നീയെന്നെ വിളിക്കുന്നു

 നീയാണ്

ശബ്ദവും നിശ്ശബ്ദതയും
നേരിലും നേരത്തിലും
ചില മാത്രകളിൽ
കടലും മഞ്ഞു തുള്ളിയും
കാഴ്ചയിലും ഇരുട്ടിലും
ചില നേരം
വായുവും ശ്വാസവും
ജീവനിലും മരണത്തിലും
എന്നിട്ടും നിന്നെ വിളിക്കുവാൻ
വൈകുന്നു
വാക്കുകൾ എന്നെ ഉപേക്ഷിക്കുന്നു
എന്നിട്ടും
നീയെന്നെ വിളിക്കുന്നു
വാക്കുകൾ തരുന്നു
മരിച്ചു പോയ
ഒരാളെ വിളിച്ചുണർത്തുമ്പോലെ
- മുനീർ അഗ്രഗാമി

എനിക്കിപ്പോൾ പേടിയില്ല

 എനിക്കിപ്പോൾ പേടിയില്ല

ഈ കല്ലിൽ നിന്നും ഒരാൾ
എന്നെ നോക്കുന്നുണ്ട്
അയാളുടെ നോട്ടത്തിന്
എത്ര നൂറ്റാണ്ട് പഴക്കമുണ്ടെന്ന്
എനിക്കറിയിയില്ല.
അയാൾ ഉച്ചരിച്ച വാക്കുകൾ
ഇവിടെയെവിടെയോ ഉണ്ട്
ഞാൻ അവ തിരഞ്ഞ്
മണലിലിരുന്നു
മുമ്പിവിടെ ഉണ്ടായിരുന്ന
കടലിന്റെ ഇരമ്പം കേട്ടു
എനിക്കിപ്പോൾ പേടിയില്ല
തിരകൾ എന്നെ ആട്ടിക്കൊണ്ടിരുന്നു
ഞാനോർത്തു
ആരാവും
ഇതിലെ ആദ്യം നടന്നു പോയത്
അയാളുടെ കാലടികൾ പതിഞ്ഞ മൺ തരി
എന്റെ കാൽപാദത്തിൽ
അയാളുടെ സ്പർശനം
തിരയുന്നുണ്ടാവുമോ ?
ആ കല്ല്
മുന്നിൽ തന്നെയുണ്ട്
അതിൽ നിന്നും എന്നെ നോക്കുന്ന
നോട്ടത്തിന്റെ ഉടമയെ കാത്ത്
എന്റടുത്ത്
ആരോ നിൽക്കുന്നുണ്ട്
അയാളെ ഞാൻ കാണുന്നില്ല
പെട്ടെന്ന്
ഒരില പറന്നു വന്നു
അടുത്തെവിടെയോ മരമുണ്ട്
ഞാൻ ആ ദിക്കിലേക്കു നടന്നു.
- മുനീർ അഗ്രഗാമി

ഒരു പെൺകുട്ടി വന്നു

 മറ്റൊരാളുടെ ദു:ഖത്തിൽ നിന്നും

തിരിച്ചിറങ്ങാനാവാതെ
ഉയരത്തിൽ കുടുങ്ങിപ്പോയ
പട്ടമാണ് അയാൾ
അയാളുടെ നിയന്ത്രങ്ങൾ
നഷ്ടമായ നാൾ കഴിഞ്ഞ്
പൊട്ടിയ ചരടിന്റെ ചരിത്രം
പഠിക്കാൻ
ഒരു പെൺകുട്ടി വന്നു
അവൾ അയാളിലേക്കെത്താൻ
ചിറകുകളില്ലാതെ
താഴ് വരയുടെ കറുത്ത മറുകിൽ
ഇരുന്നു പോയി
അയാളെ ഇപ്പോൾ
മറ്റൊരാളുടെ ദുഃഖം
താലോലിക്കാൻ തുടങ്ങിയിരിക്കുന്നു
മറ്റെയാൾ
സ്വന്തം ദു:ഖത്തിൽ നിന്നും
അയാൾ അടർന്ന് താഴെ വീണു പോകുമോ
എന്ന പേടിയാൽ
വരുന്ന സന്തോഷത്തെ ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു
താഴ് വരയുടെ വിശാലയിൽ
പൂവു പോലെ വാടിയിരിക്കുന്ന
പെൺകുട്ടിക്ക് അതറിയില്ല
ഞാനവളോടതെങ്ങനെ പറയും ?
അയാൾ ഇറങ്ങി വരുമെന്ന്
അവളിൽ
സമയം കൊത്തിവെച്ച ശില്പം
കണ്ടു നിൽക്കുകയല്ലാതെ .
- മുനീർ അഗ്രഗാമി

ആ വൈകലിൽ അവളുണ്ട്

 ആ വൈകലിൽ അവളുണ്ട്

അവളുടെ എല്ലാമുണ്ട്

അവൾക്കും എല്ലാവരുമുണ്ട്
വൈകിയില്ലെങ്കിൽ
അവൾ മാത്രമായിപ്പോകില്ലേ !
അവനോ
കുഞ്ഞുങ്ങളോ
അവളുടെ ചില നിമിഷങ്ങളിൽ
അല്പനേരം നിന്നപ്പോഴല്ലേ
അവൾ അല്പമൊന്ന്
അവളായത് !
വൈകലിൽ അവനുള്ള അവളുണ്ട്
വൈകാതെ അവളേയുള്ളൂ
അവൾ മാത്രം.
- മുനീർ അഗ്രഗാമി
V V Jose Kallada, Sugatha Pramod and 49 others
1 comment
Like
Comment
Share

