അധോലോക കവിതകൾ - 6 -


പത്താം വയസ്സിൽ വയസ്സറിഞ്ഞു
പത്തുപേരുടെ കൊത്തേറ്റു
വിടരും മുമ്പേ വാടി വീണു
ആശാനേ...
വീണ പൂവിനെ കുറിച്ചെഴുതാനിരുന്നപ്പോൾ
പേന കത്തിപ്പോയി

കുളിരാട്ടം!......തേൻ തുള്ളിക്കവിതകൾ 155.


ഇടവപ്പാതിത്തായമ്പകയിൽ
കോമരം തുള്ളുന്നു കാറ്റുകൾ
തിറകെട്ടിയാടുന്നു മലയാളമെൻ
മെയ്യിലെ കനലിൽ കുളിരാട്ടം!

അധോലോക കവിതകൾ - 5 -


പേടിയെല്ലാമഴിച്ചു വെച്ച്
നടക്കുന്നു
പേടമാനുകൾ.
നടന്നു നടന്ന്
പേ പിടിച്ചവയുടെ നാക്കു തട്ടി
തകർന്നു വീഴുന്നു
ഗജകേസരികൾ

അതുകൊണ്ട് നിലവിളക്ക് നിലവിട്ടകളിയല്ല


വെളിച്ചം ഗുരുവാണ്.
എങ്ങനെ?
ഓരോന്നും തൊട്ടു കാണിച്ച് 
നിറങ്ങളിൽ ചാലിച്ച്
പഠിപ്പിക്കുന്നു
അറിയാത്ത ആഴങ്ങളിൽ
കൂടെ വന്ന്
എല്ലാം വ്യക്തമാക്കിത്തരുന്നു
ഗൗരവത്തോടെ ഇരുളിൽ വന്നിരിക്കുന്നു
നിലവിളക്ക്
ഗുരുവിന് വരാനുള്ള ഒരു വഴി
മെഴുകുതിരി മറ്റൊന്ന്
റാന്തൽ ഇനിയൊന്ന്
ഇനിയുമുണ്ടനേകം വഴികൾ
ഗുരുവങ്ങനെയാണ്
പല വഴികളിലൂടെ
അറിവുമായ് വരും
പെരുവഴിയിൽ നാം
തടസ്സങ്ങളിൽ
ചെന്നു മുട്ടുമ്പോൾ
നേർവഴി കാണിക്കും
വെളിച്ചം ഗുരുവാണ്
വീടുകത്തുമ്പോൾ
കാട്ടുതീ പടരുമ്പോൾ
അശ്രദ്ധ കാണിച്ചതിന്
ഗുരുവൊരടി തരുന്നു
രാത്രിയിലുറങ്ങാതെ നക്ഷത്രങ്ങളിൽ ശിഷ്യരെ നോക്കിയിരിക്കുന്നു
ഫ്ലാഷ് ലൈറ്റും
എൽ ഇ ടി യും ഗുരുവിൻ്റെ
പുതിയ വാഹനം
നിലവിളക്ക് ഗുരുവിൻ്റെ
പഴയ വാഹനം
അതുകൊണ്ട് നിലവിളക്ക്
നിലവിട്ട കളിയല്ല
ഏതു വാഹനത്തിൽ വന്നാലും
ഗുരുവിനെ കാണുവാൻ
അനുഗ്രഹം വാങ്ങാൻ
ആരിനി നമ്മെ പഠിപ്പിക്കും?

അധോലോക കവിതകൾ 4.


അമ്പതുരൂപ മോഷ്ടിച്ച ഞാൻ
അമ്പതു പേർ കാവലുള്ള ജയിലിൽ.
അമ്പതു കോടി മോഷ്ടിച്ചവൻ 
അമ്പതു പേരകമ്പടിയുള്ളോൻ
കൊടി വെച്ച കാറിൽ, സ്വാതന്ത്യ്രദിനത്തിൽ
കൊടിയുയർത്താൻ പോകുന്നു

അധോലോക കവിതകൾ - 3 -


തോറ്റവൻ്റെ തോക്കിൽ
പകയാണു വെടിയുണ്ടകൾ
അവസരം കാഞ്ചി വലിക്കുമ്പോൾ
വിജയം സുഖം പോലൊരു വാക്കു മാത്രം

അധോലോക കവിതകൾ - 2 -


വികസിച്ചു വികസിച്ച്
കേരളം മുഴുവൻ വിമാനത്താവളമായി
താവള മില്ലാത്ത മനുഷ്യർ
തവളകളായ് വയലുതിരഞ്ഞു നടന്നു

അധോലോക കവിതകൾ - 1 -


ശവം ഗർഭിണിയാവില്ലെന്ന്
അയാൾക്കറിയാം
അയാൾക്ക് നല്ല വിവരമുണ്ടായിരുന്നു
അതുകൊണ്ടാണ്
അയാൾ അങ്ങെനെ ചെയ്തത്

ധൂർത്തൻ......തേൻ തുള്ളിക്കവിതകൾ 15 4.


