കൊണ്ടോട്ടി

ഇപ്പോൾ വയസ്സനായ
ഒരു ചെറുപ്പക്കാരനുണ്ടായി രുന്നു
ഞാവൽ മരങ്ങളുടേയും
ഞാട്ടിപ്പാട്ടിൻ്റേയും
തണലിൽ വളർന്നവൻ
തവളയുടേയും ചീവീടിൻ്റേയും
ശബ്ദത്തിൽ നിന്നും
താരാട്ട് വേർതിരിച്ചു കേട്ടവൻ
അവനിപ്പോൾ
കാണാതായ നെല്ലിനങ്ങളെ
സ്വപ്നം കണ്ട് ഞെട്ടി ഉണരുന്നു
പുലരും മുമ്പേ
അവയുടെ വീടു തിരഞ്ഞ്
നടന്നു പോകുന്നു
അയാൾ ചെന്നു നിന്നിടത്ത്
പുലരി അയാളെ കാത്തു നിന്നു
ഒരു കിളി പോലും അയാളെ അഭിവാദ്യം ചെയ്യാനുണ്ടായിരുന്നില്ല
കുറെ വിമാനങ്ങൾ
അയാൾക്കു മുന്നിൽ പറന്നിറങ്ങി
കുറെ അയാളെ നോക്കാതെ
പറന്നു പോയി
അയാൾ തിരിച്ചു വന്ന്
വീണ്ടും കിടന്നുറങ്ങി
സ്വപ്നത്തിൽ,
മരിച്ചുപോയ നെൽവിത്തുകൾ
വിതയ്ക്കുന്ന തത്തമ്മയെ അയാൾ കണ്ടു.
തത്തമ്മ അയാളോടു
സങ്കടത്തോടെ പറഞ്ഞു,
കൊണ്ടോട്ടി ഇപ്പോൾ എൻ്റെ നാടല്ല
പിന്നെ അയാൾ ഉണർന്നില്ല
കൊതികൂടി
കെട്ടുകെട്ടി
കെട്ടുപോയി!

തേൻ തുള്ളിക്കവിതകൾ 137.കുതിരപ്പുറത്തു നിന്നും


വാക്കുകളുടെ കുതിരപ്പുറത്തു നിന്നും
ഇറങ്ങുന്നില്ല കൂട്ടുകാരൻ;
രാജാവായെന്നു തോന്നുന്നു.

ഇന്നലെകളിൽ ജീവിക്കുന്നവർ

ഇന്നലെകളിൽ ജീവിക്കുന്നവർ
............................
ഇന്നലെകളിൽ ജീവിക്കുന്നവർ
ഇന്ന് ജീവിക്കുന്നില്ലെന്ന്
പറയുന്നതെങ്ങനെ?
സ്വന്തം മൃതദേഹം വഹിച്ചുകൊണ്ട്
അവർ നമുക്കു മുന്നിലൂടെ
ഒരു തൂവൽ ഒഴു കുമ്പോലെ
നടന്നു പോകുമ്പോൾ .
പുനർജന്മത്തിനോ
ഉയിർത്തെഴുന്നേൽപിനോ വേണ്ടി
അവർ അവരുടെ ദേഹം
സ്വന്തം കൈകളിലേന്തി
അത്യുന്നതങ്ങളിലേക്ക്
നോക്കിയിരിക്കും
ഇന്നലെ കളിൽ നിന്ന്
കാലുകൾ വലിച്ചെടുത്ത്
പുതിയ നിരത്തിലൂടെ നടക്കുമ്പോൾ
അവർ പഴയ വയൽ വരമ്പിൽ തന്നെയാണെന്നു തോന്നും
ഒരാൾ യുദ്ധത്തിനു മുമ്പുള്ള
സ്വപ്നത്തിൽ ചെന്നിരിക്കുമ്പോൾ
മറ്റൊരാൾ ഭുകമ്പത്തെ കുറിച്ച്
ചിന്തിക്കാതിരുന്ന രാത്രിയിൽ നിന്ന്
പുറത്ത് കടക്കാനാവാതെ
മരിച്ചവരെല്ലാം ജീവിച്ചിരിക്കുന്ന വീട്ടിലേക്ക്
തിരിച്ചു നടക്കുന്നു
ഒരാൾ
പ്രണയത്തിൻ്റെ
സംഗീതവഴികളിൽ നിന്ന്
കലാപത്തിൻ്റെ കലമ്പലിലേക്ക്
വന്നു വീണിട്ടും
ഈണം പോകാതെ
വിരഹത്തിൻ്റെ കൈ പിടിച്ച് നടക്കുന്നു
മറ്റൊരാൾ
ഏഴു കടലുകൾ കടന്നു പോയിട്ടും
ഒരു മാഞ്ചോട്ടിൽ വിശ്രമിയ്ക്കുന്നു
ഒരു മഴവില്ലിന് ഉമ്മ കൊടുക്കുന്നു
ഇന്നലെകളിൽ ജീവിക്കുന്നവർ
വേരുകളുടെ യാത്രകളിൽ കിട്ടിയ നിറങ്ങളിൽ
പൂക്കുമ്പോൾ
ഇന്നും ജീവിക്കുന്നു
അവർ
ഇന്നലെകളിലും ഇന്നും
ഒരേ പോലെ ജീവിക്കുന്നില്ല
ഇന്നലെ യുടെ ഇലത്തുമ്പിൽ
മുറ്റിനിന്ന മഴത്തുള്ളി
അവർക്കൊരു കടൽ
അവരതിൽ
ഒരു പരൽമീൻ
ഓണത്തുമ്പി അവർക്ക്
പൂക്കാലത്തിലേക്കുള്ള വാഹനം
ചേതന യില്ലാ ത്തസ്വന്തം ഉടലുമായ്
അവർ എപ്പോഴും നടന്നു പോകും
പുനർജന്മത്തിനു വേണ്ടി
പുൽക്കൊടി കളോട്
പ്രാർത്ഥിക്കാൻ പറഞ്ഞ്.

