തേൻതുള്ളിക്കവിതകൾ 111.വേദനയറിയാതെ


പ്രണയവിശുദ്ധിയിലൊരു
വിഷാദനദിയൊഴുകുന്നു
വേനലറിയാതെ
വേദനയറിയാതെ.

തേൻതുള്ളിക്കവിതകൾ 110.ഒറ്റപ്പെടുമ്പോൾ


ഒറ്റപ്പെട്ടൊരോർമ്മ
കാത്തിരിക്കുന്നു 
ഒറ്റപ്പെടുമ്പോൾ 
കൂട്ടായിരിക്കുവാൻ

തേൻതുള്ളിക്കവിതകൾ 109.ഗ്രാമമണവാട്ടി




പുതുമഴയിൽ കുളിച്ച്
പുതുമുല ്ലപ്പൂമാല ചൂടി
കുളിർരാവിൻ മണിയറയിൽ
പതിയെ കടക്കുന്നു
ഗ്രാമമണവാട്ടി!

തേൻതുള്ളിക്കവിതകൾ 1o8.വികലാംഗർ


തോക്കിൻ കുഴലിലൂടെ
വന്ന വിപ്ലവമെല്ലാം
വികലാംഗർ.

തേൻതുള്ളിക്കവിതകൾ 107.ഇരുളൊരു വേട്ടപ്പക്ഷിയായ്


രമണനും ചന്ദ്രികയും
കടപ്പുറത്തിരിക്കെ
കിളികൾ പറന്നു
സന്ധ്യയും പറന്നു
ഇരുളൊരു വേട്ടപ്പക്ഷിയായ്
പിന്നാലെയും

ഹൈക്കു കവിത ................


നിന്റെ കല്ലറയിൽ 
വീണുകിടക്കുന്നു പൂവുകൾ
എന്നിൽ നിന്നടർന്ന പുഞ്ചിരികൾ.

തേൻതുള്ളിക്കവിതകൾ 106.മഞ്ഞമാലാഖമാർ


കൊന്നയിൽ 
മഞ്ഞമാലാഖമാർ
ഊഞ്ഞാലാടുന്നു

തേൻതുള്ളിക്കവിതകൾ 105.സ്ത്രീയേ


സ്ത്രീയേ
ഉയിർത്തെഴുന്നേൽക്കാൻ 
മാതൃകയില്ലാതെ 
നീയെന്നുമദൃശ്യമാം കുരിശിലേറുന്നു

തേൻതുള്ളിക്കവിതകൾ 104.അവനൊപ്പം


കാണെക്കാണെ 
കണ്ണിൽ മയങ്ങും
 സ്വപ്നമുണർന്ന്
 അവനൊപ്പം പോയി

പ്രണയലേഖനം ..................................


