ഇന്ത്യയുടെ മകൾ *****************


ഇന്ത്യയുടെ മകൾ
ഇന്ത്യയിലെ എല്ലാ വീടിന്റെയും
വളർത്തു പുത്രിയാണ് 
പുറത്തിറങ്ങുമ്പോൾ
കണ്പോള തുറന്ന്
വീടവൾ വരുന്നതും കാത്തിരിക്കും
പകൽ സ്വർഗ്ഗവും
രാത്രി നരകവുമായ അമ്മയ്ക്ക്
അവളോട് പറയുവാൻ
ഭാഷ മതിയാകുന്നില്ല
വാക്കുകളിൽ നിന്നും വാക്കുകളിലേക്ക്
പടർന്നു കയറുന്ന കാട്ടുതീ
പുരാതനമായ സംസ്കാരവും വിഴുങ്ങി
അവൾക്കുമുന്നിൽ വാ പിളർത്തുന്നു
അവളുടെ വേരുകളും ഇലകളും
തിന്നു കൊണ്ട്
അവളെ നഗ്നയാക്കി
ആ തീ തിരിച്ചു പോകുന്നു
അവൾ ഒറ്റയ്ക്ക്
വേനൽ തുഴഞ്ഞു തീരാത്ത മരമായ്
ഇന്ത്യയുടെ പൊക്കിളിൽ
കുഴഞ്ഞു വീഴുന്നു
ഓരോ വീട്ടിലും
അന്നേരം അമ്മമാരുടെ വിലാപം
അടുക്കളയിൽ കരിപിടിച്ചുണങ്ങുന്നു
പൂമുഖത്ത്
അവൾ തിരിച്ചു വരുന്നതും കാത്ത്
അവളുടെ നിശ്വാസമേറ്റു വാങ്ങിയ
ചെടികൾ പൂവിടാതെ
അവളെ കാത്തു നില്ക്കുന്നു
അവൾ സന്തോഷം കോർത്ത്
വിതറിയിരുന്ന
പകലുകളും രാത്രികളും
അവളെ തിരയുന്നു
ഇന്ത്യയുടെ മകൾ
നിലവിളിയുടെ കൈപിടിച്ച്
ആരെയോ പേടിച്ച്
കത്തിത്തീരുമ്പോൾ
തെരുവുകൾ ചുവക്കുന്നത്
ഒരു ബുദ്ധ പ്രതിമ മാത്രം
നിസ്സംഗനായി കാണുന്നു

എഴുപതാം വയസ്സിൽ


കൊഴിഞ്ഞ തൂവലുകൾ
പെറുക്കുവാൻ
വന്നവഴിയെ തിരിച്ചു പറക്കുവാൻ
മോഹിക്കും
പക്ഷേ ഉടലിലൊരൊറ്റത്തൂവലുമില്ലാത്തതിനാൽ
കിടന്ന കിടപ്പിൽ
വിയർപ്പുമണികൾ
ചിറകുകളാകും
പാതിമയക്കത്തിന്റെ തണലിലൂടെ
അടഞ്ഞ കണ്ണുകളുടെ
ചെരിവിലൂടെ
കുറെ നേരം പറക്കും
കൊഴിഞ്ഞ തൂവലുകൾ
പെറുക്കിക്കളിക്കുന്ന കുട്ടികൾ
ഏതൊക്കെയോ മാവിനു
കല്ലെറിയുന്നതു നോക്കി നിൽക്കും
ഒരുകല്ല് നെറ്റിയിൽ കൊണ്ടു ഞെട്ടും
നെറ്റിയിൽ നഴ്സിന്റെ കൈ
കൈയിൽ ഒരു ഗുളിക!
മക്കളിപ്പോഴും
മാവുകൾക്കു കല്ലെറിയുന്നുണ്ടാവും
പാവം മനസ്സ്!
മോഹിച്ച തൂവലുകൾ കിട്ടാതെ
ഉള്ളതെല്ലാം കൊഴിഞ്ഞ
ഒരിഴജീവി.