എത്ര തുള്ളികൾ കിട്ടി !
ഒന്നു പോലുമെടുത്തു വച്ചില്ലല്ലോ
തനിക്കും മറ്റുള്ളവർക്കും
വേണ്ടി യീ ധൂർത്തൻ

പുലി



വാക്കുകൾ കത്തിപ്പടർന്ന 
കാട്ടിൽ നിന്നും
രക്ഷപ്പെട്ട പുലി
ഹോസ്റ്റൽ വരാന്തയിലൂടെ
ഉലാത്തുന്നു
ഏതു തോക്കിനിരയാകുമെന്ന റിയാതെ
ഗാന്ധിജിയെ കുറിച്ച് പഠിക്കുന്നു


ഏതു കാലത്തിലെന്നറിയാതെ
നിറം മങ്ങിയ കൊടി നോക്കി നിൽക്കുന്നു
ഏതു വേദനയെന്നറിയാതെ
സ്ക്രീനിൽ പ്രസവം കാണുന്നു
ഏതു സമയമെന്നറിയാതെ
വെളിച്ചത്തിൽ പകച്ചു നിൽക്കുന്നു


ഏതു ചെടിയെന്ന റിയാതെ
പൂ പറിക്കുന്നു
എന്തെന്നറിയാതെ
തിന്നുന്നു
കുടിക്കുന്നു
പുലിയാണവൻ
കളി സൂക്ഷിച്ചു വേണം
വീടടച്ച് നിങ്ങൾ
പുലിവേട്ടയ്ക്കിറങ്ങിയോ
തിരിച്ചു ചെല്ലുമ്പോഴേക്കും
നിങ്ങളുടെ വീട്ടിൽ
മരങ്ങൾ വളർന്നിരിക്കാം
അതൊരു കാടായ്
മാറിയേക്കാം
നിങ്ങളുടെ മകളൊരു പുലിയായ്
നിങ്ങൾ കൊളുത്തും
തീ പേടിച്ചിരിക്കാം.

നമ്മിൽ രണ്ടു പേരിലും

നമ്മിൽ രണ്ടു പേരിലും
മേഞ്ഞു നടക്കുമോരോ മൃഗമുണ്ട്
അടിമയായും ഉടമയായും
ഇടയക്കതു പുറത്തുചാടും
അതിനെ തിരിച്ചറിയുവാൻ
നിസ്സഹായർ നാമെങ്കിലും
വാക്കുകളെറിഞ്ഞോടിക്കുവാൻ നോക്കും
ഒരു കൊടുങ്കാടായ് ദാമ്പത്യം
കനത്തു കറുക്കുമപ്പോൾ

അതാ രാജാവ് പറന്നു പോകുന്നു.

അതാ രാജാവ് പറന്നു പോകുന്നു.
കുട്ടി
ആകാശത്തിലേക്കു നോക്കി
വിളിച്ചു പറഞ്ഞു,
ഉള്ളിൽ നിന്നാൽ
ആകാശം കാണുന്ന കൂരയ്ക്ക് മുകളിലൂടെ
പുരയ്ക്കു മുകളിലേക്ക് ചാഞ്ഞ മരത്തിനു മുകിലൂടെ
കർഷകർ കാത്തിരുന്ന
മഴ മേഘത്തിനും മുകളിലൂടെ
അതാ രാജാവ് പറന്നു പോകുന്നു
രാജാവിന് ഇത്രയും
കനമില്ലായി രുന്നോ
കനമുണ്ടെന്നു കരുതിയായി രുന്നല്ലോ
പ്രജകൾ
പഴയ രാജാവിനെ തകർത്ത്
കിരീടം ഏൽപിച്ചത് !
കനമുള്ള തൊക്കെയും
ഭൂമിയിലേക്ക് താഴുമെന്ന്
ഗുരു പറഞ്ഞല്ലേ ശരി ?
കുട്ടി
ആകാശങ്ങളിലേക്കും
അയൽ രാജ്യങ്ങളിലേക്കും നോക്കി
വിളിച്ചു പറഞ്ഞു ,
രാജാവ് ഇപ്പോൾ നഗ്ന നല്ല
പ്രജകൾക്കൊന്നും മനസ്സിലായില്ല
അവർ ഏതോ അശരീരി കേട്ട്
മായപ്പൊൻമാനിൻ്റെ പിന്നാലെ
മോഹിച്ചു നടക്കുകയായിരുന്നു

കളിസ്ഥലം ......തേൻ തുള്ളിക്കവിതകൾ 153.


സ്വന്തം ഇടയനെ തിരിച്ചറിഞ്ഞപ്പോൾ
അവൻ്റെ കയ്യിൽ 
സമയത്തിൻ്റെ ചാട്ട .
കാലമവൻ്റെ കളിസ്ഥലം .

നഷ്ടവഴി


..........................................
കടപ്പുറത്തെത്തിയാൽ
കണ്ണിൽ നിന്നൊരു കിളി
പ്രകാശവേഗത്തിൽ
ചക്രവാളത്തിലേക്ക് പറക്കും
ദൂരത്തിൻ്റെ ചില്ലയിൽ
അൽപ നേരമിരിക്കും
അനന്തതയുടെ ഒരില കൊത്തി തിരിച്ചു പറക്കും
കണ്ണിൽ കൗതുകത്തിൻ്റെ ചില്ലയിൽ
ചേക്കേറും
വീട്ടിൽ കണ്ണു നിറഞ്ഞൊഴുകുന്ന മഴയിൽ ഒരു കിളിയെയും
കാണാതിരിക്കുമ്പോൾ
കടലു കാണുവാൻ കാത്തിരിക്കും
കടപ്പുറത്തെത്തുവാൻ
കടലു കാണുവാൻ
വഴിയെ വിടെ?
പലിശ കൊണ്ട്
ഒരു വശം അവരടച്ചു
ഒച്ച കൊണ്ട് മറുവശം
ഒരാളടച്ചു
സ്നേഹം കൊണ്ട്
പുറത്തേക്കുള്ള വാതിൽ
മറ്റൊരാളച്ചു
കാറ്റു വരുന്ന വഴി
പേടി കൊണ്ട് ഞാനുമടച്ചു
കടപ്പുറത്തെത്തുവാൻ
കാലുകൾ ചലിക്കണം
പക്ഷേ
കാലിലെ തുരുമ്പെടുക്കാത്ത
ആ ക്ലീഷേ
പുരാതന ചങ്ങല
എന്നെ കൂട്ടിപ്പിടിച്ച്
എപ്പോഴും സെൽഫി എടുക്കുകയാണ്

