ഹൃദയത്തിനുള്ളിൽ ................................

ഹൃദയത്തിനുള്ളിൽ
................................
മഴ പെയ്യുമ്പോൾ
ഭൂതകാലത്തിൽ നിന്ന് 
ഒരു കുട്ടി ഓടി വന്ന്
ഹൃദയത്തിനുള്ളിലൂടെ
നൂണുകടന്ന്
മഴയിൽ ചാടിയിറങ്ങും
മഴയുടെ വിരലുപിടിച്ച്
നൃത്തം ചെയ്യാൻ
നമ്മെ വിളിക്കും.
അന്നേരം
ഉണങ്ങിക്കരിഞ്ഞ
നമ്മുടെ ഉടലിൽ
കുറെ ഇലകൾ തളിർക്കും
പിന്നെ
നമ്മൾ കാത്തിരിക്കും,
ഒരു പൂക്കാലം വന്ന് നമ്മിൽ ഓണമാഘോഷിക്കും വരെ.
കാറ്റ് പറഞ്ഞത്
(റോഹ്യങ്ക അഭയാർത്ഥികൾക്ക് സമർപ്പിച്ച കവിത )
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കടലിൽ നിന്ന്
അസ്വസ്ഥമായ കാറ്റ്
സംസാരിക്കാൻ തുടങ്ങി,
നദി കടക്കുമ്പോലെ എളുപ്പമല്ല
കടൽ കടക്കൽ .
സ്വന്തം രാജ്യം ഒരാളെ
കടലിലേക്ക് വലിച്ചെറിയുമ്പോൾ
പ്ലാസ്റ്റിക് കുപ്പികൾ പോലെ
വയറിലൊന്നുമില്ലാതെ
ഓളങ്ങളിൽ മുങ്ങുന്നതിനു മുമ്പൊരു നീന്തൽ
ഇന്ധനം തീർന്ന ബോട്ടിൽ
ഇന്ധനം തീർന്നവരുടെ
നെടുവീർപ്പുകളുടെ കടൽ.
അഭയാർത്ഥികളെന്ന്
അശരണരെന്ന്
ഏതു പേരുവിളിച്ചാലും
വിളിക്കുന്നവർക്ക്
കടൽ ജീവിതം മനസ്സിലാവില്ല
ഉപ്പു ജലം കുടിച്ച്
കടൽച്ചൊരുക്കിൽ
മരിച്ചവരെ കാണുമ്പോൾ
മീനാകാൻ മോഹിക്കും
ആഴം ,
കാലുകൾ
പിടിച്ചു വലിക്കുമ്പോൾ
കരയുടെ കൈ പിടിക്കാൻ കൊതിക്കും
ആഗ്രഹങ്ങൾ ഉപേക്ഷിക്കാൻ അവസ്ഥ സമ്മതിക്കുന്നില്ല
ഇറങ്ങിപ്പോരുവാൻ
കൊട്ടാരമുണ്ടായിരുന്നെങ്കിൽ
ബുദ്ധനാകുമായിരുന്നോ ?
അറിയില്ല
ഒന്നറിയാം
1948 ലാണ്
അഹിംസ വെടിയേറ്റ് മരിച്ചത്
ഇപ്പോൾ അതിൻ്റെ ഓർമ്മകൾ പോലും ചുട്ടുകരിക്കുകയാണ്
രാജകുമാരൻമാർ
ബുദ്ധൻ ജീവിച്ച അതേ
മണ്ണിൽ വെച്ച് .
കടൽ
മണ്ണില്ലാണ്ടായവർക്ക്
മരണത്തിനു മുമ്പുള്ള
അഭയമാണ്;
പ്രളയമാണ്
ഒരു ബോധി വൃക്ഷത്തിൻ്റെ
തണലു പോലുമില്ലാതെ
ധ്യാനം മരണമാകും മുമ്പ്
അഭയത്തിൻ്റെ ഒരു മരം നടാൻ
മണ്ണില്ലാത്തവന്
സ്വപ്നം പോലും
ശൂന്യതയാണ്

മൂന്നു ചോദ്യങ്ങൾ

മൂന്നു ചോദ്യങ്ങൾ
...............................
ഒന്നാം തരമായിരുന്നു
ഒന്നാം തരത്തിലായിരുന്നു
അവനെ സ്കൂളിൽ ചേർക്കുമ്പോൾ.
പിന്നെയവൻ
പല തരത്തിലിരുന്നു
പല ചോദ്യങ്ങൾക്കുത്തരമെഴുതി
നിങ്ങളവനെ
പത്താംതരത്തിലുമാക്കി.
ഉത്തരങ്ങളറിയാത്തയെ െന്നയിപ്പോൾ
മൂന്നു ചോദ്യങ്ങൾ
വേട്ടയാടുന്നു
മാഷേ സത്യത്തിലവൻ
പത്താംതരത്തിലാണോ ?
പത്താം തരമാണോ?
പത്തു തരത്തിലാണോ ?
ഉത്തരം ചിതലുപിടിച്ച
പഴയ വീട്ടുകാരൻ്റെ ചോദ്യമാണ്
അവിവേകമെങ്കിൽ
പൊറുക്കുക
ഉത്തരം തരിക !

ആയിരം കാലുള്ള സംഗീതം

ആയിരം കാലുള്ള സംഗീതം
.................................
എൻ്റെ ഏകാന്തതയുടെ വയലിലൂടെ
മഴ നടക്കുന്നു
പുൽത്തലപ്പിൽ ഒരു കാൽ
വരമ്പിലെ ചെളിയിൽ ഒന്ന്
ഓലത്തുമ്പത്ത് ഒന്ന്
കൊക്കിൻ്റെ ചിറകിൽ ഒന്ന്
വേലിയിൽ ഒന്ന്
മീനിൻ്റെ നിശ്വാസത്തിലൊന്ന് .
മഴ ആയിരം കാലുള്ള
സംഗീതമാണ്
ഒറ്റപ്പെടുമ്പോഴേ
അതു കേൾക്കൂ
നടത്തത്തിൻ്റെ നിയമങ്ങൾ ലംഘിച്ച്
നാം അതിരു വരച്ചത്
മയയ്ക്കുന്നു
വേലി ഒരൊറ്റത്തൊഴിക്ക്
പൊളിക്കുന്നു
എൻ്റെ നെറുകയിൽ വെച്ച കാലിൽ
പ്രണയത്തിൻ്റെ ചിലങ്കയുണ്ട്
നിനക്കണിയുവാൻ
അതു ചോദിച്ചു നോക്കാം...
നീ എല്ലാ നിയമങ്ങൾ ക്കും മീതെ
പെയ്തിറങ്ങുമെങ്കിൽ
എല്ലാ അതിരുകളും
അലിയിക്കുന്ന ഒഴുക്കാകുമെങ്കിൽ !