തേൻതുള്ളിക്കവിതകൾ 81.മാനും ഞാനും




മീനപ്പകലിൽ വേട്ടക്കിറങ്ങുന്നു വേനൽ‐
ചൂടമ്പേറ്റു മണ്ണേ നീ പൊടിയുന്നു
മാനും ഞാനും രക്ഷതേടിയോടി
വിയർപ്പു പുതച്ചൊളിക്കുന്നു

സ്കൂളുകളെ കുറിച്ചോ ഞാൻ ഒന്നും പറഞ്ഞിട്ടില്ല

ആ സ്ഥലം
വാക്കുകളുടെ കൊത്തേറ്റു മരിച്ച
കുട്ടികളുടെ‐ശ്മശാനമാണ്
വിഷം ചീറ്റുന്ന വാക്കുകൾ
ഒളിച്ചിരിക്കുന്ന മാളങ്ങൾ
ഓരോ മണിക്കൂറിലും
അവർക്കു മുന്നിൽ തുറക്കുന്നു
അവിടെ നിന്നും
ഒഴുകിപ്പരക്കുന്ന വിഷം
അവിടെ വേരിറക്കിയ പച്ചക്കറിയിൽ കയറുന്നു
പിന്നെ പഴങ്ങളിൽ കയറുന്നു
ധാന്യങ്ങളിൽ കയറുന്നു
വാക്കുകളിൽ നിന്നും വഴുതിപ്പോയവരെ
ജീവിച്ചിരിക്കുന്നവരെ
ചീരയുടെ ഇലകൊണ്ട്
അതു കൊത്തുന്നു
ഇല്ല
ക്ലാസ്സ്റൂമിനെ കുറിച്ചോ
കാർഷിക സർവ്വകലാശാലയെ
കുറിച്ചോ കോളേജുകളെ കുറിച്ചോ
സ്കൂളുകളെ കുറിച്ചോ
ഞാൻ ഒന്നും പറഞ്ഞിട്ടില്ല

തേൻതുള്ളിക്കവിതകൾ 80.വെറുമൊരു പൊട്ടല്ല


ഓർമ്മയിലെ‐വളപ്പൊട്ട് 
വെറുമൊരു പൊട്ടല്ല
വലിയ ഒരു പൊട്ടലിന്റെ
നെറ്റിയിലെ പൊട്ടാണ്

പൂമൊഴി


ഒരപ്പൂപ്പൻതാടി 
പറന്നുപറന്നു വന്നു
ആരുടേയോ കുട്ടിക്കാലത്തിൽ നിന്നും‐
പിണങ്ങി വന്നതാണ്
ഐഡറ്റി കാർഡില്ലാത്തതിനാൽ
കുട്ടികൾക്ക്‐മനസ്സിലാവാത്തതിനാൽ
സങ്കടം കൊണ്ട് വിറച്ച്
കാറ്റിന്റെ കൈപിടിച്ച് മെല്ലെ
ഒഴുകിപ്പോന്നതാണ്
മുറ്റത്തിന്റെ അതിരിൽ
ഇന്നലെ കെട്ടിയ വേലിയിൽ
അതെന്നെ നോക്കി നിൽക്കുന്നു
തടഞ്ഞില്ലായിരുന്നെങ്കിൽ‐അതെന്റെ‐
ഇതളിൽ വന്നിരുന്നേനെ!