പൂക്കൾപറന്നു പോയ വസന്തം

നഗരത്തിരക്കിൽ
അമ്പലനടയിൽ
പഴന്തുണി പോലെ
ഇരിക്കുകയാണ്
പൂക്കൾപറന്നു പോയ
വസന്തം
നട്ടുച്ചത്തീയിൽ
ഏതോ ഓർമ്മയുടെ തണുപ്പിൽ
അവശേഷിച്ച ജീവൻ
നിലനിർത്താൻ
കൈ നീട്ടുകയാണ്
ചുളിഞ്ഞ ജീവിതാസക്തി
ശ്രീകോവിലിനകത്ത്‌
ഇതുവരെ മോഷണം പോകാത്ത
കൽ പ്രതിമയുടെ നിറം
ആ വിരലുകളിലിരുന്ന്
ഭജന പാടുന്നു
ആളുകൾ മുന്നിലൂടെ
തിരക്കിട്ട് നടന്നു പോകുന്നു
ചോറൂണ്
കല്യാണം
പേരിടൽ
തുലാഭാരം
എന്നിങ്ങനെയുള്ള വാക്കുകൾ
പറന്നു വന്ന്
ചെവിയിലിരിക്കുന്നു
ഏറ്റവും ചെറിയ നാണയങ്ങൾ മാത്രം
അടുത്തേക്ക് ഉരുണ്ടു വരുന്നു
കുഞ്ഞുങ്ങളെ പോലെ
അവ അടുത്തു വന്നിരിക്കുന്നു
പണ്ടെങ്ങോ കുഞ്ഞുങ്ങൾക്ക്
കൈനീട്ടം കൊടുത്തതിൻ്റെ വെളിച്ചത്തിൽ
അവയെ തലോടുന്നു
അമ്പതു പൈസയെടുത്ത്
അതിന് ഉമ്മ കൊടുക്കുമ്പോൾ
മുഖത്ത് കോവിലിലെ ദേവിയുടെ
അതേ ഭാവം
ഒരിക്കൽ
ശ്രീകോവിലിനകത്തായിരുന്നു
പിന്നെങ്ങനെയാണ്
പുറത്തെത്തിയത് ?
ആ കഥ കേൾക്കുവാൻ
കറ പിടിച്ച ഒരു രൂപ
അടുത്തേക്ക് ഉരുണ്ടുരു ണ്ട് വരുന്നു

പെയ്ത്തിൻ്റെ സംഗീതത്തണലിൽ

വെയിലിൽ മരത്തണലിൽ
നിൽക്കുമ്പോലെയല്ല
മഴയിൽ പെയ്ത്തിൻ്റെ 
സംഗീതത്തണലിൽ നിൽക്കുന്നത്
ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള
ദൂരമല്ല
കുളിരിൽ നിന്ന്
ഉൾക്കുളിരിലേയ്ക്ക്
ആരാണു വെയിൽ
ആരാണു മഴ?
കാലമെല്ലാം കാണിച്ചു തരുമ്പോഴും
നാം തർക്കത്തിലാണ്
ഒരു വെയിലിൽ നിന്ന്
ഒരു മഴയിലേക്ക് ,
ഒരു മഴയിൽ നിന്ന്
ഒരു വെയിലിലേക്ക്
കൈകൾ കോർത്ത് നടക്കുമ്പോഴും

സ്വപ്നത്തിൻ്റെ ആ തുടുത്ത വാല്

ശൂന്യാകാശം
നക്ഷത്രങ്ങൾ വിടരുന്ന
വയൽ.

ഭൂമി ഒരു തുമ്പി.
ആകാശം
അതിൻ്റെ ചിറകുകൾ.

സൂര്യ വെളിച്ചത്തിൽ
നിനക്കു ചുറ്റും ഞാനെന്ന പോലെ
അത് വട്ടമിടുന്നു

അതിൻ്റെ വാലെവിടെ ?
നിന്നെ പേടിച്ച് / 
സ്നേഹിച്ച്
ഞാൻ മുറിച്ചെറിഞ്ഞ പോലെ
ഭൂമിയും
മുറിച്ചെറിഞ്ഞിരിക്കണം
സ്വപ്നത്തിൻ്റെ ആ
തുടുത്ത വാല്

അജ്ഞൻ


മഴ തോർന്ന നേരം
വിത്തിൽ നിന്നിറങ്ങി
വന്നവരൊക്കെ ചോദിക്കുന്നു,
അറിയുമോ ?
മുഖത്തുറ്റു നോക്കി
വീണ്ടും ചോദിക്കുന്നു
അറിയുമോ ?
മൗനിയായ്
തല താഴ്ത്തി നിന്നു പോയ്!
അജ്ഞൻ !

തീ ......

തീ
......
ഉള്ളിൽ വേനലുള്ള
ഒരു പുഴയാണ് അവൾ
എല്ലാ പെയ്ത്തും കൊള്ളും
കുളിർന്നില്ലല്ലോ
കുളിരില്ലല്ലോ എന്നു കരയും
ചിലപ്പോൾ കലങ്ങും
ചിലപ്പോൾ കരകവിയും
ചിലപ്പോൾ പ്രളയത്തിൻ്റെ
ഉടമയാകും
ഉളളിൽ നിറച്ച്
തീയാണെന്നു പറഞ്ഞു കത്തും
ഞാനെത്ര അണച്ചു പിടിച്ചിട്ടും തീയണഞ്ഞില്ല
എൻ്റെ ഉള്ളിന്
തീ പിടിക്കാൻ തുടങ്ങിയപ്പോൾ
അവൾ പറഞ്ഞു,
അച്ഛാ
എനിക്കു പരിചയമുള്ള
കാലുകളിൽ
ഒരു മഴ വരാനുണ്ട്
എനിക്കണയുവാൻ
തീയണയ്ക്കുവാൻ
എന്നെയണയ്ക്കുവാൻ!

