കാലം ...........



വറ്റിപ്പോയ
ഒരു കാലത്തിൻ്റെ വക്കത്ത്
അതിൻ്റെ ആഴം നോക്കി
ഇരിക്കുകയാണ്
എൻ്റെ ദാഹം.

പെയ്യുമ്പോൾ


പെയ്യുമ്പോൾ
...... ................
പെയ്യുമ്പോൾ
മഴയുടെ ഭാഷയിൽ
മഴ നിന്നോട് പറയുന്നത്
എനിക്ക് നിന്നോടു പറയാനുള്ളതാണ്
സംഗീതമെന്നാരതിനെ
തെറ്റിദ്ധരിച്ചാലും
നീയതറിയാതിരിക്കരുത്
ഓരോ തുള്ളിയിലും
നിനക്കുള്ള കുളിര്
ഞാൻ കൊടുത്തയച്ചിട്ടുണ്ട്
അതു വായിച്ച്
നീയെൻറ മഴകൊള്ളുക.
നീയടുത്തില്ലാത്തതിൻ
ശൂന്യത
കണ്ണീരിൽ കയറിയിരുന്നെന്നെ
പൊള്ളിക്കുമ്പോഴും.

മൈക്രോ കവിത -9 -നിലാവ് ............



അമ്പിളിപ്പൂവിൽ
നിന്നും പറക്കുന്നു
നിലാശലഭങ്ങൾ

എത്തിയില്ലല്ലോ


എത്തിയില്ലല്ലോ സഖീ
നാം രണ്ടാളുമിന്നോളം
രാവുകൾ നീന്തിയിട്ടും
പുലരിപ്പൂവാടിയിൽ!

കുഞ്ഞോളം


കുഞ്ഞോളം
....................
സമയസിന്ധുവിൽ
അവളൊരു കുഞ്ഞോളമായ്
കളിക്കുന്നു
തിരത്തള്ളൽ
തിരക്കിൻ്റെ
തിരയായവളറിയുന്നു
കുഞ്ഞലയിൽ
കാറ്റിനൊപ്പം
കുഞ്ഞിലകളും വന്നു
കളിയിലായവൾ
കളിവഞ്ചിയായവൾ
കുഞ്ഞോളമായവൾ
തുഴഞ്ഞെത്തി
അവളവളിലെ
കുഞ്ഞിനോളം

മൈക്രോ കവിത - 7


-
നയതന്ത്രം
.................
നിൻ്റെ
ചൂടിലെൻ
മഞ്ഞുരുകുന്നു
................

പായസം


പായസം
..............
അഞ്ചാം വയസ്സിൽ
അമ്മ തന്ന പായസം
ഇന്നലെയാണ്
കൂടുതൽ മധുരിച്ചത്
ഓരോ ആണ്ടിലും
അതിനു മധുരമേറുമ്പോൾ
ഓർമ്മകളിൽ നിന്ന്
അതെടുത്തു കുടിക്കും.
അമ്മയുടെ നിറമായിരുന്നു ആ രുചിയ്ക്ക്
അമ്മ മരിച്ചന്നു രാത്രി
മധുരമേറിയേറി വന്ന്
അതെന്നെ കരയിച്ചു;
നാക്കിലയിൽ നിന്ന്
നാക്കിലേക്ക് കൈപിടിച്ച് നടന്ന രുചി
അമ്മയുടെ കൈ പിടിച്ചായിരുന്നു
അന്നേരം നടന്നത്.
ഇന്നലെ വെറുതെയിരിക്കെ
അമ്മ അടുത്തുവന്നു
എങ്ങും നെയ് പായസത്തിൻ്റെ മണം
പരന്നു പകലൊഴുകുകയായ്
എന്നെ നോക്കുവാൻ മാത്രമന്നേരം
ഞാവൽ മരത്തിലൊരു കാക്ക വന്നു
അമ്മ എൻ്റടുത്തിരുന്നു;
ഞാനറിഞ്ഞ മഹാരുചിയായ്.

മൈക്രോ കവിത - 4-



യുദ്ധം
.................
വെളളപ്രാവിൻ
രക്തം
വെള്ളക്കൊടിയിൽ

മൈക്രോ കവിത - 3 -


ജീവിതം
.................
മഴയെഴുതിയ
പുഴയിൽ
നാം മീനുകൾ .
..................

മൈക്രോ കവിത - 2 -


രാധാമാധവം
.................
അവളിൽ
ആലിലയിൽ
ഞാൻ.

മൈക്രോ കവിത



വഞ്ചന
...........
മൊഞ്ചുളള
ഭൂതം
വഞ്ചന

തണൽ


തണൽ
..............
എൻ്റെ ഗ്രാമത്തിൽ
തണലുകൾ അടിച്ചു വാരുന്ന ചൂലുമായ്
വന്നവനാണ് വികസനം
തണലിൽ
എന്നെ കാണാൻ വന്നവർ
കൊഴിച്ചിട്ട തൂവൽ
തണലിൽ കേട്ട
കുളിർമ്മയുള്ള കൂവൽ .
തണലിൻ
സംഗീതം മീട്ടിയ പാറൽ
എല്ലാം കൊണ്ടു പോയേതോ
ചവറ്റുകുട്ടയിൽ ഇട്ടു
പൊള്ളിപ്പോയ
ഓർമ്മകളിൽ നിന്ന്
ഞാനിപ്പോൾ വെയിലു കൊള്ളുകയാണ്

വീഴ്ച


വീഴ്ച
............
അഹിംസയെ
ഹിംസ പിടിച്ചപ്പോൾ
ബുദ്ധനെയും
ഗാന്ധിജിയെയും
കാണാതായി
ഹിറ്റ്ലറും
മുസ്സോളിനിയും
പ്രത്യക്ഷപ്പെട്ടു
ഹിംസ പുലിയും
അഹിംസ
മാനുമെന്ന ഉപമ
കുട്ടികൾക്ക്
മനസ്സിലായതേയില്ല
മാനുകളെല്ലാം
അവരുടെ കുട്ടിക്കാലത്തിനും മുമ്പേ
വെടിയേറ്റു വീണിരുന്നല്ലോ!