ആദർശം



ഒരാദർശം 
പശുവിന്റെ കഴുത്തിൽ കയറു കെട്ടും 
മറ്റൊരാദർശം
ആ കയറഴിച്ച് മനുഷ്യന്റെ കഴുത്തിൽ കെട്ടും
മറ്റൊരാദർശം
പശുവിനു മാലയിടും
മറ്റൊരാദർശം
ആ മാലയഴിച്ച് മനുഷ്യന്റെ കഴുത്തിലിടും
മറ്റൊരാദർശം
ആ മാലയഴിച്ച് കല്ലിൽ വെക്കും
മറ്റൊരാദർശം
പശുവിനെയും മനുഷ്യനെയും
കൂട്ടിക്കെട്ടും
ആദർശം അങ്ങനെയാണ്
അത് ചിലപ്പോൾ
മനുഷ്യനെ മനുഷ്യനായും
മനുഷ്യനെ മനുഷ്യനല്ലാതെയും
കയറിനെ കയറാല്ലാതെയും
കയറിനെ കയറായും ....

തേൻതുള്ളിക്കവിതകൾ 79.കാട്ടിലൂടെ അതൊഴുകുമ്പോൾ.


പേടിയുടെ 
ഒരു കൈവഴി
പേടമാനാണ് .
കാട്ടിലൂടെ
അതൊഴുകുമ്പോൾ.

തേൻതുള്ളിക്കവിതകൾ 78. തെളിയുന്നു


സ്വാതന്ത്ര്യമാഘോഷിക്കുമ്പോഴും
കയ്യിലെ അദൃശ്യ വിലങ്ങ്
ഭക്ഷണത്തിൽ തെളിയുന്നു

കൊമ്പ്.

രാജവാഴ്ച അവസാനിച്ചാലും
തിരഞ്ഞെടുത്ത പ്രതിനിധിയെ
സിംഹാസനത്തിലിരുത്തിയാൽ
അയാൾ രാജാവാകും
സിംഹാസനത്തിലിരുന്നാൽ
അയാൾക്ക് കൊമ്പു മുളയ്ക്കും
ഫാസിസത്തിന്റെ
കൂർത്ത കൊമ്പ്.

തേൻതുള്ളിക്കവിതകൾ 77.മധുതേടിയലഞ്ഞവർ


വിരൽ തൊട്ടപ്പോൾ 
വിരിഞ്ഞ പൂവിൽ 
മയങ്ങിവീഴുന്നു
മധുതേടിയലഞ്ഞവർ

തേൻതുള്ളിക്കവിതകൾ 76.നേരേ


നേരം വെളുക്കും
നേരെ വെളുക്കും
നേരമേ വെളുക്കൂ
നേരേ വെളുക്കൂ

ജലജന്മം (പ്രണയകവിത)



ഇത്ര ആഴത്തിൽ
തണുത്തിരിക്കുമ്പോൾ
എന്റെ ആകാശമേ
എന്റെ സ്വാതന്ത്ര്യമേ
നിന്റടുത്തേക്കു പറക്കുവാൻ
നിന്നിൽ പറന്ന്
എന്റെ അപരജീവിതം നയിക്കുവാൻ
ഞാനെത്ര വെയിലു കൊള്ളണം!
അദൃശ്യമായ
ചിറകുകൾ ലഭിക്കാനുള്ള
തപസ്സാണ്
ഓരോ വിങ്ങലും വേവലും
ഇറ്റിവീണും ഒലിച്ചും
തളം കെട്ടിയും
ആഴത്തിലാഴത്തിൽ
വേദനയായ്
മരവിച്ചു തുടങ്ങുമെൻ
ജലജൻമം
വെറുതേ മോഹിക്കുന്നു

തേൻതുള്ളിക്കവിതകൾ 75.എല്ലാം അവളൊഴുക്കിക്കളയും


അവളുടെ മഴക്കാലം തുടങ്ങി
ഇനി ഞാൻ എത്ര ചൂടായിട്ടും
കാര്യമില്ല
എല്ലാം അവളൊഴുക്കിക്കളയും

ആസ്പത്രി

ആസ്പത്രി 
നമ്മുടെ കോട്ടയാണ്
വേദനകളുടെ പുറത്തു കയറി
 മുന്നേറുന്ന മരുന്നുകളാണു
 പടയാളികൾ

തേൻതുള്ളിക്കവിതകൾ 74.ഒറ്റയാവുന്നു നാം


ഒക്കത്തിരുന്നു
വളർന്നാലും
ഒറ്റയാവുന്നു
നാം നമ്മളിൽ!