ഒരാൾ എനിക്കൊപ്പം

വായന കഴിഞ്ഞ്
മടക്കി വെച്ച പുസ്തകത്തിൽ നിന്നും
ഒരാൾ എനിക്കൊപ്പം വന്നു
അയാൾ തിരിച്ചു പോയിട്ടുണ്ടാവാം
അതു ഞാനറിഞ്ഞിട്ടില്ല
അയാൾ
ഉള്ളിലെവിടെയോ
ഉള്ള പോലെ
ഒരു കനം
അയാൾ
എന്നെ വായിക്കുന്ന പോലെ
ഒരു തോന്നൽ
ആ പുസ്തകം ഒന്നുകൂടി വായിക്കണം
അയാൾക്കൊപ്പം
ഒന്നുകൂടി നടക്കണം
എന്നെ എപ്പോൾ
മടക്കി വെക്കും
എന്നു ചോദിക്കണം.
-മുനീർ അഗ്രഗാമി
ഷെമീർ പട്ടരുമഠം, V V Jose Kallada and 47 others
7 comments
Like
Comment
Share

കുഞ്ഞ്

 കുഞ്ഞ്

.........
അവൾ കുഞ്ഞിന്
ചോറു കൊടുക്കുന്നു
കുഞ്ഞു ചിരിക്കുന്നു
കുഞ്ഞിന്റെ ചിരിയോ
സമയത്തിന്റെ പൂവ്.
ചോറിൽ അവൾ
സ്നേഹം ചേർക്കുമ്പോൾ
മാമ് എന്ന വാക്കുണ്ടാവുന്നു
കുഞ്ഞതു
വാക്കുകൾക്കും മുമ്പുള്ള
മറ്റൊരു ശബ്ദം ചേർത്ത്
സ്വീകരിക്കുന്നു
കുഞ്ഞിന്റെ ശബ്ദങ്ങൾ
മ്മ എന്ന് മുട്ടിട്ടിഴയുകയും
മെല്ലെ എഴുന്നേറ്റ്
അമ്മ എന്ന ശബ്ദമായ്
പിടിക്കാതെ നിൽക്കുന്നു
അവൾ കുഞ്ഞിന്
ചോറിനൊപ്പം
കഥകൾ കൂട്ടി കൊടുക്കുന്നു
അവൾ ഇരിക്കുന്ന
കസേരയ്ക്ക് മുന്നിൽ മേശ,
മേശപ്പുറത്ത്
പാത്രത്തിൽ ചോറ് ,ഗ്ലാസ്
പത്രം
ഇടയ്ക്ക് അവൾ പത്രത്തിലേക്ക് നോക്കുന്നു
ഒന്നാം പേജിലെ വാർത്തകൾ
അവളിലേക്ക്
നടന്നു തുടങ്ങുന്നു
കുഞ്ഞ് വാ തുറക്കുന്നു
അടുത്ത ഉരുളയിൽ
അശുഭകരമായ
വാർത്തകൾ കലർന്നു പോകുമോ
എന്ന പേടിയിൽ
അവൾ പത്രം മാറ്റിവെക്കുന്നു.
- മുനീർ അഗ്രഗാമി

മഴ പിണങ്ങിപ്പോയ രാത്രിയിൽ

 മഴ പിണങ്ങിപ്പോയ രാത്രിയിൽ

ഓർമ്മകൾ പിഴിഞ്ഞ്
കുടിക്കുന്നു, യക്ഷൻ
മറ്റൊന്നുമില്ല
പാനപാത്രത്തിൽ
ഓർമ്മയുടെ രക്തമല്ലാതെ .
വർണ്ണാന്ധത ബാധിച്ച്
ഇരുട്ട് ചുരുട്ടിയെടുത്ത് വലിക്കുന്നു
മറ്റൊന്നുമില്ല
പടയോട്ടം നടത്തുന്ന
വിങ്ങലല്ലാതെ .
ഓരോ നിമിഷവും
ഓരോ കഴുതകളാകുന്നു
അവയെന്നെ വഹിച്ച്
ഈ സമയം കടക്കുന്നു .
- മുനീർ അഗ്രഗാമി

തീവണ്ടികൾ

 തീവണ്ടികൾ

....................
രണ്ടു തീവണ്ടികൾ
പരസ്പരം നോക്കാതെ
പാഞ്ഞു പോയി
രണ്ടിലും
പേരിൽ മാത്രമേ
തീയുണ്ടായിരുന്നുള്ളൂ
ഉപേക്ഷിച്ച തീ
അതിനുള്ളിലെ
ആരിലുമില്ലേ?
നിരീക്ഷകൻ ചോദിക്കുന്നു
കനൽ കൊണ്ടു പോകുന്നത്
കുറ്റകരമാണ്
അതുകൊണ്ടാവും
കുറേ കുട്ടികൾ
മൊബൈലിന്റെ
വെളിച്ചം പിടിച്ചിരിക്കുന്നത്.
- മുനീർ അഗ്രഗാമി

കടക്കൽ

 കടക്കൽ

................
തീവണ്ടി
പുഴ മുറിച്ചു കടക്കുമ്പോലെ
ഒരാൾ എന്നെ കടന്നു പോയി
സ്പർശിച്ചില്ല
പക്ഷേ
ചുളിഞ്ഞ പേപ്പർ ഗ്ലാസുപോലെ
പ്ലാസ്റ്റിക് കവർ പോലെ
ചിലതെല്ലാം ഉപേക്ഷിച്ച് .
- മുനീർ അഗ്രഗാമി