കുന്നും കുഞ്ഞും .


കുന്നും കുഞ്ഞും
...........................
മാഷ് കുന്നെന്നെഴുതി
കുന്നു കാണാത്ത കുഞ്ഞുങ്ങൾക്ക്
അർത്ഥം കിട്ടിയില്ല
മാഷ് അനുഭവം പറഞ്ഞു
അനുഭവത്തിലുള്ള തൊന്നും
കുഞ്ഞുങ്ങൾക്ക്
അനുഭവമായില്ല
അർത്ഥം നഷ്ടപ്പെട്ട വാക്ക്
മയയ്ക്കുന്നതിനു മുമ്പ്
മാഷ്ക്ക് വെളിപാടുണ്ടായി
മാഷ് പറഞ്ഞു,
കുന്ന് ഒരു രക്തസാക്ഷിയാണ്
കൊല്ലും കൊലയും കണ്ട കുഞ്ഞുങ്ങൾക്ക് വേഗം
കാര്യം പിടികിട്ടി
മാഷ് തുടർന്നു
ആ രക്തസാക്ഷിയെ
അടക്കം ചെയ്താണ്
വയലു തീർന്നു പോയത്

തുമ്പത്ത്
..............
സങ്കടത്തിൻ്റെ തുമ്പത്ത്
ഒരു തുമ്പി.
പച്ചപ്പ് തിന്നത്
കാട്ടുതീയോ
നാട്ടുതീയോ
എന്നതിനറിയില്ല
വെന്തു കൊണ്ടിരിക്കുന്ന
ഹൃദയത്തിനു മുകളിൽ
അതു വട്ടമിട്ടു പറന്നേക്കും
ചിറകുകൾ
ബാക്കിയുണ്ടെങ്കിൽ!

കൂടുമ്പോൾ


കൂടുമ്പോൾ
.....................
കൂടുമ്പോൾ നാമറിയാതെ
ഒരു കൂടുണ്ടാകുന്നു
നമ്മുടെ ആഗ്രഹങ്ങൾ കൊണ്ട്.
കൂടുമ്പോൾ
നമ്മെ അറിയുന്ന
ഒരു കൂട്ടുണ്ടാകുന്നു
നമ്മുടെ ആനന്ദങ്ങൾ കൊണ്ട്.
കൂടുമ്പോൾ
മുമ്പകപ്പെട്ട കൂടുകളുടെ വാതിൽ
തകരുന്നു
നമ്മുടെ ഒരുമ (ഒരുമ്മ ) കൊണ്ട്.
കൂടുമ്പോൾ
എന്നോ കുടഞ്ഞെറിഞ്ഞ കുടുക്കുകൾ
തിരിച്ചെത്തുമെന്ന പേടി
തരിപ്പണമാകുന്നു
നമ്മുടെ ശക്തി കൊണ്ട്.
കൂടുമ്പോൾ
കൂടുന്ന സ്നേഹത്തിൽ
വാക്കുകൾ കൊറിച്ച്
നാം കാറ്റുകൊള്ളുന്നു
നമ്മുടെ സംഗീതം കൊണ്ട്.

സ്വപ്നത്തിൻ്റെ തിരയിൽ



സ്വപ്നത്തിൻ്റെ തിരയിൽ
ഇതാ എൻ്റെ തോണി കുതിക്കുന്നു
സൂര്യൻ ഉദിക്കുന്നതും കാത്ത്.
നിശ്വാസങ്ങൾ തുഴഞ്ഞു പോകുന്ന
തോണി
സങ്കടച്ചുഴി കടന്ന്
ഉറക്കം വിട്ട്
ഉണർവിലേക്ക് വേഗം വേഗം.
..
ഇരുൾ തുളച്ച്
വെളിച്ചത്തിലേക്ക്
നീന്തുന്നു
ഉറക്കത്തിലല്ല
ഉണർവ്വിലേ
അത് തിരയടികളിൽ ജീവിക്കൂ

ഉല്ലാസക്കാറ്റിൽ ഉറച്ച മനസ്സുമായേ
മുന്നോട്ടു പോകൂ
സ്വപ്നത്തിൻ്റെ തിരയിൽ
ഇതാ എൻ്റെ തോണി
വെളിച്ചത്തെ ചുംബിക്കുന്നു
കാത്തിരുന്ന സൂര്യനെ അറിയുന്നു

നിനക്കു വേണ്ടി ഞാൻ പുഷ്പിക്കും


ഞാൻ പൂത്തുനിൽക്കുമ്പോൾ
നീ അടുത്തു വരരുത്
എൻ്റെ വസന്തത്തിൽ
നീ മുങ്ങിപ്പോവും

അതെനിക്കു കാണേണ്ട
എൻ്റെ ഇലകളും പൂക്കളും
കൊഴിഞ്ഞിരിക്കുമ്പോൾ
നീയെൻ്റെ ചില്ലയിൽ വന്നിരിക്കുക

നിനക്കു വേണ്ടി ഞാൻ പുഷ്പിക്കും
അന്നേരം
ഒരിക്കലും കൊഴിയാത്ത
ഒരു വസന്തം
നമ്മെ എടുത്തു നടക്കും

ഉള്ളതും ഇല്ലാത്തതും


ഉള്ളതും ഇല്ലാത്തതും 
*****************************
മനസ്സിൽ
കുന്നുള്ളവരിലേയുള്ളൂ
കുന്നോളം കൊടുക്കുവാൻ.
കുന്നു കുഴിയാക്കിയവരിൽ
ഉണ്ടാവില്ലൊരു
കുന്നിക്കുരു പോലും.