ചിലരുടെ വിളികളിൽ

ചിലരുടെ വിളികളിൽ
മുല്ല പോലെജീവിതം പൂക്കും
അവരുടെ വാക്കുകൾ
മഴത്തുള്ളികളാകുമ്പോൾ

അഴിമതി

അഴിമതിയുടെ നിറം
കറുപ്പായിരുന്നു
ലോകത്തുള്ള എല്ലാ കറുപ്പും ചേർന്ന
കടും കറുപ്പ്

കാലം പോകപ്പോകെ
അതു നരച്ചു;
നരച്ചുനരച്ചു വെളുത്തു
കറുപ്പു നടന്നു പോകുമ്പോൾ
വെളുപ്പായേ തോന്നൂ

അഴിമതി
ഇപ്പോളങ്ങനെ
വെളുത്ത കാടായ് വളരുന്നു
പുതിയ കുട്ടികൾ
അതിൻ്റെ വെളുപ്പിൽ
വെളിച്ചം തിരയുന്നു

വെളുപ്പായ കറുപ്പിനെ
അവർ കാണില്ല
കാരണം
അവരുടെ കാലം
കറുപ്പെല്ലാം വെളുപ്പായ കാലം

തേൻ തുള്ളിക്കവിതകൾ 136. ചിറകടിക്കുന്നു

തേൻ തുള്ളിക്കവിതകൾ
136. ചിറകടിക്കുന്നു
വാടും മുമ്പുപൂവുകൾ
കണ്ണിലെഴുതിയ പുഞ്ചിരിയിൽ
പൂക്കാലമിപ്പോഴും ചിറകടിക്കുന്നു

ആഴ്ചച്ചന്ത

ആഴ്ചച്ചന്ത
.. .................
പണ്ടൊരു വിരുന്നുകാരൻ
ആഴ്‌ചയിലൊരിക്കൽ
ഗ്രാമത്തിൽ
വിരുന്നു വന്നിരുന്നു
ഗ്രാമം ആഗ്രഹിച്ചതെല്ലാം
അയാൾ കൊണ്ടു വന്നിരുന്നു
കുപ്പിവളകൾ
കുപ്പായം
കൈതോലപ്പായ
കാട്ടുമരുന്നുകൾ
ഉണക്കമീൻ
അങ്ങനെ പലതുമായ്
നിരത്തു വക്കിൽ
അയാൾ വന്നു നിന്നിരുന്നു
അയാളെക്കാണാൻ
കൗതുകം മലയിറങ്ങി നടന്നിരുന്നു
ആവതില്ലാത്തവർ
വടികുത്തി വയൽ കടന്നിരുന്നു
പൊട്ടിച്ചിരികൾ
മലഞ്ചെരിവിലൂടെ വന്നിരുന്നു
പണക്കുഞ്ചികൾ
സന്തോഷത്താൽ
ചിരിച്ചു കുഴഞ്ഞിരുന്നു
ആഴ്ചച്ചന്തയെന്നാളുകൾ
പറഞ്ഞാലും
ഗ്രാമത്തിനവൻ
സന്തോഷത്തിൻ്റെ
ദേവനായിരുന്നു
മതേതരമായ ഉത്സവത്തിൻ്റെ
ഇടയനായിരുന്നു
തിമിരം മൂടിയ കണണ്ണുകളിലിപ്പോഴും
അവൻ മങ്ങാത്ത കാഴ്ചയാണ്
ചുളിവുവീണ വിരലുകളിൽ അവൻ
ഒരു കുഞ്ഞുമോതിരത്തിൻ്റെ
കെടാത്ത വെളിച്ചമാണ്
പുത്തനങ്ങാടികൾ
അവനെ
പണമെറിഞ്ഞോടിച്ചെങ്കിലും

കാട്ടിൽ നിന്നും കടലിൽ നിന്നും

കാട്ടിൽ നിന്നും കടലിൽ നിന്നും
.....................................................
കാട്ടിൽ നിന്നും വന്നവന്
ഉള്ളിൽ ഒരു കാടു സൂക്ഷിക്കാം
സ്വാതന്ത്യ്രത്തിൻ്റെ
കൊമ്പു കുലുക്കാം
മദം പൊട്ടുവോളം
മയക്കുവെടിയെ പേടിക്കാതെ നടക്കാം
പക്ഷേ
കടലിൽ നിന്നു വന്നവന്
അകത്തും പുറത്തും
കടലില്ലാതെ
കഴിയാനാവില്ല
അവന്
കടലിൽ നിന്നും
വരാനേ കഴിയില്ല
ഇനി പറയൂ
നീ കടലാവുമോ
കാടാവുമോ ?