മനസ്സിലേക്കു നടന്നു പോയ്

മാവില പിടിച്ചിറങ്ങിയ
 മഴത്തുള്ളി യെൻ
 വിരലിൽ വന്നിരുന്നു മെല്ലെ
മനസ്സിലേക്കു നടന്നു പോയ്

അതേ മല നിന്നതിനും പോയതിനും തെളിവില്ല


അപ്പോൾ അതായിരുന്നു വിഷയം
അങ്ങനെ ഒരു മല
ഉണ്ടായിരുന്നോ ഇല്ലയോ എന്ന്
ഇല്ലെങ്കിൽ
ഞാൻ പറഞ്ഞതെല്ലാം കള്ളമാകും
എങ്ങനെയാ ഇല്ലാതിരിക്കുക
ഞാൻ കയറിപ്പോയതല്ലേ
എനിക്കന്നേരം
നെല്ലിക്കയും മാങ്ങകളും
കാരപ്പഴവും തന്നതല്ലേ
ആ രുചി ഇപ്പോഴും വറ്റാത്ത ഒരു അരുവിയല്ലേ
ആ മല
അവിടെ ഉണ്ടായിരുന്നു
അവിടുന്നല്ലേ
അപ്പാപ്പനെ കൊണ്ടു പോകാൻ ഉരുൾപൊട്ടി വന്നത്
എന്നിട്ടും ചർച്ച തീർന്നില്ല
ഉണ്ടായിരുന്നെന്നു ഞാനും
ഇല്ലെന്നവരും
അവർ തെളിവു ചോദിക്കുന്നു
മനസ്സിലെടുത്തു വച്ച
മഞ്ചാടികളും
മരപ്പൊത്തുകളുമല്ലാതെ
എൻ്റടുത്ത് ഒന്നുമില്ല
ആരോടൊപ്പമായിരുന്നു അത് ജീവിച്ചത്
ആർക്കൊപ്പമാണ് പോയത് ?
ആരാണ് കൊന്നു കൊണ്ടുപോയത് ?
ആരാണ് തിന്നു തീർത്തത്?
അങ്ങനെ വഴക്കായി
കേസായി
കാത്തിരുന്ന്
ഒടുവിൽ നിയമോപദേശം കിട്ടി
ഞാൻ പറഞ്ഞതിനു ഒന്നിനും തെളിവില്ലാത്തതു കൊണ്ട്
ഞാനീ നാട്ടുകാരനല്ല പോലും
അതേ
മല നിന്നതിനും
പോയതിനും തെളിവില്ല

തേൻ തുള്ളിക്കവിതകൾ. 152.മഴ വന്നു നോക്കുമ്പോൾ


മഴ വന്നു നോക്കുമ്പോൾ
സ്വന്തം ശവക്കുഴിയിൽ നിന്ന്
പുഴ ഇഴഞ്ഞു പോകുന്നു

പ്രണയകവിത ....................


കഠിനം
............................
മഞ്ഞുകാലം വെള്ളമയിലായ്
പീലി വിടർത്തുമ്പോഴും
സങ്കട മരുഭൂമിയിൽ
ഞാൻ
ഒരൊട്ടകത്തെ കാത്തിരിക്കുന്നു
നിൻ്റെ കാലുകളിലാ
മരുക്കപ്പൽ വരുന്നതു നോക്കി
എനിക്കൊപ്പം
വെള്ളമയിലുമതിൻ കുളിരും മോഹവും.
അറ്റമില്ലാത്ത പരപ്പിൽ
പറന്നു പറന്ന്
നിന്നിലേക്കുള്ള വഴി തിരയുന്നു
മനസ്സിൽ കൂടു വെച്ച ദേശാടനക്കിളി
കാറ്റിൻ തിരകളിൽ
നിൻ്റെ ഗന്ധമൊരു കുഞ്ഞു വള്ളമായ്
എന്നെ തിരയുമെന്നൊരു
സ്വപ്നം
പ്രവചിച്ചെങ്കിലും

ഇടവപ്പാതി ...തേൻ തുള്ളിക്കവിതകൾ 151.


ഇടവപ്പാതിയിൽ
ഞാനുമെൻ മറുപാതിയും
നിലാവുടുത്തു
കുളിർവഞ്ചിയിൽ പാതിര കടക്കുന്നു

എന്താ ല്ലേ !

പാവം ആകാശം
****************
അവളുടെ
വാക്കുകൾക്കു പോലും
ചിറകുണ്ടായിരുന്നു
പക്ഷേ
അവൻ്റെ വാക്കുകളുടെ
കൂട്ടിലായിരുന്നു അവൾ
പാവം ,ആകാശം.
ഓർമ്മകളുടെ വെളിച്ചവുമായ്
എത്ര നാളായെന്നോ
അവളെ കാത്തിരിക്കുന്നു!
എന്താ ല്ലേ !

അച്ഛനുമമ്മയ്ക്കുമിടയിൽ

അച്ഛനുമമ്മയ്ക്കുമിടയിൽ
................................................ 
വഴക്കിടുമ്പോൾ
അമ്മ സുനാമി
അച്ഛൻ ഭൂകമ്പം
തകരുന്നത്
എന്നും എൻ്റെ ഉയർച്ചകൾ
ഉണർവ്വിലെ
സ്വപ്ന സൗധങ്ങൾ
ഒലിച്ചുപോകുന്നത്
എൻ്റെ സംഗീതം
എൻ്റെ നല്ല നാളിൻ്റെ
നിറങ്ങൾ
ജീവൻ തുടിക്കുന്ന
കുഞ്ഞു ചലനങ്ങൾ
അച്ഛനുമമ്മയ്ക്കുമിടയിൽ
ഞാനിപ്പോൾ
തല ചായ്ക്കാൻ
ഒരു മനസ്സു തേടുമഭയാർത്ഥി

തേൻ തുള്ളിക്കവിതകൾ 150.എന്തൊരാഴമാണ് പ്രണയത്തിന്!


