നേത്യാരമ്മ
...................
ചെന്തുരുത്തി കൊയിലിപ്പറ്റ
കൊട്ടുപാറ കോതിമലവഴി
ചെങ്കുളത്തേക്ക് പോകുന്ന ബസ്സിൽ ഞാനുണ്ട്
ശ്വാസത്തെ ആരോ
പിടിച്ചു വെച്ച പോലെ
കണ്ണിൽ വറ്റിപ്പോയ ഒരാൾ
നിറയുന്നു
വേഗത്തിനു വേഗം പോരെന്ന്
തോന്നിത്തുടങ്ങുന്നു
നേത്യാരമ്മ
ഈ സീറ്റിൽ
ഇരുന്നിട്ടുണ്ടാവും
എത്രയോ തവണ ഈ കമ്പിയിൽ
പിടിച്ചിട്ടുണ്ടാവും
അവർ മരിച്ചിട്ട്
നാലുനാളായി
പത്രത്തിൽ ഒരു കുറിപ്പ്
കുറച്ചു പറഞ്ഞ്
മൗനിയായി
പുളിയിഞ്ചി പൂവട
പുത്തരിച്ചോറ് നെയ് പായസം
അവർ വിളമ്പിത്തന്നതൊക്കെയും
വിരൽത്തുമ്പിൽ വന്ന്
തരിച്ചുനിൽക്കുന്നു
ചെങ്കുളമെത്തും മുമ്പ്
ചേറ്റു പാടത്തേക്ക് തിരിയുന്ന തിരിവിൽ
അവരെയോർത്ത്
ഓലമേഞ്ഞ ബസ് സ്റ്റോപ്പ്
ഇറങ്ങി നടന്നു
പടി കയറിച്ചെല്ലുമ്പോൾ
എന്റെ കണ്ണിൽ നിന്നും അവരിറങ്ങി
മണ്ണിൽ ലയിച്ചു
കവിളിൽ അതിന്റെ നനവ്
അവ പെറുക്കി എന്നിൽത്തന്നെ വെച്ചു
ഞാനൊരു കലശം
അതിനുള്ളിൽ
അവർ മുഴുവനായും
ഒളിച്ചിരിക്കുന്നുണ്ട്
ഇക്കാര്യം
ആരോടും പറയേണ്ട.
- മുനീർ അഗ്രഗാമി