കൊത്തങ്കല്ല്



തുമ്പിയെപോലെ പാറിനടന്ന്
തുമ്പികളറിയാതെ
കല്ലുകളെടുത്തു കളിച്ചൂ നാം
മുന്നിൽ കല്ലുകൾ വിതറി
കൈയൊരു കിളിയായ്
ചിറകു വിരിച്ചു
പറക്കും കല്ലുകൾ ചിറകിലെടുത്തൂ
താഴെപ്പോയവ കൊക്കിൽ
കൊത്തിയൊതുക്കീ
കല്ലുകളഞ്ചും നമ്മെപ്പോൽ
മണ്ണിൻ മാറിലുരഞ്ഞും
സ്നേഹം തട്ടിയും
മിനുത്തു തുടുത്തവ
കല്ലുകളെങ്ങനെ കളിയായ്
ജീവിതവിരലിലൊതുക്കാമെന്നു
പഠിപ്പിച്ചവ
നമ്മുടെ കൊക്കിലൊതുങ്ങിയ
കൊത്തങ്കല്ലുകൾ

തേൻതുള്ളിക്കവിതകൾ 73.മലയാളം




മഞ്ഞിൽ പുലരിയെഴുതിയ മലയാളം
കിളികൾ വായിക്കുന്നു
അരുവിയതേറ്റു ചൊല്ലുന്നു

തേൻതുള്ളിക്കവിതകൾ 72.പ്രണയമഴ


ഒരൊറ്റപ്പെയ്ത്തിന്നോർമ്മയിൽ
പൂവിടുവാനൊരു മഴമാത്രം;
പ്രണയമഴ

(പ്രണയകവിത)

കാലടിപ്പാടുകൾ
...................................
നിന്റെ കണ്ണീരു വീണു നനഞ്ഞ മണ്ണിൽ 
എന്റെ കാലടിപ്പാടുകൾതെളിയുമ്പോൾ
പ്രണയത്തിന്റെ വീട്ടിലേക്ക്
ആ പാടുകൾ പിന്തുടർന്ന്
ഒരു നിലാവ് കടന്നുവരും
നിന്റെ കണ്ണീരൊപ്പാൻ.
മുഖവും കണ്ണും തുടച്ച്
നീയതിൽ കുളിക്കുമ്പോൾ
എന്നെക്കുറിച്ചുള്ള ഓർമ്മകൾ
പോലും ഒലിച്ചു പോകും.
പക്ഷേ എന്റെ പാദങ്ങളുടെ
ചിത്രം കൊത്തിയ ആ മണ്ണ്
എന്നെ തിരയും;
നിന്റെ ഓർമ്മകളിലും
സ്വപ്നങ്ങളിലും
അതെന്നെ തിരയും.
അന്നേരം നിനക്ക് കരച്ചിൽ വരും
ആ കണ്ണീരിൽ നിലാവൊഴുകിപ്പോകും,
മണ്ണു നനയും.
എന്റെ കാലടികൾക്കായ് ദാഹിച്ച്
കടപ്പുറം പോലെ
അതു പരന്നു കിടക്കും.
നീ കടലുപോലെ കരഞ്ഞ്
അതിനടുത്ത് എന്നെ കാത്തിരിക്കും

തേൻതുള്ളിക്കവിതകൾ 71.കൂട്ടുകാരികൾ


സിന്ധുവും സന്ധ്യയും കൂട്ടുകാരികൾ
അതുകൊണ്ടാവും
ഇരുളിനും വെളിച്ചത്തിനുമിടയ്ക്ക്
കുറച്ചു നേരമെങ്കിലും 

അവർ നിറങ്ങളിൽ ജീവിക്കുന്നത്.
(മുനീർഅഗ്രഗാമി)

എന്തൊരു ചിരിയാണത് ചിരിക്കുന്നത്!

