വറ്റിപ്പോയ പുഴകളെല്ലാം
 എന്റെ ഉള്ളിലുണ്ട് 
വേദനിക്കുമ്പോൾ 
കണ്ണീരിലൂടെ അവ ഇറങ്ങി വരും 
തപിച്ചു പൊള്ളുമ്പോൾ 
വേനലവയെ ഉപ്പുകലക്കി 
ഒരു മഹാസമുദ്രമാക്കും 
വേറുതെയിരുന്നാലും 
ഇറങ്ങി നടന്നാലും 
അസ്വസ്ഥതയോടെ പിടഞ്ഞാലും 
ഉറങ്ങിപ്പോയാലും 
ഉടലിലവ തിരയടിക്കും 
ആ തിരയിൽ കുളിച്ച് 
പകച്ചു നിൽക്കുന്നു 
മഴയെ തിരഞ്ഞു മടുത്ത 
ഞാനെന്ന ഉണക്ക മരം