കാറ്റനക്കം

കാറ്റനക്കം
........................
ജാലകപ്പഴുതിലൂടെ വരുന്ന കാറ്റ്
പുരുഷനാണ്
ഉപ്പു ഭരണിയിൽ
കുടുങ്ങിപ്പോയ വായു
സ്ത്രീയും

വായു അദൃശ്യമായതിനാൽ
അതിനു തെളിവുകളില്ല
ജാലകം
പുരുഷനാണ്
എപ്പോഴും
പണിയുന്നത്
ഉപ്പു ഭരണി എപ്പോഴും
സ്ത്രീ മാത്രമല്ല അടയ്ക്കുന്നത്
ജനാല എത്ര ചെറുതായാലും
അവൻ അതിലെ പോകും
അടുക്കള എത്ര വിശാലമായാലും
അവളതിനകത്തിരിക്കും
വായു അദൃശ്യമായതിനാൽ
തെളിവുകൾ തിരയേണ്ടതില്ല
ഒരിക്കലെങ്കിലും
കാറ്റു സ്പർശിച്ചവർക്കേ
അതു മനസ്സിലാവൂ
- മുനീർ അഗ്രഗാമി

ചുവന്ന അക്ഷരങ്ങൾ


.....................................
അവർ പറഞ്ഞതനുസരിച്ച്
അവൾ വീണ്ടും
അവളുടെ കലണ്ടറിലെ
ചുവന്ന അക്ഷരങ്ങൾ വിരിച്ച്
വിശ്രമിക്കുന്നു .

പുറത്തിറങ്ങേണ്ട എന്ന്
അവർ പറഞ്ഞില്ലെങ്കിലും
അകത്തിരിക്കണമെന്ന്
അവൾ കേൾക്കുന്നു.
ഇവിടെ വരേണ്ട എന്ന്
അവർ പറഞ്ഞില്ലെങ്കിലും
അവിടെ പോവില്ല എന്ന്
അവൾ തീരുമാനിക്കുന്നു
ചന്ദ്രൻ
അവളോടൊപ്പം സഞ്ചരിക്കുമ്പോൾ
ചന്ദ്രമാസം അവൾക്കുള്ളിൽവന്ന്
പൂവിടുന്നു
റോസാ പൂവുകൾ വിടരുന്നു
അതിനു്
അവളിലെ നിലാവ് തെളിവ് തരുന്നു
നിലാവിൻ്റെ ചിറകുമായ്
അവൾ ഉയരെ പറക്കുമ്പോൾ
അവളുടെ വെളുത്ത പക്ഷം
അവർ വെട്ടിക്കളയുന്നു
കറുത്ത പക്ഷം മാത്രമുള്ള കിളിയായ്
വീഴുവാൻ പോലുമാവാതെ
അവൾ പറന്നു പോകുന്നു
ഋതുക്കൾ മാറാതെ
നിശ്ചലമായ കാലത്തിലൂടെ
പറന്നു പോകുന്നു
സ്വാതന്ത്ര്യമുള്ള
വെള്ളരിപ്രാവ്
അതാ ...അതാ പറന്നു പോകുന്നു എന്ന്
അന്നേരം
ആരോ നുണ പറയുന്നു.
- മുനീർ അഗ്രഗാമി

സങ്കടങ്ങൾ ഒരു തീവണ്ടിയിലും കയറിപ്പോകില്

സങ്കടങ്ങൾ
ഒരു തീവണ്ടിയിലും കയറിപ്പോകില്ല;
അദ്ദേഹത്തെ കാണാൻ വന്നവരൊക്കെ
പോയ പോലെ.
അദ്ദേഹം നടന്ന അങ്കണത്തിൽ
വിട്ടു പോകാനാകാതെ
വിങ്ങിയും വിതുമ്പിയും
അവ തങ്ങി നിൽക്കുന്നു
പൂരം കഴിഞ്ഞു മടങ്ങുമ്പോലെ
അത്ര എളുപ്പം അവയ്ക്ക്
മടങ്ങാനാവില്ല
സ്നേഹത്തിൻ്റെ വിരലുപിടിച്ച്
അവ അദ്ദേഹത്തിൻ്റെ വാക്കുകൾ കെട്ടിപ്പിടിച്ച്
വിതുമ്പുന്നു
അദ്ദേഹം സ്വയം എഴുതിത്തീർന്ന്
വലിയൊരു കൃതിയായി,
ആർക്കും പെട്ടെന്ന്
അടച്ചു വെയ്ക്കാനാവാത്ത ഒന്ന് .
തുറന്നിരിക്കുന്നതിനാൽ
ആർക്കും വായിക്കാവുന്ന ഒന്ന്
അത്രമേൽ ദുഃഖിതരായി
ഉറ്റ ബന്ധുക്കളായ്
ഓർമ്മകളിങ്ങനെ
ചുറ്റി നിൽക്കുവാൻ മാത്രം
ആരായിരുന്നു നമുക്കദ്ദേഹം!
- മുനീർ അഗ്രഗാമി
മമ രാമായണം
..........................
രാമനോളം രാജാവല്ല ഞാൻ
അതിനാൽ
സീതേ നിന്നെ ചേർത്തു പിടിക്കുന്നു
കർക്കിടകമാണ്;
കടൽത്തിര പോൽ പ്രണയം
കുളിരായ് തിളയ്ക്കുന്നു
ആശ്രമവാടിയിൽ
നീ ഒറ്റയ്ക്കിരിക്കരുത്
എനിക്കകത്തും പുറത്തും
നീയിരിക്കുമ്പോൾ
മഴ പെയ്യുന്നു,
മഹാകാലമൊഴുകുന്നു
ഞാനും നീയും
സമയത്തിൽ കുളിക്കുന്നു.
മണ്ണിലേക്കു തന്നെ
ഞാനും നീയുമെങ്കിലും
മണ്ണിലിപ്പോൾ നാം
'രാ' മായ്ച്ചു തെളിയുന്നു
നമ്മുടെ കഥയെഴുതുന്നു
സ്നേഹവല്മീകത്തിൽ നിന്നു
ജനിച്ച പ്രണയവാല്മീകി ;
നമുക്കു പരസ്പരം
പാരായണം ചെയ്യുവാൻ .
- (മമ 'രാമായണം ' )
മുനീർ അഗ്രഗാമി

കാവ്യോപനിഷത്ത്

കാവ്യോപനിഷത്ത്
..................................
വെളിച്ചമേ
എന്നൊരു വിളിയോടെയാണ്
ഓരോ പൂവും വിടരുന്നത്

ആരാണ് പൂവ് ?
ആരാണ് വെളിച്ചം?
ജനമേജയൻ ചോദിച്ചു .
വായന രഹസ്യമാണ്
എഴുത്തു പരസ്യവും
അതിനാൽ
വായനക്കാരൻ
സ്വയമറിയാതെ
ഉദിക്കുകയും
വായക്കാരി വിടരുകയും
ചെയ്തു .
കവി എഴുതിത്തീർത്തത്
അവൻ വായിച്ചു
തീരുന്നതേയില്ല
- മുനീർ അഗ്രഗാമി

പങ്കുവെക്കാൻ ആഗ്രഹിക്കാത്ത

പങ്കുവെക്കാൻ ആഗ്രഹിക്കാത്ത
കവിതയാണ് പ്രണയം
നീയതിലെ അക്ഷരങ്ങളാകുമ്പോൾ
ഞാനതിലെ വാക്കുകൾ
ഞാനതിലെ വാക്കുകളാകുമ്പോൾ
നീയതിലെ വരികൾ

വരികളും വാക്കുകളും
അക്ഷരങ്ങളും കവിഞ്ഞൊഴുകുന്ന
അർത്ഥമാണല്ലോ കവിത
ഒരു ചുംബനം കൊണ്ട്
നീയതെനിക്ക് മനസ്സിലാക്കിത്തന്നു
കണ്ണുകൾ വായിക്കുമ്പോലെയല്ല
ചുണ്ടുകൾ വായിക്കുക
ചുണ്ടുകൾ വായിക്കുമ്പോലെയല്ല
വിരലുകൾ വായിക്കുക
നമ്മുടേതു മാത്രമായ ബ്രെയിൽ ലിപിയിൽ
ദൈവം അതെഴുതി വച്ചിരിക്കുന്നു
നമുക്കല്ലാതെ മറ്റാർക്കും
പങ്കുവെക്കാൻ
ഞാനോ നീയോ ആഗ്രഹിക്കാത്ത
ആ ഉത്തമഗീതം,
പ്രണയം .
- മുനീർ അഗ്രഗാമി
(മിലേനയുടെ കാമുകൻ ജീവേഷിന്)

മഴ നനച്ചു തുടച്ച സ്വപ്നത്തിൽ കിടന്ന്

മഴ നനച്ചു തുടച്ച
സ്വപ്നത്തിൽ കിടന്ന്
നമുക്കല്പനേരം മയങ്ങണം
രാവും പകലും നമുക്ക്
പുതപ്പുകളാവണം
ചേർന്നു നിൽക്കുന്നതിൻ്റെ
ആനന്ദമാണല്ലോ
ഒഴുക്കിലൂടെ
തുളളികൾ നമുക്കു കാണിച്ചു തന്നത്
ചോർച്ചയില്ലാത്ത
പ്രതീക്ഷയുടെ
ചേർച്ചയുടെ തിരിവിൽ
ഞാൻ നിന്നെയും
നീയെന്നെയും കാത്തു നിൽക്കുന്നു
മഴ അപ്പോൾ
മനസ്സ്
കഴുകിത്തുടച്ച്
ഒരുൾകുളിരായി
നമ്മിലൂടെ നടന്നു പോയി
- മുനീർ അഗ്രഗാമി

ഞാൻ അവൻ്റെ ഗുരുവായിരുന്നു.