അദ്ധ്യാപകൻ


അദ്ധ്യാപകൻ
.......................
അദ്ധ്യാപകൻ മരിച്ചു,
സങ്കടത്തോടെ
അവൻ വിതച്ച അക്ഷരങ്ങൾ
അടുത്തുവന്നു
വാക്കുകളായി.
വാക്ക് വാക്കിനോട്
അവനെ കുറിച്ച് പറഞ്ഞു
പറഞ്ഞതൊക്കെയും
സ്നേഹമായി.
സ്നേഹം അവനെ
വിളിച്ചുണർത്തി
മരണം നുണപറയുകയാണ്.
അദ്ധ്യാപകൻ മരിക്കുന്നില്ല

മലർ


മലർ
...........
എത്ര വെന്തിട്ടാണ്,
വെന്തു പൊരിഞ്ഞിട്ടാണ്
ഉള്ളു കാണിച്ചൊന്നു
വെളുക്കെ
ചിരിച്ചതെന്നറിയുക

എത്ര ചൂടു സഹിച്ചിട്ടാണ്
നിൻ്റെ തണുത്ത കൈയിൽ
പ്രസാദിച്ചതെന്നറിയുക
മലരേ എന്നു
നിൻ്റെയൊരു
 വിളികേൾക്കുവാൻ

തുന്നൽക്കാരൻ (പ്രണയകവിത)



............................
നിനക്കുള്ള പൂക്കൾ
എൻ്റെ സ്വപ്ന നൂലുകൾ കൊണ്ട്
തുന്നി വെച്ചിട്ടുണ്ട്
നോട്ടങ്ങളുടെ ഷാൾ
എൻ്റെ കണ്ണിൽ നിന്ന്
നിൻ്റെ കണ്ണിലേക്ക്
പറക്കുമ്പോളതു കാണാം
പ്രണയത്തിൻ്റെ
കാറ്റുണ്ടെങ്കിൽ.

അന്നം


അന്നം
...........
സ്നേഹത്തിൻ്റെ ഇലയിൽ
നീ വിളമ്പിയ വെൺമകൾ
ഓരോ പിടിവാരുമ്പോഴും
അറിഞ്ഞിരുന്നില്ല
ഹൃദയം നിറയുന്നത് .
സ്വാദു കൂടുമ്പോൾ
ഏതന്നമാണ് മതിയാവുക !

ഗുരുവിനോട്



ഗുരോ
ജീവിതം മടുത്തപ്പോൾ
അങ്ങയുടെ വാക്കുകളുടെ
ആഴത്തിലേക്ക്
ഒരൊറ്റ ചാട്ടം.
പുതു ജീവിതത്തിലേക്ക്
ഒരു നീന്തൽ .
ആഴത്തിൻ്റെ ഉയരത്തിൽ നിന്ന്
നക്ഷത്രങ്ങൾ പറിക്കുന്നു
കരകയറാതെ
ആഴത്തിൻ്റെ ആഴത്തിൽ നിന്ന്
മുത്തുകൾ പെറുക്കുന്നു
മുങ്ങാതെ
ഗുരോ
അങ്ങയുടെ ശാന്തമായ കടൽ
എനിക്കു വീട്
പക്ഷേ
അങ്ങയുടെ
ജാതിയും മതവും കൊണ്ട്
ആരൊക്കെയോ വലനെയ്തു കൊണ്ടിരിക്കുന്നു
അവരെന്നെ പിടികൂടുമോ ?
അങ്ങയുടെ വാക്കിൽ
തുടിക്കുന്ന ജീവനെയൊക്കെയും
അവർ പിടികൂടുമോ ?

ഫ്ലാറ്റ്


ഫ്ലാറ്റ്
...
വയലുകളുടെ
ഖബറിടത്തിലെ
മീസാൻ കല്ലുകളാണ്
ഫ്ലാറ്റുകൾ

ഒരു ലളിത കവിത:



ഹൈക്കു .
................
തളിരിലയിൽ
ഇളം വെയിൽ
പ്രണയ സ്മിതം

ഒരു കടുംകവിത.


.
സ്നേഹമഞ്ഞ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
നിനക്കൊപ്പം നടക്കുമ്പോൾ
മരുഭൂമി ഒരു മഞ്ഞപ്പൂവ്
നിൻ്റെ കൈ പിടിക്കുമ്പോൾ
മഞ്ഞയിതളുകളിൽ
സൂര്യൻ്റെ തുള്ളികൾ

നീ എന്നിൽ വീഴുമ്പോൾ
മണൽക്കാറ്റൊരു
മഞ്ഞപ്പൂമ്പാറ്റ
എത്ര പെെട്ടന്നാണ് നാം പൂമ്പൊടികളായത്
ഒരു തുള്ളി ജലം പോലുമില്ലാതെ
എത്ര വേഗത്തിലാണ്
ഒരു പൂക്കാലം
നമ്മെ എടുത്തു നടന്നത്!
............... ................. ....