ഒരു തുള്ളിയിൽ വേരിനുള്ളത്
കൊടുത്തയയ്ക്കുമ്പോൾ
എന്തൊരാഴമാണ് പ്രണയത്തിന്!

ഹൃദയത്തിനുള്ളിൽ ................................

ഹൃദയത്തിനുള്ളിൽ
................................
മഴ പെയ്യുമ്പോൾ
ഭൂതകാലത്തിൽ നിന്ന് 
ഒരു കുട്ടി ഓടി വന്ന്
ഹൃദയത്തിനുള്ളിലൂടെ
നൂണുകടന്ന്
മഴയിൽ ചാടിയിറങ്ങും
മഴയുടെ വിരലുപിടിച്ച്
നൃത്തം ചെയ്യാൻ
നമ്മെ വിളിക്കും.
അന്നേരം
ഉണങ്ങിക്കരിഞ്ഞ
നമ്മുടെ ഉടലിൽ
കുറെ ഇലകൾ തളിർക്കും
പിന്നെ
നമ്മൾ കാത്തിരിക്കും,
ഒരു പൂക്കാലം വന്ന് നമ്മിൽ ഓണമാഘോഷിക്കും വരെ.
കാറ്റ് പറഞ്ഞത്
(റോഹ്യങ്ക അഭയാർത്ഥികൾക്ക് സമർപ്പിച്ച കവിത )
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കടലിൽ നിന്ന്
അസ്വസ്ഥമായ കാറ്റ്
സംസാരിക്കാൻ തുടങ്ങി,
നദി കടക്കുമ്പോലെ എളുപ്പമല്ല
കടൽ കടക്കൽ .
സ്വന്തം രാജ്യം ഒരാളെ
കടലിലേക്ക് വലിച്ചെറിയുമ്പോൾ
പ്ലാസ്റ്റിക് കുപ്പികൾ പോലെ
വയറിലൊന്നുമില്ലാതെ
ഓളങ്ങളിൽ മുങ്ങുന്നതിനു മുമ്പൊരു നീന്തൽ
ഇന്ധനം തീർന്ന ബോട്ടിൽ
ഇന്ധനം തീർന്നവരുടെ
നെടുവീർപ്പുകളുടെ കടൽ.
അഭയാർത്ഥികളെന്ന്
അശരണരെന്ന്
ഏതു പേരുവിളിച്ചാലും
വിളിക്കുന്നവർക്ക്
കടൽ ജീവിതം മനസ്സിലാവില്ല
ഉപ്പു ജലം കുടിച്ച്
കടൽച്ചൊരുക്കിൽ
മരിച്ചവരെ കാണുമ്പോൾ
മീനാകാൻ മോഹിക്കും
ആഴം ,
കാലുകൾ
പിടിച്ചു വലിക്കുമ്പോൾ
കരയുടെ കൈ പിടിക്കാൻ കൊതിക്കും
ആഗ്രഹങ്ങൾ ഉപേക്ഷിക്കാൻ അവസ്ഥ സമ്മതിക്കുന്നില്ല
ഇറങ്ങിപ്പോരുവാൻ
കൊട്ടാരമുണ്ടായിരുന്നെങ്കിൽ
ബുദ്ധനാകുമായിരുന്നോ ?
അറിയില്ല
ഒന്നറിയാം
1948 ലാണ്
അഹിംസ വെടിയേറ്റ് മരിച്ചത്
ഇപ്പോൾ അതിൻ്റെ ഓർമ്മകൾ പോലും ചുട്ടുകരിക്കുകയാണ്
രാജകുമാരൻമാർ
ബുദ്ധൻ ജീവിച്ച അതേ
മണ്ണിൽ വെച്ച് .
കടൽ
മണ്ണില്ലാണ്ടായവർക്ക്
മരണത്തിനു മുമ്പുള്ള
അഭയമാണ്;
പ്രളയമാണ്
ഒരു ബോധി വൃക്ഷത്തിൻ്റെ
തണലു പോലുമില്ലാതെ
ധ്യാനം മരണമാകും മുമ്പ്
അഭയത്തിൻ്റെ ഒരു മരം നടാൻ
മണ്ണില്ലാത്തവന്
സ്വപ്നം പോലും
ശൂന്യതയാണ്

മൂന്നു ചോദ്യങ്ങൾ

മൂന്നു ചോദ്യങ്ങൾ
...............................
ഒന്നാം തരമായിരുന്നു
ഒന്നാം തരത്തിലായിരുന്നു
അവനെ സ്കൂളിൽ ചേർക്കുമ്പോൾ.
പിന്നെയവൻ
പല തരത്തിലിരുന്നു
പല ചോദ്യങ്ങൾക്കുത്തരമെഴുതി
നിങ്ങളവനെ
പത്താംതരത്തിലുമാക്കി.
ഉത്തരങ്ങളറിയാത്തയെ െന്നയിപ്പോൾ
മൂന്നു ചോദ്യങ്ങൾ
വേട്ടയാടുന്നു
മാഷേ സത്യത്തിലവൻ
പത്താംതരത്തിലാണോ ?
പത്താം തരമാണോ?
പത്തു തരത്തിലാണോ ?
ഉത്തരം ചിതലുപിടിച്ച
പഴയ വീട്ടുകാരൻ്റെ ചോദ്യമാണ്
അവിവേകമെങ്കിൽ
പൊറുക്കുക
ഉത്തരം തരിക !