ഞാൻ അവൻ്റെ ഗുരുവായിരുന്നു.
സമയത്തിൻ്റെ മരത്തണലിൽ
കുറെ വാക്കുകൾ തുറന്ന് വെച്ച്
അവനെ പഠിപ്പിക്കുകയായിരുന്നു
മെല്ലെ മെല്ലെ
അവൻ സ്വയം തുറന്ന്
പാഠപുസ്തകമായി ;
എങ്ങനെ കേൾക്കണമെന്ന്
അവനെന്നെ പഠിപ്പിച്ചു;
എൻ്റെ ഗുരുവായി
നഗരത്തിൽ ചെന്ന്
പൂമ്പാറ്റയെ സ്നേഹിച്ച്
അവൻ വസന്തമായി
അന്നൊരിക്കൽ
അവനൊപ്പം നടന്ന്
ഓണമായി
അവൻ്റെ നിറങ്ങളിൽ
എൻ്റെ വർണ്ണങ്ങളോ
എൻ്റെ വർണ്ണങ്ങളിൽ
അവൻ്റെ നിറങ്ങളോ എന്ന്
തിരിച്ചറിയാനാവാതെ
കുറേ അലഞ്ഞു
കാലത്തിൻ്റെ ശിഷ്യനായി.
സമയത്തിൻ്റെ മരത്തിൽ
ഒരു കിളിയായി ഇരുന്നു
കുറെ പഴങ്ങൾ കണ്ടു.
ഒരെണ്ണം
കൊത്തിത്തിന്നാൻ തുടങ്ങി
അതു തീർന്നതേയില്ല.
- മുനീർ അഗ്രഗാമി

അഭിമുഖം

അഭിമുഖം
....................
മഴ പെയ്യുകയല്ല,
കരയുകയാണെന്ന് പറഞ്ഞ സ്ത്രീയെ
കാണാൻ ചെന്നു
അവർ പെയ്യുകയായിരുന്നു
നീ നനഞ്ഞ് തളരും
നിനക്ക് പനിപിടിക്കും
അവർ പറഞ്ഞു
നനഞ്ഞു
ഓരോ നനവിനു പിന്നിലും
ഞാൻ കാണാതെ
മറഞ്ഞിരിക്കുന്നു കുറെ കണ്ണുകൾ
നിൻ്റെ കാലത്തിൻ്റെ വാൾ
മുറിച്ചെറിഞ്ഞ
ഉടലുകളുടെ കണ്ണുകളാണിവയെന്നവർ
ഇടിമുഴക്കമായി
പേടിച്ച്
അവരുടെ മുഖത്തു നോക്കി
അവരുടെ
മുഖത്തെ ചുളിവുകളിലൂടെ
അനേകം നദികൾ ഒഴുകിയിറങ്ങി
എല്ലാ ആനന്ദങ്ങളും
അഴിച്ചു വെച്ച്
ഞാനവയിലിറങ്ങി
അവർ തോർന്നതേയില്ല
- മുനീർ അഗ്രഗാമി

മരം പോലെ

മരം പോലെ
.......................
മരം ഒന്നും മിണ്ടിയില്ല
എന്നെ പോലെ
നിന്നെ കാത്തു നിന്നതേയുള്ളൂ
ഒരു നിശ്ശബ്ദത
എനിക്കും മരത്തിനുമിടയിലൂടെ
ഇഴഞ്ഞു പോയി
കാത്തിരിപ്പിൻ്റെ
ഇലകൾ വീണു കൊണ്ടിരുന്നു
മഴ പെയ്തിട്ടും
അവ ഒലിച്ചുപോയില്ല
ഒന്നും മിണ്ടാതെ
സമയത്തിനൊപ്പം
ഞാനതു നോക്കി നിന്നു
സംസാരിക്കുന്നവർ
പെട്ടെന്ന് കിളികളായി
പാർക്കിലെ ബെഞ്ചുകൾ
മരക്കൊമ്പുകളായി
പെട്ടെന്നോർത്തു,
കണ്ണീരു വീണ് കുതിർന്ന ദേശീയപാതയിലൂടെ
നീയെങ്ങനെ വരാനാണ്!
എങ്കിലും കാത്തു നിൽക്കുന്നു
മരം നിൽക്കുമ്പോലെ
ഒന്നും മിണ്ടാതെ .
- മുനീർ അഗ്രഗാമി

അവരെ ആരും രക്ഷിക്കാത്തത് എന്താണ് എന്താണ് ?

ആരുടേയോ സങ്കടത്തിൽ
ആരുടേയോ സന്തോഷം
ഒളിച്ചിരിക്കുന്ന പോലെ
പുറത്തെത്താത്ത
കോമ്പല്ലുകൾ
നിശ്ശബ്ദതയെയും
നിഷ്കളങ്കതയെയും
കടിച്ചുകീറിയതിന്
പത്തൊമ്പതു തെളിവുകളുണ്ട്

ഓരോ തെളിവിളിലും
ദുർഘടം നിറഞ്ഞ
കാട്ടുവഴിമാത്രം
ഇര അതിൽ ജീവിച്ചിരിക്ക്കുന്നതിനാൽ
പെൺ പുലിയായും പെൺസിംഹമായും
തിരിച്ചു വന്ന്
അവൻ്റെ കരൾ തിന്നുന്നു
അതു കണ്ട്
പീഡനത്തിൽ മരിച്ചു പോയവരും
കൊല്ലപ്പെട്ടവരും
വനദേവതയ്ക്കൊപ്പം
വന്യമായ് നിലവിളിച്ച്
വീണ്ടും കൊല്ലപ്പെടുന്നു
അവരെ ആരും
രക്ഷിക്കാത്തത് എന്താണ്
എന്താണ് ?
_ മുനീർ അഗ്രഗാമി

രാത്രി കറുത്ത കടലാണ്

രാത്രി കറുത്ത കടലാണ്
അതിൻ തിരകളിൽ
ഉറക്കമില്ലാതൊഴുകുന്ന തോണി ഞാൻ
നീയാണതു
തുഴഞ്ഞു പോകുന്നതെന്നു പോലും
അറിയാതെ .

ഒഴുക്കിൻ്റെ ഭാഷയിൽ
തുഴയുടെ വ്യാകരണമില്ല
വാക്കുകളും
ഭാഷണങ്ങളും ഇല്ല
നിശ്ശബ്ദതയിൽ
പരമീൻ ചാടുമ്പോലെ
ഇലകൾ വീഴുന്നു
കറുത്ത ജലരാശിയിലവ നീന്തുന്നു
നീയെന്നിലിരുന്നു
ഞാനറിയാതെ
തുഴയുമ്പോലെ
- മുനീർ അഗ്രഗാമി

ഒന്നും ശരിയാകുന്നില്ലല്ലോ എന്നൊരു സങ്കടം

ഒന്നും ശരിയാകുന്നില്ലല്ലോ എന്നൊരു സങ്കടം
താടിക്ക് കൈ കൊടുത്ത്
വരാന്തയിൽ അല്പനേരമിരിക്കുന്നു
പിന്നെ മുറ്റത്തിറങ്ങി അസ്വസ്ഥനായി
നടക്കുന്നു
അന്നേരം വേച്ചു വേച്ചു നടന്ന്
ഒരു വേദന വരുന്നു
ചുളിഞ്ഞ കൈകളിൽ
പപ്പായ
ഫേഷൻ ഫ്രൂട്ട്...

സങ്കടം വേദനയോട് എന്തോ പറഞ്ഞ്
മഴക്കാലമായി
എന്തു പറഞ്ഞുവെന്ന് നമുക്കെങ്ങനെ അറിയാം !
രണ്ടു പേരും കരയുന്നുണ്ട്
എന്തായാലും
ആരാണ് വലിയവൻ എന്നല്ല
അവർ ചർച്ച ചെയ്തത്
കൊതുകിൻ്റെ മൂളലിൽ
ഒന്നും വ്യക്തമായില്ല
- മുനീർ അഗ്രഗാമി

തീവണ്ടി....

തീവണ്ടി....
...............................
യാത്ര,
പ്രണയമാകുന്ന
ദൂരങ്ങളുണ്ട്
താണ്ടിത്തീർന്നവ.
തിരിച്ചു പോകാനാവാത്തവ.