ഹൈക്കു കവിത


...............................
ഇടവഴിയിലൂടൊരു മഴ
മലയിറങ്ങുന്നു
പുഴയിലേയ്ക്കൊരു വഴിയായ്

കാവൽ.


കാവൽ...
കൊയ്യാൻ നെല്ലില്ലാണ്ടായാൽ
അരിവാളെന്തുചെയ്യും;
നക്ഷത്രങ്ങളെ 
അരിഞ്ഞിടുകയല്ലാതെ !
പാറകളെല്ലാം
പൊട്ടിച്ചു തീർന്നാൽ
ചുറ്റിക എന്തു ചെയ്യും;
നക്ഷത്രങ്ങളെ തകർക്കുകയല്ലാതെ !
അമ്പലത്തിൽ ആൾത്തിരക്കേറിയാൽ
ദേവിയുടെ കൈയിലെ
തൃശൂലമെടുത്ത്
ഇടം വലുതാക്കുകയല്ലാതെ
എന്തു ചെയ്യും!
പക്ഷേ
യഥാർത്ഥ സഖാവ്
വംശനാശം വരാതെ
അവസാനത്തെ നെൽവിത്തിനു
കാവൽ നിൽക്കുന്നുണ്ട്
യാഥാർത്ഥ വിശ്വാസി
പൂജിക്കാൻ
 വയലുകൾ ബാക്കി വെക്കാൻ ശ്രമിക്കുന്നുണ്ട്
നീയും ഞാനും
നിറം മങ്ങിയ കൊടിയുടെ
തണലിലാണിപ്പോഴും
കൊടിയുടെ നിറം
ഏതെന്നു മനസ്സിലാകുന്നില്ല
തെറിച്ചു വീഴുന്ന ചോരയുടെ
നിറം മാത്രം മനസ്സിലാവുന്നു
മനസ്സിൽ നിന്നു പോയ
നെല്ലിൻ്റേയും പുല്ലിൻ്റെയും നിറം
നമുക്ക് തിരിച്ചു കൊണ്ടുവരണം
കയ്യിലെ വടിവാൾ വലിച്ചെറിഞ്ഞ്
ഞാറുകളേന്തണം
നാം തിരിഞ്ഞു നോക്കാത്ത
ആ രണ്ടുപേർ
നമ്മെ കാത്ത്
വയലിൽ തന്നെയുണ്ട്
വംശനാശം വരാതിരിക്കാൻ!

തോൽവി

തോൽവി
..................
വന്യതയേറിയേറിയെൻ നാട്
കാടായതിൽ പിന്നെ
സദാ ഉണർന്നിരിക്കുന്ന കാട്ടിൽ
ഉറങ്ങിപ്പോയതാണെൻറെ സങ്കടം


എല്ലാ ദിക്കിൽ നിന്നും
ഭരണകൂടത്തിൻറെ
ഉറക്കുപാട്ട് മാത്രമാണ് കേട്ടത്
താളവും വൃത്തവും നിറഞ്ഞ
ജീവിതംവിരിച്ചാണ് കിടന്നത്
കാട്ടാറും മു ളങ്കൂട്ടങ്ങളുമാണ്
താരാട്ടിയത്


ഉറങ്ങരുതെന്ന് മനസ്സു പറഞ്ഞിട്ടും
ഉറങ്ങിപ്പോയി
ഉണർന്നപ്പോൾ
മുയലായി മാറിയിരുന്നു
ആരാണെന്നെ മനുഷ്യനല്ല താക്കിയത് ?


ഉറങ്ങുമ്പോൾ
എത്ര ആമകൾ
എന്നെ മറികടന്നിട്ടുണ്ടാകും ?


ഇനി പാട്ടുകളുടെ ഓർമ്മയിൽ
തോൽവിയാ ഘോഷിക്കാൻ
ഒരു രൂപയുടെ അരി വാങ്ങാൻ
റേഷൻ കയിൽ ക്യൂ നിൽക്കട്ടെ !

രക്ഷാബന്ധൻ


രക്ഷാബന്ധൻ
...........................
ഒടുവിൽ
എൻറെകൈയ്യിൽ
നീയുമിന്നൊരു ചരടു കെട്ടി
നിന്നെ രക്ഷിക്കണമെന്നു പറഞ്ഞ്.

നോക്കൂ നീ കാണാത്ത
എത്രയെത്ര ചരടും ചങ്ങലകളുമാണ്
എൻറെ കയ്യിലും കാലിലും.
രക്ഷപ്പെടാനായിരുന്നു ,
അതഴിച്ചു കളയാനായിരുന്നു
എനിക്കു നിന്നെ വേണ്ടിയിരുന്നത്

പക്ഷേ
ആരോ പറഞ്ഞതു കേട്ട്
നീയും കെട്ടുന്നു
കെട്ടുപാടുകളുടെ
പാടിൽ ഒരു ചരട്.