നീ പൂത്തുലയാത്ത
വെളിച്ചത്തിലില്ലെനിക്കു പകലെന്നറിയൂ
കൃഷ്ണേ
നീലക്കടമ്പുകൾ
കാറ്റിലിളകിയാടി വിളിക്കിലും
പകലെനിക്കില്ല ക്യഷ്ണേ
കോലക്കുഴൽ നാദം കാതോർത്തു
ഗോകുലം മുഴുവനും
മധുധാരയിൽ മുഴുകി നിൽക്കിലും
പകലെനിക്കില്ല കൃഷ്ണേ
പകലോൻ പലതരം രശ്മികൾ തൂവി വെളിച്ചത്തിൽ കുളിപ്പിക്കിലും
പകലെനിക്കില്ല കൃഷ്ണേ
നീ പതിയെ വെളിച്ചമായെൻമുന്നിൽ
വഴിത്തെളിച്ചമാകുവോളം
പകലെനിക്കില്ല കൃഷ്ണേ
ഉടലാകെ വെളുത്തു വിളറി
മനസ്സിലിരുൾമൂടി വിരഹതാപത്താലുരുകി
കരിഞ്ഞു കാർവർണ്ണമായ്
മനസ്സേതോവേദനയാൽ
നീയേതിരുളിൻ കോട്ടയിൽ
അകപ്പെട്ടെന്നറിയാതെ
നിലാത്തെളിയോടു നിന്നെച്ചോദിച്ചു
വിഷണ്ണനായലഞ്ഞേൻ
കൂരിരുൾ കുടിച്ചു ഞാനൊരു കാർവർണ്ണനായ്
അന്ധവൃന്താവനത്തിലായ്
കൃഷ്ണേ‐നീയേതു താരകത്തിൻ കീഴിൽ
ഏതു മണ്ണിൽ
ഏതിരുളിൽ
നിശാഗന്ധിയായ് എന്നെക്കാത്തിരിക്കുന്നു?
ഏതു വിഷാദമഴ നിനക്കുചുറ്റുമെന്നെ
മറച്ചു പെയ്യുന്നു?
നിന്നിലെത്തുവാൻ പകലിലിരുളായ്
ഇരുളിൽ കൂരിരുളായ്
സൂര്യനില്ലാ ഭൂമിപോലലയുന്നു ഞാൻ
ഉടൽ തണുത്ത ചിറകുമായ്
രാപ്പക്ഷിയായ് ഞാൻ പറന്നുയരുന്നു
കുളിരിൻ ചിറകടി ഓരോ
ദേശദേശാന്തരങ്ങളിൽ നിന്നെത്തിരഞ്ഞു ചുവടു വെക്കുന്നു
കൃഷ്ണേ ഓടക്കുഴൽ നാദമില്ലിപ്പോൾ
കേൾക്കുവാൻ കാതുകൂർപ്പിക്കും
പ്രണയാർദ്രമാം നിൻ നിശ്വാസം
കേൾക്കണമതിന്നു കാതരയായ്
ഒരിക്കൽക്കൂടിയൊഴുകുവാൻ
കൃഷ്ണേ കേൾക്കുക
തണുപ്പിൻ ചിടകടി ഞാൻ തന്നെ
കാതോർക്കുകയെൻ പറക്കലിൻ നിസ്വനം
ചിറകുകുടയലിൻ ദീനമാം നാദം
നിന്നെത്തിരഞ്ഞു നിശാമാരുതന്റെ
കൈപിടിച്ചെൻ തൂവലുകൾ
പറന്നുപറന്നുവരാം
നീ നിലാവു മുട്ടിവിളിക്കും‐
ജനലുകൾ തുറക്കുക കൃഷ്ണേ
അതുവഴിയകത്തേക്കു മെല്ലെ
കടന്നെത്തും അദൃശ്യമായ് ഞാൻ
കുളിർരജനിയായ്
കൃഷ്ണേ കിളിക്കൊഞ്ചൽ കേൾക്കുവാൻ
നമുക്കൊന്നിച്ചൊരു പകൽ പിറക്കുവാൻ
(മുനീർഅഗ്രഗാമി)

തേൻതുള്ളിക്കവിതകൾ 103.കൊത്തല്ലേ


ചൂണ്ടലിട്ടവർ കാത്തിരിക്കുന്നു
നമ്മെ കരയ്ക്കു കയറ്റുവാൻ
വിശപ്പാലൊന്നും കൊത്തല്ലേ;
ജലരാശി തന്നെ നമുക്കു മഹാരാശി

തേൻതുള്ളിക്കവിതകൾ 102.പച്ച


നിറങ്ങളിൽ നിറയുമ്പോൾ
നീ നീല, ഞാൻ മഞ്ഞ
നമുക്കു പച്ച ജീവിതം

തേൻതുള്ളിക്കവിതകൾ 101.ശ്രുതി


വിരൽ മുറിഞ്ഞവന്റെ
വീണപോൽ വിരഹികൾ
പിറക്കാത്ത ശ്രുതിതൻ
മധുരമോർത്തിരിപ്പൂ

തേൻതുള്ളിക്കവിതകൾ 100.മരുഭൂമിയിൽ‐


നഷ്ടസ്വപ്ങ്ങളാൽ
 കാടുകയറിയ
വയൽ നീ
മരുഭൂമിയിൽ‐
നിന്നെന്റെ ചിന്തകൾ 
കാടുകയറുമ്പോൾ

മീട്ടലാൽ

നിന്റെ വിരലില്ലെങ്കിലില്ല
വില
പാടുവാൻ പാടുപെടുന്നു
നിൻ വിരൽമീട്ടും
മീട്ടലാൽ പൊട്ടുവോളമീ
വീണക്കമ്പി