ഓടിക്കോ ഓടിക്കോ

കരിയിലച്ചീട്ടു 
കളിക്കുന്ന വേനലേ
മഴപ്പോലീസു വരുന്നൂ
ഓടിക്കോ ഓടിക്കോ

സ്വാർത്ഥം

സ്വാർത്ഥം
.................
കാറ്റിനോടെനിക്കില്ല
പരാതിയൊന്നും
എറൻ്റ പൂമ്പൊടിക്ക്
നിന്നിലെത്തുവാൻ
വഴിയല്ലാതാകുവോളം
മഴയോടുമെനിക്കില്ല
ദേഷ്യമൊന്നും
എൻ്റെ മീൻകുഞ്ഞിനു
കളിക്കുവാൻ
പ്രളയമാകാതിരിക്കുവോളം
മഞ്ഞിനോടുമില്ലൊട്ടും
പരിഭവം
എന്നിൽ മരവിച്ച തൊക്കെയും
അഴുകാതെ വെളുപ്പിൽ
പൊതിഞ്ഞുവെക്കാതിരിക്കുവോളം.
പരാതിയില്ല
വെയിലിനോടും
നീരു വറ്റിക്കരിയിലയാക്കി
നീ നടക്കും വഴിയിൽ
വീഴ്ത്താതിരിക്കുവോളം

തേൻ തുള്ളിക്കവിതകൾ 149.കരച്ചിൽ

തേൻ തുള്ളിക്കവിതകൾ
149.
സംഗീതം തീർന്നു പോയ
മഴയാണ് കരച്ചിൽ ;
ഓരോ പെയ്ത്തിലും
നക്ഷത്രങ്ങൾ മരിച്ച ആകാശം
.................................................
സ്കൂളിൽ പോകും മുമ്പ്
ഉടലാകെ നക്ഷത്രങ്ങളുള്ള
ആകാശമായിരുന്നു അവൻ
വീടതിൻ്റെ പ്രഭയിലായിരുന്നു
തിളങ്ങിയത്
വിട്ടുകാർ അതിൻ്റെ തിളക്കത്തിലായിരുന്നു
സന്തോഷം പകുത്തത്
സ്ക്കൂളിലേക്ക് പോകും വഴി ,
സ്കൂളിലിരിക്കും നേരം
അവൻ്റെ നക്ഷത്രങ്ങൾ
എങ്ങനെയാണ്
കെട്ടുപോയത് ?
നിങ്ങളെന്തിനാണ്
അങ്ങനെ ചെയ്തത്?
ഓരോ ദിവസവും
അവൻ്റെ പ്രഭ മങ്ങുന്നു
എന്നും അവനോടു മിണ്ടിയ പുല്ലുകളെ
അവൻ ഇപ്പോൾ കാണാറില്ല
കിളികളെ അവൻ കേൾക്കാറില്ല
മഴ മണം അവനടുത്തു വന്നു നിൽ ക്കുന്നത്
അവൻ അറിയാറില്ല
വിഷാദത്തിൻ്റെ കസേരയിലിരുന്ന്
അവൻ അസൈൻമെൻ്റ്
എഴുതുകയാണ്
തൊട്ടടുത്തു നിന്നു വിളിച്ച
അടയ്ക്കാക്കിളി യുടെ ശബ്ദം തിരിച്ചറിയാതെ
ഗൂഗിളിൽ നിന്ന്
അവനതിൻ്റെ ചിത്രമെടുക്കുന്നു
പുറത്തു കാത്തു നിൽക്കുന്ന കാറ്റിനെ
അകത്തു കയറ്റാതെ
അവൻ വിയർക്കാതിരിക്കാൻ
ഗവേഷണം നടത്തുന്നു
വീടിപ്പോൾ നക്ഷത്രങ്ങൾ മരിച്ചു പോയ
ആകാശത്തിൻ്റെ
ശവക്കോട്ടയാണ്
അവൻ്റെ മുഖത്ത് മാത്രം
ഒരു വെളിച്ചമുണ്ട്
സ്ക്രീനിൽ നിന്നും
കൈ നീട്ടിപ്പിടിച്ച്
അവനെ അത്
ഉമ്മ വെക്കുന്നു

തേൻ തുള്ളിക്കവിതകൾ 148 .വിങ്ങലുണ്ടെന്നറിഞ്ഞില്ല


പിണക്കമെന്നതിനിത്ര
വിങ്ങലുണ്ടെന്നറിഞ്ഞില്ല 
പെയ്തു നിൽക്കെയൽപം
നിന്നെ പോൽ മഴ മാറുവോളം

വിധി


അഴിമതി
കോഴ
ചതി
വഞ്ചന എന്നിവയിൽ
തുടങ്ങി ചെകുത്താൻ
പല കാര്യങ്ങളും ചെയ്തു.
ഇപ്പോൾ
ദൈവത്തിൻ്റെ ഭാഷയിൽ
സുവിശേഷം
പ്രസംഗിക്കുന്നു
എല്ലാം കണ്ടു നിന്നവൻ
സത്യം പറഞ്ഞു
അവനെ ഏറ്റവും വലിയ
നുണയനായി
പ്രതിഷ്ഠിച്ചു.
ഒന്നിനും തെളിവില്ല.
ആയതിനാൽ
കോടതി
ചെകുത്താനെ ദൈവമായി
പ്രഖ്യാപിച്ചു

നടത്തം ..............

നടത്തം
..............
പെട്ടെന്നൊരു വെളിച്ചം വന്നു.
ഒരിടവഴി തെളിഞ്ഞു.
കുറെ പുല്ലുകൾ കൈ നീട്ടി.
അവയുടെ വിരൽത്തുമ്പിൽ
നനഞ്ഞ നക്ഷത്രങ്ങൾ.
അവയുടെ നീരു കുടിച്ചു നടന്നു.

വേലിപ്പടർപ്പിൽ വന്നിരുന്ന്
ഒരു ചെമ്പോത്ത്
സ്കൂൾ മുറ്റത്തേക്ക്
പറന്നു പോയി.
അവിടെ ഒരു കോമാവ്
രണ്ടണ്ണാൻ കുഞ്ഞുങ്ങളെ
മരം കയറാൻ പഠിപ്പിക്കുന്ന ക്ലാസ് .

