മഴയമ്മ

 മഴയമ്മ

..............
പകലിന്റെ കണ്ണിൽ
വെള്ളമാവാതെ
മറച്ചുപിടിച്ച്
മഴ
പകലിനെ
കുഞ്ഞിനെയെന്ന പോലെ
കുളിപ്പിക്കുന്നു
അണിഞ്ഞ ഉടുപ്പഴിച്ച്
സന്ധ്യയെ
കായൽവക്കത്ത്
കല്ലിൽ നിർത്തി
തേച്ചു കുളിപ്പിക്കുന്നു
രാത്രിയോടതിന്
അത്ര കരുതലില്ല
തോന്നിയപോലെ വെള്ളമൊഴിച്ച്
കുളിയുടെ അതിരുകൾ ഭേദിച്ച്
നനയ്ക്കുന്നു
ഇരുട്ടിൽ ആരും
ഒന്നും കാണുന്നില്ല എന്നതിനാൽ
എന്തുമാവാം എന്നതുപോലെ
അതിൻറെ ഉടലിൽ
ജലം കോരി ഒഴിക്കുന്നു
കറുത്തതിനാലാവുമോ
രാത്രിയോടിത്ര കഠിനം...?
വെളുത്തതിനാലാവുമോ
പകലിനോടിത്ര മൃദുലം?
നിങ്ങൾ
ഇതിനുത്തരം പറഞ്ഞാലും
എനിക്കുത്തരമില്ല
കുഞ്ഞുവെളിച്ചം
മുതിർന്ന്
വെയിലേറ്റ്
തൊലികറുത്തു രാവായി വളർന്നു പോയതിനാലാവും
ഇത്ര ശക്തിയിൽ ഓരോ തുള്ളിയും
അതിൻറെ തലയിൽ ഒഴിക്കുന്നത്.
- മുനീർ അഗ്രഗാമി

ആനപ്പാറ

 ആനപ്പാറ

................
ആനപ്പാറ
ആനയായി നിൽക്കാൻ തുടങ്ങിയിട്ട്
എത്ര കാലമായെന്നറിയില്ല
ഇപ്പോൾ
അതിന്റെ കണ്ണിൽ നിന്നും
ഒരാൽമരം
ആകാശത്തേക്ക് നടക്കുന്നുണ്ട്
ഞാൻ പരിചയപ്പെടാത്ത
ഒരു കാട്ടുവള്ളി
ആലിൻ കൊമ്പിൽ
പൂക്കൾ തൂക്കിയിടുന്നുണ്ട്
രണ്ടു കുരുവികൾ അങ്ങോട്ടു
പറന്നു വരുന്നു
അവ തമ്മിൽ പറയുന്ന മൊഴികളിൽ
ഇളകിയാടുന്നുണ്ട് സമയം
കുരുവി ആലിലിരുന്നാൽ
കുരുവിയൊച്ച
ലയിച്ചു തീരുന്ന പറമ്പിൽ
കൂട്ടുകാരന്റെ വീട്
ആനപ്പാറ പാറയാകുമോ എന്ന പേടിയിൽ
അവൻ കഴിയുന്നു
അവനൊപ്പം രണ്ടുനാൾ താമസിച്ചു
തിരിച്ചുപോരുമ്പോൾ
ആനപ്പാറ പറയാവരുതേ
എന്നു മാത്രം പ്രാർത്ഥിച്ചു.
പാറയ്ക്ക് വെടിയേറ്റാൽ
ആന മരിക്കുമെന്നുള്ളതിനാൽ.
-മുനീർ അഗ്രഗാമി

സൂര്യന് ഒരു കത്ത്

 സൂര്യന് ഒരു കത്ത്

..............................
നിന്റെ കാറ്റിലും മഴയിലും തകർന്ന
കപ്പലിന്റെ ഒറ്റപ്പലകയിലിരുന്ന്
അവസാനത്തെ പ്രണയത്തെ കുറിച്ച്
സൂര്യന് ഒരു കത്തെഴുതുന്നു
ജലത്തിന്റെ ഭാഷയിൽ
ആടിയുലയുന്നു അക്ഷരങ്ങൾ
കാറ്റും കോളും ചുഴറ്റിയെറിഞ്ഞ
ഈ കപ്പലിന്റെ ഇതളുകൾ ചേർത്ത്
സമുദ്രം ഒരു പനിനിർപ്പൂവുണ്ടാക്കും
സൂര്യനതു സമ്മാനിക്കും
ഈ കത്തിൽ
ആ പൂവിനെ കുറിച്ചുള്ള രഹസ്യമുണ്ട്
ഉറക്കമില്ലാത്തതിനാൽ
സൂര്യനതു മനസ്സിലാവും,
നനഞ്ഞതൊക്കെയും
വായിച്ചു തീർക്കുമ്പോൾ
അവസാനത്തെ പ്രണയം
കഴിഞ്ഞാൽ പിന്നെ ആരും അയാളല്ല
ചുറ്റും ഒരു കടലുള്ള
ഒറ്റപ്പലകയിലെ ഒരു പൊടിയാണ്
ജലത്തിനും സൂര്യനും
മനസ്സിലാവാത്ത ഒരു നിറത്തിൽ
നിന്നെ ഒളിപ്പിച്ച് ഞാൻ
മറവിയ്ക്ക് നിറം കൊടുക്കും
സൂര്യൻ കത്ത് വായിച്ച് തീരുമ്പോൾ
ഞാൻ വറ്റിപ്പോകും
നീയില്ലാതെ ഒഴുകിയിട്ടെന്ത്!
പിന്നിട്ട തുറമുഖങ്ങൾ നീ തന്നെ
എത്താനുള്ളതും നീ തന്നെ
പക്ഷേ
നിന്നിലെത്തിയിട്ടും
നിന്നിലെത്താത്തതെന്ത് ?
സൂര്യന്റെ മറുപടിയിൽ
അതിനുള്ള ഉത്തരമുണ്ടാകുമോ ?
- മുനീർ അഗ്രഗാമി

