നടന്നുതുടങ്ങിയാൽ
അച്ഛനാണവന് ക്ലോക്ക്
അച്ഛനുണരുമ്പോൾ
അവനു പുലരി
അച്ഛൻ പണിക്കു പോകുന്നേരമവന് രാവിലെ
അച്ഛൻ വീട്ടിലില്ലാത്ത വെയിലവനു പകൽ
അച്ഛൻ പണികഴിഞ്ഞെത്തുമ്പോൾ
അവനുസന്ധ്യ
അച്ഛൻ അങ്ങാടിക്കിറങ്ങും നേരമവന് രാവ്
അച്ഛൻ ടോർച്ച് തെളിയിച്ചെത്തും
നേരമവന്നു പാതിര
അമ്മയതറിഞ്ഞില്ല
അമ്മയവന് കാലവും
അച്ഛനവന് സമയവും
അമ്മയുടെ ക്ലോക്ക് ചുമരിൽ നിന്നും
ഇന്നലെയാണ് പോയത്
അവന്റെ ക്ലോക്ക് പോയിട്ട്
നാൽപ്പത്തൊന്നു
നാളായി
അമ്മയതുമറിഞ്ഞില്ല
അതുകൊണ്ടാണ് അമ്മയെ അവൻ
അവന്റെ
ക്ലോക്ക് കാണിച്ചത്
അവന്റെ സമയം കൊണ്ട്
അച്ഛന്റെ മരണം ബോധ്യപ്പെടുത്തിയത്
No comments:
Post a Comment