കാടിറങ്ങിപ്പോരുന്ന വഴിയിൽ
................................................
നദി കത്തുന്നു
വറ്റിപ്പോയ
ഒഴുക്കിന്റെ വടുക്കളിൽ
തീ നൃത്തമാടുന്നു
ഏറെത്തണുത്ത ഒരു കാലത്തിൻ
ജീവനുപേക്ഷിച്ച കക്കകൾ
നിന്നു പുകയുന്നു
ഞാനുമമ്മയും പലകുറി
മുറിച്ചുകടന്ന ഒഴുക്കിപ്പോഴും
ഞങ്ങളെ വിട്ടു പോയിട്ടില്ല
കാടിറങ്ങിപ്പോരുന്ന വഴിയിൽ
കാട്ടാനയെ തടയുന്ന പുഴ
വറ്റിയതെങ്ങനെ?:
ഉറവകളോരോന്നും
തീർന്നു പോയതെങ്ങനെ ?
കാട്ടുതീയിൽ വെന്തു ചത്ത മരങ്ങളുടെ വേരുകളിൽ
ഈ പുഴയുടെ ഓർമ്മനനയുണ്ട്
ഒഴുക്കിന്റെ ശക്തിയിൽ
അച്ഛനാണ് പുഴ
കള്ളുകുടിച്ചൊഴുകുന്ന മഴക്കാലം
പട്ടിണി കിടന്നൊഴുകുന്ന വേനൽ
ഞങ്ങളെ
തോളിലേറ്റിയൊഴുകുന്ന ശിശിരകാലം
ശരത്കാലത്ത്
പുഴയ്ക്ക് മറ്റൊരു മനസ്സാണ്
അച്ഛനൊപ്പം അന്നു ഞങ്ങൾ കളിച്ചിരുന്നു
മ്ലാവിനെ കണ്ട്
കാടിന്നൊഴുക്കറിഞ്ഞിരുന്നു
ഒഴുക്കെല്ലാം വറ്റിപ്പോയാൽ
എന്തു ചെയ്യും?
ആരോടു പരാതി പറയും ?
വറ്റിപ്പോയതിന്നോർമ്മയിൽ
ഒഴുകുമ്പോൾ
കത്തിപ്പോയാലെന്തു ചെയ്യും ?
വറ്റിപ്പോയ ഒരു പുഴയിൽ
കത്തിപ്പോയ ഒരു പുഴയിൽ
ബാക്കിയായ
കറുത്ത കല്ല്
ഉരുണ്ട് മിനുത്ത് നിൽക്കുന്നു
അതിന്റെ മനസ്സ് ഞാനാണ്.
ഒരു പെൺകുട്ടി അതെടുത്ത് കൊണ്ടുപോയി
അക്വേറിയത്തിലിട്ടു.
അതിൽ നിറയെ
അതിരുകളുള്ള മീനുകൾ