുണ്ട്
ഒരാൾ മാത്രം സവാരി ചെയ്ത കുതിര
അതിന്റെ കുളമ്പടികളിലേക്ക്
അയാളെ വിവർത്തനം ചെയ്യും.
ഞാനതിപ്പോൾ വായിക്കുന്നു.
മരിച്ചു പോയ കുതിര
കുതിച്ചു പാഞ്ഞ വഴിയെ
അതു മരിച്ചില്ല എന്നു പറഞ്ഞ്
നടക്കുമ്പോൾ.
അതില്ലാത്ത ഒരിടത്ത്
അത് ഉണ്ട്
എന്നതാണ് വാസ്തവം
വഴികൾ സത്യം പറയുമ്പോൾ.
-മുനീർ അഗ്രഗാമി