വേദനിക്കുമ്പോൾ
ഞാനും നീയുമൊരു
മഴത്തുള്ളിയെ നോക്കുന്നു.
വീണുചിതറുമെന്നറിഞ്ഞിട്ടും
സൂര്യനെ നോക്കി
എന്തൊരു 
ചിരിയാണത് ചിരിക്കുന്നത്!
(മുനീർഅഗ്രഗാമി)

തേൻതുള്ളിക്കവിതകൾ 70. മൊഴി


അടിനോക്കി നോക്കി നീ
അടിമയാക്കിയെന്നോ-
ടടികൂടാതെയെന്ന-
ടിക്കടിയവൾ മൊഴി!

ആനന്ദമറിയുന്നു

എന്റെ പച്ചപ്പിൽ 
തിരകളുണ്ടാക്കുക
എന്തെന്നാൽ
 നീ കാറ്റായ് വരുമ്പോൾ
ഞാൻ കടലിളക്കത്തിന്റെ 
ആനന്ദമറിയുന്നു
ഇപ്പോളൊരു വയലാണെങ്കിലും

ഭരണം

മദ്യചഷകത്തിൽ
ചെറിയ ഇളക്കങ്ങൾ!
ഭരണം നടക്കുന്നു എന്നു തോന്നുന്നു

തേൻതുള്ളിക്കവിതകൾ 69.ചിറകടിക്കുന്നു


ദുഃസ്വപ്നത്തിന്റെ കൂട്ടിൽ നിന്നും
പുറത്തു കടക്കാനാവാതെ
ഉറക്കം ചിറകടിക്കുന്നു

തേൻതുള്ളിക്കവിതകൾ 68.തേൻതുള്ളിക്കവിതകൾ 68.



വേരുകളുണ്ടെങ്കിൽ
ഏതു ചെളിയിലും
ഏതിരുളിലും
പൂവിടരുമെന്നാമ്പൽ.

നിള


നിലാവേ
എന്റെ കണ്ണാടി പൊട്ടിപ്പോയി
ചില പൊട്ടും പൊടിയും
പരമീനിനെപോൽ മിന്നി
ഇളക്കം മറന്നു പോകുന്നു


കണ്ണിൽ കണ്ണിൽ നാം
നോക്കി നിന്നകാലം
രാത്രിയൊഴുക്കിൻ തിളക്കം
ആഴത്തിലാഴത്തിൽ
പെരുമീൻ ചാട്ടങ്ങൾ
ആനന്ദിച്ച ഗർഭചലനങ്ങൾ
ഓർക്കുന്നു ഞാനും


വറ്റിപ്പോയ സ്നേഹ സ്മരണകളിൽ
മണൽത്തരികൾ
പ്രണയ ശ് മശാനമായ്
പുകയുന്നു


നിലാവേ
നിന്നിലവ മിന്നി
ഇരുളിലൊഴുകും വേദനപ്പൊട്ടിൻ
വിലാപമായ്
കാറ്റിൻ കൈപിടിച്ചു കരയുന്നു
അത്രമേലാർദ്രമായ്
എന്നിട്ടും നീയെന്നെ
നിളാനദിയെന്നു വിളിച്ചുവോ....

തേൻതുള്ളിക്കവിതകൾ 67.രസിക്കുന്നു


പത്തുമണിപ്പൂവിനും
നാലുമണിപ്പൂവിനും ഇടയിൽ
പാറുന്നു കുറെ പൂമ്പാറ്റകൾ
സ്കൂൾ മുറ്റമതുകണ്ടു രസിക്കുന്നു

തേൻതുള്ളിക്കവിതകൾ 66.ചുറ്റിനിൽക്കുമിരുട്ട്


എന്റെ നക്ഷത്രമേ
എന്റെ പ്രണയമേ
നിന്നെ ചുറ്റിനിൽക്കുമിരുട്ട്
എനിക്കു നിന്നെ കാണിക്കുന്നു

മീനുകൾ കുഞ്ഞുങ്ങൾ.