നീ ചിരിച്ചുലഞ്ഞ കമ്പാർട്ടുമെൻ്റുകൾ
എൻ്റെ വസന്തമായിരുന്നു
ഇപ്പോൾ
ഓർമ്മയുടെ പാളത്തിലൂടെ
കിതച്ചു പോകുന്ന തീവണ്ടി
ഞാനാണ്
അതിൽ ഒരു കോച്ചിൽ
വാടാത്ത ഒരു ചിരി.
- മുനീർ അഗ്രഗാമി

പശു

പശു
.........
ചരിഞ്ഞു പെയ്യുന്ന ഓർമ്മകളിലൂടെ
നടക്കുകയായിരുന്നു ഞങ്ങൾ
തണുത്ത്
മരിച്ചു കിടക്കുന്ന വെളിച്ചത്തിൽ കുളിച്ച
പകലിൽ
ചൂടുള്ള വാക്കുകൾ പറഞ്ഞ്.
ഒരു വിപ്ലവം പാകമാകാൻ മാത്രം
ആ വാക്കുകൾക്ക് ചൂടുണ്ടായിരുന്നില്ല.
സ്നേഹസംഭവങ്ങളുടേയും
സ്വാതന്ത്ര്യത്തിൻ്റേയും നാളുകൾ
കരിയില പോലെ
കൊഴിഞ്ഞു കൊണ്ടിരുന്നു
ഇലകൾ ചീഞ്ഞളിഞ്ഞ
നഗരപാതയിൽ
ഞങ്ങൾക്ക് പോവേണ്ടതുണ്ടായിരുന്നു
ലിങ്കുചെയ്യാനും
റെയിഞ്ച് കിട്ടാനുംമാത്രമായി
തെരുവുകളിലൂടെ
അങ്ങനെ നടന്നു
ഒരു കൂട്ടം പശുക്കൾ
എതിരെ വന്നു
ശാന്തരായി
തെരുവിലങ്ങനെ അനേകം പശുക്കളെ
ഞങ്ങൾ കണ്ടിട്ടുണ്ട്
ആരാണവയെ വളർത്തുന്നതെന്ന്
ഞങ്ങൾക്കറിഞ്ഞുകൂടാ
അശാന്തമായ ഒരു കാറ്റു വന്നു
പശുക്കൾ അശാന്തരായി
അത് ഞങ്ങളിൽ ചെറിയവനെ
വെട്ടിയിട്ടു.
അവൻ വീണു
ഞങ്ങളെ കൊമ്പു കൊണ്ടും
കുളമ്പു കൊണ്ടും
അടിച്ചു
ആരാണാ കാറ്റിനെ പറഞ്ഞയച്ചതെന്നും
ഞങ്ങൾക്കറിയില്ല
പെയ്തു കൊണ്ടിരിക്കുന്ന
ഓർമ്മയിലെ പശുക്കൾ
ഇത്ര അക്രമകാരികളായിരുന്നില്ല
അവർ അമ്മയുടെ മുന്നിൽ
എത്ര അനുസരണയോടെയാണ്
പാലു ചുരത്തിയത്
ഞങ്ങളിൽ ചെറിയവളോട്
ഓർമ്മ പറഞ്ഞു നിറഞ്ഞു
അനുഭവങ്ങൾ കേട്ടുകഴിഞ്ഞ്
പഠിക്കാൻ പോയ
ഞങ്ങളിലെ സ്കൂൾ കുട്ടി
ടീച്ചറോടു ചോദിച്ചു ,
പശു ഒരു മൃഗമാണെന്നോ
പാലു തരുമെന്നോ
ഇനി ഞങ്ങളെങ്ങനെ എഴുതും ?
- മുനീർ അഗ്രഗാമി

രക്ഷകൻ ................. ബഷീറിന് .....................

രക്ഷകൻ
.................
ബഷീറിന്

.....................
കൊല്ലപ്പെടുമായിരുന്ന
വാക്കുകളെ
രക്ഷിച്ച്
പുലർത്തിയവൻ
മരിച്ചു പോകുമായിരുന്ന
നിമിഷങ്ങളെ
ജീവിപ്പിച്ച് രക്ഷിച്ചവൻ

അത്ര ലളിതമായി പറഞ്ഞിട്ടും
അത്ര ഗൗരവമായി തോന്നിയിട്ടും
വാക്കുകൾ അവൻ്റെ രാജ്യത്തു നിന്ന്
മറ്റെങ്ങും പോയില്ല
അർത്ഥമില്ലാത്ത വാക്കുകൾ
അവനൊപ്പം നടന്ന്
ഇമ്മിണി വല്യ
അർത്ഥം നേടി
അവനല്ലാതെ വാക്കുകൾക്ക്
മറ്റൊരു സുൽത്താനില്ല
കടിഞ്ഞാണില്ലാത്ത കുതിരപ്പുറത്ത്
മലയാളമൊഴിയിലൂടെ
വഴി തെറ്റാതെ എന്നും
സഞ്ചരിക്കുമ്പോൾ.
- മുനീർ അഗ്രഗാമി

ഇരുട്ടിൻ്റെ വെളിച്ചം

ഇരുട്ടിൻ്റെ വെളിച്ചം
................................
രാത്രി തുറന്നു വെച്ച
ഒരു പുറമിരുട്ടിൽ
മിന്നാമിനുങ്ങുകൾ
സൂര്യനെന്നെഴുതുന്നു

ഓരോ അക്ഷരങ്ങളായ്
അവ പറക്കുന്നു
ഇരുട്ടിന്റെ വെളിച്ചമായ്
കവിത ജീവിക്കുന്നു
തണുത്ത ആകാശം
വീണുവോ കുഞ്ഞേ
കുഞ്ഞുനക്ഷത്രമേ
എന്നൊരാധിയാൽ
തണുത്ത കാറ്റിനെ
പറഞ്ഞയക്കുന്നു
കാറ്റെത്തിനോക്കുമ്പോൾ
ഉറക്കമില്ലാതെ
ഇരുളു വായിച്ചു പിടയ്ക്കുന്നു
വെളിച്ചം വീണുപോയവൻ
പ്രജയാണവൻ
ഇരുൾ മൂടിയ നാടിൻ
ഇതളിലൊന്നിൽ വന്നിരിക്കുമൊരു
കുഞ്ഞു മിന്നാമിനുങ്ങിനെ
കാത്തിരിക്കുന്നവൻ
-മുനീർ അഗ്രഗാമി

മിഥുനം

മിഥുനം
...................
മിഥുനം,
മൈഥുനം കഴിഞ്ഞ് കിടക്കുന്ന
മഴത്തുള്ളികളുടെ
ആലസ്യത്തിന്റെ ആകാശമാണ്

മിഥുനം,
പെയ്യാനും പെയ്യാതിരിക്കാനും
സാദ്ധ്യതയുള്ള
മഴകളുടെ
കിടപ്പറയാണ്
ആകാശം
മഴയുടേയും വെയിലിന്റെയും
ചിത്രങ്ങൾ വരച്ച്
സുഖത്തിന്റെയും
ദു:ഖത്തിന്റെയും
നിറങ്ങൾ കൊടുക്കുന്നു.
മിഥുനം
വാത്സല്യത്തോടെ തലോടുമ്പോൾ
ഇലഞ്ഞിമരക്കൊമ്പിൽ
വല്യച്ഛനെ ഓർമ്മിച്ച് ചിരിക്കുന്ന
ഒരു തളിരില
അതിന്റെ മനസ്സിൽ
വല്ലച്ഛൻ മരംനട്ട കാലത്തിന്റെ
വെളിച്ചം
മരമെഴുതി വെച്ചിട്ടുണ്ടാവണം
മുറ്റത്ത് ചുവടുവെക്കുന്ന മഴയിലൂടെ
കുട്ടിക്കാലത്തിന്റെ കുളിര്
മെല്ലെ നടന്നു പോകുന്നു ;
കണ്ണീരിൽ കുതിർന്ന്
ഒരു കടലാസുതോണി മറിയുന്നു
രണ്ടു പേർ രണ്ടു ദേശത്ത്
രണ്ടല്ലാതെ ഒന്നായി
ഈശ്വരനെ പോലെ അനുഭവിച്ച കുളിര്
മിഥുനം കൊണ്ടുവന്ന്
അവരുടെ പ്രണയപ്രാത്രത്തിൽ
ഒഴിക്കുന്നു
മിഥുനം
ആത്മാവിൽ വേരുകളുള്ള
വൃക്ഷമാണ്
അതിന്റെ ഇലകളിൽ
കാറ്റും മഴകളും കൊത്തിവെച്ച
ഒരു പേര് എന്റേതാണ് .
-മുനീർ അഗ്രഗാമി

ഓർമ്മമരങ്ങൾ

ഓർമ്മമരങ്ങൾ
 .......................................
ഇടയ്ക്ക് ഒരു ചാറ്റൽ മഴയിൽ
പൂവിടാൻ കാത്തു നിൽക്കു-
മോർമ്മ മരങ്ങളാണു നാം
പ്രിയേ ഇലകളുണ്ടു നമ്മിൽ
അദൃശ്യമായ് മഴത്തുള്ളികളേറ്റുവാങ്ങാൻ
വിരൽ നീട്ടിയുള്ളിന്റയുള്ളിൽ