അതിനടുത്ത്
കോമാങ്ങ കുട്ടികളെ കല്ലേറുപഠിപ്പിക്കുന്ന ക്ലാസ്സ്.
മഴ പാട്ടു പഠിപ്പിക്കുന്ന മുറ്റം.
സ്കൂളിലെത്തും മുമ്പ്
ഇടത്തും വലത്തും നിന്ന്
തെച്ചിപ്പഴങ്ങൾ ചുവന്നു തുടുത്തു.
കാലുകൾ ഉറവു വെള്ളത്തിൻ്റെ വിശുദ്ധിയിൽ കഴുകി
നടന്നു.

ഒരു നടയും അടച്ചിരുന്നില്ല.
ശ്രീകോവിലുകളിൽ നിന്ന്
കീരിയും ഉടുമ്പു മെഴുന്നള്ളി.
അവയെ തൊഴുതു നs ന്നു.
നാഗത്താൻമാർ ഇഴഞ്ഞു വന്ന്
സ്കൂളിൽ താമസിച്ചു.
നിവേദ്യമായ് അക്ഷരങ്ങൾ സ്വീകരിച്ചു.
ഇടയ്ക്ക് വാലിൻ്റെ ദർശനം തന്നു.

നടന്നു നടന്ന്
ചെമ്പരത്തിപ്പടർപ്പിൽ
കരിയിലക്കിളി കളായ്
കുറച്ചു നേരമിരുന്നു
പറന്നു പോയി.
നടത്തം മറന്ന്
നാനാ ദേശങ്ങളിൽ
പറന്നു പറന്ന് ഇരുട്ടിലായി

എങ്കിലും പെട്ടെന്നൊരു
വെളിച്ചം വരും
അതിൻ മിന്നലിൻ
കൈ പിടിച്ച്
അൽപം നടക്കും.

തേൻ തുള്ളിക്കവിതകൾ 147.അതിനെ മഴയെന്നു വിളിക്കുമ്പോഴും

തേൻ തുള്ളിക്കവിതകൾ
147.
പിണങ്ങിപ്പോകുന്ന തുള്ളികൾ പെയ്യും,
ഏതോ വിഷാദ സ്മൃതികളിലവ നിറയും
അതിനെ മഴയെന്നു വിളിക്കുമ്പോഴും

ഓരോ ശ്വാസവുമെനിക്കേകുമീണം പുലരുവാൻ

പണ്ടേതോ ജന്മത്തിൽ
നിന്നിൽ വെച്ചു മറന്ന
താളം തിരഞ്ഞാവണം
ഞാൻ നിന്നിലെത്തുന്നത്!

ഓരോ ദിവസവും
ഋതുക്കളാൽ
എന്നിലെഴുതുന്ന വരികൾ
മൂളുവാൻ
ഓരോ ശ്വാസവുമെനിക്കേകുമീണം
പുലരുവാൻ

തേൻ തുള്ളിക്കവിതകൾ 146.സ്നേഹമഞ്ചാടികൾ

തേൻ തുള്ളിക്കവിതകൾ
146.
മഴ കൊണ്ടു പിന്നെയും
മുളയ്ക്കുന്നു
നീ തന്ന സ്നേഹമഞ്ചാടികൾ

എന്നിട്ടും വീടെത്തി യില്ല പാവം

കുറെ ദൂരം പകലിനൊപ്പം നടന്നു
കുറെ ദൂരം രാത്രിക്കൊപ്പം നടന്നു
സന്ധ്യയുടെ കൂടെ
കുറെ നേരമിരുന്നു

കുറെ കിളികൾ
നോക്കി പറന്നുപോയി
കുറെ കാറ്റും വെളിച്ചവും
തൊട്ടു നോക്കി
പുലരിയും വന്നു
കൈപിടിച്ചു
ഒപ്പം നടന്നു
എന്നിട്ടും വീടെത്തി യില്ല പാവം

തേൻ തുള്ളിക്കവിതകൾ 145.നിന്നോർമ്മ

തേൻ തുള്ളിക്കവിതകൾ
145.
നിന്നോർമ്മതൻ തളിർ
വരുന്നതും കാത്തു
നനഞ്ഞിരിക്കുന്നു
ഞാനുമീ വർഷാകാലവും

തേൻ തുള്ളിക്കവിതകൾ 144.രതിനിർവൃതി

തേൻ തുള്ളിക്കവിതകൾ
144.
രതിനിർവൃതികളിൽ 
ഉർവ്വരതകളിൽ
പെയ്തു തോരുന്ന മഴയിൽ
കുഞ്ഞിലകൾ പുഞ്ചിരിക്കുന്നു

കണ്ണിൽ

കണ്ണിൽ
.....................
ജയിലിലുള്ളവൻ്റെ
കണ്ണിൽ 
ഒരു നാടുള്ള പോലെ
മൃഗശാലയിലെ
സിംഹത്തിൻ്റെ കണ്ണിൽ
ഒരു കാടുണ്ട്
ആ കാട്ടിൽ ഒരുവൾ
ആ നാട്ടിൽ ഒരുവൾ
അവളുടെ കണ്ണിൽ
കാടും നാടും സന്ധിക്കുന്ന മേട്
ആ മേട്ടിൽ
ഓടിയും ചാടിയും
തുമ്പിയ്ക്കു പിന്നാലെ
ഒരു കിങ്ങിണിക്കുട്ടൻ!

ആഗ്രഹം

ആഗ്രഹം
................
എന്നിരുളിൽ
ഇത്തിരി നിലാവെങ്കിലും
മറന്നു വെക്കാമായിരുന്നു,
നിനക്ക്;
എന്നെ വിട്ടു പോകുമ്പോൾ

തേൻ തുള്ളിക്കവിതകൾ 142.മദം പൊട്ടിയ മണങ്ങൾ


മദം പൊട്ടിയ മണങ്ങൾ
മഴയ് െക്കാപ്പം പറമ്പിലലയുന്നു 
പ്ളാവിലും മാവിലുമുത്സവം തീരുന്നു

തേൻ തുള്ളിക്കവിതകൾ 143 .തോരാമഴ


ഒരു മഴയുടെ 
വിരലു പിടിച്ചു നടന്നവർ 
നാ;മിരു തോരാമഴയായ്
തീ൪ർന്നൂ...

