ആരുടെ ശ്വാസമാണ് ഞാൻ ?
...................................................
ആരോ എന്നെ ശ്വസിക്കുന്നുണ്ട്
ആരുടേയോ സിരകളിൽ
ഞാൻ ജീവവായുവായി
തുടിക്കുന്നുണ്ട്
ഇന്നലെ രാത്രിയിൽ തൊട്ടടുത്തിരുന്ന്
കനത്ത ഒരിരുട്ട്
എന്നോട് അക്കാര്യം
രഹസ്യമായിപ്പറഞ്ഞു
അയാളിലെത്തേണ്ട യാത്രകൾ
സമയം എന്നിലൂടെ നടത്തുന്നത്
ഞാനന്നേരം തിരിച്ചറിഞ്ഞു
ഓരോ നിമിഷവും
ഓരോ ചുവടുകളാണ്
അവനവനെ കണ്ടു പിടിക്കാൻ
ഓരോരുത്തരും
നടന്ന വഴികളിൽ
അതിന്റെ പാടുകളുണ്ട്
ആ പാടുകളിൽ കാലത്തിന്റെ ചിത്രം
അമൂർത്തമായി
പ്രദർശിപ്പിക്കുന്നു
അയാളിലെത്തിച്ചേരുമ്പോൾ
എന്റെ ഉടലിൽ നിന്നും
അയാളതു വായിക്കും
ഞാൻ ആദ്യ ചുവടുവെച്ച
ഞാവലിന്റെ തണൽ
കാണാതായ ദിവസം
വിറകുകൾ ഉണങ്ങാനിട്ട പറമ്പിൽ
ഞാനെന്നെ തിരഞ്ഞു നടന്നത്
അയാൾക്ക് വേഗം മനസ്സിലാവും
കുറെ കിളികൾ
അവരെത്തന്നെ തിരഞ്ഞു പറന്നു വന്നത്
ഉറുമ്പുകൾ ഇഴഞ്ഞു വന്നത്
ഞങ്ങൾ മാത്രമറിയുന്ന
ഒരു പകലിന്റെ ബിനാലെ
അയാൾ എന്നിൽ കാണും
ഞാനാരുടെ നിശ്വാസമാണെന്ന്
അയാളോടു ചോദിക്കും
അയാൾ ഉത്തരം പറയുമെങ്കിൽ
അയാളുടെ ഉത്തരത്തിലാണ്
പിന്നെ ഞാൻ ജീവിക്കുക
എന്നേക്കും.
-മുനീർ അഗ്രഗാമി