ചേർന്നു നിൽക്കണേ നീയല് പ
മിക്കുളിരിനെ തൊട്ടു നോക്കുവാൻ
- മുനീർ അഗ്രഗാമി

മരിച്ചവർ

മരിച്ചവർ
....:...........
മരിച്ചവരുടെ ഭാഷയിൽ
ലിപികളില്ലാത്ത
അനേകം തുള്ളികളുണ്ട്
അസ്വസ്ഥമായ സമയങ്ങളിൽ
അസമയങ്ങളിലെന്നോണം
അവ പെയ്യുന്നു
ഓർമ്മയുടെ വർഷകാലം തുടങ്ങുന്നു
നനഞ്ഞു കുതിരുമതിൽ
മരിച്ചവരുടെ പച്ചപ്പിപ്പോഴും
ബാക്കിയായ മരവും മനുഷ്യനും
അവരുടെ ജീവനിലൂടെ
അവരൊഴുകുന്നതറിയുന്നു
പുഴയായി നിറഞ്ഞു തൂവുന്നു
മരിച്ചവരുപയോഗിച്ച വസ്തുക്കളിൽ
അവരുടെ അസാന്നിദ്ധ്യത്തിൻ്റെ
മുളകൾപൊട്ടുന്നു
അവരുടെ ഭാഷയിൽ
വാമൊഴിയോ വരമൊഴിയോ അല്ലാത്ത
അനേകം തുള്ളികളുണ്ട്
അദൃശ്യമായി അവ ഇറ്റി വീഴുന്നു
ഒരിക്കൽ നനഞ്ഞാൽ
ഒരിക്കലും തീരില്ല
അതിൻ്റെ കുളിര്
-മുനീർ അഗ്രഗാമി
തെയ്യോൻ
..................
പടച്ചോൻ മരിച്ചു.
രണ്ടു ദിവസമായി.
ഇനി ഞങ്ങളുടെ ഗ്രാമത്തിലൂടെ
പടച്ചോൻ നടന്നു പോകില്ല
അദ്ദേഹത്തിന് ഞങ്ങൾ
എറുമ്പിൻ്റേയും ചോണൻ്റേയും
ബന്ധുക്കളായിരുന്നു.


മുനീർ അഗ്രഗാമി

മഴമൊഴി

മഴമൊഴി
................
സർ
എത്ര കഴുകിയിട്ടും
വൃത്തിയാകുന്നില്ല
ഞാൻ തിരിച്ചു പോകുകയാണ്

സർ
മണ്ണും മനസ്സും കഴുകി
ഒന്നും നന്നാവുന്നില്ല
ഞാൻ തിരിച്ചു പോകുകയാണ്
സർ
അങ്ങയുടെ രാജ്യം വരേണമേ എന്ന്
നെഞ്ചുരുകി പ്രാർത്ഥിച്ച
കൊടികളും തോരണങ്ങളും കഴുകി
രക്തക്കറ മായുന്നില്ല
ഞാൻ തിരിച്ചു പോകുകയാണ്
സർ
അങ്ങയുടെ സിംഹാസനത്തിനു്
പനി പിടിക്കില്ല
തീ പിടിക്കില്ല
എ സി യുടെ തണുപ്പിലേക്ക്
എനിക്ക് വരാനുമാകില്ല
സർ
അതു കൊണ്ട്
ഞാൻ വന്നത് അങ്ങറിഞ്ഞില്ല
പക്ഷേ
ഞാൻ തിരിച്ചു പോകുന്നത് അങ്ങറിയണം
ഒന്ന് മണ്ണിലിറങ്ങി നടന്നെങ്കിലും
ഇത്രയും പറഞ്ഞ്
ഒരു പ്രോട്ടോക്കോളും നോക്കാതെ
മഴ അതിൻ്റെ വഴിക്കു പോയി
- മുനീർ അഗ്രഗാമി

രാത്രിയോളം വലിയ മഴയിൽ

രാത്രിയോളം വലിയ മഴയിൽ
നിന്നിറയത്തു നിൽക്കുന്നു,
ഞാനുമെന്നിലെ കിളികളും
കളികളും കാട്ടുചോലകളും
നേർത്ത പനിച്ചൂടിൽ പ്രിയേ
നിൻ വിരൽ മീട്ടിയെത്തുന്ന
കുളിർ രാഗ രസമറിയുന്നു

-മുനീർ അഗ്രഗാമി

എന്നെ നോക്കി വായിക്കുക

എന്നെ നോക്കി വായിക്കുക
ഞാൻ പൂവിടും
അവൾ പറഞ്ഞു.
മരമായിരുന്നു അവൾ
ഒരിടത്തു നിന്നു നിന്ന്
വേരിങ്ങിയവൾ
താവഴിയുടെ രുചിയറിഞ്ഞു
വളർന്നവർ

ആകാശത്തിലേക്ക്
കൈകളുയർത്തി പ്രാർത്ഥിക്കുന്നവൾ
പച്ച മായുവോളം
ഇലകൾ ആകാശം തൊടാൻ ശ്രമിച്ച്
കൊഴിയുന്നത്
കണ്ട് നിസ്സഹായയായവൾ
അവൾ പറഞ്ഞു ,
എൻ്റെ വസന്തമേ
എന്നെ നോക്കുക
എന്നെ മാത്രം നോക്കുക
എൻ്റെ പൂക്കളിൽ വന്നിരുന്ന്
നിൻ്റെ ഋതു കണ്ടു പിടിക്കുക.
- മുനീർ അഗ്രഗാമി

വായന

വായന
.....................
വായിച്ചാലും വായിച്ചാലും
തീരാത്ത പുസ്തകത്തിലെ
ഒരു കവിതയാണ് ഭൂമി

മഴയും കാറ്റും മഞ്ഞും
വെയിലുമതു വായിച്ച്
വ്യാഖ്യാനിക്കുന്നു
അതിലെ ഒരു വരിയുടെ
ഉത്തരാധുനികമായ അർത്ഥത്തിൽ
ഞാൻ ജീവിക്കുന്നു
സ്വപ്നങ്ങൾ അത് വ്യാഖ്യാനിക്കുന്നു
അതിജീവനത്തിൻ്റെ
ആസ്വാദനമെഴുതുന്നു
അത്ര രസകരമല്ലാത്ത ഒന്ന്
പുതുവൈപ്പിനിൽ നിന്ന്
മുമ്പൊരു കുഞ്ഞിൻ്റെ സ്വപ്നം
ഭോപ്പാലിൽ നിന്ന്
മറ്റൊരു വരി വ്യാഖ്യാനിച്ചി രുന്നു
പിന്നൊരിക്കൽ കൂടങ്കുളത്ത്
കടലിലിറങ്ങി നിന്ന്
മറ്റൊരാൾ.
പിന്നെ
കത്തുന്ന കാട്ടിൽ നിന്ന്
വന്യമല്ലാത്ത ചിലത്
വ്യാഖ്യാനത്തിന് പേടി എന്ന്
പേരിടുകയാണ്
കൂട്ടം കൂടിയവർ
കുട്ടികളേ
വായിക്കുക!
വായിച്ചതിലും നന്നായി വായിക്കുക
തീവ്രമെന്ന് ആരൊക്കെ പറഞ്ഞാലും
നിങ്ങളോളം ലളിതമായി
മറ്റാർക്കും വായിക്കാനാവില്ല .
-മുനീർ അഗ്രഗാമി

'ക്രിക്കറ്റ് ' ഒരു പ്രാണിയല്ല പ്രാണൻ്റെ കളിയാണ് .

ബോളുകൾ പ്രജകൾ ,
കളിക്കാർ ഉദ്യോഗസ്ഥർ.
അവർ ബോളു ചെയ്യുന്നു
അവർ അടിക്കുന്നു
റൺസ് നേടുന്നു
കളിനിയമങ്ങൾക്കകത്ത് മാത്രം
ബോളിനു വില.
ജയിക്കുന്ന രാജ്യം
ജയത്തെ കുറിച്ചു മാത്രം സംസാരിക്കുന്നു
തോൽക്കുന്ന രാജ്യം
ജയിക്കേണ്ടതിനെ കുറിച്ചും .
'ക്രിക്കറ്റ് ' ഒരു പ്രാണിയല്ല
പ്രാണൻ്റെ കളിയാണ് .
പ്രജാ തല്പരനായ രാജാവ് മാത്രം
അതറിയുന്നു.
പ്രജകൾ ബോളുകൾ;
എടുത്തെറിഞ്ഞു കളിക്കുന്നവർ
ഉദ്യോഗസ്ഥർ
ജയിക്കുന്നത് രാജ്യം തന്നെ.
പ്രജകൾ
അവരെ കുറിച്ചല്ലാതെ
ജയത്തെ കുറിച്ച് സംസാരിക്കുന്നു
ഭരണകൂടം അടിക്കുന്ന
സിക്സറുകളെ കുറിച്ചും
ബൗണ്ടറികളെ കുറിച്ചും സംസാരിക്കുന്നു
കാണാതായ ബോളുകൾക്ക് പകരം
അതാ പുതിയ ബോളുകൾ!
കളി തുടരട്ടെ !
- മുനീർ അഗ്രഗാമി