പറവകൾ


പറവകൾ നിലത്തിറങ്ങിയാലും
'അവ
വിതയ്ക്കുന്നില്ല കൊയ്യുന്നില്ല'
വിതയ്ക്കുന്നവരേയും
കൊയ്യുന്നവരേയും
അറിയുന്നില്ല
ഓരോ ദിനവും
വികസിക്കുന്ന
യന്ത്രച്ചിറകു വിരിച്ചു
പറക്കുമ്പോൾ
കാഴ്ചയ്ക്കവ
കൃഷ്ണപ്പരുന്തുകൾ
ഇടവേളകളിൽ
അവ താഴ്ന്നു പറക്കും
ഫ്ലാറ്റിൻ കൊമ്പിലിരിക്കും
പഴയതു പലതും
തട്ടിമറിക്കും
പക്ഷിക്കണ്ണാൽ ചുറ്റും നോക്കും
നെല്ലും മലരും
തിന്നുകഴിഞ്ഞാൽ
എൻ്റെ പച്ചപ്പയ്യേ
മണ്ണിൻ മകളേ
അതു നിന്നെ കൊക്കിലൊതുക്കാം
മൊട്ടത്തലയും വടിയും
റാഞ്ചിയെടുത്താൽ
മുയലേ ,
സന്തോഷത്തിൻ വെൺമക്കുഞ്ഞേ
അതു നിന്നെ
കാലിലിറുക്കാം
കോഴിക്കുഞ്ഞേ
ഗ്രാമക്കുഞ്ഞേ
ചിറകിൻ ഭംഗിയിൽ
കൊക്കും നഖവും
നിന്നെ മറച്ചു പിടിച്ചിട്ടതു
നിന്നെയുമെടുത്തു പറക്കാം
ആളുകൾ കാണെ
ആയിരമായിരം
യന്ത്രക്കോഴികൾ
അതിൻ ചിറകിൽ നിന്നുമിറങ്ങി
നമ്മുടെ വയലും വീടും
തിന്നു തുടങ്ങാം
അതിൻ കൊക്കിൽ നിന്നൊരു യന്ത്രക്കൊക്കു
നീണ്ടു വരുന്നുണ്ടത്
ഒറ്റക്കൊത്തിനു കുന്നും കുളവും
വെട്ടി വിഴുങ്ങാം
പേടിപ്പനിയാൽ
ഇഴജീവികൾ നാം
പല ഭീതികളിൽ
ഇങ്ങനെ ചുരുളുന്നു
പക്ഷീന്ദ്രനാം
ഗരുഡൻ വന്നു കഴിഞ്ഞെന്നാർപ്പുകൾ
വികസനമാണാ ചിറകുവിരിക്കൽ
പക്ഷേ പാവം ഇഴജീവികൾ നാം.

തേൻ തുള്ളിക്കവിതകൾ 141.a)ബാക്കിയുണ്ടാവും


ഓർമ്മയുടെ ഒരു മുടിയിഴയെങ്കിലും
ബാക്കിയുണ്ടാവും
തമ്മിൽ വല്ല തു മുണ്ടായിരുന്നെങ്കിൽ

പ്രണയകവിത................


നീ കവിതയാകുന്നത്
എങ്ങനെയെന്നറിയുക
ഞാൻ നിന്നെ വായിക്കുമ്പോൾ
നിൻ്റെ വാക്കുകളതിൻ
താളം ചൂടുന്നു
നീ കേകയായ്
വൃത്തത്തിൽ പീലി വിടർത്തുന്നു
നിന്നീരടികളിളകുന്നു
നിൻ്റെ
പുഞ്ചിരിയിലുപമ
തുമ്പപ്പൂവുകളിടുന്നു
രൂപകം നിന്നുടലിലെ
ചന്ദനം തൊട്ടു നോക്കുന്നു
നതോന്നതമായ്
നെഞ്ചിടിപ്പിൻ
വഞ്ചിപ്പാട്ടുമായ്
നീ
എൻ്റെ തോണി തുഴയുന്നു
രസാനന്ദ സാരമായെൻ
വായന ചുണ്ടുകളുടെ
പ്രാസമറിയുന്നു
അറിയുന്നുവോ
നീയിപ്പോളൊരു
അസ്സല് പ്രണയ കവിത!

ഇരുൾ

ഇരുൾ
...........
ഒന്നും കണ്ടില്ല
ഇരുൾ എൻ്റെ കണ്ണു പൊത്തിപ്പിടിച്ചിരുന്നു
വടിവാളിൻ്റെ ഒച്ച കേട്ടു
പുറത്തു വരാത്ത നിലവിളിയുടെ
ഒരു ചീള്
എൻ്റെ കാതിൽ തറച്ചിരുന്നു
പിന്നെ?
ഒന്നും കണ്ടില്ല
ഇരുൾ എൻ്റെ മുന്നിൽ
മറഞ്ഞു നിൽക്കുകയായിരുന്നു
ഒരു ലോറിയുടെ ഇരമ്പം കേട്ടു
അതിൽ നിന്നും
കുന്നിൻ്റേതോ പുഴയുടേതോ എന്നു വ്യക്തമല്ലാത്ത കരച്ചിൽ
എന്നെ കെട്ടിപ്പിടിക്കാൻ
ഓടി വന്നിരുന്നു
സത്യായിട്ടും ഞാൻ
ഒന്നും കണ്ടിട്ടില്ല
ഇരുൾ എന്നെ വിഴുങ്ങിയിരുന്നു
കുറ്റിക്കാട്ടിനുള്ളിൽ നിന്നും
എന്നോടെന്തോ പറയാൻ
മുലപ്പാലിൻ്റെ മണം
വന്നിരുന്നു
അമ്മയോ കുഞ്ഞോ എന്ന്
അത് പറയും മുമ്പേ
ഇരുൾ എന്നെ പിന്നോട്ടു വലിച്ചു കൊണ്ടുപോയി
നിങ്ങൾ കാഴ്ചയുള്ളവനല്ലേ ?
ജഡ്ജി ചോദിച്ചു
അതേ .
പക്ഷേഞാൻ തന്നെ
എൻ്റെ വെളിച്ചം കാണാൻ
ശ്രമിക്കുമ്പോൾ
ഇരുൾ എന്നെ മൂടുന്നു
ആരുടെയൊക്കെയോ
വാഗ്ദാനങ്ങൾ മാത്രം കേൾക്കുന്നു
സത്യമായിട്ടും
ഞാനൊന്നും കണ്ടിട്ടില്ല
അങ്ങനെയാണ്
സാക്ഷി പറഞ്ഞ കുറ്റത്തിന്
ഞാൻ ജയിലിലായത്
പ്രതികളെ വെറുതെ വിട്ടത്
നോക്കൂ
ഇപ്പോളെനിക്ക് ജയിലഴികൾ മാത്രമല്ല
എല്ലാം വ്യക്തമായി കാണാം
എന്തോ അത്ഭുതം നടന്നിട്ടുണ്ട്
തീർച്ച .
പൂമ്പാറ്റകൾ
.....................
സ്നേഹിക്കുമ്പോൾ
സഫലമാകാതെ പോയ
ചുംബനങ്ങളാണ് പൂമ്പാറ്റകൾ
വിഷാദത്തിൻ്റെ
ഒറ്റപ്പെട്ട കൊക്കൂണിൽ നിന്നും
അവ പറന്നു പറന്നുവരുന്നു