ആയിരം കാലുള്ള സംഗീതം

ആയിരം കാലുള്ള സംഗീതം
.................................
എൻ്റെ ഏകാന്തതയുടെ വയലിലൂടെ
മഴ നടക്കുന്നു
പുൽത്തലപ്പിൽ ഒരു കാൽ
വരമ്പിലെ ചെളിയിൽ ഒന്ന്
ഓലത്തുമ്പത്ത് ഒന്ന്
കൊക്കിൻ്റെ ചിറകിൽ ഒന്ന്
വേലിയിൽ ഒന്ന്
മീനിൻ്റെ നിശ്വാസത്തിലൊന്ന് .
മഴ ആയിരം കാലുള്ള
സംഗീതമാണ്
ഒറ്റപ്പെടുമ്പോഴേ
അതു കേൾക്കൂ
നടത്തത്തിൻ്റെ നിയമങ്ങൾ ലംഘിച്ച്
നാം അതിരു വരച്ചത്
മയയ്ക്കുന്നു
വേലി ഒരൊറ്റത്തൊഴിക്ക്
പൊളിക്കുന്നു
എൻ്റെ നെറുകയിൽ വെച്ച കാലിൽ
പ്രണയത്തിൻ്റെ ചിലങ്കയുണ്ട്
നിനക്കണിയുവാൻ
അതു ചോദിച്ചു നോക്കാം...
നീ എല്ലാ നിയമങ്ങൾ ക്കും മീതെ
പെയ്തിറങ്ങുമെങ്കിൽ
എല്ലാ അതിരുകളും
അലിയിക്കുന്ന ഒഴുക്കാകുമെങ്കിൽ !

ഓടിക്കോ ഓടിക്കോ

കരിയിലച്ചീട്ടു 
കളിക്കുന്ന വേനലേ
മഴപ്പോലീസു വരുന്നൂ
ഓടിക്കോ ഓടിക്കോ

സ്വാർത്ഥം

സ്വാർത്ഥം
.................
കാറ്റിനോടെനിക്കില്ല
പരാതിയൊന്നും
എറൻ്റ പൂമ്പൊടിക്ക്
നിന്നിലെത്തുവാൻ
വഴിയല്ലാതാകുവോളം
മഴയോടുമെനിക്കില്ല
ദേഷ്യമൊന്നും
എൻ്റെ മീൻകുഞ്ഞിനു
കളിക്കുവാൻ
പ്രളയമാകാതിരിക്കുവോളം
മഞ്ഞിനോടുമില്ലൊട്ടും
പരിഭവം
എന്നിൽ മരവിച്ച തൊക്കെയും
അഴുകാതെ വെളുപ്പിൽ
പൊതിഞ്ഞുവെക്കാതിരിക്കുവോളം.
പരാതിയില്ല
വെയിലിനോടും
നീരു വറ്റിക്കരിയിലയാക്കി
നീ നടക്കും വഴിയിൽ
വീഴ്ത്താതിരിക്കുവോളം

തേൻ തുള്ളിക്കവിതകൾ 149.കരച്ചിൽ

തേൻ തുള്ളിക്കവിതകൾ
149.
സംഗീതം തീർന്നു പോയ
മഴയാണ് കരച്ചിൽ ;
ഓരോ പെയ്ത്തിലും
നക്ഷത്രങ്ങൾ മരിച്ച ആകാശം
.................................................
സ്കൂളിൽ പോകും മുമ്പ്
ഉടലാകെ നക്ഷത്രങ്ങളുള്ള
ആകാശമായിരുന്നു അവൻ
വീടതിൻ്റെ പ്രഭയിലായിരുന്നു
തിളങ്ങിയത്
വിട്ടുകാർ അതിൻ്റെ തിളക്കത്തിലായിരുന്നു
സന്തോഷം പകുത്തത്
സ്ക്കൂളിലേക്ക് പോകും വഴി ,
സ്കൂളിലിരിക്കും നേരം
അവൻ്റെ നക്ഷത്രങ്ങൾ
എങ്ങനെയാണ്
കെട്ടുപോയത് ?
നിങ്ങളെന്തിനാണ്
അങ്ങനെ ചെയ്തത്?
ഓരോ ദിവസവും
അവൻ്റെ പ്രഭ മങ്ങുന്നു
എന്നും അവനോടു മിണ്ടിയ പുല്ലുകളെ
അവൻ ഇപ്പോൾ കാണാറില്ല
കിളികളെ അവൻ കേൾക്കാറില്ല
മഴ മണം അവനടുത്തു വന്നു നിൽ ക്കുന്നത്
അവൻ അറിയാറില്ല
വിഷാദത്തിൻ്റെ കസേരയിലിരുന്ന്
അവൻ അസൈൻമെൻ്റ്
എഴുതുകയാണ്
തൊട്ടടുത്തു നിന്നു വിളിച്ച
അടയ്ക്കാക്കിളി യുടെ ശബ്ദം തിരിച്ചറിയാതെ
ഗൂഗിളിൽ നിന്ന്
അവനതിൻ്റെ ചിത്രമെടുക്കുന്നു
പുറത്തു കാത്തു നിൽക്കുന്ന കാറ്റിനെ
അകത്തു കയറ്റാതെ
അവൻ വിയർക്കാതിരിക്കാൻ
ഗവേഷണം നടത്തുന്നു
വീടിപ്പോൾ നക്ഷത്രങ്ങൾ മരിച്ചു പോയ
ആകാശത്തിൻ്റെ
ശവക്കോട്ടയാണ്
അവൻ്റെ മുഖത്ത് മാത്രം
ഒരു വെളിച്ചമുണ്ട്
സ്ക്രീനിൽ നിന്നും
കൈ നീട്ടിപ്പിടിച്ച്
അവനെ അത്
ഉമ്മ വെക്കുന്നു