വലവിരിച്ചവനെയറിയാതെ
വലയിൽ നിന്നും
കടലിനെകുറിച്ച്
കവിതകുറിക്കുന്ന
 മീനുകൾ കുഞ്ഞുങ്ങൾ.

തേൻതുള്ളിക്കവിതകൾ 65.തടവിൽ


നമുക്കുള്ളിലൊരു കിളി
തടവിൽ കഴിയുന്നു
അതിരുകൾക്കൊക്കെയും മീതെ
പറക്കുവാനതു കൊതിക്കുന്നു

തേൻതുള്ളിക്കവിതകൾ 64.നീലിച്ചും കറുത്തും


സ്ളെയിറ്റുണ്ടായിരുന്നവർ കറുപ്പ്,
അക്ഷരം കൊണ്ടു വെളുപ്പിച്ചിരുന്നു
അല്ലാത്തവരുടെ എഴുത്തെല്ലാം
നീലിച്ചും കറുത്തും കിടക്കുന്നു

തേൻതുള്ളിക്കവിതകൾ 63. സൂചി


ഓർമ്മകൾ
ഒറ്റയ്ക്കിരുന്നു തുന്നുവാൻ
വാർദ്ധക്യം
നമ്മെയൊരു സൂചിയാക്കും ;
ജീവിതം തേഞ്ഞു തേഞ്ഞു കൂർത്തുമെലിയുമ്പോൾ.

അതുകൊണ്ടാണ്

കേരളത്തിൽ നിന്നും
 എത്രയോ അകലെയാണ്
കേരളത്തിലെ സ്കൂളുകൾ
എത്ര നടന്നിട്ടും
മലയാളം
അവിടെ എത്തിച്ചേരാത്തത്
അതുകൊണ്ടാണ്.

തേൻതുള്ളിക്കവിതകൾ 62.നിഴലെന്നതിനെ...


ഏതുവെളിച്ചത്തിലും
വിട്ടുപിരിയാതെയിരുൾ കൂടെ നടക്കും
നമുക്കൊത്തതു തെളിയും
നിഴലെന്നതിനെ വിളിക്കുമ്പോഴും

എലികൾ ഭരിക്കുന്ന രാജ്യത്ത്

എലികൾ ഭരിക്കുന്ന രാജ്യത്ത്
പൂച്ചയ്ക്ക് നില്ക്കാനാവില്ല
വിളവ് തിന്നുമുടിക്കുമ്പോഴും
പൂച്ചയ്ക്കെതിരെ അവ പട നയിക്കും

തേൻതുള്ളിക്കവിതകൾ 61.സ്നേഹം


സ്നേഹം
ഉടലിൽ നട്ട ചെടികൾ
സ്നേഹമുള്ളയാൾ തൊടുമ്പോൾ
പൂവിടും

തേൻതുള്ളിക്കവിതകൾ 60.മാവോ


ശ്രദ്ധ തിരിക്കുവാൻ
മാവോ മാവോയെന്ന്
മാറ്റിക്കരയുന്നു‐
ചില പൂച്ചകൾ

നെല്ലും കമ്യൂണിസവുമതിൽ....

വയലില്ലാണ്ടായാൽ
വയലിൽ വേരുള്ളവ
നശിക്കുമെന്നൊരു പേടി,
നെല്ലും കമ്യൂണിസവുമതിൽ
പെടാതിരിക്കുമോ?

തേൻതുള്ളിക്കവിതകൾ 59. മലയാളം!


