അഴിമതി

അഴിമതിയുടെ നിറം
കറുപ്പായിരുന്നു
ലോകത്തുള്ള എല്ലാ കറുപ്പും ചേർന്ന
കടും കറുപ്പ്

കാലം പോകപ്പോകെ
അതു നരച്ചു;
നരച്ചുനരച്ചു വെളുത്തു
കറുപ്പു നടന്നു പോകുമ്പോൾ
വെളുപ്പായേ തോന്നൂ

അഴിമതി
ഇപ്പോളങ്ങനെ
വെളുത്ത കാടായ് വളരുന്നു
പുതിയ കുട്ടികൾ
അതിൻ്റെ വെളുപ്പിൽ
വെളിച്ചം തിരയുന്നു

വെളുപ്പായ കറുപ്പിനെ
അവർ കാണില്ല
കാരണം
അവരുടെ കാലം
കറുപ്പെല്ലാം വെളുപ്പായ കാലം

1 comment:

  1. ഒരു പിടി ചോറിനായ് കേഴുന്ന വയറിന്റെ - മുകളില്‍ കയറി ഇനി ഇവര്‍ നല്‍കും വാഗ്ദാനം അവരുടെ വാക്കുകളിലിനി തേനും പാലും ഒഴുകും കുഷ്ഠ രോഗിയെ പോലുമിനി ഗാഡമായ് പുണരുമ്പോള്‍ കണ്ടു നില്‍ക്കും വിഡ്ഢികള്‍ നമ്മള്‍ , പൊതുജനം കഴുതകള്‍ ഒളിപ്പിച്ച വാളിന്റെ തലയ്ക്കലെ ചോരനാം കാണണം ഇനിയിവര്‍ ആരെന്നരിയണം കവലപ്രസംഗങ്ങളില്‍ മാത്രം ഒതുങ്ങുന്ന - കണ്ണു പൊത്തി കളിയാണിന്നത്തെ രാഷ്ട്രീയം . അഭിനയ കലയില്‍ ഭരതമുനി തോല്‍ക്കുന്ന - പ്രകടനം കണ്ടു നാം കോരിത്തരിച്ചിട്ടു - ഒരു ഞൊടി കൊണ്ട് നാം ചെയുന്ന വോട്ടിനാല്‍ പണയപ്പെടുത്തുന്നു നാടിന്റെ ആധാരം . ഒളിപ്പിച്ച വാളിവര്‍ കയ്യില്‍ എടുത്തിനി - കാട്ടുന്ന പരാക്രമം പണത്തിനു വേണ്ടിയോ..?

    ReplyDelete