അദ്ധ്യാപകൻ

അക്ഷരമായൊര-
ക്ഷയപ്പായസ-
മെന്നിലക്കുമ്പിളിൽ
നിറച്ചെന്നദ്ധ്യാപകൻ
പക്ഷിതന്നോമൽ
കുഞ്ഞി
ലെന്നപോ-
ലെന്നിലും
നിറഞ്ഞു കവിയുന്നു

 

ആ മഴയുടെ പേരു നാം മറന്നുപോയി ......................................................................



ആ മഴയുടെ പേരു നാം മറന്നുപോയി
ഒരുമിച്ച് ഒരേ ബഞ്ചിലിരുന്നു പല -
പകലുകളിൽ നാമതു കൊണ്ടിരുന്നു
അന്നേരം ആരുമറിയാതെ എപ്പോഴും
നമ്മുടെ ചുണ്ടുകൾ വിറച്ചിരുന്നു
വിറച്ച വാക്കുകൾ പനിച്ചിരുന്നു
പല പല കഥകൾ നാം പുതച്ചിരുന്നു
പുതച്ച കഥകളിൽ ജീവിച്ചിരുന്നു

ആ മഴയുടെ പേരു നാം മറന്നുപോയി
ഓരോ ദിനത്തിലുമോരോ മഴത്തുള്ളി
നമ്മിൽ നിന്നെങ്ങോ പറന്നുപോയിരുന്നു
മഴ തോർന്നതറിയാതെ നാളുകൾ
നമുക്കാർദ്രമായ തളിരുകൾ തന്നിരുന്നു
എന്നിട്ടുമേതോ രാത്രിയുടെ മറവിൽ
നമുക്കിടയ്ക്ക് നാമറിയാതെയൊരുവേനൽ
അടയിരുന്നുഷ്ണം വിരിഞ്ഞിരുന്നു

ആ മഴയുടെ പേരു നാം മറന്നുപോയി
വറ്റിയ നദിയിൽ പലനാൾ തിരഞ്ഞിട്ടും
ഇടയ്ക്കു കേൾക്കു മിടിമുഴക്കങ്ങളിൽ
പല കുറി തിരഞ്ഞിട്ടുമോർമ്മ വന്നില്ല


ആ മഴയുടെ പേരു നാം മറന്നുപോയി!

വെളിച്ചം

വെളിച്ചമേ
നിറമില്ലാത്ത തെളിച്ചമേയെന്നു
വിളിക്കുമ്പോഴേക്കും
വെളിച്ചം
പൊളിച്ചേഴു നിറങ്ങൾ
നിരത്തി വെക്കുന്നു 

ജലകണങ്ങൾ .
എന്നിലും
വെളിച്ചമുണ്ടതു 

പൊളിച്ചു നോക്കുന്നു
നിന്റെ കണ്ണീർ കണങ്ങൾ

ഒറ്റയ്ക്ക് ഒഴുകുന്ന അരുവിയിൽ

ഒറ്റയ്ക്ക് 
ഒഴുകുന്ന അരുവിയി
ആരെങ്കിലും വീണിരിക്കും 
അവളുടെ സൗന്ദര്യം 
അന്നേരം ഇളകി മറിയും 

ഒറ്റയ്ക്ക് വറ്റിയ 
അരുവിയിലൂടെ
ആരെങ്കിലും പോയിരിക്കും
അവളുടെ സൗന്ദര്യം 
അന്നേരം 
വിണ്ടു കീറും 

ഇല്ല



പൂക്കളുണ്ട് 
പൂക്കാലമില്ല.
കുട്ടികളുണ്ട് 
കുട്ടിത്തമില്ല.
വീടുണ്ട് 
വീട്ടുകാരില്ല.
ഓണമുണ്ട്
നല്ലോണമില്ല!



പാവം തിരകൾ!



.....................................
തീരത്തെത്താൻ
കുളിർക്കുപ്പായം തുന്നിയ
തിരകളെയൊന്നുപോലും
തീരം സ്വന്തമാക്കിയില്ല

പാവം തിരകൾ!

ഒറ്റ സ്പർശനത്തിൽ
ഒരു താളവട്ടം തീർന്നതിന്നോർമ്മയിൽ
 തിരയുടെ പുതു തലമുറകൾ
തീരത്ത് വരുന്നു.
 
അവയെത്രകാലമിനി
സ്നേഹം തിരഞ്ഞു
തീരത്ത് വീണു തകരും ?
............................................