ലിഫ്റ്റിൽ ഉയരങ്ങളിലേക്കു പോകുന്നു കുട്ടികൾ

ലിഫ്റ്റിൽ ഉയരങ്ങളിലേക്കു
പോകുന്നു കുട്ടികൾ
മുതിർന്നവരെപോലെ 
അവർ
കോട്ടും ടൈയും‐അഴിച്ചുവെക്കുന്നു
ആകാശത്തോളം ഉയരത്തിൽ നിന്നവർ
ആകാശമോ ഭൂമിയോ കാണാതെ
ഗൂഗിളിൽ ഗൃഹപാഠം തിരയുന്നു

എ സിയുടെ തണുപ്പിൽ
വിയർക്കലെന്നൊരനുഭവത്തെ
കൊന്നൊടുക്കുന്നു
അന്നേരം
ആരും വന്നെത്തിനോക്കാത്ത പറമ്പിൽ
മഞ്ചാടിമണികൾ പൊഴിയുന്നു
അപ്പുപ്പൻതാടി അതിന്നടുത്തു
വന്നു നോക്കുന്നു

കുഞ്ഞണ്ണാൻ അതുവഴി
ആരോടോ പിണങ്ങി കടന്നു പോകുന്നു
സന്ധ്യ വന്ന് അവരെനോക്കി
ചുവന്ന ചിറകുകുടയുന്നു

കുട്ടികൾ അതൊന്നുമറിഞ്ഞില്ല
അവ കുട്ടികളെയും കണ്ടില്ല
കുട്ടികൾ ബി ബി സി ന്യൂസ്
കാണുകയായിരുന്നല്ലോ.

തേൻതുള്ളിക്കവിതകൾ 99.വറ്റുന്നു


വാടിവീണ ചിരികൾ
വസന്തമായവൾക്ക്
കണ്ണീരു‐പോലും 
പൊള്ളി വറ്റുന്നു

തേൻതുള്ളിക്കവിതകൾ 98.ഗ്രാമം


വികസനം വരുംവഴി നോക്കി
നോക്കി നിൽക്കെ
അപ്രത്യക്ഷയായൊരു
മഞ്ഞുതുള്ളിയാണെൻ ഗ്രാമം

നിറയുന്നു ..................




പുഴ അയാൾക്കുമുന്നിൽ
വാക്കുകളില്ലാതെ കിടക്കുന്നു
അയാൾ 
ഏതോ വേദനയിൽ
അവളെ നോക്കി നോക്കി നിറയുന്നു
ഇപ്പോൾ
നിറഞ്ഞു നില്ക്കുന്ന രണ്ടു കണ്ണുകളിൽ
വറ്റിപ്പോയ ഓർമ്മകൾ.

തേൻതുള്ളിക്കവിതകൾ 97.ജീവാമൃതം


തോരുവാൻ വ െയ്യന്നു നീ
ഹാ പെ െയ്യന്നു ഞാൻ!
തോർച്ചയുടെ ശാന്തിയില്ലെങ്കിലും
പെയ്ത്തിന്റെ സംഗീതം

 നമുക്കു ജീവാമൃതം

എന്റെ കാക്കേ

എന്നാലും എന്റെ കാക്കേ
വെളുക്കുമ്പോൾ
കറുപ്പായ്
കറുക്കുവോളം നീ പറക്കുന്നു
പറക്കാനറിയാതെ ഞങ്ങൾ
വെളുക്കുമ്പോൾ
ഉടലിനകത്തും പുറത്തും
കറുപ്പുമായ് നടക്കുന്നു
എന്നാലുമെന്റെ കാക്കേ
നടന്നാലും പറന്നാലും
കറുപ്പ്
നിനക്കെന്നും കറുപ്പുതന്നെ
എത്ര കറുപ്പായാലും
കുറെ നടന്നാൽ കറുപ്പെല്ലാം
വെളുക്കുന്നു ഞങ്ങൾക്ക്
അല്ല
വെളുക്കുവോളം നടക്കുന്നു
ഞങ്ങൾ