സന്ദേഹങ്ങൾ

സന്ദേഹങ്ങൾ
............................
കുഞ്ഞിനെ ഉറക്കുമ്പോലെ
സ്വപ്നങ്ങളെ ഉറക്കിക്കിടത്തി
ഒരാൾ ജോലി ചെയ്യുന്നു
ഇഷ്ടമില്ലാത്ത ജോലി
എന്നാൽ ശമ്പളമുള്ളത്

അയാൾ ജോലി ചെയ്യുമ്പോൾ
കുഞ്ഞുണരുമ്പോലെ
അയാളുടെ സ്വപ്നമുണർന്ന് കരയുമോ?
അന്നേരം അയാളതിനെ എങ്ങനെ ഉറക്കും ?
നിശ്ശബ്ദമായ്
അതിനെയുറക്കുമ്പോൾ
അയാളെ സ്ത്രീയെന്നു വിളിക്കാമോ ?
ഉറക്കാനാവാതെ
പൊട്ടിത്തെറിക്കുമ്പോൾ
അയാൾ പുരുഷനാവുമോ ?
ഉറങ്ങുമ്പോൾ കാണുന്നതല്ല
ഉണരുമ്പോൾ ഉറക്കി കിടത്തുന്നതാണ്
യഥാർത്ത സ്വപ്നമെന്ന്
ഇപ്പോൾ ശരിക്കും
അയാൾക്ക് മനസ്സിലായിട്ടുണ്ട്
കഴിഞ്ഞു പോയ വർഷങ്ങൾ
അയാളെ
അതു പഠിപ്പിക്കുകയായിരുന്നല്ലോ!
പറയു
അയാളെ സ്ത്രീയെന്നോ പുരുഷനെന്നോ
വിളിക്കുമ്പോൾ
അയാൾ ആരിൽ നിന്നാവും
വിളി കേൾക്കുക ?
- മുനീർ അഗ്രഗാമി

പിന്നെ ഞങ്ങൾ പൂക്കളില്ലാത്ത മനുഷ്യരായി

എൻ്റെ ഗ്രാമത്തിൽ
കഴുകനെ പോലെ വരൾച്ച പറന്നിറങ്ങി
വിളകളെ മാത്രമല്ല
കർഷകരേയും അത് കൊത്തിത്തിന്നു
സ്വപ്നങ്ങൾ പുഴ പോലെ വറ്റിപ്പോയി
പിന്നെ ഞങ്ങൾ
പൂക്കാലം കണ്ടിട്ടില്ല
പിന്നെ ഞങ്ങൾ
പൂക്കളില്ലാത്ത മനുഷ്യരായി

അവശേഷിച്ച ചില പ്രതീക്ഷകൾ
കടക്കെണിയിൽ കുടുങ്ങി
അതിൽ നിന്നു് രക്ഷപ്പെടാൻ വേണ്ടി
രക്ഷിക്കണേ എന്നു വിളിച്ച് അവർ കരഞ്ഞു
കരച്ചിൽ കേട്ട് ആരെങ്കിലും കനിഞ്ഞിരുന്നെങ്കിൽ
കുഞ്ഞുവാവയ്ക്ക് ഒരു പൂവ് കാണിച്ചു കൊടുക്കാമെന്നും
വളരുന്ന കുട്ടികൾക്ക് കടുക് വിളയുന്നതും
ചോളം തിളങ്ങുന്നതും
കണ്ട് പഠിക്കാമെന്നും
വിശപ്പടക്കാമെന്നും
അവർ വിചാരിച്ചിരുന്നു
കനിവ്
കിനിഞ്ഞിറങ്ങുന്ന
ഒരു തുള്ളിയാണ്
വേരുകളും ഇലകളുമ തിന്
ഒരു പോലെ ദാഹിക്കുന്നു
എൻ്റെ രാജ്യത്തിൻ്റെ ആത്മാവ് എൻ്റെ ഗ്രാമത്തിൽ വന്ന്
വെള്ളം കുടിച്ചിട്ടുണ്ട്
ഞാനത് കണ്ടിട്ടുണ്ട്
അന്നെനിക്ക് പതിമൂന്ന് വയസ്സ്
വയലു നിറയെ ഗോതമ്പുചെടികൾ
എന്നെ നോക്കി നിന്ന പകലിലായിരുന്നു അത്
വേനലും കടങ്ങളും
എല്ലാവരെയും കൊണ്ടു പോകുന്നു
അവശേഷിച്ചവരെ
ഓരോന്നായി വെടിയുണ്ടകളും
കൊണ്ടു പോകുന്നു
പൂക്കാലം കാണാത്ത കുട്ടികൾ
എങ്ങനെയാണ് കുട്ടികളാകുക?
വരണ്ട നിലവിളികളെ
കുഞ്ഞേയെന്നു വിളിച്ചാലും
അവർ തുള്ളിച്ചാടി നടന്ന്
പൂക്കളെ പോലെ തലയാട്ടില്ല
എൻ്റെ ഗ്രാമം ഉണർവ്വും ഉറക്കവുമില്ലാത്ത
ഒരു കർഷകനാണ്
അവൻ വേദനയിൽ കിടന്ന് പിടഞ്ഞ്
ഒരു നെൽച്ചെടിക്കു വേണ്ടി മരിക്കും
- മുനീർ അഗ്രഗാമി

മഴ സത്യത്തിൽ താന്തോന്നിയാണ്

മഴ സത്യത്തിൽ താന്തോന്നിയാണ്
അതുകൊണ്ടാണ്
മഴ ഒരിടത്ത്
നിന്നെ പോലെ പലപ്പോഴും
പെയ്തു കൊണ്ടിരിക്കുന്നത്
മറ്റൊരിടത്ത്‌
എന്നെ പോലെ എപ്പോഴും
വരാതിരിക്കുന്നത്
ഒന്നിച്ചു കൊണ്ട
ഒരു മഴച്ചാറ്റലിൻ്റെ ഓർമ്മ
നാമിപ്പോഴും നനയുന്നതു കൊണ്ടാണ്
നാമതിനെ അങ്ങനെ വിളിക്കാത്തത്.

- മുനീർ അഗ്രഗാമി

കുഞ്ഞുമ്മ (മ)കൾ

കുഞ്ഞുമ്മ (മ)കൾ
..................................
മഴയുടെ സംഗീതത്തിൻ
വിരൽ പിടിച്ചെഴുന്നേറ്റൂ
കുഞ്ഞു ഞാവൽച്ചെടി,
അതു നോക്കിയേതോ വാത്സല്യത്തിൻ
തേൻ നുകർന്നു ഞാനും മോളും
മഴയിലൂടൊരു കുളിർതെന്നലായ് നടന്നൂ
കാറ്റിൻ മേഘമൽഹാർ കേട്ടു
കുളിരിൻ താളം പിടിക്കുമിലകളിൽ
മഴത്തുള്ളികളൂഞ്ഞാലാടുന്നു
കുളക്കരയോളം നടക്കണം
കുളത്തിൽ വല്ല്യച്ഛനും മോനും
ഇടവപ്പാതിക്കുളിരറിഞ്ഞു നീന്തുന്നു
തളിരിലകളവരെ നോക്കി പുഞ്ചിരിക്കുന്നു
തെങ്ങോലകൾ കൈവീശുന്നു
കുഞ്ഞുമീനുകളവർക്കു ചുറ്റുമോടിക്കളിക്കുന്നു
മഴയന്നേരമാരെയും നോവിക്കാതെ
കുഞ്ഞുമോളെപ്പോലെ ഉടലാകെ
കുഞ്ഞുമ്മകളായ് പെയ്തു കൊണ്ടിരുന്നു
- മുനീർ അഗ്രഗാമി

ഒരു മുഴുക്കുടിയൻ്റെ ചോദ്യം

ഒരു മുഴുക്കുടിയൻ്റെ ചോദ്യം
....................................................
നിങ്ങളെന്തിനാണ്
എന്നോട് ദേഷ്യപ്പെടുന്നത്?
ഞാൻ കരയുന്ന അമ്മയെ
പുറത്തു നിർത്തി
ചിരിക്കുന്ന സിനിമാ നടികളുടെ കൂടെ
അകത്തുനിന്ന്
സെൽഫിയെടുത്തിട്ടില്ല
നാടുമുഴുവൻ മദ്യശാല പണിതിട്ടില്ല
ചെറുതും വലുതുമായ
ബാറുകളോട് വിവേചനത്തോടെയല്ലാതെ
പെരുമാറിയിട്ടില്ല
പക്ഷേ
ദേശീയ പാതയായി തലയുയർത്തി ഇഴഞ്ഞ പാതകൾ
തരം താഴുന്നതു കണ്ടപ്പോൾ സഹിച്ചില്ല
കുടിച്ചു,
പാമ്പായി,
സംസ്ഥാന പാതയ്ക്കൊപ്പം
സങ്കടത്തോടെ ഇഴഞ്ഞു
എന്നോട് ദേഷ്യപ്പെടല്ലേ
എൻ്റെ ഗ്രാമത്തിൽ
ബാറു വന്നപ്പോൾ സന്തോഷം കൊണ്ട്
ഇത്തിരി കുടിച്ചു.
എന്നിട്ടും എന്തിനാണമ്മേ
വീട്ടിനകത്തുനിന്ന് എന്നോട് മാത്രം ദേഷ്യപ്പെടുന്നത് ?
നിങ്ങളെ ഞാൻ പുറത്തു നിറുത്തിയില്ലല്ലോ!
- മുനീർ അഗ്രഗാമി

മീട്ടുക

ദൂരത്തിൻ്റെ തന്ത്രികളിൽ
ഓർമ്മകളെടുത്തൊന്നു മീട്ടുക
അകലം പൊഴിക്കുമാ സംഗീതത്തിൽ
വിരഹമലിഞ്ഞു പോകുവോളം
- മുനീർ അഗ്രഗാമി

പ്രണയകവിത : പൂവുകൾ .....................