വേണ്ട കുട്ടീ
കെട്ടുകൾ കുരുക്കുകളുടെ
വംശത്തിൽ പിറന്നവരാണ്.
കുരുക്കുകളഴിക്കുന്നവളേ
കുരുക്കിൽ നിന്നും
രക്ഷപ്പെടൂ

തിരുവോണത്താരകം
....................................
പൂവിലന്നു നാം
മറന്നുവെച്ചൊരാമോദം
തിരിച്ചേകുവാനല്ലോ സഖീ
പൂക്കൾ
തിരുവോണത്താരകമായുദിക്കുന്നു
നീയും ഞാനുമതിൻ പ്രഭയിൽ
ഓർമ്മ തന്നൂഞ്ഞാലിൽ
ഇത്തിരി നേരമിരിക്കുന്നു
പച്ചപ്പാലോണക്കോടി ചുറ്റി
പച്ചിലപ്പടർപ്പുകൾ
നമ്മെ നോക്കി ചിരിക്കുന്നു
ചിങ്ങവെയിലിൽ
കുട്ടിയെ പോൽ ചിണുങ്ങും
മഴത്തുള്ളികൾ
ജീവിതോത്സവ മാഘോഷിക്കുന്നു
വേലിപ്പടർപ്പിൽ ചിറകടിച്ചിരിക്കുംപൂവുകൾ
നമുക്കുമാഗ്രഹച്ചിറകുകൾ
തരുന്നൂ
പൊന്നോണത്തുമ്പികളായ്
ഒരുമാത്ര നാം മാറിയേതോ
രസരഹസ്യം നുണയുന്നു
പുതു സൂര്യോദയമായ് മുക്കുറ്റികൾ
പേരറിയാ ഹർഷരശ്മികൾ
ചിതറിയെത്തുന്നു
അരളികൾ നഷ്ട ബാല്യത്തിൽ
കവിളിലെ ചെഞ്ചോപ്പുമായുണരുന്നു
മഞ്ചാടി മണികളിൽ
നമ്മുടെ കുസൃതികളുടെ
ജീവരക്തം പൊടിയുന്നു
പോകും മുമ്പണിമലരിൻ
നിലാവെളിച്ചത്തിൽ
കൈ പിടിച്ചിത്തിരി നേരം നടക്കാം
നമുക്കീ തുമ്പകൾ
വിളിക്കും വഴിക്കു സഖീ...
കരഞ്ഞു കുതിർന്നു
കർക്കിടകമായ് നാം
തളർന്നിരിക്കെ
നമുക്കുയിരേകാൻ
ഓർമ്മ തൻ തൂമധു
തൂവിയതാണീചിങ്ങമാസം
ഊണു കഴിഞ്ഞിനി
ഓണം മടങ്ങും വഴി
തെല്ലു വേദന യാൽ
തല്ലും മനസ്സുമായ്
രണ്ടു മലരുകളായ്
വിടർന്നു നിൽക്കുന്നുവോ
സഖീ ഞാനും നീയും ?

മഹാബലി


മഹാബലി
....................
പൂക്കളെ പോലെ
സ്നേഹമുള്ള കൂട്ടുകാരൻ പറഞ്ഞു ,
പൂക്കളുടെ മഹാബലിയാണ് ഓണം
അന്നേരം 
ബലി യർപ്പിക്കപ്പെട്ട   പൂക്കളെ ഓർത്ത്
എൻറെയുളളിലെ
ഐതിഹ്യമെല്ലാം വാടിപ്പോയി

തുമ്പ


തുമ്പ
,,,,,,,,,,,,,,,,
തിരഞ്ഞൊടുവിൽ
കാണാതായ തുമ്പയെ കണ്ടെത്തി
നിഷ്കാസിതൻ്റെ
സങ്കടങ്ങൾ കൂട്ടിയിട്ട
പുറമ്പോക്കിൽ നിന്ന് .
ഞാനും
എൻ്റെ ഓർമ്മകളും
എത്ര വിളിച്ചിട്ടും കൂടെ വന്നില്ല
തിരിഞ്ഞു നോക്കാഞ്ഞപ്പോൾ
പറമ്പിൽ നിന്ന്
പറയാതെ ഇറങ്ങിപ്പോയതാണ്
വീട്ടുകാരിയും വിളിച്ചു;
വന്നില്ല.
അവളുടെ ജീവിതത്തിൽ നിന്നും
ഇറക്കിവിട്ടതിൻ്റെ
പരിഭവത്തിലാണ്
കുഞ്ഞുങ്ങൾ വളിച്ചാലേ
തുമ്പ വരൂ.
കുഞ്ഞുങ്ങളുടെ ഭാഷയിൽ
വിളിക്കാനറിയുന്ന
കുട്ടിയെ കണ്ടെത്തണം
പുറമ്പോക്കിലാണെങ്കിലും
പൂത്തുനിൽക്കുന്ന തുമ്പയ്ക്ക്
കുഞ്ഞുങ്ങളുടെ കൂടെയേ
വരാനറിയൂ
മനസ്സിൽ
പൂമ്പാറ്റകളുള്ളവരുടെ കൂടെ മാത്രമേ
പൂക്കൾ വരൂ

എൻറെ തിരുവോണമേ


എൻറെ തിരുവോണമേ
.........................................
എൻറെ തിരുവോണമേ
നിറങ്ങളിൽ നിറഞ്ഞ്
തീരെ ഒച്ചയില്ലാതെ
കുറെ പൂക്കൾ
ഓർമ്മകളിൽ കൈവെച്ച്
ഒരാഘോഷം പ്രഖ്യാപിക്കുന്നു,