തേൻ തുള്ളിക്കവിതകൾ 135.സങ്കടം

തേൻ തുള്ളിക്കവിതകൾ
135.സങ്കടം

സ്വയമൊരു കടലായ് ,
അതിൽ കറങ്ങി ചുഴിയായ്
ആഴമറിയുന്നു സങ്കടം

ചുവന്ന ആനന്ദം

ചുവന്ന ആനന്ദം
...........................
ഗുൽമോഹർ ചുവന്ന ആനന്ദമാണ്
വെയിലിൻ്റെ തിളങ്ങുന്ന കവിളിൽ
അതിൻ്റെ ചുണ്ടുകൾ 
ഉമ്മവെച്ചുമ്മ വെച്ച്
വേനലിൻ്റെ കണ്ണു പോലും
കുളിർപ്പിക്കുന്നു

ചൂടിൽ തുഴഞ്ഞെത്തുന്ന കിളികൾക്ക്
ഒരു ചുവന്ന സ്നേഹക്കടൽ
കൊടുക്കുന്നു
കരിഞ്ഞു പോയ പുൽക്കൊടിക്ക്
ഒരു ചുവന്ന വാത്സല്യക്കുട
ചൂടുന്നു

വിയർത്തു വരുന്ന തൊഴിലാളിക്ക്
ചുവന്ന കൊടികളുടെ ആകാശം
നൽകുന്നു

തണലിലൂടെ നടക്കുമ്പോൾ
ഗുൽമോഹർ
മോഹിപ്പിക്കുന്ന
ചുവന്ന മഴക്കാലമാണ്

പ്രണയകാലത്ത്
നമ്മുടെ ഞരമ്പുകളിൽ പൂവിട്ട
രക്തത്തുള്ളികൾ പോലെ
അവ കാറ്റിന്
മധുരം കൊടുക്കുകയാണ്

േതൻ തുള്ളിക്കവിതകൾ 134.വരില്ല.


േതൻ തുള്ളിക്കവിതകൾ
134.
ആട്ടിൻകുട്ടി
ബുദ്ധനെ കല്ലെറിയുന്നു
ഇല്ല, 
അദ്ദേഹം ഇനി ഇതു വഴി വരില്ല.

വിഴുങ്ങൽ


വിഴുങ്ങൽ
.......... .........
അവൾ ഉണർന്നു നോക്കുമ്പോൾ
ഒരു വസ് ത്രം മറ്റു വസ്ത്രങ്ങളെ
പിടിച്ചു തിന്നുകയാണ്
നീലയും പച്ചയും കരകളിൽ നിറഞ്ഞ
വിശുദ്ധ നിറമുള്ള
കാച്ചി ത്തുണി,
തത്തമ്മയുടെ വാലു പോലുള്ള പച്ചത്തട്ടം
ചുവപ്പും മഞ്ഞയും ചിറകുകളുള്ള പാവാട
മഞ്ചാടിക്കുടുക്കുള്ള
പെങ്കുപ്പായം
എല്ലാം
അതു തിന്നുകഴിഞ്ഞു
രാത്രി പോലുള്ള ആ വസ്ത്രം
പുലരി യിൽ
കുറേ കുട്ടികളേയും
അകത്താക്കി
പകലിലേക്ക് നടക്കുകയാണ്
അവൾ
ജനലിലൂടെ
അതു നോക്കി നിന്നു
മകൻ ഗൾഫിൽ പോയാൽ
ഒന്നെനിക്കും കൊണ്ടുവരും
അതെന്നെയും വിഴുങ്ങും.
വിഴുങ്ങും

ആ കളിക്കാലം


ആ കളിക്കാലം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,:
കളിക്കൂട്ടുകാരേ
കഴിഞ്ഞൂ കളിക്കാലം
ഇഴയടുപ്പത്തിൻ മഴക്കാലം
മൊഴി മുത്തുകൾ കൊണ്ടു
കളിച്ച മധുക്കാലം
മിഴി നനയാതിരിക്കുവാൻ
മയിൽപീലി കുടയായ
മഴക്കാലം
വഴി മാറാതിരിക്കുവാൻ
ഒഴുക്കിൽ പൊടിമീനായ്
നീന്തിയ പുഴക്കാലം
വഴിവെളിച്ചമായ്
അമ്പിളിമാമൻ
കഥകൾ പറഞ്ഞ
പൗർണ്ണമിക്കാലം
കണ്ടിരിക്കെ
കളിക്കൂട്ടുകാരെ കാണാതായ്
കുളിരു പോയ പോൽ
ചിലരകന്നു പോയ്
കിളികളെ പോൽ
ചിലർ തുവൽ തന്നു മരിച്ചു പോയ്
മഴ പോലെ ചിലർ
പിണങ്ങി നാടുവിട്ടു
വയലുപോൽ
ചിലർ ജീവനോടെ
മണ്ണിന്നടിയിലായ്
കുന്നു പോൽ ചിലരെ
ആരോ കട്ടുകൊണ്ടു പോയ്
കരിമ്പാറ പോലുള്ള
ചിലർ പൊട്ടിച്ചിതറി
കളിക്കാരാ
നിനക്കു മെനിക്കുമിപ്പോൾ
ഒരേ സങ്കടം
ആഴത്തിലെത്തിയില്ലല്ലോ
വഴിവിളക്കിൻ തെളിച്ചം
കളിക്കോപ്പിൻ വെളിച്ചം
( മുനീർ അഗ്രഗാമി)