മഴ ചിലപ്പോൾ



മഴ ചിലപ്പോൾ
നാമതിനിട്ട പേരുകളെയെല്ലാം തോല്പിച്ച് പെയ്യും
എന്നിട്ട് പുരപ്പുറത്തുകൂടെ
കിളി നടക്കുമ്പോലെ നടക്കും
മരത്തിൽ നിന്നും പൂ വീഴും പോലെ ചാടും
ഇറയത്തുകൂടെ മണ്ണിലേക്ക്
വലള്ളികളായ് പടരും

ദേഷ്യം വരുമ്പോൾ
വീട് എടുത്തു പുഴയിൽ കപ്പലാക്കിക്കളിക്കും
വീടിരുന്നിടത്ത് ഒരു പുഴ കൊണ്ടു വെക്കും
നിരത്തിൽ നീണ്ടു നിവർന്നു കിടക്കും
ഓർമ്മയിൽ ഒരു പൂച്ചയെപ്പോലെ
കോടമഞ്ഞ്‌ പുതച്ചു പതുങ്ങിയിരിക്കും
മഴ ചിലപ്പോൾ
നാമതിനു നല്കിയ പേരുകളെല്ലാം ഒഴുക്കിക്കളയും
എന്നിട്ട് നമ്മുടെ മുൻപിൽ
തെരുവു സർക്കസ്സുകാരിയായ് കൈനീട്ടും
നാം നോക്കി നില്ക്കെ കിണറ്റിൽ ചാടും
എന്നിട്ട് ഇട വഴിയിലൂടെയോ
അടുക്കലയിലൂടെയോ പുറത്തിറങ്ങും
മഴ ചിലപ്പോൾ
നമ്മുടെ വേദനയിൽ ഒരു മരം നടും
അതിന്റെ ഇലകളിൽ നിന്നും
നമുക്ക് സന്തോഷം പച്ച നിറത്തിൽ തരും
മഴ ചിലപ്പോൾ
മരത്തിൽ നമ്മുടെ വേദന തൂക്കിയിടും
മഴുകൊണ്ട് കഴുകിയാലും തീരാത്ത വേദന .
അപ്പോൾ നാം പുതിയ പേരുകൾ തിരയും
അതിലൊന്നുമൊതുങ്ങാതെ
അപ്പോഴും മഴ പെയ്യും
മൗനവും മനസ്സും തകർത്തും
നിർമ്മിച്ചും നിലവിളിച്ചും ചിരിച്ചും
പെയ്തു കൊണ്ടേയിരിക്കും
..........................................മുനീർ അഗ്രഗാമി ...............

പറന്നിറങ്ങുന്നത്




മുതിർന്നവരുടെ മരണത്തോടൊപ്പം
പറന്നുപോയ സമാധാനം
തിരിച്ചുവരാൻ വേണ്ടി
ബാക്കിയായ കുഞ്ഞുങ്ങൾ
സ്വപ്‌നങ്ങൾ കൊണ്ടുണ്ടാക്കിയ കൂട്ടിലും
മരണം വന്നിരുന്നു

ബോംബിന്റെ ചിറകിൽ
അതു പറന്നിറങ്ങുന്നത്
ആളുകൾ  നോക്കിനിന്നു

അവരുടെ ഉള്ളിൽ നിന്നെന്ന പോലെ
അത് വീണ്ടും വീണ്ടും പറന്നിറങ്ങി

ഇനി സ്വപ്നമുണ്ടാവാൻ
കുഞ്ഞുങ്ങളുണ്ടാവണം
കുഞ്ഞുങ്ങളുണ്ടാവാൻ
സ്വപ്നങ്ങളും.
 ..................................................................................

നിറങ്ങൾ



.........................................
കമ്മൂണിസ്റ്റ് പച്ച നിറഞ്ഞ വഴിയിൽ
ഒരു പച്ച മനുഷ്യനായിരുന്ന്
ഞാൻ പുല്ലരിയുന്നു

ചെമ്പരുത്തി അതിരിടുന്ന പറമ്പിൽ
കെട്ടിയിട്ട എന്റെ പശു
ചുവന്ന ചെമ്പരത്തിപ്പൂക്കൾ തിന്നുന്നു

എന്റെ വല്ലത്തിൽ പച്ചപ്പുല്ല് ധാരാളം
ആലയിൽ നിന്നേ അത് കൊടുക്കൂ
മഞ്ഞ നിറത്തിലുള്ള ഉണക്കപ്പുല്ലും
അവിടെ ധാരാളം
ഇടയ്ക്ക് എന്റെ പശു അതും തിന്നും
 
അതിന്റെ പാലിന് എന്തു വെളുപ്പ്!
മനുഷ്യന്റെ പല്ലിനെക്കാളും വെളുപ്പ്
 .........................................................

