സമയം കുടിക്കുന്ന യക്ഷൻ

 ഭാരതപ്പുഴ മണലിൽ

ഇരുട്ടു തൊട്ടുകൂട്ടി
സമയം കുടിക്കുന്നു
യക്ഷൻ
ചീവീടുകൾ
തവളകൾ
അവനോടു കലഹിക്കുന്നു
രാമഗിരി തിരഞ്ഞ്
കാണാതെ മടുത്തവൻ
നക്ഷത്രമെണ്ണി
സമതലത്തിലിരിക്കുന്നു
പറന്നു കഴിഞ്ഞ്
വിശ്രമിക്കുന്ന
നാലു ഹംസങ്ങൾ
അവനെ നോക്കിയേതോ
കഥയയവിറക്കുന്നു
നാലു ജെസിബികൾ
കുന്നിൻ ചോര തുടയ്ക്കാത്ത വിരലുകൾ
വിടർത്തി
അവനെക്കോരുവാൻ
കണ്ണു തുറക്കുന്നു.
-മുനീർ അഗ്രഗാമി

എന്തിനായിരിക്കും ?

 എന്തിനായിരിക്കും ?


..........................................


ഒരു കിളിയും വെറുതെ ഇരിക്കുന്നില്ല

കി ളി യി രു ന്ന കൊമ്പിലൂടെ
ഒരുറുമ്പ്
ധൃതിയിലെങ്ങോ പോകുന്നു
ഒരുറുമ്പും
വെറുതെ പോകുന്നില്ല
കാടു കണ്ടു തീരാതെ
ഞാനൊരു മരമായ് നിന്നു
എന്റെ ചില്ലയിൽ വന്നിരിരിക്കുമൊരു കിളി
എന്തിനായിരിക്കുമത് ?
എന്തിനായിരിക്കും ?
-മുനീർ അഗ്രഗാമി

ഉഭയജീവിതം

 ഉഭയജീവിതം

...............
എത്ര കുടകൾ നാം
മാറി മാറിച്ചൂടി!
എന്നിട്ടും മഴ ശമിച്ചില്ല
ശമനത്തിന്റെ താളം
എന്റെ നെഞ്ചിലോ
നിന്റെ നെഞ്ചിലോ
മിടിച്ചില്ല
ഒരുൾവിളിയാൽ
കുടകൾ മാറ്റി വെച്ച്
ഉടലളവുകളിൽ
പാകമായ നനവ്
നാം രണ്ടു പേരുമണിഞ്ഞു
ഉഭയജീവിതത്തിന്റെ
ആദ്യപടി കടന്നു
രണ്ടാം ഘട്ടത്തിൽ
പ്രണയം ചിറകുകൾ തന്നു
നമുക്കിപ്പോൾ
ആഴത്തിന്റേയും
ഉയരത്തിന്റേയും രഹസ്യങ്ങളിൽ
ഒരുമിച്ച് ചെവി ചേർക്കാം
ഇപ്പോൾ പെയ്യുന്നതൊക്കെയും
നമുക്കിടക്കൊരു ചാറ്റൽ മാത്രം
വെറും മഴച്ചാറ്റൽ മാത്രം.
- മുനീർ അഗ്രഗാമി

 നിങ്ങൾ (നീ) തൂവുന്ന

ഒരു കണ്ണീർത്തുള്ളിയും വെറുതെയാവില്ല
അത് കരുതലിന്റെ സൂര്യൻമാരാണ്
അതിന്റെ വെളിച്ചത്തെ
എനിക്കറിയാം
എന്റെ പുതു തളിരുകൾ
അത് വെളിപ്പെടുത്തുന്നു
- മുനീർ അഗ്രഗാമി

ഒറ്റയാവാതിരിക്കാനുള്ള വിളി

 മഴയുടെ മനസ്സിൽ

കയറിക്കിടന്നു
ഒറ്റയ്ക്ക്.
ഒരോർമ്മയുടെ
ഇറയത്ത് നിന്ന്
എറെ നേരമായ്
തണുക്കുകയായിരുന്നു
മഴ
ഓരോ തുള്ളിയുടെയും
വാതിൽ തുറന്ന്
രാത്രിയുടെ വെളിച്ചം
കാണിക്കുന്നു
കറുത്ത വെളിച്ചത്തിൽ
തണുത്ത ചൂട്
മഴയിന്ന്
മനസ്സടയ്ക്കില്ല
വരൂ,
ഈ സത്രത്തിൽ
ഇനിയുമിടമുണ്ട്.
ഒറ്റയാവാതിരിക്കാനുള്ള
വിളിയുണ്ട് .
- മുനീർ അഗ്രഗാമി