പഴയവൾ



പഴയവൾ

അരവയറുമായ്
അരിയിടുമവൾ
അരഞ്ഞു തീരും
അരകല്ലു പോൽ
അകത്തുള്ളവൾ
 

താവഴി


താവഴി
.............
അമ്മയ്ക്ക് ഓലമെടയാനറിയില്ല
അമ്മമ്മ ഓല നന്നായി മെടയും
ഒറ്റക്കണ്ണിയായും ഇരട്ടക്കണ്ണിയായും മെടയും
അമ്മൂമ ഓലകൊണ്ട് മങ്കുട്ടയും വല്ലവുമുണ്ടാക്കും
അമ്മൂമ മെടയുന്ന കുട്ടകൾ അപ്പൂപ്പൻ
അടയ്ക്കാക്കുലയ്ക്കും ചക്കയ്ക്കും
കുപ്പായമായി ഇട്ടു കൊടുക്കും
അമ്മൂമയുടെ അമ്മ
ഓലകൊണ്ട് പൂവട്ടിയും ഉമിക്കരിപ്പാത്രവും
ഉണ്ടാക്കിയിരുന്നു
ആ കാലത്തിൽ നിന്നും ഒരോലപ്പന്ത് ഉരുണ്ടുവന്നു
ഓലപ്പമ്പരം കറങ്ങി നിന്നു
ഓലക്കിളിയും ഓലപ്പാമ്പും അതു നോക്കിനിൽക്കെ
ചിതൽ പിടിച്ചു
എനിക്കാണെങ്കിൽ ഒരീർക്കിൽ ചൂലുപോലും
ഉണ്ടാക്കാനറിയില്ല
അതുകൊണ്ട്
ഇപ്പോൾ കുഞ്ഞുങ്ങളെ ഇങ്ങനെ പഠിപ്പിക്കുന്നു:
ഓല ഒരു പാഴ് വസ്തുവാണ്

പൂക്കാലം(തേൻതുള്ളിക്കവിതകൾ 133.)



മഴവില്ല് പൂക്കാലമാണ്
എന്റെ ജലകണങ്ങളിലൂടെ
നിന്റെ രശ്മികൾ 
കടന്നുപോകുമ്പോൾ

എന്റെ കുളിരേ(തേൻതുള്ളിക്കവിതകൾ 132).



എന്റെ വേനലിൽ പെയ്തവളേ
എന്റെ കുളിരേ
 ഓർമ്മപ്പുഴയിലേക്ക് ഒഴുകിപ്പോകല്ലേ
 ഓടിപ്പോകല്ലേ!

പൂരം .


പൂരം
.. ....:....
പൂരം
മഴയുടെ പൂരം
കുളിരാനകൾ
മിന്നലിൻ വെൺചാമരം
ഇടിയുടെ തായമ്പക
ഇരുളിൻ കുടമാറ്റം
പൂരപ്പറമ്പിലവർ;
മഴത്തുള്ളികൾ
മഹാപൂരമായ്

ശബ്ദത


ശബ്ദത
....................
നിശ്ശബദത ഉറങ്ങുന്നവരുടെ
സ്വപ്നത്തിലാണ്
നോക്കൂ ഈ
രാത്രിയിൽ
ഒരിലവീഴുന്നതിന്റെ ശബ്ദം
ഇലകളിൽ മഞ്ഞുതുള്ളികൾ
നടക്കുന്നതിന്റെ ശബ്ദം
ഒരിളംകാറ്റ്
അവിടെ വന്നുനോക്കുന്നതിന്റെ ശബ്ദം
ഇരുളിലെവിടെയോ
പേടി ചിറകുകുടയുന്ന ശബ്ദം
പെട്ടെന്ന് ഭൂമി മെല്ലെ പുരികം ചുളിക്കുന്നു
എല്ലാ ശബ്ദത്തിനും മുകളിൽ
വലിയ ഒച്ച
ഒച്ചകൾ
ശബ്ദങ്ങൾ...
നിശ്ശബദത
ഉറങ്ങുന്നവരുടെ സ്വപ്നത്തിലാണ്
ആരും ഉറങ്ങാത്തതു കൊണ്ട്
നിശ്ശബ്ദതയേ ഇല്ല
ഇപ്പോൾ!
ഭൂകമ്പം കടിച്ചു കുടഞ്ഞതിന്റെ
വേദനയൊച്ചകൾ മാത്‌രം

നിഴൽ (തേൻതുള്ളിക്കവിതകൾ 131.)


പോക്കുവെയിലിൽ
എന്റെ നിഴൽ
എന്നെ കാത്തു നിൽക്കുന്നു

വർ‍ത്തമാനം(തേൻതുള്ളിക്കവിതകൾ 130.)



വർത്തമാനം പറയണം
വർ‍ത്തമാനം പുലരുവാൻ

സാറ്റുകളി


സാറ്റുകളി
*********
വരൂ വരൂ
നമുക്കു സാറ്റു കളിക്കാം
കളിയുടെ മറവിൽ
ഒളിവിലിരിക്കും
ജീവനസംഗീതം കണ്ടുപിടിക്കാം
പലനേരങ്ങളിൽ
പലകാലങ്ങളിൽ
പലരീതികളിൽ
സാറ്റുകളിച്ചവർ നാം
സാരിച്ചിറകിന്നടിയിലൊളിച്ചും
പാറക്കെട്ടിൻ പിന്നിലൊളിച്ചും
പുഴയിലൊളിച്ചും
പൂമരമൊന്നിൻ പിറകിലൊളിച്ചും
കുന്നിലൊളിച്ചും
കുന്നിക്കുരുവിൻ കൂടെയൊളിച്ചും
കോഴിക്കുഞ്ഞിനെ കണ്ടുപഠിച്ചും
കളിയുടെ ലഹരിയിൽ
മുങ്ങി നിവർന്നവർ നാം
വരൂ വരൂ സാറ്റു കളിക്കാം
പേടിക്കാലം
ഒളിവിലിരുത്തിയ
പേടിപ്പനികൾ മറക്കാം
ആഹ്ലാദത്താൽ
ഒളിവിലിരിക്കാം
സന്തോഷത്താൽ
മറവിലിരിക്കാം
വരൂ വരൂ സാറ്റുകളിക്കാം
നമുക്കിത്തിരിനേരം
അമ്മമരത്തിൻ പൊത്തിലിരിക്കാം
ഓടിയൊളിച്ചിട്ടാവഴിയീവഴി
കുട്ടിക്കാലത്തിൻ കൂടെ നടക്കാം
അയ്യോ കളിയിൽ നമ്മുടെ കൂടെ കൂടാൻ
കുന്നില്ലല്ലോ മരമില്ലല്ലോ
അമ്മക്കിളിയുടെ
ചിറകില്ലല്ലോ
പാറക്കെട്ടിൻ മറവില്ലല്ലോ
തൊടിയിൽ നിന്നുചിരിക്കും
പൂങ്കാവുകളുടെ രുചിയില്ലല്ലോ
പക്ഷേ പലപല മതിലുകൾ
നമ്മുടെ കൂടെക്കൂടാൻ
അവരുടെ കളിയിൽ നമ്മെ കൂട്ടാൻ
വീടിൻ ചുറ്റിലുമൊരുങ്ങിയിരിപ്പൂ