 ഏതോ മൗനസങ്കടം തകർന്നു വീണ പോൽ

മഴ നിലത്തു തലതല്ലിയുരുളുന്നു
ഞാനതിൻ വിലാപത്തിൽ
ചവിട്ടി വീണു കിടക്കുന്നു
മുറ്റമേ
മഴയിൽ മുങ്ങിക്കിടക്കുമെന്നെപ്പിടിക്കൂ

 ദേഷ്യം വരുമ്പോലെ

മഴ വരുന്നു

ചിന്നനെലി

 ചിന്നനെലി

...................
ആരുമതിനെ കാത്തിരിക്കുന്നില്ലെങ്കിലും
ചിന്നായെന്നൊരു വിളിയതിനെ
സ്വീകരിക്കില്ലെങ്കിലും
ഒരു കെണി
അതിനെ കാത്തിരിക്കുന്നുണ്ട്
നാലുരാത്രികൾ
നിറഞ്ഞ ഗന്ധം
വലിച്ചുകൊണ്ടു പോയി അതിൽ കുടുക്കിയിരുന്നു, ചിലതിനെ
തിരക്കിട്ടു പോയതിനെ
ചിന്തിക്കാതെ പോയതിനെ
ചിന്നനെലിക്കതറിയില്ല
പാമ്പി മൂസ്സിന്റെ ഇല്ലം പൊളിച്ച്
പത്തായപ്പുര പൊളിച്ച്
പാണ്ടിലോറിയിൽ കയറ്റിയപ്പോൾ
അതിൽ പെട്ടു
ഡ്രൈവറതിനെ തോണ്ടി
റോഡിലിട്ടു
ഹൈവേയിൽ ഓരിയിട്ടോടും
ചലനങ്ങൾക്കിരയാവാതെ
അതിനവിടെ
എത്താനാകുമോ ?
എത്ര ദൂരെയാണെങ്കിലും
കെണിയിക്കേദൃശ്യമായ്
ആരോ തള്ളി വിടുമ്പോലെ
ഇഴയുമെലികളേ,
രാത്രിയുടെ ഊരാക്കുടുക്കിൽ,
നഗരപ്പിടച്ചിലിൽ കുടുങ്ങുവാൻ
വരിവരിയായെന്ന പോലെ
വരും കൊതികളേ
ആ കെണിയേതെന്ന്
എനിക്കറിയാം
അതു പറയാൻ തുനിയവേയെൻ
നാക്കു കാണാതായ് .
- മുനീർ അഗ്രഗാമി

ഒരു തുമ്പി , അതിന്റെ കാലുകളിൽ എന്റെ കുട്ടിക്കാലം

 ഒരു തുമ്പി ,

അതിന്റെ കാലുകളിൽ
എന്റെ കുട്ടിക്കാലം
ഒരു മഞ്ഞപ്പൂമ്പാറ്റ
അതിന്റെ ചുണ്ടിൽ
എന്റെ കൗമാരം
ഒരു പുള്ള് ,
അതിന്റെ ചിറകിൽ
എന്റെ യൗവ്വനം
മറ്റൊന്നുമില്ല
ചുവന്ന കടലിൽ ഞാൻ
അതാര്യമായ ജലത്തിൽ
മറ്റാരു മുണ്ടെന്നറിയാതെ
പൊങ്ങിക്കിടക്കുന്നു
പെട്ടെന്ന് ഉണർന്നു.
പുലർന്നിട്ടില്ല
പുലരിയിലേക്ക്
എത്രയെത്ര വഴികൾ !
കിടക്കുന്നു ,
മറ്റൊരു വഴി
തെളിയുമെന്ന ആശയിൽ
ചുവപ്പിന്റെ ഉടൽ
തകർന്ന യാനങ്ങളുടെ
രക്തമോ
നീന്തുന്നവരുടെ രക്തമോ?
ജലം തന്നെ മുറിഞ്ഞ്
ചോരയൊഴുകുന്നതോ ?
മണ്ണിന്റെ നെഞ്ചിലേറ്റ കുത്തിൽ നിന്നോ ?
പെട്ടെന്നൊരു നിലവിളി
ഉയർന്നു കേട്ടു
ആ നിലവളിയിലൂടെ
ഞാൻ പുലരിയിലേക്ക് നടന്നു.
-മുനീർ അഗ്രഗാമി

