തുള്ളി
..........
ഒരു തുള്ളിയോട് ചോദിച്ചു ,
അതിന്റെ യാത്രകൾ
കടലിൽ നിന്നോ
വയലിൽ നിന്നോ
ഉടലിൽ നിന്നോ
ഉയരെ നിന്നോ തുടക്കം ?
അതു പറഞ്ഞു :
കണ്ണിൽ നിന്നും
നൂറ്റാണ്ടുകൾക്ക് മുമ്പ്
ഒരു ദ്രാവിഡ രാജാവിന്റെ
പ്രണയത്തിന്റെ
ഉടലിൽ നിന്ന്.
അവളുടെ കണ്ണിൽ നിന്നും
അദ്ദേഹത്തിന്റെ പ്രതിബിംബം
അകന്നു പോയ അന്ന്.
അന്നു കൂടെയിറങ്ങിയ
മറ്റു തുള്ളികൾ ?
അവർ എവിടെയോ ഉണ്ട്
എന്നെ തിരഞ്ഞ്
ഏതോമഴകളിൽ...
അടുത്തടുത്ത് തൊടാനാവാതെ
നോക്കി നിൽക്കുന്ന
പുൽക്കൊടികളിൽ എത്തുന്ന അന്ന്
രണ്ടു പേരും
തമ്മിൽ നോക്കിയിരിക്കും
വീഴുവോളം ചിരിക്കും
തുള്ളി
മുറ്റത്ത്
വീണു ചിതറുകയും
പല വഴികളിലൂടെ
പോകുകയും ചെയ്തു
അതൊരു വലിയ മഴയായിരുന്നു
മറ്റു തുള്ളികളൊക്കെ
ആരോടാവും
അവയുടെ യാത്രകൾ പറയുക!
ഒന്നിനെത്തന്നെ
കേട്ടു തീരാതെ
മഴ തോർന്നിട്ടും
മരം പെയ്യും പോലെ ഞാൻ.
- മുനീർ അഗ്രഗാമി