ഓർമ്മയകലം


ഓർമ്മയകലം
""""""""""""""""""""""
ധനുമാസ രാവിലെൻ നെഞ്ചിലെ
സേ്നഹനിലാവിൽ
നിൻ കുളിർ കിടന്നുറങ്ങിയതാണോർമ്മ
അന്നൊരിളം കാറ്റുവന്നു
നമ്മെത്തഴുകിക്കടന്നുപോയ്
കണ്ണുചുവന്നിട്ടും തിരുവാതിരത്താരകം
നമുക്കന്നു കാവലായ് നിന്നു
പ്രായത്തിന്നിളയ കൊമ്പിൽ
അന്നു നാം കെട്ടിയാടിയ
ഊഞ്ഞാലിപ്പോഴുമുണ്ടാകണം
ഓർമ്മതന്നകലങ്ങളിൽ
മുറിച്ചുമാറ്റിയ മാവിന്റെ തണലിൽ
ഇടനേരമൊന്നിരിക്കുവാൻ
വയ്യാതെ നാമുഴലുമ്പോഴും

മലയാളമെന്നു പേരുള്ളവൾ


മലയാളമെന്നു പേരുള്ളവൾ
***************************
മലയാളമെന്നു പേരുള്ളവൾ
ഉറ്റവർ
ജീവനോടെ കുഴിച്ചുമൂടിയോൾ
ഏതോ കാല്പനിക വിഭ്രാന്തിയിൽ
കല്ലറയിൽ നിന്നൊരു രാത്രി;
നിലാവുള്ള രാത്രി
പുറത്തിറങ്ങി
കല്ലറയ്ക്കു മുകളിലവളുടെ പേരും
ജനനവും മരണവും
കൊത്തി വെച്ചിട്ടുണ്ട്
അവൾക്കതു വായിക്കുവാനായില്ല
അവൾക്കജ്ഞാതമായ
ഭാഷയിലതു ചരിത്രക്കുറിപ്പല്ല;
ചിത്രലേഖനങ്ങൾ
അവൾ കാത്തിരുന്നു,
നട്ടപ്പാതിരയ്ക്ക്
നാട്ടുകാരനൊരാൾ വന്നു
അവൾക്കറിയാത്തവൻ;
മലയാളിയെന്നു പേരുള്ളവൻ
ഇംഗ്ലീഷറിയുന്നവൻ
അവനതു വായിച്ചു
ബബിൾഗം ചവച്ചതിൻ ബാക്കി അതിൻമേലൊട്ടിച്ചു നടന്നുപോയ്
മറ്റേതോഭാഷിലെ പാട്ടിൻ വരികളവന്നു പിന്നാലെയും
കടന്നുപോയ്
ഒളിച്ചുനിന്നവളതു കേട്ടു
തരിച്ചുപോയ്
പിന്നെ‐തിരിച്ചുപോയ് കല്ലറയിൽ കിടന്നു
മൂന്നു നാളല്ല
മുന്നൂറാണ്ടു കഴിഞ്ഞെങ്കിലും
ഉയിർത്തെഴുന്നേൽക്കുമെന്നൊരു
ശുഭപ്രതീക്ഷയാൽ
***********************
മുനീർഅഗ്രഗാമി

തേൻതുള്ളിക്കവിതകൾ 129.ലിംഗനീതി


ഫെമിനിസ്റ്റായതിൽ പിന്നെ 
മകൾക്ക് അപ്പൂപ്പന്റെ പേരിട്ടു
ലിംഗനീതിയും സമത്വവും
അങ്ങനെയെങ്കിലും പുലരട്ടെ.
(തേൻതുള്ളിക്കവിതകൾ 129)

തേൻതുള്ളിക്കവിതകൾ 128.പരക്കലിൽ വേദനയുടെ



ഉരുളലിൽ ഒരു പരക്കലുണ്ട്
പരക്കലിൽ വേദനയുടെ
ഉരുണ്ടുകൂടലും
ഭൂമിയെ പോലെ.

നിഴലാന


നിഴലാന
::::::::::::::
ഇലച്ചെവികളാട്ടി നിൽക്കുമീ
കൊമ്പനാനയ്ക്കെത്ര കാലുകൾ!
എത്രയെത്ര തുമ്പിക്കയ്യുകൾ!
തമ്മിൽ പുണരുന്ന
പലതരം കൊമ്പുകൾ!
ചൂടേറിയതിനാൽ
മണ്ണുതൊടാൻ നീളുന്നു
തുമ്പിക്കയ്യുകൾ!
അതിലൊന്നിൽ
വേനലിൻ നട്ടുച്ചയ്ക്ക്
ഊഞ്ഞാലാടുന്നു ഞാൻ.
തളർന്നു വരുന്നവരെക്കാത്ത്
ആലിൻ ചോട്ടിൽ
നിൽക്കയാണവൻ
നിഴലാന;
കുളിരിൻ തിടമ്പേറ്റി
തണലിന്നുത്സവം കൊണ്ടാടുവാൻ .