ആ ദിവസം

 വെറുതെയിരിക്കുമ്പോൾ

ആ ദിവസത്തെ
എടുത്തു നോക്കി
കഴിഞ്ഞു പോയതെങ്കിലും
കളയാതിരുന്ന ഒരു ദിവസത്തെ .
ശ്വാസമില്ല
ഉടലിൽ പരിക്കുകൾ ഇല്ല
എന്റെ ശ്വാസം കൊടുക്കാൻ ശ്രമിച്ചു
അതിനു പാകമാകുന്നില്ല
എന്റെയും നിന്റെയും ശ്വാസം
ഒരുമിച്ച് കൊടുത്തു
മരിച്ചു പോയിട്ടും
ആ ദിവസം ജീവിക്കുന്നത്
തൊട്ടടുത്തിരുന്ന്
നാം അനുഭവിച്ചു.
മഴകൾ കൊണ്ട് അലങ്കരിച്ച്
ആ ദിവസത്തെ
ഈ ദിവസത്തോടു ചേർത്ത്
നീയെന്നോടതു മന്ത്രിച്ചു
മറ്റാരും കേൾക്കാതിരിക്കാൻ
ഒരു മഴയുടെ ഒച്ചയിൽ ചേർത്ത്
എന്റെ ചെവിയിലൊഴിച്ചു
ആകെ നനഞ്ഞപ്പോൾ
നാം രണ്ടു മാലാഖമാരായി
ഭൂമി സ്വർഗ്ഗമായി
സൂര്യൻ ഈ ദിവസത്തെ
പടിഞ്ഞാറോട്ട് നീക്കിവെച്ച്
കണ്ണു ചുവന്ന് നിൽക്കുമ്പോൾ
നീയെന്റെ ചെവിയിൽ പറഞ്ഞു
നോക്കൂ
ഈ ദിവസത്തെ ഞാൻ
മറ്റാർക്കും കൊടുക്കില്ല
ആ ദിവസത്തെ
ഒരു കടൽത്തിരയുടെ ദൃശ്യത്തിൽ വെച്ച്
സൂര്യൻ നിനക്കു തന്നു
നിയതിനെ
നിന്റെ ചുണ്ടുകൊണ്ട്
എന്റെ കൈകളിൽ ഒട്ടിച്ചു
അത്രയും വേദനിക്കുമ്പോൾ
നമുക്കതെടുത്ത്
വേദന തുടയ്ക്കണം
അല്ലെങ്കിൽത്തന്നെ
ആരാണ്
എല്ലാ ദിവസവും ജീവിച്ചവർ ?
- മുനീർ അഗ്രഗാമി

രാത്രിയെ തിന്നുന്നവൻ

 രാത്രിയെ തിന്നുന്നവൻ

.....................................
രാത്രിയെ
ഡാർക്ക് ഫാന്റസി പോലെ
ചവച്ചു തിന്നുന്നു
മിന്നാമിനുങ്ങിനെ കാണുമ്പോൾ
കുട്ടിയാവുന്ന അസുഖം
വീണ്ടും തുടങ്ങി
കറുപ്പിന്റെ മധുരത്തിൽ
വിടരുന്ന ഒരു പൂവ്
ഒരു വസന്തമായിപ്പടരുന്നു
അതിന്റെ ഒരു പൂമ്പൊടി
പെട്ടെന്ന് പറവയായി
എന്റെ ചുണ്ടിലിരിക്കുന്നു
താമസമെന്തേ വരുവാൻ എന്ന പാട്ട്
പെയ്തുകൊണ്ടിരുന്നു
രാത്രിമുല്ല അതു കേൾക്കുന്നു
രുചിയുടെ തിരകളിൽ
സഞ്ചരിക്കുന്ന വള്ളത്തിലിരുന്ന്
ഞാൻ നാവിൽ ബാക്കിയുള്ളതു
അലിച്ചിറക്കി
തുഴയുന്നു
അവസാന തരിയും
ഇറങ്ങിക്കഴിഞ്ഞപ്പോൾ
വെളിച്ചം ചുണ്ടുകളിൽ
പടർന്നു
വെളിച്ചം കൊണ്ട്
വായ കഴുകി
കഴിഞ്ഞു പോയ കറുപ്പിന്റെ ഓർമ്മപ്പുറത്ത്
കയറി
അത് ചെവിയാട്ടി
എന്നെയുമെടുത്ത്
ഇനി
ഒരു പകൽ കടക്കും
-മുനീർ അഗ്രഗാമി