തേൻതുള്ളിക്കവിതകൾ 96.മഹായുദ്ധമാണ്


മരണം മഹാരണമാണ്
ജീവിതവും ജീവനും തമ്മിലുള്ള
 പോരാട്ടമാണ്
ഇരുപക്ഷവും ബാക്കിയാവാത്ത
മഹായുദ്ധമാണ്

മരണവീട്

മരണവീട് 
ഓർമ്മയുടെ ചിറകുള്ള പക്ഷിയാണ്
മരിച്ചയാളുടെ വേദനകളെല്ലാം തിന്ന്
അത് ചിറകൊതുക്കിയിരിക്കുന്നു
വന്നവർ വന്നവർ
ഓരോ തൂവൽ കൊണ്ടു പോകുന്നു
അത് അയാളെ ചിറകിനടിയിൽ
ഒളിപ്പിച്ച്
സങ്കടത്തോടെയിരിക്കുന്നു
ഇനി അതിന്റെ ചിറകടിയിലാണ്
അയാൾ ജീവിക്കുക
അതിന്റെ ശബ്ദത്തിലാണ്
അയാൾ സംസാരിക്കുക
ഇനി എല്ലാവരും പിരിഞ്ഞുപോയാൽ
അതു പറന്നു പോകുമോ?
വീടു മാത്രം ബാക്കിയാകുമോ?

തേൻതുള്ളിക്കവിതകൾ 95.പിണക്കം


പിണക്കം മരണമാണ്
ഇണക്കം പുനർജൻമവും
നീ എന്നിലും ഞാൻ നിന്നിലും
ജീവിക്കുമ്പോൾ

മഹാമനസ്വിനീ!

വേദനകൾ 
വേട്ടയാടും കാട്ടിൽ
ഞാനലയുമ്പോൾ
കാട്ടുതീയും പിന്നാലെ വരുന്നു
നീയേതു ദുഷ്ഷന്തന്റെ
 ശകുന്തളയെന്നെനിക്കറിയില്ലയെങ്കിലും
നീതന്നെയെനിക്കു മഴയുമഭയവും
മഹാമനസ്വിനീ!

ഓടിത്തളർന്നു വരളുമ്പോൾ

പോകണം നമുക്കൊരുവട്ടം കൂടി
പണ്ടുപഠിച്ചൊരാ സ്കൂളിൽ
ഓർമ്മകൾ വറ്റിവരണ്ട മനസ്സുമായ്
ഓടിത്തളർന്നു വരളുമ്പോൾ
പൊട്ടിപ്പൊളിഞ്ഞു വീഴാറായ്
പഴയ കെട്ടിടമെങ്കിലും
നമുക്കതിന്നടുത്തിത്തിരി നേരമിരിക്കണം
നൻമ നമ്മിൽ വർഷിച്ച പരുക്കൻ ഭിത്തികൾ കാണണം
നമുക്കു മാമ്പഴം തന്ന ക്ലാസ്മുറി
നമുക്കു മാമ്പഴക്കാലം തന്ന മാവിൻചോട്ടിലെ കളിസ്ഥലം
നമ്മെ തിരിച്ചറിയും നാമേതിരുട്ടിൽ
തപ്പിത്തടഞ്ഞു ചെന്നെത്തിലും
ലോകവേഗങ്ങളിൽ ഞാനും നീയും
കരിഞ്ഞുണങ്ങിയ പുഴയായ്
ഒഴുക്കു നിലച്ചു പിടഞ്ഞു കളിക്കെ
മരുന്നായെത്തുമോർമ്മകളെവിടെ?
അതുകൊണ്ടു പോകണം നമുക്കു കൂട്ടുകാരാ
കോമ്പസ്സുകൊണ്ടു മരത്തിലും കല്ലിലും
നാം കൊത്തിവെച്ച കുട്ടിക്കാലത്തിന്റെ
ചിത്രകഥകൾ വായിക്കുവാൻ
മഷിതീരുവോളം ബെഞ്ചിൽ നിഗൂഢമാം
 സ്മിതത്തോടെ‐അന്നോളം മിണ്ടാത്തവളുടെ പേരെഴുതിയ
പ്രണയകൗതുകം നെഞ്ചേറ്റുവാൻ
എത്ര വറ്റിവരണ്ടാലും എത്ര ചുക്കിച്ചുളിഞ്ഞാലും
പണ്ടു പഠിച്ചതിന്നോർമ്മത്തുമ്പികൾ പാറും
സ്കൂൾ മുറ്റത്തെത്തിയാൽ
താനേ നിറഞ്ഞു കവിയുന്നു നാം
താനേ വരാന്തയിൽ
താഴ്മയോടൊരു കുട്ടിയായ്
ചുളിവും നരയും മറന്ന്
ചുറുചുറുക്കുള്ള ചുവടുകൾ വെക്കുന്നു.....