ഫോട്ടോഗ്രാഫറും പകലും

 വിശന്നു മരിച്ച കുട്ടിയുടെ

ഫോട്ടോയെടുത്തു
ഫോട്ടോഗ്രാഫറും പകലും
പടിഞ്ഞാറേക്ക് നടന്നു പോയി
അയാൾ
എത്തിച്ചേർന്ന ആഗ്രഹത്തിൽ വെച്ച്
അസ്വസ്ഥതകളെ കഴുകിക്കളയാൻ
തുടങ്ങവേ
ഈ രാത്രിയെ എന്തു ചെയ്യുമെന്നറിയാതെ
പിടഞ്ഞു ;
വിരിപ്പിൽ അയാൾ
മലർന്നു കിടക്കുന്ന ഒരു വണ്ട്.
പുലരുന്നതിനു തൊട്ടുമുമ്പ്
ഒന്നു മയങ്ങിയപ്പോൾ
ആ കുട്ടിയുടെ അമ്മ
എല്ലാ വാരിയെല്ലുകളും ഉയർത്തിപ്പിടിച്ച്
അയാൾക്കു മുന്നിൽ വന്നു നിന്നു
ഉപ്പ് മുളക് അരി
അപ്പം എന്നൊന്നും പറയാതെ
അമ്മ കൈ നീട്ടി
അയാൾ തന്റെ ഹൃദയം
ആതിൽ വെച്ചു കൊടുത്തു
അവർ കരഞ്ഞു
അയാൾ തന്റെ ക്യാമറ വെച്ചു കൊടുത്തു
അവർ കരഞ്ഞു
അയാൾ താൻ പാഴാക്കിക്കളഞ്ഞ
ഭക്ഷണ പദാർത്ഥമെല്ലാം വെച്ചു കൊടുത്തു
അവർ കരഞ്ഞു
ഇപ്പോൾ
ഈ രാത്രി
പ്രളയത്തിൽ അയാൾ
ആ കുട്ടിയുടെ ഫോട്ടോ ഉയർത്തിപ്പിടിച്ച്
നിൽക്കുന്നു
അമ്മ കരയുന്നു
ഓരോ കണ്ണീർത്തുള്ളിയും
അയാളെ ചുറ്റുന്നു.
- മുനീർ അഗ്രഗാമി

മതേതരം

 ഒരു മണി വറ്റിനെ നോക്കൂ

എത്ര മതേതരമാണത്
അതിന്റെ വെൺമ
അന്നജം ,ഊർജ്ജം
വിത്തിൽ നിന്നും
അരിയിലേക്കുള്ള വഴി
എത്ര മതേതരമാണത്!
ഒരു കൂട്ടം ഉറുമ്പുകൾ
നിലത്തു വീണിട്ടും
അതിനെ ഉപേക്ഷിക്കാതെ
ഉയിരിനോടു ചേർക്കുന്നു
അത്രയും സൂക്ഷ്മതയോടെ.
- മുനീർ അഗ്രഗാമി

കണ്ണിൽ

 കണ്ണിൽ

...............
കണ്ണിലുണ്ടയാൾ
കണ്ട കാഴ്ചകളെല്ലാം
വിരിച്ചിട്ട്
അതിലിരിക്കുന്നു
ഇരിപ്പിലും നടപ്പിലും
കിടപ്പിലും
വിട്ടു പോകാതെ
അയാളെൻ
നിശ്വാസം
തൊട്ടു നോക്കുന്നു
ഒറ്റയാവില്ലെന്നൊരു കാറ്റ്
അയാളുടെ വിരലാൽ
കണ്ണീർ തുടയ്ക്കുന്നു
തണുത്തു മങ്ങിയ
കടലെന്നിൽ
ചൂടേറിയുണർന്ന്
തെളിയുന്നു
എന്നിലാകെ തിരകൾ
തിരകളിലാകെ ഞാൻ
ഇനി കാണാതിരിക്കട്ടെ
കണ്ടു തീരാതെയിരിക്കാൻ.
-മുനീർ അഗ്രഗാമി

ശ്രമം

 ശ്രമം

........
പണ്ടു കൊണ്ട മഴയെ
കഴുകിക്കളയാൻ
ഈ മഴ ശ്രമിക്കുന്നു
ഞാനത് ശരിക്കും കൊണ്ടു,
ആർക്കും കഴുകിക്കളയാൻ
പറ്റാത്ത വിധം കൊണ്ടു
കൊണ്ട മഴകൾ
കൊണ്ടു തീരാത്ത പോലെ
പെയ്തും തീരില്ല
ഒരു മഴയ്ക്കുമാവില്ല
മറ്റൊരു മഴ തന്ന
കുളിരുമായ്ക്കുവാൻ
എന്നിട്ടും അതു ശ്രമിക്കുന്നു
വെറുതെ ശ്രമിക്കുന്നു
ആദ്യത്തെ പ്രണയത്തെ
അവസാനത്തെ പ്രണയം കൊണ്ട്
മായ്ക്കാൻ ശ്രമിക്കുന്ന പോലെ.
- മുനീർ അഗ്രഗാമി

Like
Comment
Share

കാലമുച്ചരിച്ച ഒരു വാക്ക്

 കാലമുച്ചരിച്ച ഒരു വാക്ക്

(ആറ്റൂരിന്)
അലയുന്നു മേഘങ്ങൾ
അവന്റെ ദൂതുമായ്
സഹ്യനെക്കാളുമുയരത്തിൽ,
മലയാളത്തിൽ
മേഘങ്ങളൊക്കെ
പെയ്തു തീർന്നാലും
പറന്നു തീരില്ലവന്റെ
വാക്കുകൾ
നടത്തം നിർത്തിയാലും
നിൽക്കുവാനാവാതെ
നടക്കുമവൻ
ബാക്കി വെച്ച രസധ്വനികൾ
നഗരത്തിൽ
ഞാൻ ഗ്രാമത്തിന്നോർമ്മകൾ
സൂക്ഷിക്കുന്ന ട്രങ്കു പെട്ടിയിൽ
അവന്റെ വചനങ്ങളുടെ കാവലുണ്ട്
യക്ഷനാവാൻ മോഹിച്ച്
മനുഷ്യനായിത്തീർന്ന ഒരു വാക്ക്
കാലമുച്ചരിച്ചു കഴിഞ്ഞു
കേട്ടവരിൽ
തീരാതെ
തോരാതെ...
- മുനീർ അഗ്രഗാമി
Sugatha Pramod, Shukkoor Mampad and 36 others
5 comments
2 shares
Like
Comment
Share