കൊച്ചുമോളുടെ പാഠപുസ്തകത്തിൽ
തുമ്പിയുടെ ചിത്രം ഒട്ടിച്ചു ചേർക്കാൻ ശ്രമിക്കവേ
തളർന്നുവീഴുന്നു,
മുതുമുത്തശ്ശി മലയാളം!

അവർ ചുവന്ന നദി വെട്ടുമ്പോൾ

അവളുടെയുടലിൽ
അവർ ചുവന്ന നദി വെട്ടുമ്പോൾ
അവളെങ്ങനെ കയർക്കും
എങ്ങനെ കരയും?

അവളുടെ വാക്കും ചിന്തയും
വെട്ടിയൊതുക്കിയ
അതേ ആയുധം കൊണ്ടവരതു ചെയ്യുമ്പോൾ.


ഭരണകൂടത്തിൻ നിഗൂഢ പഞ്ചവത്സര പദ്ധതിയാവാമത്
അവളിൽ വേദന തന്നാണവനിലയം പണിയുവാൻ
അവളിൽ രക്തപ്രളയമുണ്ടാക്കി
യതണകെട്ടി നിർത്തുവാൻ
അവളിൽ ജീവിക്കുന്നവരെ തുരത്തുവാൻ
അവളിൽ നിന്നവളെ കുടിയിറക്കിയോടിക്കുവാൻ

പച്ചത്തളിരിൽ മിന്നിയും മിനുത്തും
തിരയടിക്കുമവൾ തൻ ശാന്ത സമുദ്രം
ചുവപ്പിച്ചു രസിക്കുവാൻ
ഉടലിലെ നദിയിലൊഴുകും ചുവപ്പിൽ
ഒലിച്ചു പോകാതിരിക്കട്ടെ
നിഗൂഢമല്ലാത്ത നാളെയുടെ
സ്വപ്ന നാമ്പുകൾ!

തേൻതുള്ളിക്കവിതകൾ 57.നീയെന്നെ ചുരുക്കുമെങ്കിലും


നീയെന്നെ കുടയായ് ചൂടുമ്പോൾ
ഏതു മഴയും കൊള്ളുവാൻ‐
രസമുണ്ട്; ധൈര്യവും;
ഇടയ്ക്ക് നീയെന്നെ ചുരുക്കുമെങ്കിലും!

തേൻതുള്ളിക്കവിതകൾ 56. കേൾക്കാത്ത ഭാവത്തിൽ


ആട്ടിൻ കുട്ടി ഇപ്പോഴും
ചോരയൊലിപ്പിച്ച് നിൽക്കുന്നു
ബുദ്ധാ അയ്യപ്പാ നല്ലിടയാ
 എന്നു കരഞ്ഞു വിളിക്കുന്നു.
കുഞ്ഞാടുപോലും കേൾക്കാത്ത ഭാവത്തിൽ
നടന്നു പോകുന്നു

തേൻതുള്ളിക്കവിതകൾ 55.കണ്ണാടി


ആകാശത്തിൻ കണ്ണാടി
ആകാശം കാണും കുളം
കുളത്തിൻ കണ്ണാടി
കുളം കാണുമെൻ കണ്ണ്

തേൻതുള്ളിക്കവിതകൾ 54.എന്നൊഴുക്കുകൾ


അണപൊട്ടി,ഒഴുകുമീയമ്മയും;
കുഞ്ഞേ നിന്റച്ഛനിങ്ങനെ എന്നൊഴുക്കുകൾ
കെട്ടി നിർത്തുമ്പോൾ.

പുറത്താരുപോകും?

അടുപ്പില്ല‐
കരിയും ചാരവുമറിയാൻ
പുറത്തുപോകുവാൻ
പുകയുവാൻ കൊള്ളിയുമില്ല

അകത്തിപ്പോൾ
പാചകം ലളിതം സുന്ദരം
വർണ്ണവിസ്മയം


പക്ഷേ
പൊട്ടിയും ചീറ്റിയും
പുകഞ്ഞും ഉണങ്ങാതെ പച്ചച്ചും
ഒരു കൊള്ളിയെങ്കിലുമില്ലെങ്കിൽ
പുറത്താരുപോകും?
പുറത്തെ‐കാര്യങ്ങളാരുനോക്കും?