തേൻതുള്ളിക്കവിതകൾ 94.ജലജീവിയായ്


കണ്ണിൽ കടലുള്ളവളിൽ
നീന്തി 
കരപറ്റാനാശിക്കെ ഞാൻ
ജലജീവിയായ് പരിണമിക്കുന്നു

തേൻതുള്ളിക്കവിതകൾ 93.കരിയിലത്തുള്ളികൾ


വേനൽമഴ കൊണ്ടുപോകുന്നു
വെയിൽ തട്ടിക്കളിച്ച വേദനകൾ;
ഉതിർന്നുപോയ കരിയിലത്തുള്ളികൾ

തേൻതുള്ളിക്കവിതകൾ 92.അഹങ്കാരി


അഹങ്കാരിയാം ഞാൻ
പാരച്ചൂട്ടിലിറങ്ങുമ്പോൾ
മണ്ണിൽ നിന്നും നോക്കി
ചിരിക്കയാണപ്പൂപ്പൻ താടി!

വിശപ്പ്




വിശപ്പാണു നാം
തീരാത്ത വിശപ്പ്
പലതരം വിശപ്പ്
പലനിറം വിശപ്പ്
ഒരപ്പത്തിനോ
ഒമ്പതിനായിരം
അപ്പത്തിനോ
ഭൂമിയെ മുഴുവനായ്
വിഴുങ്ങിയാലോ
തീരാത്തത്ര വിശപ്പ്
ചന്ദ്രനെ ഞാവൽ പഴം പോലെ
രുചിക്കുവാൻ
നാക്കു നീട്ടും വിശപ്പ്
ചൊവ്വയെ കോഴിക്കാലുപോലെ
കടിക്കുവാൻ
കൈനീട്ടും വിശപ്പ്
യേശുവേ
അഞ്ചപ്പം ഒരാൾക്കുപോലും
തികയുന്നില്ല
ആഞ്ജനേയാ
സൂര്യനെ തിന്നുവാൻ
ഓരോ നിമിഷവും ചാട്ടം തന്നെ
പ്രവാചകാ
എത്ര കഴിച്ചിട്ടും
വയർ നിറയുന്നില്ല
അയൽവാസിയുടെ പട്ടിണി മാറ്റുവാൻ
ഒരരിമണിപോലുമില്ല
തഥാഗതാ
ഭിക്ഷയാചിക്കുവാൻ
കൈനീട്ടി വിശന്നു മരിച്ചവരുടെ
ഓർമ്മകൾ തിന്നിട്ടും
മതിയാകുന്നില്ല
വിശപ്പാണുനാം
കെൂടും വിശപ്പ്
ഒരുരുളയായ് ഭൂമിയും
ഉപ്പേരിയായ് നക്ഷത്രങ്ങളും
കറിയായ് മഴയും
കഴിക്കട്ടെ
വിശപ്പടക്കട്ടെ!