പ്രണയകവിത
പൂവുകൾ
.....................
വസന്തം
കാഴ്ചയിൽ ജീവിക്കുന്ന
ശലഭമാകുന്നു
ചിലപ്പോൾ രണ്ടു പേരതിൻ്റെ
ചിറകുകളാകും
അപ്പോൾ അവരോളം പുഷ്പിക്കുന്ന
മറ്റൊന്നും
ലോകത്തുണ്ടാകില്ല

അവൾ
ചുവന്ന ഇലകളുള്ള ചെടിയിൽ
ഒരു വെളുത്ത പൂവ്
ഒരേയൊരു പൂവ്
സ്നേഹത്തിൻ്റെ വെളുത്ത ഇതളുകൾ
ഉള്ളിൽ തൂ മധുരം
ആസ്വദിക്കാൻ
കുയിൽപ്പാട്ടു പോലെയൊരാൾ
വെറും പച്ചിലകളുള്ളവൻ
അവൻ നോക്കുമ്പോൾ
പൂവ്
ചുവന്ന ചുണ്ടുകൾക്കിടയിൽ
വിരിയുന്നു
ചുവന്ന വസ്ത്രത്തിൽ
മുഖമായ് തെളിയുന്നു
പൂവ് ചുട്ടുപഴുത്ത സങ്കടങ്ങളിൽ
ഒരു ഹിമബിന്ദുവായ്
ഉരുകാതെ
പിടിച്ചു നിൽക്കുന്നു
ചൂടെല്ലാം കിളികളായ്
പറന്നു പോകുന്നു
ലോകം മാറുന്നു
അവൾ അവൻ്റെ കണ്ണിലും
അവൻ അവളുടെ കണ്ണിലും
തെളിഞ്ഞ ആകാശത്തിൽ
പറന്നു നടക്കുന്നു
ഭൂമി മാത്രമല്ല
ആകാശവും അപ്പോൾ
പൂവിതൾ കൊണ്ട് നിറയുന്നു
- മുനീർ അഗ്രഗാമി

രണ്ടു പേർ

മുമ്പേതോ ജന്മത്തിൽ
പൂവും പൂമ്പാറ്റയുമായ തിന്നോർമ്മ
പുതുക്കുകയാണവർ
ഇതൾ വിരിച്ചും
ചിറകടിച്ചും
പാർക്കിലെ തിരക്കറിയാതെ
രണ്ടു പേർ
-മുനീർ അഗ്രഗാമി

ലോ ഫ്ലോർ

ലോ ഫ്ലോർ
..................
പെരുമഴയിലൂടെ ഓടുന്ന ബസ്സ്
ചില്ലു തൊലിയുളള
കിളിമീനാണ്
പെരുമഴയിൽ
കാറ്റ് തിരകളുണ്ടാക്കുന്നു
തിര മുറിച്ചൊഴുകുന്ന
ബസ്സിനുള്ളിൽ
ഞാനിരിക്കുന്നു
ലോ ഫ്ലോറിൽ
അടുത്തടുത്താളുകൾ
ആളുകൾക്കിടയിൽ തണുപ്പ് ചേർന്നിരിക്കുന്നു
മഴ കൊള്ളാതെ
ഇതിനുള്ളിലിരിക്കുമ്പോൾ
മഴ മറ്റൊരു രാജ്യമാണ്
കടലുപോലെ.
മഴത്തുള്ളികൾ മറ്റൊരു ജനതയും
ഇയർേ ഫാണിലൂടെ
ഞാനൊരു പാട്ടുകേൾക്കുന്നു ,
മഴയറിയാതെ.
അന്നേരം
സ്പർശിക്കുവാനുള്ള
ആഗ്രഹത്താൽ
അതിർത്തിയിൽ വന്ന്
നെഞ്ച് തകർന്ന്
മഴത്തുള്ളികൾ മടങ്ങുന്നു.
- മുനീർ അഗ്രഗാമി

അരക്ഷിത

അരക്ഷിത
...................
നാൽക്കാലിക്കും
അറവുകത്തിക്കുമിടയിൽ
മരിച്ചിട്ടും മഴ നനയുന്ന പെണ്ണ്!
തെരുവിൽ അവളുടെ
രക്തമേയുള്ളൂ
അതിനെ തലോടി
ബന്ധുക്കളുടെ വിലാപങ്ങൾ
ഉറക്കമില്ലാതെ പിടയ് ക്കുന്നു
നാൽക്കാലികൾ സുരക്ഷിതരാണ്
ഒരു മഴയുമറിയാതെ
ആലകളിൽ അവ
വിശ്രമിക്കുന്നു.
മഴ കൊളളുന്ന
കീറത്തുണികൾ
ദൈവത്തിന്
ഇത്രയും കണ്ണീരോ എന്ന്
അത് ഭുതപ്പെടുന്നു
- മുനീർ അഗ്രഗാമി

പന്തിഭോജനം

പന്തിഭോജനം
..............................
നമ്മുടെ പന്തിഭോജനത്തിൻ്റെ കഥ
ഓർമ്മയില്ലെങ്കിലോർക്കണം
കോളജിലേക്കന്നു കൂട്ടുകാരി
പൊതിഞ്ഞു കെട്ടിക്കൊണ്ടു വന്ന
പോത്തിറച്ചി വരട്ടിയതും
പൊറോട്ടകളും
ഒരേ പൊതിയിൽ നിന്നുമൊരേ മനസ്സാൽ
ആസ്വദിച്ചു തിന്നതും
പൈപ്പിലെ വെള്ളമാവോളം
ഊഴം കാത്തു നിന്നു കുടിച്ചതും
ഓർമ്മയില്ലെങ്കിലോർക്കണം
അന്നേരം നാം ജാതി മറന്നിരുന്നു
മതം മറന്നിരുന്നു
വർണ്ണ ഭേദങ്ങൾ മറന്നിരുന്നു
ഓർത്തതൊന്നുമാത്രം
കുടലെരിഞ്ഞു കത്തിയാളും
മനുഷ്യൻ്റെ
കൊടും വിശപ്പു മാത്രം.

- മുനീർ അഗ്രഗാമി

ഞാൻ ഫെമിനിസ്റ്റിനെ കുറിച്ച് സംസാരിക്കാൻ ശ്രമിക്കെ

ഞാൻ ഫെമിനിസ്റ്റിനെ കുറിച്ച്
സംസാരിക്കാൻ ശ്രമിക്കെ
സ്ത്രീ വേഷം ധരിച്ച്
ഫെമിനിസ്റ്റ് സംസാരിച്ച് തുടങ്ങി
പുരുഷ ഇതര സമൂഹത്തെ കുറിച്ച്
സദസ്സിൽ പുരുഷൻമാരുണ്ടായിരുന്നു
അവർ സ്ത്രീകളില്ലാതെ ഞങ്ങൾക്ക്
സമൂഹ മില്ലെന്നു പറഞ്ഞു
സദസ്സിൽ സ്ത്രീകളുണ്ടായിരുന്നു
അവർ പുരുഷൻമാരില്ലാത്ത സമൂഹം
ഞങ്ങൾക്കുമില്ലെന്നു പറഞ്ഞു
സദസ്സിലെ ഭിന്ന ലിംഗക്കാർ
പാതി പുരുഷനായും
പാതി സ്ത്രീയായും എല്ലാം കേട്ടു
ഫെമിനിസ്റ്റ് തുടരുകയാണ്
യുക്തിവാദിയായ യുവാക്കൾ
സ്ത്രീയെന്ന വാക്കിനും
പുരുഷനെന്ന വാക്കിനും
തമ്മിലുള്ള അഭേദത്തെ കുറിച്ച് ചർച്ച ചെയ്ത് ചോദിച്ചു :
ആരാണ് ഫെമിനിസ്റ്റ്?
അവർ
പുരുഷനാവാനോ
സ്ത്രീയാ വാനോ
ഭിന്ന ലിംഗമാവാനോ
ന്യായമില്ല
മനുഷ്യൻ്റെ രൂപമുള്ള മറ്റേതോ
ജീവികളാണവർ
അവർ അവരുടെ സമൂഹത്തെ
മനസ്സിൽ വളർത്തുമ്പോൾ
ഒടിയനെ പോലെ
സ്ത്രീയായും പുരുഷനായും
ശിഖണ്ഡിയായും
രൂപം മാറി
അവർ മനുഷ്യ സമൂഹത്തെ
വാക്കുകളെറിഞ്ഞ് കൊല്ലുന്നു
- മുനീർ അഗ്രഗാമി