ഇതുവരെ പുറത്തു കാണിക്കാത്ത
മനസ്സിൻ്റെ ചിത്രവുമായി
അവ ചിറകടിക്കുന്നു
പൂവുകളിൽ നിന്ന്
പൂവുകളിലേക്ക്
മനസ്സിൻ പൂവുകളായ്
അവ സഞ്ചരിക്കുന്നു
ഓരോ പൂവിലും
അവ ചെന്നിരിക്കുന്നു
അഭൗമമായ പുരാതന
പ്രണയഗാനമാലപിക്കുന്നു
പൂവുകളന്നേരം
ഭൂമിയുടെ ആദ്യത്തെ
പുഞ്ചിരി പൊഴിക്കുന്നു

വില



കുത്തനെ കയറിപ്പോകുന്ന
വിലയുടെ പിന്നാലെ
എത്ര നടന്നിട്ടും എത്തുന്നില്ല
കുത്തനെയുള്ള കയറ്റങ്ങൾ
പലവട്ടം കയറിയവനാണ്
കുന്നിൻ്റെ തുമ്പത്തെ വീട്ടിലേക്ക്
എന്നും നടക്കുന്നവനാണ്
ഉയരത്തിൽ കയറി
തേങ്ങയുമടയ്ക്കയും
പറയ്ക്കുന്നവനാണ്
ഉയരങ്ങളിലേക്ക്
കൈകളുയർത്തി
വിളിക്കുന്നവനാണ്
പക്ഷേ
എന്നും വേണ്ട
ഉള്ളിയിലേക്കോ
മുളകിലേക്കോ
പഞ്ചാരയിലേക്കോ
എത്തുന്നില്ല
വില അവയെ
ഉന്നതങ്ങളിലേക്ക്
കൊണ്ടു പോകുന്നു
വില
വീടു നിന്ന കുന്നിനെ
താഴേക്ക് കൊണ്ടു വരുന്നു
എൻ്റ പച്ച വയലുകളെ
മലയുടെ രക്തം കൊണ്ട്
ചുവപ്പിക്കുന്നു
എനിക്കാ രക്തത്തിൽ
ചവിട്ടാൻ വയ്യ
എനിക്ക് വില വിളിക്കും വഴി
പോകാനും വയ്യ
എൻ്റെ കൈക്കോട്ടേ
നീയും ഞാനും
തുരുമ്പിൻ്റെ വിശഷങ്ങൾ പറഞ്ഞിരിക്കെ
വിലയതാ
വീണ്ടും ഉയരത്തിലേക്ക്
കുതിക്കുന്നു
പിന്നാലെ പോകുവാൻ
നമ്മുടെ കിതപ്പുകൾ മതിയാവില്ല
നമ്മുടെ പറമ്പിലേക്ക്,
ചീറിപ്പാഞ്ഞ കാറിൽ നിന്നും
ആരോ വലിച്ചെറിഞ്ഞ
പ്ലാസ്റ്റിക് കവർ വീഴുമ്പോൾ
നാം നമ്മുടെ ഇടം തിരിച്ചറിയുന്നു
എല്ലാ വിലവിവരപ്പട്ടികകൾക്കും താഴെ
ഒരു ചതുപ്പ്.

തേൻ തുള്ളിക്കവിതകൾ 141.പൂവിതളിൽ


വാക്കുകൾ
 മരിച്ചു പോയവളുടെ വീട്ടിൽ
ഒരു പൂവും സംസാരിക്കില്ല
നിങ്ങളെത്ര പൂവിതളിൽ
അവളെ ഇഷ്ടമാണെന്നെഴുതിയാലും.

നോട്ടം!

നോട്ടം
..............
കുളി കഴിഞ്ഞെന്നെ
നോക്കി നിൽക്കുന്നു
മേടമാസപ്പകലൊരു
പുതുനാരിയെപ്പോൽ
മാമ്പഴമരതകക്കമ്മൽ
കാതിലുണ്ടവൾക്ക്
കഴുത്തിൽ പൂക്കണിക്കൊന്നതൻ
കനകമാലകൾ
കാറ്റിലിളകും ചുരുൾ മുടിയിൽ
ഗുൽമോഹറിൻ
മോഹവസന്തം
പുൽക്കൊടിത്തുമ്പി
ലവളുടെ വജ്രമോതിരങ്ങൾ
വീണു കിടപ്പുണ്ടവ
മഴത്തുള്ളികൾ
തിരഞ്ഞു നടപ്പൂ
നോക്കി നിന്നു പോയ്
മധുര മൂറുമാ പകൽച്ചിരി ഞാനും;
ഇടവപ്പാതിയിൽ
കരഞ്ഞെന്നെ കാത്തിരിക്കും
നിത്യപ്രണയിനിയെ
തിരഞ്ഞു പോകുന്ന പോക്കിലും

വോട്ടർ പട്ടികയിൽ നിന്ന് പുറത്തു കടന്നു

ആളെ കൊന്നയാൾ
ജയിലിൽ പോയില്ല
അഴിമതി നടത്തിയവൾ
ജയിൽ മോചിതയായി
കൊടും കുറ്റവാളി
സന്യാസിയായി
പെരുങ്കള്ളൻ
ഭരണാധികാരിയായി
അന്നേരം
ജനാധിപത്യത്തെ കുറിച്ചറിയുന്ന
നാലു മഹാൻമാർ
നാടുകാണാനിറങ്ങി
ഒരാൾ
അഹിംസയെ കുറിച്ച്
സംസാരിക്കെ വെടിയേറ്റു മരിച്ചു
ഒരാൾ സ്വാതന്ത്യ്രത്തെ കുറിച്ച്
പ്രസംഗിച്ചുനടക്കവെ
തെരുവിൽ വെട്ടേറ്റു മരിച്ചു
ഒരാൾ
നീതിയെ കുറിച്ച് പറഞ്ഞ്
മനുഷ്യനും മണ്ണിനും
കാടിനും കാവൽ നിൽക്കെ
തsങ്കലിലായി
ഒരാൾ
സത്യത്തെ കുറിച്ചും
ധർമ്മത്തെ കുറിച്ചും
സംസാരിക്കവെ
അപ്രത്യക്ഷനായി
ഇതെല്ലാം കണ്ടു നിന്ന ഒരാൾ
അയാളുടെ പ്രകാശം
അണഞ്ഞുപോകുന്ന തുകണ്ട്
വോട്ടർ പട്ടികയിൽ നിന്ന്
പുറത്തു കടന്നു

ചുംബനപ്പെരുമഴ(തേൻ തുള്ളിക്കവിതകൾ 140 .)


