ഉരുകിയൊലിക്കുന്ന അവളോടൊപ്പം



പൂക്കളെല്ലാം കരിഞ്ഞ വേനലില്‍
ഉണങ്ങൂ എന്നെന്നെ പിടിച്ചുവലിക്കുന്ന
ഒരു നട്ടുച്ചക്ക്
ഉരുകിയൊലിക്കുന്ന അവളോടൊപ്പം
പൂക്കള്‍ തിരഞ്ഞിറങ്ങി
മുടിയില്‍ ചൂടാനോ
പൂത്തറ ഒരുക്കാനോ അല്ല ;
വെറുതെ ഒന്ന് കാണാന്‍
പൂക്കള്‍ കാണും മുന്‍പേ
ഇതളിനെകുറിച്ചു വര്‍ണ്ണിച്ചതെല്ലാം
കരിഞ്ഞിരുന്നു.

കത്തുകള്‍ കൂട്ടത്തോടെ മരിച്ചുവീണ തീരത്ത്



കത്തുകള്‍ കൂട്ടത്തോടെ മരിച്ചുവീണ തീരത്ത്
നാം വാക്കുകളുടെ സ്മാരകമായ് ഇരുന്നു
ഇടയ്ക്ക് വന്നുപോകുന്ന മിസ്കോളുകള്‍
നമ്മെ ദൂരേക്ക് വലിച്ചെറിഞ്ഞു
നിന്‍റെ കാലിനടിയില്‍ ജീവിതം പഠിക്കുന്ന
മണല്‍ത്തരികള്‍ പോലും നിന്നെ മറന്നു
പിന്നെയാണോ  
ദൂരെ ചുവന്നു പഴുക്കുന്ന
സൂര്യനെമാത്രം കണ്ണെടുക്കാതെ നോക്കുന്ന ഞാന്‍ !

നിറഞ്ഞുതൂവുന്ന ഒരു കടൽ-





നിന്നിൽനിന്നെന്നിലേക്കുള്ള വഴിയിൽ
നിറഞ്ഞുതൂവുന്ന ഒരു കടലുണ്ട്
നനയാതെ നിനക്കെത്തുവാനാവാത്ത
ദ്വീപും ചുഴിയുമതിലുണ്ട്
ഉയരുവാനല്ല,താഴുവാനാണ്
സാധ്യത കൂടുതൽ
മുഴങ്ങുവാനല്ല മുങ്ങുവാനാണ്
നിശ്ശബ്ദതയുടെ പോലും വിധി
എന്നിട്ടും നീ കൊടുത്തയക്കുന്ന
നേർത്ത കാറ്റിൽ അതു ചെറുതായുണങ്ങുന്നു
നീ തൂവുന്ന രശ്മികളിൽ അതാറാങ്ങാൻ
തുടങ്ങുന്നു
നിത്യവുമൊരുസൂര്യനായ്
വെറുതെ ഒന്നെന്നെ നോക്കുക
തൂവാതിരിക്കാൻ
അതിനാവും വരെ

ഞരമ്പിലെ കാടുമായെത്തുക തോഴരേ




എന്റെ നീലഞരമ്പുകളിൽ
അതി നിഗൂഡമായൊരു
കാടൊഴുകുന്നുണ്ട്

എന്നിലെത്തുന്നവരിൽ ചിലർ
കാടു കണ്ടു സ്വയം കവിതയായ്
എനിക്കു വായിക്കുവാൻ
വസന്ത മൊരുക്കും

ചിലർ ആയുധങ്ങളും
വേട്ടപ്പട്ടികളുമായ് വന്ന്
സമാധാനം തകർക്കും

കണ്ണിൽ പരസ്പരം കണ്ണാടിനോക്കുന്ന
മാനിനേയും മയിലിനേയും
അവർ കൊണ്ടു പോകും

ചിലർ ശാന്തമായ് കാട്ടുചോലയിൽ
ലയിച്ചതിൻ കുളിരാകും
ചിലർ സിംഹഗർജ്ജനമായ്
ഞരമ്പു തകർക്കും

തീയായും മഴയായും
തളിരായും തണലായും
കാട്ടിലെത്തുമ്പോൾ
ഞരമ്പിലെ കാടുമായെത്തുക
തോഴരേ

തൊട്ടുരുമ്മിയതൊക്കെയും -





അടുത്തുവന്ന കുറിഞ്ഞിപ്പൂച്ച
അതിന്റെ വാൽ മനസ്സിൽ വെച്ചു

അകലെ നിന്നും ഓടി വന്ന സന്ധ്യ
കുറെ ചുവന്ന പൂവുകൾ തന്നു

ആകാശം ഇരുൾ തുറന്ന്
തിളങ്ങുന്ന സ്നേഹം വിതറി

കടൽ നീലപ്പരപ്പിൽ ഇളകുന്ന
നിർമ്മലമായ ഒരു കാറ്റു തന്നു

തടാകം അതിന്റെ കണ്ണിലെ
തിളക്കം കുടിച്ചുകിടക്കുന്ന
പ്രകൃതിദൃശ്യങ്ങൾ എടുക്കാൻ പറഞ്ഞു

ഇന്നലെ തൊട്ടടുത്തിരിക്കുമ്പോൾ
മഴ മണ്ണിനോടെന്നപോലെ
നനയുവാൻ അവളും പറഞ്ഞു

നനഞ്ഞു ,
ആഴത്തിലാഴത്തിൽ
നനവുവേരിറക്കി

തൊട്ടുരുമ്മിയതൊക്കെയും
ചില്ലയിൽ വന്നിരുന്നു
ജീവിതം
ഓരോ ചില്ലയിലും പൂവിട്ടു .