പൂത്തറ
അവരുടെ നിലപാടുതറയാവുന്നു
ഓണം
അവരുടെ മാമാങ്കവും

പൂക്കുടകളിൽ
ചാറി വീഴുന്ന ചിങ്ങമഴ
പ്രാചീനമായൊരു ഗാനാർച്ചനയാൽ
അതാ ഘോഷിക്കുമ്പോൾ
തുമ്പയുടെ ചുണ്ടുകളതേറ്റു ചൊല്ലുമ്പോൾ
എൻ
റെ തിരുവോണമേ
നിൻറെ വെളിച്ചത്തിൽ
ഞാനെന്നെയറിയുന്നു

ഓണം


പ്രായത്തിൻറെ കഠിന വഴികളിൽ
ഓർമ്മയുടെ കൈ പിടിച്ച് നടക്കുന്ന
പാവം കുട്ടിയാണ് ഓണം

ചിറകുള്ള കൂട്ടുകാരൻ


ചിറകുള്ള കൂട്ടുകാരൻ
.....................................
ചിറകുള്ള കൂട്ടുകാരനാണ് ഓണം
ഒരിക്കൽ കണ്ടുമുട്ടിയാൽ
ജീവിതാവസാനം വരെ
അവൻ നമുക്കൊപ്പം പറക്കും

ചിറകുകളിൽ
പൂക്കാലം വരച്ച ചിത്രങ്ങൾ കാണുമ്പോൾ
അവനൊരു പൂമ്പാറ്റ.

ആഘോഷത്തിൽ
ആനന്ദം പാടുമ്പോൾ
അവനൊരു കുയിൽ
അരിപ്പൂ പൊന്തയിൽ
നിശ്ശബ്ദത പതുങ്ങുമ്പോൾ
അവനൊരു ചെമ്പോത്ത്.

പൂക്കളങ്ങളിൽ മനസ്സ്
ദു:ഖങ്ങൾ കടഞ്ഞെറിഞ്ഞ്
വിശ്രമിക്കുമ്പോൾ
അവനൊരു തേൻകുരുവി
.
യന്ത്രപ്പകലിൽ പൽച്ചക്രങ്ങളിൽ പിടഞ്ഞു മുറിവു പറ്റവേ
അവനൊരു വെള്ളയരിപ്പിറാവ് .
അവൻ നമുക്കൊപ്പം പറക്കെ
നാമവനൊപ്പം തിരിച്ചു പറക്കും
നിഷ്ങ്കനിലാവെളിച്ചം വിശ്രമിക്കുന്ന
കുട്ടിക്കാലത്തിൻ്റെ
പൂവട്ടിയിലേക്ക്

അതിൽ കയറുവാൻ
കാത്തിരിക്കുമൊരു
തുമ്പക്കുഞ്ഞിലേയ്ക്ക്.

വന്യം


വന്യം
........
കാട്ടിലൊറ്റപ്പെട്ട മനുഷ്യൻ
കാടിൻറെ വന്യത പിടികൂടിയാലും
രക്ഷപ്പെടാം
നാട്ടിലൊറ്റപ്പെട്ട കടുവ
നാടിൻറെ നന്മയിൽ
പെട്ടു മരണപ്പെടാം
കാടിൻറെ നന്മയെ കുറിച്ചവൻ
എന്നും വാചാലനാവും
നാടിൻറെ വന്യതയെ കുറിച്ച്
തോക്കുകളും .

സ്വപ്നം


സ്വപ്നം
,,,,,,,,,,,,,,,,,,,,,
സ്വപ്നം നഷ്ടപ്പെട്ട ഒരാൾ
എത്രകാലം
അതു തിരഞ്ഞു നടക്കും ?
വടി കുത്തി
നടുവളഞ്ഞ്
താഴേക്ക് നോക്കി
എത്ര കാലമായി
അവർ നടക്കുന്നുവെന്ന് എനിക്കറിയില്ല
സ്വപ്നങ്ങൾ വീണുപോകുന്നതാണ്
ശരിക്കും നമ്മുടെ വീഴ്ച.
വീഴ്ചയിൽ
ഒരു ചിറകിൻ്റെ തണലുണ്ടെങ്കിൽ
അതു മതി
വീണ്ടും ഒരു പറക്കൽ സ്വപ്നം കാണാൻ .

മൗനം .........


മൗനം
.........
ഊർന്നിറങ്ങിപ്പോയ
മൗനത്തിൻ്റെ കുറുകൽ
നിശ്ശബ്ദതയിൽ പറന്നത്
നമുക്കേ അറിയൂ
അതിൻ്റെ തൂവലുകൾ
നാമെടുത്തു വച്ചിട്ടുണ്ട്
ആരതിനെ വളപ്പൊട്ടെന്നു വിളിച്ചാലും
നമ്മുടെ മൗനത്തിലതിപ്പോഴും
ചിറകടിക്കുന്നു
പല വർണ്ണത്തിൽ
പല താളത്തിൽ

കാണാതാകൽ


കാണാതാകൽ
..........................
ഒരനുഭവത്തിൻ്റെ
രണ്ടോർമ്മകൾ
രണ്ടു ദിക്കിലിരുന്നു കരഞ്ഞു.
രണ്ടു കരച്ചിലിൻ്റെ
ഒരനുഭവത്തിൽ
അവർക്കിടയിലെ
അകലം കാണാതായി