രണ്ടു പൂച്ചക്കുട്ടികൾ

ഇരുളൊരു പേടി പടർത്തും കാടായ്
ഇടവഴി കയറി വരുമ്പോൾ
ഇരുളിൽ ഏകാന്തതയ്ക്കൊപ്പം
ഇരയെ തിരയുന്ന തിളക്കങ്ങൾ
ഇലകൾക്കിടയിൽ ഇളകുന്ന
ഇതളായ് മിന്നാമിന്നി പ്പൂവുകൾ
ഇടയ്ക്ക് നാട്ടുവെളിച്ചം  നോക്കുമ്പോൾ
ഇമ്പമേറും രണ്ടു പൂച്ചക്കുട്ടികൾ  ! 
 

കുഞ്ഞേ...

കുഞ്ഞേ
പീഡനകാലത്തിൽ
നീ തീ കൊണ്ടു നടക്കുന്നു
നിന്നെക്കുറിച്ചുള്ള
തീയെന്നെയും കൊണ്ടു നടക്കുന്നു


കടപ്പുറം കളി
...................................
മഴയ്ക്കൊപ്പം
മണൽപ്പരപ്പിൽ
നീ കളി തുടങ്ങിയോ കടലേ

മഴ വന്നപ്പോൾ
മഴയ്ക്കു കളിക്കുവാൻ ഞങ്ങൾ
കളി നിർത്തിപ്പോന്നതാണേ

ബോളും ബൂട്ടും
നനയാതിരിക്കു വാൻ
ഞങ്ങളെടുത്തു വെച്ചതാണേ

ബോളു കാണാതെ  നീ
കലിയടങ്ങാതെ
തിരകൊണ്ട്ഫ്രീകിക്കെടുക്കുന്നോ

എന്റെ വീടും തെങ്ങും
വേദനകളും നിന്റെ കിക്കിൽ
ഗോൾ പോസ്റ്റിലെത്തിയോ

 നീ കളി തുടങ്ങിയാൽ
ഏഴല്ല; ഏഴായിരം ഗോളിനു
ഞങ്ങൾ തകരും !

 ...................മുനീർ അഗ്രഗാമി ...







മഴത്തുള്ളിയിൽ

വീഴുന്ന മഴത്തുള്ളിയിൽ
മിന്നുമൊരു വെയിൽത്തുള്ളി
ജീവിതം കാണിക്കുന്നു

പ്രണയമേ അവളെ വിട്ടു പോകരുതേ


-പ്രണയമേ
 അവളെ വിട്ടു പോകരുതേ-


കുളിക്കുമ്പോൾ
ഓരോ ജലത്തുള്ളിയിലും
അവന്റെ കണ്ണെന്നവൾ 
കളിക്കുമ്പോൾ
ഓരോ ചുവടിലും
അവന്റെ താളമെന്നവൾ
വിളിക്കുമ്പോൾ
ഓരോ വാക്കിലും
അവന്റെ മുഴക്കമെന്നവൾ
ഒളിക്കുമ്പോൾ
ഓരോ മറവിലും
അവന്റെ മണമെന്നവൾ
ഒളിഞ്ഞോ തെളിഞ്ഞോ
ഒന്നുമിന്നോളം
അവൻ പറഞ്ഞില്ലെന്നവൾ
തെളിയുന്നവനെന്നിട്ടും
ഓരോ മാത്രയിലും
അവളിലെന്നവൾ

പ്രണയമേ
 അവളെ വിട്ടു പോകരുതേ

അവന്റെ ക്ലോക്ക്

നടന്നുതുടങ്ങിയാൽ 
അച്ഛനാണവന് ക്ലോക്ക്
അച്ഛനുണരുമ്പോൾ 
അവനു പുലരി
അച്ഛൻ പണിക്കു പോകുന്നേരമവന്  രാവിലെ
അച്ഛൻ വീട്ടിലില്ലാത്ത വെയിലവനു പകൽ

അച്ഛൻ പണികഴിഞ്ഞെത്തുമ്പോൾ
അവനുസന്ധ്യ
അച്ഛൻ അങ്ങാടിക്കിറങ്ങും നേരമവന്  രാവ്
അച്ഛൻ ടോർച്ച്‌ തെളിയിച്ചെത്തും നേരമവന്നു പാതിര

അമ്മയതറിഞ്ഞില്ല
അമ്മയവന് കാലവും
അച്ഛനവന്  സമയവും
അമ്മയുടെ ക്ലോക്ക് ചുമരിൽ നിന്നും ഇന്നലെയാണ് പോയത്
അവന്റെ ക്ലോക്ക് പോയിട്ട് 
നാൽപ്പത്തൊന്നു നാളായി
അമ്മയതുമറിഞ്ഞില്ല
അതുകൊണ്ടാണ് അമ്മയെ അവൻ 
അവന്റെ ക്ലോക്ക് കാണിച്ചത്
അവന്റെ സമയം കൊണ്ട്
അച്ഛന്റെ മരണം ബോധ്യപ്പെടുത്തിയത്