നിലാവിന്റെ ഭാഷ


എനിക്കും നിലാവിനും
മാത്രമറിയുന്ന ഒരു ഭാഷയുണ്ട്
ഓരോ രാത്രിയും
ആ ഭാഷയിൽ
എന്റെ കണ്ണീർത്തുള്ളിയിൽ
എഴുതുന്നത്
നിലാവിനു മാത്രമേ മനസ്സിലാകൂ
സൂര്യനാ ഭാഷയറിയില്ല
സൂര്യൻ ഓരോപുലരിയിലും
വെളിച്ചമൊഴിച്ച് കുളിപ്പിച്ച്
എന്നെ ഒരു പൂച്ചെടിയാക്കി
നിങ്ങൾക്കു മുന്നിൽ വെയ്ക്കും
നിങ്ങൾ രസിക്കും;
പൂക്കളെല്ലാം നിങ്ങൾ കൊണ്ടുപോകുമ്പോഴും
എന്റെവേരുകൾ
ആ കണ്ണീർത്തുള്ളിയിലെ അക്ഷരങ്ങളിൽ
മുറുകെ പിടിക്കും
എന്തുവേണമെങ്കിലും
കൊണ്ടു പോകുക
എനിക്ക് നിലാവിന്റെ കൂട്ടുണ്ട്
എനിക്കും നിലാവിനുമൊരു
ഭാഷയുണ്ട്

തേൻ തുള്ളിക്കവിതകൾ 91.ചിരിക്കുന്നു


പെരുവഴിയിൽ നഗ്നയായ്‌
മരം മാനം നോക്കി നില്ക്കെ 
വെയിൽ വീണുരുണ്ട് ചിരിക്കുന്നു

വെളിച്ചം കുടിച്ചു പുലരുവാൻ

പുലരും നമുക്കൊരു പുലരി,
കിളിയൊച്ചയിലൂഞ്ഞാലാടുവാൻ
പുൽത്തുമ്പിലെ തൂമഞ്ഞു തുള്ളിപോൽ
വെളിച്ചം കുടിച്ചു പുലരുവാൻ

തേൻതുള്ളിക്കവിതകൾ 90.മഴ മഴയായ്


വേനൽ വേദനിപ്പിക്കുന്നു;
കാറ്റിന്റെ നെഞ്ചിൽ
വീണു കിടന്നു
പെയ്യുന്നു മഴ മഴയായ്!

മുറം


വീട്ടിലിപ്പോൾ മുറമില്ല
ചേറലും ചേറിപ്പെറുക്കലും
ഞങ്ങൾ മറന്നു
വിരലിന്റെ താളത്തിൽ
കല്ലും നെല്ലും വേർതിരിച്ചത്
ഞങ്ങൾക്ക് പഴങ്കഥയായി
മകൾക്കത് മനസ്സിലാകാത്ത
കടങ്കഥയായി
അതുകൊണ്ട്
അവൾ ആനയെ കണ്ടു
മുറംപോൽ ചെവിയുള്ള
ആനയെ കണ്ടില്ല
അവൾ ചോറു തിന്നു
നെല്ലിൽ നിന്നും ചോറിലേക്കുള്ള വഴി
നടന്നില്ല
മുറം ഒരു ഉപകരണം മാത്രമല്ല
അമ്മ മകളിലേക്കു പകരുന്ന
അരിയിൽ നിന്നും കല്ലെടുക്കുന്നതിന്റെ
സംഗീതം കൂടിയാണത്.

തേൻതുള്ളിക്കവിതകൾ 89.തുഴഞ്ഞു തുഴഞ്ഞു ഞാൻ!


വീഴുന്നതുപോലുമറിയാതെ
നീയെന്ന കാറ്റിൽ തൂവലായ്
തുഴഞ്ഞു തുഴഞ്ഞു ഞാൻ!

തേൻതുള്ളിക്കവിതകൾ 88.അത്യഗാധമാം...


അത്യുന്നതങ്ങളിൽ നിന്നും
വീഴാതെയില്ല ,
അത്യഗാധമാം
കടലാഴത്തിലൊരു തുള്ളിയും

നിഴലുകൾ ചവിട്ടാതെ

അപ്പോൾ നിലാവ്
ഒരു ദേവത.
നിഴലുകൾ ചവിട്ടാതെ
അയാളിലേക്ക്
നടന്നു വരുന്ന വെൺമ
അപ്പോൾ,
രാത്രിപോലും അയാളെ
ഒറ്റപ്പെടുത്തുമ്പോൾ
അവൾക്കെങ്ങനെ
അയാളെ കാണാതിരിക്കാനാകും!