പൂവിളി


പൂവിളി
..............
പൂവിളി പൊങ്ങുന്നേരം
രാക്കിളി പാറുന്നേരം
കുന്നിലും വയലിലും
നമ്മളന്നോടിച്ചെല്ലെ,
തൂമഞ്ഞിൻ മധുരസം
മോന്തിയ തുമ്പപ്പൂക്കൾ
പുഞ്ചിരിപ്പൂവാൽ നമ്മെ
സൽക്കരിച്ചണയ്ക്കുന്നു
കാലുകൾ പിടിച്ചു കൊ-
ണ്ടോമനത്തൊട്ടാവാടി
തൊട്ടടുത്തിരിക്കുവാൻ
സാമോദം മൊഴിയുന്നു
ചിനുങ്ങും മഴത്തുള്ളി
തഴുകുമരിപ്പൂക്കൾ
അരികെ ചെല്ലാൻ ചൊല്ലി
തുടുത്തു ചിരിക്കുന്നു
കയ്യിലെ പൂവട്ടിയിൽ
നിറയും വസന്തശ്രീ
നിർമ്മലം പകരുവാൻ
പൂവമ്പൻ വിരുന്നെത്തി
തെളിയും സൂര്യാംശുവിൽ
പൂവിളിക്കുത്തരമായ്
കൗതുകക്കണ്ണാൽ നമ്മെ
നോക്കുന്നൂ തെച്ചിപ്പൂക്കൾ
വളരും സൗഹൃദത്താൽ
നടക്കും വഴിയെല്ലാം
സ്വർഗ്ഗമായ് തീരുന്നേരം
നന്മകൾ വിടരുന്നൂ
ഓരോരോ പുൽത്തുമ്പിൽ
പറന്നു കളിക്കുന്നു
നമ്മുടെ സ്നേഹത്തിൻ്റെ
പൊന്നോണ പൂത്തുമ്പികൾ
പൂപൊലി പാടിപ്പാടി
വാസരം വരുന്നേരം,
നമ്മളിൽ വിരുന്നെത്തും
നന്മയാം തിരുവോണം
ഋതുക്കൾ കഴിയവേ
വീട്ടിലെ കാണാ ദുഃഖം
നാട്ടിലെ കാണാ ദാഹം
തളർത്തീ നമ്മെ പിന്നെ
അന്നത്തെ കിളികളും
അന്നത്തെ കളികളും
മറഞ്ഞ വഴികളിൽ
നമ്മളും ചിതറിപ്പോയ്
ഓണമേ വരൂ വരൂ
വെ,ന്നുള്ളു വിളിക്കമ്പോൾ
ഓർമ്മകൾ നടക്കുന്നൂ
നമ്മുടെ ബാല്യം തേടി.

മൂന്നു കാര്യങ്ങൾ


മൂന്നു കാര്യങ്ങൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കടലിന്നൊരറ്റം
പൊക്കി നോക്കുന്ന കാറ്റിൽ
തുഴഞ്ഞുലഞ്ഞു 
തിരയ്ക്ക് മുകളിലൂടൊരു കിളി
തോണിയെന്ന പോൽ
മക്കൾക്കന്നത്തിനായ്
മീനിനെ തിരഞ്ഞ്
കടലിന്നടിയിൽ നിന്നൊരു പെൺമീൻ
കരകാണുവോളമുയരത്തിൽ
ചൂണ്ടൽ കൊളുത്തുകൾക്കിടയിലൂടെ
രക്ഷപ്പെട്ട്
കാണാതായ മക്കളെ തിരഞ്ഞ്
കടപ്പുറത്തു കാറ്റിൽ വിരലുകൾ കോർത്ത്
കരപറ്റുവാനാവാതെ
കരയുന്നു രണ്ടു പേർ
ഒരാഗ്രഹത്തിൻ തിരയവരിൽ
ജീവിതം തിരഞ്ഞ് .

കൂട്ടിലെ തത്ത


ആകാശമില്ലാത്തവന്
ചിറകുള്ള സ്വപ്നവും
കൂട്ടിലെ തത്തയാവുന്നൂ

ഇനിയെങ്ങനെ


പൂവുകൾ പേടിച്ചിരിക്കുന്ന മേട്ടിൽ
പൂവട്ടിയുമായി
ഞാനെന്തിനാണ് കയറിപ്പോയത് ?
ഒന്നും ഓർമ്മയില്ല
പൂക്കളിങ്ങനെ കൊതിയോടെ 
എന്നെ നോക്കുമ്പോൾ
ഇനിയെങ്ങനെ ഞാനവയെ
അറുത്തെടുത്തെൻ്റെ
പൂത്തറയലങ്കരിക്കും ?

കിളി കളി കിളി


കിളി കളി കിളി
......................
കിളി കളി
കിക്കിളി കളി
കിളികളെൻ്റെ
കളിക്കൂട്ടുകാർ
കളി മൊഴിയിൽ
കിളിമൊഴിയിൽ
കളിക്കാലത്തിൻ
കളിമ്പമെല്ലാം
കിളികളായി
കളി തുടങ്ങി
കിളവനായ് ഞാൻ
കളിനിർത്തവേ.

അമ്മ


പ്രകൃതിയിൽ നിന്ന്
വാക്കുകളിലേക്ക് ഞാൻ
കടന്ന പാലമാണ് അമ്മ

ജീവിതം പ്രകാശിക്കുവാൻ


കുന്നില്ലാതെ
വയലില്ലാതെ
പൂക്കളുടെ വെളിച്ചമില്ലാതെ
എന്നും ഇരുട്ടിലായവന്
സ്വപനത്തിൻ്റെ ഒരിലയിൽ
ഒറ്റപ്പെട്ട മഞ്ഞുതുള്ളിയാണ് ഓണം
അതിന്നാർദ്രതയിൽ
സൂര്യനെഴുതുന്ന കവിതയുടെ
തിളക്കം മതി
ജീവിതം പ്രകാശിക്കുവാൻ.