ചൂടായിരിക്കുമ്പോൾ
മഴ 
മുടിയിഴകളാലൊരു
 തഴുകൽ .
കുളിർ

 ചുംബനപ്പെരുമഴയായി
പിന്നെ!

സ്‌നേഹശീതളമാം വരികൾ

കൂട്ടുകാരാ
നീയും നിൻ്റെ ചിരിയും
 മറഞ്ഞുേപായെങ്കിലും
മാഞ്ഞു പോവതെങ്ങനെ
പുഞ്ചിരി കൊണ്ടു
 നീയെൻ്റെ
തപ്തഹൃദയത്തിലെഴുതിയ
സ്‌നേഹശീതളമാം വരികൾ ?

ഞങ്ങളുടെ നാട്

ഞങ്ങളുടെ നാട്
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഞങ്ങളുടെ നാട്
കടൽത്തീരത്ത് അനങ്ങാൻ പറ്റാതെ
കിടക്കുന്ന
പച്ച നിറമുള്ള ഒരു പുഴുവാണ്
കുറെ ഉറുമ്പുകൾ
അതിനെ പൊതിഞ്ഞിട്ടുണ്ട്
അവ ഒരോന്നും ഓരോ കഷണം മുറിച്ചെടുത്ത്
സ്വന്തം വീട്ടിലേക്ക്
പോകാനുള്ള തിരക്കിലാണ്
ഞങ്ങൾ നോക്കുമ്പോൾ
ഉറുമ്പുകൾ
അഴിമതിയുടെ കാലുകളിൽ സഞ്ചരിക്കന്നു
അഹങ്കാരത്തിൻ്റെ കണ്ണുകളാൽ
നോക്കുന്നു
സ്വാർത്ഥതയുടെ
നിറങ്ങളിൽ തിളങ്ങുന്നു
ഞങ്ങളുടെ നാട്
നിസ്സഹായയായി
മുറിവുകളിൽ മരുന്നില്ലാതെ
കടലിൻ്റെ തലോടലേറ്റ്
അനങ്ങാൻ വയ്യാതെ
കിടക്കുകയാണ്
അമ്മയുമ്മയിലേ
 ഉൺമയുള്ളൂ

മഴയിൽ വെച്ചു മറന്നതൊന്നും

മഴയിൽ വെച്ചു മറന്നതൊന്നും
വെയിലടിച്ചു നോക്കിയിട്ടും
കണ്ടില്ല
മഴയെടുത്തു വെച്ചതാവണം
വേനലിൻ്റെ
ചിരിക്കു പിന്നിലാ
ശബ്ദശേഖരം

മഴ വരണമിനി
പച്ച മൂളുമാപാട്ടുകൾ
തിരിച്ചുകിട്ടുവാൻ

ഇനിയെൻ്റെ ആഴവും പരപ്പും....

മലയിൽ നിന്നും
കടലിലോളമേ
ഒഴുക്കുള്ളൂ
എന്നിട്ടും
"അകന്നുപോ
പോ " എന്നു നീയാട്ടുമ്പോൾ
തിരിച്ചൊഴുകുന്ന തെങ്ങനെ ?
ഇനിയെൻ്റെ
ആഴവും പരപ്പും
ആനന്ദവും
നീ തന്നെ കടലേ!

തേൻതുള്ളിക്കവിതകൾ 139.നഗ്നയായ്...


നഗ്നയായ് പൊതുവഴിയിൽ
കുറച്ചു നേരമേ നിന്നുള്ളൂ,
സ്വയമലിഞ്ഞ് ഇല്ലാതായി;
ആലിപ്പഴമെന്നവൾ

തേൻതുള്ളിക്കവിതകൾ 138.ആലിപ്പഴങ്ങൾ


മഴയാവും മുമ്പ് ഭൂമികാണാൻ വന്ന
മേഘക്കുഞ്ഞുങ്ങളാണ്
ആലിപ്പഴങ്ങൾ

ഭാഷകൾ പൂവുകൾ

ഭാഷകൾ പൂവുകൾ
............ ...............
ചെടികളുടെ ഭാഷയാണ് പൂവ്
ഓരോ ജാതിക്കും ഓരോ ഭാഷ
ഓേരാ ഭാഷ യ്ക്കും ഓരോ നിറം
ഓരോ നിറത്തിനുംഅതിൻ്റെ വ്യാകരണം
ഓരോ പ്രദേശത്തും
പ്രാദേശിക ഭാഷയിൽ
ചെടികൾ
വെളിച്ചത്തോടു സംസാരിക്കന്നു
ചെമ്പരുത്തി ഒരിക്കലും
ഡാഫോഡിൽ സിൻ്റെ ഭാഷയിൽ സംസാരിക്കില്ല
കണിക്കൊന്ന ഒരിക്കലും
ട്യൂലിപ്പ് പൂക്കളാവാൻ
ശ്രമിക്കില്ല
ഓരോ ഭാഷയും
ഓരോ സ്വത്വമാണ്
ഓരോ സംസ്കാരമാണ്
ഇലഞ്ഞിയുടെ ഭാഷ
അതിൻ്റെ സുഗന്ധമാണ്
മുല്ലയുടെ ഭാഷ
അതിൻ്റെ വെൺമകൂടിയാണ്
അരിപ്പൂവിൻ്റെ ഭാഷ
അതിൻ്റെ രക്തം കൂടിയാണ്
തുമ്പയുടെ ഭാഷ
തുമ്പികൾ വായിക്കുമ്പോൾ
ഓണമുണ്ടാകുന്നു
കൊന്നയുടെ ഭാഷ
വേനൽ വായിക്കുമ്പോൾ
വിഷു വരുന്നു
മാവിൻ്റെ ഭാഷ
മഞ്ഞ് രാത്രിയ്ക്ക് പറഞ്ഞു കൊടുക്കുമ്പോൾ
തിരുവാതിര ചുവടുവെക്കുന്നു
പനിനീരിൻ്റെ ഭാഷ
ഒരാൾ മറ്റൊരാളെ പഠിപ്പിക്കുമ്പോൾ
ലോകം വലുതാകുന്നു
താമരയുടെ ഭാഷയിൽ
ദൈവത്തിൻ്റെ പേര്
തടാകം
കൊത്തിവെക്കുന്നു
സ്വന്തം ഭാഷ സംസാരിക്കാൻ മടിക്കുമ്പോൾ
തൊടിയിലേക്കൊന്നു നോക്കുവാൻ
തൊട്ടാവാടി അതിൻ്റെ മാത്രം ഭാഷയിൽ പറഞ്ഞ്
പിണങ്ങുന്നു
എത്ര മനോഹരമായാണ്
ചെടികൾ അവരുടെ ഭാഷയിൽ
സംസാരിക്കുന്നത്!