തേൻ തുള്ളിക്കവിതകൾ 148 .വിങ്ങലുണ്ടെന്നറിഞ്ഞില്ല


പിണക്കമെന്നതിനിത്ര
വിങ്ങലുണ്ടെന്നറിഞ്ഞില്ല 
പെയ്തു നിൽക്കെയൽപം
നിന്നെ പോൽ മഴ മാറുവോളം

വിധി


അഴിമതി
കോഴ
ചതി
വഞ്ചന എന്നിവയിൽ
തുടങ്ങി ചെകുത്താൻ
പല കാര്യങ്ങളും ചെയ്തു.
ഇപ്പോൾ
ദൈവത്തിൻ്റെ ഭാഷയിൽ
സുവിശേഷം
പ്രസംഗിക്കുന്നു
എല്ലാം കണ്ടു നിന്നവൻ
സത്യം പറഞ്ഞു
അവനെ ഏറ്റവും വലിയ
നുണയനായി
പ്രതിഷ്ഠിച്ചു.
ഒന്നിനും തെളിവില്ല.
ആയതിനാൽ
കോടതി
ചെകുത്താനെ ദൈവമായി
പ്രഖ്യാപിച്ചു

നടത്തം ..............

നടത്തം
..............
പെട്ടെന്നൊരു വെളിച്ചം വന്നു.
ഒരിടവഴി തെളിഞ്ഞു.
കുറെ പുല്ലുകൾ കൈ നീട്ടി.
അവയുടെ വിരൽത്തുമ്പിൽ
നനഞ്ഞ നക്ഷത്രങ്ങൾ.
അവയുടെ നീരു കുടിച്ചു നടന്നു.

വേലിപ്പടർപ്പിൽ വന്നിരുന്ന്
ഒരു ചെമ്പോത്ത്
സ്കൂൾ മുറ്റത്തേക്ക്
പറന്നു പോയി.
അവിടെ ഒരു കോമാവ്
രണ്ടണ്ണാൻ കുഞ്ഞുങ്ങളെ
മരം കയറാൻ പഠിപ്പിക്കുന്ന ക്ലാസ് .

അതിനടുത്ത്
കോമാങ്ങ കുട്ടികളെ കല്ലേറുപഠിപ്പിക്കുന്ന ക്ലാസ്സ്.
മഴ പാട്ടു പഠിപ്പിക്കുന്ന മുറ്റം.
സ്കൂളിലെത്തും മുമ്പ്
ഇടത്തും വലത്തും നിന്ന്
തെച്ചിപ്പഴങ്ങൾ ചുവന്നു തുടുത്തു.
കാലുകൾ ഉറവു വെള്ളത്തിൻ്റെ വിശുദ്ധിയിൽ കഴുകി
നടന്നു.

ഒരു നടയും അടച്ചിരുന്നില്ല.
ശ്രീകോവിലുകളിൽ നിന്ന്
കീരിയും ഉടുമ്പു മെഴുന്നള്ളി.
അവയെ തൊഴുതു നs ന്നു.
നാഗത്താൻമാർ ഇഴഞ്ഞു വന്ന്
സ്കൂളിൽ താമസിച്ചു.
നിവേദ്യമായ് അക്ഷരങ്ങൾ സ്വീകരിച്ചു.
ഇടയ്ക്ക് വാലിൻ്റെ ദർശനം തന്നു.

നടന്നു നടന്ന്
ചെമ്പരത്തിപ്പടർപ്പിൽ
കരിയിലക്കിളി കളായ്
കുറച്ചു നേരമിരുന്നു
പറന്നു പോയി.
നടത്തം മറന്ന്
നാനാ ദേശങ്ങളിൽ
പറന്നു പറന്ന് ഇരുട്ടിലായി

എങ്കിലും പെട്ടെന്നൊരു
വെളിച്ചം വരും
അതിൻ മിന്നലിൻ
കൈ പിടിച്ച്
അൽപം നടക്കും.

തേൻ തുള്ളിക്കവിതകൾ 147.അതിനെ മഴയെന്നു വിളിക്കുമ്പോഴും

തേൻ തുള്ളിക്കവിതകൾ
147.
പിണങ്ങിപ്പോകുന്ന തുള്ളികൾ പെയ്യും,
ഏതോ വിഷാദ സ്മൃതികളിലവ നിറയും
അതിനെ മഴയെന്നു വിളിക്കുമ്പോഴും

ഓരോ ശ്വാസവുമെനിക്കേകുമീണം പുലരുവാൻ

പണ്ടേതോ ജന്മത്തിൽ
നിന്നിൽ വെച്ചു മറന്ന
താളം തിരഞ്ഞാവണം
ഞാൻ നിന്നിലെത്തുന്നത്!

ഓരോ ദിവസവും
ഋതുക്കളാൽ
എന്നിലെഴുതുന്ന വരികൾ
മൂളുവാൻ
ഓരോ ശ്വാസവുമെനിക്കേകുമീണം
പുലരുവാൻ

തേൻ തുള്ളിക്കവിതകൾ 146.സ്നേഹമഞ്ചാടികൾ

തേൻ തുള്ളിക്കവിതകൾ
146.
മഴ കൊണ്ടു പിന്നെയും
മുളയ്ക്കുന്നു
നീ തന്ന സ്നേഹമഞ്ചാടികൾ

എന്നിട്ടും വീടെത്തി യില്ല പാവം

കുറെ ദൂരം പകലിനൊപ്പം നടന്നു
കുറെ ദൂരം രാത്രിക്കൊപ്പം നടന്നു
സന്ധ്യയുടെ കൂടെ
കുറെ നേരമിരുന്നു