ഞൊടിയിടയിൽ

കരം കവിഞ്ഞുപോകുന്ന
മഴയും മനസ്സും
കരകവിഞ്ഞുപോകാൻ
ഞൊടിയിടയിൽ
നാമൊരു പുഴയാകും

ചിറകുകളുള്ള ഇഴജീവി

കാത്തിരിപ്പ് ചിറകുകളുള്ള
ഇഴജീവിയാണ്
പറക്കാനാകാതെ അത്
സങ്കടങ്ങളിലൂടെ ഇഴയുന്നു

ഐ സി യു ;

ഐ സി യു ;
നിരാശയ്ക്ക് മുകളിലൂടെ
പ്രതീക്ഷൾ കോർത്തുണ്ടാക്കിയ
ഒറ്റയടിപ്പാലം

തേൻതുള്ളിക്കവിതകൾ 87.വൻകരകൾ


കണ്ണീർ സമുദ്രമാകുമ്പോൾ
നാം രണ്ടു വൻകരകൾ
രണ്ടു കാലാവസ്ഥകൾ

തേൻതുള്ളിക്കവിതകൾ 86.കണ്ണുകൾ നിറയുന്നു


വസന്തം കഴിഞ്ഞതിന്റെ പിറ്റേന്ന്
ചെടി പൂക്കളെ എന്നപോലെ
ആസ്പത്രിവാർഡിലേക്ക് നോക്കി
കണ്ണുകൾ നിറയുന്നു

ചുരുക്കിക്കളഞ്ഞല്ലോ അവർ!

എന്നാലും വനിതകളേ
നിങ്ങളെ വേനലിലെ 
ഒരു ദിവസത്തിലേക്ക്‐
ചുരുക്കിക്കളഞ്ഞല്ലോ അവർ!

തേൻതുള്ളിക്കവിതകൾ 85.വനവന്യതയിലവൾ!


നഗരത്തിലായാലും
പേടിചൂടിപ്പോകും
മൃഗവിശപ്പിൻ മുന്നിലൂടവൾ
വനിതയവൾ; എന്നും
വനവന്യതയിലവൾ!

*******************വേനലിൽ 'രമണൻ 'വായിക്കുമ്പോൾ ***************


വേനലിൽ രമണൻ വായിക്കുമ്പോൾ
മനസ്സിന്റെ താഴ്വരയിലൂടെ
രണ്ടാട്ടിടയൻമാർ 
സ്വപ്നങ്ങളെ
തെളിച്ചുകൊണ്ടു പോകും
ഹൃദയത്തിന്റെ
വരണ്ട മേച്ചിൽപ്പുറങ്ങളിലൂടെ
സ്കൂളിൽനിന്നും മടങ്ങിവരുന്ന
ഒരു കുട്ടി
അവരെ
ഇരട്ടപ്പേരു വിളിക്കും
രമണനെ മലയാളമേയെന്നും
മദനനെ കവിതേയെന്നും വിളിച്ച്
അവനോടും
അവരും അവന്റെ പിന്നാലെ ഓടും
അവരവന്റെ മനസ്സിലൂടെയുടൻ
വാക്കുകളേയും താളങ്ങളേയും
മേച്ചു നടക്കും
വംശനാശം വന്ന ആയർകുലത്തിന്റെ
ഓടക്കുഴൽ
‐അവരകന്നുപോകുമ്പോൾ
അവിടെ ബാക്കിയാകും
അതിലൂടെ കടന്നുപോകുന്ന നിശ്വാസം അവനു ജീവസംഗീതമാകും
വേനലിൽ
രമണൻ വായിക്കുമ്പോൾ
പൊള്ളിയ മണ്ണും മരങ്ങളും
കരിഞ്ഞ ഇലകളും പുഴകളും
യൗവനം ഓർത്തു ചിരിക്കുന്ന
വൃദ്ധരെപോലെ
വൃദ്ധിയുടെ
ഓർമ്മകളിൽ നിറഞ്ഞ് മഴക്കാലമാകും
ഓരോ വാക്കുമന്നേരം
പൂത്തുലഞ്ഞ്
ഉടലുമുയിരും പൂക്കാലമാക്കും
സംഗീതം മറന്നുപോയതിനാൽ
പാടാനാവാതെ വരണ്ടുപോയ
ചലനങ്ങൾ
അരുവികൾ മനോഹരമായി പാടിക്കേൾപ്പിക്കും
വേനലിൽ രമണൻ വായിക്കുമ്പോൾ
രമണനും മദനനും
പച്ചപ്പിന്റെ ഇടയൻമാരാകും
അവർ തെളിച്ചു കൊണ്ടുവരുന്ന പച്ചപ്പിന്റെ പാൽകുടിച്ച്
കൊടും വേനലേ കുറുമ്പുകാട്ടല്ലേ
കളിക്കല്ലേയെന്ന് നാം പറഞ്ഞു പോകും
വേനലിൽ രമണൻ വായിക്കുമ്പോൾ
പകലും രാവും
കുളിർചന്ദ്രിക നമുക്കു കാവലിരിക്കും