കൊണ്ടോട്ടി

ഇപ്പോൾ വയസ്സനായ
ഒരു ചെറുപ്പക്കാരനുണ്ടായി രുന്നു
ഞാവൽ മരങ്ങളുടേയും
ഞാട്ടിപ്പാട്ടിൻ്റേയും
തണലിൽ വളർന്നവൻ
തവളയുടേയും ചീവീടിൻ്റേയും
ശബ്ദത്തിൽ നിന്നും
താരാട്ട് വേർതിരിച്ചു കേട്ടവൻ
അവനിപ്പോൾ
കാണാതായ നെല്ലിനങ്ങളെ
സ്വപ്നം കണ്ട് ഞെട്ടി ഉണരുന്നു
പുലരും മുമ്പേ
അവയുടെ വീടു തിരഞ്ഞ്
നടന്നു പോകുന്നു
അയാൾ ചെന്നു നിന്നിടത്ത്
പുലരി അയാളെ കാത്തു നിന്നു
ഒരു കിളി പോലും അയാളെ അഭിവാദ്യം ചെയ്യാനുണ്ടായിരുന്നില്ല
കുറെ വിമാനങ്ങൾ
അയാൾക്കു മുന്നിൽ പറന്നിറങ്ങി
കുറെ അയാളെ നോക്കാതെ
പറന്നു പോയി
അയാൾ തിരിച്ചു വന്ന്
വീണ്ടും കിടന്നുറങ്ങി
സ്വപ്നത്തിൽ,
മരിച്ചുപോയ നെൽവിത്തുകൾ
വിതയ്ക്കുന്ന തത്തമ്മയെ അയാൾ കണ്ടു.
തത്തമ്മ അയാളോടു
സങ്കടത്തോടെ പറഞ്ഞു,
കൊണ്ടോട്ടി ഇപ്പോൾ എൻ്റെ നാടല്ല
പിന്നെ അയാൾ ഉണർന്നില്ല
കൊതികൂടി
കെട്ടുകെട്ടി
കെട്ടുപോയി!

തേൻ തുള്ളിക്കവിതകൾ 137.കുതിരപ്പുറത്തു നിന്നും


വാക്കുകളുടെ കുതിരപ്പുറത്തു നിന്നും
ഇറങ്ങുന്നില്ല കൂട്ടുകാരൻ;
രാജാവായെന്നു തോന്നുന്നു.

ഇന്നലെകളിൽ ജീവിക്കുന്നവർ

ഇന്നലെകളിൽ ജീവിക്കുന്നവർ
............................
ഇന്നലെകളിൽ ജീവിക്കുന്നവർ
ഇന്ന് ജീവിക്കുന്നില്ലെന്ന്
പറയുന്നതെങ്ങനെ?
സ്വന്തം മൃതദേഹം വഹിച്ചുകൊണ്ട്
അവർ നമുക്കു മുന്നിലൂടെ
ഒരു തൂവൽ ഒഴു കുമ്പോലെ
നടന്നു പോകുമ്പോൾ .
പുനർജന്മത്തിനോ
ഉയിർത്തെഴുന്നേൽപിനോ വേണ്ടി
അവർ അവരുടെ ദേഹം
സ്വന്തം കൈകളിലേന്തി
അത്യുന്നതങ്ങളിലേക്ക്
നോക്കിയിരിക്കും
ഇന്നലെ കളിൽ നിന്ന്
കാലുകൾ വലിച്ചെടുത്ത്
പുതിയ നിരത്തിലൂടെ നടക്കുമ്പോൾ
അവർ പഴയ വയൽ വരമ്പിൽ തന്നെയാണെന്നു തോന്നും
ഒരാൾ യുദ്ധത്തിനു മുമ്പുള്ള
സ്വപ്നത്തിൽ ചെന്നിരിക്കുമ്പോൾ
മറ്റൊരാൾ ഭുകമ്പത്തെ കുറിച്ച്
ചിന്തിക്കാതിരുന്ന രാത്രിയിൽ നിന്ന്
പുറത്ത് കടക്കാനാവാതെ
മരിച്ചവരെല്ലാം ജീവിച്ചിരിക്കുന്ന വീട്ടിലേക്ക്
തിരിച്ചു നടക്കുന്നു
ഒരാൾ
പ്രണയത്തിൻ്റെ
സംഗീതവഴികളിൽ നിന്ന്
കലാപത്തിൻ്റെ കലമ്പലിലേക്ക്
വന്നു വീണിട്ടും
ഈണം പോകാതെ
വിരഹത്തിൻ്റെ കൈ പിടിച്ച് നടക്കുന്നു
മറ്റൊരാൾ
ഏഴു കടലുകൾ കടന്നു പോയിട്ടും
ഒരു മാഞ്ചോട്ടിൽ വിശ്രമിയ്ക്കുന്നു
ഒരു മഴവില്ലിന് ഉമ്മ കൊടുക്കുന്നു
ഇന്നലെകളിൽ ജീവിക്കുന്നവർ
വേരുകളുടെ യാത്രകളിൽ കിട്ടിയ നിറങ്ങളിൽ
പൂക്കുമ്പോൾ
ഇന്നും ജീവിക്കുന്നു
അവർ
ഇന്നലെകളിലും ഇന്നും
ഒരേ പോലെ ജീവിക്കുന്നില്ല
ഇന്നലെ യുടെ ഇലത്തുമ്പിൽ
മുറ്റിനിന്ന മഴത്തുള്ളി
അവർക്കൊരു കടൽ
അവരതിൽ
ഒരു പരൽമീൻ
ഓണത്തുമ്പി അവർക്ക്
പൂക്കാലത്തിലേക്കുള്ള വാഹനം
ചേതന യില്ലാ ത്തസ്വന്തം ഉടലുമായ്
അവർ എപ്പോഴും നടന്നു പോകും
പുനർജന്മത്തിനു വേണ്ടി
പുൽക്കൊടി കളോട്
പ്രാർത്ഥിക്കാൻ പറഞ്ഞ്.