കുറെ കിളികൾ
നോക്കി പറന്നുപോയി
കുറെ കാറ്റും വെളിച്ചവും
തൊട്ടു നോക്കി
പുലരിയും വന്നു
കൈപിടിച്ചു
ഒപ്പം നടന്നു
എന്നിട്ടും വീടെത്തി യില്ല പാവം

തേൻ തുള്ളിക്കവിതകൾ 145.നിന്നോർമ്മ

തേൻ തുള്ളിക്കവിതകൾ
145.
നിന്നോർമ്മതൻ തളിർ
വരുന്നതും കാത്തു
നനഞ്ഞിരിക്കുന്നു
ഞാനുമീ വർഷാകാലവും

തേൻ തുള്ളിക്കവിതകൾ 144.രതിനിർവൃതി

തേൻ തുള്ളിക്കവിതകൾ
144.
രതിനിർവൃതികളിൽ 
ഉർവ്വരതകളിൽ
പെയ്തു തോരുന്ന മഴയിൽ
കുഞ്ഞിലകൾ പുഞ്ചിരിക്കുന്നു

കണ്ണിൽ

കണ്ണിൽ
.....................
ജയിലിലുള്ളവൻ്റെ
കണ്ണിൽ 
ഒരു നാടുള്ള പോലെ
മൃഗശാലയിലെ
സിംഹത്തിൻ്റെ കണ്ണിൽ
ഒരു കാടുണ്ട്
ആ കാട്ടിൽ ഒരുവൾ
ആ നാട്ടിൽ ഒരുവൾ
അവളുടെ കണ്ണിൽ
കാടും നാടും സന്ധിക്കുന്ന മേട്
ആ മേട്ടിൽ
ഓടിയും ചാടിയും
തുമ്പിയ്ക്കു പിന്നാലെ
ഒരു കിങ്ങിണിക്കുട്ടൻ!

ആഗ്രഹം

ആഗ്രഹം
................
എന്നിരുളിൽ
ഇത്തിരി നിലാവെങ്കിലും
മറന്നു വെക്കാമായിരുന്നു,
നിനക്ക്;
എന്നെ വിട്ടു പോകുമ്പോൾ

തേൻ തുള്ളിക്കവിതകൾ 142.മദം പൊട്ടിയ മണങ്ങൾ


മദം പൊട്ടിയ മണങ്ങൾ
മഴയ് െക്കാപ്പം പറമ്പിലലയുന്നു 
പ്ളാവിലും മാവിലുമുത്സവം തീരുന്നു

തേൻ തുള്ളിക്കവിതകൾ 143 .തോരാമഴ


ഒരു മഴയുടെ 
വിരലു പിടിച്ചു നടന്നവർ 
നാ;മിരു തോരാമഴയായ്
തീ൪ർന്നൂ...

പറവകൾ


പറവകൾ നിലത്തിറങ്ങിയാലും
'അവ
വിതയ്ക്കുന്നില്ല കൊയ്യുന്നില്ല'
വിതയ്ക്കുന്നവരേയും
കൊയ്യുന്നവരേയും
അറിയുന്നില്ല
ഓരോ ദിനവും
വികസിക്കുന്ന
യന്ത്രച്ചിറകു വിരിച്ചു
പറക്കുമ്പോൾ
കാഴ്ചയ്ക്കവ
കൃഷ്ണപ്പരുന്തുകൾ
ഇടവേളകളിൽ
അവ താഴ്ന്നു പറക്കും
ഫ്ലാറ്റിൻ കൊമ്പിലിരിക്കും
പഴയതു പലതും
തട്ടിമറിക്കും
പക്ഷിക്കണ്ണാൽ ചുറ്റും നോക്കും
നെല്ലും മലരും
തിന്നുകഴിഞ്ഞാൽ
എൻ്റെ പച്ചപ്പയ്യേ
മണ്ണിൻ മകളേ
അതു നിന്നെ കൊക്കിലൊതുക്കാം
മൊട്ടത്തലയും വടിയും
റാഞ്ചിയെടുത്താൽ
മുയലേ ,
സന്തോഷത്തിൻ വെൺമക്കുഞ്ഞേ
അതു നിന്നെ
കാലിലിറുക്കാം
കോഴിക്കുഞ്ഞേ
ഗ്രാമക്കുഞ്ഞേ
ചിറകിൻ ഭംഗിയിൽ
കൊക്കും നഖവും
നിന്നെ മറച്ചു പിടിച്ചിട്ടതു
നിന്നെയുമെടുത്തു പറക്കാം
ആളുകൾ കാണെ
ആയിരമായിരം
യന്ത്രക്കോഴികൾ
അതിൻ ചിറകിൽ നിന്നുമിറങ്ങി
നമ്മുടെ വയലും വീടും
തിന്നു തുടങ്ങാം
അതിൻ കൊക്കിൽ നിന്നൊരു യന്ത്രക്കൊക്കു
നീണ്ടു വരുന്നുണ്ടത്
ഒറ്റക്കൊത്തിനു കുന്നും കുളവും
വെട്ടി വിഴുങ്ങാം
പേടിപ്പനിയാൽ
ഇഴജീവികൾ നാം
പല ഭീതികളിൽ
ഇങ്ങനെ ചുരുളുന്നു
പക്ഷീന്ദ്രനാം
ഗരുഡൻ വന്നു കഴിഞ്ഞെന്നാർപ്പുകൾ
വികസനമാണാ ചിറകുവിരിക്കൽ
പക്ഷേ പാവം ഇഴജീവികൾ നാം.

തേൻ തുള്ളിക്കവിതകൾ 141.a)ബാക്കിയുണ്ടാവും


ഓർമ്മയുടെ ഒരു മുടിയിഴയെങ്കിലും
ബാക്കിയുണ്ടാവും
തമ്മിൽ വല്ല തു മുണ്ടായിരുന്നെങ്കിൽ