വേനൽമഴ

തേൻതുള്ളിക്കവിതകൾ
84.
കരിഞ്ഞുണങ്ങും മുമ്പേ
മാനത്തിരുന്നു നീ
മഴത്തുള്ളിയിൽ വെച്ചു 
കൊടുത്തയയ്ക്കുന്ന
 കുളിർസേ്നഹമാണു വേനൽമഴ

ചിരിക്കുന്നു

വയലാറു പോയി
വയലുമാറും പോയി
ചങ്ങമ്പുഴ പോയി
ചങ്ങാടവും പുഴയും പോയി
എന്നിട്ടും വേനൽപ്പല്ലുകാട്ടി
കാലം ബാക്കിയായവയെ
വിളിച്ചു ചിരിക്കുന്നു

തേൻതുള്ളിക്കവിതകൾ 82.തോർന്നുപോയ്!


എന്നിൽ നീയെന്നപോലിടയ്ക്കൊരു
പെരുമഴ വേനലിൻ നെഞ്ചിൽ
പെയ്തു തോർന്നുപോയ്!

ഇന്ത്യയുടെ മകൾ *****************


ഇന്ത്യയുടെ മകൾ
ഇന്ത്യയിലെ എല്ലാ വീടിന്റെയും
വളർത്തു പുത്രിയാണ് 
പുറത്തിറങ്ങുമ്പോൾ
കണ്പോള തുറന്ന്
വീടവൾ വരുന്നതും കാത്തിരിക്കും
പകൽ സ്വർഗ്ഗവും
രാത്രി നരകവുമായ അമ്മയ്ക്ക്
അവളോട് പറയുവാൻ
ഭാഷ മതിയാകുന്നില്ല
വാക്കുകളിൽ നിന്നും വാക്കുകളിലേക്ക്
പടർന്നു കയറുന്ന കാട്ടുതീ
പുരാതനമായ സംസ്കാരവും വിഴുങ്ങി
അവൾക്കുമുന്നിൽ വാ പിളർത്തുന്നു
അവളുടെ വേരുകളും ഇലകളും
തിന്നു കൊണ്ട്
അവളെ നഗ്നയാക്കി
ആ തീ തിരിച്ചു പോകുന്നു
അവൾ ഒറ്റയ്ക്ക്
വേനൽ തുഴഞ്ഞു തീരാത്ത മരമായ്
ഇന്ത്യയുടെ പൊക്കിളിൽ
കുഴഞ്ഞു വീഴുന്നു
ഓരോ വീട്ടിലും
അന്നേരം അമ്മമാരുടെ വിലാപം
അടുക്കളയിൽ കരിപിടിച്ചുണങ്ങുന്നു
പൂമുഖത്ത്
അവൾ തിരിച്ചു വരുന്നതും കാത്ത്
അവളുടെ നിശ്വാസമേറ്റു വാങ്ങിയ
ചെടികൾ പൂവിടാതെ
അവളെ കാത്തു നില്ക്കുന്നു
അവൾ സന്തോഷം കോർത്ത്
വിതറിയിരുന്ന
പകലുകളും രാത്രികളും
അവളെ തിരയുന്നു
ഇന്ത്യയുടെ മകൾ
നിലവിളിയുടെ കൈപിടിച്ച്
ആരെയോ പേടിച്ച്
കത്തിത്തീരുമ്പോൾ
തെരുവുകൾ ചുവക്കുന്നത്
ഒരു ബുദ്ധ പ്രതിമ മാത്രം
നിസ്സംഗനായി കാണുന്നു