ചിലരുടെ വിളികളിൽ

ചിലരുടെ വിളികളിൽ
മുല്ല പോലെജീവിതം പൂക്കും
അവരുടെ വാക്കുകൾ
മഴത്തുള്ളികളാകുമ്പോൾ

അഴിമതി

അഴിമതിയുടെ നിറം
കറുപ്പായിരുന്നു
ലോകത്തുള്ള എല്ലാ കറുപ്പും ചേർന്ന
കടും കറുപ്പ്

കാലം പോകപ്പോകെ
അതു നരച്ചു;
നരച്ചുനരച്ചു വെളുത്തു
കറുപ്പു നടന്നു പോകുമ്പോൾ
വെളുപ്പായേ തോന്നൂ

അഴിമതി
ഇപ്പോളങ്ങനെ
വെളുത്ത കാടായ് വളരുന്നു
പുതിയ കുട്ടികൾ
അതിൻ്റെ വെളുപ്പിൽ
വെളിച്ചം തിരയുന്നു

വെളുപ്പായ കറുപ്പിനെ
അവർ കാണില്ല
കാരണം
അവരുടെ കാലം
കറുപ്പെല്ലാം വെളുപ്പായ കാലം

തേൻ തുള്ളിക്കവിതകൾ 136. ചിറകടിക്കുന്നു

തേൻ തുള്ളിക്കവിതകൾ
136. ചിറകടിക്കുന്നു
വാടും മുമ്പുപൂവുകൾ
കണ്ണിലെഴുതിയ പുഞ്ചിരിയിൽ
പൂക്കാലമിപ്പോഴും ചിറകടിക്കുന്നു

ആഴ്ചച്ചന്ത

ആഴ്ചച്ചന്ത
.. .................
പണ്ടൊരു വിരുന്നുകാരൻ
ആഴ്‌ചയിലൊരിക്കൽ
ഗ്രാമത്തിൽ
വിരുന്നു വന്നിരുന്നു
ഗ്രാമം ആഗ്രഹിച്ചതെല്ലാം
അയാൾ കൊണ്ടു വന്നിരുന്നു
കുപ്പിവളകൾ
കുപ്പായം
കൈതോലപ്പായ
കാട്ടുമരുന്നുകൾ
ഉണക്കമീൻ
അങ്ങനെ പലതുമായ്
നിരത്തു വക്കിൽ
അയാൾ വന്നു നിന്നിരുന്നു
അയാളെക്കാണാൻ
കൗതുകം മലയിറങ്ങി നടന്നിരുന്നു
ആവതില്ലാത്തവർ
വടികുത്തി വയൽ കടന്നിരുന്നു
പൊട്ടിച്ചിരികൾ
മലഞ്ചെരിവിലൂടെ വന്നിരുന്നു
പണക്കുഞ്ചികൾ
സന്തോഷത്താൽ
ചിരിച്ചു കുഴഞ്ഞിരുന്നു
ആഴ്ചച്ചന്തയെന്നാളുകൾ
പറഞ്ഞാലും
ഗ്രാമത്തിനവൻ
സന്തോഷത്തിൻ്റെ
ദേവനായിരുന്നു
മതേതരമായ ഉത്സവത്തിൻ്റെ
ഇടയനായിരുന്നു
തിമിരം മൂടിയ കണണ്ണുകളിലിപ്പോഴും
അവൻ മങ്ങാത്ത കാഴ്ചയാണ്
ചുളിവുവീണ വിരലുകളിൽ അവൻ
ഒരു കുഞ്ഞുമോതിരത്തിൻ്റെ
കെടാത്ത വെളിച്ചമാണ്
പുത്തനങ്ങാടികൾ
അവനെ
പണമെറിഞ്ഞോടിച്ചെങ്കിലും

കാട്ടിൽ നിന്നും കടലിൽ നിന്നും

കാട്ടിൽ നിന്നും കടലിൽ നിന്നും
.....................................................
കാട്ടിൽ നിന്നും വന്നവന്
ഉള്ളിൽ ഒരു കാടു സൂക്ഷിക്കാം
സ്വാതന്ത്യ്രത്തിൻ്റെ
കൊമ്പു കുലുക്കാം
മദം പൊട്ടുവോളം
മയക്കുവെടിയെ പേടിക്കാതെ നടക്കാം
പക്ഷേ
കടലിൽ നിന്നു വന്നവന്
അകത്തും പുറത്തും
കടലില്ലാതെ
കഴിയാനാവില്ല
അവന്
കടലിൽ നിന്നും
വരാനേ കഴിയില്ല
ഇനി പറയൂ
നീ കടലാവുമോ
കാടാവുമോ ?

തേൻ തുള്ളിക്കവിതകൾ 135.സങ്കടം

തേൻ തുള്ളിക്കവിതകൾ
135.സങ്കടം

സ്വയമൊരു കടലായ് ,
അതിൽ കറങ്ങി ചുഴിയായ്
ആഴമറിയുന്നു സങ്കടം

ചുവന്ന ആനന്ദം

ചുവന്ന ആനന്ദം
...........................
ഗുൽമോഹർ ചുവന്ന ആനന്ദമാണ്
വെയിലിൻ്റെ തിളങ്ങുന്ന കവിളിൽ
അതിൻ്റെ ചുണ്ടുകൾ 
ഉമ്മവെച്ചുമ്മ വെച്ച്
വേനലിൻ്റെ കണ്ണു പോലും
കുളിർപ്പിക്കുന്നു

ചൂടിൽ തുഴഞ്ഞെത്തുന്ന കിളികൾക്ക്
ഒരു ചുവന്ന സ്നേഹക്കടൽ
കൊടുക്കുന്നു
കരിഞ്ഞു പോയ പുൽക്കൊടിക്ക്
ഒരു ചുവന്ന വാത്സല്യക്കുട
ചൂടുന്നു

വിയർത്തു വരുന്ന തൊഴിലാളിക്ക്
ചുവന്ന കൊടികളുടെ ആകാശം
നൽകുന്നു

തണലിലൂടെ നടക്കുമ്പോൾ
ഗുൽമോഹർ
മോഹിപ്പിക്കുന്ന
ചുവന്ന മഴക്കാലമാണ്

പ്രണയകാലത്ത്
നമ്മുടെ ഞരമ്പുകളിൽ പൂവിട്ട
രക്തത്തുള്ളികൾ പോലെ
അവ കാറ്റിന്
മധുരം കൊടുക്കുകയാണ്