ചിത്രകാര്യം


മക്കളുണ്ടാകും മുമ്പ്
അടുക്കളയിൽ അച്ഛൻ ഒരു
മനോഹരചിത്രം കൊണ്ടു വെച്ചു
കരിയും പുകയും പിടിച്ചതിനാൽ
പിന്നെ ചെന്നു നോക്കുമ്പോൾ
അച്ഛനോ മക്കൾക്കോ
അതൊരു ചിത്രമായ് തോന്നിയില്ല
അതിന്റെ ഭംഗിയെ കുറിച്ച്
എത്ര പറഞ്ഞിട്ടും മക്കൾക്കു മനസ്സിലായില്ല
മുതിർന്നപ്പോൾ അവർ
അതിന്നഭംഗിയാൽ
അതെടുത്ത്
കരുണാലയം എന്നു പേരുള്ള
പഴയ ചിത്രങ്ങളുടെ ശേഖരത്തിലേക്ക്
ദാനം ചെയ്തു

തേൻതുള്ളിക്കവിതകൾ 127.തീയാളുന്ന കടൽ


മെഴുകു കൊണ്ടുണ്ടാക്കിയ കപ്പൽ
തീയാളുന്ന കടൽ
എന്നിട്ടും അവൾ അതോടിക്കുന്നു
മനസ്സിലെ മഞ്ഞു പരലുകൾ കൊണ്ട്

തേൻതുള്ളിക്കവിതകൾ 126.ഹൃദയസേതു ബന്ധനം.


മഴവില്ലിൽ നിന്നും
മധുരമാമമ്പുകൾ
പ്രവഹിക്കുന്നു ഹാ!
ഹൃദയസേതു ബന്ധനം.

യന്ത്രം


യന്ത്രം പണം തരുന്നു
യന്ത്രം ചായയിടുന്നു
ചപ്പാത്തിയുണ്ടാക്കുന്നു
പാട്ടുപാടിത്തരുന്നു
യന്ത്രം എന്നെ കൊണ്ടുപോകുന്നു
കൊണ്ടു വരുന്നു
നേർത്ത തണുപ്പിലെനിക്കു
മഞ്ഞുകാലപ്പകൽ തരുന്നു
ഞാൻ മാളിലുടെ വെറുതെ നടക്കുന്നു
ഉറക്കംപോലെ നടക്കുന്നു
ഏതോ മുതുമുത്തച്ഛന്റെ
സ്വപ്നത്തിലെ നായകനായ്
ഒഴുകിയൊഴുകി രസിക്കുന്നു
ഏതോ മയക്കത്തിൻ ലഹരിയിൽ
മാളിൽ നിന്നും മാളിലേക്ക് പറക്കുന്നു
എന്നെയേതോ യന്ത്രമുറക്കുന്നു
മയക്കുന്നു
പണ്ടുകേട്ടതൊന്നും
ഇപ്പോൾ കേൾക്കുന്നില്ല
ഉണരൂ ഉപഭോക്താവേ ഉണരൂ
എന്നൊരുണർത്തുപാട്ടുപോലും
കേൾക്കാനശക്തനാവുന്നു
ഉറക്കിലാണിപ്പോഴും
യന്ത്രം എന്നെ ഉറക്കുന്നു
യന്ത്രം എന്നെ ഉണർത്താതിരിക്കുന്നു

തേൻതുള്ളിക്കവിതകൾ 125.മഹാവാടിയിൽ


പുലരിപ്പൂമൊട്ടു
പകൽപ്പൂവായ് വിടരുന്നു
കൊഴിയുന്നു സന്ധ്യയായ്
ഇരുളിൻ മഹാവാടിയിൽ.

തേൻതുള്ളിക്കവിതകൾ 124.നിലാസ്നേഹമറിയുന്നു


നിന്നടുത്തിരിക്കുമ്പോൾ
നിലാവിൽ വിടരുമാമ്പലായ്
നിലാസ്നേഹമറിയുന്നു
ചെളിയിൽ നിന്നുയർന്നൊരു
താരകമായുദിക്കുന്നു.

പുതുമ


പ്രണയത്തിനുപുതുമ
ആവർത്തനങ്ങളുടെ പഴമ
ആദ്യത്തെ ആണിനും
പെണ്ണിനുമിടയിൽ
വന്നിരുന്ന കിളി
ഓരോ കാലങ്ങളിൽ
ഓരോ ചിറകണിയും
തനിമയുടെ പുതുമ

തേൻതുള്ളിക്കവിതകൾ 123.ഉറക്കം വരാതിരിക്കുമ്പോൾ


ഉറക്കം വരാതിരിക്കുമ്പോൾ
ആരൊക്കെയാ ഈ വരുന്നത്!
മനസ്സിൻ പടികയറി,
കളിക്കുവാൻ!
കയർക്കുവാൻ!

കനലെരിക്കുവാൻ!

തുവാലയിൽ



സന്തോഷത്തിന്റെ പുതിയ തുവാലയിൽ
ഓർമ്മയുടെ നൂലുകൊണ്ട്
അവളൊരു പൂവുതുന്നുന്നു
എനിക്കതിന്റെ പേരറിയില്ല
എനിക്കതു തിരിച്ചറിയാൻ
പറ്റുന്നില്ല
ഒരേ മനസ്സായ ഞങ്ങളിൽ
ഒരാൾക്കറിയാത്ത പൂവെങ്ങനെ...
സങ്കടം വരുന്നു
കണ്ണിൽ നിന്നൊരു തുള്ളി
ആ പൂവിൽ വീഴുന്നു
അവൾക്കതു മഞ്ഞുതുള്ളിയോ
മഴത്തുള്ളിയോ?
എനിക്കതെന്നുള്ളിലെ
വിഷാദക്കടൽത്തിര
അവളുടെ പുതിയ തൂവാല കൊണ്ട്
അവളതു തുടയ്ക്കുമോ?
അവൾ തുന്നിയ പൂവിലതു പടരുമോ?