ദേശാടനക്കിളികൾ

ദേശാടനക്കിളികൾ
.....................................
അപ്പോൾ വെളിച്ചമില്ലെങ്കിലും
നാം പറന്നു കൊണ്ടിരിക്കും
യാത്രയുടെ പൂക്കാലം പിറക്കും
അനന്തമായ ദൂരത്തിൻ്റെ
മുന്തിരിവള്ളികൾ പൂവിടും

അഞ്ചുവിരലുകളുള്ള
വെളുത്ത പൂവുകൾ നമ്മെ
വിളിക്കും
അവിശ്വസിക്കാനാവാത്ത വിളി
പ്രകാശത്തിൻ്റെ ശബ്ദത്തിൽ
മുഴക്കമില്ലാതെ .
അപ്പോഴും നാം പറക്കും
ഇരുൾ തുളച്ച്.
സൗഹൃദം
പറന്നു തീരാത്ത ആകാശമാണ്
യാത്രകൾ നമ്മെയതു
ബോദ്ധ്യപ്പെടുത്തും
ചിറകിന് നാമപ്പോൾ
സ്നേഹമെന്നു പേരിടും
പ്രണയമെന്നു പേരുള്ള
ഒരു തൂവലുണ്ട് ചിറകിൽ
പക്ഷേ, എവിടെയാണതെന്ന്
നമുക്കറിഞ്ഞുകൂടാ
വാത്സല്യമെന്നും
കാരുണ്യമെന്നും പേരുള്ള തൂവലുകളും
എവിടെയാണെന്നും നമുക്കറിഞ്ഞു കൂടാ
നാമൊരുമിച്ചു പറക്കുന്നു
ചിറകുകളെ വിശ്വസിച്ച്
ഇപ്പോൾ
ഇരുളിനെന്തു വെളിച്ചമാണ് !
സ്വപ്നങ്ങളെല്ലാമതിൽ
തെളിഞ്ഞു കാണുന്നു .
- മുനീർ അഗ്രഗാമി

എത്തുമിടങ്ങൾ

ചിറകുകളുള്ള വഴികൾവിളിക്കുമ്പോൾ
ദേശാടനക്കിളിയായ്
കൂടെ ചെല്ലണം
എത്തുമിടങ്ങൾ
തളിർക്കട്ടെ
പൂക്കാലമുണ്ടാകട്ടെ
തളർന്നു വീഴുമ്പോൾ
ഒരു പൂവെങ്കിലും
മുഖത്തു നോക്കി ചിരിക്കാതിരിക്കില്ല

- മുനീർ അഗ്രഗാമി

പ്രണയക്കടങ്കഥ

പ്രണയക്കടങ്കഥ
.............................
ഞാനിപ്പോൾ
രാത്രിയുടെ തുമ്പിലിരുന്ന്
പുലരിയിലേക്ക്
ഇറ്റി വീഴാൻ ശ്രമിക്കുന്നു

പതിവു രീതിയിൽ
എന്നെ മഞ്ഞു തുള്ളി യെന്നു
വിളിക്കരുതേ
കാരണം തണുത്ത
ഒരു കാറ്റു പോലുമിപ്പോ ളെൻ്റെ അടുത്തില്ല
പതിവുപോലെ എന്നിലൂടെ
നിങ്ങളുടെ പ്രകാശം കടത്തിവിടല്ലേ
കാരണം എന്നിൽ
തിളങ്ങുവാനായി ഒന്നുമില്ല
എൻ്റെ രാത്രി
ഒരുപമയുടെ നിറമാണ്.
എൻ്റെ പുലരി
അവളുടെ വെളിച്ചത്തിൻ്റെ പേരാണ്.
എൻ്റെ പകൽ
ഞങ്ങൾ കാണുമ്പോൾ
വിടരുന്ന വെളുത്ത പൂവാണ്
എൻ്റെ രാത്രിയുടെ ഉപമയുടെ പേര്
അവൾക്കേ അറിയൂ
അവളതിൽ കിടന്ന്
പുകയുകയാണ്
ഞാൻ ചിരിക്കാത്തതു കൊണ്ട്
അവൾക്കിനി
പുലരിയുണ്ടാകുമോ ?
അവൾ പുകഞ്ഞു തീർന്നാൽ
എനിക്കു പുലരിയുണ്ടാകുമോ ?
പകലുണ്ടാകുമോ ?
രണ്ടു പേർക്കുമിടയ്ക്ക്
അകലത്തിൻ്റെ ഇരുട്ട്
രണ്ടു പേരുടേയും
വിരൽത്തുമ്പിൽ
മിന്നാമിനുങ്ങുകൾ.
അവയുടെ വെളിച്ചം തമ്മിൽ
കണ്ടുമുട്ടുവാനാണ്
ഈ രാത്രിയുടെ പ്രാർത്ഥന.
- മുനീർ അഗ്രഗാമി

കുഞ്ഞുമോളുടെ ഡയറി (ജൂൺ ഒന്ന് )

കുഞ്ഞുമോളുടെ ഡയറി (ജൂൺ ഒന്ന് )
..............................
വേനലവധി കഴിഞ്ഞ്
സ്കൂള് തുറന്നു
കുന്നു നടന്നു കയറി
മഴയാണ് ആദ്യം സ്കൂളിലെത്തിയത്
അകത്തു കയറ്റാത്തതിനാൽ
ഇറയത്തു നിന്നു
ഞങ്ങൾ വാഹനത്തിലാണ്
ചെന്നത്
ഓരോരുത്തരായി പുറത്തിറങ്ങി
നാനോ കുട ചൂടി
ഒറ്റയൊറ്റയായ് നടന്നു
ക്ലാസിൽ കയറി
പുതിയ സിലബസ്സ്,
പുതിയ പഠനരീതി,
എല്ലാം സ്ക്രീനിൽ കാണാം
ക്ലാസ്സ് ഹൈടെക്ക്;
എ സി യും.
ഒരു കാറ്റു വന്നു
വരാന്തയിൽ നിന്നു
മഴയും വരാന്തയിൽ കയറി
അവരെ ആരും അകത്തേക്ക് നോക്കാൻ പോലും സമ്മതിച്ചില്ല
പുറത്തു നിന്നാരും വരാൻ പാടില്ല
വലിയ അച്ചടക്കമാണ് സ്കൂളിൽ.
മേഡം മറ്റേതോ നാട്ടുകാരി,
പെട്ടെന്ന് ചൂടാകും
ടി സി തരും
തിരിച്ചു പോകുമ്പോൾ
ബസ്സിൻ്റെ ചില്ലിനുളളിലൂടെ കണ്ടു ,
മഴയും കാറ്റും മരച്ചുവട്ടിലിരുന്നു പഠിക്കുന്നു
വിത്തുകളവർക്ക്
പാഠപുസ്തകം തുറന്നു കൊടുക്കുന്നു
ഇലകളിലവർ എഴുതിപ്പഠിക്കുന്നു
മണ്ണിൽ ചിത്രം വരയ്ക്കുന്നു
ഇടവേളകളിൽ
മരക്കൊമ്പിലൂഞ്ഞാലാടുന്നു
മരത്തടിയിലൂടെ
ഊർന്നിറങ്ങുന്നു
ചെളിവെള്ളം തെറിപ്പിക്കുന്നു
പുറത്തേക്കു നോക്കി
സമയം കളയരുതെന്നു
പറഞ്ഞിട്ടുണ്ട്
ഹോം വർക്കിനെ കുറിച്ചു ചിന്തിക്കണം
ഗൂഗിളിൽ തിരയണം
അരിയുണ്ടാകുന്നതെങ്ങനെ ?
ഉത്തരം കിട്ടിയില്ലെങ്കിലും
പേടിക്കാനില്ല
ടീച്ചറതു പ്ലേ ചെയ്യും
മമ്മ പറഞ്ഞിട്ടുണ്ട്
സങ്കടപ്പെടാനൊന്നുമില്ല
എല്ലാത്തിനും ചേർത്ത് ഫീസു കൊടുത്തിട്ടുണ്ട്.
- മുനീർ അഗ്രഗാമി

(ആ ) ഗ്രഹങ്ങൾ

(ആ ) ഗ്രഹങ്ങൾ
...........................
ഉടലിൽ ഒരു സൂര്യൻ
എരിയുന്നു
ഉടുപ്പുകൾ ക്കുള്ളിൽ
അത് പ്രകാശിക്കുകയാണോ?
ഉടയാടകൾ
അതിൻ്റെ പ്രകാശം
മറച്ചുവെയ്ക്കുകയാണോ ?