തണൽ


തണൽ
**********
അവളുടെ മനസ്സിൽ ഒരു മാവുണ്ട്
അതിന്റെ താഴെ കൊമ്പിൽ
ഒരൂഞ്ഞാലുണ്ട് 
അതിനടുത്താണ് ഞാൻ നില്ക്കുക
ആർക്കും മുറിക്കാൻ പറ്റാത്ത
ആ മാവിലാണ് ഞാനും അണ്ണാനും
ഒരേപോലെ കയറിപ്പോകുക
തിരിച്ചിറങ്ങുമ്പോൾ
അവളുടെ ചൊടിയിൽ മാമ്പഴം പഴുക്കും
ഊഞ്ഞാലിൽ മാമ്പഴക്കാലം വന്നിരിക്കും
അതിന്റെ താളത്തിൽ അവളാടും
ഞാനതിപ്പോൾ കാണാറില്ല
അടുക്കളയിലെ കലമ്പലിൽ
ഇടവേളകളുടെ ഇളവെയിലിൽ
മാവിൻ കൊമ്പിലെ കിളിക്കൂട്ടത്തിലൊരു
കിളിയായ് അവളിപ്പൊഴും ആടും
എത്ര മാവുകൾ മുറിച്ചാലും
എത്ര മാവുകൾ മുറിഞ്ഞു വീണാലും
എനിക്കതിന്റെ തണലുണ്ട് .

പതാക


പതാക
*********
സ്വാതന്ത്യ്രദിനത്തിൽ
ഉറക്കച്ചടവോടെ
പതാക ഉയർത്താൻ ചെന്ന എന്നോട്
മൂവർണ്ണക്കൊടി സംസാരിച്ചു തുsങ്ങി ,
സ്വാതന്ത്യ്രം ഉറക്കത്തിൻ് റേയോ
ഉൻമാദത്തിൻ്റേ യോ
ഉദാസീനതയുടേയോ പേരല്ല
ഉയിരിൽ കെടാതെ നിൽക്കേണ്ട
ഒരു നെയ്ത്തിരിയുടെ
ഉടലുമുയിരും പുതുക്കിപ്പണിത
മഹാ വെളിച്ചത്തിൻ്റെ പേരാണത്
അതിൻ്റെ പ്രകാശത്തിലിരുന്നാണ്
സ്വപ്നങ്ങൾ എഴുത്തു പഠിക്കുക
മൂന്നു വർണ്ണങ്ങളുടെ
ചരിത്രം പഠിക്കുക,.
എറൻ്റ മുകളിൽ ജ്വലിക്കുന്ന
ഈ കുങ്കുമ നിറം
സ്വാതന്ത്യ്രത്തിനു വേണ്ടി
പകലാ യുദിച്ചവരുടെ സന്ധ്യാകാശത്തു നിന്ന്
നടുക്ക് കാറ്റിൽ വിറയ്ക്കുന്ന
വെളുപ്പ്
സമാധാനത്തിനു വേണ്ടി ഉറക്കം കളഞ്ഞവരുടെ
സ്വപ്നത്തിൽ വിടർന്ന
മുല്ലപ്പൂക്കളിൽ നിന്ന്
താഴെ തുടിക്കുന്ന പച്ച
രാജ്യസ്നേഹികളുടെ
നിസ്വാർത്ഥമായ സേവനത്തിൻ്റെ
വാടാത്ത പച്ചപ്പിൽ നിന്ന്
ഏതു കൈക്കും ഉയർത്താവുന്ന
ഏതു കാറ്റിനും ഇളക്കാവുന്ന ഒരു തുണിയല്ല ഞാൻ
നിൻ്റെ കൈകളിൽ
കാലുകളിൽ
സ്വപ്നങ്ങളിൽ
വാക്കുകളിൽ
പ്രവൃത്തിയിൽ ഒരു ബഹുവർണ്ണച്ചങ്ങല
കുടുങ്ങിക്കിടക്കുന്നുണ്ട്
നീയതിൻ്റെ വർണ്ണങ്ങൾ മാത്രം കാണുന്നു
നിന്നെ അതിൻ്റെ കണ്ണികൾ കാണുന്നു
ഒരു കണ്ണിക്ക്
നിൻ്റെ മതത്തിൻ്റെ നിറം
മറ്റൊന്നിന് നിൻ്റെ ജാതിയുടെ.
മറ്റൊന്നിന് നിൻ്റെ പാർട്ടിയുടെ
ഇനിയൊന്നിന് നിൻ്റെ
സംഘടനയുടെ
മറ്റൊന്നിന് നിൻ്റെ
ജോലി സ്ഥാപനത്തിൻ്റെ
ഇനിയൊന്നിന് കടത്തിൻ്റെ ...
മറ്റുള്ളവയ്ക്ക് എനിക്കു തിരിച്ചറിയാൻ വയ്യാത്ത
നൂറു നൂറു നിറങ്ങൾ
അതിൻ്റെ മാസ്മരികതയിൽ
നീ മയങ്ങിപ്പോകുന്നു
സ്വാതന്ത്ര്യ മറിയാതെ
സ്വാതന്ത്യ്രദിന മറിയാതെ
സ്വതന്ത്രനാവാതെ.