കുംഭ മാസ ം


കുംഭ മാസ ം പൂരങ്ങളുടെ കാലുകളിൽ
എഴുന്നള്ളുന്നു
പുരുഷാരത്തിനിടയിലൂടെ
തിളച്ചുമറിയുന്ന നെറ്റിപ്പട്ടവുമായ്
വെയിൽ വിരിച്ച വഴിയിലൂടെ
ദേവനെപോലെ കുംഭ മാസ മെഴുന്നള്ളുന്നു
കരിമ്പാറക്കെട്ടുകളിൽ
തീതുപ്പി കരിവീരൻമാരുടെ പുറത്ത്
ഉത്സവച്ചൂടായ് കുംഭ മാസ മിരിക്കുന്നു
പകലു മൈതാനത്തു നിന്നും
തണലിലേക്ക് ആട്ടിപ്പായിച്ചവരെ
ഓലച്ചൂട്ടിന്റെ വെളിച്ചത്തിൽ
ആൽത്തറയിലേക്ക്
കുംഭ മാസ ം കൈപിടിച്ചു നടത്തിക്കുന്നു
കുട്ടിച്ചാത്തനും കരിങ്കാളിയും
മാടനും മറുതയും
ഗുളിയനും ഭഗവതിയും
കണ്ണു തുറന്ന് കുംഭ മാസ ത്തെ നോക്കുന്നു
വെളിച്ചപ്പെടാതിരുന്നവരൊക്കെയും
ദ്ദീവെട്ടികളുടെ വെളിച്ചത്തിലാളും
പാതിരകളിൽ വെളിച്ചപ്പെടും വരെ
കുംഭ മാസ മുറക്കൊഴിക്കുന്നു
ഉത്സവപ്പന്തലിൽ ഉഷ്ണം കുറയ്ക്കുവാൻ
സംഭാരം കുടിച്ച് കുംഭ മാസ ം കുറച്ചുനേരം വിശ്രമിക്കുന്നു
പിന്നെ പുലരിയിലിറങ്ങി
വീടുതോറും നടക്കുന്നു
ഒരിളനീരെങ്കിലും ഒരാളെക്കൊണ്ടു കുടിപ്പിക്കുന്നു
ഏതു നടയിലും ഇളനീർക്കുല വരവിൽ ആർക്കുമുഷ്ണമായ്
കുംഭ മാസ ം നടക്കുന്നു
എന്നിട്ട്
ഉത്സവക്കൊടികളെ നക്കിത്തുടച്ച്
തെയ്യങ്ങളുടെ മുടിയിൽ കയറി
മീനമാസത്തെ വിളിക്കുന്നു
ഒന്നും പറയാതെ,
പുഴ എനിക്കു കുടിക്കുവാൻ വെച്ച
വെള്ളവുമെടുത്ത് മറയുന്നു

തേൻതുള്ളിക്കവിതകൾ 53.എന്തിനാ മാഷേ


വെളിച്ചത്തെ കുറിച്ച്
സംസാരിക്കാൻ ശ്രമിച്ചവളെ
എന്തിനാ മാഷേ സിലബസ്സുകൊണ്ട്
കെടുത്തിക്കളഞ്ഞത്!

തേൻതുള്ളിക്കവിതകൾ 52. നീക്കം


ഒറ്റയ്ക്കിരുന്ന് 
ഓർമ്മകൾ കൊണ്ടുള്ള ചെസ്സ് കളിയാണ് വിരഹം
പരിചിതമാം കരുക്കൾ കറുത്തും വെളുത്തും
നീക്കം കാത്തു കിടക്കുന്നു‐