നാം ചർച്ച ചെയ്തു കൊണ്ടിരിക്കുമ്പോൾ
പിറന്നു വീണ കുട്ടി
നമ്മെ എത്ര പെട്ടെന്നാണ്
അവനെ ഭ്രമണം ചെയ്യുന്ന
ഗ്രഹങ്ങളാക്കിത്തീർത്തത്!
- മുനീർ അഗ്രഗാമി

പരീക്ഷണശാല

പരീക്ഷണശാല
............................
ഞാൻ വിളിച്ചു ,
ഹൈഡ്രജനും ഓക്സിജനും
മുന്നിൽ വന്നു നിന്നു
ഞാൻ പറഞ്ഞു ,
തമ്മിൽ ചേരുക;
ജലമാകുക!
അവ പറഞ്ഞു ,
നീ പോയ സ്കൂളിൽ ഞങ്ങൾ പോയിട്ടില്ല
സയൻസ് പഠിച്ചിട്ടില്ല
കിളികളുടെ ആകാശത്തിലേക്ക്
അവർ പറന്നു പോയി
ഉരുകിയൊലിക്കുന്ന നിശ്ശബ്ദതയിൽ
ഞാൻ
മലർന്നു കിടന്നു
മരിച്ചു പോയ സാവിത്രി ടീച്ചറെ
സരസ്വതി ടീച്ചറെ
വാസു മാഷെ
മഴത്തുള്ളികളെ ഓർത്തു കരഞ്ഞു
ഉറക്കം വന്നതേയില്ല
- മുനീർ അഗ്രഗാമി

ഉപേക്ഷിക്കപ്പെട്ടവർ

ഉപേക്ഷിക്കപ്പെട്ടവർ
...................... .............
ഉപേക്ഷിക്കപ്പെട്ടവരുടെ കണ്ണുകളിൽ
നനഞ്ഞു കുതിർന്നു കിടക്കുന്ന
പ്രണയത്തെ
അവരെ ന്തു ചെയ്യും ?
അവരുടെ വിരലുകളിൽ തണുത്തുറഞ്ഞു നിൽക്കുന്ന
വാത്സല്യത്തെ അവരെന്തു ചെയ്യും
അവരുടെ ചുണ്ടുകളിൽ
വിറച്ചു നിൽക്കുന്ന സ്നേഹത്തെ
അവരെന്തു ചെയ്യും ?

ആർക്കുമൊന്നുമറിഞ്ഞ കൂടാ.
ഉപേക്ഷിക്കപ്പെട്ട ഒരാളോട് ചോദിച്ചു ,
അയാൾ ഉരുകിപ്പോയി.
മറ്റൊരാളോട് ചോദിച്ചു‌ ,
അയാൾ പെയ്തു കൊണ്ടിരുന്നു.
വേറൊരാളോട് ചോദിച്ചു,
അയാൾ എനിക്കുള്ളിൽ മിണ്ടാതിരുന്നു.
ഉപേക്ഷിക്കപ്പെട്ടവരുടആകാശത്തിൽ
അവർ താരകങ്ങളാണ്
അവരെ ഭ്രമണം ചെയ്ത്
അനേകം ഗ്രഹങ്ങളുണ്ട്‌
അതിലേതോ ഗ്രഹത്തിൽ
നാം വസിക്കുന്നുണ്ട്
നമുക്കതറിയില്ല
സത്യമായിട്ടും
നമുക്കതറിയുകയേ ഇല്ല!
- മുനീർ അഗ്രഗാമി

സ്വദേശങ്ങൾ

സ്വദേശങ്ങൾ
....................
എൻ്റെ ഗ്രാമമായിരുന്നു അമ്മ
എൻ്റെ നഗരമായിരുന്നു അച്ഛൻ
നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്കും
ഗ്രാമത്തിൽ നിന്നും നഗരത്തിലേക്കും
സഞ്ചരിച്ചിരുന്ന വഴിയായിരുന്നു ഞാൻ
ആദ്യം ഗ്രാമമാണ് മരിച്ചത്
പിന്നെ നഗരവും
അപ്പോൾ പുറപ്പെട്ട ഇടവും
എത്തേണ്ട ഇടവും
നഷ്ടപ്പെട്ട വഴിയാണ് ഞാൻ
അമ്മയിൽ നിന്ന് പുറപ്പെട്ട്
അച്ഛനിലെത്തിയവർക്കേ
അത്
മനസ്സിലാവൂ
നോക്കൂ
വഴിയുപേക്ഷിക്കുവാനാകാതെ
എന്നിലൂടെ
എൻ്റെ രൂപത്തിൽ
ഒരു സങ്കടം
അതാ നടന്നു പോകുന്നു
- മുനീർ അഗ്രഗാമി

അങ്ങേ ഇങ്ങേ അറ്റം

അങ്ങേ  ഇങ്ങേ  അറ്റം
.........................................
സങ്കടങ്ങളുടെ രണ്ടറ്റത്തിരുത്ത്
നാം
കടങ്ങളും കടപ്പാടുമോർത്ത്
സന്തോഷിക്കുന്നു

നമുക്കിടയ്ക്ക്
രണ്ടറ്റങ്ങളെ ബന്ധിപ്പിച്ച്
ഒരു നൂലെങ്കിലുമുണ്ടല്ലോ
അതു മതി
നീ പ്രതീക്ഷിക്കുന്ന ഉറുമ്പിന്
എന്നിൽ നിന്ന് നിന്നിലെത്താൻ
ഞാൻ കാത്തിരിക്കുന്ന ഉറുമ്പിന്
നിന്നിൽ നിന്ന് എന്നിലെത്താൻ
അതിൻ്റെ ചുണ്ടിൽ
സ്നേഹത്തിൻ്റെ
ഒരരി മണിയെങ്കിലും
ഉണ്ടാവാതിരിക്കില്ല
- മുനീർ അഗ്രഗാമി

വറ്റാതിരിക്കുവാൻ

വാക്കുകൾ അടങ്ങി നിൽക്കട്ടെ
ചുണ്ടുകൾ സംസാരിച്ച്
തീരുമാനിക്കട്ടെ
നമുക്കുരണ്ടു പേർക്കു മിടയിലൊരു
വേനൽ മഴ പെയ്യട്ടെ
തമ്മിൽ വറ്റാതിരിക്കുവാൻ.

- മുനീർ അഗ്രഗാമി

കോടതി

കോടതി
..............
ഞങ്ങളുടെ ന്യായാധിപൻ തടവിലായിരിക്കുന്നു
അദ്ദേഹത്തിൻ്റെ ന്യായങ്ങൾ
പുറത്ത് കാത്തിരിക്കുന്നു
സ്വാതന്ത്ര്യം
ചങ്ങലകളിൽ കുരുങ്ങി
തടവറയുടെ മുന്നിലെ നിരത്തിലൂടെ
നടന്നുപോകുന്നു
പൂരത്തിന് എഴുന്നള്ളുന്ന
ആനയെ പോലെ
അത്ര ചന്തത്തിൽ.
അദ്ദേഹം വിധി പറഞ്ഞ
കേസുകളിൽ ചിലത്
രാജവീഥിയിൽ നിന്ന്
അത് കാണുന്നുണ്ട്
ചിലത്
ജയിലറയിൽ അദ്ദേഹത്തിനൊപ്പം
പൂക്കളുടെ നിറമന്വേഷിക്കുന്നു.
അന്യായവും
അലക്ഷ്യവുമായ
ഏതോ ഒരോർമ്മയിൽ
കോടതി
പഴയ ന്യായാധിപനെ ഓർത്ത്
പുതിയ വിധികളിൽ കാലിടറി വീണ്
മരിച്ചു പോയി .
- മുനീർ അഗ്രഗാമി

തടാകവും കരയും

തടാകവും കരയും
..........................
വെളിച്ചത്തിൻ്റെ തടാകമാണ് പകൽ
രാത്രി കരയും
കരയിൽ വീണു പിടയ്ക്കുന്ന മീനുകളേ
ഉറക്കം നമ്മെ രക്ഷിക്കാനെത്തില്ല
വെളിച്ചത്തിൻ്റെ തുള്ളികൾ
നമ്മെ ഒഴുക്കി തടാകത്തിലെത്തിക്കുമെന്ന
പ്രതിക്ഷയാണ് ജീവൻ
ജീവിതം രണ്ടു വെളിച്ചത്തിൻ്റെ
നടുക്ക് പിടയുന്ന ഈ ഇരുട്ട് തന്നെ.
രാത്രിയെന്നതിനെ വിളിച്ച്
ചെറുതാക്കരുതേ
നാം ഇരുട്ടു കൊണ്ട് പുതച്ചു വെച്ച ചലനങ്ങളെ
ഉറക്കം
സ്നേഹമുള്ള കൈകൾ പോൽ
ചേർത്ത് പിടിച്ച്
അടക്കാതിരിക്കുമ്പോൾ
- മുനീർ അഗ്രഗാമി