തേൻതുള്ളിക്കവിതകൾ 121.മഞ്ഞക്കടൽ


വെയിൽ കൊന്ന പച്ചിലകളുടെ
മങ്ങിയ സ്വപ്നങ്ങളാവാതെങ്ങനെ
ഇലകളെക്കാൾ തിരയടിക്കുമീ
കണിക്കൊന്നതൻ മഞ്ഞക്കടൽ
?

കുറുക്കൻ

നേർവഴി പോകാതെ 
കുറുക്കുവഴി 
പോകുന്നവൻ
കുറുക്കൻ

അവരുടെ രാത്രി



രാത്രിയിൽ
ഇലപൊഴിയുമ്പോലെ
സ്വപ്നം കെഴിഞ്ഞു വീഴുന്ന ചിലരുണ്ട്
എസിയുടെ മൂളൽ ആ വീഴ്ചയുടെ ശബ്ദം പുറത്തുവരാതെ
വായ പൊത്തിപ്പിടിക്കും
നൈറ്റ്ഷിഫ്റ്റിൽ രാത്രിയെ പകലാക്കുന്ന
വെളിച്ചം
ഇരുട്ടിന് അകത്തേക്ക്
എൻട്രിപാസ് കൊടുക്കുകയേഇല്ല
പക്ഷേ
ദൂരെയെവിടെയോ നിന്ന്
അവരെ ഉറക്കേണ്ടിയിരുന്ന രാത്രി
അമ്മയെപോലെ കണ്ണീർ പൊഴിച്ച്
മഞ്ഞിൽ മരവിക്കുന്നുണ്ടാകും
അവർക്ക് സ്വപ്നം കൊടുക്കേണ്ട ഉറക്കം
അവരെ കാണാതെ
വേറെയെവിടെയോ പിണങ്ങി നിന്ന് സങ്കടത്താൽ മയങ്ങിപ്പോവുന്നുണ്ടാകും
അവരുടെ മുന്നിലെ കമ്പ്യൂട്ടറിൽ
തളരാത്ത ഏതോഭാഷയിൽ
അവർ ആർക്കൊക്കെയോ
പ്രോഗ്രാം തയ്യാറാക്കുകയാണ്
തളർന്നുപോയ അവരുടെ ഭാഷയിൽ
കിട്ടേണ്ടിയിരുന്ന ഉറക്കം
പ്രോഗ്രാം ചെയ്ത സ്വപ്നം
അവർക്ക് വായിക്കാൻ പറ്റുന്നേയില്ല
അപ്പോഴും ഇലപൊഴിയുന്നുണ്ടായിരുന്നു
ഇലകൾക്ക് സ്വപ്നത്തിന്റെ നിറമായിരുന്നു
അവരുടെ ശിശിരകാലം
അവരെതന്നെ പകച്ച് നോക്കി
നിശ്ചലമായിപ്പോയി
അവരതറിഞ്ഞതേയില്ല
ഋതുമാറാതിരിക്കുന്നതുപോലും.

അപരിചിതരാകുന്നുവല്ലോ

രാത്രി നമ്മെ
 ഒരേ പുതപ്പു കൊണ്ടു മൂടുന്നു
ഒരേ നക്ഷത്രങ്ങളെ കാണിക്കുന്നു
ഒരേ കാറ്റുകൊണ്ട് തഴുകുന്നു
എന്നിട്ടും 
അപരിചിതരാകുന്നുവല്ലോനാം!

ആരോ വിരിച്ച വലയിലവൻ


മേടപ്പിറാവിനെപോൽ
മേടമാസപ്പകലിൽ
പ്രവാസത്തിലെങ്ങോ
ഇരതേടുകയാണവൻ
കൊന്നപൂത്തതറിയാതെ
വിഷുവന്നതറിയാതെ
വിശന്നിരിപ്പാണവൻ
ആരോ വിരിച്ച വലയിലവൻ
ഉറ്റവരെ കണികാണിക്കുവാൻ
കണികാണാതിരിപ്പവൻ
വെയിലേറ്റു പൊള്ളിയിട്ടും
പൂക്കാത്തവൻ
കടക്കെണിയിലായവൻ
കണ്ണനെന്നു പേരുള്ളവൻ

തേൻതുള്ളിക്കവിതകൾ 120.പ്രണയനഗ്നതയിൽ


വെയിലുപോൽ ചൂടുള്ളൊരു നോട്ടം മതി
ഉടലാകെ കൊന്നപോൽ പൂത്തുലയുവാൻ
പ്രണയനഗ്നതയിൽ
പ്രാണനുള്ളൊരു മരമായ് 

വെളിപ്പെടുമ്പോൾ.

പൂക്കാലമാവണം

ഏതുവേനൽ വന്നിലപൊഴിച്ചാലും
ഏതു വെയിൽ ചുട്ടുപൊള്ളിച്ചാലും
കൊന്നയെപ്പോൽ
മനസ്സിലവശേഷിക്കും
സ്വപ്നം പുറത്തെടുത്തൊരു പൂക്കാലമാവണം

വിഷുവിന്


നിന്റെ വെളുത്ത ഉടൽ പകൽ
എന്റെ കറുത്ത ഉടൽ രാത്രി
ചൂടുള്ള പകലേ നിനക്കണിയാൻ
ആയിരം കൊന്നപ്പൂവുകൾ
തണുത്ത രാത്രിയാമെനിക്ക്
നിന്നെപ്പുണരുവാൻ
ആയിരം വേനൽമഴത്തുള്ളികൾ
നാം തുല്യദൈർഘ്യമുള്ള
സ്വപ്നങ്ങളിൽ നിന്ന്
മേടപ്പുലരിയിൽ കണികാണാനായ്
കണ്ണു മിഴിക്കുന്നു
പ്രകൃതി നമുക്ക് തുല്യനീതി തരുന്നു
ഇന്നേയ്ക്കു മാത്രമല്ല
എന്നേയ്ക്കും
പക്ഷേ ഞാനും നീയുമല്ലേ
നാം പാവം രാപകലുകളല്ലേ
പിന്നെയും പഴയപോലെ.

തേൻതുള്ളിക്കവിതകൾ 119.അവസാനത്തെ അണ്ണാൻ


വംശനാശം വന്നാലും
അവസാനത്തെ അണ്ണാൻ
മുതുകിൽ മൂന്നുവരികളുള്ള
സ്വപ്നമായ് നമ്മുടെ
മാമ്പഴക്കാലത്തിൽ ജീവിക്കും .

മൂന്നുരഹസ്യങ്ങൾ


കടലിന് 
മൂന്ന് രഹസ്യങ്ങളുണ്ട്

ഒന്ന് ,
തിരകളിൽ
കാലത്തിന്റെ മിടിപ്പ് 

അത് ഒളിപ്പിക്കുന്നു

രണ്ട് 

ആഴത്തിൽ
ആരും കാണാതെ
സങ്കടത്തിന്റെ മുത്തു സൂക്ഷിക്കുന്നു


മൂന്ന് ,
മുകൾപ്പരപ്പിൽ
കപ്പലുകൾ ചുംബിക്കുമ്പോൾ
അഭൗമ പ്രണയിനിയായ്
സ്വയമറിയുന്നു

കണ്ണിൽ ഒരു പുഴ


പുഴയാകാൻ മോഹിച്ചവളെ
 കണ്ടുമുട്ടി
മോഹങ്ങളെല്ലാം വറ്റിപ്പോയിട്ടും
അവളുടെ കണ്ണിൽ ഒരു പുഴ!

അതു നോക്കിയിരുന്നപ്പോൾ
അവൾ പറഞ്ഞു,

ചാടിക്കോളൂ....
ഞാൻ പറഞ്ഞു,
എനിക്കു നീന്തലറിയില്ല.

ഞാനിപ്പോൾ പേടി പുതച്ചു നടക്കുന്നു.


വേടനെ പോൽ വെടിമരുന്നിൻ പുക
വലയിലാക്കിയെൻ കുട്ടിക്കാലം
കള്ളനെ പോൽ വെടിയൊച്ചകൾ
 കവർന്നെടുത്തെൻ കളിമ്പമൊക്കെയും
പെരും കിളിയായ് പറന്നെത്തിയ
വിമാനത്തിന്നിരമ്പൽ
കൊത്തി വിഴുങ്ങിയെൻ കിളിക്കൊഞ്ചൽ
എങ്ങുനിന്നോ പറന്നെത്തിയ
തീയുണ്ടകൾ
കൊണ്ടുപോയെന്റെ വീടും
കളിസ്ഥലവും
വന്നുകേറിയ പട്ടാള ബൂട്ടുകൾ
എന്റെ സന്തോഷം ചവിട്ടി
സമാധാനത്തിൻ നെഞ്ചിലുടെ കടന്നു പോകുന്നു
അവരുടെ കൊലച്ചിരിയെന്റെ പുഞ്ചിരി ചവച്ചുതിന്നുന്നു
ഇനിയില്ല, കളിക്കുവാനും
കൊഞ്ചിക്കരയുവാനും
പിതാക്കളും മാതാക്കളും
എന്റെ മണ്ണായിരുന്നവർ
എന്റെ വിണ്ണായിരുന്നവർ
മണ്ണും വിണ്ണും കാണാതെയേതോ
തടവറച്ചുമരിൽ
ചോരക്കറയായ് പടർന്നുപോയ്
സ്വപ്നങ്ങളൊക്കെയും
അവരുടെ ചങ്ങലപ്പൂട്ടിൽ കിടക്കുന്നു
കുട്ടിക്കാലമില്ലാത്തവനെങ്ങനെ കുട്ടിയാകും
യുദ്ധഭൂമിയിലെ
കുട്ടിയെന്നു നിങ്ങളെത്ര വിളിച്ചാലും
ഒരേ പേടിയാൽ മുതിർന്നവർക്കൊപ്പമായ്
വയസ്സിന്നളപ്പമേതോ
വെടിയൊച്ചയിൽ തകർന്നു പോയ്
വീടിനൊപ്പം കളിവീടും
കളിയിലെ കിളികളും പറന്നുപോയ്
അപരൻ കയ്യിലേന്തുമേതുയന്ത്രവും
എന്നെത്തകർക്കുമെന്ന തോന്നലിൽ
ഞാനിപ്പോൾ
പേടി പുതച്ചു നടക്കുന്നു

തേൻതുള്ളിക്കവിതകൾ 118.കുഞ്ഞിലക്കളിക്കുട്ടികൾ


പുതുമഴ വന്നതറിഞ്ഞ്
വിത്തിൽ നിന്നെത്തിനോക്കുന്നു
കുഞ്ഞിലക്കളിക്കുട്ടികൾ